Friday, April 26, 2013

തൊഴിലുറപ്പു പദ്ധതിയിലെ അപാകതയും അഴിമതിയും

ഇടതുപക്ഷ പാര്‍ടികളും കര്‍ഷക തൊഴിലാളി യൂണിയന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളും നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഫലമായാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ 2005ല്‍ തൊഴിലുറപ്പുനിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. കരടുനിയമത്തില്‍ നിരവധി മാറ്റംവരുത്തി നിയമത്തിന് അവസാനരൂപം നല്‍കി. അതൊരു മെച്ചപ്പെട്ട സാമൂഹ്യക്ഷേമ പദ്ധതിയായി മാറിയത്, ഇടതുപക്ഷ പാര്‍ടികള്‍ നല്‍കിയ ഭേദഗതികളുടെ ഫലമായാണ്. ആദ്യം 200 ജില്ലയിലാണ് പദ്ധതി നടപ്പാക്കിയത്. പിന്നീടത് എല്ലാ ജില്ലയ്ക്കും ബാധകമാക്കി. ഗ്രാമീണമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലുറപ്പുനിയമത്തിന്റെ പ്രധാന ലക്ഷ്യമാണ്. പാര്‍ലമെന്റ് അംഗീകരിച്ച നിയമമാണെങ്കിലും ഇത് നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പ്രധാനപ്പെട്ട ചുമതലയുണ്ട്. ഗ്രാമീണമേഖലയില്‍ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്. ഏറ്റെടുക്കാവുന്ന ജോലികളെ സംബന്ധിച്ച് നിയമത്തില്‍ ഉള്‍പ്പെടുത്തിയ നിബന്ധനകളില്‍ മാറ്റങ്ങള്‍ പിന്നീടു വരുത്തിയിട്ടുണ്ട്. പദ്ധതികള്‍ ആവിഷ്കരിക്കലും അതിന്റെ നിര്‍വഹണവും തുടര്‍പരിശോധനയും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

2007 മുതല്‍ 12 വരെയുള്ള സിഎജി റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ തൊഴില്‍ ദിനങ്ങളുടെ നഷ്ടത്തിലേക്കും സാമ്പത്തിക ക്രമക്കേടുകളിലേക്കും ചെന്നെത്തിയിട്ടുണ്ടെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യത്തെ റിപ്പോര്‍ട്ട് 2007-2008ലായിരുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും 182 ജില്ലയും 458 ബ്ലോക്കും 3848 ഗ്രാമപഞ്ചായത്തുമാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. 2009-2010നെ അപേക്ഷിച്ച് 2011-2012ല്‍ തൊഴില്‍ ദിനങ്ങള്‍ 54ല്‍ നിന്ന് 43 ദിവസമായി കുറഞ്ഞു. പൂര്‍ത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെ കാര്യത്തിലും കുറവുവന്നു. ഇന്ത്യയിലെ ഗ്രാമീണജനതയുടെ 46 ശതമാനവും നിവസിക്കുന്ന ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നീക്കിവച്ച ഫണ്ടിന്റെ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യവും മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയുടെ പ്രവര്‍ത്തനത്തിലെ വൈകല്യവുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിയമത്തിലെ 16(3) വകുപ്പനുസരിച്ച് ഗ്രാമസഭകള്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ വികസനപദ്ധതികള്‍ക്ക് രൂപംനല്‍കേണ്ടത്. 11 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 1201 ഗ്രാമപ്രഞ്ചാത്തുകളിലെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ വാര്‍ഷികപദ്ധതികള്‍ തയ്യാറാക്കാതിരിക്കുകയോ, അപൂര്‍ണമായി തയ്യാറാക്കുകയോ ചെയ്ത അനുഭവമാണ്. 14 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ 129.22 ലക്ഷം പ്രവൃത്തികള്‍ക്കായി 1,26,961.11 കോടിരൂപയാണ് വാര്‍ഷികപദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍, ഇതില്‍ 38.65 ലക്ഷം പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. അതായത് 27,792.13 കോടി രൂപയുടെ പ്രവര്‍ത്തനം മാത്രം. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ഇല്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നത്. നിയമം പാസായിട്ട് 7 വര്‍ഷം കഴിഞ്ഞിട്ടും ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ 2012 വരെയും തയ്യാറാക്കിയിട്ടില്ല. 12 സംസ്ഥാനവും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും വിവരശേഖരണം, വിദ്യാഭ്യാസം, വാര്‍ത്താവിതരണസൗകര്യം ഉള്‍പ്പെടെയുളള വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ല.

അരുണാചല്‍ പ്രദേശ്, കേരളം, മണിപ്പുര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കേണ്ട ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 9 സംസ്ഥാനത്ത് 20 മുതല്‍ 93 ശതമാനം വരെയുളള ഒഴിവുകള്‍ നികത്തിയിട്ടില്ല. 1960.45 കോടിരൂപ 2011 മാര്‍ച്ചില്‍ നിബന്ധനകളില്‍ ഇളവുവരുത്തി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 2008 മുതല്‍ 2012 വരെ ബജറ്റില്‍ ചൂണ്ടിക്കാണിച്ച സാമ്പത്തിക ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 472.99 കോടി രൂപ അനുവദിച്ചതിനെയും 6 സംസ്ഥാനത്തിനായി 2374.86 കോടിരൂപ കൂടുതല്‍ കൊടുത്തതിനെയും സിഎജി വിമര്‍ശിച്ചു. ആറ് സംസ്ഥാനത്ത് 12,455 കുടുംബത്തിന് തൊഴില്‍ കാര്‍ഡ് നല്‍കിയിട്ടില്ല. ഏഴു സംസ്ഥാനത്തില്‍ 4.33 ലക്ഷം തൊഴില്‍ കാര്‍ഡുകളില്‍ ഫോട്ടോ പതിച്ചിട്ടില്ല. 18,325 തൊഴില്‍ കാര്‍ഡുകളില്‍ ഇരട്ടിപ്പുള്ളതായി കണ്ടെത്തി. 12,008 കേസില്‍ തൊഴില്‍ കാര്‍ഡുകള്‍ 51 മാസം കഴിഞ്ഞശേഷമാണ് നല്‍കിയത്. 8 സംസ്ഥാനത്ത് 128.23 കോടിരൂപയുടെ ഫണ്ട് കൈകാര്യം ചെയ്തതില്‍ സംശയങ്ങളുയര്‍ന്നു. അതിന് ആവശ്യമായ വൗച്ചറോ രേഖകളോ നല്‍കിയിട്ടില്ല. നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് അനുശാസിക്കുന്നത് 40 ശതമാനത്തിലധികം വേതനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെന്നാണ്. 12 സംസ്ഥാനത്തിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇത് 40 ശതമാനത്തിലധികം വന്നു. 25 സംസ്ഥാനത്തിലെയും യൂണിയന്‍ പ്രദേശങ്ങളിലേയും പരിശോധനയില്‍ 2252.43 കോടിരൂപയുടെ 10,02,100 അംഗീകരിക്കാന്‍ കഴിയാത്ത ജോലികള്‍ ഏറ്റെടുത്തെന്ന് തെളിഞ്ഞു. നിയമത്തിലെ നിബന്ധനകളിലുള്‍പ്പെടാത്ത റോഡുണ്ടാക്കല്‍, കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കല്‍, പശുക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഉയര്‍ന്ന പ്ലാറ്റ്ഫോം നിര്‍മിക്കല്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമയം കഴിഞ്ഞിട്ടും 4070.76 കോടിരൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പത്തു സംസ്ഥാനത്തിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും നിയമത്തില്‍ ചൂണ്ടിക്കാണിച്ച സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം നടപ്പാക്കിയിട്ടില്ല. കേന്ദ്രീകൃത പരിശോധനയും താഴോട്ടുള്ള പരിശോധനയും തുടര്‍നടപടികളും നിയമം പാസായിട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പേരിനുള്ള ഫീല്‍ഡ് വിസിറ്റ് മാത്രമാണ് നടക്കുന്നത്. 11 സംസ്ഥാനത്തില്‍ 82 മുതല്‍ 100 ശതമാനം വരെയാണ് പോരായ്മകള്‍. ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ 18 മുതല്‍ 54 ശതമാനം വരെയുള്ള വീഴ്ചകള്‍ ഗ്രാമപഞ്ചായത്തുകളില്‍ കാണാം. കൃത്യമായി രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ പരിശോധന നടത്തുന്നതില്‍ പരിമിതികള്‍ വന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റൊരു ഗുരുതരമായ പാളിച്ച കംപ്യൂട്ടറില്‍ ലഭിക്കുന്ന വസ്തുതകളും റെക്കോഡില്‍ എഴുതി തയ്യാറാക്കിയ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിന്റെയും ജീവിതസുരക്ഷിതത്വത്തിന് വര്‍ഷത്തില്‍ 100 ദിവസം ജോലി കൊടുക്കുക എന്നുള്ളത് തൊഴിലുറപ്പുപദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇത് പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കുന്നതില്‍ വന്ന പാളിച്ചകളും പോരായ്മകളുമാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പുപദ്ധതി ഇന്ത്യയിലാകെ നടപ്പാക്കുന്നു. ഇതിന്റെ നിര്‍വഹണം പൂര്‍ണമായും ത്രിതല പഞ്ചായത്തുകളിലൂടെയാണ്. ഇത് ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

നയപരമായ തീരുമാനങ്ങളും സാങ്കേതികവും പ്രായോഗികവുമായ പ്രശ്നങ്ങളും ഇതില്‍ വരുന്നുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ വ്യത്യസ്തങ്ങളാണ്. വികസനരംഗത്തെ ആവശ്യങ്ങളും വിവിധങ്ങള്‍ തന്നെ. നൂറുശതമാനം സുതാര്യതയോടെ സംസ്ഥാനത്തെ അത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയണം, അത് പൂര്‍ണമായും ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമാകണം. കേരളത്തിലെ കാര്‍ഷികമേഖലയിലെ ജോലി പൂര്‍ണമായും ഈ പദ്ധതിയുടെ ഭാഗമായി വന്നിട്ടില്ല. മെച്ചപ്പെട്ട രീതിയിലുള്ള അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്തുകളുടെ സുതാര്യമായ പ്രവര്‍ത്തനവുമാണ് ഈ നിയമം പ്രായോഗികരംഗത്ത് വിജയിക്കാന്‍ അനിവാര്യമായ ഘടകങ്ങള്‍. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്കും താഴോട്ട് പഞ്ചായത്തുതലംവരെയുള്ള സമിതികള്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ജനപങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. പ്രവൃത്തികള്‍ കണ്ടെത്തുന്നതും രൂപംനല്‍കുന്നതും ഗ്രാമസഭകളും പഞ്ചായത്തുകളുമാണ്. ബ്ലോക്കുകള്‍ നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുകയും ജില്ലാ പഞ്ചായത്തുകള്‍ പൊതുവായ നേതൃത്വം ഏറ്റടുക്കുകയും ചെയ്യുമ്പോള്‍ ഇതിനാകെ ശക്തിയും കരുത്തും പകരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉയരാന്‍ കഴിയണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വലിയരീതിയിലുള്ള ജനപങ്കാളിത്തം പ്രകടമായിരുന്നു. മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനം പഞ്ചായത്തുകളില്‍ അന്ന് ആരംഭിച്ചു. പഞ്ചായത്ത് ബ്ലോക്കുതലത്തില്‍ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാനുള്ള ടെക്നിക്കല്‍ കമ്മിറ്റികള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. അതോടെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം വിനിയോഗിക്കാനുള്ള വേദിയായി ഇതു മാറി. ഇത് അഴിമതിയിലേക്ക് ചെന്നെത്തി. സുതാര്യമായ സോഷ്യല്‍ ഓഡിറ്റിങ് വേണ്ടെന്നുവച്ചതോടെ കുറ്റം കണ്ടെത്താനോ നടപടിയെടുക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് ഭരണസമിതികള്‍ എത്തുകയാണ്. ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന പഞ്ചായത്തുകള്‍ക്ക് ഇത്തരം മെച്ചപ്പെട്ട പദ്ധതികള്‍നടപ്പാക്കുന്നതില്‍ കാര്യക്ഷമത ഇല്ലാതെ വരുന്നു. എല്ലാത്തിനുമുപരി സംസ്ഥാന സര്‍ക്കാരിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ട സുതാര്യതയെയും കാര്യക്ഷമതയെയും പിന്നോട്ടടിപ്പിക്കുന്നു. ഭരണത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഒരേ വകുപ്പില്‍ തന്നെ നിരവധി മന്ത്രിമാര്‍ അധികാരം കൈയാളുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയവയൊക്കെ പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ ഭാഗവും അധികാരവികേന്ദ്രീകരണം നടപ്പാക്കേണ്ട കേന്ദ്രങ്ങളുമാണ്. നമ്മുടെ സംസ്ഥാനങ്ങളിലാകട്ടെ ഒരു വകുപ്പില്‍ തന്നെ മൂന്നും നാലും മന്ത്രിമാര്‍ വന്നതോടെ ഏറ്റവുമധികം ക്ഷീണിച്ചിട്ടുള്ളത് പഞ്ചായത്ത് ഭരണസംവിധാനമാണ്. ഇവിടെ പഞ്ചായത്തിനും ബ്ലോക്കിനും ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ വരുമ്പോള്‍ ഒന്നിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു പോകേണ്ട ഭരണസംവിധാനം എങ്ങനെ മെച്ചപ്പെടും.

അതുകൊണ്ടുതന്നെ സാങ്കേതികവും പ്രായോഗികവുമായ നടപടികള്‍ മാത്രമല്ല, യുഡിഎഫ് എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളും കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിയിലെ കാര്യക്ഷമതയ്ക്ക് ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ 353 കോടി പ്രവൃത്തിദിനങ്ങള്‍ നഷ്ടമായത്. ഇത് ഗ്രാമീണമേഖലയിലെ പാവപ്പെട്ട ആളുകള്‍ക്ക് ലഭിക്കേണ്ട ജോലി നഷ്ടമാണ്, അതുവഴി അവര്‍ക്ക് ലഭിക്കേണ്ട വരുമാനമാണ് നഷ്ടപ്പെടുത്തിയത്. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഡിപിസിയുടെ അധികാരം എടുത്തുകളഞ്ഞതോടെ പരിശോധനയോ വിലയിരുത്തലോ ഇല്ലാതായി. ദേശീയരംഗത്ത് പഞ്ചായത്തിരാജ് സംവിധാനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കേരളം തുടര്‍ച്ചയായി മൂന്നുതവണ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഈ നയവൈകല്യത്തിന്റെ ഭാഗം തന്നെയാണ്.

*
പി കരുണാകരന്‍ ദേശാഭിമാനി 26 ഏപ്രില്‍ 2013

No comments: