Thursday, April 25, 2013

ഇന്ത്യ അര്‍ഹിക്കുന്നു മോഡിക്കും രാഹുലിനുമപ്പുറം

രാജ്യത്തെ ദിനപത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നരേന്ദ്രമോഡിയെയും രാഹുല്‍ഗാന്ധിയെയും കുറിച്ചുള്ള ചര്‍ച്ചകളില്‍മാത്രം മുഴുകിയിരിക്കുന്നത് എന്നെ ദുഃഖത്തിലാഴ്ത്തുന്നു. ഉന്നതമായ ചിന്ത, അലിവ്, സത്യസന്ധത, ഉത്തരവാദിത്തം, കര്‍മശക്തി, ധീരത, നേതൃപാടവം എന്നിവയൊന്നും നമുക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളല്ലാതായി മാറിയോ? മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കൈയില്‍ പുരണ്ട രക്തം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്ന ആളാണ് ഒരുവശത്ത്; കര്‍മോത്സുകനായ ഒരു നേതാവിനെ നമുക്ക് ആവശ്യമുള്ളപ്പോള്‍ തത്വചിന്തകനായി അവതരിപ്പിക്കപ്പെടുന്ന വ്യക്തിയാണ് മറുവശത്ത്.

അടുത്തിടെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍, 2002ലെ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മോഡി നല്‍കിയ മറുപടി, കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ പലതവണ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു. ഇതേ മോഡിതന്നെയാണ് വികസിത ഗുജറാത്തിനെക്കുറിച്ച് എത്ര തവണ പ്രതികരിക്കാനും തയ്യാറാകുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഓരോ തവണയും മോഡിയുടെ പേര് പരാമര്‍ശിക്കപ്പെടുമ്പോള്‍ ഉയരുന്ന വിമര്‍ശം, അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. ഈ വിമര്‍ശം എന്തുകൊണ്ട് ശരിയല്ല? മനുഷ്യത്വം അല്‍പ്പമെങ്കിലും ശേഷിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. കലാപത്തില്‍ മോഡിയുടെ പങ്ക് കോടതികള്‍ തീരുമാനിക്കേണ്ട കാര്യമാണ്, പക്ഷേ, അക്കാലത്തും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു, അന്ന് പെരുമാറിയതില്‍നിന്ന് വ്യത്യസ്തമായ തരത്തിലല്ലേ താന്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മോഡി തയ്യാറായിട്ടില്ല. ഇക്കാര്യം നമുക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയും?

സത്യത്തില്‍ അവഗണിക്കരുത്. യാത്രകള്‍ക്കിടെ, മധ്യവര്‍ഗത്തില്‍പ്പെട്ട പല ഇന്ത്യക്കാരുമായും സംസാരിക്കുമ്പോള്‍ എനിക്ക് ബോധ്യപ്പെടുന്നത് അവര്‍ മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബില്‍ഗേറ്റ്സ് എന്ന വിധത്തിലാണ് കാണുന്നതെന്നാണ്. ഗുജറാത്തില്‍ പോയി വികസനം തിരിച്ചറിയൂ. മോഡിയാണ് നമുക്ക് യോജിച്ച വ്യക്തി- എന്നൊക്കെയാണ് അഭിപ്രായങ്ങള്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്നില്‍ സങ്കടം നിറയുകയാണ്. വ്യക്തികളെ എത്ര എളുപ്പത്തില്‍ മനസ്സില്‍നിന്ന് മായ്ച്ചുകളയുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മോഡിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്ന് നാം പറയുന്നു; പക്ഷേ, കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത മറ്റുപലരെയും നാം ക്രിമിനലുകളായി മുദ്രകുത്തുകയും ചെയ്യുന്നു. സാമ്പത്തികപുരോഗതിയുടെ പേരില്‍ മാനുഷികമായ എല്ലാ അന്തസ്സിനെയും മറച്ചുപിടിക്കുകയാണ്. ലോകത്തെ എല്ലാ മുസ്ലിങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്താലും ഞാന്‍ കാര്യമാക്കുന്നില്ല. ഇരകള്‍മാത്രമാണ് എന്റെ പരിഗണന അര്‍ഹിക്കുന്നത്, മുസ്ലിമോ ഹിന്ദുവോ ക്രൈസ്തവനോ ആയിക്കോട്ടെ. ഗുജറാത്തിലെ വോട്ടര്‍മാരുടെ പെരുമാറ്റരീതികളും എനിക്ക് അറിയില്ല. എന്നാല്‍, ഭൂരിപക്ഷത്തിന്റെ ആധിപത്യത്തില്‍ കഴിയുന്ന ന്യൂനപക്ഷസമൂഹം ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണങ്ങള്‍ എനിക്ക് ബോധ്യമാകും.

ഭൂരിപക്ഷം ക്രമക്കേടുകള്‍ കാട്ടുകയും ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തി പ്രത്യേക വഴിയില്‍ നടത്തുകയും ചെയ്യും. മറ്റ് കാരണങ്ങളും എന്റെ മനസ്സിലുണ്ട്, അവ പുറത്തുപറയുന്നില്ല. മനുഷ്യര്‍ എന്ന നിലയില്‍ നാം അടിസ്ഥാനപരമായി മറ്റുള്ളവരോട് സഹാനുഭൂതി പുലര്‍ത്തുന്നവര്‍ ആയിരിക്കണം. സാമ്പത്തികപുരോഗതിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെയോ രാഷ്ട്രീയസ്ഥിരതയുടെയോ പേരില്‍ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടരുത്. മനുഷ്യത്വഹീനന്‍ ആകുന്നതിനുപകരം ദരിദ്രനായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. മോഡിയോടുള്ള ചോദ്യം ആവര്‍ത്തിക്കുകയാണ്: താങ്കള്‍ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ താങ്കള്‍ കടപ്പെട്ടിരിക്കുന്നു. ഇത് രാഷ്ട്രീയരംഗത്തെ ഒരു ഭാഗംമാത്രമാണ്, മറുവശത്ത് ഊര്‍ജസ്വലനായ ഒരു യുവാവുണ്ട്, പക്ഷേ, താന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു തത്വചിന്തകനെയല്ല ഇന്ത്യക്ക് ആവശ്യമുള്ളതെന്ന് ആരെങ്കിലും രാഹുല്‍ഗാന്ധിക്ക് പറഞ്ഞുകൊടുക്കണം. രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും പ്രശ്നങ്ങള്‍ അദ്ദേഹം അടിക്കടി വിശദീകരിക്കേണ്ടതില്ല. അതെല്ലാം നമുക്ക് ബോധ്യമുള്ളതാണ്.

ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍, വേണ്ടത് ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ്. ഇതിനുള്ള ഇച്ഛാശക്തി രാഹുല്‍ഗാന്ധി പ്രകടിപ്പിക്കുന്നതായി രാജ്യത്തിന് ഇതുവരെ ബോധ്യമായിട്ടില്ല. രാഹുല്‍ഗാന്ധി ലക്ഷ്യബോധം കാട്ടുന്നില്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നതിന് കാരണം ഇതാണ്. പ്രസിഡന്‍ഷ്യന്‍ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മട്ടില്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത് കാണുമ്പോള്‍ എന്റെ മനസ്സില്‍ സമൂഹത്തെക്കുറിച്ച് നിരാശ വര്‍ധിക്കുകയാണ്. ഇന്നത്തെ രീതിയില്‍, ഈ രണ്ട് വ്യക്തികളെയും കേന്ദ്രീകരിച്ച് നീങ്ങിയാല്‍ ഇന്ത്യന്‍രാഷ്ട്രീയം ദുരന്തത്തിലെത്തും. മറ്റ് മാര്‍ഗങ്ങള്‍ നമുക്കില്ലേ? മറ്റ് മാര്‍ഗങ്ങള്‍ ആരായുകമാത്രമല്ല നാം ചെയ്യേണ്ടത്, ഇവരില്‍നിന്നുള്ള മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യണം. മാറ്റം പ്രദാനംചെയ്യുന്ന ആശയങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

*
ടി എം കൃഷ്ണ (കര്‍ണാടക സംഗീതജ്ഞനാണ് ലേഖകന്‍) കടപ്പാട്: ദി ഹിന്ദു

ദേശാഭിമാനി 25 ഏപ്രില്‍ 2013

No comments: