Wednesday, April 10, 2013

നിയമത്തില്‍ വെള്ളംചേര്‍ത്ത് സര്‍ക്കാര്‍

ഐക്യ പുരോഗമന സഖ്യത്തിന്റെ(യുപിഎ) തകര്‍ച്ചയുടെ ആഴം എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാന വാരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ന്നു. ഏപ്രില്‍ 22 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ കൂടുതല്‍ ദുര്‍ബലമായ യുപിഎ സര്‍ക്കാരിനെയാണ് ബജറ്റ് സമ്മേളനത്തിന്റെ അവസാനവാരം കാണാനായത്. ശ്രീലങ്കയില്‍ തമിഴ്വംശജര്‍ക്കെതിരെ കടുത്ത ആക്രമണം നടത്തുന്ന രാജപക്സെ സര്‍ക്കാരിനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കണമെന്നും പ്രമേയത്തിന്റെ ഭാഷ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും പറഞ്ഞാണ് ഡിഎംകെ അപ്രതീക്ഷിതമായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ലോകസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശേഷം യുപി എയിലെ ഏറ്റവും വലിയ ഘടകക്ഷിയായിരുന്നു 18 അംഗ ഡിഎംകെ. 2009 ല്‍ വേലുപ്പിള്ള പ്രഭാകരനെ വധിച്ച് എല്‍ടിടിഇ എന്ന പ്രസ്ഥാനത്തെ വേരോടെ പിഴുതെറിഞ്ഞ ഘട്ടത്തില്‍ ഉപവാസ സമരത്തില്‍ പ്രതിഷേധം ഒതുക്കിയ കരുണാനിധിയാണ് ശ്രീലങ്കക്കെതിരെ കൊണ്ടുവന്ന ഒരു പ്രമേയത്തിന്റെ ഭാഷയുടെ പേരില്‍ പിന്തുണ പിന്‍വലിച്ചത്. പാര്‍ലമെന്റില്‍ ശ്രീലങ്കയെ വിമര്‍ശിക്കുന്ന പ്രമേയം കൊണ്ടുവരണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തി. ഡിഎംകെ മാത്രമല്ല ജയലളിതയുടെ അണ്ണാഡിഎംകെ അംഗങ്ങളും ഇരു സഭകളുടെയും നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. അതുകൊണ്ട് തന്നെ ഡിഎംകെ പിന്തുണ പിന്‍വലിച്ച മാര്‍ച്ച് 20 ന് ശേഷം പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെട്ടു. തൊട്ടടുത്ത ദിവസം ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡും ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സിബിഐ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണെന്ന വിമര്‍ശനം ഇതോടെ ശരിയാണെന്ന് വന്നു.

സിബിഐയുടെ നടപടി "നിര്‍ഭാഗ്യകര" മാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. സിബിഐ നടപടി അംഗീകരിക്കുന്നില്ലെന്ന് ധനമന്ത്രി പി ചിദംബരവും അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായവ്യത്യാസം സിബിഐ വകുപ്പ് കൈകാര്യം ചെയ്യുന്ന വി നാരായണസ്വാമിയെ അറിയിച്ചുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പ്രസ്താവനകളൊന്നും അംഗങ്ങളുടെ രോഷത്തെ തണുപ്പിച്ചില്ല. പിന്തുണ പിന്‍വലിച്ച ഡിഎംകെയില്‍ തന്നെ ഭിന്നത സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് റെയ്ഡ് എന്ന വിലയിരുത്തലും പാര്‍ലമെന്റില്‍ ഉയര്‍ന്നു. യുപിഎയുടെ രാഷ്ട്രീയ സ്ഥിരത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കിയെന്ന് മന്ത്രിമാര്‍ തന്നെ അടക്കം പറഞ്ഞു. ഏതായാലും സിബിഐ സ്വതന്ത്ര അന്വേഷണസംഘമാണ് എന്ന പല്ലവി ഇനി യുപിഎക്ക് ആവര്‍ത്തിക്കാനാവില്ല. കാരണം പ്രധാനമന്ത്രിയും മൂന്ന് കേന്ദ്രമന്ത്രിമാരും പരസ്യമായി സിബിഐ യെ വിമര്‍ശിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ വീട്ടില്‍ റെയഡ് നടത്തിയത് മുലായത്തിനെയും മായാവതിയെയും ഭയപ്പെടുത്തി കൂടെ നിര്‍ത്താനുള്ള വില കുറഞ്ഞ കോണ്‍ഗ്രസ് തന്ത്രമാണെന്നും വാദങ്ങളുയര്‍ന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പിരിയുന്ന മാര്‍ച്ച് 22 ന് രാജ്യസഭയില്‍ കയ്യാങ്കളിയുടെ വക്ക്വരെ എത്തുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളുടെ പ്രതിഷേധം വകവെക്കാതെ ചെയറിലുണ്ടായിരുന്ന രേണുക ചൗധരി സ്വകാര്യബില്ലുകളുമായി മുന്നോട്ട് പോകാന്‍ തയ്യാറായതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ള ബിജെപി അംഗം പുരുഷോത്തം രൂപാല സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എഐഎഡിഎംകെയിലെ മൈത്രേയന്‍ ബില്‍ പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. തുടര്‍ന്ന് ചെയറിലേക്ക് നീങ്ങിയ അംഗങ്ങള്‍ മൈക്ക് തകര്‍ക്കുകയും ചെയ്തു. സഭ ഏപ്രില്‍ 22 ന് ചേരാനായി പിരിഞ്ഞതിന് ശേഷവും സഭയില്‍ അല്‍പസമയം സംഘര്‍ഷാവസ്ഥ നിലനിന്നു. സമാജ്വാദി പാര്‍ടി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മുലായം സിങ് യാദവിന് തീവ്രാദികളുമായി ബന്ധമുണ്ടെന്ന കേന്ദ്ര മന്ത്രി ബേനിപ്രസാദ് വര്‍മയുടെ പ്രസ്താവനയും തുടര്‍ന്നുള്ള പാര്‍ലമെന്റ് സ്തംഭനവും യുപിഎ സര്‍ക്കാരിന്റെ അസ്ഥിരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ദീര്‍ഘകാലം മുലായത്തിന്റെ വിശ്വസ്തനും സമാജ്വാദി പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു പിന്നോക്ക കുര്‍മി സമുദായത്തിന്റെ നേതാവായ ബേനിപ്രസാദ് വര്‍മ. മുലായം അധികാരം മുഴുവന്‍ അദ്ദേഹത്തിന്റെ കുടംബാംഗങ്ങള്‍ക്ക് വീതം വെച്ചപ്പോള്‍ അതില്‍ ക്ഷുഭിതനായാണ് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നെഹ്റുകുടംബത്തിന്റെ പാര്‍ടിയിലേക്ക് ബേനിപ്രസാദ് വര്‍മ കുടിയേറിയത്. 2009 ലെ തെരഞ്ഞെടുപ്പില്‍ ലോകസഭയില്‍ എത്തിയ ഗോണ്ടയില്‍ നടത്തിയ പൊതുയോഗത്തിലാണ് മുലായം ക്രിമിനലും തീവ്രവാദികളുമായി ബന്ധമുള്ളയാളും യുപിഎ ക്ക് പിന്തുണ നല്‍കുന്നതിന് കമ്മീഷന്‍ പറ്റുന്നയാളുമാണെന്നും വര്‍മ പറഞ്ഞത്. അതിനാല്‍ ബേനിപ്രസാദ് വര്‍മയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്വാദി പാര്‍ടി അംഗങ്ങള്‍ രണ്ടു ദിവസത്തോളം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിയും മുലായവുമായി ചര്‍ച്ച നടത്തി. ഒപ്പം ബേനിപ്രസാദ് വര്‍മ ഖേദപ്രകടനവും നടത്തി. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് പോകാതെ സമാജ്വാദി പാര്‍ടി അയഞ്ഞത്.

ബിഹാറിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് ഐക്യജനതാദള്‍ അംഗങ്ങളും നടുത്തളത്തിലിറങ്ങി സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയുണ്ടായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്‍ മാത്രമാണ് ഇരുസഭയിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. എല്ലാ രാഷ്ട്രീയ കക്ഷികളും അതീവ താല്‍പര്യത്തോടെ തന്നെ ഈ ചര്‍ച്ചയില്‍ പങ്കുകൊണ്ടു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആക്കി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നത്. ഈ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തെങ്കിലും ഫലം കണ്ടില്ല. അവസാനം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 18 വയസ്സായി തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തയ്യാറായത്.

രാജ്യസഭയില്‍ ഡോ. ടി എന്‍ സീമയും ലോകസഭയില്‍ എ സമ്പത്തും പ്രധാനപ്പെട്ട ഭേദഗതികള്‍ കൊണ്ടുവന്നു. അവ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. നിയമം പാസാക്കിയെന്ന് വരുത്തിത്തീര്‍ക്കാനല്ലാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഫലപ്രദമായ വ്യവസ്ഥകള്‍ കൊണ്ടുവരികയെന്ന താല്‍പര്യമില്ലാതെയാണ് ഗവണ്‍മെന്റ് ബില്ലിന്റെ അവതരണത്തെയും ചര്‍ച്ചയെയും കണ്ടത്.ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കണമെന്ന ഭേദഗതി സിപിഐ എം കൊണ്ടുവന്നു. 16നും 18നും വയസിനിടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ബന്ധത്തിന്റെ പേരില്‍ അവരെ ജയിലിലടയ്ക്കുന്നത് ശരിയല്ല. വിവാഹബന്ധത്തിനുള്ളിലെ ബലാല്‍സംഗം ശിക്ഷാര്‍ഹമാക്കണം. വിവാഹബന്ധത്തിനുള്ളിലായാലും ബലാല്‍സംഗം കുറ്റകൃത്യമാണ്. അത് കുറ്റമായി കാണാത്ത വളരെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.വിവാഹമോചനം കാത്തിരിക്കുന്ന സ്ത്രീയെ ഭര്‍ത്താവ് ബലാല്‍സംഗം ചെയ്താല്‍ കുറഞ്ഞ ശിക്ഷ മാത്രമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനെ ഗൗരവമായ ബലാല്‍സംഗ കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കണമെന്നും സിപിഐ എം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

2010ല്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നത് ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലില്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ ഉന്നതര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ അതീവ ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ബില്ലില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ എന്നീ വാക്കുകള്‍ ഉപേക്ഷിച്ചു. ഈ മേഖലകളിലെ ഉന്നതരെ സംരക്ഷിക്കുന്നതിനാണിതെന്ന് സിപിഐ എം ആരോപിച്ചു. ലൈംഗിക അതിക്രമ സംഭവങ്ങളില്‍ യഥാസമയം കേസെടുക്കാനോ നടപടികള്‍ നീക്കാനോ വിസമ്മതിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ എന്നത് പൊലീസ് എന്നാക്കി മാറ്റണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു. ബഹളത്തിനിടയിലും റെയില്‍വെ ബജറ്റും പൊതുബജറ്റും പാര്‍ലമെന്റ് പാസ്സാക്കി. സഭ പ്രക്ഷുബ്ധമായി പിരിയുന്ന സന്ദര്‍ഭത്തില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തിയതു സംബന്ധിച്ച പ്രസ്താവന പാര്‍ലമെന്റില്‍ വെച്ചത് പിന്നീട് വിവാദമായി.

*
വി ബി പരമേശ്വരന്‍ ചിന്ത 05 ഏപ്രില്‍ 2013

No comments: