Tuesday, April 16, 2013

മുഖം നഷ്ടപ്പെട്ട മുന്നണി

യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനുമാണ് പ്രധാനമായും 13-ാം നിയമസഭയുടെ എട്ടാം സമ്മേളനം ചേര്‍ന്നത്. ഓര്‍ഡിനന്‍സിനു പകരമുള്ള ജനവിരുദ്ധമായ ചില ബില്ലുകള്‍ പാസാക്കിയെടുക്കലും അജന്‍ഡയിലുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെയും യുഡിഎഫിന്റെയും പല അജന്‍ഡകളും പിഴയ്ക്കുന്നതിനും ഒരു മന്ത്രിയുടെ രാജിക്കും ഈ സമ്മേളനം സാക്ഷിയായി. ജനദ്രോഹബജറ്റിനെ തുറന്നുകാട്ടിയും ജനവിരുദ്ധ നിയമനിര്‍മാണങ്ങളെ നഖശിഖാന്തം എതിര്‍ത്തും പീഡിപ്പിക്കപ്പെട്ട ഇരകളുടെ വിലാപങ്ങളെ, അത് മന്ത്രിപത്നിയുടേതായാല്‍പ്പോലും സഭയെ കേള്‍പ്പിച്ചും പ്രതിപക്ഷം അതിന്റെ കടമ നിര്‍വഹിച്ചു. മുഖം നഷ്ടപ്പെട്ട ഒരു മുന്നണിയെയും പൊയ്മുഖം അഴിഞ്ഞുവീണ മുഖ്യനെയുമാണ് സഭയില്‍ കണ്ടത്.
പ്രതിപക്ഷത്തെ ഒന്നടങ്കം ആക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെയുള്ള പ്രതിഷേധത്തോടെയായിരുന്നു സമ്മേളനത്തിന്റെ ആദ്യദിനം തുടങ്ങിയത്. ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി കെ എം മാണി എഴുന്നേറ്റപ്പോള്‍തന്നെ ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷവും എഴുന്നേറ്റു. പ്രതിഷേധം ശക്തമായതോടെ, സഭ സമ്മേളിക്കുന്നതിനു മുമ്പായി ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പി സി ജോര്‍ജ് ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞെന്നായി സ്പീക്കര്‍. ജോര്‍ജ് മാപ്പെഴുതി പോക്കറ്റിലിട്ടു നടക്കുകയാണെന്നും ഇത് സ്ഥിരം പരിപാടിയാണെന്നും നിയമസഭാ ചട്ടപ്രകാരം സ്പീക്കര്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യാമെന്ന സ്പീക്കറുടെ ഉറപ്പിന്മേല്‍ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. വിഷയം സഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതായി അടുത്ത ദിവസം സ്പീക്കര്‍ റൂളിങ് നല്‍കി. എന്നാല്‍, ജോര്‍ജിനെ ചെരിപ്പൂരി ഓങ്ങി എന്നാരോപിച്ച് ജോസഫ് വാഴക്കന്‍ നല്‍കിയ പരാതിയില്‍ വി എസ് സുനില്‍കുമാറിനെ സ്പീക്കര്‍ താക്കീത് ചെയ്തത് സഭയില്‍ വീണ്ടും പ്രതിഷേധം വിളിച്ചുവരുത്തി. ഈ വിഷയത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ടു നീതിയാണ് സ്പീക്കര്‍ നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സ്പീക്കറുടെ റൂളിങ് അംഗീകരിക്കുന്നതായും എന്നാല്‍, കേരളം ആദരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ അപമാനിച്ചാല്‍ ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ തനിക്ക് പ്രതിഷേധിക്കാതിരിക്കാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ സ്പീക്കറെ അറിയിച്ചു. വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സമയപരിധി നിശ്ചയിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയെങ്കിലും സമ്മേളനം പിരിയുംവരെയും റിപ്പോര്‍ട്ട് സഭയില്‍ വന്നില്ല.

കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂര്‍ത്തമായ നിര്‍ദേശങ്ങളില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ധനകമ്മി കുറച്ചുകാട്ടി നടത്തിയ അഭ്യാസങ്ങളും ജനപ്രിയമെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനങ്ങളും അല്ലാതെ കേരളത്തെ മുന്നോട്ടുനയിക്കാനുള്ള കാഴ്ചപ്പാടോടെയുള്ള ബജറ്റായിരുന്നില്ല അത്. ബജറ്റിനെതിരായ പ്രതിഷേധം പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, ഭരണപക്ഷത്തെ മന്ത്രിയില്‍നിന്നുപോലും ഉണ്ടായി. കേരളാ കോണ്‍ഗ്രസിനും ലീഗിനും വേണ്ടിയുള്ള ബജറ്റെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിച്ചപ്പോള്‍, ബജറ്റിനുശേഷം മണ്ഡലത്തില്‍പോയി ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കാസര്‍കോട്ടുനിന്നുള്ള ലീഗ് എംഎല്‍എയുടെ പരാതി. വിലക്കയറ്റം സൃഷ്ടിക്കുന്നതും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നതും കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖലകളെ തകര്‍ക്കുന്നതും കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതുമാണ് ബജറ്റ് എന്ന് പ്രതിപക്ഷം ചര്‍ച്ചയില്‍ തുറന്നുകാട്ടി. പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും, പ്രസംഗത്തില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ കമീഷന്‍ നിര്‍ദേശിച്ച വിഹിതംപോലും അനുവദിച്ചില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചും എംഎല്‍എയെ നോക്കി ഫണ്ടും താലൂക്കും അനുവദിച്ചും ബജറ്റിനെ രാഷ്ട്രീയ കരുവാക്കുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. കോടികളുടെ അധികനികുതിഭാരമാണ് ബജറ്റിലൂടെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ഭരണപക്ഷത്തിനുമാത്രം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ഈ സര്‍ക്കാരിനെതിരെ മൂന്ന് അഴിമതി ആരോപണങ്ങള്‍ ചട്ടം 285 പ്രകാരം സ്പീക്കര്‍ക്ക് എഴുതിനല്‍കി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ബിവറേജസ് കോര്‍പറേഷന് മദ്യം വിതരണംചെയ്യുന്ന കമ്പനികള്‍ക്ക് വില കൂട്ടിനല്‍കാന്‍ ഗൂഢാലോചന നടന്നെന്നും എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഇതില്‍ പങ്കാളിയാണെന്നും 100 കോടി രൂപയുടെ അഴിമതി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് മുഖേന നടന്നിട്ടുണ്ടെന്നും ബാബു എം പാലിശേരി പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയത്തിന് വിരുദ്ധമായി 54 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ 13.50 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. കൂടാതെ പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കി മദ്യക്കുപ്പികളില്‍ ഹോളോഗ്രാം പതിക്കുന്നതിനുള്ള ചുമതല കര്‍ണാടകത്തിലെ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതിലൂടെ 40 കോടിയുടെ അഴിമതി നടന്നെന്നും ബാബു എം പാലിശ്ശേരി ആരോപിച്ചു. അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ എക്സൈസ് മന്ത്രി ബാബു എല്ലാം നിഷേധിച്ചപ്പോള്‍, നിരപരാധിത്വം തെളിയിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മന്ത്രി അനൂപ് ജേക്കബ്ബിനെതിരെയായിരുന്നു രണ്ടാമത്തെ അഴിമതി ആരോപണം. റേഷന്‍ കച്ചവടക്കാരില്‍നിന്ന് പ്രതിമാസം 2.85 കോടി രൂപ ഉദ്യോഗസ്ഥര്‍ മുഖേന മന്ത്രി പിരിച്ചെടുത്തതായി ടി വി രാജേഷ് ആരോപിച്ചു. വകുപ്പില്‍ നടക്കുന്ന കള്ളക്കളികള്‍ രാജേഷ് തെളിവുകള്‍ സഹിതം വിവരിച്ചു. മന്ത്രി പതിവുപോലെ ആരോപണങ്ങള്‍ നിഷേധിച്ചു. അന്വേഷണം നേരിടാന്‍ തയ്യാറല്ലെന്നും പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച എസ്എസ്എയുടെ 453 കോടി രൂപയുടെ പദ്ധതി നിര്‍വഹണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആര്‍ രാജേഷ് ഉന്നയിച്ച മൂന്നാമത്തെ ആരോപണം. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പായല്‍വാരല്‍ പദ്ധതിയില്‍ നടന്ന 15.50 കോടി രൂപയുടെ അഴിമതി രാജു എബ്രഹാം സഭയില്‍ ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് രക്ഷപ്പെടാനാണ് മന്ത്രി ബാബു ശ്രമിച്ചത്.

കാലികവും ജനകീയവുമായ 11 അടിയന്തരപ്രമേയം പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നു. ഒരു പ്രമേയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. ഗണേശ് വിഷയം മൂന്നുദിവസം അടിയന്തര പ്രമേയമായി എത്തി. വ്യക്തിപരമായി ഗണേശ്കുമാറിനെ ആക്ഷേപിക്കാനോ, കുടുംബപ്രശ്നം സഭയിലേക്ക് വലിച്ചിഴയ്ക്കാനോ അല്ല പ്രതിപക്ഷം ശ്രമിച്ചത്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി, അത് ഒരു സ്ത്രീക്ക് നിഷേധിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ഇവിടെ സഹപ്രവര്‍ത്തകനായ മന്ത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇരയായ സ്ത്രീക്ക് നീതി നിഷേധിക്കുകയായിരുന്നു. ഒരു ക്രിമിനല്‍ക്കുറ്റം നടന്നതായി ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എ പ്രദീപ്കുമാറും വി എസ് സുനില്‍കുമാറുമാണ് ഈ വിഷയത്തില്‍ മറ്റു രണ്ട് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സൂര്യാഘാതവും സംബന്ധിച്ച് എം ചന്ദ്രന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുത്തത്.

പതിനൊന്നു ബില്ലാണ് ഈ സമ്മേളനം മുമ്പാകെ വന്നത്. 10 ബില്ല് സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. കുടിവെള്ളസംഭരണം, വിതരണം, താരിഫ് നിശ്ചയിക്കല്‍ ഇവ സ്വകാര്യവല്‍ക്കരിക്കാനുള്ളതാണ് ഈ ബില്‍. കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ആക്ട് 1986, വകുപ്പ് 15 പ്രകാരം കുടിവെള്ളത്തിന് താരിഫ് നിശ്ചയിക്കാനുള്ള അധികാരം വാട്ടര്‍ അതോറിറ്റിക്കാണ്. പുതിയ ബില്ലിന്റെ 13-ാം വകുപ്പ് ഇതേ അധികാരം പുതിയ അതോറിറ്റിക്ക് നല്‍കാന്‍ വ്യവസ്ഥചെയ്യുന്നു. ഒരേ അധികാരത്തോടെ രണ്ട് സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ബില്ല് അവതരിപ്പിച്ചപ്പോള്‍തന്നെ ഈ ലേഖകന്‍ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാല്‍, മറുപടി പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യവല്‍ക്കരണത്തെ ശക്തമായി ന്യായീകരിച്ചു. കുപ്പിയിലടച്ച കുടിവെള്ളം വിതരണംചെയ്യുന്നതിനാണ് കമ്പനി രൂപീകരിച്ചതെന്ന് വാദിച്ചു. എന്നാല്‍, താരിഫ് നിശ്ചയിക്കുന്നതിനും കുടിവെള്ള വിതരണത്തിനും പുതിയ കമ്പനിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടി പ്രതിപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷവാദമാണ് ശരിയെന്ന് വകുപ്പുമന്ത്രിക്കും പിന്നീട് സമ്മതിക്കേണ്ടിവന്നു. കുടിവെള്ളം സംരക്ഷിക്കാന്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നിന്നപ്പോള്‍ ഭരണപക്ഷത്തും ചാഞ്ചാട്ടമുണ്ടായി. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ മുതലായവരും ബില്ലിനെ എതിര്‍ത്തു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്‍ വിശദമായ തെളിവെടുപ്പിന് തീരുമാനിച്ചതോടെ ഉടനെ തിരിച്ചുവരില്ലെന്ന് ഉറപ്പായി. അങ്ങനെ ജനവിരുദ്ധബില്ലിനെ താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്താന്‍ പ്രതിപക്ഷ പോരാട്ടംകൊണ്ട് കഴിഞ്ഞു.

ജനാധിപത്യവിരുദ്ധമായ, കോഴിക്കോട് സര്‍വകലാശാല (ദേഗതി) ബില്ലിനെയും പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. പ്രധാനമായ മറ്റൊരു ബില്‍ 2013 ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബില്‍ ആയിരുന്നു. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തില്ല. ബില്‍ ജനാധിപത്യപരവും സമഗ്രവുമാക്കാന്‍ ഭേദഗതികളും ഇടപെടലുമായി പ്രതിപക്ഷം സജീവമായി ഇടപെട്ടു. പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ഭേദഗതികളും തള്ളിക്കളഞ്ഞു. 1004 ഭേദഗതികളാണ് അംഗങ്ങള്‍ നിര്‍ദേശിച്ചത്. 2013 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്‍ അവതരിപ്പിച്ച ദിവസം, ആ ബില്ലിനെതിരെ ഒരു സന്നദ്ധസംഘടനാ ഭാരവാഹി സ്പീക്കര്‍ക്ക് നല്‍കിയ പരാതി സഭയില്‍ അവതരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ഈ ലേഖകന്‍ ചൂണ്ടിക്കാട്ടി. ഒരംഗത്തിന്റെ മേലൊപ്പോടുകൂടിമാത്രമേ ഇത്തരം പരാതികള്‍ സഭയില്‍ അവതരിപ്പിക്കാവൂ. മാത്രമല്ല, വകുപ്പുമന്ത്രിക്കെതിരായ ആരോപണങ്ങളും പരാതിയില്‍ പറയുന്നുണ്ട്. ഭരണപക്ഷവും പ്രതിഷേധവുമായി എഴുന്നേറ്റതോടെ സ്പീക്കര്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചു. 12 കാലിക വിഷയങ്ങളിലേക്ക് പ്രതിപക്ഷം സഭയുടെ ശ്രദ്ധ ക്ഷണിച്ചു. കെഎസ്ഇബിയുടെ ആസ്തി, കോവളം കൊട്ടാരം തുടങ്ങി പ്രതിപക്ഷനേതാവ് ഉന്നയിച്ച പൊതുപ്രാധാന്യമുള്ള സബ്മിഷന്‍ ഉള്‍പ്പെടെ 130 സബ്മിഷനും സഭയില്‍ വന്നു. മന്ത്രിയുടെ സദാചാരവിരുദ്ധപ്രവൃത്തിയും ഗാര്‍ഹിക പീഡനവും അഴിമതിക്കഥകളും ഭരണവിരുദ്ധവികാരവും ഭരണമുന്നണിയിലെ അനൈക്യവും പ്രതിഫലിച്ച സമ്മേളനത്തില്‍ ജനപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചും നീതിക്കായുള്ള പോരാട്ടങ്ങള്‍ നടത്തിയുമാണ് പ്രതിപക്ഷം നിലയുറപ്പിച്ചത്.

*
എ കെ ബാലന്‍ ദേശാഭിമാനി 16 ഏപ്രില്‍ 2013

No comments: