കാക്കനാടന് മരിച്ചിട്ടില്ല, ഇപ്പോഴും കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാക്കനാടനെ ആദ്യമായി കാണുന്നത് അറുപതുകളുടെ ആദ്യകാലത്ത് ഡല്‍ഹിയില്‍ വെച്ചാണ്. അന്ന് ഞാന്‍ എഴുതി തുടങ്ങുന്നതേയുള്ളു. കാക്കനാടന്‍ പ്രശസ്തനായിരുന്നു. അതുകൊണ്ട് വളരെ സങ്കോചത്തോടെയാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. അപ്പോള്‍ അദ്ദേഹം എനിക്ക് കാക്കനാടനായിരുന്നു. ആ കൂടികാഴ്ചക്ക് ശേഷം ബേബിച്ചായനായി. ഞാന്‍ സംബോധന ചെയ്യുന്നത് ബേബിച്ചായന്‍ എന്നാണ്.
ക്ഷോഭിക്കുന്ന എഴുത്തുകാരനായാണ് കാക്കനാടന്‍ സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടത്. അത് കൊടുങ്കാറ്റ് പോലുള്ള വരവായിരുന്നു. കൊടുങ്കാറ്റ് വീശുമ്പോള്‍ സംഭവിക്കുന്നത് പോലെ ഒരുപാട് ആശയങ്ങളും കാഴ്ചപ്പാടുകളും നിലംപറ്റി. കാക്കനാടന്‍ അരാജകവാദിയായ എഴുത്തുകാരന്‍ എന്നാണ് അറിയപ്പെടുന്നത്. ആദ്യകാലത്ത് ഞാനും അങ്ങിനെയാണ് ധരിച്ചത്. എന്നാല്‍ അദ്ദേഹം അരാജകവാദി മാത്രമായിരുന്നില്ല, സാമൂഹ്യബോധമുള്ള എഴുത്തുകാരനുമായിരുന്നു. ആധുനിക സാഹിത്യത്തിന്റെകാലത്ത് കാക്കനാടനോളം സാമൂഹ്യ ബോധം ഉള്ളില്‍ കൊണ്ട് നടന്ന മറ്റൊരു എഴുത്തുകാരന്‍ ഉണ്ടെന്ന് തോന്നുന്നില്ല. അതിനുള്ളകാരണം മറ്റൊരു എഴുത്തുകാരനും ഇല്ലാതിരുന്ന കമ്യൂണിസ്റ്റ് പാരമ്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതാണ്.
കാക്കനാടന്റെ വീട് വിപ്ലവകാരികളുടെ ഒളിത്താവളമായിരുന്നു. എം എന്‍ ഗോവിന്ദന്‍നായരെ പോലുള്ള നേതാക്കള്‍ക്ക് കാക്കനാടന്റെ അമ്മ കഞ്ഞിവെച്ച് കൊടുത്തിരുന്നു. ആ കഥയൊക്കെ കാക്കനാടന്‍ പറഞ്ഞ് തന്നിരുന്നു. എന്നെ അല്‍ഭുതപ്പെടുത്തിയ അറിവായിരുന്നു അത്. ഒരു കലാപകാരിയായി നടക്കുമ്പോഴും ഉള്ളില്‍ പുരോഗമന ആശയങ്ങള്‍ കൊണ്ട് നടന്നു. പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുമായി ചില അവസരങ്ങളില്‍ ഞാന്‍ കലഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കാക്കനാടന്‍ എന്നോട് അരുത് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നല്ല ഒരുവായനക്കാരനായിരുന്നു. റഷ്യന്‍സാഹിത്യവും അമേരിക്കന്‍ സാഹിത്യവുമൊക്കെ നന്നായി ഉള്‍ക്കൊണ്ടിരുന്നു. അല്‍ബേര്‍ കമ്യൂവിനെ ഞാന്‍ വായിക്കുന്നതിന് മുമ്പ് കാക്കനാടന്‍ വായിച്ചിരുന്നു. ആ കാലത്തെ ഞങ്ങളുടെ സംഭാഷണത്തില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന വിഷയം അസ്തിത്വവാദവും മാര്‍ക്സിസവുമായിരുന്നു. നമ്മുടെ സാഹിത്യത്തില്‍ നവ ഭാവുകത്വം വളര്‍ത്തികൊണ്ടുവന്ന എഴുത്തുകാരന്‍ കൂടിയാണ് കാക്കനാടന്‍ . നമ്മുടെ ഭാഷയും കാഴ്ചപാടും വളരെ യാഥാസ്ഥിതികമായിരുന്നു. ഇതിനോടാണ് കാക്കനാടന്‍ കലഹിച്ചത്. കാക്കനാടന്റെ ഭാഷ മലയാളികള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. അതിന്റെ തീവ്രത നമുക്ക് അപരിചിതമായിരുന്നു. മലയാളഭാഷയ്ക്ക് ഇത്രയും സംഹാര ശക്തിയുണ്ടെന്ന് തെളിയിച്ചത് കാക്കനാടനായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യകാലത്തെകഥകള്‍ നഗര കേന്ദ്രീകൃതമായിരുന്നു. ഡെല്‍ഹി ജീവിതത്തിന്റെ ഇരുണ്ടതും ഭ്രമാത്മകവുമായ കാഴ്ചകള്‍ യൂസഫ്സരായിയിലെ ചരസ് വ്യാപാരി പോലുള്ള കഥകളില്‍ അദ്ദേഹം ആവിഷ്ക്കരിച്ചു. കാക്കനാടന്റെ മാസ്റ്റര്‍ പീസ് ഉഷ്ണമേഖല എന്ന നോവലാണ്. വിയോജിപ്പുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എന്ത് തന്നെയായാലും അവഗണിക്കാന്‍ കഴിയാത്ത ഒരു മഹത്കൃതിയാണത്. അദ്ദേഹത്തെ അവസാനമായി കണ്ടത് ഒന്നരമാസം മുമ്പ് കൊല്ലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ്. ശാരീരികമായി വളരെ ക്ഷീണിച്ചിരുന്നു. പക്ഷെ മനസ് ക്ഷീണിച്ചിരുന്നില്ല. നാല്‍പത് വര്‍ഷം മുമ്പ് എന്നോട് സംസാരിച്ച അതേ തീവ്രതയോടെയാണ് സംസാരിച്ചത്. ആ ശബ്ദം നിലച്ചുപോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.........
എം മുകുന്ദന്‍
വിചാരിച്ചത് പറഞ്ഞു പറഞ്ഞത് ചെയ്തു
മലയാള ചെറുകഥാസാഹിത്യത്തിലും നോവലിലും പുതിയൊരു ഭാവുകത്വപരിണാമത്തിന് വഴിവച്ച ആധുനികതയുടെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ . ജീവിതത്തിന്റെ ആത്യന്തികാര്‍ഥം നിരര്‍ഥകതയാണെന്ന ജീവിതദര്‍ശനം അവതരിപ്പിച്ച ആധുനിക സാഹിത്യത്തിന്റെ പ്രയോക്താക്കളില്‍ നല്ലൊരും പങ്കും സ്വന്തം ഭൗതികജീവിതം കൃത്യമായി കരുപ്പിടിപ്പിച്ചപ്പോള്‍ അതിന് ഏറെ സാധ്യതകളുണ്ടായിരുന്നിട്ടും കാക്കനാടന്‍ എഴുത്തിന്റേതുമാത്രമായ വഴിയാണ് തെരഞ്ഞെടുത്തത്. വസൂരി, സാക്ഷി, ഏഴാംമുദ്ര, ഉഷ്ണമേഖല തുടങ്ങിയ നോവലുകള്‍ കാലദേശനിരപേക്ഷമായി പീഡനമനുഭവിക്കുകയാണ് മനുഷ്യന്റെ ആത്യന്തിക വിധി എന്ന ആധുനികതയുടെ ആഗോളവ്യാപകമായ ദര്‍ശനം പങ്കുവയ്ക്കുമ്പോള്‍തന്നെ സവിശേഷമായ കേരളീയപ്രാദേശിക ജീവിതത്തിന്റെ ചിത്രണങ്ങളായി മാറി. കമ്യൂണിസ്റ്റ് പൈതൃകത്തില്‍ ഊറ്റംകൊണ്ട കാക്കനാടന്‍ അതേസമയം താന്‍ പൂഞ്ഞാര്‍ രാജകുടുംബവുമായി ബന്ധമുള്ള ക്ഷത്രിയനാണെന്നും അഭിമാനിച്ചിരുന്നു. വിചാരിച്ചതു പറയുകയും പറഞ്ഞത് പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് കാക്കനാടന്‍ ആധുനിക സാഹിത്യകാരന്മാരില്‍ വ്യത്യസ്തനാകുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്ന മലയാളത്തിലെ എഴുത്തുകാരുടെ പൊതുരീതിക്ക് അപവാദമായിരുന്നു കാക്കനാടന്‍ .
വസൂരി, കോളറ എന്നീ മാരകരോഗങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ മൂല്യബോധം നഷ്ടപ്പെടുന്നതും സദാചാരത്തിന്റെ ആരോപിതമായ മറകള്‍ വലിച്ചുചീന്തപ്പെടുന്നതും ചിത്രീകരിക്കുന്ന നോവലാണ് വസൂരി. എന്നാല്‍ , മാന്യതയുടെ ആള്‍രൂപങ്ങള്‍ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗ്രാമത്തിലെ തെറിച്ച ചെറുപ്പക്കാരനും ശരീരം വില്‍ക്കുന്ന സ്ത്രീയും അവസരത്തിനൊത്തുയരുകയും പകര്‍ച്ചവ്യാധി ബാധിച്ച മനുഷ്യരെ രക്ഷിക്കാനെത്തുകയുംചെയ്യുന്നത് വസൂരിയില്‍ വരച്ചിടുന്ന കാക്കനാടന്‍ ബഷീര്‍ "ശബ്ദ"ങ്ങളിലും മറ്റും നടത്തിയ ബൂര്‍ഷ്വാജീവിതത്തിനുള്ള ആഘാതചികിത്സ തുടരുകയാണ്.
നോവല്‍കലയില്‍ കാക്കനാടന്‍ നടത്തിയ വിപ്ലവം വേണ്ടവിധം ആധുനിക വിമര്‍ശകര്‍ മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് കെ പി അപ്പന്‍ അദ്ദേഹത്തിന്റെ നോവല്‍ കലയെ "പലപ്പോഴും ശിഥിലസമാധിയില്‍" എന്ന ലേഖനത്തില്‍ ശില്‍പ്പദാര്‍ഢ്യമില്ലാത്തതിന്റെ പേരില്‍ ആക്രമിക്കുന്നത്. കാക്കനാടന്റെ രചനാലോകത്തിലെ അക്രമാസക്തിയെയും ലൈംഗികതയെയും അദ്ദേഹം പര്‍വതീകരിച്ചുയര്‍ത്തി അംഗീകരിക്കുകയും ചെയ്യുന്നു. കാലത്തിലൂടെ വളര്‍ന്നുയരുന്ന കഥാപാത്രങ്ങളും കേരളീയപ്രാദേശിക ജീവിതത്തിന്റെ സവിശേഷതകളിലൂന്നിയ അവയുടെ ചിത്രണവും ഇത്തരം വിമര്‍ശം കാണുന്നില്ല. അവ്യവസ്ഥിതമായ മനുഷ്യജീവിതത്തിന്റെ പ്രത്യേകതയാണ് ശില്‍പ്പവുമായി ബന്ധപ്പെട്ട വ്യവസ്ഥാരാഹിത്യത്തില്‍ കാണേണ്ടതെന്ന് എന്തുകൊണ്ട് അത്തരം വിമര്‍ശകര്‍ മനസിലാക്കുന്നില്ല?
മതം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട ബൃഹദ്വ്യവഹാരങ്ങള്‍ എങ്ങനെ പ്രാന്തവല്‍കൃത മനുഷ്യരെ അവയ്ക്ക് പുറത്തുനിര്‍ത്തിപ്പോരുന്നു എന്ന പ്രശ്നം മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ് സാമ്പ്രദായികമായ ആധുനികതയില്‍നിന്ന് കാക്കനാടന്‍ വ്യതിരിക്തനാകുന്നത്. കുടിയേറ്റ കര്‍ഷകരുടെ അതിജീവനശ്രമങ്ങള്‍ ആവിഷ്കരിക്കപ്പെടുന്ന "ഒറോത"യെ സംസ്കാരികവിമര്‍ശത്തിന്റെ കാഴ്ചപ്പാടില്‍ സമീപിച്ചാല്‍ മാത്രംമതി ഇതു വ്യക്തമാകാന്‍ . "മരിച്ചവര്‍ ഒന്നും പറഞ്ഞില്ല, കാരണം അവര്‍ മരിച്ചുപോയിരുന്നു" എന്ന വാക്യംപോലെ ലളിതമായ മലയാളത്തിലെഴുതുമ്പോഴും ആ ഭാഷയ്ക്ക് ഏത് ആഗോളദര്‍ശനവും ഉള്‍ക്കൊള്ളാനാവും എന്ന് നിശബ്ദമായി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ വാഗ്ഭടത്വം അംഗീകരിക്കപ്പെടേണ്ടതുണ്ട്. അതുപോലെതന്നെ കേരളീയമായ ഗ്രാമീണസംഘജീവിതത്തിന്റെ അനുഭവങ്ങള്‍ തികച്ചും തനിമയോടെ അവതരിപ്പിച്ചതിലും. അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം തുടങ്ങിയ ചെറുകഥകള്‍ മലയാളകഥയുടെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. അവ പ്രക്ഷേപണംചെയ്യുന്ന ദര്‍ശനത്തെ എതിര്‍ക്കുന്നവരെപ്പോലും തന്റെ സൗഹൃദവലയത്തിലുള്‍ക്കൊള്ളാന്‍ കഴിയുന്ന വിപുലമായ മാനവീയബോധം കാക്കനാടനുണ്ടായിരുന്നു.
ഉപഹാസപൂര്‍ണവും പരുഷവുമായ അദ്ദേഹത്തിന്റെ രചനാശൈലി താനവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് അത്യധികം ഇണങ്ങുന്നതായിരുന്നു. സാമൂഹ്യജീവിതത്തിലെങ്ങും വ്യാപകമായ മൂല്യച്യുതിയും അതിന്റെ ഭാഗമായ കപടസദാചാരവും നിശിതമായ വരികളിലൂടെ കാക്കനാടന്‍ ആക്രമണവിധേയമാക്കുന്നു. അടിസ്ഥാനപരമായി ഉപരിവര്‍ഗജീവിതശൈഥില്യം ചിത്രീകരിക്കുക വഴി പിന്നീടു വന്ന ഇടതുപക്ഷാധുനികതയ്ക്ക് വഴിയൊരുക്കിയ കഥാസാഹിത്യകാരനെന്ന നിലയിലായിരിക്കും ഭാവിനിരൂപണം അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ പോവുന്നത്. ഒരാളെ അയാളുടെ പ്രവര്‍ത്തനരംഗത്തിലൂടെ മനസിലാക്കുന്നതിന് പകരം സ്വകാര്യജീവിതത്തിലേക്കുള്ള ഒളിനോട്ടത്തിലൂടെ തൃപ്തിപ്പെടുന്ന മധ്യവര്‍ഗ മാധ്യമമനോഭാവങ്ങള്‍ സമകാലികസാഹിത്യവിമര്‍ശത്തിന്റെ മരണക്കെണികളാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും.
ഡോ. എസ് എസ് ശ്രീകുമാര്‍ (മാഹി മഹാത്മഗാന്ധി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മലയാളവിഭാഗം മേധാവിയാണ് ലേഖകന്‍)
മറക്കാനാകാത്ത ബേബിച്ചായന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കാക്കനാടനെപ്പറ്റിയുള്ള ഓര്‍മകള്‍ ആദ്യം വായിച്ച അദ്ദേഹത്തിന്റെ രചനകളില്‍ തുടങ്ങുന്നു. ആരാധനയോടെ ദൂരെനിന്ന് കണ്ടിട്ടുള്ള ആ വലിയ എഴുത്തുകാരന്‍ ഒരിക്കല്‍ വളരെ അടുപ്പമുള്ള- സുഹൃത്തിനെപ്പോലെ പ്രിയപ്പെട്ട- സ്വന്തം "ബേബിച്ചായ"നാകുമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. സൗഹൃദങ്ങളെ മറ്റെന്തിലും കൂടുതല്‍ ആഘോഷിച്ചിട്ടുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കാക്കനാടന്‍ മലയാളസാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ സവിശേഷമാണ്. അത് ആവര്‍ത്തിച്ച് ചര്‍ച്ചചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. മലയാളസാഹിത്യത്തില്‍ ആധുനികതയെ സൃഷ്ടികളിലൂടെ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മറ്റാരേക്കാളും അവകാശപ്പെട്ടത് കാക്കനാടനാണ്. അദ്ദേഹത്തിനൊപ്പം ആ പ്രസ്ഥാനത്തിന്റെ പ്രഥമ പഥികരായി മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരെക്കുറിച്ച് പരാമര്‍ശിക്കാവുന്നതാണ്. അപ്രസക്തമായതിനാല്‍ വിട്ടുകളയുന്നു.
ആധുനികത, സാഹിത്യത്തിലെന്നപോലെ ചിത്രകലയിലും സംഗീതത്തിലും ചലച്ചിത്രകലയിലും അതിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. കാക്കനാടന്റെ സവിശേഷത, മനുഷ്യസര്‍ഗാത്മകതയുടെ എല്ലാ മണ്ഡലത്തിലെയും ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ്. കലയില്‍ സ്ഥായീഭാവവും സഞ്ചാരീഭാവവുമുണ്ട്. കാക്കനാടന്റെ സ്ഥായീഭാവം സഞ്ചാരിയുടേതാണ്. അദ്ദേഹം വ്യക്തിപരമായി പല ഭൂഖണ്ഡങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്. അതിനപ്പുറം അദ്ദേഹം മാനസികസഞ്ചാരം നടത്തിയിട്ടില്ലാത്ത പ്രദേശങ്ങളോ മനുഷ്യാവസ്ഥകളോ ഇല്ല. ഒരിക്കലും നിശ്ചലനായി ഇരിക്കാന്‍ കാക്കനാടന് കഴിയുമായിരുന്നില്ല. വിപുലമായ ഇത്തരം സഞ്ചാരങ്ങള്‍ കഴിഞ്ഞ് കൊല്ലത്ത് തേവള്ളിയിലെ രണ്ടു വാടകവീടുകളില്‍ താമസിച്ചകാലത്തെ സൗഹൃദസന്ദര്‍ശനങ്ങള്‍ ഓരോന്നും മറക്കാനാകാത്ത മധുരാനുഭവങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടപാനീയവും സിപ്പുചെയ്തുകൊണ്ട്, ആരാധകവൃന്ദത്തിന്റെ നടുവില്‍ ഇരുന്നുള്ള വെടിവെട്ടത്തിന്റെ ശബ്ദായമാനതയും വര്‍ണവൈവിധ്യവും ഒരു സര്‍റിയലിസ്റ്റ് ചിത്രംപോലെ അന്യാദൃശമാണ്. ബീഥോവന്റെയും മൊസാര്‍ട്ടിന്റെയും വാഗ്നറുടെയും സംഗീതശില്‍പ്പങ്ങളും പിക്കാസോയുടെയും ഗോയയുടെയും ഡാലിയുടെയും ചിത്രങ്ങളും അന്നാ അഖ്മത്തോവയുടെയും മാര്‍ക്വേസിന്റെയും ജയിംസ് ജോയിസിന്റെയും സാഹിത്യസൃഷ്ടികളും ലഹരിപിടിച്ച ചര്‍ച്ചകളിലെ ഇതിവൃത്തമാകും.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സാഹിത്യമണ്ഡലത്തിലെ മൗലികസംഭാവനയ്ക്കുള്ള ഫെലോഷിപ്പ് കാക്കനാടന് സമ്മാനിച്ചത്. കൊല്ലത്ത് ആരാധകരുടെയും സഹൃദയരുടെയും തിങ്ങിനിറഞ്ഞ സാന്നിധ്യത്തിലായിരുന്നു സാഹിത്യ അക്കാദമി നല്‍കുന്ന ആ പരമോന്നത പുരസ്കാരം പ്രിയപ്പെട്ട കഥാകൃത്തിന് സമ്മാനിച്ചത്. വളരെ വൈകിയെത്തിയ ആ അംഗീകാരം അദ്ദേഹത്തെ വല്ലാതെ ആഹ്ലാദിപ്പിക്കുകയുണ്ടായി. സര്‍ഗാത്മകരചനയുടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്താന്‍ ഈ പുരസ്കാരം തന്നെ പ്രോത്സാഹിപ്പിക്കുമെന്നാണ് അദ്ദേഹം പ്രതിവചിച്ചത്.
"പത്രം" എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ എന്നൊരു അവതാരംകൂടി കാക്കനാടനുണ്ടായിരുന്നു. സമകാലിക സംഭവവികാസങ്ങളെപ്പറ്റി സാര്‍വകാലികമായ വിലയിരുത്തലുകള്‍ ഉള്‍ക്കൊള്ളുന്ന നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ പത്രാധിപക്കുറിപ്പുകളില്‍ കാണാനാകുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഉറ്റബന്ധമുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം പിറന്നുവളര്‍ന്നത്. അതുകൊണ്ടുതന്നെ പുരോഗമന പ്രസ്ഥാനത്തോട് സുദൃഢമായ ബന്ധവും അനുഭാവവും അദ്ദേഹം പുലര്‍ത്തിപ്പോന്നു. തന്റെ സര്‍ഗാത്മക സൃഷ്ടികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും പ്രവര്‍ത്തനരീതികളെപ്പറ്റിയും മറ്റും ചിലപ്പോള്‍ വളരെ ശക്തമായ വിമര്‍ശങ്ങള്‍തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ , അതൊരിക്കലും പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയോ അനുഭാവത്തെയോ ബാധിച്ചിട്ടില്ല. "മനുഷ്യച്ചങ്ങല" ഉള്‍പ്പെടെ ഒട്ടേറെ ചരിത്രസമരങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുകയുംചെയ്തു.
എം എ ബേബി
*
Deshabhimani
Subscribe to:
Post Comments (Atom)
1 comment:
കാക്കനാടന് മരിച്ചിട്ടില്ല, ഇപ്പോഴും കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാക്കനാടനെ ആദ്യമായി കാണുന്നത് അറുപതുകളുടെ ആദ്യകാലത്ത് ഡല്‍ഹിയില്‍ വെച്ചാണ്. അന്ന് ഞാന്‍ എഴുതി തുടങ്ങുന്നതേയുള്ളു. കാക്കനാടന്‍ പ്രശസ്തനായിരുന്നു. അതുകൊണ്ട് വളരെ സങ്കോചത്തോടെയാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. അപ്പോള്‍ അദ്ദേഹം എനിക്ക് കാക്കനാടനായിരുന്നു. ആ കൂടികാഴ്ചക്ക് ശേഷം ബേബിച്ചായനായി. ഞാന്‍ സംബോധന ചെയ്യുന്നത് ബേബിച്ചായന്‍ എന്നാണ്.
Post a Comment