ഒന്നാം ഭാഗം ഫ്ളാഷ്ബാക്ക്; എന്റെയും സിനിമയുടെയും
സ്കൂളില്‍ ചിത്രകാരനെന്ന നിലയില്‍ ഹീറോ ആയിരുന്നെങ്കിലും പഠനത്തില്‍ ആവറേജ് മാത്രമായിരുന്നു. എസ്സി സെമിനാരി സ്കൂളിനോട് ആത്മബന്ധമുള്ളതിനാലാണ് ചങ്ങനാശേരിക്ക് താമസം മാറ്റിയപ്പോഴും പഠനം അവിടെ തുടര്‍ന്നതെന്ന് പറഞ്ഞു. ആ വര്‍ഷം എസ്എസ്എല്‍സിക്ക് ഇംഗ്ലീഷിന് ഞാന്‍ തോറ്റു. മൂന്നോ നാലോ മാര്‍ക്കിെന്‍റ കുറവ്. ട്യൂട്ടോറിയലിലൊന്നും പോകാതെ തന്നെ പിറ്റേ വര്‍ഷം ഇംഗ്ലീഷ് പേപ്പര്‍ എഴുതിയെടുത്തെങ്കിലും ഇംഗ്ലീഷിന് തോറ്റെന്നത് പലരെയും അത്ഭുതപ്പെടുത്താം. കാരണം പില്‍ക്കാലത്ത് ഞാന്‍ ആ ഭാഷയില്‍ വളരെയധികം സ്വാധീനം നേടിയിരുന്നു. വായിക്കുകയും എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് നല്ല ഇംഗ്ലീഷിലായിരുന്നു. ഈ ഭാഷ ഞാന്‍ സ്വപ്രയത്നത്തിലൂടെ വശപ്പെടുത്തിയതാണ്. ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന എഴുത്തുകുത്തുകളും വായനയും പകര്‍ത്തിയെഴുത്തുമെല്ലാം അതിന് സഹായിച്ചു. ഒരു പക്ഷേ വളരെ മുമ്പെ എെന്‍റ ആഭിമുഖ്യങ്ങളെല്ലാം ആ വഴിക്കായിരുന്നുവെന്നും പറയാം. ഹൈസ്കൂള്‍ കാലത്ത് തിരുവല്ല ഭാഗത്തൊക്കെ പീസ് കോര്‍പ്സ് എന്ന അമേരിക്കന്‍ സന്നദ്ധസംഘടനയിലെ സായിപ്പന്മാര്‍ വരുമായിരുന്നു. ആ സായിപ്പന്മാരോടാണ് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പെറുക്കിവച്ച് ആദ്യം സംസാരിച്ചത്. അവരില്‍ നിന്നു കിട്ടിയ ചില മേല്‍വിലാസമൊക്കെവച്ച് അമേരിക്കയിലേക്ക് എഴുത്തുകുത്തും ആരംഭിച്ചു. കുറെപ്പേരെ സുഹൃത്തുക്കളായി കിട്ടി. അവര്‍ ടൈം, സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക്, തുടങ്ങിയ ഇംഗ്ലീഷ് മാഗസിനുകള്‍ തപാലില്‍ അയയ്ക്കാന്‍ തുടങ്ങി.
വളരെ ഗ്ലോസിയായ പേപ്പറില്‍ അച്ചടിച്ചിരുന്ന മാഗസിനുകള്‍ വായിക്കുകയും ആകര്‍ഷണം തോന്നുന്ന ലേഖനങ്ങള്‍ പകര്‍ത്തിയെഴുതുകയും ചെയ്യുന്നത് ശീലമായി. വിദേശത്തേക്കുള്ള എഴുത്തുകുത്ത് നടത്തുമ്പോള്‍ ഞാന്‍ ജോര്‍ജ് ടെയ്ലര്‍ എന്ന പേര് സ്വീകരിച്ചിരുന്നു എന്നതാണ് രസകരം. സ്വയം സ്വീകരിച്ചതാണ്. എലിസബത്ത് ടെയ്ലര്‍ എന്ന വിഖ്യാത അഭിനേത്രിയോടുള്ള ആരാധനയായിരുന്നു അതിനു പിന്നില്‍ . ജോര്‍ജ് ടെയ്ലര്‍ എന്ന പേരില്‍ കത്തുകള്‍ വന്നിരുന്നത് തിരുവല്ലയിലെ ഒരു ടെയ്ലര്‍(തയ്യല്‍ക്കാരന്‍)ക്കായിരുന്നു എന്നത് വേറെ കാര്യം. നൂറുകണക്കിന് കത്തുകള്‍ ഇത്തരത്തില്‍ വന്നിരുന്നു. കുറെക്കാലം അതൊക്കെ സൂക്ഷിച്ച് വച്ചു. അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍ ടെയ്ലര്‍ എന്ന വാല്‍ ഉപേക്ഷിച്ചു. കാരണം എന്തായിരുന്നെന്ന് ചോദിച്ചാല്‍ അത് ശരിയല്ലെന്ന് തോന്നി എന്നു മാത്രമെ ഇപ്പോള്‍ പറയാനാകൂ. ഇംഗ്ലീഷ് ഭാഷ നന്നായതോടൊപ്പം ലോക കാര്യങ്ങള്‍ പലതും അറിയാനും ഈ ഇടപാടിലൂടെ കഴിഞ്ഞു. പ്രത്യേകിച്ച് സിനിമ സംബന്ധിയായ വാര്‍ത്തകളും പുതിയ വിവരങ്ങളും അറിയാനിടയായി. പെയ്ന്റിങ് ജോലിയില്‍നിന്ന് കിട്ടിയിരുന്ന പണത്തില്‍ ഒരു ഭാഗം ബ്ലിറ്റ്സ്, ഫിലിംഫെയര്‍ , പിക്ചര്‍ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായി നീക്കിയിരുന്നു. യാത്രക്കിടയില്‍ ഇവയൊക്കെ വായിക്കും. ബ്ലിറ്റ്സും ഫിലിംഫെയറുമൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. യൗവനകാലത്തു തന്നെ വായന പതുക്കെ ബഷീറിലേക്കും ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ പൊന്‍കുന്നം വര്‍ക്കിയിലേക്കുമൊക്കെ തിരിഞ്ഞു. സ്കൂളില്‍ പഠിക്കുമ്പോള്‍ ശബ്ദിക്കുന്ന കലപ്പ വായിച്ചിരുന്നു. ഇ എം കോവൂര്‍ നാട്ടുകാരനാണ്. അദ്ദേഹത്തെ അടുത്തു പരിചയപ്പെടാനൊന്നും കഴിഞ്ഞിട്ടില്ല. കാട് പോലുള്ള അദ്ദേഹത്തിെന്‍റ കഥകള്‍ വായിച്ചിരുന്നു. ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം മറ്റുള്ളവരുമായി സംസാരിക്കുന്നത് ശ്രദ്ധിച്ചിരുന്നിട്ടുണ്ട്. നല്ല വായനക്ക് വഴിവച്ചത് അമ്മയായിരുന്നെന്ന് പറയാം. എട്ടോ ഒമ്പതോ ക്ലാസ് മാത്രം പഠിച്ചിട്ടുള്ള അമ്മ എങ്ങനെയോ അത്തരം പുസ്തകങ്ങളെയും എഴുത്തുകാരെയും എനിക്കു പരിചയപ്പെടുത്തി.
പൊന്‍കുന്നം വര്‍ക്കിക്കെതിരെ പള്ളിയെല്ലാം വലിയ കുഴപ്പമുണ്ടാക്കിയിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ മതത്തിന് വലിയ സ്വാധീനമില്ല. ഞാന്‍ അവിശ്വാസിയാണ്്. അന്നുമിന്നും. പള്ളിയില്‍ പോയിരുന്നത് പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളിലൊക്കെ പങ്കെടുക്കാന്‍ മാത്രമാണ്. അമ്മ മത വിശ്വാസിയായിരുന്നു. എന്നാലും എന്റെ കാഴ്ചപ്പാടനുസരിച്ച് ജീവിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പ്രോത്സാഹനമെന്ന അര്‍ഥത്തില്‍ ഒന്നുമുണ്ടായിട്ടില്ലെങ്കിലും എെന്‍റ വഴി അവരാരും തടഞ്ഞിട്ടില്ല. അക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു എന്നു പറയാം. കോളേജ് പഠന കാലത്താണ് വായന ഗൗരവമായത്. 1960ല്‍ എസ്എസ്എല്‍സി പാസായി. 62ല്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഇനി പഠിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ പലരും അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഡിഗ്രി എടുക്കേണ്ടത് അത്യാവശ്യമായി തോന്നി. ചങ്ങനാശേരി എന്‍എസ്എസ് കോളേജിലാണ് ചേര്‍ന്നത്. പോളിറ്റിക്കല്‍ സയന്‍സിന്. കോളേജില്‍ വിപുലമായ സുഹൃദ് സംഘമുണ്ടായിരുന്നില്ല. എന്നാല്‍ തിരുവല്ലയില്‍ ഒരു സംഘമുണ്ടായിരുന്നു. ലോക കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും പുസ്തകങ്ങള്‍ പരസ്പരം കൈമാറും. പി സി തോമസ്, ഐസക്ക്, വര്‍ഗീസ്, പണിക്കര്‍ തുടങ്ങിയവരെയൊക്കെ ഓര്‍ക്കുന്നു. അവരൊക്കെ സാഹിത്യപ്രിയരായിരുന്നു. അന്നത്തെ വായന പൊതുവില്‍ അത്തരത്തിലാണ്. അമേരിക്കന്‍ പള്‍പ്പ് ഫിക്ഷനൊക്കെ. റഷ്യന്‍ ക്ലാസിക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമൊക്കെ ചങ്ങനാശേരിയിലും തിരുവല്ലയിലും വഴിയോരത്ത് വില്‍പ്പനക്കു വച്ചിരുന്നു. പലതും പണം നല്‍കി വാങ്ങിയിട്ടുണ്ട്. മലയാളത്തില്‍ കെ ബാലകൃഷ്ണെന്‍റ കൗമുദി ഒരു പാഷനായിരുന്നു. കോട്ടയത്തു നിന്നിറങ്ങിയിരുന്ന ദേശബന്ധുവും പതിവായി വായിച്ചിരുന്നു. മനഃശാസ്ത്രപരമായ പുസ്തകങ്ങളുടെ വായന അറുപതുകളുടെ പ്രത്യേകതയായിരുന്നു. ഇന്റലക്ച്വലായ വായന എന്ന പരിവേഷവുമുണ്ടായിരുന്നതിനാല്‍ അവിടേക്കും ആകര്‍ഷിക്കപ്പെട്ടു. വിദ്യാഭ്യാസമുള്ളവരെല്ലാം മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചിരുന്നു. മനശാസ്ത്രം പ്രധാനമാണ്. സാഹിത്യമായാലും സിനിമയായാലും. ഏതു വിഷയമെടുത്താലും. പിന്നീട് സൈക്കോളജിയുടെ പ്രാധാന്യം കുറഞ്ഞുവന്നു. ഹിച്ച്കോക്കിെന്‍റ സൈക്കോ പോലുള്ള സിനിമയൊക്കെ സൈക്കോളജിക്കലാണ്. എല്ലാം സൈക്കോളജിക്കലാണ് എന്നാണ് അദ്ദേഹം സിനിമകളിലൂടെ കാണിച്ചുതന്നത്. വിദേശ സിനിമകള്‍ അത്തരത്തില്‍ വേറെയുമുണ്ട്. മലയാളത്തില്‍ ഒരു പക്ഷേ ഞാന്‍ ചെയ്ത "ഇരകള്‍" ആയിരിക്കണം അത്തരത്തില്‍ ആദ്യത്തേത്. എെന്‍റ എല്ലാ സിനിമയിലും സൈക്കോളജി പ്രധാനമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന ജി അരവിന്ദെന്‍റ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണിനെക്കുറിച്ച് ഈ അവസരത്തില്‍ പ്രത്യേകം പറയാതിരിക്കാനാവില്ല. ആഴ്ചപ്പതിപ്പ് കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത് അരവിന്ദെന്‍റ കാര്‍ട്ടൂണായിരുന്നു. കാര്‍ട്ടൂണ്‍ ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാന്‍ കൂടിയാണെന്ന് മനസിലായത് അരവിന്ദന്റെ കാര്‍ട്ടൂണുകളിലൂടെയാണ്. ഗൗരവമുള്ള പലതും അരവിന്ദന്‍ കാര്‍ട്ടൂണിലൂടെ പറഞ്ഞിരുന്നു. പല പ്രധാനപ്പെട്ട സിനിമകളെയും പുസ്തകങ്ങളെയും കുറിച്ച് കാര്‍ട്ടൂണില്‍ സൂചിപ്പിച്ചിരുന്നത് അവ തേടിപ്പിടിക്കുന്നതിനുള്ള വിലപ്പെട്ട വിവരമായി മാറി. വ്യക്തിയുടെയും സമൂഹത്തിെന്‍റയും രൂപ പരിണാമം കാര്‍ട്ടൂണിലൂടെ അവതരിപ്പിക്കുകയായിരുന്നു അരവിന്ദന്‍ . ഐഡിയോളജിസ്റ്റായ രാമുവിെന്‍റ ബൂര്‍ഷ്വായിലേക്കുള്ള മാറ്റം. അത് ഞങ്ങളുടെ സുഹൃദ്വലയത്തില്‍ ചര്‍ച്ചയായിരുന്നു. അരവിന്ദന്‍ സിനിമാ രംഗത്ത് എന്നെക്കാള്‍ സീനിയറാണ്. എന്നാല്‍ പിന്നീട് പരിചയത്തിലായശേഷം അദ്ദേഹവുമായി കൂടുതല്‍ അടുത്തു. വല്ലാത്തൊരു ബന്ധമാണ് ഞങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇക്കാലത്ത് കൊല്ലത്തു നിന്നിറങ്ങിയിരുന്ന സിനിരമയില്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു. വിദേശ പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നിരുന്ന ലേഖനങ്ങളുടെ പകര്‍ത്തിയെഴുത്തായിരുന്നു പലതും. അത്തരത്തില്‍ ലേഖനങ്ങളൊന്നും മുമ്പ് മലയാളത്തില്‍ വന്നിരുന്നില്ല. പിന്നീട് മാതൃഭൂമിയിലും സിനിമാ ലേഖനങ്ങളും നിരൂപണവും എഴുതിയിട്ടുണ്ട്.
1967ല്‍ ഡിഗ്രി പഠനം കഴിഞ്ഞു. 1963 മുതല്‍ 67 വരെയുള്ള കാലത്ത് സിനിമ കാണല്‍ പ്രധാനമായിരുന്നു. കോട്ടയത്ത് സ്റ്റാര്‍ , രാജ്മഹല്‍ തിയറ്ററുകളില്‍ പോയി ഹോളിവുഡ് സിനിമകള്‍ ഒരെണ്ണം പോലും വിടാതെ കാണും. സിനിമകളുടെ ബിറ്റ് നോട്ടീസുകളും അന്ന് തിയറ്ററുകളില്‍ വിതരണം ചെയ്തിരുന്നു. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവൊക്കെ അന്നേ ശ്രദ്ധിച്ചു. പിന്നീട് സ്വന്തമായി സിനിമകള്‍ ചെയ്തപ്പോഴും അന്നുള്‍ക്കൊണ്ട കാര്യങ്ങള്‍ പലതും സഹായിച്ചിട്ടുണ്ട്. ഹോളിവുഡ് ക്ലാസിക്കുകളെല്ലാം അന്ന് കാണാന്‍ കഴിഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ സിനിമ മസ്റ്റായിരുന്നു. അപ്പോഴേക്കും കേരളത്തില്‍ ഫിലിം സെസൈറ്റി പ്രസ്ഥാനമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു.
സത്യജിത് റായിയുടെ ചിത്രങ്ങളും ഫ്രെഡറിക് ഫെല്ലിനിയുടെ ലാ ഡോള്‍സി വിറ്റ പോലുള്ള സിനിമകളുമൊക്കെ അന്ന് കണ്ടു. പിന്നീട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഇതൊക്കെ കണ്ടപ്പോഴാണ് പ്രധാന ചിത്രങ്ങളായിരുന്നെന്ന് മനസിലാവുന്നത്. വന്‍ തരംഗമായി ഉയര്‍ന്നുവന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി സഹകരിക്കാന്‍ തുടങ്ങിയപ്പോഴാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടിയത്. കോളേജുകളില്‍ ഫിലിം സൊസൈറ്റി ചലനമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ കലാലയം വിട്ടിരുന്നു. ഫിലിം അപ്രീസിയേഷന്‍ കോഴ്സിനു വേണ്ടിയാണ് ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയത്. തിരുവല്ലയില്‍ ഫിലിം സൊസൈറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണത്. തിരുവനന്തപുരത്തു പോയി അടൂര്‍ ഗോപാലകൃഷ്ണനെ കണ്ട് സെസൈറ്റിയുടെ രജിസ്ട്രേഷനൊക്കെ ശരിയാക്കിയിരുന്നു. അപ്പോഴേക്കും ഒരു മാസത്തെ കോഴ്സിന് ക്ഷണം കിട്ടി. കോഴ്സിനെക്കുറിച്ച് എങ്ങനെയോ അറിഞ്ഞ് അപേക്ഷിക്കുകയായിരുന്നു. പുണെ യാത്ര കേരളത്തിനു പുറത്തേക്കുള്ള എന്റെ ആദ്യ യാത്ര കൂടിയായി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വെക്കേഷന്‍ കാലത്തായിരുന്നു അപ്രീസിയേഷന്‍ കോഴ്സ്.
*
എം എസ് അശോകന്‍ ദേശാഭിമാനി വാരിക 30 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
സ്കൂളില്‍ ചിത്രകാരനെന്ന നിലയില്‍ ഹീറോ ആയിരുന്നെങ്കിലും പഠനത്തില്‍ ആവറേജ് മാത്രമായിരുന്നു. എസ്സി സെമിനാരി സ്കൂളിനോട് ആത്മബന്ധമുള്ളതിനാലാണ് ചങ്ങനാശേരിക്ക് താമസം മാറ്റിയപ്പോഴും പഠനം അവിടെ തുടര്‍ന്നതെന്ന് പറഞ്ഞു. ആ വര്‍ഷം എസ്എസ്എല്‍സിക്ക് ഇംഗ്ലീഷിന് ഞാന്‍ തോറ്റു. മൂന്നോ നാലോ മാര്‍ക്കിെന്‍റ കുറവ്. ട്യൂട്ടോറിയലിലൊന്നും പോകാതെ തന്നെ പിറ്റേ വര്‍ഷം ഇംഗ്ലീഷ് പേപ്പര്‍ എഴുതിയെടുത്തെങ്കിലും ഇംഗ്ലീഷിന് തോറ്റെന്നത് പലരെയും അത്ഭുതപ്പെടുത്താം. കാരണം പില്‍ക്കാലത്ത് ഞാന്‍ ആ ഭാഷയില്‍ വളരെയധികം സ്വാധീനം നേടിയിരുന്നു. വായിക്കുകയും എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് നല്ല ഇംഗ്ലീഷിലായിരുന്നു. ഈ ഭാഷ ഞാന്‍ സ്വപ്രയത്നത്തിലൂടെ വശപ്പെടുത്തിയതാണ്. ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന എഴുത്തുകുത്തുകളും വായനയും പകര്‍ത്തിയെഴുത്തുമെല്ലാം അതിന് സഹായിച്ചു. ഒരു പക്ഷേ വളരെ മുമ്പെ എെന്‍റ ആഭിമുഖ്യങ്ങളെല്ലാം ആ വഴിക്കായിരുന്നുവെന്നും പറയാം. ഹൈസ്കൂള്‍ കാലത്ത് തിരുവല്ല ഭാഗത്തൊക്കെ പീസ് കോര്‍പ്സ് എന്ന അമേരിക്കന്‍ സന്നദ്ധസംഘടനയിലെ സായിപ്പന്മാര്‍ വരുമായിരുന്നു. ആ സായിപ്പന്മാരോടാണ് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പെറുക്കിവച്ച് ആദ്യം സംസാരിച്ചത്. അവരില്‍ നിന്നു കിട്ടിയ ചില മേല്‍വിലാസമൊക്കെവച്ച് അമേരിക്കയിലേക്ക് എഴുത്തുകുത്തും ആരംഭിച്ചു. കുറെപ്പേരെ സുഹൃത്തുക്കളായി കിട്ടി. അവര്‍ ടൈം, സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക്, തുടങ്ങിയ ഇംഗ്ലീഷ് മാഗസിനുകള്‍ തപാലില്‍ അയയ്ക്കാന്‍ തുടങ്ങി.
Post a Comment