ഈ അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷന്‍ നമ്മുടെ പത്രങ്ങളുടെ വാര്‍ത്താവിതരണ രീതിയെ നന്നായി പഠിച്ച് കടുത്തൊരു വിമര്‍ശം നടത്തുകയുണ്ടായി. തങ്ങളുടെ തൊഴില്‍പരമായ നിലവാരം ഉയര്‍ത്തുന്നതിനും പത്രലക്ഷ്യങ്ങള്‍ വിസ്മരിക്കാതിരിക്കുന്നതിനും നന്നായി പ്രയോജനപ്പെടുത്തേണ്ടിയിരുന്ന ആ വിമര്‍ശം ഒരു വാര്‍ത്താശകലം എന്ന നിലയ്ക്കുപോലും വേണ്ടത്ര പരിഗണനകിട്ടാതെ, കേരള പത്രലോകത്തിലെങ്കിലും, തള്ളപ്പെട്ടതുപോലെ തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതേണ്ടിവന്നത്. വെളിയില്‍ ചില ആംഗലപത്രങ്ങള്‍ അതിനു നല്‍കിയ പ്രാമുഖ്യം താരതമ്യംചെയ്താല്‍ നമ്മുടെ പത്രങ്ങള്‍ ഒരു കുണ്ടുകുളത്തിലെ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്ന് കരുതിപ്പോകും. വാര്‍ത്തകളുടെ നേരെപിടിച്ച സത്യത്തിന്റെ കണ്ണാടിയെന്നതാണ് ലോകമെങ്ങും ഇന്നും പത്രത്തെപ്പറ്റി പുലര്‍ത്തിപ്പോരുന്ന വിശ്വാസം. പല കാരണങ്ങളാല്‍ ആ കണ്ണാടിയിലെ പ്രതിഫലനം പലപ്പോഴും വക്രീഭവിച്ചുപോകുന്നുവെന്നതാണ് അനുഭവം. രാഷ്ട്രീയകക്ഷികള്‍, സ്വന്തം താല്‍പ്പര്യം മുന്‍നിര്‍ത്തിക്കൊണ്ടായാലും, വിപരീത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പത്രങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ വിമര്‍ശിച്ചുപോന്നിട്ടുണ്ട്. പത്രങ്ങള്‍ തമ്മില്‍തന്നെ ഇതുസംബന്ധിച്ച് കലഹിക്കാറുണ്ട്. ന്യായാധിപന്മാരും മൂല്യബോധമുള്ള പത്രപ്രവര്‍ത്തകരും മറ്റും പല വീക്ഷണങ്ങളില്‍ ഇതിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ നമ്മുടെ മുമ്പില്‍ കിടക്കുന്നതാണ് തെരഞ്ഞെടുപ്പുകമീഷന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ജനപ്രാതിനിധ്യനിയമത്തിന്റെ ബലത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു വനിതാ എംഎല്‍എയെ മൂന്നുകൊല്ലത്തേക്ക് തെരഞ്ഞെടുപ്പിന് അയോഗ്യയാക്കിക്കൊണ്ട് പ്രഖ്യാപിച്ച വിധി.
പ്രസ്കൗണ്‍സില്‍ ഇവരെ നേരത്തെ "പത്രസദാചാര ലംഘനം" നടത്തിയതിന് കുറ്റപ്പെടുത്തിയിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ ഒരുകേസ് കമീഷന്റെ മുമ്പിലെത്തിയപ്പോള്‍ ഉണ്ടായതാണ് ഈ വിധി. ഒരു മദ്യരാജാവിന്റെ ഭാര്യയായതുകൊണ്ട് പണംകൊടുത്ത് അനുകൂല വാര്‍ത്തകള്‍ ഹിന്ദിപത്രങ്ങളില്‍ വരുത്താന്‍ കഴിഞ്ഞ അവര്‍ , ഇന്ത്യന്‍ പത്രലോകത്തില്‍ വളര്‍ന്നുകഴിഞ്ഞ "കാശിന് വാര്‍ത്ത" (Paid news) എന്ന വൃത്തികെട്ട ഏര്‍പ്പാടിന്റെ ഏറ്റവും നഗ്നമായ തെളിവായി കൈയോടെ പിടിക്കപ്പെട്ടു. വാര്‍ത്ത എന്ന രൂപത്തില്‍ വെറും പരസ്യമാണ് രണ്ട് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യം വാര്‍ത്തയാക്കാന്‍ കൂട്ടുനിന്ന പത്രത്തിനോ പത്രപ്രവര്‍ത്തകനോ നല്‍കിയ പ്രതിഫലത്തിന്റെ പൂര്‍ണവിവരം തെരഞ്ഞെടുപ്പ് ചെലവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പു കമീഷന്‍ കഴുത്തിന് പിടിച്ചത്. ഇതു വെറും തെരഞ്ഞെടുപ്പു ചെലവിന്റെ പ്രശ്നമല്ലെന്നും, വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയെക്കുറിച്ച് അസത്യമായ വിവരങ്ങള്‍ നല്‍കി അവരെ വഞ്ചിക്കുന്ന സദാചാരപ്രശ്നം കൂടി അന്തര്‍ഭവിച്ചിട്ടുണ്ടെന്നും ഈ കേസിന്റെ വിധിയില്‍ കമീഷന്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
പത്രങ്ങളിലെ പത്രക്കാരുടെ "കൂലിയെഴുത്ത്" ഇന്ത്യന്‍ പത്രലോകത്തിലെ അനിഷേധ്യമായ ഒരു പുതിയ അര്‍ബുദമാണെന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയകക്ഷികളുടെ "പെയ്ഡ് ന്യൂസ്" എന്ന ആ ഏര്‍പ്പാട് ഉടനടി ഇന്ത്യന്‍ പത്രലോകത്തില്‍നിന്ന് തുടച്ചുനീക്കേണ്ട ഒരഴുക്കാണെന്നും ഈ സംഭവം ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. കൂലിവാങ്ങാതെ പത്രത്തിന്റെയോ പത്രപ്രവര്‍ത്തകരുടെയോ സങ്കുചിതമായ സ്വാര്‍ഥതാല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ വാര്‍ത്തയില്‍ ചായം കൂടുതല്‍ ചേര്‍ക്കുക, തലക്കെട്ട് ചെറുതായൊന്ന് വളയ്ക്കുക, നിരന്തരം ആവര്‍ത്തിച്ച് ഒരു നേതാവിനെമാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി കാണിക്കുക, തങ്ങള്‍ക്ക് വേണ്ടപ്പെട്ട വ്യക്തികളെ പൊക്കുകയും എതിര്‍പ്പുള്ള ആളുകളുടെ വാര്‍ത്തകള്‍ കഴിയുന്നത്ര ഒഴിവാക്കുകയോ ചുരുക്കുകയോ മാറ്റംവരുത്തുകയോ ചെയ്യുക തുടങ്ങി ഒരുപാട് സദാചാരലംഘനങ്ങള്‍ നടത്തിവരുന്നതിന്റെ പരകോടിയാണ് "കൂലിക്കെഴുത്ത്" എന്ന് മറക്കരുത്.
ഈ ലേഖകന് വ്യക്തിപരമായ അനുഭവമുള്ളതാണ് ഒരു മലയാളപത്രത്തിലെ ഒന്നുരണ്ടു പ്രാദേശിക പ്രവര്‍ത്തകരുടെ ഒടിക്കലും വളയ്ക്കലും എല്ലാം ഇടയ്ക്കിടെ കാണുന്നത്. ആളുകള്‍ക്ക് ചിരിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നവരാണ് ഇക്കൂട്ടര്‍ . മലയാളത്തിലെ പത്ത് പത്രങ്ങള്‍ ഒരുതരത്തിലും ഒരുപത്രത്തിലെ പ്രാദേശികപ്പതിപ്പുമാത്രം മറ്റൊരുതരത്തിലും ഒരു വ്യക്തിയുടെ വാര്‍ത്ത കൈകാര്യം ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുന്ന വായനക്കാര്‍ക്ക് ചിരി ഇനാമായി ഇരിക്കട്ടെ! ഈ ദുഷ്പ്രവണത കാരണം ഒരു പത്രം ക്രമേണ പരിഹാസ്യമായിതീര്‍ന്നേക്കും എന്ന് ചിന്തിക്കാന്‍പോലും ഇവര്‍ക്ക് നേരമില്ലെന്നു തോന്നുന്നു. തങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ തങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് ദോഷം വരുത്തരുതെന്ന പ്രാഥമികമായ ധര്‍മബോധംപോലും നഷ്ടമായവരെപ്പറ്റി സഹതപിക്കുകയേ നിവൃത്തിയുള്ളൂ. സഹതപിച്ചിട്ട് എന്താണ് നിവൃത്തി? ഇത്തരം അല്‍പ്പത്തങ്ങളെ പത്രങ്ങള്‍ നേരത്തെ ഇല്ലാതാക്കിയില്ലെങ്കില്‍ അല്‍പ്പത്തം പത്രങ്ങളെ ഇല്ലാതാക്കും. അതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഈ വിധിതീര്‍പ്പ്.
കമീഷന് ഇങ്ങനെ വിധിക്കാന്‍ അധികാരമുണ്ടെന്ന് പല ഹൈക്കോടതികളുടെയും തീര്‍പ്പ് ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ കാശിനുവേണ്ടിയോ പത്രത്തെ കീറച്ചാക്കുപോലെ എങ്ങനെയും ദുരുപയോഗപ്പെടുത്താം എന്ന പത്രലോകത്തിന്റെ അഹന്ത നിലനില്‍ക്കില്ലെന്ന് അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. മണിമുട്ടുന്നത് കേള്‍ക്കണം, ആര്‍ക്കുവേണ്ടി മണിയടിക്കുന്നുവെന്ന് വേര്‍തിരിച്ചറിയുകയും വേണം.
ഇന്ത്യന്‍ പത്രമണ്ഡലത്തെ ശുദ്ധീകരിക്കാന്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ബഹുമാന്യ വ്യക്തിയാണ് സുപ്രീംകോടതിയില്‍നിന്ന് പിരിഞ്ഞ്് ഇപ്പോള്‍ പ്രസ്കൗണ്‍സില്‍ ചെയര്‍മാനായി കഴിയുന്ന മാര്‍ക്കണ്ഡേയ കട്ജു. മാധ്യമപ്രവര്‍ത്തകരുമായി ഇതിനിടെ നടത്തിയ ഒരു സുഹൃദ് സംവാദവേളയില്‍, അദ്ദേഹം പത്രമാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്, താല്‍പ്പര്യക്കൂറ് കാണിക്കുന്നുണ്ടെങ്കില്‍ അത് വര്‍ഗീയവിരുദ്ധതയോടും മതേതരത്വത്തോടും മറ്റും ആയിരിക്കണം എന്നാണ്. ഹീന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തൂലിക ഉപയോഗിക്കുകയോ ഉപയോഗിക്കേണ്ടി വരികയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയാണോ രാജ്യത്തിനോടുള്ള കടപ്പാട് തീര്‍ക്കേണ്ടത് എന്ന് സഗൗരവം ചിന്തിക്കേണ്ട ഘട്ടമാണിത്. കേന്ദ്രഗവണ്‍മെന്റായാല്‍പ്പോലും അഴിമതികൊണ്ട് വളര്‍ത്തപ്പെടുന്ന ഒരു വ്യവസ്ഥയില്‍ കഴിയുന്നതിനെതിരെ നാടെങ്ങും വിവിധരൂപങ്ങളില്‍ പലതരം ജനപ്രക്ഷോഭങ്ങളുടെ തിരമാലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. മാധ്യമങ്ങള്‍ ഈ ചരിത്രപ്രധാനമായ സംഘര്‍ഷത്തില്‍ ആരുടെ കൂടെനില്‍ക്കുമെന്ന് ബഹുജനം ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ "കാരാഗൃഹ"ത്തിലും മറ്റും മുങ്ങിത്തുടങ്ങിയിരിക്കുന്ന മാധ്യമ ലോകത്തെ ജനശത്രുപക്ഷത്തിലേക്ക് തള്ളിവീഴ്ത്തുന്ന ശക്തികളെ അവര്‍ കണ്ടറിഞ്ഞ് ഇല്ലാതാക്കാന്‍ മടിക്കരുത്.
സത്യത്തിന്റെ വഴി എത്ര നേര്‍ത്തതാണെന്ന് കട്ജു തന്റെ അനുഭവം പറഞ്ഞ് തെളിയിക്കുന്നുണ്ട്. വാര്‍ത്ത വളച്ചൊടിക്കുന്ന സ്വഭാവത്തില്‍നിന്ന് പിന്തിരിയണമെന്നാണ് ഇന്ത്യന്‍ പത്രലോകത്തോട് കട്ജുവിന് പറയാനുള്ളത്. സുപ്രീംകോടതിയിലെ ഒരു വനിതാ ജഡ്ജി തന്റെ പെണ്‍മക്കളുടെ വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ചെലവും ബാധ്യതയായുണ്ട് എന്ന് ഒരു കണക്കില്‍ വിവരം കൊടുത്തതിനെ ചെറുതായൊന്ന് വളച്ചൊടിച്ച് "പെണ്‍മക്കള്‍ ബാധ്യതയാണെന്ന്" ചില പത്രങ്ങള്‍ രസമുണ്ടാക്കി. ആ റിപ്പോര്‍ട്ടിന്റെ ആപല്‍ക്കരമായ അനൗചിത്യത്തെക്കുറിച്ച് എന്തു പറയാന്‍! ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും കനത്ത ദാരിദ്ര്യവും ജോലിയില്ലായ്മയും ഒക്കെ അനുഭവിച്ച് സ്വതന്ത്രഭാരതത്തില്‍ നരകം അനുഭവിക്കുമ്പോള്‍ ചില പത്രങ്ങള്‍ ഏതോ ഒരു സിനിമാനടന്റെ ഭാര്യ പ്രസവിക്കുന്നത് ഒറ്റയോ ഇരട്ടയോ എന്നത് ഗൗരവമേറിയ പ്രശ്നമായി അവതരിപ്പിച്ചുവത്രെ. പത്രത്തിന് വരിക്കാരെ കൂട്ടുന്നതിനുള്ള നെറികെട്ട മത്സരം എവിടെയെത്തിയെന്ന് ഈ അശ്ലീല സംഭവം തെളിയിക്കുന്നു. ഇത്തരം പത്രങ്ങള്‍ക്കെതിരെ നാളെ മറ്റൊരു അണ്ണഹസാരെ സമരം തുടങ്ങിക്കൂടായ്കയില്ല.
പത്രങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ ഞാന്‍ പ്രസിദ്ധീകരിച്ച വിജ്ഞാനങ്ങളും പഠനങ്ങളും "ഈ ദൈവവും തോല്‍ക്കുമോ" എന്ന പേരില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ചിരുന്നു. പത്രം വെറും പീറക്കടലാസ് (rough paper) ആകുമോ എന്ന ഭയം രണ്ടുമൂന്നു വര്‍ഷം മുമ്പുതന്നെ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. രാമലക്ഷ്മണന്മാര്‍ ശൂര്‍പ്പണഖയോട് പെരുമാറിയതുപോലെയാണ് ഇക്കാലത്തെ റിപ്പോര്‍ട്ടര്‍മാരും പത്രാധിപനും വാര്‍ത്തകളോട് പെരുമാറുന്നത്. പത്രം പുരോഗമിക്കുന്നത് മുദ്രണാദി ജോലികളുടെ സാങ്കേതികരണത്തിലാണ്. പത്രത്തിലെ അക്ഷരങ്ങളും വാക്കുകളും കത്തികൊണ്ട് മുറിച്ച് ചോരയൊലിക്കുന്നവയായി കാണാം. സത്യം ഒന്നാണെങ്കിലും വാര്‍ത്ത പലതായി മാറുന്നു. പത്രങ്ങളില്‍ വരുന്നത് തുടര്‍ക്കഥയാണെന്നും നെല്ലും പതിരും വേര്‍തിരിച്ച് പതിര് പ്രസിദ്ധീകരിക്കുന്നവരാണ് പത്രാധിപര്‍ എന്നും അഡ്ലായ് സ്റ്റീവെന്‍സണ്‍ പ്രസ്താവിച്ചത് എത്രവര്‍ഷം മുമ്പാണ്? തങ്ങളുടെ കീഴോട്ടുള്ള പോക്ക് തടുക്കാനാവാത്ത നിലയില്‍ എത്തുന്നതിനുമുമ്പുതന്നെ പത്രരംഗം ഈ ഭവിഷ്യത്തിന്റെ ഭീകരത മനസിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ എല്ലാവര്‍ക്കും നന്ന്. എല്ലാ പ്രസ്ഥാനങ്ങളിലും സ്വയംനാശത്തിന്റെ വിത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരിക്കും. അവയെ നനച്ച് വളര്‍ത്തികൊണ്ടുവരരുത്. രാഷ്ട്രീയകക്ഷികളും നീതിന്യായാധിപന്മാരും എല്ലാം വിമര്‍ശിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, പത്രത്തിന്റെ സംരക്ഷണത്തിനുകൂടിയാണ് എന്ന് കാണാനുള്ള വിശാലമനസ്കത അവരില്‍നിന്ന് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നു.
*****
സുകുമാര്‍ അഴീക്കോട്
Subscribe to:
Post Comments (Atom)
2 comments:
പത്രങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ ഞാന്‍ പ്രസിദ്ധീകരിച്ച വിജ്ഞാനങ്ങളും പഠനങ്ങളും "ഈ ദൈവവും തോല്‍ക്കുമോ" എന്ന പേരില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ചിരുന്നു. പത്രം വെറും പീറക്കടലാസ് (rough paper) ആകുമോ എന്ന ഭയം രണ്ടുമൂന്നു വര്‍ഷം മുമ്പുതന്നെ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. രാമലക്ഷ്മണന്മാര്‍ ശൂര്‍പ്പണഖയോട് പെരുമാറിയതുപോലെയാണ് ഇക്കാലത്തെ റിപ്പോര്‍ട്ടര്‍മാരും പത്രാധിപനും വാര്‍ത്തകളോട് പെരുമാറുന്നത്. പത്രം പുരോഗമിക്കുന്നത് മുദ്രണാദി ജോലികളുടെ സാങ്കേതികരണത്തിലാണ്. പത്രത്തിലെ അക്ഷരങ്ങളും വാക്കുകളും കത്തികൊണ്ട് മുറിച്ച് ചോരയൊലിക്കുന്നവയായി കാണാം. സത്യം ഒന്നാണെങ്കിലും വാര്‍ത്ത പലതായി മാറുന്നു. പത്രങ്ങളില്‍ വരുന്നത് തുടര്‍ക്കഥയാണെന്നും നെല്ലും പതിരും വേര്‍തിരിച്ച് പതിര് പ്രസിദ്ധീകരിക്കുന്നവരാണ് പത്രാധിപര്‍ എന്നും അഡ്ലായ് സ്റ്റീവെന്‍സണ്‍ പ്രസ്താവിച്ചത് എത്രവര്‍ഷം മുമ്പാണ്? തങ്ങളുടെ കീഴോട്ടുള്ള പോക്ക് തടുക്കാനാവാത്ത നിലയില്‍ എത്തുന്നതിനുമുമ്പുതന്നെ പത്രരംഗം ഈ ഭവിഷ്യത്തിന്റെ ഭീകരത മനസിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ എല്ലാവര്‍ക്കും നന്ന്. എല്ലാ പ്രസ്ഥാനങ്ങളിലും സ്വയംനാശത്തിന്റെ വിത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരിക്കും. അവയെ നനച്ച് വളര്‍ത്തികൊണ്ടുവരരുത്. രാഷ്ട്രീയകക്ഷികളും നീതിന്യായാധിപന്മാരും എല്ലാം വിമര്‍ശിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, പത്രത്തിന്റെ സംരക്ഷണത്തിനുകൂടിയാണ് എന്ന് കാണാനുള്ള വിശാലമനസ്കത അവരില്‍നിന്ന് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നു.
മലയാളത്തിലെ ദൃശ്യ വാര്‍ത്ത മാധ്യമങ്ങള്‍ വാര്‍ത്താരംഗത്തെ തന്നെ ഏറ്റവും വലിയ ഫലിതങ്ങള്‍ ആണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത കുഞ്ഞുങ്ങള്‍ അവിടെ വിരേചിക്കുന്നു.
'കാശിന് വാര്‍ത്ത' ഒഴിവാക്കാവുന്നതല്ല. ഡോ. അഴീക്കോട് പോലും വര്‍ത്തമാനം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് സ്വന്തം പേര്‍ വയ്ക്കാനുള്ള അനുവാദം കൊടുത്തത് ഈ രംഗത്ത് പണത്തിനുള്ള സ്വാധീനം വെളിവാക്കുന്ന ഒരു മൈനര്‍ സംഭവം മാത്രം.
Post a Comment