കൂടംകുളം തിരുനെല്‍വേലി ജില്ലയിലെ ചെറിയൊരു കടലോരപ്രദേശം മാത്രമല്ല, വലിയൊരു സമരഭൂമിയാണ്. ജൈവവൈവിധ്യവും ജനബാഹുല്യവുമുള്ള ഈ പ്രദേശം കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി ഭീതിയുടെ നിഴലിലാണ്. ആ ഭീതി അടിസ്ഥാനരഹിതമല്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടംകുളത്തെ കടലോരഗ്രാമങ്ങളുടെ മുഖ്യ ഉപജീവനം മത്സ്യബന്ധനമാണ്. സുനാമി വന്നു ഭീതിപ്പെടുത്തി മടങ്ങിപ്പോയ 'ഇടിന്തക്കരൈ' ഗ്രാമം അതിലൊന്നാണ്. എഴുപതിനായിരത്തിലേറെയാണ് ജനസംഖ്യ. സുനാമി പുനരധിവാസത്തെത്തുടര്‍ന്ന് ശ്വാസം നേരെ വീഴുന്നതിനുമുമ്പ് മരണം മറ്റൊരു രൂപത്തില്‍ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു; കൂടംകുളം ആണവനിലയത്തിന്റെ രൂപത്തില്‍. ആ തിരിച്ചറിവ് രണ്ടോ മൂന്നോ ഗ്രാമങ്ങളെയല്ല തമിഴ്‌നാട്ടിലേയും കേരളത്തിലേയും ആറേഴു തെക്കന്‍ ജില്ലകളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു.
വൈദ്യുതി പരിഷ്‌കൃതജീവിതത്തിനും വികസനത്തിനും അനിവാര്യമാകുന്നു. വൈദ്യുതി ഉല്‍പാദനത്തിന്റെ പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് ആണവ റിയാക്ടറുകളെ ആശ്രയിച്ചുള്ളത്. ഏറ്റവും ചെലവേറിയതും അപകടം പിടിച്ചതും പരാശ്രയത്തില്‍ അധിഷ്ഠിതവുമായ മാര്‍ഗമാണത്. പല വഴികളില്‍ ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ സംവിധാനത്തിനായിരിക്കണം ഭരണകൂടം മുന്‍ഗണന നല്‍കേണ്ടത്. കാറ്റും സൂര്യതാപവും തിരമാലയും വൈദ്യുതി ഉല്‍പാദനത്തിനു പര്യാപ്തമെന്നിരിക്കെ, ശാസ്ത്രലോകവും സാമാന്യജനങ്ങളും അതിലേയ്ക്ക് വിരല്‍ചൂണ്ടുമ്പോള്‍ ഭരണകൂടം പുറം തിരിഞ്ഞു നില്‍ക്കുന്നു. കൂടംകുളംപോലുള്ള ആണവനിലയങ്ങളില്‍ ഭരണാധികാരികള്‍ ആകൃഷ്ടരാകുന്നത് രാജ്യതാല്‍പര്യത്തെക്കാള്‍ മറ്റു ചില ഗൂഢതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ആണവ വൈദ്യുതിനിലയത്തിന്റെ ചെലവ്, മാലിന്യനിര്‍മാര്‍ജന സംവിധാനം, പ്ലാന്റിന്റെ ശീതീകരണം, സുരക്ഷിതത്വ സംവിധാനം തുടങ്ങിയ കാര്യങ്ങളെല്ലാം ജനങ്ങളുടെ മുന്നില്‍ മറച്ചു പിടിച്ചുകൊണ്ടാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഇന്ത്യാഗവണ്‍മെന്റും പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. കൂടംകുളത്തെ ജനങ്ങളെ സമരമുഖത്തെത്തിച്ച പ്രധാനകാര്യവും ഇതുതന്നെ.
ആണവ വൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കുന്നതിനോട് ലോകത്തെവിടെയുമുള്ള ബഹുജനാഭിപ്രായം എതിരാണ്. അനുദിനം ആ എതിര്‍പ്പ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൂടംകുളത്ത് സമരാഗ്നി പടരുമ്പോള്‍ തന്നെയാണ് ഉക്രയിനിലെ (റഷ്യ) ചെര്‍ണോബില്‍ അണുശക്തികേന്ദ്രം പൊട്ടിത്തെറിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കടന്നുപോയത്. ആണവനിലയത്തിലെ മുഴുവന്‍ പണിക്കാരും നൊടിയിടയില്‍ അന്ത്യശ്വാസം വലിച്ചു. ചെര്‍ണോബിലില്‍ നിന്നു പുറത്തുവന്ന അണുവികിരണം അയല്‍ രാജ്യങ്ങളിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബാധിച്ചു. അത് കാറ്റിലൂടെ പടര്‍ന്ന് ഇംഗ്ലണ്ടില്‍വരെ എത്തിച്ചേര്‍ന്നു എന്ന് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണസംഖ്യയെക്കുറിച്ച് ഭിന്നമായ കണക്കുകളാണ് പല ഏജന്‍സികളും അവതരിപ്പിച്ചത്. ആയിരങ്ങളില്‍ തുടങ്ങി ലക്ഷം വരെ അത് വ്യാപിച്ചു നില്‍ക്കുന്നു. ചെര്‍ണോബില്‍ റിയാക്ടറില്‍ നിന്നുള്ള അണുപ്രസരം ഒരു ലക്ഷം വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കും എന്നു കണക്കാക്കപ്പെടുന്നു. ആ ദുരന്തം ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
ചെര്‍ണോബില്‍ ദുരന്തം ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഫ്രാന്‍സിലെ മര്‍ക്കോലെ ദുരന്തവും ജപ്പാനിലെ ഫുക്കുഷിമ ദുരന്തവും പിന്നീടുണ്ടായവയാണ്. ആണവറിയാക്ടറുകളിലെ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത്തരം സംഭവങ്ങള്‍ ലോകസമൂഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
മിക്ക വികസിതരാജ്യങ്ങളും ആണവറിയാക്ടറുകളുടെ മാര്‍ഗം ഉപേക്ഷിച്ചുകഴിഞ്ഞു. ജര്‍മനി ഒരു പടികൂടി കടന്ന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ആണവറിയാക്ടറുകള്‍ ഒന്നൊന്നായി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിന് എന്തുകൊണ്ടതു കഴിയുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. അന്ധമായ അമേരിക്കന്‍ ദാസ്യമാണ് കാരണമെന്ന് അനുഭവങ്ങളിലേക്കു തിരിഞ്ഞുനോക്കിയാല്‍ വ്യക്തമാകും. ഭോപ്പാലില്‍ ദുരന്തം വിതച്ച അമേരിക്കന്‍ കമ്പനിയെ കുറ്റവിമുക്തമാക്കുകയും കമ്പനിയുടെ തലവനായ ആന്‍ഡേഴ്‌സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു രക്ഷപ്പെടുത്തുകയും ചെയ്ത ഇന്ത്യാഗവണ്‍മെന്റിന്റെ കാര്യക്ഷമതയും രാജ്യസ്‌നേഹവും വാഴ്ത്തപ്പെടേണ്ടതുതന്നെ! സ്വന്തം നാട്ടില്‍ ആണവനിലയങ്ങള്‍ വേണ്ട എന്നു അമേരിക്ക തീരുമാനിച്ചകാര്യം നമ്മുടെ ഭരണാധികാരികള്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. 1973 നുശേഷം അമേരിക്ക ഒരൊറ്റ ആണവനിലയം പോലും സ്ഥാപിച്ചില്ല എന്ന കാര്യവും നാം കണ്ടില്ലെന്നു നടിക്കുന്നു. അതേസമയം തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന വികസ്വരരാജ്യങ്ങളിലെല്ലാം അതാവാം എന്ന നിലപാടാണ് അമേരിക്ക പുലര്‍ത്തുന്നത്. റഷ്യന്‍ സംഭാവനയാണ് കൂടംകുളമെങ്കില്‍ അമേരിക്ക വച്ചുനീട്ടുന്നത് അതിലും പലമടങ്ങ് വലിയ പദ്ധതികളാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവോര്‍ജ പാര്‍ക്കിന്റെ ആസ്ഥാനം മഹാരാഷ്ട്രയിലെ ജേതാപ്പൂരാണ്. കൂടംകുളത്തെന്നപോലെ ജേതാപ്പൂരിലും ജനങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ സമരമുഖത്താണ്. അടിച്ചമര്‍ത്താനാവാത്തവിധം രണ്ടു സമരങ്ങളും ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കുവാനുള്ള ഒരു സമരത്തിന് മേല്‍ക്കുമേല്‍ ആളിപ്പടരുവാനേ നിവൃത്തിയുള്ളു.
പദ്ധതിയുമായി മുന്നോട്ടുപോവും എന്നു തന്നെയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആവര്‍ത്തിക്കുന്നത്. അതേ വാക്കുകള്‍ ഉരുവിട്ട മുഖ്യമന്ത്രി ജയലളിത ഇപ്പോള്‍ കൂടംകുളത്തെ ജനങ്ങളോടൊപ്പമാണെന്നു വ്യക്തമാക്കിയിരിക്കുന്നു. ആ വാക്കുകളില്‍ ജയലളിത ഉറച്ചു നില്‍ക്കുമെങ്കില്‍ അത് ജനകീയ സമരത്തിന്റെ വിജയമായിരിക്കും. കൂടംകുളം ആണവനിലയത്തില്‍ സംഭവിക്കാവുന്ന ദുരന്തം അതേ നിമിഷത്തില്‍ കേരളത്തെയും നേരിട്ടു ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കേരള ഗവണ്‍മെന്റിന്റെ നിലപാട് സുപ്രധാനമാകുന്നു. കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള ആകാശദൂരം നൂറുകിലോമീറ്ററിലും താഴെമാത്രം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും അറിഞ്ഞില്ല എന്നു ഭാവിച്ചിരിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗവണ്‍മെന്റിനും കഴിയുകയില്ല.
രണ്ടു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആറേഴു ജില്ലകളിലെ ജനങ്ങളുടെ പ്രക്ഷോഭമായി കൂടംകുളം സമരം പടര്‍ന്നു കൊണ്ടിരിക്കുന്നു. ആ സമരത്തോടുള്ള സ്വന്തം നിലപാട് വ്യക്തമാക്കുകയും ജനങ്ങള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യം കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ സ്വാധീനം ചെലുത്തുകയുമാണ് കേരളത്തിന്റെ ഭരണത്തലവന്‍ ചെയ്യേണ്ടത്.
*
പ്രഫ. വിശ്വമംഗലം സുന്ദരേശന്‍ ജനയുഗം 23 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
2 comments:
കൂടംകുളം തിരുനെല്‍വേലി ജില്ലയിലെ ചെറിയൊരു കടലോരപ്രദേശം മാത്രമല്ല, വലിയൊരു സമരഭൂമിയാണ്. ജൈവവൈവിധ്യവും ജനബാഹുല്യവുമുള്ള ഈ പ്രദേശം കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി ഭീതിയുടെ നിഴലിലാണ്. ആ ഭീതി അടിസ്ഥാനരഹിതമല്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടംകുളത്തെ കടലോരഗ്രാമങ്ങളുടെ മുഖ്യ ഉപജീവനം മത്സ്യബന്ധനമാണ്. സുനാമി വന്നു ഭീതിപ്പെടുത്തി മടങ്ങിപ്പോയ 'ഇടിന്തക്കരൈ' ഗ്രാമം അതിലൊന്നാണ്. എഴുപതിനായിരത്തിലേറെയാണ് ജനസംഖ്യ. സുനാമി പുനരധിവാസത്തെത്തുടര്‍ന്ന് ശ്വാസം നേരെ വീഴുന്നതിനുമുമ്പ് മരണം മറ്റൊരു രൂപത്തില്‍ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു; കൂടംകുളം ആണവനിലയത്തിന്റെ രൂപത്തില്‍. ആ തിരിച്ചറിവ് രണ്ടോ മൂന്നോ ഗ്രാമങ്ങളെയല്ല തമിഴ്‌നാട്ടിലേയും കേരളത്തിലേയും ആറേഴു തെക്കന്‍ ജില്ലകളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു.
പള്ളിക്കാര്‍ പൈസ ചോദിച്ചു; റഷ്യന്‍ കമ്പനി കൊടുത്തില്ല. തുടര്‍ന്ന് സമരമായി. ഇത്രയല്ലേ ഉള്ളൂ?
Post a Comment