Thursday, April 25, 2013

നെല്ലും പതിരും വേര്‍തിരിച്ചു കാണുക

ജാതീയതയുടെയും സാമൂഹ്യ അനീതിയുടെയും അന്ധകാരത്തിലാണ്ട കേരളത്തിന് മാനവികതയുടെ വെളിച്ചം പകര്‍ന്ന സാമൂഹ്യ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ഗുരുവിന്റെ നാമവും അദ്ദേഹത്തിന്റെ നാമധേയത്തില്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങളും മഹദ് സ്ഥാപനങ്ങള്‍പോലും വര്‍ഗീയതയെ സംസ്ഥാനത്തേയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള ഉപകരണങ്ങളാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം തിരിച്ചറിഞ്ഞുമാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുക്കാനും നമുക്കാവു. അതിന് എന്‍ ഇ ബാലറാം പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിയ ഈ ലേഖനം സഹായകമാകുമെന്ന് ഞങ്ങള്‍ കരുതുന്നു. 

(പത്രാധിപര്‍, ജനയുഗം)

ഒന്നാം ഭാഗം : ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം

ഭാരതീയ പാരമ്പര്യത്തെ കണ്ണടച്ച് ആരാധിക്കുകയാണ് മറ്റു ചില ചിന്തകന്മാര്‍ ചെയ്തത്. അല്പാല്പമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചെങ്കിലും മാക്‌സ്മുള്ളര്‍, ഡോ. രാധാകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയവര്‍ കലവറയില്ലാതെ ഭാരതീയ പാരമ്പര്യത്തെ പിന്താങ്ങുകയാണുണ്ടായത്. പാശ്ചാത്യലോകത്തിന് ഉദാത്തമായ ആത്മീയവാദം (വേദാന്തം) സംഭാവന ചെയ്തത് ഇന്ത്യയുടെ മഹത്ത്വമായി അവര്‍ കണക്കാക്കുകയുണ്ടായി. വിവേകാനന്ദനാകട്ടെ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. പ്രായോഗിക വേദാന്തം എന്ന നിലയില്‍ കാലഹരണപ്പെട്ട ആശയങ്ങളെ തള്ളുകയും ആധുനിക രീതിയില്‍ വേദാന്തത്തെ വ്യാഖ്യാനിക്കുകയും ചെയ്യാന്‍ അദ്ദേഹം സുധീരമായി മുന്നോട്ടുവന്നു. വേദാന്തത്തിന്റെ ലക്ഷ്യം മനുഷ്യന്റെ പൂര്‍ണതയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാവപ്പെട്ടവരുടെ ഉദ്ധാരണം സാധ്യമല്ലെങ്കില്‍ ദര്‍ശനങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അക്കാരണത്താല്‍ തന്നെ ചാതുര്‍വര്‍ണ്യത്തെയും ജാതിവ്യത്യാസത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അവയെല്ലാം കാലഹരണപ്പെട്ട ചിന്തകളും സ്ഥാപനങ്ങളുമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബൈബിളിലെയും ഖുറാനിലെയും വേദങ്ങളിലെയും മാനവികതാശയങ്ങള്‍ കണ്ടെത്തി പുതിയ ഒരു തരം ദര്‍ശനം ആവിഷ്‌ക്കരിക്കാന്‍ കഴിയണം എന്നദ്ദേഹം ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ വിവേകാനന്ദന്‍ നല്ല ഒരു ശ്രമം നടത്തി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിവേകാനന്ദനു മുമ്പുതന്നെ രാജാറാം മോഹന്‍ റോയ്, കേശവചന്ദ്രസേനന്‍ തുടങ്ങിയവര്‍ ഈ നിലയ്ക്കാണ് ചിന്തിച്ചത്. അഗാധ പണ്ഡിതനും വിശാലഹൃദയനും ദാര്‍ശനികവിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുവിന്റെ സമീപനവും വിമര്‍ശനാത്മകമായിരുന്നു. സ്വാമിജിയുടെ ഈഴവ ശിവപ്രയോഗം ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന് ലഭിച്ച കനത്ത സാത്ത്വികപ്രഹരമാണ്. ജാതിമത ചിന്തകളാല്‍ സമൂഹമനസ്സ് കീറിമുറിക്കപ്പെട്ടു കിടന്ന അവസ്ഥയില്‍ മനുഷ്യന്‍ എന്ന മഹത്തായ ആശയം ഉയര്‍ത്തിക്കൊണ്ടുവന്ന ശ്രീനാരായണന്‍ പുതിയ ഒരു ദര്‍ശനമാണ് ഉന്നയിച്ചത്. ആ ദര്‍ശനത്തിലടങ്ങിയ നവീന മാനവികതയെക്കുറിച്ച് ഇനിയും എത്രയോ അധികം പഠിക്കാനുണ്ട്.

ഹിന്ദുത്വം ഒന്നേ ഒന്നു മാത്രമാണ് ഭാരതീയ പാരമ്പര്യം എന്ന വ്യാഖ്യാനമാണ് മൂന്നാമത്തെ തെറ്റിദ്ധാരണ. 11-ാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തില്‍ കൃത്യമായി പറഞ്ഞാല്‍ എ ഡി 1005 ല്‍ ഇന്ത്യയില്‍ വന്ന അല്‍ബറൂനി എന്ന പണ്ഡിതനാണ് ഹിന്ദു എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത്. അതായത് ഹിന്ദു എന്ന പദവും ഹൈന്ദവം എന്ന സംജ്ഞയും നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും അറബികളും പേര്‍ഷ്യക്കാരുമായിരുന്നു എന്നര്‍ഥം. ഹിന്ദുമതം എന്ന പദം പോലും അന്യനാട്ടുകാര്‍ നല്‍കിയതാണ്. ഭാരതീയര്‍ ധര്‍മ്മമെന്നുമാത്രമേ പറഞ്ഞിട്ടുള്ളു. ഒരിക്കലും അവര്‍ ഹിന്ദുധര്‍മ്മം എന്ന് 17-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ പറഞ്ഞിട്ടില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും രാമായണത്തിലും ഭാരതത്തിലും ഭഗവദ്ഗീതയിലും ഒന്നും ഹിന്ദുധര്‍മ്മം എന്ന പ്രയോഗം കാണില്ല. അവയിലെല്ലാം സാംഖ്യം, ന്യായം, വൈശേഷികം, ലോകായതം, ബ്രഹ്മവാദം, ഈശ്വരധര്‍മ്മം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് ഹൈന്ദവധര്‍മ്മം മാത്രമാണ് ഭാരതീയ പൈതൃകം എന്നു പറയുന്നത് ഒരിക്കലും സത്യമല്ല. ഏറിവന്നാല്‍ ബ്രാഹ്മണധര്‍മ്മവും യജ്ഞധര്‍മ്മവും മറ്റും (യാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ജ്ഞാനവും, തത്ത്വവും അടങ്ങിയ പ്രസ്ഥാനം) സാംഖ്യ - വൈശേഷിക ധര്‍മ്മങ്ങളോടൊപ്പം വളര്‍ന്നുവന്നുവെന്നു പറയാം.

ബ്രഹ്മം ഒഴികെ മറ്റെല്ലാം മായയാണെന്ന് ശങ്കരാചാര്യര്‍ ഒരു ഭാഗത്ത് ചിന്തിക്കുമ്പോള്‍, ബ്രഹ്മവാദവും ഇതര ആത്മീയവാദവും അര്‍ഥശൂന്യമാണെന്നു കുമാരിലന്‍ മറുഭാഗത്ത് ചിന്തിക്കുകയായിരുന്നു. ഇരുവരും സമകാലീനരോ അടുത്തടുത്തു ജീവിച്ചവരോ ആയിരുന്നു. ബ്രഹ്മം ഒന്നു മാത്രമേ ഉള്ളുവെന്നും മറ്റുള്ള പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം ആ വിദ്യയുടെ, മായയുടെ ഫലമാണെന്നുമാണ് അദൈ്വതവാദിയായ ശങ്കരന്‍ പറഞ്ഞത്. പക്ഷേ, അങ്ങനെ വാദിക്കുമ്പോള്‍ തന്നെ തുറിച്ചു നോക്കുന്ന പ്രപഞ്ചപ്രതിഭാസത്തെ എഴുതിത്തള്ളാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തന്മൂലം സത്യത്തെ അഥവാ സത്തയെ രണ്ടായി ഭാഗിച്ച് ആത്മീയതയെ അഥവാ ബ്രഹ്മത്തെ പാരമാര്‍ഥിക സത്യമായും ഇഹലോകപ്രതിഭാസങ്ങളെ വ്യാവഹാരിക സത്യമായും അദ്ദേഹം ചിത്രീകരിച്ചു. സ്വപ്‌നാവസ്ഥ പോലുള്ള സന്ദര്‍ഭങ്ങളെ പ്രാതിഭാസിക സത്യമായും പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ അദൈ്വതസിദ്ധാന്തം നേരിട്ട ഏറ്റവും വലിയ വൈരുദ്ധ്യം സത്തയ്ക്ക് രണ്ടവസ്ഥയോ മൂന്നവസ്ഥയോ ഉണ്ടെന്നു സമ്മതിക്കേണ്ടി വന്നതാണ്. പ്രപഞ്ച പ്രതിഭാസങ്ങളെ (പ്രകൃതി, മനുഷ്യന്‍, വര്‍ണാശ്രമ ധര്‍മം, ബ്രാഹ്മണമേധാവിത്വം, ശൂദ്രവിരോധം, ഉച്ചനീചത്വങ്ങള്‍, ദുരിതങ്ങള്‍, ചൂഷണങ്ങള്‍) വ്യാവഹാരിക സംജ്ഞയെന്നു വിളിക്കയും ആ തലത്തില്‍ മനുസ്മൃതിയുടെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യാന്‍ ശങ്കരന്‍ നിര്‍ബന്ധിതനായി.

കുമാരിലഭട്ടന്‍ ഇവയെ തുറന്നു കാണിച്ചു എന്ന കഥ ഇവിടെ സ്മരണീയമാണ്. വേദാന്തികളും, ഈശ്വരവാദികളും എല്ലാം മനുഷ്യമനസ്സില്‍ നിന്ന് സ്വതന്ത്രമായ ഒരു സത്ത അഥവാ പദാര്‍ഥം ഉണ്ടെന്ന് കാണുന്നവരല്ലെന്നും അവര്‍ ബാഹ്യാര്‍ഥശൂന്യവാദമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. മനസ്സില്‍ നിന്ന് വ്യതിരിക്തമായ സ്വതന്ത്രമായ പദാര്‍ഥം എന്ന ഒന്നുണ്ടെന്ന് അംഗീകരിക്കാത്ത വാദമാണ് ബാഹ്യാര്‍ഥശൂന്യവാദം. അതുപോലെതന്നെ സത്യത്തെ പലവിധമായി കാണുന്നതും അര്‍ഥശൂന്യമാണെന്ന് കുമാരിലന്‍ പറഞ്ഞു.''സാംഖ്യകാരിക''യില്‍ ഈശ്വര കൃഷ്ണനും ''ബാഹ്യാര്‍ഥസിദ്ധി''യില്‍ ശുഭഗുപ്തനും ''ശ്വോകവാര്‍ത്തിക''ത്തില്‍ കുമാരിലഭട്ടനും ഈശ്വരമതത്തെ കഠിനമായി വിമര്‍ശിച്ചുവന്ന ചരിത്രസത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതേ സന്ദര്‍ഭത്തില്‍തന്നെ ബവസൂന്ധുവും ശാന്തിദക്ഷിതനും ഗൗഡവാദനും ആത്മീയവാദത്തെ, അഥവാ വിജ്ഞാനവാദത്തെ, പ്രോത്സാഹിപ്പിച്ചിരുന്നു എന്ന വസ്തുതതയും ശ്രദ്ധേയമാണ്. പറഞ്ഞുവരുന്നതിന്റെ അര്‍ഥം ഒന്നു മാത്രമാണ്. ഭാരതീയപാരമ്പര്യം കേവലം ആത്മീയവാദാധിഷ്ഠിതമാണെന്ന് മാത്രം ചിത്രീകരിക്കുന്നത് നമ്മുടെ പൈതൃകത്തെ കാടത്തമായി വക്രീകരിക്കുകയാണ്. ഈ സമീപനം ഒരിക്കലും യുക്തിഭദ്രമല്ല.

അവതാരകഥകള്‍ പരീക്ഷിത്തിനെ വിസ്തരിച്ചു കേള്‍പ്പിച്ചശേഷം ശുകമഹര്‍ഷി മഹാഭാഗവതത്തില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

''കഥാ ഇമാസ്‌തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോവിഭൂതിര്‍ന്ന തു പാരമാര്‍ത്ഥ്യം''

ഇതിന്റെ സാരം ഇപ്രകാരമാണ്: അവതാരകഥകള്‍ പറഞ്ഞതെല്ലാം അങ്ങയുടെ അറിവ് വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ്. അവ സത്യമാണെന്ന് കരുതരുത്. ഇതിന് വ്യാഖ്യാനം വേണമെന്ന് തോന്നുന്നില്ല. ഉദാഹരണങ്ങള്‍ വഴി മനുഷ്യരുടെ ജ്ഞാനം വര്‍ധിപ്പിക്കാനാണ് പല പുരാണകഥാകൃത്തുക്കളും പരിശ്രമിച്ചത്. അവയെ അന്ധമായി വിശ്വസിക്കയും ആ അന്ധവിശ്വാസത്തെ ആധാരമാക്കി പ്രശ്‌നപരിഹാരത്തിന് മുതിരുകയും ചെയ്യുന്നത് പരമാബദ്ധമാണ്. വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ നിലയില്‍ പരിശോധിച്ചാല്‍ ഭാരതീയ പൈതൃകത്തില്‍ നെല്ലും പതിരും കാണാം. അവ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കയാണ് നല്ല മാര്‍ഗം.
(അവസാനിച്ചു)

*
എന്‍ ഇ ബാലറാം ജനയുഗം

No comments: