Wednesday, April 10, 2013

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്ന യുപിഎ സര്‍ക്കാര്‍

പാര്‍ലമെന്റിന്റെ 2013ലെ ബജറ്റ് സമ്മേളനത്തിന്റെ ഒന്നാമങ്കം മാര്‍ച്ച് 22ന് അവസാനിച്ചു. (രണ്ടാമങ്കം ഏപ്രില്‍ 22ന് ആരംഭിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും.) യുപിഎ ഗവണ്‍മെന്റിനുകീഴില്‍ ഭരണം നിരര്‍ത്ഥകമാകുന്നതിനും അത് പാര്‍ലമെന്ററി പ്രവര്‍ത്തനത്തെതന്നെ നിഷ്പ്രയോജനമാക്കുന്നതിനും ഈ സമ്മേളനം സാക്ഷ്യംവഹിച്ചു. എത്ര ദിവസങ്ങളിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും ചോദ്യോത്തരവേളയോ തുടര്‍ന്നുള്ള സമയത്തെ നിയമനിര്‍മാണ പ്രവര്‍ത്തനമോ ഇല്ലാതെ പിരിയേണ്ടിവന്നത്? അവസാനദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. കാരണങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നുമാത്രം. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ച ഉണ്ടായതേയില്ല. ബഹളംമൂലം സമയം നഷ്ടപ്പെട്ടതിനാല്‍ അംഗങ്ങള്‍ നടത്തേണ്ട ബജറ്റ് പ്രസംഗങ്ങള്‍ ഏതാനും നിമിഷംകൊണ്ട് സഭയുടെ മേശപ്പുറത്തുവെച്ച് അവയ്ക്കുള്ള മറുപടി പിന്നീട് എഴുതി സമര്‍പ്പിക്കാമെന്ന ധനമന്ത്രിയുടെ വാഗ്ദാനത്തോടെ ബജറ്റ് അംഗീകരിച്ച് സമ്മേളനം അവസാനിപ്പിക്കുകയാണുണ്ടായത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇത് ആദ്യാനുഭവമായിരുന്നു.

ബജറ്റ് പാസാക്കേണ്ടത് പാര്‍ലമെന്റ് ചട്ടങ്ങളനുസരിച്ച് ലോകസഭയാണ്. രാജ്യസഭയും അത് ചര്‍ച്ചചെയ്യും. എന്നിട്ട് ഭേദഗതിയോടെയോ അത് ഇല്ലാതെയോ ലോകസഭയ്ക്ക് തിരിച്ചയക്കണം. അതിനാല്‍ രാജ്യസഭ അത് ചര്‍ച്ചചെയ്ത് പാസാക്കിയില്ലെങ്കിലും നിയമപരമായി കുഴപ്പമില്ല. എന്നാല്‍, ജീവിതത്തിന്റെ നാനാതുറകളില്‍ വിദഗ്ധരും അനുഭവസമ്പന്നരുമാണ് സഭയിലെ അധികം അംഗങ്ങളും. ആ നിലയ്ക്ക് രാജ്യസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്ക് രാഷ്ട്രീയമായും സാമൂഹ്യമായുമൊക്കെ അതിന്റേതായ പ്രാധാന്യമുണ്ട്. ആ കടമ നിര്‍വഹിക്കാന്‍ ചില അംഗങ്ങളുടെ ഇടപെടല്‍മൂലം സഭയ്ക്ക് കഴിഞ്ഞില്ല. ഇത്തരം കാര്യങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ട ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കുന്നതുതന്നെ പ്രഥമവും പ്രധാനവുമായി ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാനാണ്. അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷമുണ്ടായിരിക്കും, സാധാരണഗതിയില്‍. അതിനാല്‍ അവര്‍ നിര്‍ദേശിച്ച്, ഓരോ സഭയുടെയും കാര്യോപദേശക സമിതി അംഗീകരിക്കുന്ന നയപരിപാടി അനുസരിച്ച് സഭയുടെ പ്രവര്‍ത്തനം നടക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാദ്ധ്യത ഭരണകക്ഷികള്‍ക്കുണ്ട്. എന്നാല്‍, യുപിഎ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തികഞ്ഞ നിരുത്തരവാദിത്വം കാണിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

കഴിഞ്ഞ വര്‍ഷകാല സമ്മേളനവേളയില്‍ കല്‍ക്കരിപ്പാട അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നതിനുവേണ്ടി അവര്‍ പാര്‍ലമെന്റ് സമ്മേളനം നിരന്തരം ബഹളംവെച്ച് നിര്‍ത്തിവെയ്പിച്ചു. അത് ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിക്കോ ഭരണപക്ഷത്തിനോ പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താന്‍ പ്രതിപക്ഷത്തെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് കഴിഞ്ഞില്ല. അവര്‍ ആത്മാര്‍ത്ഥമായി അതിനായി ശ്രമിച്ചില്ല. പാര്‍ലമെന്റ് സമ്മേളിച്ചില്ലെങ്കില്‍ അത്രയും ആശ്വാസം എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. ഇത് ഒരു ജനാധിപത്യപാര്‍ടിക്കും ഭൂഷണമല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്താനും അവര്‍ക്ക് ഗവണ്‍മെന്റിനെക്കുറിച്ചുള്ള വിമര്‍ശനം ഉന്നയിക്കാനും അതിനൊക്കെ ഗവണ്‍മെന്റിനു നല്‍കാനുള്ള മറുപടി പറയാനും ഒക്കെയുള്ള വേദിയാണ് പാര്‍ലമെന്റ്.അതിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ഭരണ പ്രതിപക്ഷങ്ങള്‍ ഭരണകാര്യങ്ങളില്‍ താന്താങ്ങളുടേതായ പങ്ക് വഹിക്കുക; ജനാധിപത്യം ഊര്‍ജസ്വലത നേടുകയും അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ശക്തിപ്പെടുകയും ചെയ്യുക. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്റ് ഈ ഉത്തരവാദിത്വത്തില്‍നിന്ന് പിന്തിരിയുന്നതാണ് കഴിഞ്ഞ ഏതാനും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി, കല്‍ക്കരിപ്പാടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി യുപിഎ സര്‍ക്കാര്‍ ചെയ്തു എന്ന ആരോപണമല്ല, വിമര്‍ശനം കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (സിഎജി) ഉന്നയിച്ചു. ചില കാര്യങ്ങളില്‍ സുപ്രീംകോടതിയും ഏതാണ്ട് ആ വിധത്തില്‍ നിരീക്ഷണം നടത്തി. പാര്‍ലമെന്റിലോ കോടതിയിലോ ഒന്നും ഗവണ്‍മെന്റിന് സ്വയം ന്യായീകരിക്കുന്നതരത്തില്‍ ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ഇത് ഓരോ ദിവസവും നടക്കുന്ന ചോദ്യോത്തരങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കൂടുതല്‍ കൂടുതല്‍ വെളിവാകുന്നു എന്ന് കണ്ടപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്തുന്നതില്‍ ഭരണപക്ഷത്തിനു താല്‍പര്യംതന്നെ കുറഞ്ഞു എന്നതാണ് വാസ്തവം.

ഏതെങ്കിലും കക്ഷി എന്തെങ്കിലും കാരണത്തിന് സഭാ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുന്നതിനെ അവര്‍ മൗനമായി അനുകൂലിക്കുന്നു. അതാണ് കഴിഞ്ഞ ഏതാനും സമ്മേളനങ്ങളിലായി കാണപ്പെടുന്ന വസ്തുത. അഴിമതി ഒഴിച്ചുള്ള കാര്യങ്ങളിലും ഗവണ്‍മെന്റിന് ജനസമക്ഷം അഭിമാനപൂര്‍വം അവതരിപ്പിക്കാന്‍ കഴിയുന്ന കുറച്ചു ജനങ്ങളേയുള്ളൂ. ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ജനസാമാന്യത്തിനല്ല; അവരിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കല്ല; മറിച്ച് അതിസമ്പന്നര്‍ക്കാണ്. യുപിഎ ഗവണ്‍മെന്റ് നിലവില്‍വന്ന -2004 നുശേഷം ഇതേവരെയായി സമ്പന്നര്‍ക്ക് മിനിട്ട്തോറും ഒഴിവാക്കിക്കൊടുക്കുന്ന 70 ലക്ഷം രൂപ എന്നതോതിലാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

അതേസമയം യുപിഎ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സാധാരണക്കാരെ ബാധിക്കുന്ന വകുപ്പുകള്‍ക്ക് അനുവദിച്ച അടങ്കലുകളില്‍ നാമമാത്രമായ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ പിരിച്ചെടുക്കുന്ന നികുതി ജിഡിപിയുടെ (മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ) അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മറ്റ് നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. നികുതിവരവ് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പശ്ചാത്തല സൗകര്യ നിര്‍മിതിക്കും മറ്റും കൂടുതല്‍ തുക വകയിരുത്താനും കഴിയുള്ളു. അത് ചെയ്യണമെങ്കില്‍ പണക്കാരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കണം. ധനമന്ത്രിയും യുപിഎ ഗവണ്‍മെന്റും അതിന് തയ്യാറല്ല. വന്‍ പണക്കാര്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കുന്നതിലാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യം.

ഈ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ അഴിമതികളും ഓരോ ബജറ്റിലും ധനമന്ത്രി സമ്പന്നര്‍ക്ക് വാരിക്കോരി നല്‍കിയ സൗജന്യങ്ങളും വെളിവാക്കുന്നത് അതാണ്. പാര്‍ലമെന്റ് നടപടികള്‍ യഥാവിധി നടന്നാല്‍ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടും. അതുകൊണ്ടാണ് പാര്‍ലമെന്റ് നടപടികളെ തടയുന്ന ഏത് കക്ഷിയുടെയോ അംഗത്തിന്റെയോ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചകളിലൂടെ പരിഹരിക്കാതെ ഗവണ്‍മെന്റും ഭരണപക്ഷവും വെറും കാഴ്ചക്കാരായി നിലകൊള്ളുന്നത്. അതാകട്ടെ, ജനങ്ങള്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസത്തോടും പ്രതീക്ഷയോടും തീരെ നീതിചെയ്യുന്നതല്ല. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ കെടുത്താനാണ് അത് ഇടയാക്കുക. അതാണോ ഭരണപക്ഷവും അവരുടെ രക്ഷാധികാരികളായ കുത്തകകളും മറ്റും പ്രതീക്ഷിക്കുന്നത് എന്ന സംശയം ജനങ്ങളില്‍ ദിവസം കഴിയുന്തോറും ശക്തിപ്പെട്ടുവരുന്നു.

*
സി പി നാരായണന്‍ ചിന്ത ഏപ്രില്‍ 05,2013

No comments: