Sunday, April 21, 2013

നെരൂദ വസന്തത്തിന്റെ മറ്റൊരു പേര്

'വസന്തം ചെറിമരങ്ങളെ പുഷ്പിണികളാക്കുംപോലെ, ഞാന്‍ നിന്നെയും'... കാവ്യസാമ്രാജ്യത്തിലെ രാജകുമാരനായ വിശ്വപ്രസിദ്ധ ചിലിയന്‍ കവിയുടെ ഈയൊരു വരി മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ വായനക്കാരുടെ നെഞ്ചില്‍ ചെറിപുഷ്പദലങ്ങള്‍ അടര്‍ന്നുവീഴുന്ന അനുഭവമുണ്ടാവും.

''ഈ രാത്രിയാവുമെനിക്ക്
ഏറ്റവും ദുഃഖഭരിതമാം
വരികള്‍ എഴുതുവാന്‍,
രാത്രി ചിതറിത്തെറിച്ചുപോയ്.....
ഇപ്പോഴെന്‍കൂടെയില്ലോമലാള്‍......''

എന്നൊക്കെ നെരൂദയെഴുതുമ്പോള്‍, കേവലം കല്‍പ്പനാസൗന്ദര്യമാവിഷ്‌കരിക്കുകയല്ല, ഈ വിശ്വമഹാകവി. സൗന്ദര്യത്തിന്റെ സ്‌ഫോടനമാണ് നെരൂദയുടെ കവിതകള്‍. അവ പാടിപ്പതിഞ്ഞ കാല്‍പ്പനികതയുടെ ലാസ്യനൃത്തമല്ല. പ്രത്യുത, പ്രകൃതിയുടെ അനന്തവൈവിധ്യത്തിന്റെ പൊട്ടിച്ചിതറലാണ്. ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വിരലുകളാല്‍, നെരൂദ, കവിതയുടെ മഞ്ഞപ്പട്ടുടുപ്പിച്ചു. നിറയെ അനന്തവര്‍ണമാര്‍ന്ന നക്ഷത്രജാലം, പതിച്ച കവിതയുടെ പട്ടുടുപ്പ്. ആ കാവ്യവര്‍ണങ്ങളുടെ മായികതയില്‍, സഹൃദയലോകം ഹര്‍ഷപുളകിതരായി നിന്നു. യാതൊരു സൂചനകളുമില്ലാതെ കടന്നുവരുന്ന പെരുമഴപോലെ, നെരൂദയുടെ കിരീടം ചൂടിയ വാക്കുകള്‍, വസന്തമായി പെയ്യുന്നു. ഓരോ വരികള്‍ക്കുള്ളിലും മറ്റൊരു വരി. ഓരോ വാക്കിനുള്ളിലും മറ്റൊരു വാക്ക്. അതിനുള്ളില്‍ വീണ്ടും വാക്കുകള്‍ അതിനപ്പുറത്തുള്ള വാക്കുകളുടെ നിഗൂഢ സൗന്ദര്യത്തിലേക്ക് ജാലകം തുറക്കുന്നു. അര്‍ഥത്തിന്റെയും ഭാവദീപ്തിയുടെയും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത പാബ്ലോനെരൂദ, പ്രകൃതിയെ ഒരു ഉന്മാദിനിയെപ്പോലെ സ്‌നേഹിച്ചു, പ്രണയിച്ചു. സ്‌നേഹിക്കുകയും പ്രണയിക്കുകയും മാത്രമല്ല, അതൊരു ഉപാസനയായിരുന്നു. ഭൂമിയുടെ അഗാധഗര്‍ത്തങ്ങളും സമുദ്രത്തിലെ താഴ്‌വാരങ്ങളും തുടങ്ങി നെരൂദയുടെ കവിതകളില്‍ ആവിഷ്‌കരിക്കപ്പെടാത്ത പ്രകൃതിഭാഗമില്ല. പ്രകൃതിയുടെ ബഹുസ്വരഭാവങ്ങളിലൂടെ തന്റെ നാടിന്റെ ചുവന്ന സിരകളെ ത്രസിപ്പിച്ച നെരൂദ ഭൂമിയിലെ സര്‍വചരാചരങ്ങളിലും മഴയായി പെയ്തലിഞ്ഞു. സര്‍വഭൂഖണ്ഡങ്ങളെയും നെരൂദയുടെ കവിതകള്‍ വിളക്കിച്ചേര്‍ത്തു. ഭാഷയുടെ വൈവിധ്യത്തിനു മുകളിലൂടെ സമഭാവനയുടെ തൂക്കുപാലം പണിത
നെരൂദ ലോകത്തിലെ സര്‍വമനുഷ്യരോടും സാഹോദര്യം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഭൂമിയിലെ പീഡിതന്റെ ശബ്ദമായി മാറി. മര്‍ദകന്റെ സിംഹാസനങ്ങളോടു പടവെട്ടി രക്തസാക്ഷിത്വം വരിച്ച, മഹാനായ ഈ മനുഷ്യസ്‌നേഹിയോളം വായിക്കപ്പെട്ട മറ്റൊരു കവിയെ ആധുനികലോകം കണ്ടിട്ടില്ല. 'പ്രണയം എന്റെ  ഇന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്നു, കാറ്റ് ഓക്കുവൃക്ഷങ്ങളെയെന്നു' പാടിയ പ്രസിദ്ധ യവനകവി സാഫോയെക്കുറിച്ച്, പ്ലേറ്റോ പറഞ്ഞത്, അവര്‍ കലയുടെ പത്താം അധിദേവത ആണെന്നാണ്. പ്ലേറ്റോ, നെരൂദയുടെ കവിതകള്‍ വായിച്ചിരുന്നെങ്കില്‍ കലയുടെ അപ്‌സരകന്യകയെ കീഴടക്കിയ ഗന്ധര്‍വനെന്നു പ്രകീര്‍ത്തിക്കുമായിരുന്നു അദ്ദേഹത്തെ.

''വന്നുവീഴുന്നിതാത്മാവില്‍ കവിതകള്‍
മഞ്ഞുതുള്ളികള്‍ പുല്‍മെത്തയിലെന്നപോല്‍''

എന്നെഴുതിയ നെരൂദ, തന്റെ കുട്ടിക്കാലത്തെക്കുറിച്ചു പറയുന്ന ഒരു വരിമാത്രം ശ്രദ്ധിക്കൂ;

'As a child and as an adult I have devoted more ttaention to rivers and birds than to libraries and writers'
(പുസ്തശേഖരത്തെക്കാളും എഴുത്തുകാരേക്കാളും എന്റെ മനസ് തേടിപ്പോയത് നദികളെയും പക്ഷികളെയുമാണ്)

God of small things എന്ന നോവലിലൂടെ വിശ്വപ്രസിദ്ധയായ അരുന്ധതീറോയ്, തന്റെ പ്രായത്തിലുള്ള മറ്റുകുട്ടികളെല്ലാം സ്‌കൂളില്‍ പോവുമ്പോള്‍, അമ്മയുടെ അനുഗ്രഹാശ്ശിസ്സുകളോടെ മീനച്ചിലാറിന്റെ തീരത്തും മറ്റും തുള്ളിച്ചാടി നടക്കുകയായിരുന്നു.

അങ്ങനെ പ്രകൃതിയുടെ അപാരതയില്‍ രമിക്കുകയും പ്രകൃതിനല്‍കിയ ഹര്‍ഷാനുഭൂതി മനുഷ്യരാശിയോടുള്ള അഗാധസ്‌നേഹവും പ്രതിബദ്ധതയുമാക്കിയ പ്രതിഭയായിരുന്നു നെരൂദ. 1904 ജൂലായ് 12ന് ആണ് നെരൂദ ജനിച്ചത്. റിക്കാര്‍ഡോ ഇലിസര്‍ നെഫ്താലി റെയെസ് എന്നായിരുന്നു യഥാര്‍ഥ പേര്. ചിലിയിലെ സാന്റിയാഗോവിനടുത്തുള്ള പാറല്‍ നഗരത്തിലാണദ്ദേഹം ജനിച്ചത്. ജോസ് ഡെല്‍ കാര്‍മന്‍ റെയെസ് മൊറാലസ് എന്നായിരുന്നു പിതാവിന്റെ പേര്. റോസ ബസോള്‍ട്ടോ എന്നായിരുന്നു നെരൂദയുടെ അമ്മയുടെ പേര്. നെരൂദ, കൈക്കുഞ്ഞായിരിക്കുമ്പോള്‍തന്നെ അമ്മ മരിച്ചു. റോസയുടെ മരണശേഷം നെരൂദയുടെ പിതാവ് ട്രിനിഡാഡ് കാന്‍ഡിയ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ആ സ്ത്രീയില്‍ നെരൂദയുടെ പിതാവിന് റൊഡോള്‍ഫോ എന്നു പേരായ ആണ്‍കുട്ടിയുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ എഴുത്തിനോട് ഭ്രാന്തമായ അഭിനിവേശമുണ്ടായിരുന്ന നെരൂദയെ അച്ഛന്‍ പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പതിമൂന്നാമത്തെ വയസില്‍ നെരൂദ തന്റെ കന്നിക്കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. 1920-ല്‍ നെരൂദയെന്ന തൂലികാനാമം സ്വീകരിക്കുമ്പോഴേക്കും ആ കൗമാരമനസ്സ് കവിതയുടെ വര്‍ണപ്രപഞ്ചത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു.

സ്പാനിഷ് റിപ്പബ്ലിക്കായ ഒരു തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമാണ് ചിലി. ആന്‍ഡിസ് പര്‍വതനിരകള്‍ക്കും പസഫിക് സമുദ്രത്തിനും മധ്യേ നീണ്ടുകിടക്കുന്ന രാജ്യമാണത്. വടക്ക് പെറു എന്ന രാജ്യവും വടക്കുകിഴക്ക് ബൊളീവിയയും കിഴക്ക് അര്‍ജന്റീനയുമാണ്. എന്തുകൊണ്ടും പ്രകൃതിരമണീയമാണ് ചിലി. തെക്കുഭാഗം മുഴുവന്‍ മഞ്ഞണിഞ്ഞ ആല്‍പൈന്‍ ശൈലങ്ങള്‍ ചിലിയുടെ മാറ്റുകൂട്ടുന്നു. അതുപോലെതന്നെ തടാകങ്ങള്‍കൊണ്ടനുഗൃഹീതമായ ഒരു രാജ്യമാണിത്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ കുടിയേറിപ്പാര്‍ക്കുന്നതിനു മുമ്പ്, ഇന്‍കകളും തദ്ദേശീയരായ അറോക്കാനിയന്മാരുമായിരുന്നു ചിലിയുടെ രാഷ്ട്രീയ സാരഥ്യം നിലനിര്‍ത്തിയിരുന്നത്. 1818-ലാണ് ചിലിയന്‍ ജനത സ്പാനിഷ് മേധാവിത്വത്തില്‍നിന്നും സ്വതന്ത്രമായത്. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സാല്‍വഡോര്‍ അലന്‍ഡെ. 1970-ല്‍ അദ്ദേഹം ചിലിയുടെ പ്രസിഡണ്ടായി. എന്നാല്‍ സി ഐ എ യുടെ സഹായത്തോടെ 1973-ല്‍ അമേരിക്ക, ചിലിയിലെ സോഷ്യസിസ്റ്റ് ഭരണത്തെ അട്ടിമറിക്കുകയും അലന്‍ഡെയെ വെടിവെച്ചുകൊല്ലുകയും ചെയ്തു. അതിനെത്തുടര്‍ന്ന്, 17 വര്‍ഷക്കാലം ചിലിയില്‍ അഗസ്റ്റോ പിനോചെയുടെ നേതൃത്വത്തിലുള്ള സൈനിക ഭീകരഭരണമായിരുന്നു. ചിലിയില്‍ സംഭവബഹുലമായ രാഷ്ട്രീയജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു നെരൂദയെന്ന വിശ്വപ്രതിഭയുടെ ജീവിതം. ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റാദര്‍ശങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച വിപ്ലവകവിയായിരുന്നു അദ്ദേഹം.

സ്പാനിഷ് ഭാഷയില്‍ രചിക്കപ്പെട്ട നെരൂദാ കവിതകളെ ഇന്ന് സഹൃദയലോകം നെഞ്ചിലേറ്റി ലാളിക്കുന്നു. അതിന്റെ കാരണം, അനുപമമായ ആ വരികളിലെ സാന്ദ്രസംഗീതവും ആഴമേറിയ ജീവിതദര്‍ശനവും സൗന്ദര്യവുമാണ്. മനുഷ്യസ്‌നേഹം ഇതള്‍വിരിയുന്ന രചനകളാണ് നെരൂദയുടേത്. മനുഷ്യന്‍മാത്രമല്ല പ്രകൃതിയിലെ എല്ലാം നെരൂദയുടെ സഹോദരങ്ങളാണ്. കടലും നദികളും തടാകങ്ങളും ഉപ്പുപാറകളും വനാന്തരങ്ങളും മലകളും ചെടികളും പക്ഷികളും മൃഗങ്ങളുമെല്ലാം നെരൂദക്കവിതകളില്‍ കടന്നുവരുമ്പോള്‍, അവയ്‌ക്കെല്ലാം ഒരു മാനുഷിക മുഖമുണ്ടാവും. യൗവനകാലത്ത് നെരൂദക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത്, നോബല്‍സമ്മാന ജേതാവായ ചിലിയന്‍ കവി ഗബ്രീലമിസ്ട്രല്‍ ആയിരുന്നു. പില്‍ക്കാലത്ത് നെരൂദയും നോബല്‍സമ്മാനത്തിനര്‍ഹനായി.

അദ്ധ്യാപകനാവുകയെന്നതായിരുന്നു കൗമാരകാലത്തെ നെരൂദയുടെ അഭിലാഷം. അതിനുവേണ്ടി അദ്ദേഹം, സാന്റിയാഗോയില്‍ ഫ്രഞ്ചുഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനുമുമ്പുതന്നെ കവിത നെരൂദയുടെ ഹൃദയത്തെ കീഴടക്കികഴിഞ്ഞിരുന്നു. 1923-ല്‍ ആദ്യകവിതാസമാഹാരമായ  crepusculario (Book of Twilight) പ്രസിദ്ധീകരിക്കപ്പെട്ടു. അടുത്തവര്‍ഷംതന്നെ Twenty Love Poems and a Desperate Songs എന്ന കവിതാസമാഹാരവും പുറത്തുവന്നതോടെ നെരൂദയെ സാഹിത്യലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നുവരെ കവിതയില്‍ ദൃശ്യമാവാത്ത സൗന്ദര്യത്തിന്റെ പൂര്‍ണിമയായിരുന്നു നെരൂദയുടെ കവിതകള്‍ സഹൃദയലോകത്തിന് സമ്മാനിച്ചത്.

ഉന്മാദിയായ നിത്യസഞ്ചാരി

യാത്രകളോട് ഭ്രാന്തമായ  അഭിനിവേശമായിരുന്നു നെരൂദയ്ക്ക്. അവീന്‍ പുഷ്പങ്ങളും സൈപ്രസ് മരങ്ങളും നിറഞ്ഞ ചിലിയന്‍ കാടുകളിലും മഞ്ഞുപാളികളില്‍ മുങ്ങിയ തടാകതീരങ്ങളിലും കടലോരങ്ങളിലും നദീമുഖങ്ങളിലുമെല്ലാം നഷ്ടപ്പെട്ടുപോയ അമൂല്യമായ എന്തോ ഒന്നിനെ തേടുംപോലെ നെരൂദ അലഞ്ഞുതിരിഞ്ഞു. പ്രകൃതി അദ്ദേഹത്തിന് ഒരുതരം ഭ്രാന്തായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവും അപാരതയും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കടലിന്റെ അപാരത അദ്ദേഹത്തെ ധ്യാനനിരതനാക്കി. ശിശിരകാലരാത്രികളിലെ മഴയുടെ താളം നെരൂദ, തന്റെ കവിതകളിലേക്കാവാഹിച്ചു. 'Art of raining; എന്നാണ്, അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. മഴപെയ്യുക എന്ന പ്രകൃതിയുടെ കല, നെരൂദയുടെ ഹൃദയത്തെ മഥിച്ചു.

കൊച്ചുനാളില്‍ തന്റെ വീട്ടുമുറ്റത്ത് 'ചെളിയുടെ സമുദ്രം' തന്നെ സൃഷ്ടിച്ച മഴയുടെ ഉത്സവത്തെക്കുറിച്ച്, നെരൂദ, തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മഴയും മഞ്ഞും തീര്‍ക്കുന്ന മദിരോത്സവങ്ങള്‍ കുട്ടിക്കാലത്തുതന്നെ നെരൂദയെ പ്രകൃതിയുടെ കളിക്കൂട്ടുകാരനാക്കി. സ്‌കൂളിലേക്ക് പോകുന്നത് തിമിര്‍ത്തുപെയ്യുന്ന മഴ നനഞ്ഞുകൊണ്ടാണ്. വിറളിപിടിച്ച കാള കൊമ്പുകോര്‍ക്കുംപോലെ മഴ ഉഗ്രരൂപിയാകുമ്പോള്‍, നെരൂദയുടെയും കൂട്ടുകാരുടെയും കുടകള്‍ പറന്നുപോകും. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന പട്ടിണിപ്പാവങ്ങളുടെ കൂരകളില്‍ മഴക്കാലം ദുസ്സഹമായിരിക്കും. നെരൂദയുടെ ബാല്യവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. വീട്ടിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമെല്ലാം നെരൂദയുടെ മനസിനെ പ്രയാസപ്പെടുത്തുമ്പോള്‍ അദ്ദേഹം പ്രകൃതിയിലേക്ക് തിരിയും. കോപവും കുസൃതിയും സാമ്യമകന്ന സൗമ്യഭാവവും നെരൂദയെ ഉന്മാദിയാക്കും. മുന്തിരിത്തോപ്പുകള്‍ നിറഞ്ഞ മധ്യചിലിയന്‍ പ്രദേശമാണ് നെരൂദയുടെ നാട്. വീഞ്ഞ് സുലഭമായിരുന്നു അവിടെ. ഓര്‍മയുറയ്ക്കുന്നതിനുമുമ്പേ ക്ഷയരോഗം ബാധിച്ച് അമ്മ മരിച്ചു. നെരൂദയുടെ ബാല്യകാലം ഏകാന്തതനിറഞ്ഞതായിരുന്നു. ശിശിരകാലസന്ധ്യകളില്‍ നനുത്തുവിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷശാഖികളില്‍ തള്ളപ്പക്ഷികള്‍ കുഞ്ഞിപ്പക്ഷികളുടെ വായില്‍ ഇരവെച്ചുകൊടുക്കുകയും വിറങ്ങലിച്ച കുഞ്ഞുതൂവലുകള്‍ മാടിയൊതുക്കുകയും ചെയ്യുന്നതുകാണുമ്പോള്‍, നെരൂദയുടെ മനസ്സ് വിതുമ്പും.

അമ്മയെക്കുറിച്ച് ഓര്‍ക്കാന്‍ നെരൂദയ്ക്ക് ഓര്‍മ്മകളില്ല. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ക്കുവേണ്ടി, നെരൂദ ദാഹിച്ചു. ജീവിച്ചിരിപ്പില്ലാത്ത അമ്മയുടെ ഇല്ലാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ അയാള്‍ ഭ്രാന്തമായി ആഗ്രഹിച്ചു. അദമ്യമായ അഭിലാഷങ്ങളെ നിഷ്‌കരുണം ചിറകറുക്കുന്ന വിധിയുടെ ക്രൂര വിനോദത്തോട് പൊരുതാന്‍, അയാള്‍ തന്റെ തീക്ഷ്ണമായ കല്‍പ്പനാവൈഭവം ആയുധമാക്കി. ഭൂമിയിലെ നിന്ദിതരോടും പീഡിതരോടും ആഴമാര്‍ന്ന സഹാനുഭൂതിയും സ്‌നേഹവും പുലര്‍ത്തിയ ആ കവിഹൃദയം സര്‍വജീവജാലത്തെയും ജീവനില്ലാത്തവയെയും സ്‌നേഹിച്ചു.

പൂത്തുലഞ്ഞുനില്‍ക്കുന്ന കാട്ടിലെ ആപ്പിള്‍വൃക്ഷത്തെ ഗാഢമായി ആലിംഗനം ചെയ്യാനും, അണ്ണാറക്കണ്ണന്മാര്‍ക്ക് മുത്തംനല്‍കാനും തടാകതീരത്തെകളിമണ്ണില്‍ കുളിച്ച് തലകുത്തിമറിയാനുമുള്ള നെരൂദയുടെ മനസിന്റെ വിസ്തൃതി അന്യാദൃശമായിരുന്നു. പക്ഷികളെയും വണ്ടുകളെയും ശലഭങ്ങളെയും സ്‌നേഹിച്ച, അവയോടൊത്ത് കളിച്ച, നെരൂദയുടെ അമ്മ കവിതകളെഴുതിയിരുന്നത്രെ. പക്ഷേ, ചന്തമുള്ള അമ്മയുടെ ഛായാചിത്രമല്ലാതെ, അവരുടെ കവിതകളൊന്നും നെരൂദ കണ്ടിരുന്നില്ല. അവര്‍ സ്‌നേഹമയിയായിരുന്നു എന്നുമാത്രം നെരൂദയ്ക്കറിയാം. തനിക്ക് ലഭിക്കാതെപോയ ആ സ്‌നേഹം പ്രകൃതിയുടെ ഉറവകളില്‍നിന്നും  നുകരാന്‍വേണ്ടിയുള്ളതായിരുന്നു, അദ്ദേഹത്തിന്റെ യാത്രകള്‍. അവ വെറുംയാത്രകളായിരുന്നില്ല. ഒരു നാടിന്റെ സിരകളിലൂടെ അജ്ഞാതരായ മനുഷ്യരുടെ, ഭാഷയേതെന്നറിയാത്ത അനേകം കോടി ജനതയുടെ ഹൃദയസ്പന്ദനങ്ങള്‍ തേടിയുള്ള അന്വേഷണമായിരുന്നു. അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യം സ്ഥാപിക്കാന്‍ വെമ്പിയ മനുഷ്യസ്‌നേഹിയായ, വിപ്ലവകാരിയായിരുന്നു നെരൂദ. പ്രകൃതി അദ്ദേഹത്തിന് മനുഷ്യനില്‍നിന്നും വേറിട്ട ലാവണ്യക്കാഴ്ചകളായിരുന്നില്ല. മനുഷ്യന്റെ ഭാഗമായ, മാനുഷികവല്‍ക്കരിക്കപ്പെട്ട ജീവഭാവമായിരുന്നു നെരൂദയ്ക്ക് പ്രകൃതി. പ്രണയത്തെ ഇത്രതീക്ഷ്ണമായി ആവിഷ്‌കരിച്ച കവി വേറെയില്ല. പ്രകൃതി അദ്ദേഹത്തിന് അമ്മയും ആത്മസഖിയും കാമിനിയും എല്ലാമായിരുന്നു. Unclothed You are എന്ന കവിതയിലെ വരികള്‍ നോക്കുക:

''നഗ്ന നീ തിരശ്ശീലയില്ലാത്തൊരുടല്‍പോലെ
നഗ്ന നീ പ്രപഞ്ചത്തിന്നേക വാസ്തവംപോലെ
നഗ്ന നീ നിലാവിന്റെയീറനാം
പൊളിപോലെ
നഗ്ന നീ അലിയുന്ന മനശ്ചാഞ്ചല്യംപോലെ
നഗ്ന നീ പറുദീസാമരത്തില്‍ പഴംപോലെ
നഗ്ന നീ മൃദുലമാം
മോഹസ്‌നിഗ്ധതപോലെ
നഗ്ന നീ വേനല്‍പ്പാടം
നീട്ടുന്ന കതിര്‍പോലെ
നഗ്ന നീ മണ്ണില്‍നിന്നു
പൊന്തിയ പൊരുള്‍പോലെ
നഗ്ന നീ ക്യൂബന്‍രാജാവില്‍
നീലിച്ച നിറമുള്ളോള്‍
നഗ്ന നീ വെളിച്ചത്തെ
മറയ്ക്കാന്‍ കഴിയാത്തോള്‍
നഗ്ന നീ ചെമ്മുന്തിരി വള്ളിപോല്‍ മുടിയുള്ളോള്‍
നഗ്ന നീ മുടിപ്പിന്നായ് താരങ്ങള്‍ ചൂടുന്നോള്‍.
നഗ്ന നീ ചെമപ്പാര്‍ന്നൊരുദയം കടഞ്ഞപോലെ
നഗ്ന നീ നിന്‍ വിഗ്രഹം തിളങ്ങും പുല്‍മൈതാനം.''
 (പരി: എന്‍ പി ചന്ദ്രശേഖരന്‍)

വിഷാദമാവിഷ്‌കരിക്കുമ്പോള്‍ പോലും അനുവാചകഹൃദയത്തില്‍ അനിര്‍വചനീയമായ ഹര്‍ഷാനുഭൂതി കോരിയിടാന്‍ കഴിയുന്ന കവിതകളാണ് നെരൂദയുടേത്. ഏറെ പ്രസിദ്ധമായ ഈ രാത്രിയാവുമെനിക്കേറ്റവും........എന്ന കവിതനോക്കുക;

''ഈ രാത്രിയേകുന്നു തോരാത്ത ശോകം
തീരാത്ത നോവിന്റെയേകാന്തഗീതം
'ഈ രാത്രി കമ്പിതഗാത്രി' -ഞാന്‍ പാടി
''താരങ്ങള്‍, നീലിച്ചദുഃഖങ്ങള്‍ സാക്ഷി''
ഏകാകിയാം തെന്നല്‍ ഏകതാരനീട്ടി:
ഏതോവിഷാദാര്‍ദ്രഗീതം മുഴങ്ങി.
പ്രേമിച്ചു നിന്നെ ഞാനെപ്പോഴോ: എന്നെ-
പ്രേമിച്ചു നീയും തിരിച്ചന്ധമായി
ഈ രാത്രിപോലുള്ള രാത്രികള്‍ നീളേ
തീരാത്തയുമ്മകള്‍ പങ്കിട്ടു നമ്മള്‍.
പ്രേമിച്ചു നീയെന്നെ എപ്പോഴോ ഞാനും
പ്രേമിച്ചു നിന്നെതിരിച്ചന്ധമായി.
പ്രേമാര്‍ദ്ര നീലമാം നിന്മിഴിക്കീഴില്‍
പ്രേമാര്‍ഥിയാകാത്തൊരാണ്‍ ജന്മമുണ്ടോ?
(പരി: എന്‍ പി ചന്ദ്രശേഖരന്‍)

പ്രണയിക്കാത്ത മനുഷ്യന്‍ പൂക്കാത്ത മരമാണെന്നു പറഞ്ഞ നെരൂദയ്ക്ക് വിപ്ലവമെന്നാല്‍ മനുഷ്യവംശത്തോടുള്ള അഗാധമായ പ്രണയമാണ്.

''വസന്തം ചെറിമരങ്ങളെ പുഷ്പിണിയാക്കും പോലെ
ഞാന്‍ നിന്നെയും പ്രണയിച്ചു പുഷ്പിണിയാക്കും'

എന്ന് എഴുതുന്ന നെരൂദയെപ്പോലെ ബിംബങ്ങളെ അയത്‌നസുന്ദരമായി കവിതയില്‍ ലയിപ്പിച്ച ആധുനിക കവികള്‍ വിരളമാണ്.

ആദ്യകവിതയും ഹംസങ്ങളും

ജന്മദേശത്തെ ബുദി തടാകത്തിലെ കവിഭാവനയെ പുഷ്‌കലമാക്കിയത് സ്വര്‍ഗത്തിലെ അരയന്നങ്ങള്‍തന്നെയായിരുന്നു. പൗരാണിക കഥകളിലെ അരയന്നങ്ങളുടെ കാന്തിയുണ്ടായിരുന്നു അവയ്ക്ക്. നീണ്ട ചിറകുകള്‍ വിടര്‍ത്തി തടാകത്തിലെ നീലപ്പരപ്പുകളിലൂടെ നീന്തിത്തുടിക്കുന്ന കഴുത്തില്‍ ശ്യാമവര്‍ണമുള്ള, അരുണനിറമാര്‍ന്ന കണ്ണുകളും ഓറഞ്ച് നിറത്തിലുള്ള കൊക്കുകളുമുള്ള അരയന്നങ്ങള്‍ ലോകത്തില്‍ മറ്റൊരിടത്തും കവി കണ്ടിരുന്നില്ല. പ്യൂര്‍ട്ടോസാവെഡ്രെ എന്ന സമൂദ്രതീരത്തെ തടാകത്തിലാണ് നെരൂദ തന്റെ യൗവനകാലത്ത് ഈ 'ഹംസങ്ങ'ളെ കണ്ടുമുട്ടിയത്. വേട്ടക്കാരാല്‍ മുറിവേറ്റ ഒരു അരയന്നത്തെ നെരൂദയുടെ കൈയില്‍ കിട്ടി. അതിനെ പരിചരിച്ച്, നെരൂദ, ആ ചിറകുവിടര്‍ത്തിയ സൂന്ദരിയെ ചങ്ങാതിയാക്കി. കൈകളില്‍ ആ സുന്ദരിപ്പക്ഷിയെയുംകൊണ്ട് നദിക്കരകളിലൂടെ നടന്നു. ഏകദേശം കവിയോളം ഉയരമുണ്ടായിരുന്നു ആ പക്ഷിക്ക്. ദിവസങ്ങള്‍ അങ്ങനെ തന്റെ നെഞ്ചില്‍ ചൂടേറ്റുകളിച്ചും കുളിച്ചും തിമിര്‍ത്ത ആ മോഹപ്പക്ഷി തന്റെ മാറില്‍ കിടന്നു, ലോകത്തോട് യാത്രപറഞ്ഞ അനുഭവം, കവി, വികാരഭരിതമായി അയവിറക്കുന്നുണ്ട്, തന്റെ ആത്മകഥയില്‍. അതിന്റെ വിഷാദാത്മകതയാണ് തന്റെ ആദ്യകവിതയുടെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഗ്രീഷ്മമായാലും ശിശിരമായാലും ഹേമന്തമായാലും ഭൂമിയുടെ മാറിലൂടെ നടന്നു സായൂജ്യമടയുമായിരുന്നു, നെരൂദ. ചിലന്തികളെയും വണ്ടുകളെയും കൈകളിലേന്തി ചിത്രശലഭങ്ങളെ സ്വപ്നംകണ്ട്, അരയന്നങ്ങള്‍ക്കുവേണ്ടി ദാഹിച്ച്, മഴവില്ലുകളെ കാമിച്ച് സാന്ദ്രനിശ്ശബ്ദമായ ആകാശനീലിമ നല്‍കിയ അനുഭൂതിയില്‍ നിദ്രകൊണ്ട നെരൂദയോളം, പ്രകൃതിയില്‍ ആടിത്തിമിര്‍ത്ത കവി വേറെയില്ല. ബാര്‍ലിവയലുകളിലൂടെയും ഓറഞ്ചുപാടങ്ങളിലൂടെയും ആപ്പിള്‍തോട്ടങ്ങളിലൂടെയും അലഞ്ഞും സമുദ്രതീരത്തെ പഞ്ചാരമണല്‍ത്തരികളില്‍ തലചായ്ച്ചും അറ്റമില്ലാത്ത ലോകത്തെ കിനാവുകണ്ട കവിയായിരുന്നു, നെരൂദ. പുലരിതുടുത്തുവരും മുമ്പേ, എഴുന്നേറ്റ് പച്ചക്കരിമ്പടം പുതച്ച പ്ലം വിളയുന്ന കാട്ടില്‍ പോവുമായിരുന്നു, നെരൂദ. പോവുമ്പോള്‍ കൈയില്‍ ഒരുനുള്ളു ഉപ്പുണ്ടാവും. ഉയര്‍ന്ന പ്ലം മരത്തില്‍ കയറി പ്ലം പഴം പറിച്ച് ഉപ്പുചേര്‍ത്തുകഴിക്കും.

സാഗരങ്ങളെ പ്രണയിച്ച മൈനാകം

ശപിക്കപ്പെട്ട മൈനാകപ്പക്ഷി ചിറകുവിടര്‍ത്തി പറന്നുയരുന്ന പുരാവൃത്തം ഇന്ത്യന്‍ സംസ്‌കാരത്തിന്റേതാണ്. പര്‍വതമായും പക്ഷിയായും പരികല്‍പ്പനചെയ്യപ്പെട്ട മൈനാകവും സമുദ്രവും തമ്മിലുള്ള ആത്മബന്ധമായിരുന്നു, നെരൂദ, സമുദ്രവുമായി നിലനിര്‍ത്തിയത്. സാഗരനീലിമ നെരൂദയെ വികാരവിവശനാക്കി. സാഗരഗര്‍ജനം നെരൂദയെ അലസതയില്‍നിന്നുണര്‍ത്തി. അനന്തതയുടെ ആ ചിറകടിനാദം കവിഭാവനയ്ക്ക് വിവിധവര്‍ണങ്ങള്‍ നല്‍കിയനുഗ്രഹിച്ചു. സമൂഹത്തില്‍ മനുഷ്യന്‍ തീര്‍ത്ത മതിലുകളെ പൊളിച്ച് വിശ്വസാഹോദര്യത്തിന്റെ ഭാസുരഗീതങ്ങള്‍ രചിക്കാന്‍ സമുദ്രത്തിന്റെ അപാരത കവിക്ക് പ്രചോദനംനല്‍കി.

ഏകാന്തതയുടെ അപാരതയും പ്രശാന്തതയുടെ ആര്‍ദ്രസാന്നിധ്യവും പ്രക്ഷുബ്ധതയുടെ ഘനശ്യാമതാളവും വിഷാദാത്മകതയുടെ ശില്‍പ്പസൗന്ദര്യവും ലയിച്ചുചേരുന്ന പ്രകൃതിയുടെ അന്യൂന ചൈതന്യമായിട്ടാണ് നെരൂദ സമുദ്രത്തെ വരച്ചുവെക്കുന്നത്. സ്‌നേഹമസൃണമായ ആത്മസഖിയുടെ സ്പര്‍ശമാണ് കവിക്ക് കടല്‍. അവള്‍ അമ്മയെപ്പോലെ സ്‌നേഹം ചുരത്തുന്നവളാണ്. അകൃത്രിമമായ ആ അപാരതയില്‍ കോപത്തിന്റെ തിരയലറുമ്പോഴും വാത്സല്യത്തിന്റെ സൗമ്യസംഗീതമായി ലയിക്കുമ്പോഴും കവിക്കത് പ്രകൃതിയുടെ ദ്വന്ദ്വഭാവങ്ങളായിട്ടേ കാണാന്‍ കഴിയൂ. നെരൂദ, പ്രകൃതിയെ നോക്കിക്കാണുകയല്ല; ആഴ്ന്നിറങ്ങുകയാണ്. കവി ഏകാകിയായി മുറിക്കകത്തു കഴിയുമ്പോള്‍, സമുദ്രം അതിന്റെ പതനുരയും കണ്ണുകളാല്‍ തന്നെ ഉറ്റുനോക്കുകയും വിളിച്ചുണര്‍ത്തുകയും ചെയ്തതിനെക്കുറിച്ച് കവി പറയുന്നുണ്ട്.

ഒരിക്കല്‍ ഇന്ത്യസന്ദര്‍ശിച്ച നെരൂദയെ ഇവിടുത്തെ പ്രകൃതിയുടെ അചുംബിത സൗന്ദര്യം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ബോംബെ നഗരത്തിലെ പാതയോരത്ത് തളര്‍ന്നുറങ്ങുന്ന അശരണരായ മനുഷ്യരുടെ ദൈന്യത കവിയെ വേദനിപ്പിച്ചു. കൊളോണിയല്‍ ഭരണം ഇന്ത്യക്കു സമ്മാനിച്ച ദുരിതത്തെക്കുറിച്ചദ്ദേഹം എഴുതിയിട്ടുണ്ട്. സിങ്കപ്പൂരിലെ കാഴ്ചബംഗ്ലാവുകളും ഇന്ത്യയിലെ കാളിക്ഷേത്രവും സുമാത്രയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമെല്ലാം ആ കാവ്യഭാവനയ്ക്ക് മിഴിവേകി. കാഴ്ചബംഗ്ലാവുകളിലെ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ ചിറകടികള്‍ ആ സ്വാതന്ത്ര്യദാഹിയെ വേദനിപ്പിച്ചു. നിസ്സഹായരായ മൃഗങ്ങളുടെ വനരോദനം, ആ കവിഹൃദയത്തെ വേട്ടയാടി.

ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി, നെഹ്‌റു, നേതാജി തുടങ്ങിയവരുമായി കൂടിക്കാഴ്ചനടത്തുകയുണ്ടായി. ഗാന്ധിജിയെക്കുറിച്ചദ്ദേഹം പറയുന്നത് 'സമര്‍ഥനായ കുറുക്കന്റെ ഭാവമുള്ള ആള്‍' എന്നാണ്. ബുദ്ധന്റെ ധ്യാനനിമഗ്നമായ പ്രതിമ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി.

രക്തവിവാഹം എന്ന നാടകത്തിന്റെ കര്‍ത്താവായ വിശ്വവിഖ്യാത ലാറ്റിനമേരിക്കന്‍ കവി, ലോര്‍ക്ക നെരൂദയുടെ സമകാലികനായിരുന്നു. നെരൂദയെപ്പോലെതന്നെ പ്രകൃതി സ്‌നേഹിയും വിപ്ലവകാരിയുമായിരുന്നു ലോര്‍ക്കയും. 1933-ലാണ് നെരൂദ, ലോര്‍ക്കയെ ആദ്യമായി കാണുന്നത്. സ്ഥലം ബ്യൂണസ് അയേഴ്‌സ് രക്തവിവാഹമെന്ന തന്റെ നാടകം സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് ലോര്‍ക്ക നഗരത്തിലെത്തിയത്. അവിടെവെച്ച് അവര്‍ സുഹൃത്തുക്കളായി. ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്വേസ്, ഫിദല്‍ കാസ്‌ട്രോ തുടങ്ങിയ മഹാരഥന്മാരുമായുള്ള നെരൂദയുടെ ആത്മബന്ധം പ്രസിദ്ധമാണ്. 1973-ല്‍ പാവനമായ ആ കവിഹൃദയം നിലയ്ക്കുംവരെ, അത് രമണീയമായ പ്രപഞ്ചത്തിനും മാനവരാശിക്കും വേണ്ടി തുടിച്ചു.

*
പി പി സത്യന്‍ ജനയുഗം

No comments: