Showing posts with label കെ.ജി.ജോര്‍ജ്ജ്. Show all posts
Showing posts with label കെ.ജി.ജോര്‍ജ്ജ്. Show all posts

Thursday, February 9, 2012

എം ബി എസ്: പാടുന്ന പന്തം

പാടുന്ന പന്തം എന്ന് പി ഭാസ്കരന്‍ വിശേഷിപ്പിച്ച വിഖ്യാത സംഗീതജ്ഞന്‍ എം ബി ശ്രീനിവാസനും ഞാനുമായുള്ള ബന്ധം സമാനതകളില്ലാത്തതായിരുന്നു. ഹൃദയബന്ധം സൂക്ഷിച്ച സുഹൃത്ത്, വഴികാട്ടി, ഗുരുതുല്യന്‍ എന്നുവേണ്ട ഞങ്ങളുടെ ബന്ധത്തെ നിര്‍വചിക്കുക അസാധ്യം. സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതില്‍ എം ബി എസിന് പങ്കുണ്ട്. സംഗീതജ്ഞന്‍ എന്നതിനപ്പുറത്ത് വ്യാപരിച്ച അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ധിഷണയുടെയും വ്യക്തിവൈശിഷ്ട്യത്തിന്റെയും സ്പര്‍ശം അനുഭവിക്കാത്തവര്‍ അക്കാലത്ത് സിനിമാലോകത്തുണ്ടായിരുന്നില്ല.

സിനിമയില്‍ വളരെ ജൂനിയറായ ഞാനുമായി എം ബി എസിന് വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. അതൊന്നും ഞങ്ങളുടെ ഹൃദയബന്ധത്തിന് വിഘാതമായില്ല. സിനിമയെക്കുറിച്ച് മാത്രമല്ല സിനിമക്കുപുറത്തുള്ള കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായ ഭാഷണങ്ങളിലേര്‍പ്പെട്ടിരുന്നു. രാഷ്ട്രീയം, വായന, ജീവിതാദര്‍ശങ്ങള്‍ എല്ലാം അവിടെ വിഷയമായി. അത്തരം ചര്‍ച്ചകള്‍ കലാകാരനെന്ന നിലയില്‍ എനിക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. അതിനു പുറമെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളും എന്നെ ആകര്‍ഷിച്ചു. ജീവിതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവും അച്ചടക്കവും സംഗീതത്തിലും അദ്ദേഹം സൂക്ഷിച്ചു. ഇടതുപക്ഷാശയങ്ങളോട് കടുത്ത അനുഭാവം പുലര്‍ത്തിയ ആള്‍ എന്ന നിലയില്‍ സംഗീതരംഗത്തുള്ളവരുടെ കൂട്ടായ്മ രൂപപ്പെടുത്തിയത് എം ബി എസാണ്. ഇന്ന് സിനിമാ രംഗത്ത് എല്ലാ വിഭാഗത്തിനും സംഘടനകളുണ്ട്. പില്‍ക്കാലത്ത് രൂപപ്പെട്ട ഇത്തരം കൂട്ടായ്മകള്‍ക്ക് ആദ്യ വഴി വെട്ടിയത് എം ബി എസാണെന്നത് ഇന്നുള്ള പലര്‍ക്കുമറിയില്ല. അതുപോലെ ട്രാക്ക് സംഗീതത്തിന് തുടക്കമിട്ടതും കോറല്‍ മ്യൂസിക്കിന് പ്രത്യേകമായ സ്ഥാനം ഉണ്ടാക്കിയെടുത്തതുമെല്ലാം ആ പ്രതിഭാശാലിയാണ്. സിനിമാ സംഗീതത്തെ മറ്റാരും പരീക്ഷിക്കാത്ത അര്‍ഥ, ഭാവതലങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും എം ബി എസിന് കഴിഞ്ഞു.

കാല്‍പ്പാടുകള്‍(1962) എന്ന തന്റെ ആദ്യ സിനിമയിലൂടെ യേശുദാസിനെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും മറ്റാരുമല്ല. എല്ലാതരത്തിലും എന്നെ സ്വാധീനിച്ച മഹാനായ മനുഷ്യസ്നേഹിയും കലാകാരനുമെന്ന നിലയില്‍ ഇന്നും ഹൃദയത്തില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം സൂക്ഷിക്കുന്നു. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മദിരാശിയില്‍ എത്തുന്ന കാലത്താണ് എം ബിഎസിനെ പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ മദിരാശിയിലെത്തിയെങ്കിലും കാര്യാട്ടിലേക്ക് എത്തുംമുമ്പ് ജോണ്‍ എബ്രഹാമിനെപ്പോലുള്ളവരുടെ ക്യാമ്പില്‍ തങ്ങിയ കാലത്ത്. ജോണിന്റെ അഗ്രഹാരത്തിലെ കഴുതൈയിലെ നായകന്‍ എം ബി എസാണ്. ഞാനപ്പോള്‍ ഏറെക്കുറെ ജോണിന്റെ അസിസ്റ്റന്റിനെപ്പോലെയാണ്. വളരെ ഡിസിപ്ലിന്‍ഡ് ആയ എം ബി എസും അങ്ങനെയല്ലാത്ത ജോണും തമ്മിലുള്ള കോമ്പിനേഷന്‍ ഏറെ പ്രയാസം പിടിച്ചതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ഇരുവരും തമ്മില്‍ വലിയ മാനസിക ഐക്യമുണ്ടായിരുന്നു. ജോണിനോട് എം ബി എസിന് പ്രത്യേക വാത്സല്യവും ആദരവുമായിരുന്നു. ജോണിന്റെ രീതിയനുസരിച്ച് കഴുതൈയുടെ ചിത്രീകരണം സ്വാഭാവികമായും മാസങ്ങളോളം നീണ്ടു. ഒട്ടും അലോസരമില്ലാതെ എം ബിഎസ് അതുമായി ആദ്യവസാനം സഹകരിച്ചു. ചിത്രീകരണ കാലത്ത് മദ്യപിക്കില്ലെന്ന് ജോണിനെക്കൊണ്ട് ഉറപ്പു വാങ്ങിച്ചാണ് എംബി എസ് വേഷമിടാന്‍ തയ്യാറായത്. പലതവണ ജോണ്‍ വാക്കുതെറ്റിച്ചു. എന്നാലും ജോണിനോടുള്ള ഇഷ്ടംകൊണ്ട് സംഗീതമൊക്കെ മാറ്റിവച്ച് വിളിക്കുന്ന സമയത്തൊക്കെ എം ബി എസ് കഴുതൈയില്‍ അഭിനയിക്കാനെത്തി.

സ്വപ്നാടനത്തില്‍ ഗാനങ്ങളില്ലായിരുന്നു. അതിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ഭാസ്കര്‍ ചന്ദവാര്‍ക്കറായിരുന്നു. പിന്നീട് ചെയ്ത ഓണപ്പുടവയാണ് എം ബി എസ് സംഗീത സംവിധാനം നിര്‍വഹിച്ച എന്റെ ആദ്യ ചിത്രം. എം ബി എസുമായുള്ള അടുപ്പംകൊണ്ടുമാത്രമായിരുന്നില്ല ആ തീരുമാനം. പിന്നീടുണ്ടായ ചിത്രങ്ങളിലും ഞങ്ങളുടെ കൂട്ടുകെട്ട് തുടര്‍ന്നു. സിനിമയിലെ സംഗീതത്തെക്കുറിച്ചും സംഗീതത്തിന്റെ വ്യാപ്തിയെയും അര്‍ഥതലങ്ങളെയുംകുറിച്ചും ബോധവാനായിരുന്ന എന്നെപ്പോലൊരു സംവിധായകന് അന്ന് എം ബിഎസ് അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് സാധ്യമല്ലായിരുന്നു. ഒ എന്‍ വി- എം ബി എസ് കൂട്ടുകെട്ടിന്റെ തുടക്കവും ഓണപ്പുടവയിലാണ്. ആ കോമ്പിനേഷനില്‍ മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഹിറ്റുകള്‍ പിറക്കുന്നത് പില്‍ക്കാലത്ത്് കണ്ടു. എംബി എസുമായുള്ള തന്റെ ബന്ധത്തിലെ പ്രധാന കണ്ണി ജോര്‍ജായിരുന്നെന്ന് ഒ എന്‍ വി പറഞ്ഞിട്ടുണ്ട്. സെല്‍മയെ വിവാഹം ചെയ്യുംമുമ്പ് അവര്‍ പാടിയ എന്റെ ആദ്യ ചിത്രവും ഓണപ്പുടവയാണ്. എം ബി എസുമായി നിരവധി ചിത്രങ്ങളില്‍ വിവാഹത്തിനുമുമ്പും ശേഷവും സഹകരിച്ചിട്ടുള്ള സെല്‍മക്ക് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. അപ്ലൈഡ് മ്യൂസിക് എന്ന എന്റെ ആശയത്തോട് നൂറു ശതമാനം യോജിപ്പാണ് എം ബി എസിനുണ്ടായിരുന്നത്. സിനിമയില്‍ സംഗീതത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അത് സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന കല മാത്രമാണെന്നും എം ബി എസ് ആവര്‍ത്തിക്കുമായിരുന്നു. ഏതെങ്കിലും പ്രത്യേക ഈണം പ്രയോഗിക്കുന്നതിനെക്കാള്‍ ആ സിനിമയിലെ സന്ദര്‍ഭത്തിനും മൊത്തത്തിലുള്ള ഭാവത്തിനും ഇണങ്ങുന്ന സംഗീതം രചിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്റെ കാഴ്ചപ്പാടുമായി ഏറ്റവും യോജിച്ച അഭിപ്രായമായിരുന്നു അത്. സിനിമയില്‍ ഒന്നും ആവര്‍ത്തിക്കരുതെന്ന അഭിപ്രായക്കാരനായ എനിക്ക് വ്യത്യസ്തമായ സംഗീതം ഓരോ ചിത്രത്തിലൂടെയും അദ്ദേഹം നല്‍കി. അതുകൊണ്ടുതന്നെ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ എം ബി എസിന്റെ സംഗീതം എനിക്ക് ആവര്‍ത്തിക്കേണ്ടിവന്നു.

ഉള്‍ക്കടലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ എം ബി എസ് തിരുവനന്തപുരത്ത് വന്നപ്പോഴുണ്ടായ അങ്ങേയറ്റം ദുഃഖകരമായ ഒരു സംഭവം ഓര്‍ക്കുന്നു. കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോന്നത്. യാത്രക്കിടയില്‍ അദ്ദേഹം കയറിയ കമ്പാര്‍ട്ടുമെന്റില്‍നിന്ന് റെയില്‍‌വേ പൊലീസ് കഞ്ചാവ് ചാക്ക് പിടിച്ചു. അത് റെയില്‍വേ പൊലീസിന് കാണിച്ചുകൊടുത്തത് എം ബി എസാണ്. പക്ഷേ പൊലീസിന് എം ബി എസിനെയായി സംശയം. പൊലീസിന് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് പോകട്ടെ, ഒരടിസ്ഥാനവുമില്ലാതെ നിരപരാധിയായ അദ്ദേഹത്തെ ക്രൂശിക്കുകയും ചെയ്തു. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് എംബി എസിനെ പിടിച്ച് പുറത്തിറക്കി സ്റ്റേഷനില്‍ ഇരുത്തി. പിന്നീടങ്ങോട്ട് വിരട്ടലും ചോദ്യം ചെയ്യലുമായിരുന്നു. ഭേദ്യത്തിനും മുതിര്‍ന്നു. ഇതുപോലുള്ള അനുഭവങ്ങളെയൊക്കെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നങ്കിലും അപ്പോള്‍ അദ്ദേഹം ആ മാനസികാവസ്ഥയിലായിരുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ മയക്കുമരുന്നിന് അടിപ്പെട്ട വിഷമത്തില്‍ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ സംഭവം കോഴിക്കോട്ടുനിന്ന് എം ബി എസിനെ തീവണ്ടിയില്‍ യാത്രയാക്കിയ എം ടി വാസുദേവന്‍നായര്‍ അറിഞ്ഞു. എം ബി എസിനെ തിരിച്ചറിഞ്ഞ ട്രെയിന്‍ യാത്രികരാരോ ആണ് വിവരം എം ടിയെ അറിയിച്ചത്. തിരുവനന്തപുരത്ത് എം ബി എസിനെ കാത്തുനിന്ന ഞങ്ങളെ വിളിച്ച് എം ടി കാര്യം പറഞ്ഞു. അപ്പോള്‍തന്നെ ഞാനും ഒ എന്‍ വിയും എം ടിയും മുഖ്യമന്ത്രി പി കെ വിയെ വിവരമറിയിച്ചു. അദ്ദേഹം വേഗം പ്രശ്നത്തില്‍ ഇടപെട്ടു. ഞങ്ങള്‍ പോയി പി കെ വിയെ കാണുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വലിയ പോറലേല്‍ക്കാതെ പൊലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അടുത്ത ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയ എം ബി എസ് തൊട്ടുമുമ്പുണ്ടായ പ്രശ്നങ്ങളെല്ലാം വേഗത്തില്‍ മറന്ന് സംഗീതം ചിട്ടപ്പെടുത്തുന്ന ജോലിയില്‍ വ്യാപൃതനാകുന്നതാണ് പിന്നീട് കണ്ടത്.

ലാളിത്യമാര്‍ന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സംഗീതത്തെക്കുറിച്ച് അതില്‍ താല്‍പ്പര്യമുള്ള ആരുമായും ചര്‍ച്ചചെയ്യുമായിരുന്നു. പുതിയ പാട്ടുകാര്‍ക്ക് എപ്പോഴും അവസരം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എം ബി എസിന് മലയാളം നന്നായി വഴങ്ങിയിരുന്നില്ല. എങ്കിലും വരികളുടെ അര്‍ഥമറിയണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ചിട്ടപ്പെടുത്തുന്നതിന് മുന്നോടിയായി അത് ചോദിച്ചറിയും. കഥാസന്ദര്‍ഭവും മനസിലാക്കും. സിനിമയുടെ സംവിധായകനുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. ഇതൊക്കെക്കൊണ്ടാകണം എം ബി എസ് ഈണം നല്‍കിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതത്തിന്റെ അനന്തമായ അര്‍ഥതലങ്ങളെക്കുറിച്ച് നാം ബോധവാനാകുന്നത്. ഉള്‍ക്കടലിലെ ഗാനങ്ങളാണ് എം ബി എസിലെ സംഗീതപ്രതിഭയെ ആദ്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. അതില്‍ സെല്‍മ ആലപിച്ച "ശരദിന്ദു മലര്‍ദീപ നാളം നീട്ടീ.." എന്ന ഗാനം എന്റെ ഇഷ്ട സിനിമാ ഗാനവുമായി. കൃഷ്ണ തുളസി കതിരുകള്‍ ചൂടിയൊരശ്രു കുടീരം ഞാന്‍ , നഷ്ടവസന്തത്തില്‍ തപ്ത നിശ്വാസമേ, എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടീ തുടങ്ങിയ പാട്ടുകള്‍ ഇന്നും പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളിലേക്ക് ഗാനാസ്വാദകരെ ഉയര്‍ത്തുന്നു.

സമ്പന്നമായ നാടക കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണമാണ് യവനികയിലെ "ഭരതമുനിയൊരു കളം വരച്ചൂ.." എന്ന ഗാനത്തിന്. ഒരു കാലത്ത് കെപിഎസിയുമായി സഹകരിച്ചിട്ടുള്ള എംബിഎസിന്റെ ആ ഗാനത്തിന് പ്രശസ്തമായ ബലികുടീരങ്ങളെ എന്ന പാട്ടിന്റെ പാറ്റേണ്‍ വന്നത് യാദൃച്ഛികമല്ല. ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിക്കുന്ന രീതി അദ്ദേഹം കൊണ്ടുവന്നത് സംഗീതലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിച്ച പുതിയ ഗായകര്‍ക്ക് പ്രോത്സാഹനമായിരുന്നു. അത് പിന്നീട് മലയാളത്തില്‍ എല്ലാ സംഗീതജ്ഞരും പിന്തുടര്‍ന്നു. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ക്ക് വ്യത്യസ്തമായ സംഗീതം പകര്‍ന്നതോടൊപ്പം ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും എം ബി എസ് നിര്‍വഹിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥാസന്ദര്‍ഭത്തിനും യോജിച്ച തീം മ്യൂസിക് എന്ന സിനിമയില്‍ വളരെ അപൂര്‍വമായി മാത്രം പ്രയോഗിച്ചു വന്നിരുന്ന ഒരു സമ്പ്രദായത്തെ അദ്ദേഹം ചിട്ടപ്പെടുത്തിയത് പശ്ചാത്തല സംഗീതത്തിന് പുതിയ ഭാവവും അര്‍ഥവും നല്‍കി. സംവിധായകനെന്ന നിലയില്‍ ഞാനുമായി കൂടി ചര്‍ച്ച ചെയ്താണ് തീം മ്യൂസിക് തയ്യാറാക്കിയിരുന്നത്. സമൂഹത്തിലെ മൂന്നു വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്നു സ്ത്രീകളുടെ കഥ പറയുന്ന ആദാമിന്റെ വാരിയെല്ലില്‍ മൂവര്‍ക്കും വ്യത്യസ്ത തീമുകള്‍ എം ബിഎസ് കൊണ്ടുവന്നു. വാരിയെല്ലില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന് സിംപതറ്റിക് നോട്ടും സുഹാസിനിയുടെ കഥാപാത്രത്തോടൊപ്പം ഇന്ത്യന്‍ - പാശ്ചാത്യ ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ സമന്വയിപ്പിച്ച ഫ്യൂഷനുമാണ് എം ബി എസ് സന്നിവേശിപ്പിച്ചത്.

ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന് ഏറ്റവും ഇണങ്ങിയ കൂള്‍ ജാസ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച സംഗീത ശകലങ്ങളായിരുന്നു അകമ്പടിയായത്. അത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇരകളില്‍ എന്റെകൂടി അഭിപ്രായം പരിഗണിച്ച് അദ്ദേഹം തയ്യാറാക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ലെന്ന് സിനിമ കണ്ടപ്പോള്‍ തോന്നി. സംഗീതത്തിലെ പുരോഗമന ചിന്ത അദ്ദേഹം തന്റെ ജീവിതത്തിലും പകര്‍ത്തി. ആന്ധ്രയിലെ ബ്രാഹ്മണ കുടുംബാംഗമായ എം ബി എസ് വിവാഹം ചെയ്തത് ഒരു മുസ്ലിം പെണ്‍കുട്ടിയെയാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന കിച്ച്ഡുവിന്റെ മകള്‍ സഹീദയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവരുടെ ഏക മകനായിരുന്നു കബീര്‍ . അച്ഛന്റെ സംഗീത പാരമ്പര്യം കുറെയൊക്കെ മകന് കിട്ടിയെങ്കിലും അതൊന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താനായില്ല. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടെ കബീര്‍ മയക്കുമരുന്നിന് അടിമയായി മാനസിക രോഗിയായി മാറി. അത് എം ബിഎസിനെ കുറച്ചൊന്നുമല്ല വേട്ടയാടിയിരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യയില്‍ ശക്തിപ്രാപിച്ച ഇടത് മുന്നേറ്റത്തിന്റെയും ഭാഗമായി വളര്‍ന്ന എം ബി എസ് പുരോഗമന കലയുടെ വക്താവായി നല്‍കിയ അതുല്യ സംഭാവനകളെ ഓര്‍ത്താകണം പി ഭാസ്കരന്‍ അദ്ദേഹത്തെ പാടുന്ന പന്തം എന്ന് വിശേഷിപ്പിച്ചത്. എന്റെ സിനിമാ-വ്യക്തി ജീവിതത്തെ സ്വാധീനിച്ച ആ മഹാപ്രതിഭക്ക് നമോവാകം.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 12 ഫെബ്രുവരി 2012

Friday, January 27, 2012

അഭിനയത്തിന്റെ ശരീരം

ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍

മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .

തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.

മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.

വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.

യവനികയില്‍ അഭിനയിച്ച ശേഷമാണ് ഗോപി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി ചിന്ദി ചിത്രങ്ങളില്‍ അവസരം കിട്ടി. ബോംബെയില്‍ പോയി വരുമ്പോള്‍ ആ വിശേഷങ്ങളൊക്കെ പറയാന്‍ വരുമായിരുന്നു. ആ ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് ഗോപി നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അടുത്തു നിന്നു കാണാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കുടുംബവുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായി.

മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.

സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വപ്നാടനത്തില്‍ നായകനായ ഡോ. മോഹന്‍ദാസ് എന്റെ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന വേഷമായി അതുമാറി. മികച്ച അഭിനേതാവ് എന്ന നിലയിലല്ല മോഹന്‍ദാസിനെ സ്വപ്നാടനത്തില്‍ കാസ്റ്റ് ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ രൂപവും പ്രൊഫഷണല്‍ പശ്ചാത്തലവും ആ കഥാപാത്രത്തിന് ഇണങ്ങുമെന്നതുകൊണ്ടാണ്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ വേറെ ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഇണക്കമുള്ള വേഷമില്ലാതിരുന്നതു തന്നെ കാരണം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പറോ വിലാസമോ കൈവശമില്ല. ഒടുവില്‍ കണ്ടതുപോലും വളരെ മുമ്പാണ്. തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്സ് കോളേജിലെ ലക്ചററെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എവിടെയാണെങ്കിലും ഞാന്‍ ഇപ്പോഴും കാണണമെന്നാഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. സ്വപ്നാടനത്തിന് മുഹമ്മദ് ബാപ്പുവിനെ നിര്‍മാതാവായി കിട്ടിയ ശേഷം അന്വേഷിച്ചു കണ്ടെത്തിയത് ചിത്രത്തിലെ നായകനായ ഡോ. മോഹന്‍ദാസിനെയാണ്. അദ്ദേഹം അതിനു മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചു. അരവിന്ദന്റെ ഉത്തരായനത്തില്‍ നല്ല വേഷമായിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ഞാന്‍ സ്വപ്നാടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. ഞാനും ലത്തീഫും കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിലുണ്ടെന്നറിഞ്ഞ് കാര്‍ വിളിച്ച് അവിടേക്കു പോയി. ഒരു ലോഡ്ജില്‍ അദ്ദേഹത്തെ കണ്ടെത്തി. വിവരം പറഞ്ഞു. സിനിമയില്‍ നായക വേഷത്തില്‍ അഭിനയിക്കാനുള്ള ക്ഷണം അത്രയൊന്നും ആഹ്ലാദത്തോടെയല്ല മോഹന്‍ദാസ് സ്വീകരിച്ചത്. അല്പം നിര്‍ബന്ധിച്ചുകൂടിയാണ് സമ്മതിപ്പിച്ചത്. ഞാന്‍ പുതുമുഖ സംവിധായകനായതുകൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ രീതി അതാണ്. താനൊരു നടനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടില്ല. കറുത്ത് ഉയരത്തില്‍ , ഉരുക്കു പോലുള്ള ശരീരമായിരുന്നു ഡോ. മോഹന്‍ദാസിന്റേത്. അതിെന്‍റ ഭംഗി കഴിയുന്നത്ര നന്നായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു യുവാവിെന്‍റ പൂര്‍വകാല ജീവിതത്തിലൂടെയാണ് സ്വപ്നാടനം വികസിക്കുന്നത്. നാര്‍കോ അനാലിസിസിലൂടെയാണ് അദ്ദേഹത്തിന്റെ പൂര്‍വകാലം വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറായ മോഹന്‍ദാസിന് അത് നന്നായി തന്നെ ഫലിപ്പിക്കാനായി. നാര്‍കോ അനാലിസിസിന് ഇന്നത്തെ പോലെ പ്രചാരമായിട്ടില്ലാത്ത കാലമാണ്. ചിത്രത്തില്‍ കുത്തിവയ്പിെന്‍റ ഒരു രംഗമുണ്ട്. നീണ്ട ഒരു രംഗം. സിനിമയില്‍ അത്രയും വിസ്തരിച്ച് മുമ്പ് അത്തരം രംഗം വന്നിട്ടില്ല. സൂചി കൈയില്‍ കുത്തിയിറക്കുന്നതു മുതല്‍ മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതും സൂചി വലിച്ചൂരുന്നതും വരെയുള്ള ആ രംഗം പ്രേക്ഷകന് അങ്ങേയറ്റം അനുഭവവേദ്യമാക്കാന്‍ മോഹന്‍ദാസിെന്‍റ ഭാവങ്ങള്‍ക്കായി.

അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.

റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം Link പലതുമായി. തിരുവനന്തപുരത്തെ രാജധാനി ഹോട്ടലില്‍ ഞാനും പത്മരാജനും ഒന്നിച്ചിരുന്ന ഒരു രംഗത്തിലേക്ക് ഒരു വൈകുന്നേരത്തെ മഴയത്ത് ബൈക്കോടിച്ച് കയറി വന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പില്‍ക്കാലത്ത് എനിക്കും മലയാള സിനിമക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാറി വേണു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

Saturday, December 17, 2011

തിരക്കഥയുടെ കഥ

ആദ്യഭാ‍ഗങ്ങള്‍

സിനിമാ പ്രതിസന്ധി എന്ന പേരില്‍ ഇന്ന് മലയാള സിനിമാ രംഗത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മികച്ച തിരക്കഥകളുടെ അഭാവത്തെ ചൊല്ലിയുള്ള ആശങ്കകളും പ്രകടിപ്പിക്കപ്പെട്ട് കണ്ടു. നല്ല സിനിമക്ക് നല്ല തിരക്കഥ വേണമെന്നതില്‍ സംശയമില്ല. മേന്മയുള്ള തിരക്കഥയില്‍ നിന്നാണ് മികച്ച ഒരു സിനിമയുടെ തുടക്കം. എന്റെ സിനിമകളില്‍ ഇരകളും കോലങ്ങളും മാത്രമാണ് മറ്റുള്ളവരുമായി സഹകരിക്കാതെ സ്വതന്ത്രമായി എഴുതിയിട്ടുള്ള തിരക്കഥകള്‍ . അല്ലാത്തവ മറ്റു തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് എഴുതുകയോ എന്റെതായ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളതാണ്. ഈ തിരക്കഥകളെല്ലാം മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. ആറ് സിനിമകള്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയതോടൊപ്പം തിരക്കഥക്കും പുരസ്കാരം ലഭിച്ചു. സിനിമയിലെത്തും മുമ്പ് ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്തയാള്‍ തിരക്കഥാ രചനയില്‍ കാണിച്ച മികവ് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഥപറയലിന് ജന്മസിദ്ധമായ ഒരു കഴിവ് എനിക്കുണ്ടെന്ന് കരുതുന്നു. ഒരു പക്ഷേ സിനിമാ സംവിധായകനായില്ലെങ്കില്‍ എഴുത്താകുമായിരുന്നു എന്റെ വഴി.

സിനിമയെ ഗൗരവമായി സമീപിച്ച് തുടങ്ങിയ കാലത്തു തന്നെ സംവിധായക്നറെ ജോലി സിനിമയുടെ രചനയില്‍ തുടങ്ങുന്നുവെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ സംവിധായകന്‍ തന്നെയെഴുതണമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ഞാന്‍ നിര്‍ബന്ധം പുലര്‍ത്തി. തിരക്കഥയെ കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടതും അതിനെ അടിസ്ഥാനമാക്കി സിനിമക്ക് സംഭാവന നല്‍കേണ്ടതും സംവിധായകനാണ് എന്നതു തന്നെ കാരണം. തിരക്കഥാ രചനക്ക് ഇറങ്ങിപ്പുറപ്പെടും മുമ്പ് സിനിമാ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ വായിച്ച് പഠിച്ചിരുന്നു. അതില്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട തിരക്കഥകളുമുണ്ടായിരുന്നു. കഥയൊന്നും എഴുതിയിട്ടില്ലെങ്കില്‍ പോലും കഥകളും രചനാ സംബന്ധിയായവയും പരക്കെ വായിച്ചിരുന്നു. അങ്ങനെ വായിച്ച തിരക്കഥകളില്‍ പ്രധാനപ്പെട്ടവ ഏറെയുണ്ട്.

1953ല്‍ ഇറങ്ങിയ ജോര്‍ജസ് അര്‍നോഡിന്റെ ഫ്രഞ്ച് ത്രില്ലറായ "വേജസ് ഓഫ് ഫിയര്‍" ആവര്‍ത്തിച്ചുവായിച്ചിട്ടുള്ള സിനിമാ തിരക്കഥകളില്‍ ഒന്നാണ്. അതുപോലെ ഫെല്ലിനിയുടെയും കുറസോവയുടെയും തിരക്കഥകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഫെല്ലിനിയുടെ തിരക്കഥകള്‍ അന്നും ഇന്നും ആവേശം കൊള്ളിക്കുന്നു. അസാമാന്യമാണ് അദ്ദേഹത്തിന്റെ രചന. ഓരോ സിനിമാ സന്ദര്‍ഭത്തിലും ജീവിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം എഴുതിയതെന്ന് ആ തിരക്കഥകള്‍ നമ്മെ ബോധ്യപ്പെടുത്തും. നല്ല തിരക്കഥയില്‍ എല്ലാം മികച്ച ദൃശ്യാനുഭവങ്ങളായി മാറും. കടല്‍ , മനുഷ്യര്‍ , അവരുടെ പെരുമാറ്റം എല്ലാം സിനിമാ ഭാഷയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഫെല്ലിനി എഴുതിയ "ലാ ഡോള്‍സ വിറ്റ"യില്‍ സാധാരണ മനുഷ്യരുടെ തെരുവിലെ ജീവിതത്തെ അദ്ദേഹം തിരക്കഥയില്‍ വരച്ചിരിക്കുന്നത് അസാമാന്യമായ വൈഭവത്തോടെയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രം എന്നത് പ്രധാന കാര്യമൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു. ആ ചിന്ത തന്നെ അസാമാന്യമാണ്. ആ കൃതികളെല്ലാം എന്നെക്കൊണ്ട് ചിന്തിപ്പിക്കുകയും ഒരുപാട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പശ്ചാത്തലത്തില്‍ നിന്നാണ് തിരക്കഥാ രചനയിലേക്ക് ഞാന്‍ എത്തുന്നത്. പില്‍ക്കാലത്ത് സിനിമാ സംരംഭങ്ങളില്‍ ഞാന്‍ ചിന്തിച്ചതും അതേ രീതിയിലാണെന്നത് എന്റെ പ്രത്യേകതയായി കരുതുന്നു.

നമുക്ക് ചുറ്റും വിഷയങ്ങള്‍ ഒരുപാടുണ്ട്. അതില്‍ നിന്ന് കഥയുണ്ടാക്കല്‍ മാത്രമല്ല, അത് വ്യത്യസ്തമായി പറയാനും ആവിഷ്കരിക്കാനുമുള്ള കഴിവ് സിനിമാക്കാരന് വേണം. ഇങ്ങനെയൊക്കെയാണെങ്കിലും നല്ല തിരക്കഥ എങ്ങനെയായിരിക്കണമെന്ന് പറഞ്ഞറിയിക്കാന്‍ എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഞാന്‍ ചെയ്തതെല്ലാം മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥ എഴുതുന്നതില്‍ ഞാനൊരു എക്സ്പര്‍ട്ടാണെന്ന് അല്‍പ്പം അഹങ്കാരത്തോടെ തന്നെ സ്വയം വിലയിരുത്തുന്നു. എന്തായാലും തിരക്കഥാ രചന എളുപ്പമുള്ള പണിയല്ലെന്ന് പറയാം. നാം ചെയ്യാന്‍ പോകുന്ന സിനിമയുടെ ബ്ലൂപ്രിന്‍റാണ് തിരക്കഥയില്‍ സൃഷ്ടിക്കുന്നത്. അതിന് കഴിയണമെങ്കില്‍ എന്താണ് സിനിമയെന്നും അതിന്റെ ഭാഷയെന്നും അറിഞ്ഞിരിക്കണം. എന്താണ് സിനിമയിലൂടെ പറയേണ്ടതെന്ന ധാരണ വേണം. നല്ല സിനിമകള്‍ കാണുകയും പഠിക്കുകയും വേണം. ഞാന്‍ സ്വതന്ത്രമായി എഴുതിയിട്ടുള്ളതല്ലെങ്കിലും എന്റെ സിനിമയില്‍ ഉപയോഗിച്ച മറ്റുള്ളവരുടെ തിരക്കഥയില്‍ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ എല്ലാവരും സഹിച്ചിരുന്ന കാലമായിരുന്നു അത്. സിനിമയുടെ മേന്മയെ കരുതിയായിരുന്നു ഇടപെടലുകള്‍ എന്നതാവാം സഹനത്തിന് പ്രേരിപ്പിച്ചത്. സംവിധായകനെന്ന നിലയില്‍ മറ്റുള്ളവരുടെ ഇടപെടലിനെ ഞാനും സഹിഷ്ണുതയോടെ കണ്ടിരുന്നു. 1978ല്‍ ഇറങ്ങിയ മണ്ണ് എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോ. പവിത്രനാണ്. പക്ഷേ ആ തിരക്കഥ അതേ രൂപത്തില്‍ ഞാന്‍ ഉപയോഗിച്ചില്ല. സിനിമയില്‍ നാടകത്തിന്റെ ചില അംശങ്ങളുണ്ട്. നാടകം എങ്ങനെ സിനിമയില്‍ വരണമെന്ന് എനിക്കറിയാം. അപ്പോള്‍ എന്റേതായ ഇടപെടല്‍ ആ ചിത്രത്തിന്റെ രചനയില്‍ ഉണ്ടായത് സ്വാഭാവികം.

ഞാനെഴുതിയ തിരക്കഥകളില്‍ ഏറ്റവും മികച്ചതെന്ന് കരുതുന്നത് യവനികയും ആദാമിന്റെ വാരിയെല്ലുമാണ്. ഇരകളും പ്രധാനപ്പെട്ടതാണ്. യവനികയുടെ സംഭാഷണം എസ് എല്‍ പുരം സദാനന്ദനും വാരിയെല്ലിന്റേത് കള്ളിക്കാട് രാമചന്ദ്രനുമാണ് എഴുതിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി തിരക്കഥാ രചന പഠിച്ചയാളാണ് കള്ളിക്കാട്. എസ് എല്‍ പുരവും മികച്ച രചയിതാവ്. യവനികയുടെ തിരക്കഥയില്‍ നിന്നുകൊണ്ട് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യം സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത് കെ ടി മുഹമ്മദിനെയായിരുന്നു. കെ ടിയുടെ എഴുത്ത് എന്തുകൊണ്ടോ എനിക്ക് ബോധിച്ചില്ല. അദ്ദേഹം മികച്ച എഴുത്തുകാരനല്ലാത്തതുകൊണ്ടല്ല അത്. എന്തുകൊണ്ടോ അദ്ദേഹത്തിന് യവനികയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല എന്നു മാത്രം. എന്റെ എഴുത്തിന് പ്രത്യേക രീതിയൊന്നുമില്ല. എവിടെയിരുന്നും എപ്പോഴും എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. വീടായാലും സിനിമാ സെറ്റായാലും എഴുത്തിന് ഭംഗമുണ്ടാകാറില്ല. ഷൂട്ടിങ്ങിനിടയില്‍ പോലും എഴുതി ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. ആദാമിന്റെ വാരിയെല്ലിന്റെ തിരക്കഥ അങ്ങനെ പൂര്‍ണമായതാണ്. എഴുത്തുകാര്‍ പറഞ്ഞതും എഴുതിയതും ചെറിയ കുറിപ്പായി കൂടെ കരുതും. അതില്‍ നിന്ന് ഷൂട്ടിങ്ങിനിയിലും തിരക്കഥ വികസിപ്പിക്കുന്നതിന് പ്രയാസമുണ്ടായിട്ടില്ല. ഇരകള്‍ ഒരു പ്രത്യേക ചുറ്റുപാടില്‍ എഴുതി അവസാനിപ്പിച്ച തിരക്കഥയാണ്. സീന്‍ ഒന്ന് എന്നെഴുതി ആരംഭിച്ച എഴുത്ത് അവസാനത്തെ സീന്‍ വരെ തുടര്‍ച്ചയായി ഒറ്റയടിക്ക് തീര്‍ന്നുവെന്ന് പറയാം. അതു പോലെ എഴുതിയ വേറൊന്നില്ല. 1985 ലെ വേനല്‍ക്കാലത്ത് ഈ സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ സുകുമാരെന്‍റ ഊട്ടിയിലെ വീട്ടിലിരുന്നായിരുന്നു എഴുത്ത്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച സംഭവവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും എന്നിലുണര്‍ത്തിയ ചിന്തകളായിരുന്നു ഇരകളുടെ വിത്ത് പാകിയത്. മദ്രാസ് വാസക്കാലത്താണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ അവരുടെ മരണാന്തര ചടങ്ങുകള്‍ ആവര്‍ത്തിച്ച് കാഴ്ചയായതും സിക്ക് കൂട്ടക്കൊല പോലുള്ളവ അരങ്ങേറിയതും എന്റെ മനസിനെ ഉലച്ചു. ആ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചിന്തയോടൊപ്പം സമൂഹത്തിലുണ്ടാകുന്ന ഹിംസാത്മകാന്തരീക്ഷവും മാനുഷിക മൂല്യങ്ങളുടെ ച്യുതിയും മറ്റൊരു തലത്തിലേക്ക് വികസിച്ചു. അവിടെ നിന്നാണ് ഇരകളില്‍ പറയുന്ന പാലക്കുന്നേല്‍ മാത്തുക്കുട്ടി മുതലാളിയും അയാളുടെ മകന്‍ ബേബിയും പിറവിയെടുത്തത്. അടിമുടി രാഷ്ട്രീയ സിനിമയാണ് ഇരകള്‍ . അതെത്രത്തോളം അത്തരത്തില്‍ വിലയിരുത്തപ്പെട്ടു എന്ന് പറയാനാവില്ല. അന്നത്തെ രാഷ്ട്രീയാവസ്ഥയെ ഒരു കുടുംബത്തിെന്‍റ കഥയിലേക്ക് ആവാഹിക്കുകയായിരുന്നു ഇരകള്‍ . അടിയന്തരാവസ്ഥക്ക് സാക്ഷിയാകേണ്ടിവന്ന തലമുറയുടെ പ്രതിനിധിയാണ് ഞാന്‍ . സഞ്ജയ്ഗാന്ധിയുടെ ചെയ്തികള്‍ അദ്ദേഹത്തിന് വില്ലന്‍ പരിവേഷം നല്‍കിയിട്ടുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മനോവിഭ്രമത്തിെന്‍റ അംശം ഇരകളിലെ ബേബിയുടെ വയലന്‍സില്‍ കാണാം. ഹിംസാത്മകമായ ഒരു കാലത്തെയാണ് ഇരകളിലൂടെ അവതരിപ്പിച്ചതും വിചാരണ ചെയ്യാന്‍ ശ്രമിച്ചതും. ഞങ്ങളുടെ തലമുറയുടെയെല്ലാം യൗവനകാലത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷകള്‍ നശിച്ച, മൂല്യ ത്തകര്‍ച്ച ബാധിച്ച ഒരു യുവത്വത്തെയും ഇരകളില്‍ കാണാം. കോലങ്ങളുടെ തിരക്കഥയെ കുറിച്ചും പ്രത്യേകം പറയണമെന്ന് തോന്നുന്നു.

1980ലാണ് കോലങ്ങള്‍ ഇറങ്ങിയത്. പി ജെ ആന്റണി ഒരു ഗ്രാമത്തിന്റെ കഥ എന്ന പേരില്‍ നോവലായും നാല് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന പേരില്‍ നാടകവുമാക്കിയിട്ടുള്ള കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. കഥ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. നാടകം കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല. നിര്‍മാതാവ് ഡി ഫിലിപ്പും സംഘവും കഥ സിനിമയാക്കാന്‍ പി ജെ ആന്റണിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഞാന്‍ നേരെ എഴുത്തിലേക്ക് കടക്കുകയായിരുന്നു. തിരക്കഥാ രചനയും ചിത്രീകരണവും ഉള്‍പ്പെടെ വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു അത്. പി ജെ ആന്റണിയുടെ കഥയിലെ സംഭാഷണങ്ങള്‍ അതേപടി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ നിറക്കൂട്ടുകള്‍ കൂടുതല്‍ പൊലിമയോടെ തീക്ഷ്ണമായി സിനിമയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു. എനിക്ക് പരിചയമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവുമാണ് ഒരു ഗ്രാമത്തിന്റെ കഥയില്‍ ഉണ്ടായിരുന്നത് എന്നതാവാം കാരണം. പി ജെ ആന്റണിയുമായി ഒരുവട്ടമെങ്കിലും ചര്‍ച്ച ചെയ്യാതെയാണ് കോലങ്ങളുടെ തിരക്കഥ എഴുതിയതെന്ന കാര്യം പലരെയും പിന്നീട് അമ്പരപ്പിച്ചു.

മറ്റൊരു സംവിധായകന് വേണ്ടി ഞാന്‍ തിരക്കഥയെഴുതിയിട്ടില്ല. അതിന് കാരണം സിനിമാകാരനെന്ന നിലക്കുള്ള ചില ശാഠ്യങ്ങളാകാം. എനിക്ക് സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ കഥ തെരഞ്ഞെടുക്കുന്നതും അത് എനിക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കുന്നതും മറ്റൊരാള്‍ക്ക് വേണ്ടി സ്വാതന്ത്രത്തോടെ ചെയ്യാന്‍ കഴിയില്ല. എന്റെ സിനിമയുടെ കഥ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് മാത്രമാണ്. അക്കാര്യത്തില്‍ സംവിധായകനെന്ന നിലയില്‍ ഒരാളുടെയും ഇടപെടല്‍ ഞാന്‍ സഹിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ കണ്ടെത്തുന്ന കഥ നിര്‍മാതാവിനോട് പറയും അദ്ദേഹം അംഗീകരിച്ചാല്‍ തിരക്കഥയെഴുതും. നിര്‍മാതാവിന് ബോധ്യപ്പെടും വരെ. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യും എന്നു വേണമെങ്കിലും പറയാം. അതുപോലെ ഒരേ എഴുത്തുകാരെ സ്ഥിരമായി ഉപയോഗിക്കുന്ന ശീലമില്ലായിരുന്നു. ഓരോ എഴുത്തിനും ഏറ്റവും അനുയോജ്യരായവരെ പ്രയോജനപ്പെടുത്തുന്നതാണ് രീതി. ഒരേ പോലെയുള്ള സിനിമകള്‍ എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അത് എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ കാണാം.

ഒരു പ്രമേയം ഏറ്റവും നന്നായി എഴുതാന്‍ പറ്റിയ ആളെയാണ് ആ ജോലി ഏല്‍പ്പിച്ചിട്ടുള്ളത്. പുതിയ പുതിയ എഴുത്തുകാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഓണപ്പുടവ എന്ന കഥ എഴുതിതന്നത് അടുത്തിടെ അന്തരിച്ച കാക്കനാടനാണ്. മറ്റൊരാള്‍ എന്നോട് പറഞ്ഞ കഥയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എഴുതാമെന്ന് അദ്ദേഹമേറ്റു. നന്നായി ചെയ്യുകയും ചെയ്തു. പഞ്ചവടിപ്പാലത്തിന്റെ കഥ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെതാണ്. തിരക്കഥയാകട്ടെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റേതും. യവനികയിലും ഫ്ളാഷ്ബാക്കിലും നാടക പശ്ചാത്തലമുളള എസ് എല്‍ പുരത്തെയാണ് ഏല്‍പ്പിച്ചത്. മലയാളത്തില്‍ എഴുത്തിലെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പിെന്‍റ കാര്യത്തില്‍ എംടിയാണ് മികച്ച തിരക്കഥാകാരന്‍ . നോവലിലായാലും തിരക്കഥയിലായാലും അദ്ദേഹം പുലര്‍ത്തിയിരുന്ന മികവിനോട് ആരാധന തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ എം ടിക്ക് പകരക്കാരില്ലായിരുന്നു. എന്നാല്‍ മുന്‍ കാലത്തെ രചനകളുടെ സൗന്ദര്യവും ഉറപ്പും അദ്ദേഹത്തിെന്‍റ പില്‍ക്കാല രചനകളില്‍ കാണാനായിട്ടില്ലെന്നും പറയേണ്ടിവരും.

എം ടിയുടെ ഒരുപാട് തിരക്കഥകള്‍ സിനിമയാക്കിയിട്ടുള്ള സംവിധായകനാണ് ഐ വി ശശി. അദ്ദേഹം സിനിമയാക്കുമ്പോള്‍ എം ടിയുടെ തിരക്കഥ വ്യത്യസ്തമായി മാറും. മറ്റുള്ള സംവിധായകര്‍ എം ടിയെ സ്വീകരിച്ചിരുന്നത് പോലെയല്ല ഐ വി ശശി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെതായ കോണ്‍ട്രിബ്യൂഷന്‍ സിനിമയില്‍ ഉണ്ടാകും. പ്രിയദര്‍ശന്റെ തിരക്കഥയിലും ആ ക്രാഫ്റ്റ് ഉണ്ട്. ശ്രീനിവാസനും തിരക്കഥ എഴുത്തില്‍ വിജയിച്ചയാളാണ്. അദ്ദേഹത്തെ ആദ്യം തിരക്കഥയെഴുതാന്‍ പ്രേരിപ്പിച്ചതും എഴുതിച്ചതും ഞാനാണ്. മേള എന്ന ചിത്രം ചെയ്യുമ്പോള്‍ കഥാപാത്രങ്ങളെ, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടുത്തിയത് ശ്രീനിവാസനാണ്. ശ്രീനിവാസന് എഴുതാന്‍ കഴിയുമെന്ന് തോന്നിയപ്പോള്‍ ചിലതൊക്കെ അദ്ദേഹത്തെ കൊണ്ട് എഴുതിച്ചു. അതും വളരെ നിര്‍ബന്ധിച്ച്. എഴുതാന്‍ പറഞ്ഞാല്‍ മടിപറയുമായിരുന്നു. ആ ശ്രീനിവാസനെ പിന്നീട് വളരെ തിരക്കുള്ള തിരക്കഥാകൃത്തായാണ് കാണുന്നത്. വളരെ ജനപ്രിയനായ പരാജയപ്പെടാത്ത തിരക്കഥാകൃത്തായി അദ്ദേഹം മാറി. എന്നാല്‍ ക്രാഫ്റ്റിന്റെ കാര്യത്തില്‍ പൂര്‍ണത നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന് ശ്രമിക്കാത്തതാകാം കാരണം.

*
കെ ജി ജോര്‍ജ് / തയ്യാറാക്കിയത് എം എസ് അശോകന്‍

ദേശാഭിമാനി വാരിക 17 ഡിസംബര്‍ 2011

Wednesday, November 23, 2011

ആദാമിന്റെ വാരിയെല്ല്

മറ്റു ഭാഗങ്ങള്‍ ഇവിടെ

ആദാമിന്റെ വാരിയെല്ല് മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒരു സൃഷ്ടിയാണെന്ന് കരുതുന്നു. അത്തരം ഒരു സിനിമ അതിന് മുമ്പോ ശേഷമോ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. ഇറാഖി സിനിമകളില്‍ ചിലത് നിഷ്പക്ഷമായി ഇത്തരം വിഷയം കൈകാര്യം ചെയ്ത് പിന്നീട് കണ്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സ്ത്രീപക്ഷ സിനിമയെടുക്കാന്‍ നമ്മുടെ സിനിമക്കാര്‍ ധൈര്യപ്പെടുമോ എന്നുപോലും സംശയമാണ്. കാരണം സിനിമയോടുള്ള നമ്മുടെ സമീപനം മാറി. സിനിമ എടുത്താല്‍ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും കണ്ടറിയണം. ആദാമിന്റെ വാരിയെല്ല് എടുക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. എന്നാല്‍ , അത്തരമൊരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കാരണം എന്റെ കുടുംബ പശ്ചാത്തലവും എന്റെ ജീവിതത്തിലും എഴുത്തിലും വായനയിലും കൂടി പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളുമാണ്. കുടുംബ സാഹചര്യങ്ങളില്‍ ഞാന്‍ പരിചയിച്ചിട്ടുള്ള സ്ത്രീകള്‍ ഒരു പരിഗണനയും കിട്ടാതെ വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്നവരാണ്. പൊതുവായ കാര്യങ്ങളിലൊന്നും അവരുടെ അഭിപ്രായമോ സാന്നിധ്യമോ അനിവാര്യമായി കരുതപ്പെട്ടിരുന്നില്ല. സ്ത്രീയെന്നാല്‍ വെറുതെ അഭിപ്രായം ചോദിക്കാന്‍ മാത്രമുള്ള ഒരാള്‍ എന്ന നിലയ്ക്കേ പരിഗണിച്ചിരുന്നുള്ളൂ. അവരുടെ ഭാഗം ഒരിക്കലും ഗൗരവമായി കേള്‍ക്കുന്ന പതിവില്ലായിരുന്നു. പക്ഷേ ഞാന്‍ ജീവിതത്തില്‍ ആ രീതി പിന്തുടര്‍ന്നിട്ടില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും നല്‍കി. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ടായിരുന്നതാണ് കാരണം.

ഞാനൊരു തികഞ്ഞ സ്ത്രീവാദിയൊന്നുമല്ല. എന്നാല്‍ സ്ത്രീകളുടെ സാമൂഹ്യ, കുടുംബാവസ്ഥകളെ എപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാല്‍ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിഛേദങ്ങളായി എന്റെ പല സിനിമകളിലും കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ മൂന്ന് സ്ത്രീകളും ഫ്ളാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ ഭാര്യയുമെല്ലാം ഉദാഹരണം. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള പാശ്ചാത്യ സിനിമകളിലെ സ്ത്രീകള്‍ അങ്ങനെയല്ല. അവര്‍ നന്നായി റിവോള്‍ട്ട് ചെയ്യുന്നു. ഇവിടെയാകട്ടെ പോരാട്ടത്തിനിടെ പരാജയപ്പെടുന്നവരാണ് അധികവും.സമൂഹം ഏല്‍പ്പിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്നാണ് അവരുടെ കുതറല്‍ . അതില്‍ പാശ്ചാത്യ വനിതകള്‍ വലിയൊരളവ് വരെ വിജയിക്കുന്നുമുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എനിക്ക് പരിചയമുള്ളവര്‍ തന്നെയാണ്. അതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിജയം പിന്നീട് ആരോപിക്കപ്പെടുന്നതാകാം.

കഥാപാത്രങ്ങളുടെ ശാക്തീകരണത്തിന് വേണ്ടിയാണത്. വാരിയെല്ല് വളരെ വ്യത്യസ്തമായി ചെയ്ത സിനിമയായിട്ടും വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും അത് വ്യത്യസ്തത പുലര്‍ത്തി. വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍ . അവര്‍ ഒരുമിച്ചുവരുന്നതാകട്ടെ ഒരേ ഒരു രംഗത്തിലും. പരസ്പരം തിരിച്ചറിയപ്പെടേണ്ട ഘടകങ്ങള്‍ അവരില്‍ ഉണ്ടായിട്ടും അങ്ങനെ സംഭവിക്കുന്നില്ല. മൂന്ന് കഥകളും നരേറ്റീവ് രീതിയില്‍ പറയുകയും അതിനെ പ്രത്യേക രീതിയില്‍ കോര്‍ത്തിണക്കുകയുമായിരുന്നു. മലയാളത്തില്‍ തികച്ചും പുതുമയാര്‍ന്നരു രീതിയായിരുന്നു അത്. ഏറ്റവും റിയലിസ്റ്റിക്കായി ചെയ്ത സിനിമയുടെ അന്ത്യമാകട്ടെ അങ്ങേയറ്റം സര്‍റിയലിസ്റ്റിക്കുമായി. ക്യാമറയെയും ക്യാമറമാനെയുമൊക്കെ തള്ളിയിട്ട് സ്ത്രീകള്‍ തെരുവിലേക്ക് ഓടുന്ന അവസാന രംഗം ഓര്‍ക്കുക. തിരക്കഥ മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടും വാരിയെല്ലിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് രൂപമുണ്ടായിരുന്നില്ല. എന്നാല്‍ റിയലിസ്റ്റിക്കായ അന്ത്യം വേണ്ടെന്നും കരുതിയിരുന്നു. അങ്ങനെ വളരെ വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ഉണ്ടാകുകയും ചെയ്തു. റസ്ക്യൂഹോമില്‍ നിന്ന് സ്ത്രീകള്‍ തെരുവിലേക്ക് കുതിക്കുമ്പോള്‍ തട്ടിമറിയുന്ന ക്യാമറയുടെ സമീപത്ത് സംവിധായകനുമുണ്ട്. എന്തുകൊണ്ട് ആ ചിത്രം ഓടിയില്ലെന്ന സംശയം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് മാത്രമെടുക്കലല്ലല്ലോ സിനിമ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ മറുപടി. ആ ചിത്രത്തിന് അത്രയും സ്വീകാര്യത പ്രതീക്ഷിച്ചാല്‍ മതി. അപ്രിയ സത്യങ്ങള്‍ കേള്‍ക്കാനും കാണാനും എല്ലാവരും ഇഷ്ടപ്പെടുന്നില്ലല്ലോ കൂടുതല്‍ .

ഇങ്ങനെയൊക്കെ ആണെങ്കിലും ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആദാമിന്റെ വാരിയെല്ല്. സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകള്‍ . വിവാഹിതരും മധ്യവര്‍ഗ കുടുംബംഗങ്ങളുമായ രണ്ട് പേര്‍ അവരുടെ പുരുഷന്മാരില്‍ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോള്‍ അമ്മിണി എന്ന വീട്ട് വേലക്കാരി അധസ്ഥിത സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ആത്യന്തികമായി അതൊരു സ്ത്രീപക്ഷ സിനിമയാണെങ്കില്‍ കൂടി സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരെല്ലാം ചിത്രത്തോട് യോജിക്കണമെന്നില്ല. ചിത്രത്തില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവില്‍ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസ കേന്ദ്രത്തിെന്‍റ വാതില്‍ തകര്‍ത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി(സൂര്യ). ക്യാമറമാനെയും സംവിധായകനെയുമൊകെ തട്ടിയിട്ട് ഓടുന്ന അവസാന രംഗം ചിത്രത്തിന് വിശാല അര്‍ഥതലങ്ങള്‍ സമ്മാനിച്ചു. ആ സിനിമയിലേക്ക് എന്നെ നയിച്ച കടുത്ത യാഥാര്‍ഥ്യങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനിലേക്കും സംക്രമിച്ചിട്ടുണ്ടാകണം. ജീവിതത്തില്‍ ഒരുപാട് സ്ത്രീകളെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞിട്ടുണ്ട്. അവരുടെയെല്ലാം ക്യാരക്ടറിെന്‍റ അംശങ്ങള്‍ ഏറിയും കുറഞ്ഞും എന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ വ്യത്യസ്തമായി പറയുക മാത്രമായിരുന്നില്ല, സ്വീകാര്യമായി പറയുക എന്നത് കൂടി നിര്‍ബന്ധമായിരുന്നു. സ്ത്രീപക്ഷ സിനിമ എന്ന നിലയിലും അതുവരെ മലയാളത്തിന് പരിചയമില്ലാത്ത ആവിഷ്കാര രീതിയാലും വാരിയെല്ല് ശ്രദ്ധിക്കപ്പെട്ടതോടൊപ്പം മോശമല്ലാത്ത സാമ്പത്തിക നേട്ടവുമുണ്ടാക്കി. 1983ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് വാരിയെല്ല് നേടി. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളിലും ക്ഷണിക്കപ്പെട്ടു. വടക്കേയിന്ത്യയിലെ പല മേളകളിലും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയില്‍ പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയതിന്റെ തുടര്‍ച്ചയായിരുന്നു അത്.

അവിടങ്ങളിലെല്ലാം സിനിമയിലെ സ്ത്രീപക്ഷപാതിത്വം ചര്‍ച്ചയായി. സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സുഹാസിനിയും ശ്രീവിദ്യയുമെല്ലാം ആ കഥാപാത്രങ്ങളെ അങ്ങേയറ്റം പൊലിപ്പിച്ചപ്പോള്‍ തന്നെ സൂര്യയുടെ വേഷം കൂടുതല്‍ പ്രശംസ നേടി. അതിന് കാരണം അവര്‍ ചെയ്തുപോന്ന വേഷങ്ങളില്‍ നിന്നെല്ലാം വാരിയെല്ലിലെ അമ്മിണി വ്യത്യസ്തമായിരുന്നതാകണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്ക്രീന്‍പ്ലേ പഠിച്ചിറങ്ങിയ കള്ളിക്കാട് രാമചന്ദ്രനുമായി ചേര്‍ന്നാണ് ആദാമിന്റെ വാരിയെല്ല് എഴുതിയത്. ആദാമിന്റെ വാരിയെല്ല് എന്ന പേര് പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. അതിന് കാരണക്കാരന്‍ തിക്കുറിശിയാണ്. ചിത്രത്തിന് പേര് അന്വേഷിക്കുന്ന കൂട്ടത്തില്‍ അക്കാര്യം തിക്കുറിശ്ശിയോടും പറഞ്ഞു. സിനിമാക്കാര്‍ക്കൊക്കെ പേരിടുന്ന കാര്യത്തില്‍ വിദഗ്ധനായ തിക്കുറിശിക്ക് ഇക്കാര്യത്തിലും നിര്‍ദേശമുണ്ടായിരുന്നു. ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചതെന്നും അത്തരത്തില്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആലോചിച്ചപ്പോള്‍ നന്നായിരിക്കുമെന്ന് എനിക്കും തോന്നി.

വാരിയെല്ല് ചെയ്തതിന്റെ തൊട്ടടുത്ത വര്‍ഷമാണ് (1984) പഞ്ചവടിപ്പാലം എന്ന ആക്ഷേപഹാസ്യ ചിത്രം ചെയ്തത്. ഇന്നും മോശം രാഷ്ട്രീയത്തെ കളിയാക്കിയ മികച്ച രാഷ്ട്രീയാക്ഷേപ ഹാസ്യ സിനിമയായി പഞ്ചവടിപ്പാലം പ്രേക്ഷകരും നിരൂപകരും ഓര്‍മിക്കുന്നു. പാലം അപകടത്തില്‍ എന്ന പേരില്‍ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ കഥയാണ് ചിത്രത്തിന് സ്വീകരിച്ചത്. ഇക്കഥ നേരത്തെ വായിച്ചിട്ടുള്ളതാണ്. അതേക്കുറിച്ച് പലരോടും സംസാരിച്ചപ്പോള്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന അഭിപ്രായമുണ്ടായി. പിന്നെ, സറ്റയര്‍ സിനിമ ചെയ്യണമെന്ന ആശയവും നേരത്തെയുണ്ടായിരുന്നതാണ്. തിരക്കഥ ഞാന്‍ തന്നെ എഴുതി. പ്രശസ്ത കാര്‍ട്ടുണിസ്റ്റ് യേശുദാസനെയാണ് സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചത്. സറ്റയറാകുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ എഴുത്ത് ചിത്രത്തിന് മിഴിവേകുമെന്ന് തോന്നിയതിനാലായിരുന്നു അങ്ങനെ ചെയ്തത്. സമകാലിക സംഭവങ്ങളോട് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് കാര്‍ട്ടൂണിസ്റ്റുകളിലാണ് കൂടുതല്‍ ഉണ്ടാകുക. പഞ്ചവടിപ്പാലത്തിലെ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഗോപിയുടെ ദുശ്ശാസനക്കുറുപ്പ്, നെടുമുടി വേണുവിന്റെ ശിഖണ്ഡിപ്പിള്ള, ശ്രീവിദ്യയുടെ മണ്ഡോദരി എന്നിവരൊക്കെ ഇന്നും രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമുള്‍പ്പെടെയുള്ളവ ജീവിതത്തില്‍ എനിക്ക് പരിചയമുള്ളവരുടെ കാരിക്കേച്ചര്‍ പതിപ്പായി പുനര്‍ജനിച്ചതാണ്. ഗാന്ധിമതി ബാലനായിരുന്നു പഞ്ചവടിപ്പാലത്തിെന്‍റ നിര്‍മാതാവ്. എന്റെ സിനിമകളില്‍ എറ്റവും കൂടുതല്‍ നിര്‍മാണ ചെലവു വന്നത് പഞ്ചവടിപ്പാലത്തിനാണ്. 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. അന്നതൊരു വലിയ തുകയാണ്. സെറ്റിന്റെയും കൂടുതല്‍ ക്യാമറ ഉപയോഗിച്ചതിന്റെയും ചെലവും കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹകരണവുമാണ് ചെലവുയര്‍ത്തിയത്. തിരുവനന്തപ്പുരത്തായിരുന്നു സെറ്റ്. പൊളിഞ്ഞ് വീഴുന്ന പാലത്തിന്റെ സെറ്റിട്ടത് പിന്നീട് ഗുരു ഉള്‍പ്പെടെ സിനിമകള്‍ സംവിധാനം ചെയ്ത രാജീവ് അഞ്ചലാണ്. പാലത്തിനരികില്‍ സ്ഥാപിച്ച ദുശാസനക്കുറുപ്പിന്റെ പ്രതിമയും അദ്ദേഹം തന്നെയാണ് നിര്‍മിച്ചത്. അതിമനോഹരമായിരുന്നു സെറ്റ്. പാലം വീഴുന്ന രംഗം വിവിധ ആംഗിളില്‍ സ്ഥാപിച്ച നാല് ക്യാമറകളിലാണ് പകര്‍ത്തിയത്. പാലം ഒരു തവണയേ പൊളിഞ്ഞു വീഴൂ. ആ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു കൂടാ. സംവിധായകനെന്ന നിലയില്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. മികച്ച ദൃശ്യങ്ങളായി ക്യാമറയിലാക്കാനും കഴിഞ്ഞു. പഞ്ചവടിപ്പാലം മലയാളത്തിലുണ്ടായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളില്‍ ആദ്യത്തെതാണെന്ന് പറയാം. ഒരുപക്ഷേ അവസാനത്തേതും. ഇന്ന് കാണുമ്പോഴും ഏറ്റവും കാലികമായ പ്രമേയം എന്ന തോന്നല്‍ ആ സിനിമ പ്രേക്ഷകരിലുണ്ടാക്കുന്നു.

രാഷ്ട്രീയാക്ഷേപത്തിന്റെ കാമ്പറിഞ്ഞ ഹാസ്യം അതില്‍ ഉള്‍ച്ചേര്‍ത്തതിന്റെ ഫലമാണ്. എന്റെ ഭാഗത്തു നിന്ന് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സിനിമക്ക് അര്‍ഹിച്ച അംഗീകാരം അത് റിലീസായ കാലത്ത് കിട്ടിയോ എന്ന് സംശയമാണ്. സംസ്ഥാന അവാര്‍ഡിലൊന്നും പഞ്ചവടിപ്പാലത്തെ പരിഗണിച്ചില്ല. പാടേ അവഗണിച്ചു. ഇപ്പോള്‍ പലര്‍ക്കും ആ സിനിമയുടെ മഹത്വം ഇപ്പോള്‍ മനസിലായിവരുന്നുണ്ട്. പഞ്ചവടിപ്പാലത്തിെന്‍റ അനുകരണമായി പിന്നീട് ചിലതൊക്കെയുണ്ടായി. അവയൊന്നും ആ ചിത്രത്തോളം ആഴത്തില്‍ സറ്റയറിനെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തില്‍ സറ്റയര്‍ എന്നുപറയാവുന്ന സിനിമകള്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിട്ടുള്ളൂ. പലതും കോമഡി ചിത്രങ്ങള്‍ മാത്രമായിരുന്നു. സ്വപ്നാടനവും യവനികയും പോലുള്ള സിനിമകളെടുത്ത ഒരാള്‍ പഞ്ചവടിപ്പാലം പോലൊന്ന് ചെയ്തതിനെ കുറച്ചു കണ്ടവരും അതു വേണ്ടിയിരുന്നോ എന്ന് സംശയിച്ചവരുമുണ്ട്. ഒരേ കഥയും കഥാപാത്രങ്ങളെയും തിരിച്ചും മറിച്ചുമിട്ട് സിനിമ ചെയ്യുന്നതല്ല എന്റെ രീതി എന്നതാണ് അതിനുള്ള മറുപടി. ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്ത കൊണ്ടുവരുന്നതില്‍ വലിയൊരളവ് വിജയിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം. ഒന്നു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ലായിരുന്നു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക 27 നവംബര്‍ 2011

Sunday, November 20, 2011

ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ

ആദ്യഭാഗങ്ങള്‍ ഇവിടെ

നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് "ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്" എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ ശോഭയുടെ മാത്രം ജീവിതത്തിലെ ദുരന്താന്ത്യമാണ് "ഫ്ളാഷ്ബാക്ക്“ എന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. ഫ്ളാഷ്ബാക്കിന്റെ പ്രമേയം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ശോഭയുടെ ജീവിതവും മരണവുമാണ് ഫ്ളാഷ്ബാക്കിെന്‍റ പ്രമേയമെന്നും അതല്ല എന്നുമുള്ള തരത്തില്‍ . സിനിമ ഇറങ്ങുന്നതിനു മുമ്പെ ആരംഭിച്ച വിവാദങ്ങള്‍ സിനിമ ഇറങ്ങിയതോടെ അതിെന്‍റ പാരമ്യത്തിലെത്തി. ശോഭയെ പോലെ സിനിമാ ലോകത്ത് ആത്മഹത്യ ചെയ്ത വേറെയും താരങ്ങളുണ്ട്. എണ്‍പതുകളുടെ ആദ്യം ശോഭയുള്‍പ്പെടെ അഞ്ച് സിനിമാതാരങ്ങള്‍ ആത്മഹത്യ ചെയ്തു. സിനിമാ രംഗത്തെ ഈ ആത്മഹത്യാ സിന്‍ഡ്രോമിനെയാണ് ഒരുതരത്തില്‍ ഫ്ളാഷ്ബാക്ക് പ്രതിഫലിപ്പിച്ചത് എന്നാണ് അന്നു നടന്ന ചര്‍ച്ചകളിലൊന്നില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായം.

എന്റെ "ഉള്‍ക്കടല്‍" എന്ന ചിത്രത്തിലാണ് ശോഭ അഭിനയിച്ചിട്ടുള്ളത്. മറ്റ് പ്രധാന ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും അവരുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അവരുടെയും അമ്മ പ്രേമയുടെയും ജീവിതം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മദ്രാസില്‍ തൊട്ടടുത്ത വീടുകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ശോഭയും സംവിധായകനും ക്യാമറാമാനുമായ ബാലുമഹേന്ദ്രയും തമ്മിലുണ്ടായിരുന്ന ബന്ധം ഫ്ളാഷ്ബാക്കില്‍ അതേപടിയുണ്ട്. ഉള്‍ക്കടല്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്തെല്ലാം അവരുടെ ബന്ധം ശക്തമായിരുന്നു. ഉള്‍ക്കടലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഒരു ഹോട്ടലിലെ തൊട്ടടുത്ത മുറികളിലാണ് അവര്‍ ഇരുവരും താമസിച്ചിരുന്നത്. ഉള്‍ക്കടലിന്റെ ഛായാഗ്രഹണം പതിവില്‍നിന്ന് വ്യത്യസ്തമായി രാമചന്ദ്രബാബുവിനു പകരം ബാലുമഹേന്ദ്ര ചെയ്യാനുള്ള കാരണവും ശോഭ തന്നെയായിരുന്നു. ചിത്രത്തിലെ നായിക ശോഭയാണെന്നറിഞ്ഞ് ക്യാമറ ചെയ്യാനുള്ള സന്നദ്ധത ബാലുമഹേന്ദ്ര ഇങ്ങോട്ട് അറിയിച്ചു. ആവശ്യം ഞാന്‍ നിരാകരിച്ചില്ല. പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വളര്‍ന്നു.

ശോഭയും ബാലുമഹേന്ദ്രയും വിവാഹിതരാകുന്നു എന്ന് കേട്ടപ്പോള്‍ വാസ്തവത്തില്‍ അത്ഭുതം തോന്നി. കാരണം ബാലുവിനെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലം തൊട്ടേ എനിക്ക് നന്നായറിയാം. എന്നേക്കാള്‍ ഒരു വര്‍ഷം സീനിയറായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ് മദ്രാസില്‍ എത്തിയ ശേഷം അഖില എന്നു പേരായ ശ്രീലങ്കക്കാരിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ബാലുവും ശ്രീലങ്കന്‍ വംശജനാണ്. അഖില സിനിമയുമായി ബന്ധമൊന്നുമില്ലാത്ത സാധാരണ സ്ത്രീയായിരുന്നു. ഞാനും കുടുംബവുമായെല്ലാം അവരുടെ വിവാഹം കഴിയുന്നതു വരെ അവര്‍ക്ക് നല്ല ബന്ധമായിരുന്നു. എന്നാല്‍ ശോഭയ്ക്ക് ബാലുവും അഖിലയുമായുള്ള വിവാഹ ബന്ധത്തെ ക്കുറിച്ച് അറിയില്ലായിരുന്നു. മദ്രാസില്‍ വച്ചു തന്നെയാണ് ബാലുമഹേന്ദ്ര ശോഭയുമായും അടുപ്പത്തിലായത്. അവരുടെ ബന്ധം ഒരിക്കലും നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് അന്നേ മനസില്‍ കരുതി. അക്ഷരാര്‍ഥത്തില്‍ അതു തന്നെ സംഭവിച്ചു.

ആറ് മാസത്തിനകം ആ ബന്ധം ശിഥിലമായി. ശോഭയുടെ ആത്മഹത്യ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചു. ശോഭയും അമ്മയും താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് മദ്രാസില്‍ ഞാനും കുടുംബവും താമസിച്ചിരുന്നത്. അവരുടെ ജീവിതവുമായി പലതരത്തിലും അടുത്ത് ബന്ധപ്പെട്ടിരുന്നതിനാല്‍ ആ കുടുംബത്തെ നന്നായി അറിയാമായിരുന്നു. ശോഭയുടെ മരണം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരെക്കുറിച്ചുള്ള പലകാര്യങ്ങളും അറിയാന്‍ സഹായിച്ചത് എന്റെ സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള പി ഐ ലത്തീഫാണ്. ശോഭയുടെ മരണശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചതും ഒരു രാത്രി മുഴുവന്‍ വീട്ടില്‍ പോയിരുന്ന് സംസാരിച്ച് അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചതും പോലുള്ള കാര്യങ്ങള്‍ ലത്തീഫാണ് എന്നോടു പറഞ്ഞത്. അങ്ങനെ പലതും.

ശാന്തമ്മ എന്ന പെണ്‍കുട്ടിയെയും കൂട്ടി അവളുടെ അമ്മ സിനിമയില്‍ ഭാഗ്യമന്വേഷിച്ച് കോടമ്പാക്കത്തെത്തുന്നിടത്താണ് "ഫ്ളാഷ്ബാക്ക്" തുടങ്ങുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നുവന്നപ്പോള്‍ സിനിമയുടെ പിന്നാമ്പുറത്തെ നെറികേടിനു വഴങ്ങി ശാന്തമ്മ, ലേഖ എന്ന പേരില്‍ സിനിമയുടെ ഭാഗമാകുന്നു. സിനിമയില്‍ അവളുടെ ഉയര്‍ച്ചക്ക് കോടമ്പാക്കം സാക്ഷിയാകുന്നു. ഇതിനിടെ വ്യത്യസ്ത സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍ സുരേഷ്ബാബു(ഭരത്ഗോപി)വുമായി ശോഭ അടുത്തു. ആ ബന്ധത്തിലൂടെ അവള്‍ ഒരു ജീവിതം സ്വപ്നം കാണുന്നു. പക്ഷേ പ്രതീക്ഷകള്‍ക്കു വിപരീതമായി അവള്‍ക്ക് നേരിടേണ്ടിവന്ന യാഥാര്‍ഥ്യം ലേഖയെ ജീവിതത്തില്‍നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ ലേഖയെ സ്വീകരിക്കാന്‍ മടികാണിക്കാതിരുന്ന സുരേഷ്ബാബു തന്റെ യഥാര്‍ഥ ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ ലേഖയെ നിരാകരിക്കുന്നു. ഇതോടെ അവള്‍ ആത്മഹത്യയില്‍ ജീവിതം അവസാനിക്കുന്നതാണ് ഫ്ളാഷ് ബാക്കില്‍ വിടരുന്ന ലേഖയുടെ കഥ. ശോഭയുടെ ശവഘോഷയാത്രയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ന്യൂസ് റീലോടെയാണ് ചിത്രം തുടങ്ങുന്നത്. ശോഭയുടെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടലിന്റെയും ദു:ഖത്തിന്റെയും ആഴമറിയിക്കുന്ന വിവരണവും ഇതിലുണ്ട്. "യവനിക"യോടാണ് കൂടുതല്‍ അറ്റാച്ച്മെന്റെങ്കിലും ഞാന്‍ ഏറ്റവും റിയലിസ്റ്റിക് ആയി ചെയ്ത സിനിമ "ലേഖയുടെ മരണ"മാണ്.


യവനികയുടെ കഥ മുമ്പേ പറഞ്ഞു. നാടകവുമായി എനിക്കുണ്ടായിരുന്ന അടുപ്പം ആ സിനിമയുടെ കാര്യത്തില്‍ പ്രധാനമായിരുന്നു. ലേഖയുടെ മരണവും അത്തരത്തില്‍ സംഭവിച്ചതാണ്. കോടമ്പാക്കത്തെ സിനിമയുടെയും സിനിമാക്കാരുടെയും ജീവിതത്തെ വര്‍ഷങ്ങളോളം കണ്ടറിയാനും അനുഭവിക്കാനും കഴിഞ്ഞതാണ് അതില്‍ പ്രധാനം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമ പഠിച്ചിറങ്ങിയ ശേഷം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റാകാന്‍ നേരെ മദ്രാസിലേക്ക് പോയതാണ്. അന്നു മുതല്‍ കോടമ്പാക്കം ജീവിതം കാണുന്നു. നീണ്ട പതിനഞ്ചിലേറെ വര്‍ഷം മിക്കവാറും കോടമ്പാക്കമായിരുന്നു എന്റെ പ്രവര്‍ത്തനങ്ങളുടെ ഭൂമിക എന്നു പറയാം. സല്‍മയുമായുള്ള വിവാഹ ശേഷവും മദ്രാസിലെ അശോക നഗറിലാണ് താമസമാക്കിയത്. രണ്ടു മക്കളും ജനിച്ചത് മദ്രാസിലാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമാ ജോലികള്‍ ചെയ്യാനുള്ള സൗകര്യമായപ്പോഴാണ് മദ്രാസ് വിടാന്‍ ആലോചിച്ചു തുടങ്ങിയത്. സെല്‍മക്ക് തീരെ താല്‍പ്പര്യമില്ലായിരുന്നെങ്കിലും 1987ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.

സിനിമയെക്കുറിച്ച് സിനിമയെടുക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാകാം കോടമ്പാക്കത്തെ സിനിമാ ജീവിതം-എന്റെയും മറ്റുള്ളവരുടെയും-അറിഞ്ഞും അറിയാതെയും നിരീക്ഷിച്ചു പോന്നിട്ടുമുണ്ട്. സിനിമയെക്കുറിച്ചൊരു സിനിമ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തില്‍ ശോഭയെപ്പോലൊരു ദുരന്ത നായികയുടെ കഥ അതില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. ശോഭയുടെ മരണശേഷം കഷ്ടിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ സിനിമയുടെ ജോലി തുടങ്ങി. 1980ലായിരുന്നു ശോഭയുടെ മരണം. 1983ല്‍ ഫ്ളാഷ്ബാക്ക് ഇറങ്ങി. സിനിമയുടെ ജോലികള്‍ കാര്യമായി പുരോഗമിക്കും മുമ്പെ സിനിമയുടെ പ്രമേയം പുറത്ത് ചര്‍ച്ചയായി കഴിഞ്ഞിരുന്നുവെന്ന് പറഞ്ഞല്ലോ. വളരെ രൂക്ഷമായിരുന്നു പ്രതികരണങ്ങള്‍ പലതും. സിനിമാക്കാരുടെ രഹസ്യങ്ങള്‍ പുറത്തുപോകുമെന്നായിരുന്നു ചിലരുടെ ഭയം. മറ്റു ചിലത് ശോഭയുടെ ആത്മഹത്യയെ ചൂഴ്ന്നു നിന്ന ദുരൂഹത വെളിപ്പെടുമെന്നും അങ്ങനെയായാല്‍ എന്താകുമെന്നുമായിരുന്നു. ശോഭയോട് മരണശേഷം വളരെ ക്രൂരമായി പെരുമാറുന്നു എന്ന മട്ടിലും സംസാരമുണ്ടായി. എന്തായാലും അത്തരം വിവാദങ്ങളുണ്ടായി എന്നതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന സ്വഭാവമല്ല എന്റേത്. പലതിനും പാത്രമാകേണ്ടിവന്നു എന്നത് നേര്. ഡേവിഡ് കാച്ചപ്പള്ളിയായിരുന്നു ഫ്ളാഷ്ബാക്കിന്റെ നിര്‍മാതാവ്. ഇപ്പോഴത്തെ നടന്‍ ഇന്നസെന്റും അദ്ദേഹത്തോടൊപ്പം നിര്‍മാണത്തില്‍ സഹകരിച്ചിരുന്നു. യവനികയില്‍ സഹകരിച്ച എസ്എല്‍ പുരം തന്നെയാണ് ഇതിനും സംഭാഷണമെഴുതിയത്. ചിത്രം ഇറങ്ങിയ ശേഷം പല കോലാഹലങ്ങളുമുണ്ടായ കൂട്ടത്തില്‍ ശോഭയുടെ അമ്മ സിനിമക്കെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്ന സംഭവവുമുണ്ടായി. സിനിമയില്‍ അവരെ മോശമായി ചിത്രീകരിച്ചുവെന്നും റിലീസിനെതിരെ നിയമ നടപടിയെടുക്കുമെന്നുമായിരുന്നു അവര്‍ മാധ്യമങ്ങളില്‍ പറഞ്ഞത്. എന്നാലവര്‍ അതു ചെയ്തില്ല. അതിനൊന്നും കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവര്‍ എന്നതാണ് കാരണം.

ശോഭയുടെ മരണശേഷം ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെ അവരുടെ ജീവിതത്തിലുണ്ടായി. സിനിമ അങ്ങേയറ്റം സത്യസന്ധമായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. അതേക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കള്‍ എനിക്ക് ശാപം കിട്ടുമെന്നു വരെ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫ്ളാഷ്ബാക്ക് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യാ ടുഡെ പോലുള്ള ഇംഗ്ലീഷ് വാരികയിലും ബോംബെ പത്രങ്ങളിലുമെല്ലാം വിവാദം കൊഴുത്തു. അന്നും പിന്നീടുമൊക്കെ ബാലുമഹേന്ദ്രയും ചിത്രത്തെ കുറിച്ച് പ്രതികരിച്ചു കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയില്ല എന്നമട്ടിലായിരുന്നു അവ. ഫ്ളാഷ്ബാക്ക് എനിക്ക് ഒരുപാട് അംഗീകാരവും പ്രശസ്തിയും നേടിത്തന്ന ചിത്രമാണ്. സിനിമയ്ക്കുള്ളിലെ സിനിമ ആദ്യമായി പ്രേക്ഷകനിലേക്കെത്തുന്നത് ഫ്ളാഷ്ബാക്കിലൂടെയാണ്. സിനിമയ്ക്കും സിനിമാക്കാര്‍ക്കും ജനങ്ങള്‍ക്കിടയില്‍ എന്നും വലിയ പ്രശസ്തിയുണ്ട്. അവരെ കുറിച്ചുള്ള ഏത് വാര്‍ത്തകള്‍ക്കും സിനിമാ പ്രേമികള്‍ കാതോര്‍ക്കുന്നു. എന്നാല്‍ സിനിമാക്കാരുടെ ലോകവും സിനിമയുടെ പിന്നാമ്പുറവും എന്നും പുറംലോകത്തിന് അജ്ഞാതമായി തുടര്‍ന്നു. ഫ്ളാഷ്ബാക്കിന്റെ വരവ് അത്തരത്തില്‍ ആഘോഷിക്കപ്പെട്ടു. ഫ്ളാഷ്ബാക്കിന് ശേഷം സിനിമയും സിനിമാക്കാരും കഥാപാത്രമായി ഏറെ സിനിമകള്‍ വന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ചെയ്ത "ഉദയനാണ് താരം" സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. ഫ്ളാഷ്ബാക്ക് നല്ലപോലെ സാമ്പത്തിക നേട്ടവുമുണ്ടാക്കി.

കേരളത്തിന് പുറത്തും ആ സിനിമ നന്നായി സ്വീകരിക്കപ്പെട്ടു. മുംബൈയിലെല്ലാം വലിയ ചര്‍ച്ചയായി. അതിനു കാരണം ബോംബെയില്‍ നടന്ന ആ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ ഫ്ളാഷ്ബാക്ക് പ്രദര്‍ശിപ്പിക്കുകയും വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തതാണ്. ഫ്ളാഷ്ബാക്ക് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിട്ടും ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകളൊന്നും കിട്ടാതെ പോയതിനെക്കുറിച്ച് പിന്നീട് പലരും ചോദിച്ചിരുന്നു. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അതേക്കുറിച്ചൊന്നും ഓര്‍ത്തിട്ടുമില്ല. ഇന്ത്യന്‍ പനോരമയിലും പിന്നീട് ലണ്ടന്‍ ഫെസ്റ്റിലുമൊക്കെ ലഭിച്ച അംഗീകാരം ഇപ്പറഞ്ഞതിനെക്കാളൊക്കെ വലുതാണല്ലോ. ഒരു പക്ഷേ കേരളത്തിനു പുറത്ത് ഞാനറിയപ്പെടുന്നത് ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന സിനിമയുടെ സംവിധായകനായാണ്. അടുത്ത കാലത്ത് മുംബൈയില്‍ പോയപ്പോഴും ചിലരൊക്കെ ആ സിനിമയെക്കുറിച്ച് സംസാരിച്ചത് ആഹ്ലാദമുണ്ടാക്കി. രാജ്യത്തിനകത്തെ നിരവധി ചലച്ചിത്ര മേളകളിലും ഫ്ളാഷ്ബാക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.

വിദേശ ചലച്ചിത്ര മേളകളില്‍ ഫ്ളാഷ്ബാക്കിന്റെ ആകര്‍ഷണം മറ്റു ചിലതായിരുന്നു. തെന്നിന്ത്യയിലെ സിനിമാ നഗരമായ കോടമ്പാക്കവും അവിടത്തെ സിനിമയും സിനിമാക്കാരുമെല്ലാം പശ്ചാത്തലമായതിനാല്‍ വിദേശി പ്രേക്ഷകരില്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. നമ്മുടെ സിനിമാ ലോകവും സിനിമാക്കാരുടെ രീതികളും അവര്‍ക്കിടയിലെ ബന്ധങ്ങളും എല്ലാം ആ സിനിമ അവര്‍ക്ക് കാട്ടിക്കൊടുത്തു. ലണ്ടന്‍ മേളയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചിത്രമായി ഫ്ളാഷ്ബാക്ക്. അവിടെനിന്നു കിട്ടിയ അംഗീകാരം വീടിന്റെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ വളരെ പ്രശസ്തമായ മേളയാണത്. ആ വര്‍ഷം എനിയ്ക്കു പുറമെ അടൂരും മങ്കട രവിവര്‍മയും ഉള്‍പ്പെടെയുള്ളവര്‍ ആ മേളയില്‍ പങ്കെടുത്തിരുന്നു. അടൂരിന്റെ "എലിപ്പത്തായ"മാണ് മുമ്പ് ആ മേളയില്‍ പങ്കെടുത്തിട്ടുള്ളത്. ആ വര്‍ഷം എത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രശംസയും അംഗീകാരവും കിട്ടിയത് ഫ്ളാഷ്ബാക്കിനായിരുന്നു. മുമ്പ് പറഞ്ഞതുപോലെ ഇന്ത്യന്‍ സിനിമയുടെ സോഷ്യോളജി എന്ന നിലയില്‍ ഏറെ ചര്‍ച്ചകളും സിനിമയെ അധികരിച്ച് ഉയര്‍ന്നുവന്നു.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം.എസ്. അശോകന്‍

ദേശാഭിമാനി വാരിക 20 നവംബര്‍ 2011

Wednesday, November 16, 2011

"ലേഖയുടെ മരണ"വും വിവാദങ്ങളും

ആദ്യഭാഗങ്ങള്‍ ഇവിടെ

യവനികയിലേക്ക് എത്തും മുമ്പ് കോലങ്ങള്‍(1981) എന്ന സിനിമയെ കുറിച്ച് പറയണം. വളരെ ഈസിയായി ചെയ്ത സിനിമയായിരുന്നു കോലങ്ങള്‍ . ഇന്ത്യന്‍ പനോരമയിലും ഫ്രാന്‍സ് മേളയിലും വലിയ പ്രശംസ നേടി. ഡി ഫിലിപ്പായിരുന്നു നിര്‍മാതാവ്. അദ്ദേഹം തന്നെയാണ് പി ജെ ആന്‍റണിയുടെ കഥയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന പേരില്‍ പി ജെ ആന്‍റണി എഴുതിയ കഥയാണ് കോലങ്ങള്‍ എന്ന പേരില്‍ സിനിമയായത്. ഇതേ കഥ പി ജെ ആന്‍റണി തന്നെ നാടകമാക്കിയപ്പോള്‍ പേര് മൂന്ന് പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്നായിരുന്നു. പി ജെ ആന്‍റണിയുമായി അടുത്ത് പരിചയപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. മദ്രാസില്‍ ഏതോ ചിത്രത്തിന്റെ ജോലി നടക്കുമ്പോള്‍ പി ജെ ആന്‍ണി സ്റ്റുഡിയോയിലേക്ക് വന്നതും അദ്ദേഹത്തെ ഞാന്‍ വിഷ് ചെയ്തതും ഓര്‍ക്കുന്നു. പെരിയാര്‍ എന്ന ചിത്രത്തിെന്‍റ ഡബ്ബിങ്ങിനാണ് അദ്ദേഹം മദ്രാസില്‍ വന്നതെന്നാണ് ഓര്‍മ. അദ്ദേഹം എന്റെ ചിത്രത്തിലൊന്നും അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ മേരി എവിടെയോ എഴുതിയിരുന്നു. കോലങ്ങളുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അദ്ദേഹത്തിന് അസുഖമായി. രൂപമൊക്കെ മാറിപ്പോയിരുന്നു. സിനിമ കാണാന്‍ പിജെ ആന്‍ണിക്ക് കഴിഞ്ഞില്ല. ചിത്രം ഇറങ്ങുന്നതിന് മാസങ്ങള്‍ മുമ്പാണ് അദ്ദേഹം മരിച്ചത്.

മധ്യതിരുവിതാംകൂര്‍ ഗ്രാമത്തിലെ കൃസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവല്‍ക്കരിച്ചത്. ആന്‍റണിയുടെ കഥക്ക് ഞാന്‍ തന്നെയാണ് തിരക്കഥയെഴുതിയത്. തിരക്കഥാ രചനക്ക് മുമ്പ് അദ്ദേഹവുമായി ചര്‍ച്ചയൊന്നും ആവശ്യമായി വന്നില്ല. എനിക്കും പരിചയമുള്ള പശ്ചാത്തലമാണല്ലോ കഥയിലേത്. ഗ്രാമീണ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്കാണ് പി ജെ ആന്‍റണിയുടെ കഥ തുറന്നുവച്ചിരുന്നത്. വര്‍ണങ്ങള്‍ ചേര്‍ത്ത് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന ഗ്രാമക്കാഴ്ചകള്‍ പരിചയിച്ച പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി കോലങ്ങള്‍ . ആ വര്‍ഷം എം ടി - കെ എസ് സേതുമാധവന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഓപ്പോള്‍ ആയിരുന്നു മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. രണ്ടാമത്തെ ചിത്രം ജോണ്‍പോള്‍ തിരക്കഥയെഴുതിയ ഭരതെന്‍റ ചാമരം. കോലങ്ങളിലെ അഭിനയത്തിന് രാജം കെ നായര്‍ക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാര്‍ഡ് മാത്രമാണ് കിട്ടിയത്. കോലങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന അഭിപ്രായം പലര്‍ക്കുമുണ്ടായിരുന്നു. ജൂറിയില്‍ അംഗമായിരുന്നെങ്കില്‍ കോലങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുമായിരുന്നുവെന്ന് തിരക്കഥാകാരന്‍ ജോണ്‍പോള്‍ അഭിപ്രായപ്പെട്ടത് അന്ന് വിവാദമായി. കെ എസ് സേതുമാധവനും ഭരതനുമൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിലെ മേളയില്‍ അക്കൊല്ലം അടൂരും മങ്കരവിവര്‍മയുമൊക്കെ ഉള്‍പ്പെടെ വലിയ സംഘം പോയിരുന്നു. കോലങ്ങള്‍ അവിടെയും പ്രശംസ നേടി.

വിദേശ ചലച്ചിത്ര മേളകളെ കുറിച്ച് പറയുമ്പോള്‍ ഫ്രാന്‍സ് കൂടാതെ ലണ്ടന്‍ , കാനഡ എന്നിവിടങ്ങളിലാണ് ഞാന്‍ പോയിട്ടുള്ളത്. ലണ്ടന്‍ മേളയില്‍ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് വളരെ ശ്രദ്ധ നേടി. അടൂരിന്റെ എലിപ്പത്തായത്തിന് ശേഷം ലണ്ടന്‍ മേളയിലേക്ക് ക്ഷണിക്കപ്പെട്ട ചിത്രമായിരുന്നു. അവര്‍ നല്‍കിയ അംഗീകാരം വിലപ്പെട്ടതായി കണക്കാക്കുന്നു. സിനിമാ നഗരമായ കോടാമ്പക്കത്തെ സിനിമാക്കാരുടെ കഥ പറയുന്ന ഫ്ളാഷ്ബാക്കില്‍ വരച്ചിട്ട ഇന്ത്യന്‍ സോഷ്യോളജിയാണ് ആ സിനിമയില്‍ വിദേശീയരെ ആകര്‍ഷിച്ചത്. നടീനടന്മാര്‍ , അവരുടെ പരസ്പര ബന്ധം, സമൂഹത്തിലുള്ള പദവി എല്ലാം ചിത്രത്തില്‍ സൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുണ്ട്. യവനിക സോവിയറ്റ് യൂണിയനിലെ പ്രധാന ഫെസ്റ്റിവലിന് പോയിരുന്നു. അന്ന് പക്ഷേ ഞാന്‍ പോയില്ല. ആദാമിന്റെ വാരിയെല്ല് വടക്കേയിന്ത്യയിലെ മേളകളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചിത്രമായിരുന്നു. സിനിമ ചെയ്തു കഴിഞ്ഞ് ഫെസ്റ്റിവലുകള്‍ തോറും കൊണ്ട് നടക്കുന്ന ശീലം പണ്ടേയില്ല. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അത് മറന്ന് അടുത്തതിലേക്ക് പോകുന്നതാണ് എെന്‍റ രീതി. സിനിമ കണ്ട് ആരെങ്കിലും നന്നായി എന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കും.

ഹെന്‍റി ഫെര്‍ണാണ്ടസ് വന്ന് നാടക പശ്ചാത്തലത്തിലുള്ള കഥ സിനിമയാക്കാന്‍ തീരുമാനിച്ചതോടെ യവനിക(1982) എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എനിക്ക് ഏറ്റവും കൂടുതല്‍ അംഗീകാരവും പ്രശസ്തിയുമൊക്കെ നേടിത്തന്ന ചിത്രം ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് ആണെങ്കിലും കൂടുതല്‍ അടുപ്പം തോന്നിയിട്ടുള്ളത് യവനികയോടാണ്. നാടകവുമായി എനിക്കുണ്ടായിരുന്ന അടുപ്പം തന്നെയാണ് അതിന് കാരണം. നാടകവും നാടകക്കാരെയും കണ്ട് വളര്‍ന്ന വ്യക്തി എന്ന നിലയിലാണ് ആ അടുപ്പം. നാടകത്തില്‍ അഭിനയിച്ചിട്ടില്ല. ജീവിതം ശരിക്ക് കണ്ട് പഠിച്ചത് നാടകത്തില്‍ നിന്നാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് നാടകവുമായുള്ള സഹവാസം തുടങ്ങിയത്. അന്ന് ചങ്ങനാശേരിയിലാണ് താമസം. വീടിന്റെ തൊട്ടടുത്താണ് ചാച്ചപ്പന്‍ എന്നയാളുടെ ഗീഥാ തീയറ്റേഴ്സിന്റെ കളരി. അവര്‍ നാടകം പഠിക്കുമ്പോള്‍ കാഴ്ചക്കാരനായി കളരിയില്‍ പോയിരിക്കാറുണ്ടായിരുന്നു. നാടകക്കാരുടെ ജീവിതം അടുത്തുകാണാന്‍ അത് അവസരമൊരുക്കി. ഗീഥാ തീയറ്റേഴ്സിനൊപ്പം യാത്ര ചെയ്ത് പലയിടത്തും പോയിട്ടുമുണ്ട്. ആ ട്രൂപ്പിന്റെ ഉടമ ചാച്ചപ്പെന്‍റ തനിപ്പകര്‍പ്പാണ് യവനികയില്‍ തിലകന്‍ അവതരിപ്പിച്ച വക്കച്ചന്‍ മുതലാളി എന്ന കഥാപാത്രം. തിലകനും കാലടി ഓമനയുമൊക്കെ ഗീഥ തീയറ്ററില്‍ അംഗങ്ങളായിരുന്നു.

തബലിസ്റ്റ് അയ്യപ്പെന്റെ നാടക ലോകവും കലാകാരന്‍ എന്ന നിലയില്‍ കുത്തഴിഞ്ഞ ജീവിതവും അയ്യപ്പെന്‍റ തിരോധാനത്തെ തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് യവനികയുടെ ഇതിവൃത്തം. അന്ന് എന്റെ പ്രൊഡക്ഷന്‍ മാനേജര്‍മാരായിരുന്ന ലത്തീഫനായിരുന്നു നിര്‍മാണ നിര്‍വ്വഹണ ചുമതല. ഒരു ടൂറിങ് ടാക്കീസിന്റെ കഥയായിരിക്കും സിനിമ എന്ന് ഉറപ്പിച്ചതല്ലാതെ കഥയൊന്നും രൂപപ്പെട്ടിരുന്നില്ല. കഥയിലേക്കെത്തിയത് ലത്തീഫ് വഴിയാണ്. ഒരുപാട് നാടക കമ്പനികളുമായി ബന്ധമുണ്ടായിരുന്ന ആലപ്പുഴ ഉസ്മാന്‍ എന്നൊരു തബലിസ്റ്റിനെ കുറിച്ച് സംസാരത്തിനിടക്കെപ്പോഴോ ലത്തീഫ് പറഞ്ഞു. അയാളെ ഒരു സുപ്രഭാതത്തില്‍ കാണാതായി. പിന്നീടൊരിക്കലും തിരിച്ചെത്തിയുമില്ല. കേട്ടപ്പോള്‍ രസകരമായി തോന്നി. അത് വികസിപ്പിച്ചപ്പോള്‍ യവനികയായി. നാടക പശ്ചാത്തലമായിരുന്നതിനാല്‍ തിരക്കഥയെഴുതാന്‍ പ്രശസ്ത നാടകകാരന്‍ കെ ടി മുഹമ്മദിനെയാണ് ആദ്യം നിശ്ചയിച്ചത്. അന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന കെ ടി. സംഭാഷണമെഴുതാമെന്ന് ഏറ്റു. അതനുസരിച്ച് ചിത്രത്തിന്റെ ഷെഡ്യൂള്‍ തയ്യാറാക്കി. ഗോപി, നെടുമുടി, ജഗതി ശ്രീകുമാര്‍ എന്നിവരുടെ ഡേറ്റ് വാങ്ങി. പ്രധാന നടിക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ അന്ന് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിരുന്ന ജലജയില്‍ അവസാനിച്ചു. ക്യാമറ രാമചന്ദ്ര ബാബു. സിനിമയുടെ സിറ്റ്വേഷനുകള്‍ വിശദമായി പറഞ്ഞപ്പോള്‍ ഗാനങ്ങള്‍ ഒഎന്‍വിയും സംഗീതം എംബിഎസും സന്തോഷത്തോടെ ഏറ്റു. അങ്ങനെ ചിത്രീകരണം തുടങ്ങി.

പലവിധ തിരക്കിനിടയില്‍ കെ ടിയുടെ തിരക്കഥ വൈകിയത് തുടക്കത്തില്‍ തന്നെ പ്രതിസന്ധിയായി. അതത് ദിവസം ചിത്രീകരിക്കാനുള്ളത് കൊടുത്തുവിടുകയായിരുന്നു അദ്ദേഹം. എന്റെതായ മാറ്റിയെഴുതല്‍ കൂടി വേണ്ടി വന്നതോടെ ചിത്രീകരണത്തിന് തടസം നേരിട്ടു. മുന്ന് ദിവസത്തെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ സംഗതി ശരിയാകില്ലെന്ന് തോന്നി. അന്ന് വൈകീട്ട് സിനിമയില്‍ സഹകരിക്കുന്ന മുഴുവന്‍ പേരെയും വിളിച്ച് കാര്യം പറഞ്ഞു. ചിത്രീകരണം നിറുത്തുകയാണ്. വിരോധമില്ലെങ്കില്‍ ഒരു മാസം കഴിഞ്ഞ് ഡേറ്റ് തരണമെന്ന് പറഞ്ഞപ്പോള്‍ ആരും എതിരഭിപ്രായം പറഞ്ഞില്ല. വലിയ തിരക്കുള്ളവരൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ആലപ്പുഴ ടിബിയില്‍ മുറിയെടുത്ത് കുറഞ്ഞ ദിവസംകൊണ്ട് തിരക്കഥയെഴുതി. സംഭാഷണമെഴുതാന്‍ ആള് വേണമെന്ന് ലത്തീഫിനോട് പറഞ്ഞു. അങ്ങനെ എസ്എല്‍ പുരം സദാനന്ദനെ കണ്ടെത്തി സംഭാഷണമെഴുതാന്‍ ഏല്‍പ്പിച്ചു. കൃത്യം ഒരുമാസത്തിനുള്ളില്‍ അദ്ദേഹം ജോലി പൂര്‍ത്തിയാക്കി. പിന്നെ താമസിച്ചില്ല. തിരുവനന്തപുരം വട്ടിയൂര്‍കാവിലും പരിസരത്തുമായി ചിത്രീകരണം തുടങ്ങി. 36 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായതില്‍ സിനിമയില്‍ സഹകരിച്ചവര്‍ക്കുള്ള പങ്ക് വലുതാണ്.

സാങ്കേതിക തികവാര്‍ന്ന ചിത്രമാണ് യവനിക. ആ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ 117 ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രവും യവനികയായിരുന്നു. കുറ്റാന്വേഷണ ചിത്രങ്ങളുടെ നിരയില്‍ മികച്ച സൃഷ്ടിയായി യവനിക വാഴ്ത്തപ്പെട്ടു. കുറസോവയുടെ റാഷമോണ്‍ , നാല്‍പ്പതുകളിലെ അമേരിക്കന്‍ ക്ലാസിക്കുകളില്‍ ഒന്നായ സിനിമ സിറ്റിസണ്‍ കെയ്ന്‍ എന്നിവയുമായും താരതമ്യം ചെയ്യപ്പെടുക പോലുമുണ്ടായി. സിനിമയില്‍ കണ്ടതെല്ലാം നാടകത്തില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ്. തിലകെന്‍റയൊന്നും അഭിനയമല്ല, ജീവിതമാണ്. ഗോപിയെ തബലിസ്റ്റ് അയ്യപ്പനായി കാസ്റ്റ് ചെയ്തതാണ് ആ ചിത്രത്തിലെ വലിയ വിജയമെന്ന് കരുതുന്നു. അത്തരമൊരഭിനയം എങ്ങും കണ്ടിട്ടില്ല. ഗോപി കൊടിയേറ്റത്തിലെ മിന്നുന്ന പ്രകടനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് യവനികയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. യവനികയുടെ രജതജൂബിലി മാധ്യമങ്ങള്‍ വേണ്ടപോലെ ഓര്‍മപ്പെടുത്തിയിരുന്നു.

എന്തിന്റെയും ഉള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് വിട്ട് പുറത്തു നിന്നുള്ള നോട്ടം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കഥാപാത്രങ്ങളെ അവരുടെ മാനസിക വ്യാപാരമറിഞ്ഞ്, അവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിച്ച് അങ്ങേയറ്റം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ രൂപപ്പെടുത്തുക എന്നത് പോലെ തന്നെ. അങ്ങനെയുണ്ടായ സിനിമകളില്‍ പ്രധാനം യവനികയും ലേഖയുടെ മരണവുമായിരുന്നു. 1983 ലാണ് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല് എന്നീ സിനിമകള്‍ പിറക്കുന്നത്. മദ്രാസില്‍ അനേക വര്‍ഷം താമസിച്ചതിന്റെ അനുഭവങ്ങള്‍ , സിനിമയെയും സിനിമാക്കാരെയും അടുത്ത് നിന്ന് കണ്ടതില്‍ നിന്നുണ്ടായ അറിവുകള്‍ എല്ലാം ഫ്ളാഷ്ബാക്കിലേക്ക് എത്തിച്ചു. സിനിമയെ കുറിച്ച് ഒരു സിനിമ എന്ന നേരത്തെയുള്ള തീരുമാനം അന്നത്തെ പ്രശസ്ത നടി ശോഭയുടെ ആത്മഹത്യയുമായി കൂട്ടിയിണക്കിയ കഥാതന്തുവിലൂടെ യാഥാര്‍ഥ്യമായി എന്നുമാത്രം. അത് ബോധപൂര്‍വ്വമുള്ള ശ്രമം തന്നെയായിരുന്നു. ശോഭയുടെ ആത്മഹത്യ ഇതിവൃത്തമാക്കിയത് അന്ന് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. സിനിമ തുടങ്ങും മുമ്പ് തന്നെ അത് ചര്‍ച്ചയായി. ശോഭ അന്ന് വലിയ പ്രൊഫൈലാണ്. തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിയ ശോഭ വെറും രണ്ട് വര്‍ഷം കൊണ്ടാണ് മലയാളത്തിലെ താരമായത്.

1980 സെപ്തംബറിലായിരുന്നു സിനിമാലോകത്തെ നടുക്കിയ ആത്മഹത്യ. മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പ് ഫ്ളാഷ്ബാക്ക് തുടങ്ങി. വിവാദം കത്തിയപ്പോള്‍ വെറുതെ പല്ലിട കുത്തി മണപ്പിക്കണോ എന്ന് ചില സിനിമാക്കാര്‍ തന്നെ ചോദിച്ചു. അങ്ങനെ വിവാദങ്ങള്‍ ഉയരുമ്പോള്‍ പിന്നോട്ട് മാറി നില്‍ക്കുന്ന സ്വഭാവമല്ല എന്റേത്. സത്യം സത്യമായി തന്നെ പറയണമെന്നതാണ്. ജീവിതത്തോട് അടുപ്പമുള്ള സത്യം പറയലാണ് എന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. അന്നുമിന്നും സിനിമാക്കാരുടെ കോടാമ്പക്കം ജീവിതത്തെ ഇത്രമേല്‍ റിയലിസ്റ്റിക്കായി സമീപിച്ച വേറെ ചിത്രങ്ങള്‍ ഉണ്ടായിട്ടില്ല.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക

കെ.ജി.ജോര്‍ജ്ജ്: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ജീവിതം

ആദ്യഭാഗങ്ങള്‍ ഇവിടെ

പുണെയിലെ ഒരുമാസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുത്ത അനുഭവങ്ങളാണ് ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചേരാന്‍ പ്രേരണയായത്. ഇന്‍സ്റ്റ്യൂട്ടിലെ വെക്കേഷന്‍ കാലത്തായിരുന്നു ക്യാമ്പ്. അവധിക്കാലത്ത് വീട്ടില്‍ പോകാതെ അവിടെയുണ്ടായിരുന്ന അപൂര്‍വം വിദ്യാര്‍ഥികള്‍ക്കൊപ്പം മലയാളിയായ ജി എസ് പണിക്കരുണ്ടായിരുന്നു. പില്‍ക്കാലത്ത് ഏകാകിനി എന്ന ചിത്രം ചെയ്ത പണിക്കര്‍ തന്നെ. അദ്ദേഹവുമായി കൂടി. പുണെ നഗരമൊക്കെ കൊണ്ട് നടന്ന് കാണിച്ചത് പണിക്കരാണ്. ഞാന്‍ ക്യാമ്പില്‍ എത്തിയ ദിവസമായിരുന്നു റേയുടെ പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിച്ചത്. സിനിമക്കിടെ യാത്രാ ക്ഷീണത്താല്‍ ഉറങ്ങിപ്പോയി. പിന്നീട് ഫിലിം ആര്‍കൈവ്സ് ഡയറക്ടറായ കെ കെ നായര്‍ അവിടെയുണ്ട്. അദ്ദേഹത്തോട് പറഞ്ഞ് ഒരിക്കല്‍ കൂടി സിനിമ പ്രദര്‍ശിപ്പിച്ച് ഉറങ്ങാതെ കണ്ടു. ജീവിതത്തില്‍ മറക്കാനാവാത്ത വ്യക്തിയാണ് നായര്‍സാര്‍ . ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെല്ലാം വലിയ സഹായമായിരുന്നു അദ്ദേഹം. പിന്നീട് എെന്‍റ അടുത്ത സുഹൃത്തായി. ക്യാമ്പിലെ അനുഭവങ്ങളും പാഠവും നന്നായി സ്വാധീനിച്ചു. അടുത്ത വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായി ചേരണമെന്ന തീരുമാനത്തോടെയാണ് അന്ന് പുണെ വിട്ടത്. ചെന്നൈയില്‍ വച്ചായിരുന്നു പ്രവേശന പരീക്ഷ. പില്‍ക്കാലത്ത് എന്റെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രാമചന്ദ്രബാബുവും പരീക്ഷയെഴുതാനുണ്ടായിരുന്നു. പ്രവേശനത്തിന് മുന്നോടിയായ ഇന്‍റര്‍വ്യൂവിന് ഹിന്ദി സിനിമയിലെ പ്രശസ്ത താരമായിരുന്ന രാജ്കപൂര്‍ ഉള്‍പ്പെടുന്ന പ്രഗല്‍ഭര്‍ക്ക് മുന്നിലാണ് ഹാജരായത്. സിനിമ വിഷയമാക്കി എഴുതി പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളും കരുതിയിരുന്നു. എന്റെ ഭാഷയെ കുറിച്ച് അത്ര ആത്മവിശ്വാസമില്ലായിരുന്നെങ്കിലും അറിയാവുന്ന ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

ലേഖനങ്ങളും കാണിച്ചു. സിനിമയില്‍ എനിക്ക് താല്‍പ്പര്യമുണ്ടെന്ന് കണ്ട് അന്ന് അസിസ്റ്റന്‍റ് കോഴ്സ് ഡയറക്ടറായിരുന്ന രമേഷ് പോള്‍ പ്രവേശനത്തിന് എന്റെ പേര് റെക്കമന്‍ഡ് ചെയ്തു. അങ്ങനെ 1968ല്‍ ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായി. നടി ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്ന മോഹന്‍ , രവി മേനോന്‍ , ആസാദ്, ജമീലാ മാലിക്, ഗൗതമന്‍ , ജയഭാധുരി എന്നിവരൊക്കെ സമകാലികരായിരുന്നു. ജോണ്‍ എബ്രഹാം, ബാലുമഹേന്ദ്ര എന്നിവര്‍ സീനിയര്‍ സിനിമാ വിദ്യാര്‍ഥികളും. ഇന്ത്യന്‍ സംവിധായകരെ അടുത്തറിയുന്നതും അവരുടെ പ്രധാന സിനിമകള്‍ കാണുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്താണ്. റേ, ഋത്വിക് ഘട്ടക്ക്, മണി കൗള്‍ , മൃണാള്‍ സെന്‍ , ഐ എസ് ജോഹര്‍ , ബിമല്‍ റോയ് തുടങ്ങിയ വിഖ്യാത സംവിധായകരൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമായിരുന്നു. അവരുമായെല്ലാം എനിക്ക് എഴുത്തു കുത്തും ചിലരുമൊക്കെയായി ചങ്ങാത്തവുമുണ്ടായി. സിനിമാ സംബന്ധിയായി നടത്തിയ ആശയ വിനിമയം അമൂല്യ അനുഭവമായിരുന്നു. ഹോസ്റ്റലിലായിരുന്നു താമസം. അധ്യാപകരും വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അധ്യാപകരെല്ലാം അടുത്ത സുഹൃത്തുക്കളായി. അധ്യാപന രീതി വെറുതെ പഠിപ്പിക്കലല്ല. വഴികാട്ടുകയായിരുന്നു അവര്‍ . സിനിമയെ കുറിച്ചെല്ലാം ഉള്‍ക്കാഴ്ച നല്‍കും. പഠിക്കുന്നത് നമ്മളാണ്. ക്ലാസില്‍ 12 വിദ്യാര്‍ഥികള്‍ . രണ്ട് പേര്‍ വിദേശീയരായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ എന്നു പറയാവുന്നത് ഒറീസക്കാരന്‍ നീരദ് മഹാപത്ര, വിനോദ് ശുക്ല, സുരേന്ദ്ര ചൗധരി എന്നിവരായിരുന്നു. അതൊരു ഇന്റലക്ച്വല്‍ ഗ്രൂപ്പായിരുന്നു. ഇംഗ്ലീഷായിരുന്നു പൊതു ഭാഷ. അന്ന് ഭാഷ നന്നല്ല. പിന്നീട് മെച്ചമാകാന്‍ അന്നത്തെ ചര്‍ച്ചകളും ഇടപെടലുകളും സഹായിച്ചു. അഭിനയ കോഴ്സിലായിരുന്നു ജയഭാധുരി. നല്ല സുഹൃത്തായിരുന്നു. അവരുടെ കല്യാണം കഴിയുന്നത് വരെ അടുത്ത ബന്ധമുണ്ടായിരുന്നു. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ചെയര്‍പേഴ്സണായിരിക്കെ തിരുവനന്തപുരത്ത് വന്നിരുന്നു. അന്ന് വീട്ടില്‍ വലിയ പാര്‍ട്ടി നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കുമ്പോള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാനും സിനിമ കാണാനും പാര്‍ട്ടികള്‍ക്കുമൊക്കെ പോകുമായിരുന്നു. ഊഷ്മളമായ സൗഹൃദമായിരുന്നു. ജോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്തും ആരെയും വകവയ്ക്കാത്ത പ്രകൃതമാണ്. കാണുന്നവരോടൊക്കെ പണം ചോദിച്ചും മറ്റും പിന്നീട് നാം കണ്ട അതേ ജീവിതം തന്നെയാണ് അവിടെയും നയിച്ചിരുന്നത്. എന്റെ ഡിപ്ലോമ ചിത്രമൊന്നും അത്ര പ്രധാനമല്ല. ജോണിന്റേത് പ്രധാനപ്പെട്ടതായിരുന്നു. പേര് ഇപ്പോള്‍ ഓര്‍മ വരുന്നില്ല.

1971ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം പൂര്‍ത്തിയാക്കിയത്. അപ്പോള്‍ തന്നെ രാമു കാര്യാട്ടിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കാന്‍ അവസരം കിട്ടി. പുണെയിലുള്ളപ്പോഴാണ് രാമു കാര്യാട്ടിന് കീഴില്‍ നില്‍ക്കാന്‍ അവസരം തുറന്നത്. ഞങ്ങളുടെ എക്സാമിനറായി അദ്ദേഹം വന്നിരുന്നു. പരിചയപ്പെട്ടു. എന്റെ ഇടപെടലിലും മറ്റും ബോധ്യം തോന്നിയതുകൊണ്ടാകണം കോഴ്സ് കഴിഞ്ഞാല്‍ മദ്രാസിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചു. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ എന്ന് മറുപടി പറഞ്ഞു. എങ്കില്‍ മദ്രാസില്‍ വരുമ്പോള്‍ ചെന്ന് കാണാന്‍ അദ്ദേഹവും പറഞ്ഞു. മറ്റാരുടെ കീഴിലും അസിസ്റ്റന്റാകാന്‍ സമീപിച്ചിട്ടില്ല. രാമു കാര്യാട്ടാകട്ടെ അന്നത്തെ സൂപ്പര്‍ സംവിധായകനും. കോഴ്സ് പൂര്‍ത്തിയാക്കി നേരെ മദ്രാസിന് വണ്ടി കയറി. കാര്യാട്ടിനെ പോയി കണ്ടു. അദ്ദേഹമന്ന് ടി ഇ വാസുദേവന്‍ നിര്‍മിക്കുന്ന മായ എന്ന സിനിമ കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങാന്‍ ഏതാനും മാസത്തെ താമസമുണ്ടെന്ന് അറിയിച്ചു. അങ്ങനെ മദ്രാസിലെ ഉമ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങി. സ്വന്തം പണം മുടക്കിയായിരുന്നു താമസം. എന്നാല്‍ പടം തുടങ്ങിയതോടെ കാര്യാട്ട് നിര്‍മാതാവിെന്‍റ ചെലവില്‍ എനിക്ക് ഉമ ലോഡ്ജില്‍ തന്നെ താമസമൊരുക്കി തന്നു. എന്റെ കഴിവില്‍ വിശ്വാസം തോന്നിയതുകൊണ്ടാകണം അങ്ങനെ ചെയ്തത്. ഞാനല്ലാതെ വേറെ അസിസ്റ്റന്റുമാരൊന്നുമില്ല. അന്നേ കാര്യാട്ട് സിനിമയിലെ വന്‍ ഫിഗറാണ്. നമുക്കെല്ലാം എത്തിപ്പെടാന്‍ കഴിയുന്നതിലുമപ്പുറമാണ് അദ്ദേഹത്തിെന്‍റ പ്രഭാവം. നീലക്കുയിലില്‍ തുടങ്ങി മുടിയനായ പുത്രന്‍ , മൂടുപടം എന്നിവയിലൂടെ മലയാളത്തിലെ സര്‍വകാല ഹിറ്റായിരുന്ന "ചെമ്മീന്‍" എടുത്ത് കത്തിജ്വലിച്ച് നില്‍ക്കുന്ന കാലം. എല്ലാത്തിലും അദ്ദേഹത്തിന്റേതായ പ്രത്യേക രീതിയുണ്ടായിരുന്നു. എങ്കിലും പോകെപ്പോകെ ആദ്യത്തെ അകല്‍ച്ച ഇല്ലാതായി. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചു. മദ്യപിച്ച് കഴിഞ്ഞാല്‍ പിന്നെ രഹസ്യങ്ങളൊന്നുമില്ല. എല്ലാം തുറന്ന് പറയും. അങ്ങനെ പറഞ്ഞ കൂട്ടത്തില്‍ സിനിമയെ സംബന്ധിക്കുന്ന ഒരുപാട് രഹസ്യങ്ങളുമുണ്ടായിരുന്നു. കെ സുരേന്ദ്രന്‍ മനോഹരമായി എഴുതിയ നോവലായിരുന്നു മായ. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കാര്യാട്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ചിത്രം കണ്ട ശേഷം സുരേന്ദ്രന്‍ തന്നെ അഭിപ്രായപ്പെട്ടത്. അതില്‍ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നു. അടുത്ത ചിത്രം മികച്ചതാക്കലാണ് പ്രധാനമെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ ചെമ്മീന് ശേഷം അദ്ദേഹം ചെയ്തതൊന്നും ശ്രദ്ധിക്കപ്പെടുന്നതായില്ല. 1974ല്‍ സംവിധാനം ചെയ്ത വത്സലയുടെ നോവലിനെ ആധാരമാക്കിയുള്ള "നെല്ല്’ മാത്രമാണ് അല്‍പ്പം ശ്രദ്ധ നേടിയത്.

കേരളത്തിന് പുറത്തു നിന്നുള്ള സങ്കേതിക പ്രവര്‍ത്തകരെ ആദ്യം സഹകരിപ്പിച്ച സിനിമയായിരുന്നു. ചെമ്മീന്‍ പൂര്‍ണമായി തന്റെ സിനിമയല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ചെമ്മീന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ച ഹൃഷികേശ് മുഖര്‍ജിയുടെയെല്ലാം സംഭാവന വലുതാണ്. അവസാനമൊക്കെ മദ്രാസില്‍ വന്ന് ദീര്‍ഘകാലം താമസിച്ച് ആ സിനിമയെ ഏറ്റെടുത്ത് ജോലി ചെയ്യുകയായിരുന്നു മുഖര്‍ജി. അതിന്റെ മികവ് ചിത്രത്തിനുണ്ടായി. ഞാന്‍ സ്വന്തമായി സിനിമ ചെയ്യുന്നതിന് തൊട്ടു മുമ്പത്തെ വര്‍ഷമാണ് കാര്യാട്ടിന്റെ അവസാന ചിത്രമായ "അമ്മുവിന്റെ ആട്ടിന്‍കുട്ടി" ഇറങ്ങിയത്. ആകെ 13 ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. രാമു കാര്യാട്ടിന്റെ മായ, നെല്ല് എന്നീ ചിത്രങ്ങളില്‍ മാത്രമാണ് ഞാന്‍ സഹകരിച്ചത്. എന്റെ ആദ്യ സിനിമയായ സ്വപ്നാടനം റഷ്യന്‍ ഫിലിം സൊസൈറ്റിക്ക് വേണ്ടി തെരഞ്ഞെടുത്തിരുന്നു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പാനലില്‍ അംഗമായിരുന്ന കാര്യാട്ടും ചിത്രം കണ്ടു. പിന്നീട് അദ്ദേഹം അതേക്കുറിച്ച് എന്നോട് പറഞ്ഞത്, അവിടെ ഒരുപാട് സിനിമകള്‍ കണ്ടു. അതില്‍ ഏറ്റവും മനോഹരമായ സിനിമ നീ എടുത്തതാണ് എന്നായിരുന്നു. അദ്ദേഹവുമായി അവസാനം വരെ നല്ല ബന്ധമായിരുന്നു. എന്നെ സിനിമയുടെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിച്ച ആളെന്ന നിലയില്‍ സിനിമയില്‍ എന്റെ ഗുരുവും കാര്യാട്ടാണ്. ഇനി എന്റെ ആദ്യ സിനിമയിലേക്ക്.

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ "സ്വപ്നാടന"ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു(പാഴ്സി) ആണ് സ്വപ്നാടനം നിര്‍മിച്ചത്. അദ്ദേഹം എന്നെത്തേടി വരികയായിരുന്നു. പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെയാണ് മലയാള സിനിമാ നിര്‍മാണമെന്ന ആശയവുമായി അദ്ദേഹമെത്തിയത്.മുംബൈ വാസക്കാലത്ത് പരിചയപ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടനത്തിന് തിരക്കഥയെഴുതിയത്. വെസ്റ്റേണ്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ പമ്മനെ ബാപ്പുവാണ് പരിചയപ്പെടുത്തിയത്. ധാരാളം എഴുതിയിരുന്ന പമ്മനെ വായനക്കാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തിരക്കഥയെഴുതാന്‍ പമ്മന്‍ ചെന്നൈയില്‍ വന്നു. തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. അതൊരു നല്ല സിനിമയായിരുന്നില്ലെങ്കിലും എനിക്ക് മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. സൈക്കോഡ്രാമ ഇനത്തില്‍പ്പെടുത്താവുന്ന സ്വപ്നാടനം വളരെ സങ്കീര്‍ണമായ സ്ത്രീ-പുരുഷ ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കേണ്ടിവരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാകുന്നതും അതിന്റെ അന്ത:സംഘര്‍ഷങ്ങളെ വിശകലനത്തിന് വിധേയമാക്കുന്നതുമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വപ്നാടനം നേടി. നായിക വേഷം ചെയ്ത റാണി ചന്ദ്രക്ക് മികച്ച നടിക്കുമുള്ള അവാര്‍ഡും കിട്ടി.

സ്വപ്നാടനത്തിന് ശേഷം മുംബൈയില്‍ താമസമായി. അന്ന് മാധവിക്കുട്ടി അവിടെയുണ്ട്. അവരുമായി അടുത്ത ബന്ധമായിരുന്നു. എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണുകയും അവര്‍ റിവ്യൂ എഴുതുകയുമൊക്കെ ചെയ്തിരുന്നു. മാധവിക്കുട്ടി കൊച്ചിയിലേക്ക് താമസം മാറ്റിയ ശേഷവും ബന്ധമുണ്ടായിരുന്നു. നിര്‍മാതാവ് മുഹമ്മദ് ബാപ്പു ഉള്‍പ്പെടെയുള്ളവരുമായി മുംബൈ വാസക്കാലത്ത് അടുപ്പം തുടര്‍ന്നു. ബാപ്പു മുംബൈ അധോലോകവുമായി ബന്ധമുള്ളയാളായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അകത്താവുമെന്ന് ഭയന്നിരുന്നു. പക്ഷേ, രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയില്‍നിന്ന് സിനിമക്കുള്ള അവാര്‍ഡ് വാങ്ങിക്കാനൊക്കെ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ബാപ്പു മലയാളത്തില്‍ വേറെ സിനിമ എടുത്തിട്ടില്ല. തമിഴിലും ഹിന്ദിയിലുമൊക്കെ നിര്‍മാണം തുടര്‍ന്നു. നിതിന്‍ ശ്യാം എന്നൊരു മലയാളി സംഗീത സംവിധായകന്‍ അദ്ദേഹത്തിന്റെ സുഹൃത്തുണ്ടായിരുന്നു. ബോളിവുഡിലാണ് പ്രധാനമായി ചെയ്തിരുന്നത്. അദ്ദേഹത്തിന് സ്വപ്നാടനത്തില്‍ അവസരം കൊടുക്കണമെന്ന് ബാപ്പുവിന് താല്‍പ്പര്യമുണ്ടായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്വപ്നാടനത്തില്‍ പാട്ടേ ഉണ്ടായിരുന്നില്ല. പിന്നീട് എന്റെ ജീവിതസഖിയായി മാറിയ, പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയെ ആദ്യം കണ്ടുമുട്ടുന്നതും സ്വപ്നാടനത്തിന്റെ പണികള്‍ നടക്കുന്ന കാലത്താണ്. അക്കഥ പിന്നാലെ പറയാം.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക

Monday, October 24, 2011

തിരുവല്ലയിലെ ജോര്‍ജ് ടെയ്ലര്‍

ഒന്നാം ഭാഗം ഫ്ളാഷ്ബാക്ക്; എന്റെയും സിനിമയുടെയും

സ്കൂളില്‍ ചിത്രകാരനെന്ന നിലയില്‍ ഹീറോ ആയിരുന്നെങ്കിലും പഠനത്തില്‍ ആവറേജ് മാത്രമായിരുന്നു. എസ്സി സെമിനാരി സ്കൂളിനോട് ആത്മബന്ധമുള്ളതിനാലാണ് ചങ്ങനാശേരിക്ക് താമസം മാറ്റിയപ്പോഴും പഠനം അവിടെ തുടര്‍ന്നതെന്ന് പറഞ്ഞു. ആ വര്‍ഷം എസ്എസ്എല്‍സിക്ക് ഇംഗ്ലീഷിന് ഞാന്‍ തോറ്റു. മൂന്നോ നാലോ മാര്‍ക്കിെന്‍റ കുറവ്. ട്യൂട്ടോറിയലിലൊന്നും പോകാതെ തന്നെ പിറ്റേ വര്‍ഷം ഇംഗ്ലീഷ് പേപ്പര്‍ എഴുതിയെടുത്തെങ്കിലും ഇംഗ്ലീഷിന് തോറ്റെന്നത് പലരെയും അത്ഭുതപ്പെടുത്താം. കാരണം പില്‍ക്കാലത്ത് ഞാന്‍ ആ ഭാഷയില്‍ വളരെയധികം സ്വാധീനം നേടിയിരുന്നു. വായിക്കുകയും എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് നല്ല ഇംഗ്ലീഷിലായിരുന്നു. ഈ ഭാഷ ഞാന്‍ സ്വപ്രയത്നത്തിലൂടെ വശപ്പെടുത്തിയതാണ്. ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന എഴുത്തുകുത്തുകളും വായനയും പകര്‍ത്തിയെഴുത്തുമെല്ലാം അതിന് സഹായിച്ചു. ഒരു പക്ഷേ വളരെ മുമ്പെ എെന്‍റ ആഭിമുഖ്യങ്ങളെല്ലാം ആ വഴിക്കായിരുന്നുവെന്നും പറയാം. ഹൈസ്കൂള്‍ കാലത്ത് തിരുവല്ല ഭാഗത്തൊക്കെ പീസ് കോര്‍പ്സ് എന്ന അമേരിക്കന്‍ സന്നദ്ധസംഘടനയിലെ സായിപ്പന്മാര്‍ വരുമായിരുന്നു. ആ സായിപ്പന്മാരോടാണ് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പെറുക്കിവച്ച് ആദ്യം സംസാരിച്ചത്. അവരില്‍ നിന്നു കിട്ടിയ ചില മേല്‍വിലാസമൊക്കെവച്ച് അമേരിക്കയിലേക്ക് എഴുത്തുകുത്തും ആരംഭിച്ചു. കുറെപ്പേരെ സുഹൃത്തുക്കളായി കിട്ടി. അവര്‍ ടൈം, സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക്, തുടങ്ങിയ ഇംഗ്ലീഷ് മാഗസിനുകള്‍ തപാലില്‍ അയയ്ക്കാന്‍ തുടങ്ങി.

വളരെ ഗ്ലോസിയായ പേപ്പറില്‍ അച്ചടിച്ചിരുന്ന മാഗസിനുകള്‍ വായിക്കുകയും ആകര്‍ഷണം തോന്നുന്ന ലേഖനങ്ങള്‍ പകര്‍ത്തിയെഴുതുകയും ചെയ്യുന്നത് ശീലമായി. വിദേശത്തേക്കുള്ള എഴുത്തുകുത്ത് നടത്തുമ്പോള്‍ ഞാന്‍ ജോര്‍ജ് ടെയ്ലര്‍ എന്ന പേര് സ്വീകരിച്ചിരുന്നു എന്നതാണ് രസകരം. സ്വയം സ്വീകരിച്ചതാണ്. എലിസബത്ത് ടെയ്ലര്‍ എന്ന വിഖ്യാത അഭിനേത്രിയോടുള്ള ആരാധനയായിരുന്നു അതിനു പിന്നില്‍ . ജോര്‍ജ് ടെയ്ലര്‍ എന്ന പേരില്‍ കത്തുകള്‍ വന്നിരുന്നത് തിരുവല്ലയിലെ ഒരു ടെയ്ലര്‍(തയ്യല്‍ക്കാരന്‍)ക്കായിരുന്നു എന്നത് വേറെ കാര്യം. നൂറുകണക്കിന് കത്തുകള്‍ ഇത്തരത്തില്‍ വന്നിരുന്നു. കുറെക്കാലം അതൊക്കെ സൂക്ഷിച്ച് വച്ചു. അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍ ടെയ്ലര്‍ എന്ന വാല്‍ ഉപേക്ഷിച്ചു. കാരണം എന്തായിരുന്നെന്ന് ചോദിച്ചാല്‍ അത് ശരിയല്ലെന്ന് തോന്നി എന്നു മാത്രമെ ഇപ്പോള്‍ പറയാനാകൂ. ഇംഗ്ലീഷ് ഭാഷ നന്നായതോടൊപ്പം ലോക കാര്യങ്ങള്‍ പലതും അറിയാനും ഈ ഇടപാടിലൂടെ കഴിഞ്ഞു. പ്രത്യേകിച്ച് സിനിമ സംബന്ധിയായ വാര്‍ത്തകളും പുതിയ വിവരങ്ങളും അറിയാനിടയായി. പെയ്ന്റിങ് ജോലിയില്‍നിന്ന് കിട്ടിയിരുന്ന പണത്തില്‍ ഒരു ഭാഗം ബ്ലിറ്റ്സ്, ഫിലിംഫെയര്‍ , പിക്ചര്‍ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായി നീക്കിയിരുന്നു. യാത്രക്കിടയില്‍ ഇവയൊക്കെ വായിക്കും. ബ്ലിറ്റ്സും ഫിലിംഫെയറുമൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. യൗവനകാലത്തു തന്നെ വായന പതുക്കെ ബഷീറിലേക്കും ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ പൊന്‍കുന്നം വര്‍ക്കിയിലേക്കുമൊക്കെ തിരിഞ്ഞു. സ്കൂളില്‍ പഠിക്കുമ്പോള്‍ ശബ്ദിക്കുന്ന കലപ്പ വായിച്ചിരുന്നു. ഇ എം കോവൂര്‍ നാട്ടുകാരനാണ്. അദ്ദേഹത്തെ അടുത്തു പരിചയപ്പെടാനൊന്നും കഴിഞ്ഞിട്ടില്ല. കാട് പോലുള്ള അദ്ദേഹത്തിെന്‍റ കഥകള്‍ വായിച്ചിരുന്നു. ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം മറ്റുള്ളവരുമായി സംസാരിക്കുന്നത് ശ്രദ്ധിച്ചിരുന്നിട്ടുണ്ട്. നല്ല വായനക്ക് വഴിവച്ചത് അമ്മയായിരുന്നെന്ന് പറയാം. എട്ടോ ഒമ്പതോ ക്ലാസ് മാത്രം പഠിച്ചിട്ടുള്ള അമ്മ എങ്ങനെയോ അത്തരം പുസ്തകങ്ങളെയും എഴുത്തുകാരെയും എനിക്കു പരിചയപ്പെടുത്തി.

പൊന്‍കുന്നം വര്‍ക്കിക്കെതിരെ പള്ളിയെല്ലാം വലിയ കുഴപ്പമുണ്ടാക്കിയിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ മതത്തിന് വലിയ സ്വാധീനമില്ല. ഞാന്‍ അവിശ്വാസിയാണ്്. അന്നുമിന്നും. പള്ളിയില്‍ പോയിരുന്നത് പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളിലൊക്കെ പങ്കെടുക്കാന്‍ മാത്രമാണ്. അമ്മ മത വിശ്വാസിയായിരുന്നു. എന്നാലും എന്റെ കാഴ്ചപ്പാടനുസരിച്ച് ജീവിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പ്രോത്സാഹനമെന്ന അര്‍ഥത്തില്‍ ഒന്നുമുണ്ടായിട്ടില്ലെങ്കിലും എെന്‍റ വഴി അവരാരും തടഞ്ഞിട്ടില്ല. അക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു എന്നു പറയാം. കോളേജ് പഠന കാലത്താണ് വായന ഗൗരവമായത്. 1960ല്‍ എസ്എസ്എല്‍സി പാസായി. 62ല്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഇനി പഠിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ പലരും അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഡിഗ്രി എടുക്കേണ്ടത് അത്യാവശ്യമായി തോന്നി. ചങ്ങനാശേരി എന്‍എസ്എസ് കോളേജിലാണ് ചേര്‍ന്നത്. പോളിറ്റിക്കല്‍ സയന്‍സിന്. കോളേജില്‍ വിപുലമായ സുഹൃദ് സംഘമുണ്ടായിരുന്നില്ല. എന്നാല്‍ തിരുവല്ലയില്‍ ഒരു സംഘമുണ്ടായിരുന്നു. ലോക കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും പുസ്തകങ്ങള്‍ പരസ്പരം കൈമാറും. പി സി തോമസ്, ഐസക്ക്, വര്‍ഗീസ്, പണിക്കര്‍ തുടങ്ങിയവരെയൊക്കെ ഓര്‍ക്കുന്നു. അവരൊക്കെ സാഹിത്യപ്രിയരായിരുന്നു. അന്നത്തെ വായന പൊതുവില്‍ അത്തരത്തിലാണ്. അമേരിക്കന്‍ പള്‍പ്പ് ഫിക്ഷനൊക്കെ. റഷ്യന്‍ ക്ലാസിക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമൊക്കെ ചങ്ങനാശേരിയിലും തിരുവല്ലയിലും വഴിയോരത്ത് വില്‍പ്പനക്കു വച്ചിരുന്നു. പലതും പണം നല്‍കി വാങ്ങിയിട്ടുണ്ട്. മലയാളത്തില്‍ കെ ബാലകൃഷ്ണെന്‍റ കൗമുദി ഒരു പാഷനായിരുന്നു. കോട്ടയത്തു നിന്നിറങ്ങിയിരുന്ന ദേശബന്ധുവും പതിവായി വായിച്ചിരുന്നു. മനഃശാസ്ത്രപരമായ പുസ്തകങ്ങളുടെ വായന അറുപതുകളുടെ പ്രത്യേകതയായിരുന്നു. ഇന്റലക്ച്വലായ വായന എന്ന പരിവേഷവുമുണ്ടായിരുന്നതിനാല്‍ അവിടേക്കും ആകര്‍ഷിക്കപ്പെട്ടു. വിദ്യാഭ്യാസമുള്ളവരെല്ലാം മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചിരുന്നു. മനശാസ്ത്രം പ്രധാനമാണ്. സാഹിത്യമായാലും സിനിമയായാലും. ഏതു വിഷയമെടുത്താലും. പിന്നീട് സൈക്കോളജിയുടെ പ്രാധാന്യം കുറഞ്ഞുവന്നു. ഹിച്ച്കോക്കിെന്‍റ സൈക്കോ പോലുള്ള സിനിമയൊക്കെ സൈക്കോളജിക്കലാണ്. എല്ലാം സൈക്കോളജിക്കലാണ് എന്നാണ് അദ്ദേഹം സിനിമകളിലൂടെ കാണിച്ചുതന്നത്. വിദേശ സിനിമകള്‍ അത്തരത്തില്‍ വേറെയുമുണ്ട്. മലയാളത്തില്‍ ഒരു പക്ഷേ ഞാന്‍ ചെയ്ത "ഇരകള്‍" ആയിരിക്കണം അത്തരത്തില്‍ ആദ്യത്തേത്. എെന്‍റ എല്ലാ സിനിമയിലും സൈക്കോളജി പ്രധാനമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന ജി അരവിന്ദെന്‍റ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണിനെക്കുറിച്ച് ഈ അവസരത്തില്‍ പ്രത്യേകം പറയാതിരിക്കാനാവില്ല. ആഴ്ചപ്പതിപ്പ് കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത് അരവിന്ദെന്‍റ കാര്‍ട്ടൂണായിരുന്നു. കാര്‍ട്ടൂണ്‍ ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാന്‍ കൂടിയാണെന്ന് മനസിലായത് അരവിന്ദന്റെ കാര്‍ട്ടൂണുകളിലൂടെയാണ്. ഗൗരവമുള്ള പലതും അരവിന്ദന്‍ കാര്‍ട്ടൂണിലൂടെ പറഞ്ഞിരുന്നു. പല പ്രധാനപ്പെട്ട സിനിമകളെയും പുസ്തകങ്ങളെയും കുറിച്ച് കാര്‍ട്ടൂണില്‍ സൂചിപ്പിച്ചിരുന്നത് അവ തേടിപ്പിടിക്കുന്നതിനുള്ള വിലപ്പെട്ട വിവരമായി മാറി. വ്യക്തിയുടെയും സമൂഹത്തിെന്‍റയും രൂപ പരിണാമം കാര്‍ട്ടൂണിലൂടെ അവതരിപ്പിക്കുകയായിരുന്നു അരവിന്ദന്‍ . ഐഡിയോളജിസ്റ്റായ രാമുവിെന്‍റ ബൂര്‍ഷ്വായിലേക്കുള്ള മാറ്റം. അത് ഞങ്ങളുടെ സുഹൃദ്വലയത്തില്‍ ചര്‍ച്ചയായിരുന്നു. അരവിന്ദന്‍ സിനിമാ രംഗത്ത് എന്നെക്കാള്‍ സീനിയറാണ്. എന്നാല്‍ പിന്നീട് പരിചയത്തിലായശേഷം അദ്ദേഹവുമായി കൂടുതല്‍ അടുത്തു. വല്ലാത്തൊരു ബന്ധമാണ് ഞങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇക്കാലത്ത് കൊല്ലത്തു നിന്നിറങ്ങിയിരുന്ന സിനിരമയില്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു. വിദേശ പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നിരുന്ന ലേഖനങ്ങളുടെ പകര്‍ത്തിയെഴുത്തായിരുന്നു പലതും. അത്തരത്തില്‍ ലേഖനങ്ങളൊന്നും മുമ്പ് മലയാളത്തില്‍ വന്നിരുന്നില്ല. പിന്നീട് മാതൃഭൂമിയിലും സിനിമാ ലേഖനങ്ങളും നിരൂപണവും എഴുതിയിട്ടുണ്ട്.

1967ല്‍ ഡിഗ്രി പഠനം കഴിഞ്ഞു. 1963 മുതല്‍ 67 വരെയുള്ള കാലത്ത് സിനിമ കാണല്‍ പ്രധാനമായിരുന്നു. കോട്ടയത്ത് സ്റ്റാര്‍ , രാജ്മഹല്‍ തിയറ്ററുകളില്‍ പോയി ഹോളിവുഡ് സിനിമകള്‍ ഒരെണ്ണം പോലും വിടാതെ കാണും. സിനിമകളുടെ ബിറ്റ് നോട്ടീസുകളും അന്ന് തിയറ്ററുകളില്‍ വിതരണം ചെയ്തിരുന്നു. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവൊക്കെ അന്നേ ശ്രദ്ധിച്ചു. പിന്നീട് സ്വന്തമായി സിനിമകള്‍ ചെയ്തപ്പോഴും അന്നുള്‍ക്കൊണ്ട കാര്യങ്ങള്‍ പലതും സഹായിച്ചിട്ടുണ്ട്. ഹോളിവുഡ് ക്ലാസിക്കുകളെല്ലാം അന്ന് കാണാന്‍ കഴിഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ സിനിമ മസ്റ്റായിരുന്നു. അപ്പോഴേക്കും കേരളത്തില്‍ ഫിലിം സെസൈറ്റി പ്രസ്ഥാനമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു.

സത്യജിത് റായിയുടെ ചിത്രങ്ങളും ഫ്രെഡറിക് ഫെല്ലിനിയുടെ ലാ ഡോള്‍സി വിറ്റ പോലുള്ള സിനിമകളുമൊക്കെ അന്ന് കണ്ടു. പിന്നീട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഇതൊക്കെ കണ്ടപ്പോഴാണ് പ്രധാന ചിത്രങ്ങളായിരുന്നെന്ന് മനസിലാവുന്നത്. വന്‍ തരംഗമായി ഉയര്‍ന്നുവന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി സഹകരിക്കാന്‍ തുടങ്ങിയപ്പോഴാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടിയത്. കോളേജുകളില്‍ ഫിലിം സൊസൈറ്റി ചലനമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ കലാലയം വിട്ടിരുന്നു. ഫിലിം അപ്രീസിയേഷന്‍ കോഴ്സിനു വേണ്ടിയാണ് ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയത്. തിരുവല്ലയില്‍ ഫിലിം സൊസൈറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണത്. തിരുവനന്തപുരത്തു പോയി അടൂര്‍ ഗോപാലകൃഷ്ണനെ കണ്ട് സെസൈറ്റിയുടെ രജിസ്ട്രേഷനൊക്കെ ശരിയാക്കിയിരുന്നു. അപ്പോഴേക്കും ഒരു മാസത്തെ കോഴ്സിന് ക്ഷണം കിട്ടി. കോഴ്സിനെക്കുറിച്ച് എങ്ങനെയോ അറിഞ്ഞ് അപേക്ഷിക്കുകയായിരുന്നു. പുണെ യാത്ര കേരളത്തിനു പുറത്തേക്കുള്ള എന്റെ ആദ്യ യാത്ര കൂടിയായി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വെക്കേഷന്‍ കാലത്തായിരുന്നു അപ്രീസിയേഷന്‍ കോഴ്സ്.

*
എം എസ് അശോകന്‍ ദേശാഭിമാനി വാരിക 30 ഒക്ടോബര്‍ 2011

Thursday, October 13, 2011

ഫ്ളാഷ്ബാക്ക്; എന്റെയും സിനിമയുടെയും

കൊച്ചു കുട്ടിയായിരിക്കെ അച്ചായെന്‍റ കൈയിലിരുന്ന് ആദ്യമായി സിനിമ കണ്ടതിന്റെ ഓര്‍മയുണ്ട്. എനിക്കന്ന് നാലോ അഞ്ചോ വയസ്. തിരുവല്ലയിലെ വിക്ടറി തിയറ്ററില്‍ "ചന്ദ്രലേഖ" എന്ന സിനിമയാണ് കണ്ടത്. സിനിമ എന്ന അത്ഭുതം ജീവിതത്തിലേക്ക് കയറി വന്നത് എപ്പോഴെന്ന് ഓര്‍മയില്ല. ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഈ തിയറ്ററിന്റെ പിന്നാമ്പുറത്തൊക്കെ പോകുന്നതും ഫിലിം കഷ്ണങ്ങള്‍ പെറുക്കിയെടുത്തിരുന്നതും ഓപ്പറേറ്ററോട് സംശയങ്ങള്‍ ചോദിച്ചിരുന്നതുമൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നു. ഫിലിം കഷ്ണങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് കാണും. വീട് മേഞ്ഞ ഓലയ്ക്കിടയിലുടെ വരുന്ന സൂര്യപ്രകാശം ലെന്‍സിലൂടെ ഫിലിം കഷ്ണങ്ങളിലേക്ക് പതിപ്പിച്ച് തുണിയിലോ ചുമരിലോ പതിയുന്ന സിനിമാപ്പടങ്ങള്‍ കാണുന്നതില്‍ വലിയ കൗതുകമായിരുന്നു.

അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍ സിനിമാ നോട്ടീസുകള്‍ ശേഖരിച്ച് സൂക്ഷിച്ച്വയ്ക്കുന്ന ശീലവുമുണ്ടായിരുന്നു. 13-14 വയസുള്ളപ്പോള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയിത്തുടങ്ങി. തിരുവല്ലയില്‍നിന്ന് കോട്ടയത്തും ചങ്ങനാശേരിയിലുമൊക്കെ പോകും. എറണാകുളത്തും വന്നിട്ടുണ്ട്. തിരുവല്ലയില്‍ നിന്ന് രാവിലെ 9.45 ന് ചങ്ങനാശേരിയിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറുണ്ട്. സാജ് തിയറ്ററില്‍ നൂണ്‍ ഷോ തുടങ്ങുന്ന 11 മണിക്ക് ബസ് അവിടെയെത്തും. പ്രീഡിഗ്രി പഠനം കഴിഞ്ഞ കാലത്ത് ആഴ്ചയില്‍ മൂന്നോ നാലോ സിനിമ വരെ കാണുമായിരുന്നു. കോട്ടയത്തെ സ്റ്റാര്‍ , രാജ്മഹല്‍ തിയറ്ററുകളിലാണ് വിദേശ സിനിമകളും ഹിന്ദി, തമിഴ് ചിത്രങ്ങളുമൊക്കെ റിലീസ് ചെയ്യാറ്. ആ സിനിമകള്‍ കാണാന്‍ തുടങ്ങിയത് കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമുണ്ടാക്കി. ഇങ്ങനെ ചെറു പ്രായത്തില്‍ തന്നെ സിനിമ കാണാനുള്ള അവസരവും സ്വാതന്ത്ര്യവും എനിക്ക് എങ്ങനെ കൈവന്നുവെന്ന് ഇത് വായിക്കുന്നവര്‍ കരുതും. അതാണ് പറഞ്ഞു വരുന്നത്. എനിക്ക് ഓര്‍മ വയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് സ്വന്തമായി വീടില്ല. ഞങ്ങള്‍ക്ക് എന്നാല്‍ ഞാന്‍ , അമ്മ, അച്ചായന്‍ , അനുജന്‍ എന്നിവരടങ്ങുന്ന കുടുംബമാണ്. 1946 മെയ് 24നാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന ഞാന്‍ ജനിച്ചത്. ഇപ്പോള്‍ വയസ് 65. എനിക്ക് ഒരനുജനുണ്ടാകുന്നത് ഞാന്‍ മുതിര്‍ന്ന ശേഷമാണ്. എന്നെക്കാള്‍ 13 വയസ് ഇളയതാണ് അവന്‍ . ഇപ്പോള്‍ തിരുവല്ലയില്‍ കുടുംബസമേതം താമസിക്കുന്നു.

അക്കാലത്ത് ഞങ്ങള്‍ തിരുവല്ലയിലും ചങ്ങനാശേരിയിലും കോട്ടയത്തുമൊക്കെയായി പല വീടുകള്‍ മാറിമാറി താമസിക്കുകയായിരുന്നു. അച്ചായന്‍ ഹരിപ്പാട്ടുകാരനാണ്. പേര് സാമുവല്‍ . അമ്മ അന്നാമ്മ. പെയിന്റിങ്ങായിരുന്നു അച്ചായെന്‍റ ജോലി. അദ്ദേഹത്തിെന്‍റ കുടുംബം പാരമ്പര്യമായി തന്നെ വിവിധ കൈത്തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരുന്നത്. പെയിന്റിങ് എന്നു പറഞ്ഞാല്‍ ലോറി പോലുള്ള വാഹനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ എഴുത്തും മറ്റും. തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ബോര്‍ഡെഴുതുമായിരുന്നു. നുകം വച്ച കാള എന്ന ബോര്‍ഡൊക്കെ വീട്ടില്‍ വച്ച് അച്ചായന്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു. ഞാനും നുകം വച്ച കാളയെ വരച്ചിട്ടുണ്ട്. നാടുചുറ്റിയുള്ള ജോലിയുടെ ഭാഗമായാണ് അദ്ദേഹം തിരുവല്ലയില്‍ വന്നതും അമ്മയെ വിവാഹം കഴിച്ചതും. അങ്ങനെ തൊഴിലിെന്‍റ ഭാഗമായി പലഭാഗത്തും വാടകയ്ക്ക് താമസിക്കുന്നത് പതിവായി. അച്ചായന് പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. വലിയ തമാശക്കാരനായിരുന്നു. എല്ലാവരെയും ചിരിപ്പിക്കുന്ന കാര്യങ്ങള്‍ എപ്പോഴും പറയും. അവരൊക്കെ ആ കാലഘട്ടത്തെ നന്നായി യൂട്ടിലൈസ് ചെയ്തു. കള്ളും കഞ്ചാവുമൊക്കെയായി ആഘോഷത്തോടെ. അമ്മക്ക് കന്നുകാലി വളര്‍ത്തലുണ്ടായിരുന്നു. ചെറിയ ജോലിയൊക്കെ ചെയ്യും. എനിക്ക് ആറോ ഏഴോ വയസുള്ളപ്പോഴാണ് അമ്മയുടെ പരിശ്രമത്തില്‍ അല്‍പ്പം ഭൂമി സ്വന്തമാക്കിയത്.

സിനിമയില്‍ വന്ന ശേഷവും എനിക്ക് സ്വന്തമായി വീടില്ലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ. അതില്‍ അമ്മയ്ക്ക് ദു:ഖമുണ്ടായിരുന്നു. അവര്‍ പലപ്പോഴും പറയുമായിരുന്നു. അമ്മ എെന്‍റ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യ സിനിമയായ സ്വപ്നാടനം കണ്ട് കഴിഞ്ഞ് അമ്മ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അച്ചായന്‍ അങ്ങനെയൊന്നും പറയാറില്ല. എന്നാല്‍ എന്നെ ആദ്യമായി സിനിമ കാണിച്ചത് അച്ചായനായിരുന്നു എന്നതില്‍ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. പെയിന്റര്‍ എന്ന നിലയിലാണ് കലാരംഗത്ത് എന്റെയും അരങ്ങേറ്റം. അച്ചായനില്‍ നിന്ന് പഠിച്ചതാണ് പെയിന്റിങ്്. പഠനകാലത്തുതന്നെ പെയിന്റിങ്ങില്‍ എക്സ്പര്‍ട്ടായി. അച്ചായന്‍ വാഹനങ്ങള്‍ പെയിന്റ് ചെയ്യുമ്പോള്‍ ഞാനാണ് ഡിസൈനിങ് ചെയ്യുക. കേരളത്തില്‍ ആദ്യമായി ബെന്‍സ് ലോറി വാങ്ങിയത് കുളത്തുങ്കല്‍ പോത്തന്‍ എന്നൊരു മുതലാളിയാണ്. ആ വണ്ടികള്‍ക്ക് കൊല്ലപ്പണിക്കാര്‍ ബോഡി പണിതതും അച്ചായന്‍ പെയിന്റടിച്ച് ഞാന്‍ ഡിസൈന്‍ വര്‍ക്ക് ചെയ്തതുമൊക്കെ ഓര്‍മയിലുണ്ട്. കുമ്പനാട്, കോഴഞ്ചേരി, കോട്ടയം, ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത് സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ എഴുതുമായിരുന്നു. ഇനാമല്‍ പെയിന്റ് ഉപയോഗിച്ചുള്ള അക്ഷരമെഴുത്തില്‍ വിദഗ്ധനായിരുന്നു. മറീന ക്രാഫ്റ്റ് എന്നൊക്കെ ബോര്‍ഡെഴുതിയത് ഇപ്പോഴും ഓര്‍ക്കുന്നു. ഈ തൊഴിലായിരുന്നു എന്റെ കുട്ടിക്കാലത്തെ സ്വാതന്ത്ര്യം. സമപ്രായക്കാരായ കുട്ടികള്‍ക്കൊന്നുമില്ലാതിരുന്ന സ്വാതന്ത്ര്യം. പലയിടങ്ങളില്‍ സഞ്ചരിച്ച് പെയിന്റിങ് ജോലി നിറയെ ചെയ്ത് കിട്ടിയ പണമൊക്കെ സിനിമയ്ക്കും വായനയ്ക്കും വേണ്ടി സ്വതന്ത്രമായി ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു.

ആഴ്ചയില്‍ 100-120 രൂപ വരെ സമ്പാദിക്കുമായിരുന്നു. എറണാകുളത്തൊക്കെ പോയി സിനിമ കാണുന്നത് ആ പണംകൊണ്ടാണ്. തിരുവല്ലയില്‍ പോയി താമസിച്ച് സിനിമയൊക്കെ കണ്ട് സൗകര്യം പോലെ ചങ്ങനാശേരിക്ക് വരാം. തിരുവല്ലയില്‍ താമസിക്കുമ്പോള്‍ തിരിച്ചും. വീട്ടിലാരും ഒന്നും പറയില്ല. എന്നാല്‍ കുട്ടിക്കാലത്തിന് ഇല്ലായ്മയുടെയുടെ നിറക്കേടുമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ചങ്ങനാശേരിയിലേക്ക് താമസം മാറ്റി. അപ്പോഴും എനിക്ക് പ്രിയപ്പെട്ട തിരുവല്ല എസ്സി സെമിനാരി സ്കൂളില്‍ നിന്ന് പഠനം മാറ്റിയില്ല. എസ്സി സെമിനാരിയില്‍ തന്നെ എസ്എസ്എല്‍സി എഴുതണമെന്ന ആഗ്രഹം കൊണ്ടാണ് മാറാതിരുന്നത്. ചങ്ങനാശേരിയില്‍ നിന്ന് ദിവസവും തിരുവല്ലയിലേക്ക് ബസില്‍ യാത്ര ചെയ്ത് വരും. പണമുണ്ടായിട്ടല്ല. വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു മാസത്തെ പണം ഒരുമിച്ച് നല്‍കണമായിരുന്നു. അതില്ലാത്തതുകൊണ്ട് പണമുള്ളപ്പോള്‍ മുഴുടിക്കറ്റെടുത്തായിരുന്നു യാത്ര. പണമില്ലാത്തപ്പോള്‍ ചങ്ങനാശേരിയില്‍ നിന്ന് ആറ് ഏഴ് മൈല്‍ കാല്‍നടയായും തിരുവല്ലയ്ക്ക് പോയിട്ടുണ്ട്. ചിത്രം വരയ്ക്കുമായിരുന്നതിനാല്‍ സ്കൂളില്‍ വലിയ അംഗീകാരമായിരുന്നു. അധ്യാപകരും സഹപാഠികളും ആദരവും സ്നേഹവും പ്രകടിപ്പിച്ചു.

ക്ലാസിലിരിക്കുമ്പോള്‍ പലരുടെയും ചിത്രങ്ങള്‍ വരയ്ക്കും. ഓയില്‍ പെയിന്റ് ഉപയോഗിച്ച് മഹാത്മാഗാന്ധി, എം ജി ആര്‍ , പ്രേം നസീര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വീട്ടിലിരുന്ന് വരയ്ക്കുന്ന ചിത്രങ്ങള്‍ സ്കൂളില്‍ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കും. അവര്‍ അത് അധ്യാപകരുള്‍പ്പെടെ മുഴുവന്‍ പേരെയും കാണിക്കും. അതൊക്കെ വലിയ അഭിമാനത്തിന് വക നല്‍കിയിരുന്നു. രസകരമായ ഒരു കാര്യം. ചിത്രകാരനെന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്കെല്ലാം എന്നോട് ഒരുതരം ആരാധനയായിരുന്നു എന്നതാണ്. കൂട്ടുകെട്ടും പെണ്‍കുട്ടികളുമായായിരുന്നു കൂടുതല്‍ . പെണ്‍കുട്ടികളുടെ ചിത്രങ്ങളും വരച്ചിരുന്നു. കാര്‍ട്ടൂണുകള്‍ അക്കാലത്ത് വളരെ ആകര്‍ഷിച്ചിരുന്നു. നാട്ടിലെ ബാര്‍ബര്‍ ഷോപ്പില്‍ വരുത്തിയിരുന്ന കേരള ഭൂഷണത്തിലും മലയാളമനോരമ ആഴ്ചപ്പതിപ്പിലുമുള്ള കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കുമായിരുന്നു. ഇതൊക്കെ കൗമാരകാലത്തെ ഓര്‍മകളാണ്. ചിത്രം വര പില്‍ക്കാലത്ത് എന്തുകൊണ്ട് ഗൗരവമായി തുടര്‍ന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. വരയെ ആ രീതിയില്‍ കണ്ടിരുന്നില്ല. അതൊരു കമേഴ്സ്യല്‍ ആക്ടിവിറ്റി മാത്രമായിരുന്നു. ചിത്രം വരയെ ഗൗരവമായി കാണണമെന്ന ചിന്തയൊക്കെ വരുംമുമ്പ് സിനിമയുടെ ലോകത്തായി. എന്നാല്‍ സിനിമാക്കാരന്‍ എന്ന നിലയിലും എെന്‍റ സൗന്ദര്യബോധവും കാഴ്ചയുമൊക്കെ രൂപപ്പെടുത്തുന്നതില്‍ ചിത്രകലയ്ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് തന്നെ കരുതുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴും വരയുണ്ട്. സുഹൃത്തുക്കളുടെയെല്ലാം സിനിമക്ക് ടൈറ്റിലുകള്‍ എഴുതിയിരുന്നത് ഞാനാണ്. അവര്‍ക്ക് അത് നിര്‍ബന്ധവുമായിരുന്നു. ഒരുപാട് ഹിന്ദി ചിത്രങ്ങള്‍ക്ക് ടൈറ്റില്‍ എഴുതിയിട്ടുണ്ട്. എെന്‍റ ആദ്യ ചിത്രമായ സ്വപ്നാടനത്തിെന്‍റ ടൈറ്റിലുകള്‍ ഞാന്‍ തന്നെ എഴുതിയതാണ്. ചിത്രം വരയ്ക്കൊപ്പം വായനയും നടക്കുന്നുണ്ടായിരുന്നു. കോട്ടയം പ്രസിദ്ധീകരണങ്ങളായിരുന്നു അതില്‍ ഏറെയും. അന്നൊന്നും അതറിയില്ലായിരുന്നെങ്കിലും വായനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ആ പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കുവഹിച്ചു. അയല്‍പക്കത്തെ വീടുകളില്‍ വരുത്തിയിരുന്ന പുസ്തകങ്ങളും വാരികകളുമായിരുന്നു പ്രധാനമായി ആദ്യകാലത്തൊക്കെ വായിച്ചിരുന്നത്. ചെറുകഥകളും ഡിറ്റക്ടീവുമൊക്കെ പലയിടത്തുനിന്നും സംഘടിപ്പിച്ച് വായിച്ചിരുന്നു. പീടിയേക്കല്‍ എന്നൊരു തറവാടുണ്ടായിരുന്നു. സിംഗപ്പൂരില്‍നിന്ന് മടങ്ങിവന്ന ഒരാള്‍ അവിടെയുണ്ടായിരുന്നു. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ 15 വോള്യം അവിടെ കണ്ടിട്ടുണ്ട്. വായന പുതിയൊരു വഴിയിലേക്ക് തിരിയുന്നത് പിന്നീടാണ്. അതില്‍ പീസ് കോപ്സ് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ടൈം, സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക് തുടങ്ങിയ ലോകോത്തര വിദേശ വാര്‍ത്താ മാസികകളുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് അപ്പോഴാണ്. (തുടരും)

*
എം എസ് അശോകന്‍ ദേശാഭിമാനി വാരിക