Wednesday, April 24, 2013

ഗുരുവിനെ മറന്ന് മോഡിക്ക് സ്തുതി

ഗുരുദേവപാദരേണുക്കളാല്‍ പരിശുദ്ധിയാര്‍ന്ന ശിവഗിരിക്ക് ഇന്ന് കറുത്തദിനമാണ്. നവോത്ഥാനനായകനായ ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളെയും ദര്‍ശനങ്ങളെയും ചവുട്ടിയരയ്ക്കുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയുടെ നേതാവും മനുഷ്യനെ കൂട്ടക്കൊലചെയ്യാന്‍ കാവിക്കൊടി വീശിക്കൊടുത്ത ഭരണാധിപനുമായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഇന്നത്തെ പോക്കുവെയിലില്‍ ശിവഗിരിയുടെ പവിത്രമണ്ണിനെ അശുദ്ധമാക്കുമ്പോള്‍ ശിവഗിരിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറും.

മോഡിയുടെ സന്ദര്‍ശനത്തെ ന്യായീകരിച്ച് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയും ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദും സ്വാമി പ്രകാശാനന്ദയും അവര്‍ക്കൊപ്പം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിവിധ ന്യായമുഖങ്ങള്‍ നിരത്തിയിട്ടുണ്ട്. ശിവഗിരിമഠം സ്ഥാപിച്ചതും തീര്‍ഥാടനം തുടങ്ങിയതും മഹത്തായ ലക്ഷ്യത്തോടെയാണ്. അതിന്റെ തുടര്‍ച്ചയാണ് ശ്രീനാരായണധര്‍മ മീമാംസാപരിഷത്ത്. ശിവഗിരിക്കുന്നിന്റെ താഴ്വരയില്‍ വിദ്യാദേവതയായി കരുതുന്ന ശാരദാദേവിയെ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു, പഠന ക്ലാസും പ്രഭാഷണങ്ങളും അവിടെ നടത്താന്‍ ഉപദേശിച്ചത് ഗുരുദര്‍ശനവും ഒരുജാതി ഒരുമതം ഒരുദൈവമെന്ന സന്ദേശവും ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അതിനെ പാടേ നിരാകരിക്കുകയാണ്, സവര്‍ണ ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് നയം മൃഗീയമായ രീതിയില്‍ ഒരു സംസ്ഥാനത്ത് നടപ്പാക്കിയതിന്റെ രക്തക്കറ പുരണ്ട മോഡിയെ ശിവഗിരിയില്‍ ആനയിച്ച് പ്രഭാഷണം നടത്തിക്കുന്നതിലൂടെ. ഇതില്‍പരം ഒരു ഗുരുനിന്ദ മറ്റൊന്നില്ല.

ശിവഗിരി തീര്‍ഥാടനമെന്ന ആശയവുമായി ഗുരുവിനെ കണ്ട ശിഷ്യന്മാരോട് അത് അംഗീകരിച്ച ഗുരു നിര്‍ദേശിച്ചത് ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ അത് നിര്‍വഹിക്കാനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നിവയാണ് നിര്‍ദേശിച്ചത്. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം പറയിക്കണമെന്നും ഉപദേശിച്ചു. ജനങ്ങള്‍ അച്ചടക്കത്തോടെ ഇരുന്ന് ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമെന്നും ഇതാണ് ശിവഗിരി തീര്‍ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും ഗുരു ചൂണ്ടിക്കാട്ടിയിരുന്നു. മോഡിയുടെ പ്രസംഗം കേട്ട് അത് നടപ്പില്‍വരുത്താന്‍ തുടങ്ങിയാല്‍ എന്തായിരിക്കും ഫലമെന്ന് ശിവഗിരിയിലെ മഠാധിപതികളും വെള്ളാപ്പള്ളിയും പറയണം. മോഡിയില്‍നിന്ന് പകര്‍ത്തേണ്ടത് എന്താണ്?

പല മതസാരവും ഏകമെന്ന ശ്രീനാരായണദര്‍ശനം നിരാകരിച്ച് അന്യമതസ്ഥരെ വംശഹത്യ ചെയ്യണമെന്നതാണ് മോഡിസം. 2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന പൈശാചികമായ വംശഹത്യയില്‍ 1200ലേറെ മനുഷ്യരെയാണ് കശാപ്പുചെയ്തത്. ഗര്‍ഭസ്ഥശിശുവിനെ വയര്‍പിളര്‍ന്ന് ശൂലത്തില്‍ കുത്തിയെടുത്ത പൈശാചികതയെ ഇപ്പോഴും തള്ളിപ്പറയാത്ത "ദയാലു"വാണ് മോഡി. ഈ നയം ഇപ്പോഴും ഉപേക്ഷിക്കാത്തതുകൊണ്ടാണ് മോഡിയുമായി വേദി പങ്കിടാന്‍ എന്‍ഡിഎ ഘടകകക്ഷി നേതാവായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പോലും വിസമ്മതിക്കുന്നത്. ഇക്കാരണത്താല്‍ മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തുന്നതിനോട് എതിര്‍പ്പുള്ളവര്‍ ബിജെപിയിലുമുണ്ട്. ഈ ഘട്ടത്തിലാണ് കൊടും കുറ്റവാളിയായ ഭരണക്കാരനെ സമര്‍ഥനായ രാജ്യസേവകനെന്ന പട്ടംചാര്‍ത്തി ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ശിവഗിരിമഠക്കാര്‍ വീഥിയൊരുക്കിയിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഗുരുവിന്റെ ചെറിയ ചിത്രം പിന്നിലും മോഡിയുടെ വലിപ്പമുള്ള ചിത്രം മുന്നിലുമാക്കി മോഡിക്ക് ശിവഗിരിയിലേക്ക് സ്വാഗതമോതുന്ന കാവിവര്‍ണ ചിത്രം കേരളമാകെ പതിച്ചിരിക്കുകയാണ് ബിജെപി. ഗുരു ഒരിക്കലും കാവി ധരിച്ച സന്യാസിയായിരുന്നില്ല. വെള്ള മുണ്ടുടുത്ത് തോളില്‍ വെള്ള മേല്‍മുണ്ടുമിട്ട് താന്‍ ശീലിച്ച ഗഡുവനുസരിച്ച് മുഖക്ഷൗരവും ചെയ്യുന്ന രൂപമായിരുന്നു അതീവ വാര്‍ധക്യകാലംവരെ. 1924ല്‍ സിലോണിലേക്ക് രണ്ടാംവട്ടം യാത്രചെയ്യുമ്പോള്‍ മാത്രമാണ് ശിഷ്യരുടെ നിര്‍ബന്ധത്തിന് വഴങ്ങി മഞ്ഞവസ്ത്രം ധരിച്ചത്. ശുഭ്രവസ്ത്രധാരിയായിരുന്ന ഗുരുവിനെ കാവി പുതപ്പിച്ച ബിജെപിയും സംഘപരിവാറും ശിവഗിരിമഠത്തെ ഹിന്ദുവര്‍ഗീയതയുടെ വിളഭൂമിയാക്കി മാറ്റാന്‍ ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ നോക്കുകയാണ്. ഇതിനെ എതിര്‍ത്ത സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, മോഡിയെ ശ്രീനാരായണ ആദര്‍ശം പഠിപ്പിക്കാന്‍ നോക്കേണ്ട എന്നതടക്കമുള്ള ഉപദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍. സിപിഐ എം സമ്മേളനത്തില്‍ ആരെ വിളിക്കരുതെന്ന് ശിവഗിരിമഠം നിശ്ചയിക്കുമെന്ന് പറയുമ്പോലെ അസംബന്ധമാണ് മോഡിയെ ശിവഗിരിയില്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശിച്ചതിലൂടെ പിണറായി ചെയ്തതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അഭിപ്രായം. ശിവഗിരിയുടെയും ശ്രീനാരായണ ആദര്‍ശങ്ങളുടെയും കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്നാണ് ബിജെപി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസിന്റെ ന്യായം. കേരളത്തില്‍ ശ്രീനാരായണസന്ദേശങ്ങളുടെ അന്തഃസത്ത കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചത് കമ്യൂണിസ്റ്റുകാരാണ്. കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക് മലയാളികള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന സാമൂഹ്യ നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവാണെന്ന് വിലയിരുത്തിയത് ഇ എം എസ് ആണ്. മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന ധീരമായ പ്രഖ്യാപനമാണ് ഗുരു നടത്തിയത്. അരുവിപ്പുറം പ്രതിഷ്ഠയിലും കണ്ണാടി പ്രതിഷ്ഠയിലുമെല്ലാം അത്തരം ഒരു അവകാശമുറപ്പിക്കലിന്റെ വിവിധ ഭാവങ്ങളാണ് പ്രതിഫലിക്കുന്നത്. ""നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം, അതിന് വിഘ്നമായുള്ളതെല്ലാമില്ലാതെയാകണം."" എന്ന ശ്രീനാരായണ ആദര്‍ശം പ്രാവര്‍ത്തികമാക്കാന്‍ യത്നിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ പിണറായി വിജയന്, അതുകൊണ്ടുതന്നെ ശ്രീനാരായണ ആദര്‍ശങ്ങളെ കുരുതികൊടുക്കുന്ന അരുതായ്മകള്‍ ശിവഗിരിയില്‍ സംഭവിക്കുമ്പോള്‍ പ്രതികരിക്കാനുള്ള കടമയും ചുമതലയുമുണ്ട്. ശിവഗിരി ഹിന്ദുമഠമാണെന്നും അതിനാല്‍ മോഡിക്ക് അവിടെ അഥിതിയായി എത്താന്‍ അവകാശമുണ്ടെന്നുമുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജുവിന്റെ അഭിപ്രായം കേള്‍ക്കാന്‍ ശ്രീനാരായണഗുരുവിന് ഇടംവന്നിരുന്നെങ്കില്‍, സ്വതേ കോപിഷ്ഠനാകാത്ത അദ്ദേഹം ചാട്ടവാര്‍ കൈയിലെടുക്കുമായിരുന്നു.

രാജ്യങ്ങള്‍ തമ്മില്‍ ശണ്ഠയുണ്ടായാല്‍ ഒന്ന് ഒന്നിനെ തോല്‍പ്പിച്ചാല്‍ കാര്യം അപ്പോള്‍ തീരുമെന്നും എന്നാല്‍, മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒന്നിന് മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഓര്‍മിപ്പിച്ച സന്യാസിശ്രേഷ്ഠനായിരുന്നു ഗുരു. മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാവരും പഠിക്കണമെന്നും അപ്പോള്‍ മതങ്ങളുടെ പ്രധാന തത്വങ്ങളില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുമെന്നും അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന "ഏകമതം" എന്നുമാണ് ഗുരു വ്യക്തമാക്കിയത്. ഈ ആദര്‍ശവും അന്യമതക്കാരെ കശാപ്പുചെയ്ത് ഇല്ലാതാക്കണമെന്ന മോഡിസവും എങ്ങനെ പൊരുത്തപ്പെടും. താന്‍ എങ്ങനെയാണ് കേരളീയരിലെ മനുഷ്യനെ കണ്ടതെന്ന് ശ്രീനാരായണഗുരു വിശദീകരിച്ചപ്പോള്‍, അവിരാമമായ സഞ്ചാരങ്ങള്‍ക്കിടയില്‍ ചിറയിന്‍കീഴിലെ മുസ്ലിം ഭവനങ്ങളില്‍ നിന്നും മുക്കുവരുടെയും മറ്റും വീടുകളില്‍ നിന്നും കിട്ടിയിരുന്ന കൊഞ്ചും മറ്റും ധാരാളം കഴിച്ചതിനെ പറ്റിയും പറഞ്ഞിട്ടുണ്ട്. അതിലൂടെ മുസ്ലിം ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോടുള്ള കലര്‍പ്പില്ലാത്ത സ്നേഹമാണ് പങ്കുവച്ചത്. അതിന്റെ പൊരുള്‍ തിരിയാത്തവരാണ്, ഗുരു സ്ഥാപിച്ച ശിവഗിരി മഠത്തെ സങ്കുചിത ഹിന്ദുവര്‍ഗീയ കേന്ദ്രമായി ചിത്രീകരിക്കാന്‍ നോക്കുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത ഗുരുനിന്ദയാണ്.

ശിവഗിരിയെ ഹിന്ദുമഠമാക്കാനുള്ള സംഘപരിവാര്‍ അജന്‍ഡ വിജയകരമായി നടപ്പാക്കാന്‍ 1995ല്‍ ആന്റണി ഭരണകാലത്ത് ശ്രമം നടന്നു. ഇന്ന് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അത് മറ്റൊരു രൂപത്തില്‍ നടപ്പാക്കാന്‍ നോക്കുകയാണ്. അതിന്റെ ഭാഗമാണ് മോഡിയുടെ ശിവഗിരി സന്ദര്‍ശനം. ഇതിനുമുമ്പായി ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി മന്ത്രി ഷിബു ബേബിജോണ്‍ അഹമ്മദാബാദിലെത്തി ആറന്മുള കണ്ണാടി സമ്മാനിച്ച് മോഡിയെ ആദരിച്ചത് ആകസ്മികമല്ല. 1995ല്‍ ശിവഗിരി ധര്‍മസംഘം ട്രസ്റ്റിലെ സന്യാസിമാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. അപ്പോള്‍ ശിവഗിരിയില്‍ കാവിക്കൊടി പാറിക്കാന്‍ തക്കംപാര്‍ത്തിരുന്ന ഹിന്ദുവര്‍ഗീയവാദികള്‍ അവസരം മുതലെടുത്ത് രംഗത്തുവന്ന് ഒരു പക്ഷത്ത് ചേര്‍ന്നു. അവരോടൊപ്പം എ കെ ആന്റണി സര്‍ക്കാരും കൂടി. അവര്‍ക്കുവേണ്ടി പൊലീസിനെ കയറൂരിവിട്ടു. അങ്ങനെ ശിവഗിരിക്കുന്നില്‍ മനുഷ്യരക്തം തളംകെട്ടി. സന്യാസിമാരുടെ തലപിളര്‍ന്ന ചോര ഗുരുദേവപ്രതിമയുടെ മുഖത്തും തെറിച്ചുവീണു. ഇതാണ് 1995 ഒക്ടോബര്‍ 11ന് ശിവഗിരിയില്‍ ഉണ്ടായത്.

ശിവഗിരിയെ ഹിന്ദുമഠമാക്കാനുള്ള നിഗൂഢമായ പരിശ്രമങ്ങളെ തുറന്നുകാട്ടി അന്നത്തെ കേരളകൗമുദി പത്രാധിപര്‍ എം എസ് മണി ലേഖനപരമ്പര പ്രസിദ്ധീകരിക്കുകയും ഡോ. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ളവരും മതനിരപേക്ഷ വിശ്വാസികളും പുരോഗമനപ്രസ്ഥാനങ്ങളും ശക്തമായ പ്രതികരണം നടത്തുകയും ചെയ്തു. അങ്ങനെ, ആന്റണി ഭരണകാലത്ത് പ്രബുദ്ധകേരളം ഉണര്‍ന്നതുകാരണം ശിവഗിരിയെ ഹിന്ദുമഠമാക്കുക എന്ന സംഘപരിവാറിന്റെ സ്വപ്നം അലസിപ്പോയി. എന്നാല്‍, ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അത് നടപ്പാക്കാനുള്ള ആദ്യചുവടുവയ്പ്പാണ് മോഡിയെ ശിവഗിരിയിലേക്ക് ആനയിക്കുന്നതിനുപിന്നില്‍.

*
ആര്‍ എസ് ബാബു ദേശാഭിമാനി 24 ഏപ്രില്‍ 2013

1 comment:

Unknown said...

http://www.sirajlive.com/2013/04/24/20729.html