Tuesday, October 11, 2011

പോരാട്ടവഴിയില്‍ പിന്‍മടക്കമില്ലാതെ

ഉദാരീകരണനയങ്ങള്‍ "അതിവേഗം" നടപ്പാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തെ "ബഹുദൂരം" പിന്നിലാക്കിയിരിക്കുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധത്തിലേക്ക് വളരുന്നു. നഗരങ്ങളില്‍ 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും പ്രതിദിനം സമ്പാദിക്കുന്നവര്‍ ബിപിഎല്‍ രേഖ താണ്ടി സമ്പന്നതയുടെ രാജവീഥിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞെന്നാണ് ആസൂത്രണകമീഷന്റെ കണ്ടുപിടിത്തം. നവമുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ സ്ഥിതിവിവരകണക്കുകളില്‍ അഭിരമിക്കുന്ന പ്രധാനമന്ത്രിയും ആസൂത്രണകമീഷനും ഇന്ത്യന്‍ ജനതയുടെ മൗലികമായ ജീവിതാവസ്ഥയെ അപഹസിക്കുകയാണ്. പെട്രോള്‍ വിലവര്‍ധന നിരന്തരപ്രക്രിയയായി കേന്ദ്രസര്‍ക്കാര്‍ മാറ്റിയപ്പോള്‍ വെള്ളക്കരവും വൈദ്യുതിചാര്‍ജും കൂട്ടി ഒപ്പമെത്താന്‍ മത്സരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ .

38 ലക്ഷം അഭ്യസ്തവിദ്യര്‍ തൊഴിലില്ലാതെ അലയുന്ന കേരളത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. സര്‍വീസ് കാലയളവിനേക്കാള്‍ പെന്‍ഷന്‍ വാങ്ങുന്ന അവസ്ഥ വികസനത്തിന് തുരങ്കംവയ്ക്കുമെന്നാണ് വാദം. പെന്‍ഷന്‍തന്നെ സ്വകാര്യവല്‍ക്കരിച്ച് ഇല്ലാതാക്കാന്‍ ലക്ഷ്യംവയ്ക്കുന്ന പിഎഫ്ആര്‍ഡിഎ ബില്‍ യുപിഎ- എന്‍ഡിഎ സഖ്യങ്ങള്‍ കൈകോര്‍ത്ത് പാസാക്കിയെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. 2010ലെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 58 കോടി ഭാരതീയര്‍ അര്‍ധപട്ടിണിയിലോ മുഴുപ്പട്ടിണിയിലോ ആണ്. ഇതേസമയം, ഭക്ഷ്യ കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന്&ാറമവെ; ടണ്‍ ഭക്ഷ്യധാന്യം എലി തിന്നും ചീഞ്ഞും നശിക്കുന്നു. സുപ്രീംകോടതി ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് നടത്തിയത്. പട്ടിണിപ്പാവങ്ങള്‍ക്ക് നശിച്ചുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി വിതരണംചെയ്തുകൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞു. എലികള്‍ക്കുള്ള അവകാശംപോലും മനുഷ്യര്‍ക്കില്ലേ എന്ന കൂര്‍ത്ത വിമര്‍ശം രാജ്യത്തെ പരമോന്നത കോടതി ഉയര്‍ത്തി. ഭക്ഷ്യവസ്തുക്കളുടെ സൗജന്യവിതരണംപോലുള്ള നടപടി "മോശമായ സാമ്പത്തികശാസ്ത്രമാണ്" എന്നാണ് പണ്ഡിതശിരോമണിയും സാമ്പത്തികശാസ്ത്ര വിശാരദനുമായ ഡോ. മന്‍മോഹന്‍സിങ്ങിന്റെ അഭിപ്രായം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്താനും ഉതകുന്ന നടപടിയെല്ലാം വികസനത്തെ തകര്‍ക്കും, തെറ്റായ സന്ദേശം നല്‍കും, സാമ്പത്തികവളര്‍ച്ചയെ മന്ദഗതിയിലാക്കും തുടങ്ങിയ വാദങ്ങള്‍കൊണ്ട് ഓരത്താക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗം ജനവിരുദ്ധതയുടെ കൂടാരമായി മാറിയിരിക്കുന്നു. കുഞ്ഞൂഞ്ഞും കുഞ്ഞാപ്പുവും നയിക്കുന്ന കേരളഭരണം ഇതിനകം ജനവിരുദ്ധതയുടെ അട്ടിപ്പേറ് ഏറ്റെടുത്തുകഴിഞ്ഞു. പ്രതിഷേധവുമായി റോഡിലിറങ്ങുന്നവരെ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പൊലീസ് ഭീകരതകൊണ്ട് നേരിടുകയാണ്. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ ജനാധിപത്യ പോരാളി ഖാലിദ് സെയ്ദിന്റെ രക്തസാക്ഷിത്വമാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിന് കളമൊരുക്കിയതെന്ന യാഥാര്‍ഥ്യം അധികാരികള്‍ മറന്നുപോകരുത്.

വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്‍ക്കരണം, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം, വിലക്കയറ്റം, റോഡുകളുടെ ശോചനീയാവസ്ഥ, സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന ഔഷധനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ കേരളത്തില്‍ നിരവധി വിദ്യാര്‍ഥി- യുവജന പ്രക്ഷോഭങ്ങള്‍ നടന്നു. പ്രതിഷേധസമരങ്ങളെ കണ്ണില്‍ച്ചോരയില്ലാതെ അടിച്ചൊതുക്കുക എന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. മേജര്‍ ലാത്തിച്ചാര്‍ജുകള്‍ 28 എണ്ണം അരങ്ങേറി. അറുനൂറ്റമ്പതോളം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇപ്പോഴിതാ വിദ്യാര്‍ഥിസമരത്തിനുനേരെ പൊലീസ് വെടിവച്ചിരിക്കുന്നു. എസ്എഫ്ഐയുടെ സംസ്ഥാനത്തെ സമുന്നതനേതാവിന്റെ തലതന്നെ അടിച്ചുതകര്‍ത്തു. തിങ്കളാഴ്ചത്തേത് കണ്ണിയിലെ ഒടുവിലത്തേതാണ്. പൊലീസ് അതിക്രമങ്ങളുടെ കേന്ദ്രമായി കോഴിക്കോട് മാറി. ജൂണ്‍ 29ന് ഡിവൈഎഫ്ഐ നടത്തിയ കമീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ ഭീകരമായ ലാത്തിച്ചാര്‍ജ് അഴിച്ചുവിട്ടു. നേതാക്കളെ തെരഞ്ഞുപിടിച്ച് സംഘം ചേര്‍ന്ന് അടിച്ചുവീഴ്ത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, കോഴിക്കോട് ജില്ലാകമ്മിറ്റിയംഗം സി എം ജംഷീര്‍ എന്നിവര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു. ഇരുവരും അഞ്ചുദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ കിടക്കേണ്ടിവന്നു. തലയ്ക്കും കാലിനുമേറ്റ പരിക്കുമൂലം തുടര്‍ച്ചയായി ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്.

നിര്‍മല്‍ മാധവ് പ്രശ്നത്തില്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ നടക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുഹമ്മദ് റിയാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവസ്ഥലത്തുപോലുമില്ലാതിരുന്ന ഡിവൈഎഫ്ഐ കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി വരുണ്‍ ഭാസ്കര്‍ , ജില്ലാ കമ്മിറ്റി അംഗം സി എം ജംഷീര്‍ എന്നിവരെയും വധശ്രമക്കേസില്‍ പ്രതിചേര്‍ത്തു. ജൂലൈ രണ്ടിന് കള്ളക്കേസുകള്‍ക്കും പൊലീസ് അതിക്രമത്തിനുമെതിരെ, അനുമതിവാങ്ങി നടത്തിയ കമീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെല്ലാമെതിരെ പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ് ചെയ്തു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം മോഹനന്‍ , എംഎല്‍എ മാരായ എ പ്രദീപ്കുമാര്‍ , കുഞ്ഞഹമ്മദ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സെപ്തംബര്‍ 20ന് ഡിവൈഎഫ്ഐ നടത്തിയ കോഴിക്കോട് പിഡബ്ല്യുഡി മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്ത ഉടനെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനവും ബലപ്രയോഗവുമുണ്ടായി. പിന്നാലെ കള്ളക്കേസുകളുടെ മലവെള്ളപ്പാച്ചിലാണ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ , ഗുണ്ടാനിയമത്തിലെ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് ചാര്‍ജ് ചെയ്ത കേസുകളില്‍ ജാമ്യം ലഭിക്കാതെ ഡിവൈഎഫ്ഐയിലെ പതിനേഴ് സഖാക്കള്‍ 14 ദിവസമായി ജയിലിലാണ്. ഇവരുടെ റിമാന്‍ഡ് കാലയളവ് ഈ മാസം 18 വരെ നീട്ടിയിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഗിരീഷിനെയും പ്രതിചേര്‍ത്ത് പുതിയ കേസ് ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ചുരുക്കത്തില്‍ നേതാക്കളെ ഒറ്റ തിരിഞ്ഞ് ഭീകരമായി മര്‍ദിച്ചും കള്ളക്കേസെടുത്ത് ജയിലിലടച്ചും ജനാധിപത്യ പ്രതിഷേധങ്ങളെ തകര്‍ക്കാന്‍ പൊലീസ് രാജ്- ഭരണകൂടഭീകരത അതിവിദഗ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

പ്രാന്തവല്‍ക്കരണം മൗലികാവസ്ഥയായി പരിണമിച്ച സമകാലീനലോകത്ത് പ്രതിരോധമല്ലാതെ മാര്‍ഗമില്ല. പ്രതിഷേധത്തിനാധാരമായ വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് സമരരൂപങ്ങള്‍ സ്വാഭാവികമായും മാറും. മുന്‍കൂട്ടി വിവരം അറിയിച്ച് പൊലീസ് അനുമതിയോടെ നടന്ന ജനാധിപത്യസമരങ്ങളെയാണ് പൊലീസ് ഭീകരതകൊണ്ട് സര്‍ക്കാര്‍ നേരിട്ടത്. ഈ സമരങ്ങളുടെ ഭാഗമായി ആഗോള പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ ലഘുസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെമ്പാടും രാഷ്ട്രീയസമരങ്ങളുടെ ഭാഗമായുണ്ടാകുന്ന ലഘുസംഘര്‍ഷങ്ങള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീവ്രസംഘര്‍ഷങ്ങളില്‍ പ്രയോഗിക്കുന്ന തരത്തിലുള്ള ബലപ്രയോഗവും നിയമനടപടികളും ഉണ്ടാകാറില്ല. ഭരണകൂടഭീകരതയുടെ വ്യക്തമായ സ്വരൂപം കാട്ടുന്ന ഇത്തരം പൊലീസ് നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണം. പോരാട്ടവീഥികളില്‍ പിന്മടക്കമറിയാത്ത പ്രതിജ്ഞയിലാണ് കേരളത്തില്‍ ജനാധിപത്യ യുവജന പ്രസ്ഥാനം. വീഴുമ്പോഴും അവര്‍ ഉയിര്‍ത്തെഴുന്നേറ്റുനില്‍ക്കും. കരിയറിസവും കൊമേഴ്സിയലിസവും പ്രജ്ഞകെടുത്തിയ കൂട്ടായ്മകള്‍ക്കിടയില്‍ പ്രത്യയശാസ്ത്രദാര്‍ഢ്യത്തോടെ ജനപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്റെ മര്‍ദനോപകരണങ്ങളെ നേരിടുന്ന കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി- യുവജന സംഘങ്ങള്‍ നഷ്ടപ്പെട്ടെന്നു കരുതിയ പോരാട്ടത്തിന്റെ രാഷ്ട്രീയസംസ്കാരം തിരിച്ചുപിടിക്കുകയാണ്.

*
സജി പാലക്കുഴി ദേശാഭിമാനി 11 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രാന്തവല്‍ക്കരണം മൗലികാവസ്ഥയായി പരിണമിച്ച സമകാലീനലോകത്ത് പ്രതിരോധമല്ലാതെ മാര്‍ഗമില്ല. പ്രതിഷേധത്തിനാധാരമായ വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് സമരരൂപങ്ങള്‍ സ്വാഭാവികമായും മാറും. മുന്‍കൂട്ടി വിവരം അറിയിച്ച് പൊലീസ് അനുമതിയോടെ നടന്ന ജനാധിപത്യസമരങ്ങളെയാണ് പൊലീസ് ഭീകരതകൊണ്ട് സര്‍ക്കാര്‍ നേരിട്ടത്. ഈ സമരങ്ങളുടെ ഭാഗമായി ആഗോള പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ ലഘുസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെമ്പാടും രാഷ്ട്രീയസമരങ്ങളുടെ ഭാഗമായുണ്ടാകുന്ന ലഘുസംഘര്‍ഷങ്ങള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീവ്രസംഘര്‍ഷങ്ങളില്‍ പ്രയോഗിക്കുന്ന തരത്തിലുള്ള ബലപ്രയോഗവും നിയമനടപടികളും ഉണ്ടാകാറില്ല. ഭരണകൂടഭീകരതയുടെ വ്യക്തമായ സ്വരൂപം കാട്ടുന്ന ഇത്തരം പൊലീസ് നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണം. പോരാട്ടവീഥികളില്‍ പിന്മടക്കമറിയാത്ത പ്രതിജ്ഞയിലാണ് കേരളത്തില്‍ ജനാധിപത്യ യുവജന പ്രസ്ഥാനം. വീഴുമ്പോഴും അവര്‍ ഉയിര്‍ത്തെഴുന്നേറ്റുനില്‍ക്കും. കരിയറിസവും കൊമേഴ്സിയലിസവും പ്രജ്ഞകെടുത്തിയ കൂട്ടായ്മകള്‍ക്കിടയില്‍ പ്രത്യയശാസ്ത്രദാര്‍ഢ്യത്തോടെ ജനപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്റെ മര്‍ദനോപകരണങ്ങളെ നേരിടുന്ന കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി- യുവജന സംഘങ്ങള്‍ നഷ്ടപ്പെട്ടെന്നു കരുതിയ പോരാട്ടത്തിന്റെ രാഷ്ട്രീയസംസ്കാരം തിരിച്ചുപിടിക്കുകയാണ്.