പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തര്‍ക്കം എന്‍ ഡി എ സഖ്യത്തിന്റെ ശിഥിലീകരണത്തിലേയ്ക്ക് നയിക്കുമെന്ന് വ്യക്തമായ സൂചന. നരേന്ദ്രമോഡിയെ തല്‍സ്ഥാനത്തേയ്ക്ക് അംഗീകരിക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. മതേതര പ്രതിഛായയുള്ള (?) ഏത് ബി ജെ പി നേതാവിനെയും പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ നിതീഷ്‌കുമാര്‍ സന്നദ്ധമാണത്രെ! നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) പ്രസിഡന്റ് ശരദ് യാദവിന് നരേന്ദ്രമോഡിയുടെ കാര്യത്തില്‍ പിടിവാശി ഏതെങ്കിലും ഉള്ളതായി കരുതാനാവില്ല. എന്നാല്‍ ബിഹാറില്‍ ശരദ്‌യാദവിന് കാര്യമായ സ്വാധീനം ചെലുത്താനാവില്ല എന്നത് അദ്ദേഹത്തിന്റെ നിലപാട് ദുര്‍ബലമാക്കുന്നു. നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിക്കാന്‍ ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വിസമ്മതിക്കുന്നു. അവശേഷിക്കുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ യു പി എ - എന്‍ ഡി എ സഖ്യങ്ങളില്‍ ഗണ്യമായ മാറ്റത്തിന് അത് വഴിവെച്ചേക്കാം. ജനതാദള്‍ (യു) വില്‍ തന്നെ ഭിന്നിപ്പിനും നിതീഷ്‌കുമാര്‍ യു പി എ സഖ്യത്തിലേയ്ക്ക് മാറാനും സാധ്യത ഏറെയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ എന്‍ ഡി എ യുടെ ഐക്യത്തേക്കാളുപരി ആ മുന്നണിയില്‍ ഭിന്നിപ്പിന്റെയും അനൈക്യത്തിന്റെയും പ്രതീകമായി മാറുന്ന സ്ഥിതിവിശേഷമാണ് ഉരുത്തിരിയുന്നത്. ബി ജെ പിക്കുള്ളില്‍ തന്നെ മോഡിയുടെ സ്ഥാനാര്‍ഥിത്വം രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കും ഒരു പക്ഷെ പരസ്യമായ ഏറ്റുമുട്ടലിനു തന്നെയും കാരണമായേക്കാം. ബി ജെ പിയിലോ എന്‍ ഡി എ യിലോ ഐക്യത്തിനു പകരം അനൈക്യവും പരസ്യമായ എതിര്‍പ്പും ക്ഷണിച്ചുവരുത്തുന്ന നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നത്? അത്തരത്തില്‍ ഒരു വിവാദ കഥാപാത്രത്തെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന വാദത്തിന്റെ പിന്നിലെ ചേതോവികാരം എന്താണ്?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിനികൃഷ്ടമായ വംശീയ ഉന്മൂലനത്തിനു നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിന് കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചു വരുന്നത്. 1998 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയര്‍ത്തിക്കാട്ടിയ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തന്നെയാണ് മോഡി അനുകൂല ക്യാമ്പെയിനും നേതൃത്വം നല്‍കുന്നത്. ഗുജറാത്ത് സംസ്ഥാനത്തെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ അപ്പാടെ മറച്ചുവച്ച് നരേന്ദ്രമോഡിയെ വികസന നായകനും ഭരണനിര്‍വഹണ രംഗത്ത് അസാധാരണ ഊര്‍ജത്തിന്റെ ഉറവിടമായും മറ്റും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചണ്ഡ പ്രചരണത്തിലാണ് ദൃശ്യ അച്ചടി മാധ്യമങ്ങള്‍ ഒരുപോലെ ഏര്‍പ്പെട്ടിരിക്കുന്നത്. മോഡി നേതൃത്വം നല്‍കുന്ന ഗുജറാത്ത് സര്‍ക്കാര്‍ വന്‍ കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ക്ക് ചുളുവിലയ്‌ക്കോ ഏതാണ്ട് സൗജന്യമായോ തന്നെ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നല്‍കി ചുവന്ന പരവതാനിയാണ് വിരിച്ചിരിക്കുന്നത്. അത് സംബന്ധിച്ച വന്‍പ്രചാരണങ്ങള്‍ക്കിടയില്‍ മതന്യൂനപക്ഷങ്ങളും ആദിവാസികളുമടക്കം സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതദുരിതങ്ങള്‍ അപ്പാടെ അവഗണിക്കപ്പെടുകയും തമസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രചരണ കോലാഹലങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനതയേയും രാഷ്ട്രീയരംഗത്തേയും ഒരുമിപ്പിക്കുന്നതിനുപകരം ഭിന്നിപ്പിക്കലാണ് ഫലത്തില്‍ മോഡിയുടെ സ്ഥാനാര്‍ഥിത്വം ചെയ്യുന്നതെന്ന് വിസ്മരിക്കപ്പെടുന്നു. ഇത് അതീവഗൗരവത്തോടെ സമൂഹം വീക്ഷിക്കുകയെന്നതും ചര്‍ച്ച ചെയ്യുകയെന്നതും രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിന് അനിവാര്യമാണ്.
നരേന്ദ്രമോഡിയെപ്പോലെ 2002 ലെ വംശീയ ഉന്മൂലനത്തെയും അതില്‍ പങ്കാളിയായവരെയും ഒരിക്കല്‍പ്പോലും അപലപിക്കാന്‍ മുതിരാത്ത വര്‍ഗീയവാദിയും ഏകാധിപതിയുമായ ഒരാളെ ന്യായീകരിക്കാനും അയാളെ വെള്ളപൂശിക്കാണിക്കാനും നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ രാഷ്ട്രീയ അധാര്‍മ്മികതയും അക്ഷന്തവ്യമായ കുറ്റകൃത്യവുമാണ്. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന വളര്‍ച്ചയുടെയും വികസനത്തിന്റെയും കഥകള്‍ യാഥാര്‍ഥ്യമാണെങ്കില്‍പോലും അത്തരം ഒരു ഭരണാധികാരിയെ അംഗീകരിക്കുകയും രാജ്യത്തിന്റെ സമുന്നത ഭരണാധികാരത്തിലേയ്ക്കു തന്നെ ഉയര്‍ത്തുകയെന്നതും നീതീകരിക്കാനാവില്ല. മോഡി ഭരണത്തില്‍ ഗുജറാത്ത് കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന വളര്‍ച്ചയുടെയും വികസനത്തിന്റെയും കഥകള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത നിറം പിടിപ്പിച്ച പ്രചരണം മാത്രമാണ്. ഗുജറാത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കുകള്‍ തന്നെ ഈ പ്രചരണത്തിന്റെ കാപട്യം തുറന്നുകാട്ടാന്‍ പോന്നവയാണ്. 1996-97 കാലഘട്ടത്തില്‍ ജി ഡി പി വളര്‍ച്ചയില്‍ നാലാം സ്ഥാനത്തായിരുന്ന സംസ്ഥാനം ഇന്ത്യയിലെ പ്രമുഖ 19 സംസ്ഥാനങ്ങളില്‍ 8-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വളര്‍ച്ചയില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ബിഹാറും എന്തിന് ഉത്തരാഖണ്ഡും മധ്യപ്രദേശ് പോലും ഗുജറാത്തിനെ കടത്തിവെട്ടിയിരിക്കുന്നു. ബി ജെ പി ഭരണം നിലനില്‍ക്കുന്ന മധ്യപ്രദേശ് ഗുജറാത്തിനെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ജി ഡി പി വളര്‍ച്ചാ നിരക്കിനൊപ്പം മനുഷ്യവികസന സൂചികയിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുജറാത്തിനെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വളര്‍ച്ചയുടെയും വികസനത്തിന്റെയും മോഡി മോഡലിനെക്കുറിച്ച് പ്രചാരണ കോലാഹലം കെട്ടഴിച്ചുവിടുന്നവര്‍ ഈ വസ്തുതകളെ മറച്ച് വച്ച് രാജ്യത്തിന്റെയും ജനതയുടെയും ഐക്യത്തെ കുരുതി കഴിക്കാനാണ് ശ്രമിക്കുന്നത്.
*
ജനയുഗം മുഖപ്രസംഗം 17 ഏപ്രില്‍ 2013
No comments:
Post a Comment