Tuesday, April 23, 2013

ചീന്തിയെറിയപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍

നാലും അഞ്ചും എട്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തിയെറിയുന്ന നാട്ടിലാണ് ജീവിക്കുന്നത് എന്നത് ഇന്ത്യയുടെ ഇന്നത്തെ തലമുറ പേറുന്ന അറപ്പിക്കുന്ന അപമാനഭാരമാണ്. സ്ത്രീകള്‍ക്ക് അപകടഭയമില്ലാതെ ജീവിക്കാനും സഞ്ചരിക്കാനും പറ്റാത്ത ഇടമായി ഇന്ത്യ അനുനിമിഷം മാറുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളില്‍ നാലാംസ്ഥാനമാണ് ഇന്ത്യക്ക്. കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ലഭ്യത, അതിജീവനശേഷി തുടങ്ങിയ ഘടകങ്ങള്‍ കണക്കാക്കുന്ന ആഗോള സ്ത്രീപദവിസൂചികയില്‍ 113-ാം സ്ഥാനത്തും. ആകെ പട്ടികയിലുള്ള 135 രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ മോശം അവസ്ഥ 22 എണ്ണത്തിനേയുള്ളൂ.

ഡല്‍ഹിയില്‍ ബസില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ദുരന്തവും രക്തസാക്ഷിത്വവും ഇനിയൊരു പെണ്‍കുട്ടിയുടെയും നിലവിളി ഉയരാതിരിക്കാനുള്ള കാരണമാകുമെന്ന് രാജ്യം ആഗ്രഹിച്ചതാണ്. ഡല്‍ഹി കൂട്ട ബലാത്സംഗം രാജ്യമാകെ വൈകാരികമായി ഏറ്റെടുത്തിട്ടും ഇന്ത്യ അതേവരെ കാണാത്ത പ്രതിഷേധങ്ങളുയര്‍ന്നിട്ടും പുതിയ നിയമനിര്‍മാണത്തില്‍വരെ കാര്യങ്ങളെത്തിയിട്ടും എല്ലാം പഴയ നിലയില്‍ത്തന്നെ. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ ഈ നാട് ഇപ്പോഴും അനുയോജ്യമല്ലെന്നതാണ് ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പുറത്തുവരുന്ന പീഡനവാര്‍ത്തകള്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നത്. ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി ബലാത്സംഗംചെയ്യപ്പെട്ടതിലുള്ള അമര്‍ഷവും പ്രതിഷേധവും ഒടുങ്ങുന്നതിനുമുമ്പേ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളുടെ നിരവധി കഥകളാണ് പുറത്തുവന്നത്. ഡല്‍ഹിയില്‍ ഒമ്പതു ദിവസം അക്രമികളുടെ തടങ്കലില്‍ കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മധ്യപ്രദേശിലെ സിയോണിയില്‍ നാലു വയസ്സുകാരിയും ഒഡിഷയിലെ കേന്ദ്രപാറയില്‍ പതിനഞ്ചുകാരിയും ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ എട്ടു വയസ്സുകാരിയും കഴിഞ്ഞ ദിവസങ്ങളില്‍ ബലാത്സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ പുണെയിലെ ഒരു മനോരോഗ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപത്തിരണ്ടുകാരിയെ ആശുപത്രി വാര്‍ഡന്‍ ബലാത്സംഗംചെയ്ത വാര്‍ത്തയും പുറത്തുവന്നു. ഹൈദരാബാദ് മേധക് ജില്ലയിലെ കൊഹിറില്‍ ബലാല്‍സംഗത്തിനിരയായ പതിനെട്ടുകാരി കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. ഇന്ത്യയുടെ വന്‍ നഗരങ്ങള്‍ സ്ത്രീകള്‍ക്ക് ഭീതിയുടെ കേന്ദ്രങ്ങളായി മാറി. ഡല്‍ഹി അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

2013 ല്‍ ഇതുവരെ ഡല്‍ഹി നഗരത്തില്‍മാത്രം 393 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ലോകത്തെ വലിയ ജനാധിപത്യരാജ്യമെന്ന് അഹങ്കരിക്കുന്ന നാടിന്റെ തലസ്ഥാനത്ത്, ഭരണാധികാരികള്‍ വാഴുന്ന നഗരത്തില്‍ ഓരോ അഞ്ച് മിനിറ്റിലും ഒരു സ്ത്രീ വീതം ലൈംഗിക അതിക്രമത്തിനിരയാകുന്നു. തെരുവില്‍ ആക്രമിക്കപ്പെട്ട രണ്ടുവയസ്സുകാരി ഫലകിന്റെ ചിത്രം ഈയിടെ മാധ്യമങ്ങളിലൂടെ ജനമനസ്സുകളെ നോവിച്ചതാണ്. മേലാസകലം പരിക്കേറ്റ പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. അത്തരം ഒരു ദുരന്തവും ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുന്നില്ല. ദുരന്തങ്ങള്‍ തടയാനോ കുറ്റവാളികളെ പിടികൂടാനോ ഇരകള്‍ക്ക് സംരക്ഷണം നല്‍കാനോ ഉള്ള "സൗമനസ്യം" പൊലീസിനില്ല, പൊലീസിനെ നിയന്ത്രിക്കുന്നവര്‍ക്കുമില്ല. ഇരകളെ പണംകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന മൂന്നാംകിട ബ്രോക്കര്‍മാരായി നിയമപാലകര്‍ മാറുന്ന ജനാധിപത്യം അശ്ലീലമാണ്. പൊലീസ് പ്രതിഷേധസ്വരങ്ങളെ അടിച്ചമര്‍ത്തുകയും പ്രതിഷേധക്കാരെ കൈയേറ്റംചെയ്യുകയുമാണ്. ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയുടെ അച്ഛന് 2000 രൂപ കൈക്കൂലി വാഗ്ദാനംചെയ്ത് കേസൊതുക്കാന്‍ ശ്രമിച്ച പൊലീസ് പരാതിയുമായി സ്റ്റേഷനിലെത്തിയ രക്ഷിതാക്കളെ മാനസികമായി പീഡിപ്പിക്കുകയുംചെയ്തു എന്നറിയുമ്പോള്‍, ജനാധിപത്യത്തില്‍ ജനങ്ങള്‍ കാണിക്കുന്ന ക്ഷമയും സഹിഷ്ണുതയും അമ്പരപ്പിക്കുന്നതാണെന്നേ പറയാനാകൂ. പ്രധാനമന്ത്രി പറയുന്നത്, ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷയില്ലായ്മ ഏറ്റവും ആശങ്കയുളവാക്കുന്ന പ്രശ്നമായിരിക്കുന്നുവെന്നാണ്. പിഞ്ചുകുഞ്ഞുങ്ങള്‍പോലും പിച്ചിച്ചീന്തപ്പെടുമ്പോള്‍ പ്രധാനമന്ത്രിക്ക് ആശങ്ക തുടങ്ങുന്നതേയുള്ളൂ.

ഭരണത്തിന്റെ തലപ്പത്തിരുന്ന് ആശങ്ക പങ്കുവയ്ക്കുന്നതിന് പകരം, രാജ്യത്തെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള ഒന്നുംചെയ്യാനോ ചെയ്യിക്കാനോ പ്രധാനമന്ത്രിക്ക് കഴിയില്ല എന്നുവരുന്നത് അത്തരമൊരു പ്രധാനമന്ത്രിയും സര്‍ക്കാരുമുള്ളതുകൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനം എന്ന ചോദ്യമാണുയര്‍ത്തുന്നത്. സ്ത്രീകളെ വസ്ത്രാക്ഷേപംചെയ്ത് തെരുവില്‍ നടത്തിക്കുക, ബലമായി പിടിച്ചുവച്ച് മലം തീറ്റിക്കുക തുടങ്ങിയ ശിക്ഷാവിധികള്‍ സ്വാതന്ത്ര്യത്തിന്റെ സപ്തതിയോടടുക്കുന്ന ഇന്ത്യയുടെ ഗ്രാമക്കാഴ്ചകളാണ്. ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഗ്രാമത്തിലെ ചില സ്ത്രീകളുടെ ദോഷം കാരണമാണെന്നാരോപിച്ച് അവരെ ജീവനോടെ ചുട്ടുകൊല്ലുന്ന ദുരാചാരങ്ങളുള്‍പ്പെടെ തുടരുന്നു. ഹരിയാന, യുപി, മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ രീതിയും എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്കായിമാത്രം കൗണ്‍സലിങ് ഏര്‍പ്പെടുത്തണമെന്നും അവര്‍ രാത്രി പുറത്തിറങ്ങാതിരിക്കണമെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും ഉദ്ബോധിപ്പിച്ച് സ്ത്രീവിരുദ്ധ-മനുഷ്യ വിരുദ്ധ ദുര്‍മുഖം ലജ്ജയില്ലാതെ പുറത്തെടുക്കുന്നവര്‍ക്കുപോലും മാന്യതയും സ്വീകാര്യതയും കിട്ടുന്ന അവസ്ഥയാണുള്ളത്്.

ഭരണാധികാരിവര്‍ഗവും അതിന്റെ സമീപനവുമാണ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് പറയാതെ വയ്യ. ബലാത്സംഗത്തിനിരയാകുന്നവര്‍ക്ക് എന്തെങ്കിലും സഹായംചെയ്തുകൊടുത്ത് തലയൂരേണ്ടവരല്ല ഭരണാധികാരികള്‍. സ്ത്രീകള്‍ ആക്രമിക്കപ്പെടില്ല എന്നുറപ്പാക്കാനുള്ള നിയമ-നീതി പാലന സംവിധാനങ്ങള്‍ ഒരുക്കണം. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പൊലീസ് സംവിധാനമുണ്ടാക്കണം. ലൈംഗിക അതിക്രമങ്ങളെയും അരാജകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന സാമൂഹികാവസ്ഥ തെറ്റായ നയങ്ങളുടെ സൃഷ്ടിയാണെന്ന് തിരിച്ചറിഞ്ഞ്, അത്തരം നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 23 ഏപ്രില്‍ 2013

No comments: