Thursday, April 18, 2013

ആര്‍എംപി എന്ന ട്രോജന്‍കുതിര

ആദ്യ ഭാഗം - ഒഞ്ചിയത്ത് സംഭവിക്കുന്നത്

അറുപതോളം വെട്ടുകള്‍ വി പി വാസുവിന്റെ ശരീരത്തിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടുമുമ്പ് ഒഞ്ചിയം പ്രദേശത്ത് നടന്ന കുടികിടപ്പുസമരം അടിച്ചമര്‍ത്താന്‍ മുസ്ലിം ലീഗുകാരാണ് വാസുവിനെ വെട്ടിക്കൊന്നത്. ആ രക്തസാക്ഷി വാസുവിന്റെ സ്മാരകമായ സിപിഐ എം വൈക്കിലിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് വിഷുദിനത്തില്‍ ആര്‍എംപി സംഘം അടിച്ചുതകര്‍ത്തു. രക്തസാക്ഷിത്വത്തോട് "യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്കു"ള്ള ആദരവിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം എഴുപത്തൊന്‍പത് വീടുകളാണ് ആര്‍എംപിക്കാര്‍ ഈ മേഖലയില്‍ തകര്‍ത്തത്. എല്ലാം സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും. 12 സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു. അവയോടനുബന്ധിച്ച വായനശാലകളെയും ഗ്രന്ഥാലയങ്ങളെയും വെറുതെവിട്ടില്ല. കണക്കുകള്‍ പിന്നെയും നീളുന്നു- 22 കച്ചവട സ്ഥാപനങ്ങള്‍, 24 വാഹനങ്ങള്‍, നൂറോളം സ്തൂപങ്ങള്‍ ഇങ്ങനെ. നൂറോളം എന്ന കണക്ക് കൃത്യമല്ല- ഒരു സ്തൂപംതന്നെ പലവട്ടം ആക്രമിക്കപ്പെടുന്നു. നന്നാക്കിയ ഉടനെ രണ്ടാം തകര്‍ക്കല്‍. ഇതെല്ലാം നടന്നത് നാലു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊച്ചു പ്രദേശത്താണെന്നോര്‍ക്കണം. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ഇത്രയേറെ ആക്രമണം നടത്താന്‍ ആര്‍എംപിക്ക് കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യംതന്നെയാണ്.

ഇത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. സിപിഐ എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ പരക്കെ പ്രചരിപ്പിച്ചിരുന്നു. ""ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു"" എന്നാണ് അതിന് ആര്‍എംപിയും മാധ്യമങ്ങളും നല്‍കിയ വിശേഷണം. ""ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം"" എന്നും അവര്‍ വിശദീകരിച്ചു. ആ ബോംബാക്രമണം നടത്തിയത് ചന്ദ്രശേഖരന്റെതന്നെ നേതൃത്വത്തിലായിരുന്നു. അതിലുള്ള പ്രതിഷേധ യോഗത്തിലാണ് ഗോപാലകൃഷ്ണന്‍ വികാരപരമായി പ്രസംഗിച്ചത്. ആ പ്രസംഗം "വധഗൂഢാലോചനയായി" അതിശയോക്തിപരമായി അവതരിപ്പിക്കുമ്പോള്‍ വ്യക്തമാകുന്നത്, ആര്‍എംപിയുടെ ആക്രമണ രാഷ്ട്രീയം ഒഞ്ചിയംപ്രദേശത്തെ നേരത്തെതന്നെ അസ്വസ്ഥമാക്കിയിരുന്നു എന്നാണ്. ഒഞ്ചിയം ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി ടി കെ മോഹനനെ ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ചത് 2009 മേയിലാണ്. 2010 ല്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനുനേരെ ബോംബാക്രമണം നടത്തി. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍. അവയ്ക്ക് സ്വാഭാവികമായ ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളുമുണ്ടായി.

കമ്യൂണിസ്റ്റ് പൈതൃകവും ഇടതുപക്ഷത്തിന്റെ നൈര്‍മല്യവും ആദര്‍ശത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന ആര്‍എംപി ചെ ഗുവേരയെ പിടിച്ചാണ് ആണയിടാറുള്ളത്. "കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല" എന്നാണവരുടെ അഭിനവ ആസ്ഥാന മുദ്രാവാക്യം. ഒഞ്ചിയം എന്ന പേരുതന്നെ കമ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ പര്യായമാണ്. ആ പേരാണ്, പൊട്ടക്കിണര്‍ വിപ്ലവകാരികളുടെ വലിയ മൂലധനം. അവര്‍ ചെയ്യുന്നതോ? ഒഞ്ചിയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചരിത്രബോധമുള്ളവരുടെ മനസ്സില്‍ വരുന്ന ആദ്യപേര് മണ്ടോടി കണ്ണന്റേതാണ്. ഒഞ്ചിയത്തിന്റെ എക്കാലത്തെയും വിപ്ലവനായകന്‍. ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് ലോക്കപ്പ് മുറിയില്‍ ചോരയില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ചുവച്ച ധീരന്‍. ആ മണ്ടോടി കണ്ണന്റെ ഓര്‍ക്കാട്ടേരിയിലെ സ്മാരകം ആറുതവണയാണ് പരിശുദ്ധ ആര്‍എംപി സംഘം ആക്രമിച്ചത്. ഒഞ്ചിയം രക്തസാക്ഷി സ്മാരകവും കേളു ഏട്ടന്റെയും ഇ എം എസിന്റെയും പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയും പേരിലുള്ള മന്ദിരങ്ങളും സ്മാരകങ്ങളും തല്ലിത്തകര്‍ക്കാനും തീയിടാനും എറിഞ്ഞുപൊളിക്കാനും മടികാണിക്കാത്ത രാഷ്ട്രീയത്തെയാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് ആര്‍എംപി വിളിക്കുന്നത്. എളങ്ങോളിയിലെ കേളുവേട്ടന്‍ സ്മാരകം ആറുതവണയാണ് ആക്രമിച്ചത്. ജനലുകളും വാതിലുകളും തകര്‍ക്കുകമാത്രമല്ല, കരി ഓയില്‍ അഭിഷേകവും നടത്തി. മുയിപ്രയിലെ എ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു, കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. ഒഞ്ചിയത്തിന്റെ വികസനശില്‍പ്പി എന്നറിയപ്പെടുന്ന എം ആര്‍ നാരായണക്കുറുപ്പിന്റെ സ്മാരകം പലവട്ടം ആക്രമിച്ചു.

കോഴിക്കോടു ജില്ലയില്‍തന്നെയാണ് മാറാട്. അവിടെ കൂട്ടക്കൊലയ്ക്കു പിന്നാലെ ജനങ്ങളെ ആട്ടിയോടിച്ചു. കിടപ്പാടങ്ങള്‍ തകര്‍ത്തു. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടിവന്നു. ചന്ദ്രശേഖരന്‍ വധത്തിനുശേഷം സമാനസ്ഥിതിയാണ് ഒഞ്ചിയം മേഖലയില്‍ വന്നത്. കിടപ്പാടം നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും അനേകം. അവരുടെ മുറിവില്‍ ഉപ്പിടാനേ സര്‍ക്കാര്‍ എത്തിയുള്ളൂ. ഓര്‍ക്കാട്ടേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി കെ ബാലന്റെ വീട് പരിപൂര്‍ണമായാണ് നശിപ്പിച്ചു കളഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡുപോലും ചാമ്പലാക്കി. അന്ന്, സഹായഹസ്തവുമായി പാര്‍ടി എത്തിയില്ലെങ്കില്‍ തെരുവിലേക്കിറങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നാണ്, പുതുക്കിപ്പണിത വീടിന്റെ ഉമ്മറത്തിരുന്ന് ബാലന്‍ പറയുന്നത്.

ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരിയാണ് സി കെ കല്യാണി. ഇ എം എസ് ഭവന പദ്ധതിയനുസരിച്ചും പാര്‍ടിയുടെ സഹായത്തോടെയും അവര്‍ പണിത കൊച്ചുവീട് പാടേ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷത്തിന്റെ" കിങ്കരന്മാര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടായില്ല. ക്ലോസറ്റ് തകര്‍ക്കാന്‍ കഴിയാതായപ്പോള്‍ അതില്‍ കല്ല് കുത്തിക്കയറ്റി ഉപയോഗശൂന്യമാക്കിയാണ് സംഘം സ്ഥലംവിട്ടത്. ഇപ്പോള്‍ കല്യാണി അവശയാണ്. എങ്കിലും പുതുക്കിയ വീട്ടിലിരുന്ന്, ആക്രമണത്തിന്റെ ഭീകരതയോര്‍ത്ത് അവര്‍ കണ്ണീരണിയുന്നില്ല.

ഈ ആക്രമണങ്ങള്‍ ആര്‍എംപി ഒറ്റയ്ക്കാണ് നടത്തിയതെന്ന് കരുതിപ്പോയാല്‍ പരമാബദ്ധമാകും. ആര്‍എംപി ചെറിയൊരാള്‍ക്കൂട്ടംമാത്രം. അതിന് മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളുടെയാകെ പിന്തുണയുണ്ട്. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍നിന്നുള്ള സര്‍വവ്യാപിയായ സഹായമുണ്ട്. ആര്‍എംപി വളരേണ്ടത് യുഡിഎഫിന്റെ; വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് വിജയം നേടി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യമാണ്. ഇടതുപക്ഷ വോട്ടുകള്‍ ചിതറിച്ചുകളയാന്‍ ഒരു കോടാലിക്കൈ അവര്‍ക്കുവേണം. ലോക്സഭയിലേക്ക് ആര്‍എംപിക്കുവേണ്ടി മത്സരിച്ച് 21833 വോട്ടാണ് ചന്ദ്രശേഖരന്‍ നേടിയത്. വടകര മണ്ഡലത്തിലാകെയുള്ള ആര്‍എംപി സ്വാധീനം അത്രമാത്രമാണെന്നിരിക്കെ, ആ "പാര്‍ടി"യുടെ ദൗത്യം വളരെ വ്യക്തം- ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഒഞ്ചിയത്തെ പരുവപ്പെടുത്തുക എന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ സീറ്റുനിര്‍ണയചര്‍ച്ച രമേശ് ചെന്നിത്തലയുമായി നടത്തിയതും യുഡിഎഫ് വോട്ടുകള്‍ ആര്‍എംപിക്കായി മറിഞ്ഞതും ഏറാമലയില്‍ ജനതാദളിനോട് കലഹിച്ച് സിപിഐ എം വിട്ടവര്‍തന്നെ പിന്നീട് ജനതാദളുമായി ചേര്‍ന്ന് സിപിഐ എമ്മിനെതിരെ തിരിഞ്ഞതും തുടര്‍ചലനങ്ങള്‍.

തകര്‍ക്കപ്പെട്ട ഓഫീസുകളുടെയും സ്തൂപങ്ങളുടെയും എണ്ണത്തില്‍തന്നെ വായിച്ചെടുക്കാം മേഖലയിലെ സിപിഐ എമ്മിന്റെ ശക്തി. അത് തകര്‍ക്കാനുള്ള മോഹം വലതുപക്ഷത്തിന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നോളം കടന്നുകയറാന്‍ പറ്റാതിരുന്ന ചുവന്ന മണ്ണിലേക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊണ്ടിറക്കാനുള്ള ട്രോജന്‍ കുതിരയായി ആര്‍എംപി മാറുകയായിരുന്നു. വര്‍ഗീയവാദികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലുമ്പന്‍ ശക്തികള്‍ക്കും ഇന്ന് ആര്‍എംപിയുടെ കൊടി പിടിക്കാന്‍ കഴിയുന്നു. അവര്‍ സംഘടിതരായി സിപിഐ എമ്മിനുനേരെ തിരിയുമ്പോള്‍ അതിന് പൊലീസിന്റെ അകമ്പടിയുണ്ടാകുന്നു. സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആക്രമിച്ചാല്‍ കേസില്ല- അഥവാ ഉണ്ടെങ്കില്‍ ഏറ്റവും ദുര്‍ബലമായ വകുപ്പുകളാകും. അക്രമി സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തിലിറങ്ങും. ആര്‍എംപിക്കാരന്‍ അവരുടെതന്നെ സ്തൂപം തകര്‍ത്താല്‍, അവര്‍ ചുണ്ടിക്കാട്ടുന്ന സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പൊലീസ് പാഞ്ഞുചെല്ലും. അറസ്റ്റും ജാമ്യമില്ലാ വകുപ്പുകളും ജയിലിലടയ്ക്കലും പിന്നാലെ. ഒഞ്ചിയത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ ആര്‍എംപിയുടെ മൂശയില്‍ അടിച്ചുപരത്തപ്പെടുന്നതാണ്. വാഗ്ഭടാനന്ദന്റെയും മൊയാരത്ത് ശങ്കരന്റെയും കര്‍മഭൂമിയായിരുന്ന, മണ്ടോടി കണ്ണനടക്കമുളള ഒരുഡസന്‍ രക്തസാക്ഷികളുടെ ചോരവീണു ചുവന്ന ഒഞ്ചിയത്തെ ഇന്ന് എന്‍ വേണുവിന്റെയും കെ കെ രമയുടെയും നാടായി മാധ്യമങ്ങളില്‍ ചുരുക്കിക്കളഞ്ഞിരിക്കുന്നു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിമിത്തമാക്കി ആര്‍എംപിക്ക് ഉയിരും ഊര്‍ജവും നല്‍കാന്‍ പാഞ്ഞടുത്തവരുടെ നിര ശ്രദ്ധിച്ചാല്‍ ഒഞ്ചിയം എങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധ മാരകായുധ നിര്‍മാണത്തിന്റെ പരീക്ഷണശാലയായി എന്ന് മനസിലാക്കാം. ചന്ദ്രശേഖരനെ കൊന്നവരെ പിടിക്കുകയോ ശിക്ഷിക്കുകയോ ആയിരുന്നില്ല ആ പരീക്ഷകരുടെ ലക്ഷ്യം. ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നും വഴിയേ കേരളത്തില്‍നിന്നാകെയും ചെങ്കൊടി പറിച്ചെറിയുക എന്ന പടുകൂറ്റന്‍ അജന്‍ഡയാണവരെ നയിച്ചത്. അതിന്റെ ഭാഗമായി നടന്ന വെറുപ്പിന്റെ പ്രചാരണം സമൂഹത്തിന് ആഴത്തിലുള്ള മുറിവുകളാണേല്‍പ്പിച്ചത്.
(അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി

മൂന്നാം ഭാഗം - ക്രിമിനലുകളുടെ താവളം

No comments: