Wednesday, April 24, 2013

മോഡിക്കുവേണ്ടി പരവതാനി വിരിക്കുന്നവരോട്

വര്‍ക്കല ശിവഗിരി മഠം ചരിത്രത്തില്‍ സ്ഥാനം നേടിയത് ശ്രീനാരായണഗുരുവിന്റെ മഹനീയമായ ആശയാദര്‍ശങ്ങളുടെ പേരിലാണ്. ഇടയ്ക്ക് സന്തോഷപ്രദമല്ലാത്ത അധികാര വടംവലികള്‍ ശിവഗിരിയുടെ ഭാവഗരിമയ്ക്കുമേല്‍ നിഴല്‍ പരത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ മനസില്‍ അതിന്റെ തിളക്കം മങ്ങിപ്പോയിട്ടില്ല. കേരളത്തിന്റെ ജീവിത ചക്രവാളങ്ങളെ പ്രകാശമാനമാക്കിയ ഒരു മഹാമനുഷ്യന്റെ, വ്യത്യസ്തനായ സന്യാസി ശ്രേഷ്ഠന്റെ വീറുറ്റ വിപ്ലവകാരിയുടെ ചിന്താസ്ഫുലിംഗങ്ങളാണ് എന്നും ശിവഗിരിയെ ദീപ്തമാക്കിയത്. 101 വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു അവിടെ ശാരദാപ്രതിഷ്ഠ നടത്തിയത് വിജ്ഞാന സമ്പാദനത്തിന് വേണ്ടിയുള്ള സമൂഹത്തിന്റെ തീവ്രദാഹത്തെ മുന്‍നിര്‍ത്തിയാണ്. അര്‍ഥമറിയാതെയുള്ള മന്ത്രോച്ചാരങ്ങളുടെ നിസംഗവേദിയായിട്ടല്ല, അദ്ദേഹം ക്ഷേത്രങ്ങളെ കണ്ടത്. അറിവും വെളിച്ചവും തേടിയുള്ള മാനവരാശിയുടെ പ്രയാണത്തിന് ഊര്‍ജം പകരുന്ന ജ്ഞാന കേന്ദ്രമാകണം ശിവഗിരിയും ശാരദാ മഠവുമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ക്ഷേത്രനിര്‍മിതിയില്‍ പോലും അദ്ദേഹം അതു പാലിച്ചു. സത്യവും ധര്‍മവും നീതിയും തേടിയുള്ള അന്വേഷണമാണ് ദേവീപ്രാര്‍ഥന എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ അവിടെ കാറ്റും വെളിച്ചവും നിര്‍ബാധം കടന്നു വരണമെന്ന് ശ്രീനാരായണഗുരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ശിവഗിരി ശാരദാ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു രചിച്ച 'ജനനീ നവരത്‌ന മഞ്ജരി' ഈ സത്യങ്ങളെല്ലാം പ്രതിഫലിക്കുന്നതായിരുന്നു. വിശ്വാസ മൂഢതകള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തി മനുഷ്യ സമത്വത്തിന്റെ വേദാന്തമാണ് ശിവഗിരിയില്‍ നിന്നും മുഴങ്ങേണ്ടതെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. ശിവഗിരിയും അവിടേയ്ക്കുള്ള തീര്‍ഥാടനവും ശാരദാ മഠവും അവിടെ 51 കൊല്ലമായി നടക്കുന്ന ശ്രീ നാരായണ ധര്‍മമീമാംസ പരിഷത്തും കേരളം കാതോര്‍ക്കുന്ന മഹദ് സംരംഭങ്ങളായി മാറിയത് ഇക്കാരണങ്ങളാലാണ്.

ഇന്നിതാ, ശാരദാപ്രതിഷ്ഠയുടെ 101-ാം വാര്‍ഷികത്തില്‍, ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവേളയില്‍ ശിവഗിരി മഠം അതിന്റെ മഹദ് പാരമ്പര്യങ്ങളില്‍ നിന്നുള്ള തിരിഞ്ഞു നടത്തം ആരംഭിച്ചുവോ എന്ന്  ചോദിക്കേണ്ടി വന്നിരിക്കുന്നു. പരിഷത്ത് കനകജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ശിവഗിരി മഠത്തിന്റെ കൈകാര്യ കര്‍ത്താക്കള്‍ കണ്ടെത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആണ്.  ശ്രീനാരായണഗുരു തന്റെ ജീവിതം കൊണ്ടും ചിന്തകൊണ്ടും പ്രവൃത്തി കൊണ്ടും ഏതെല്ലാം ആശയവൈകൃതങ്ങളോടാണോ യുദ്ധം ചെയ്തത്, അവയുടെയെല്ലാം ആധുനിക കാലത്തെ പ്രണേതാവും പ്രയോക്താവുമായ നരേന്ദ്രമോഡിയെ അവര്‍ എങ്ങനെ തിരഞ്ഞുപിടിച്ചു എന്നത് ശിവഗിരിയെ അര്‍ഥമറിഞ്ഞു സ്‌നേഹിക്കുന്നവരെയെല്ലാം അത്ഭുതപ്പെടുത്തും.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ദര്‍ശനമാണ് ശ്രീ നാരായണഗുരുവിനെ ഇന്ത്യന്‍ ദര്‍ശന ലോകത്തിലെ വേറിട്ട നക്ഷത്രമാക്കുന്നത്. ശ്രീനാരായണ ദര്‍ശനങ്ങളുടെ കണ്ടെത്തലായ 'മതാതീത ആത്മീയത' യുടെ അടിത്തറയും അതു തന്നെ. ആ ദര്‍ശനങ്ങളുടെ വിപരീത ധ്രുവത്തിലാണ് ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും നരേന്ദ്രമോഡി നില്‍ക്കുന്നത്. മതവൈരത്തിന്റെ പേരില്‍ എണ്ണമറ്റ മനുഷ്യരെ അരുംകൊല ചെയ്ത സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ പടനായകനാണ് നരേന്ദ്രമോഡി. ഒരേ ഗര്‍ഭപാത്രവും ഒരേ യോനിയുമെന്ന ശ്രീനാരായണ സമത്വ ദര്‍ശനത്തിന്റെ ആധാരശിലയ്ക്കു നേരെ വിഷം തുപ്പിക്കൊണ്ടാണ് നരേന്ദ്രമോഡി അധികാരത്തിന്റെ ഹുങ്കോടെ ഗുജറാത്തില്‍ നിരപരാധികളെ വെട്ടിനുറുക്കാന്‍ നേതൃത്വം നല്‍കിയത്. 'രാഷ്ട്രത്തിന്റെ മതവും സംസ്‌കാരവും' എന്ന വിചാരധാരയെ മുറുകെപിടിച്ചുകൊണ്ട് ഹിറ്റ്‌ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാകുന്നതില്‍ മോഡി ആനന്ദം കൊണ്ടു. ന്യൂനപക്ഷ വേട്ടയുടെ ചോരപ്പാടുകള്‍ മറച്ചു വയ്ക്കാന്‍ കോര്‍പ്പറേറ്റ് വികസനത്തിന്റെ പുകമറയാണ് ഈ ഇന്ത്യന്‍ ഹിറ്റ്‌ലര്‍ എവിടെയും പരത്തുന്നത്. മനുഷ്യനെ മറന്ന് പണത്തെ ഉപാസിക്കുന്ന പുത്തന്‍ വികസന മന്ത്രവാദികള്‍ മോഡിയെ കെട്ടി എഴുന്നള്ളിക്കാന്‍ വേദികള്‍ തേടി അലയുകയാണ്. ഭാവി പ്രധാനമന്ത്രിയായി സ്വയം ചമയുന്ന മോഡി സംഘപരിവാറില്‍ തന്നെ അന്തഃച്ഛിദ്രങ്ങളുടെ പ്രഭവകേന്ദ്രമാണ്. മതനിരപേക്ഷ ഭാരതത്തിന്റെ മഹിത പാരമ്പര്യങ്ങളുടെയെല്ലാം ഒന്നാം നമ്പര്‍ ശത്രുവാണ് നരേന്ദ്രമോഡി എന്ന് എന്‍ ഡി എ സഖ്യകക്ഷികള്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാര്‍ ഇതൊന്നുമറിഞ്ഞില്ലേ? സപ്ത സാഗരങ്ങളിലെയും വെള്ളം കൊണ്ടു കഴുകിയാലും മാഞ്ഞുപോകാത്ത നരഹത്യയുടെ പാപക്കറയുമായി നില്‍ക്കുന്ന നരേന്ദ്രമോഡിക്ക് ശിവഗിരിയില്‍ ചുവപ്പു പരവതാനി വിരിയ്ക്കാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു? അറേബ്യന്‍ നാടുകളിലെ സുഗന്ധദ്രവ്യങ്ങള്‍ മുഴുവന്‍ കൊണ്ടുവന്ന് പൂശിയാലും മോഡിയെ ചൂഴ്ന്നു നില്‍ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിധ്വംസക ദുര്‍ഗന്ധം മാഞ്ഞു പോകില്ലെന്ന് അവര്‍ക്കറിയില്ലേ? അധികാര സിംഹാസനത്തില്‍ കണ്ണുനട്ട് കരുക്കള്‍ നീക്കുന്ന രാഷ്ട്രീയ കുറുക്കന്മാര്‍ക്ക് ശിവഗിരിയുടെ മണ്ണില്‍ കാല്‍ കുത്താന്‍ ഇടം കൊടുക്കുമ്പോള്‍ അവര്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ ശിരസാണ് 'ഹിന്ദുത്വ' വാദത്തിന് മുമ്പില്‍ കുനിച്ചു കൊടുക്കുന്നത്.ആ ദര്‍ശനം ഹിന്ദുത്വത്തിന്റെ ഇരുട്ടിന് മുമ്പില്‍ മുട്ടുകുത്താനുള്ളതല്ല. മതനിരപേക്ഷവും പരിവര്‍ത്തനോന്മുഖവുമായ ശ്രീനാരായണ ദര്‍ശനങ്ങളെ മോഡിക്കു പണയം വയ്ക്കാന്‍ ആര്‍ തന്നെ ശ്രമിച്ചാലും ചരിത്രം അവര്‍ക്ക് മാപ്പു നല്‍കില്ല.

*
ജനയുഗം മുഖപ്രസംഗം 24 ഏപ്രില്‍ 2013

No comments: