Thursday, October 20, 2011

ഗദ്ദാഫി യുഗം കഴിയുന്നു

സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട മറ്റൊരു ഭരണാധികാരി കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു. പതിറ്റാണ്ടുകളോളം ഏകാധിപതിയായി ഭരിച്ച് സാമ്രാജ്യത്വമൊരുക്കിയ ചതിക്കുഴികളിലൊന്നില്‍ ശിരസുടക്കപ്പെട്ട് കിടക്കുന്നത് ഒരു രാഷ്ട്രത്തിന്റെ തലവന്‍ . ഗദാഫിയുടെ ഭരണകാലത്ത് ലിബിയക്കാര്‍ തന്നെ ആയുധമെടുത്ത് തെരുവിലിറങ്ങേണ്ട തരത്തിലുള്ള ജനാധിപത്യധ്വംസനമാണുണ്ടായത്,സംശയമില്ല. നാല്‍പ്പതുവര്‍ഷം ഭരണത്തിലിരുന്നിട്ടും സ്വന്തം ജനങ്ങളുടെ വെറുപ്പുമാത്രം സമ്പാദിച്ചു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാം മറന്നതിനുള്ള ശിക്ഷ.സൈനികശക്തികൊണ്ട് പ്രതിഷേധിച്ചവര്‍ക്കെല്ലാം മറുപടി കൊടുത്തിരുന്ന ഏകാധിപത്യകാലമാണ് ലിബിയയില്‍ കഴിയുന്നത്. നാളെ ലിബിയ പുതിയപ്രഭാതത്തിലേക്കുണരുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കുമില്ല. ഈ സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് ലിബിയയുടെ ഭാവിയിലേക്കു തന്നെയാണ്.വിമതസേനയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഈ രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും സംരക്ഷിക്കാനാവുമോ. ലിബിയ ഇനി നാറ്റോയുടെ തോക്കിന്‍കുഴലിനു മുന്നിലായിരിക്കും.

പ്രകൃതിദത്ത എണ്ണ കൊണ്ട് സമ്പന്നമായ ഈ അറേബ്യന്‍രാജ്യത്തിനു മേല്‍ എന്നും അമേരിക്കയുശട കച്ചവടക്കണ്ണുണ്ടായിരുന്നു.അമേരിക്കയെയും മറ്റുപാശ്ചത്യരാജ്യങ്ങളെയുമെല്ലാം ഗദാഫി എന്നും രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം മാത്രം നിര്‍ത്തി. ഇനി പിന്‍വാതിലിലൂടെ സാമ്രാജ്യത്വം നുഴഞ്ഞെത്തുമെന്നതില്‍ സംശയങ്ങളില്ല. ഭീകരവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച അമേരിക്ക അഫ്ഗാന്‍ജനതയോടു കാട്ടിയതെന്താണ്. മഹായുദ്ധത്തിനൊടുവില്‍ അവിടെ നിലവില്‍ വന്നത് അമേരിക്കയുടെ പാവസര്‍ക്കാര്‍ എന്നും സാമ്രാജ്യത്തിന് തലവേദനയായിരുന്ന സദ്ദാം ഹുസൈനും ഇറാഖിനും സംഭവിച്ചതും ലോകം കണ്ടു. ഷിയവംശക്കാരെ കൊന്നൊടുക്കിയതായി ആരോപിച്ച് നാറ്റോസൈന്യം പിടികൂടി വധശിക്ഷ വിധിച്ചപ്പോള്‍ ആഹ്ളാദിച്ച ഇറാഖ് ജനത ഇന്ന് ദു:ഖിക്കുകയാണ്. വൈദേശികാധിപത്യത്തിന്റെ നുകത്തിന്‍ കീഴിലെ സ്വാതന്ത്ര്യത്തിന്റെ പാരതന്ത്ര്യമറിയുകയാണവരിപ്പോള്‍ . അതേഗതി തന്നെയായിരിക്കും ലിബിയക്കുമെന്നതില്‍ സംശയമില്ല.

ലോകരാഷ്ട്രങ്ങളിലെല്ലാം പടരുന്ന കലാപത്തിന്റെ വേരുകള്‍ തേടിച്ചെന്നാലെത്തുന്നത് അമേരിക്കയുടെ കച്ചവടക്കണ്ണുകളിലാണ്. ഒരേ കൈകൊണ്ട് ആയുധവും അന്നവും വില്‍ക്കുന്നവരാണവര്‍ . ഒരു രാജ്യത്തിനും സ്വാതന്ത്ര്യവും നീതിയും കൊടുക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്രാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് വിഘാതമായി നില്‍ക്കുന്നതും മറ്റാരുമല്ല. ആളും അര്‍ത്ഥവും കൊടുത്ത് അമേരിക്ക പൊലിപ്പിച്ചെടുത്ത ലിബിയന്‍ വിമതനീക്കത്തിന് പെട്ടെന്ന് ജനപിന്തുണ നേടാനായി. പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലിബിയയിലെ ജനങ്ങള്‍ക്ക് അത്രമേല്‍ തീവ്രമായിരുന്നു സ്വാതന്ത്ര്യവാഞ്ച.അറബ് ദേശീയതക്കായിരുന്നു ഗദ്ദാഫി മുന്‍തൂക്കം കൊടുത്തത്. രാജ്യത്തിന്റെ സൈനികശക്തി വര്‍ധിപ്പിക്കാനാണ് ഏകാധിപതിയായിരുന്ന ഗദ്ദാഫി ശ്രദ്ധിച്ചത്. പ്രതിഷേധത്തിന്റെ ചെറിയ അലപോലും ഭീഷണികള്‍ക്കു മുന്നില്‍ ഉയര്‍ന്നില്ല. ഇത്രകാലം അമര്‍ത്തിവെച്ചിരുന്ന രോഷമാണ് വിമതസേനയിലൂടെ പുറത്തുവന്നത്.ലിബിയയുടെ മാത്രം സ്ഥിതിയല്ലിത്. ഈജിപ്തിലും തുര്‍ക്കിയിലും പലസ്തീനിലും സുഡാനിലുമെല്ലാം ഉയര്‍ന്ന നിലവിളികള്‍ക്ക് ഒരേ ശബ്ദമായിരുന്നു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വിമതസേനക്ക് താല്‍ക്കാലിക വിജയം. ഗദ്ദാഫിക്ക് അനിവാര്യമായ അന്ത്യം.ആ മരണത്തെച്ചൊല്ലി ആരും വിലപിച്ചേക്കില്ല.പക്ഷേ ചരിത്രം രേഖപ്പെടുത്തും.സ്വന്തം ചെയ്തികളാല്‍ വെറുക്കപ്പെട്ടവനായി അവസാനം ഒരു ജനതക്കുമേല്‍ സാമ്രാജ്യത്വത്തിന്റെ നുകമിട്ടുകൊടുത്തതിന്റെ പേരില്‍

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട മറ്റൊരു ഭരണാധികാരി കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു. പതിറ്റാണ്ടുകളോളം ഏകാധിപതിയായി ഭരിച്ച് സാമ്രാജ്യത്വമൊരുക്കിയ ചതിക്കുഴികളിലൊന്നില്‍ ശിരസുടക്കപ്പെട്ട് കിടക്കുന്നത് ഒരു രാഷ്ട്രത്തിന്റെ തലവന്‍ . ഗദാഫിയുടെ ഭരണകാലത്ത് ലിബിയക്കാര്‍ തന്നെ ആയുധമെടുത്ത് തെരുവിലിറങ്ങേണ്ട തരത്തിലുള്ള ജനാധിപത്യധ്വംസനമാണുണ്ടായത്,സംശയമില്ല. നാല്‍പ്പതുവര്‍ഷം ഭരണത്തിലിരുന്നിട്ടും സ്വന്തം ജനങ്ങളുടെ വെറുപ്പുമാത്രം സമ്പാദിച്ചു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാം മറന്നതിനുള്ള ശിക്ഷ.സൈനികശക്തികൊണ്ട് പ്രതിഷേധിച്ചവര്‍ക്കെല്ലാം മറുപടി കൊടുത്തിരുന്ന ഏകാധിപത്യകാലമാണ് ലിബിയയില്‍ കഴിയുന്നത്. നാളെ ലിബിയ പുതിയപ്രഭാതത്തിലേക്കുണരുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കുമില്ല. ഈ സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് ലിബിയയുടെ ഭാവിയിലേക്കു തന്നെയാണ്.വിമതസേനയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഈ രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും സംരക്ഷിക്കാനാവുമോ. ലിബിയ ഇനി നാറ്റോയുടെ തോക്കിന്‍കുഴലിനു മുന്നിലായിരിക്കും