ജനങ്ങളുടെ മിത്രമായും സംരക്ഷകരായും കേരള പൊലീസിനെ മാറ്റിക്കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം നടത്തിയ പരിശ്രമം കേരളീയരുടെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പൊലീസിന്റെ നിലപാടും പെരുമാറ്റവും എത്രപെട്ടെന്നാണ് മാറിയത്. ജയിക്കാന്‍ വേണ്ടതിനേക്കാള്‍ ഒരു സീറ്റ് മാത്രം കൂടുതല്‍ നേടിയവര്‍ ഗവണ്‍മെന്റുണ്ടാക്കിയപ്പോള്‍ ആ ഗവണ്‍മെന്റിന്റെ നയം നടപ്പാക്കാനെന്നതിന്റെപേരില്‍ പൊലീസ് കാണിക്കുന്ന ക്രൂരതയും സാംസ്കാരികവിരുദ്ധ മനോഭാവവും വിശ്വസിക്കാന്‍തന്നെ പ്രയാസം. പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദിവാസികള്‍ക്ക് പട്ടയം കൊടുക്കാനാണ് വയനാട്ടിലെത്തിയതത്രെ. എന്നാല്‍ , മുഖ്യമന്ത്രിയുടെ വരവ് തന്നെ പാവപ്പെട്ട ആദിവാസി സഹോദരിമാര്‍ക്ക് പീഡനവും അപമാനവുമായി. കറുത്ത തുണിയെ ഉമ്മന്‍ചാണ്ടിക്ക് ഇത്ര പേടിയോ? മുഖ്യമന്ത്രിക്കസേരയില്‍ സന്ദര്‍ശകരിലൊരാള്‍ കയറിയിരുന്ന സംഭവത്തെ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ച മുഖ്യമന്ത്രിക്ക് ഇത്രയേറെ പൊലീസുകാരുടെ സാന്നിധ്യമുണ്ടായിട്ടുപോലും പാരമ്പര്യമായി അരയ്ക്ക് കെട്ടുന്ന കറുത്ത കച്ച കെട്ടിവന്ന പണിയ വിഭാഗത്തില്‍പ്പെട്ട സഹോദരിമാരെ സദസ്സില്‍ കണ്ടപ്പോള്‍ പേടിയോ? പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമിച്ച പ്രൊമോട്ടര്‍ കൂട്ടിക്കൊണ്ടുവന്നവരല്ലേ ആ സഹോദരിമാര്‍ ? ഉടുത്ത മുണ്ട് അഴിഞ്ഞുപോകാതിരിക്കാനുള്ള സംരക്ഷിതകവചമായാണ് പണിയ വിഭാഗത്തിലെ സഹോദരിമാര്‍ കറുത്ത കച്ച കെട്ടുന്നത്. ഈ പാരമ്പര്യവസ്ത്രം മുമ്പൊന്നും പൊലീസുകാരും മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടിട്ടില്ലെന്നാണോ?
പൊലീസുകാര്‍ ബലം പ്രയോഗിച്ച് അവരുടെ കച്ച വലിച്ചഴിച്ചപ്പോള്‍ നോക്കിനില്‍ക്കാന്‍ നിരവധി മന്ത്രിമാരും. ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തുന്നതു കണ്ട് രാജസഭയിലിരുന്ന് കൈകൊട്ടി ആര്‍ത്തട്ടഹസിക്കുന്ന ദുര്യോധനാദികളുടെ രൂപമാണ് ഓര്‍മവരുന്നത്. ഈ ഹീനവും നിന്ദ്യവുമായ പ്രശ്നത്തെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ആദിവാസി ക്ഷേമസമിതിയും ഉള്‍പ്പെടെയുള്ള സംഘടനകളും വാര്‍ത്താമാധ്യമങ്ങളും തല്‍ക്ഷണം അപലപിച്ചിട്ടുപോലും ഭരണക്കാര്‍ക്ക് തെല്ലും കൂസലുണ്ടായില്ല. പൊലീസുകാരുടെ ഈ ക്രൂരമായ ചെയ്തിയെ നിസ്സാരവല്‍ക്കരിക്കുകയാണ് ഉണ്ടായത്. കറുത്ത ദുപ്പട്ടയും മറ്റും ധരിച്ച് മന്ത്രിമാരുടെ പരിപാടികള്‍ക്കെത്തുന്ന പെണ്‍കുട്ടികള്‍ ഇനി സൂക്ഷിക്കുക. നിങ്ങളുടെ നെഞ്ചില്‍നിന്ന് പൊലീസുകാര്‍ അത് ബലം പ്രയോഗിച്ച് വലിച്ച് എടുത്തേക്കും. കല്‍പ്പറ്റയിലെ ഈ സംഭവം വളരെ ഗുരുതരമാണ്.
പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവരെ പീഡിപ്പിക്കുന്നതിനെതിരെ പാര്‍ലമെന്റ് പാസാക്കിയ പീഡന നിരോധന നിയമമനുസരിച്ച് ശക്തമായ നടപടി ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ എടുക്കണം. ഇതില്‍ മനുഷ്യാവകാശത്തിന്റെ ലംഘനമുണ്ട്. സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ലംഘനമുണ്ട്. പൗരാവകാശത്തിന്റെ ലംഘനമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കരുത്. പണിയ വിഭാഗത്തിലെ സഹോദരിമാരോട് കാണിച്ച ഈ നെറികേടിനെതിരെ ദേശീയ പട്ടികവര്‍ഗ കമീഷനും വനിതാ കമീഷനും ഇടപെടണം. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടി എത്രയുംപെട്ടെന്ന് എടുക്കണം. നടുക്കമുണ്ടാക്കുന്ന മറ്റൊരു സംഭവം ആലപ്പുഴയിലെ രാമങ്കരിയില്‍ 11 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവമാണ്. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലേക്കുള്ള വഴിയരികില്‍ കച്ചവടം നടത്തുന്ന (മക്കളും പേരക്കുട്ടികളുമുള്ള) മോഹനനാണ് സംഭവത്തിലെ വില്ലന്‍ . ഇടയ്ക്കിടെ മിഠായി വാങ്ങാന്‍ കടയില്‍ കയറുന്ന പെണ്‍കുട്ടിയെ മിഠായി കൂടുതല്‍ തരാമെന്നു പറഞ്ഞ് കടയുടെ അകത്തേക്ക് കയറ്റി. നിത്യേന കടയില്‍ കാണുന്ന ആളല്ലേ, കുട്ടി നിഷ്കളങ്കതയോടെ അകത്തേക്ക് കയറി. അവിടെനിന്ന് കാണിച്ച അശ്ലീല പ്രദര്‍ശനവും പ്രവൃത്തിയും കണ്ട് അമ്പരന്ന കുട്ടി ഓടി വീട്ടിലെത്തി അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു. അച്ഛന്‍ ഉടന്‍ രാമങ്കരി പൊലീസില്‍ പരാതി കൊടുത്തു. പിറ്റേന്നുതന്നെ മോഹനന്‍ എന്ന ക്രിമിനലിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ , വൈകുന്നേരമാകുന്നതിനു മുമ്പ് ജാമ്യവും കിട്ടി, പുറത്തിറങ്ങി. പ്രതിയെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം എസ്ഐ എം മനു പെണ്‍കുട്ടിയോടും രക്ഷിതാക്കളോടും പ്രതിയുടെ കടയുടെ മുന്നില്‍ എത്താന്‍ ആജ്ഞാപിക്കുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയും കുടുംബവും അവിടെ എത്തി. ഒപ്പം എസ്ഐയും പൊലീസുകാരും. അവിടെയാകെ ബഹളം. ആളുകള്‍ ഓടിക്കൂടി. ഈ ആള്‍ക്കൂട്ടത്തിന്റെയും പ്രതിയുടെയും മുന്നില്‍വച്ച് എന്താണുണ്ടായതെന്ന് വിശദീകരിക്കാന്‍ കുട്ടിയോട് എസ്ഐ ആജ്ഞാപിച്ചു. അച്ഛനമ്മമാര്‍ ദയനീയമായി പൊലീസുകാരെയും കൂടിനിന്ന ജനങ്ങളെയും നോക്കി. ഈ ക്രൂരമായ പൊലീസ് പീഡനത്തില്‍നിന്ന് മോചിപ്പിക്കണമേ എന്ന് അവരുടെ കണ്ണുകള്‍ അഭ്യര്‍ഥിച്ചു. എസ്ഐക്ക് കുലുക്കമുണ്ടായില്ല. സബ് ഇന്‍സ്പെക്ടറുടെ അലര്‍ച്ചയും ഭീഷണിയും ഒന്നിച്ചുവന്നപ്പോള്‍ പെണ്‍കുട്ടി വിതുമ്പി വിതുമ്പി ഉണ്ടായ സംഭവം ആംഗ്യത്തോടുകൂടി പറഞ്ഞു എന്ന് ജനങ്ങള്‍ സാക്ഷിപറഞ്ഞു. കണ്ടുനിന്നവര്‍ ലജ്ജിച്ചു തല താഴ്ത്തി. പൊലീസിന്റെ ഈ ക്രൂരവിനോദം അധികസമയം കണ്ടുനില്‍ക്കാന്‍ ആര്‍ക്കും ആവില്ലായിരുന്നു. ചോദ്യശരങ്ങള്‍ കുട്ടിയുടെനേരെ വീണ്ടും വന്നപ്പോള്‍ അച്ഛനും നാട്ടുകാരും എതിര്‍ത്തു. എന്നാല്‍ , അതെല്ലാം നിഷ്ഫലം. പൊലീസ് വഴങ്ങിയില്ല. എല്ലാ തരത്തിലും മാനസികമായും ശാരീരികമായും തളര്‍ന്ന പെണ്‍കുട്ടിയും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എസ്ഐയുടെ ചെയ്തി തെറ്റാണെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി കൊടുത്ത ശിക്ഷ ഒരു ട്രാന്‍സ്ഫര്‍ - എങ്ങനെയുണ്ട്? കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന രാജാവ്! ഇവിടെ ന്യായത്തിനും നീതിക്കും നിയമത്തിനും ധാര്‍മികതയ്ക്കും ഒരു പ്രസക്തിയുമില്ലാതായോ? സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെയും കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ഹിക്കുന്ന ഗൗരവത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും ഈ വിഷയത്തെ കാണാതിരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് ഇര. കേസെടുത്തതോ ജാമ്യം കിട്ടാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പ് അനുസരിച്ച്. പ്രായപൂര്‍ത്തിയായ സ്ത്രീയെ അപമാനിച്ചാല്‍ എടുക്കുന്ന കേസ് മാത്രം എടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടെന്നത് ഗൗരവമായി കാണണം.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ നിയമലംഘകരാകുമ്പോള്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നേരിടുകയല്ലാതെ മറ്റു മാര്‍ഗമില്ല. പൊലീസിന്റെ പിശാച് ബാധിച്ച മറ്റൊരു മുഖമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തും മറ്റു ചിലയിടങ്ങളിലും കണ്ടത്. ന്യായമായ ഒരു പ്രശ്നത്തില്‍ കേരളജനതയ്ക്കുവേണ്ടി നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതി തികച്ചും അപലപനീയമാണ്. യൂണിവേഴ്സിറ്റി ക്യാമ്പസില്‍പോലും കയറി തലങ്ങും വിലങ്ങും കുട്ടികളെ ഓടിച്ചിട്ടു തല തല്ലിക്കീറിയ പൊലീസിന്റെ വീര്യം കേമം തന്നെ. പൊലീസ് ഓഫീസര്‍മാര്‍ പ്രശ്നസ്ഥലങ്ങള്‍ നിയന്ത്രിക്കേണ്ടവരാണ്. എന്നാല്‍ , ഉന്നതരായ പൊലീസുദ്യോഗസ്ഥര്‍ തന്നെ അക്രമികളാകുന്നത് സംസ്കാരികകേരളത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ ശ്രമിക്കുന്നവരെ അക്രമികളുടെ പട്ടികയിലേ നമുക്ക് പെടുത്താന്‍ കഴിയൂ. ഇത്തരത്തിലുള്ള മര്‍ദനമുറകള്‍ കൊണ്ട് കേരളത്തിലെ വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും അവകാശസമരത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നതെങ്കില്‍ അതിനപ്പുറം വിഡ്ഢിത്തം വേറെയുണ്ടാകില്ല.
*
പി കെ ശ്രീമതി ദേശാഭിമാനി 03 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment