Thursday, October 6, 2011

സിഐഎയുടെ ബ്ലാക്ക് ഓപ്പറേഷനുകള്‍

ഒന്നാം ഭാഗം മനുഷ്യരാശിക്കെതിരായ മഹാപാതകങ്ങള്‍

രക്തപങ്കിലമായ ഇറാക്ക് അധിനിവേശത്തിന് ന്യായീകരണം ചമച്ചുകൊണ്ട് യു എസ് ഭരണകൂടം സദ്ദാംഹുസൈന്റെ ജൈവ, രാസായുധ ശേഖരങ്ങളെക്കുറിച്ചും ഇറാഖിലെ ആണവ നിലയങ്ങളിലും ഭൂഗര്‍ഭ പടയറകളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ആണവായുധങ്ങളെക്കുറിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നല്ലോ. വിഷവാതകം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനി തളിക്കാനെന്നപേരില്‍ ഹെലികോപ്ടറുകളും റൊണാള്‍ഡ് റംസ്ഫെല്‍ഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിവഴിയാണ് സിഐഎ ഇറാഖിന് ഒരുകാലത്ത് എത്തിച്ചുകൊടുത്തത്. സദ്ദാംഹുസൈനെ ഉപയോഗിച്ച് ഇറാന്‍ -ഇറാഖ് സംഘര്‍ഷം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു അക്കാലത്ത് യുഎസ് ഭരണകൂടം സ്വീകരിച്ചത്. അതിനായി സുന്നി-ഷിയാ വംശീയ സംഘര്‍ഷവും കൂട്ടക്കൊലകളും സിഐഎതന്നെ ഈ മേഖലയില്‍ ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും ചെയ്തു.

ജൈവ-രാസായുധങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭയെ മാപ്പുസാക്ഷിയാക്കിക്കൊണ്ടാണല്ലോ ഇറാഖിനെ തകര്‍ത്ത് സിഐഎ ഇറക്കുമതി ചെയ്ത ചലാബി വഴി അധിനിവേശ സര്‍ക്കാരുണ്ടാക്കിയത്. ഇതുസംബന്ധമായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വിഷവാതകം നിര്‍മ്മിച്ച് ഇറാന്നും ആഭ്യന്തരരംഗത്തെ ശത്രുക്കള്‍ക്കുമെതിരെ പ്രയോഗിക്കുവാന്‍ സിഐഎ ഇറാഖ് ഭരണകൂടത്തെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇതിന് നിരവധി തെളിവുകള്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍തന്നെ 1980കളുടെ പകുതിയില്‍ അമേരിക്ക ഇറാഖിന് നല്‍കുന്ന സാധനങ്ങള്‍ അണുവായുധം നിര്‍മ്മിക്കുവാനും മിസൈലുകള്‍ രൂപപ്പെടുത്തുവാനും ഉപയോഗപ്പെടുത്തുമെന്ന ഉല്‍ക്കണ്ഠകള്‍ ഉയര്‍ന്നുവന്നിരുന്നു. സുന്നി - ഷിയാ സംഘര്‍ഷങ്ങളെ നരഹത്യകളാക്കി മാറ്റാനും അതുവഴി ഇറാഖിനെയും ഇറാനെയും അസ്ഥിരീകരിച്ച് ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കാനുമുള്ള സൈനിക നടപടികളാണ് സിഐഎയും പെന്‍റഗണും ആവിഷ്കരിച്ചത്. ഇത്തരം കറുത്ത സൈനിക നടപടികള്‍ (Black Operations) യു എസ് ഭരണകൂടത്തിന്റെയും സിഐഎയുടെയും ചരിത്രത്തില്‍ ഒരു പതിവ് പരിപാടിയായിരുന്നു. മനുഷ്യരാശിക്കെതിരായ ക്രൂരവും ഹിംസാത്മകവുമായ സൈനിക നടപടികളില്‍ വിഷ - രാസായുധ പ്രയോഗം സിഐഎയുടെ സ്ഥിരം പരിപാടിയായിരുന്നു. ഇതിലേക്ക് വെളിച്ചംവീശുന്ന നിരവധി വെളിപ്പെടുത്തലുകള്‍ പല ഘട്ടങ്ങളിലായി പുറത്തുവരികയുണ്ടായി. വിയത്നാമില്‍ യുഎസ് വിഷവാതകം പ്രയോഗിച്ചിരുന്നുവെന്ന വിവരം 1998ലാണ് അമേരിക്കന്‍ മാധ്യമങ്ങള്‍തന്നെ പുറത്തുകൊണ്ടുവന്നത്.

സിഎന്‍എന്‍ (കേബിള്‍ ന്യൂസ് നെറ്റ്വര്‍ക്ക്) 1970ല്‍ യുഎസ് സൈന്യം ലാവോസില്‍ വിഷ - രാസയുദ്ധം നടത്തിയതായുള്ള വാര്‍ത്ത വെളിപ്പെടുത്തി. 1998 ജൂണ്‍ 7ന് സിഎന്‍എന്‍ പ്രക്ഷേപണം ചെയ്ത മരണത്തിന്റെ താഴ്വര (Valley of Death) എന്ന പരിപാടിയിലൂടെയാണ് അമേരിക്കന്‍സേനയുടെ രാസായുധപ്രയോഗത്തിെന്‍റ ഞെട്ടിപ്പിക്കുന്ന വിവരം അനാവരണംചെയ്യപ്പെട്ടത്. തുടര്‍ന്ന് 1998 ജൂലൈ 15ന് പുറത്തിറങ്ങിയ ടൈം വാരിക വിയത്നാമിലെ രാസായുധപ്രയോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നു. യുഎസ് ഭരണകൂടത്തിന്റെയും സിഐഎയുടെയും സമ്മര്‍ദ്ദഫലമായി സിഎന്‍എന്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിക്കുകയാണുണ്ടായത്. ഇറാഖിന് നേരെ ജൈവ, രാസായുധങ്ങള്‍ നിര്‍മ്മിച്ച് സംഭരിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി അമേരിക്കയും സഖ്യശക്തികളും അധിനിവേശയുദ്ധത്തിനൊരുങ്ങുന്ന ഘട്ടത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ സാമ്രാജ്യത്വശക്തികളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചത്. 1970 സെപ്തംബറില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണില്‍ നിന്നുള്ള കല്‍പനയനുസരിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് എന്ന രഹസ്യ സൈനികനടപടിയില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നുവെന്നാണ് സിഎന്‍എന്നും ടൈമും പുറത്തുകൊണ്ടുവന്നത്. അമേരിക്കന്‍ സൈന്യത്തോട് സഹകരിക്കുവാന്‍ വിസമ്മതിച്ച സൈനികരെ വകവരുത്തുവാന്‍ വേണ്ടിയാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് ആവിഷ്കരിക്കപ്പെട്ടത്. ഇതിനായി നിയുക്തരായ സൈനികരെ രക്ഷപ്പെടുത്താനും ശത്രുസൈനികരെ വകവരുത്തുവാനും വേണ്ടി സരിന്‍ എന്ന വിഷവാതകം ഉപയോഗിച്ചുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ വസ്തുതാപരമായി പുറത്തുകൊണ്ടുവന്നത്. സരിന്‍ തല്‍ക്ഷണം മരണം ഉണ്ടാക്കുന്ന ഒരു നെര്‍വ്ഗ്യാസാണ്.

1995ല്‍ ജപ്പാനിലെ ഭൂഗര്‍ഭ റെയില്‍വെ മാര്‍ഗ്ഗത്തില്‍ ഭീകരവാദികളെ കൊല്ലാനായി ഉപയോഗിച്ചതും ഇതേ വിഷവാതകമായിരുന്നു! സിഎന്‍എന്നും ടൈമും എട്ടര മാസക്കാലത്തോളം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നിരന്തരമായ അന്വേഷണത്തിലൂടെ തങ്ങള്‍ കണ്ടെത്തിയ വസ്തുതകള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1970ല്‍ സൈനികമേധാവികള്‍ നടപ്പാക്കിയ ഈ വിഷവാതകപ്രയോഗം പെന്‍റഗണിന്റെ ആജ്ഞപ്രകാരമായിരുന്നുവെന്ന വസ്തുതകളാണ് രേഖാപരമായി മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചത്. ലോകമെമ്പാടും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഈ വെളിപ്പെടുത്തല്‍ യുഎസ് ഭരണകൂടത്തിന്റെ നിഷ്ഠൂരതകളിലേക്ക് വെളിച്ചംവീശുന്നത് കൂടിയായിരുന്നു. ലോകത്തിെന്‍റ മുമ്പില്‍ മുഖംരക്ഷിക്കുവാനായി ഈ മാധ്യമവെളിപ്പെടുത്തലിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് യുഎസ് ഭരണകൂടം നിഷേധിക്കുകയായിരുന്നു. രാസായുധങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ നയമേയല്ലെന്ന് പെന്‍റഗണ്‍മേധാവികള്‍ ആണയിട്ട്നോക്കി.

സ്വയംപ്രതിരോധത്തിനായി അമേരിക്കന്‍ മേധാവികള്‍ ദീനമായി വാദിച്ചത് ആഗോളതലത്തില്‍ രാസായുധ നിരോധനത്തിനായി മുന്‍കയ്യെടുക്കുന്ന രാജ്യമാണ് അമേരിക്കയെന്നാണ്! അമേരിക്കന്‍ പ്രതിരോധസെക്രട്ടറി വില്യം കോഹന്‍ ഈ വാര്‍ത്തകളെ ആവര്‍ത്തിച്ച് നിഷേധിച്ചുകൊണ്ട് "സിഎന്‍എന്നി"നോടും "ടൈമി"നോടും ആവശ്യപ്പെട്ടത്, ഇത് അമേരിക്കയ്ക്ക് ദോഷമുണ്ടാക്കുന്ന നടപടിയാണെന്നും വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകണമെന്നുമാണ്. "സിഎന്‍എന്നും" "ടൈമും" വെളിപ്പെടുത്തിയ വിവരങ്ങളെ സംബന്ധിച്ച് താന്‍ സൂക്ഷ്മമായ അന്വേഷണം നടത്തിയെന്നും അത് സത്യമാണന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും കണ്ടെത്താനായില്ലെന്നുമാണ് കോഹന്‍ പ്രസ്താവിച്ചത്. വിഷവാതകമായ സരിന്‍ ഒക്കിനാവയിലെ (ഒക്കിനാവ ജപ്പാനിലെ അമേരിക്കന്‍ സൈനികത്താവളമാണ്) രഹസ്യകേന്ദ്രത്തില്‍ സംഭരിച്ചിട്ടുണ്ടെങ്കിലും വിയത്നാമിലേക്കോ ലാവോസിലേക്കോ തായ്ലണ്ടിലേക്കോ അതു കൊണ്ടുപോയിട്ടില്ലെന്നാണ് കോഹന്‍ ആണയിട്ടത്. ഓപ്പറേഷന്‍ ടെയില്‍ വിന്റില്‍ പങ്കെടുത്ത സൈനികരെ വഹിച്ച എയര്‍ഫോഴ്സ് വൈമാനികര്‍ നല്‍കിയ വിവരമനുസരിച്ച് കണ്ണീര്‍വാതകം മാത്രമെ വര്‍ഷിച്ചിട്ടുള്ളൂവെന്നും ഒരിക്കലും സരിന്‍പോലുള്ള വിഷവാതകം പ്രയോഗിച്ചിട്ടില്ലെന്നുമായിരുന്നു വില്യം കോഹന്‍ വാദിച്ചത്. അന്ന് ലഭ്യമായ അമേരിക്കന്‍ സൈന്യത്തിെന്‍റ രേഖകള്‍ വെച്ചുതന്നെ ഈ മാധ്യമവെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടും വന്‍പ്രചാരവേലയിലൂടെയും ആവര്‍ത്തിച്ചുള്ള നിഷേധപ്രസ്താവനകളിലൂടെയും ഈ ക്രൂരമായ വാസ്തവത്തെ മറച്ചുപിടിക്കുവാനുള്ള പ്രചരണങ്ങളാണ് യുഎസ് അധികാരികള്‍ നടത്തിയത്. "ടൈമി"ന്റെയും "സിഎന്‍എന്നി"ന്റെയും റിപ്പോര്‍ട്ടുകളെ നിഷേധിച്ച വില്യംകോഹന്‍ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് വിശദീകരിക്കുവാന്‍ സമര്‍ത്ഥമായി മടിച്ചു.
ഓപ്പറേഷന്‍ ടെയില്‍ വിന്‍റില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് വിശദീകരിച്ചില്ല. യുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്ന ലാവോസില്‍ നാലുദിവസം നീണ്ടുനിന്ന സൈനികപ്രവര്‍ത്തങ്ങള്‍ നടത്തിയത് എന്തിനായിരുന്നുവെന്ന് വില്യം കോഹന്‍ പറയാന്‍ തയ്യാറായില്ല. വിഷവാതകം ഉപയോഗിച്ചില്ലാ എന്നു പറഞ്ഞതൊഴിച്ചാല്‍ ഓപ്പറേഷന്‍ ടെയില്‍വിന്‍റിനെക്കുറിച്ച് യുഎസ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങളൊന്നും വില്യംകോഹന് നിഷേധിക്കുവാന്‍ കഴിഞ്ഞില്ല. വിയത്നാമിലെ കടന്നാക്രമണങ്ങളെ സംബന്ധിച്ച് അമേരിക്കന്‍ സൈനികകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന രഹസ്യരേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ടൈമും സിഎന്‍എന്നും തങ്ങളുടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നത്.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് മുമ്പില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പിന്‍വലിച്ചെങ്കിലും ഈ വസ്തുതകള്‍ അനിഷേധ്യമായ സത്യമായി തുടരുകയാണ്. സ്വതന്ത്രസമൂഹത്തിെന്‍റയും മാധ്യമസ്വാതന്ത്ര്യത്തിെന്‍റയും മാതൃകയെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കയ്ക്കകത്ത് ഇതിനെ ചോദ്യംചെയ്തുകൊണ്ടുള്ള വാര്‍ത്തകള്‍ക്ക് പ്രസിദ്ധീകരണ സാധ്യത വളരെ പരിമിതവുമാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിക്കുകയും സിഎന്‍എന്നും ടൈമും പിന്‍വാങ്ങുകയും ചെയ്തുവെങ്കിലും അമേരിക്കന്‍ സൈനികകേന്ദ്രങ്ങളുടെ രഹസ്യരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് മാരകമായൊരു രാസായുധ പ്രയോഗപരിപാടിയായിരുന്നുവെന്നാണ്. പസഫിക്കിലെ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍റര്‍ ഇന്‍ ചീഫിന്റെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ Command History 1970: Annex B എന്ന അതിരഹസ്യരേഖ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പല സ്വതന്ത്ര അമേരിക്കന്‍ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പഠനനിരീക്ഷണസംഘം (Studies and observation Group SOG) എന്ന പേരില്‍ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട കമാന്റോ സൈനികരാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നിര്‍വഹിച്ചതെന്ന് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. സാമ്പ്രദായിക ആയുധങ്ങള്‍ ഉപയോഗിക്കാത്ത കറുത്ത സൈനികപ്രവര്‍ത്തനങ്ങള്‍ നടത്താനായി നിയോഗിക്കപ്പെടുന്ന ഈ SOG ഭീകരസംഘം അമേരിക്കന്‍ സൈനികസംവിധാനത്തില്‍ ഔപചാരികമായി നിലനില്‍ക്കുന്നില്ല. സിഐഎയും പെന്‍റഗണും ചേര്‍ന്നുള്ള ഒരു രഹസ്യസംവിധാനമാണ് ഈ പ്രത്യേകദൗത്യസംഘമെന്ന് വേണം കരുതുവാന്‍ . യഥാര്‍ത്ഥത്തില്‍ പഠനമോ നിരീക്ഷണമോ നടത്തുകയെന്നതല്ല, മറിച്ച് പ്രത്യേകനിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതില്ലാത്ത ഈ സംഘത്തിന് എന്ത് പാതകവും ചെയ്യാനുള്ള അധികാരമാണുള്ളത്. അമേരിക്കന്‍ സൈനികമേധാവികളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘമാണിത്. മേല്‍സൂചിപ്പിച്ച രഹസ്യരേഖ പറയുന്നതനുസരിച്ച്, ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നടപ്പാക്കുവാന്‍ നിശ്ചയിക്കുന്നത് 1970 സെപ്തംബര്‍ 4നാണ്. ലാവോസിലെ ഷവേയ്നില്‍ സിഐഎ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ വേണ്ടിയാണ് ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്യപ്പെട്ടത്. പക്ഷേ, Annex B എന്ന രേഖ ഇത്തരം കാര്യങ്ങളെല്ലാം രഹസ്യമാക്കിവെക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് പല വിദഗ്ധന്‍മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റിച്ചാര്‍ഡ് നിക്സെന്‍റ ഉപദേഷ്ടാവായിരുന്ന ഹെന്‍ട്രി കിസ്സിംഗര്‍ക്കായിരുന്നു ഓപ്പറേഷന്‍ ടെയില്‍വിന്‍റ് എന്ന ദൗത്യം രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് എന്ന് ശീതയുദ്ധകാലത്തെ സിഐഎയുടെയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാന്‍ട്ട്മെന്‍റിെന്‍റയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1970 സെപ്തംബര്‍ 11നാണ് ഓപ്പറേഷന്‍ ടെയില്‍വിന്‍റ് നടപ്പാക്കപ്പെടുന്നത്. എസ്ഒജി യിലെ തെരഞ്ഞെടുക്കപ്പെട്ട 16 സൈനികരും വിയത്നാമിലെ ഗിരിവര്‍ഗ്ഗക്കാരായ മൊണ്‍ടാഗ്ഗാര്‍സ് വംശക്കാരായ 105പേരും അതില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍സൈന്യം വാടകയ്ക്കെടുത്ത് പ്രത്യേകപരിശീലനം നല്‍കിയവരായിരുന്നു ഈ ഗോത്രവര്‍ഗ്ഗക്കാര്‍ . അക്രമിസംഘത്തില്‍പ്പെട്ടവര്‍ക്ക് വിഷവാതകം ഏല്‍ക്കാതിരിക്കാനായി പ്രത്യേക മുഖംമൂടികള്‍ നല്‍കിയിരുന്നു.

ലാവോസ് അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ഈ ഓപ്പറേഷന്‍ ടെയില്‍വിന്‍റ് ദൗത്യസേന പ്രത്യേകവിമാനത്തില്‍ ചെന്നിറങ്ങുമ്പോള്‍ ചെറിയൊരു ചെറുത്തുനില്‍പ് അവര്‍ക്ക് നേരിടേണ്ടിവന്നിരുന്നു. രഹസ്യരേഖ നല്‍കുന്ന വിവരമനുസരിച്ച് 144 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ ആരും സൈനികരായിരുന്നില്ലെന്നും ഗ്രാമീണരായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പിലും ഓപ്പറേഷന്‍ടെയില്‍വിന്‍റിെന്‍റ വിഷവാതകപ്രയോഗത്തിന്റെ അവസാനഘട്ടത്തിലുമാകാം മരണം സംഭവിച്ചിരിക്കുക എന്നാണ് രഹസ്യരേഖകള്‍ പഠിച്ചിട്ടുള്ള പല വിദഗ്ധരും നിരീക്ഷിക്കുന്നത്. ക്രൂരമായ വിഷവാതകപ്രയോഗത്തെ വെറും കണ്ണീര്‍വാതകപ്രയോഗമാക്കി അവതരിപ്പിക്കുന്ന വില്യം കോഹിന് തന്നെ നാലുദിവസം നീണ്ടുനിന്ന ഓപറേഷനില്‍ ദൗത്യസംഘത്തിന് പിന്‍മാറ്റസമയത്ത് വിഷവാതകം പ്രയോഗിക്കേണ്ടിവന്നതായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. കണ്ണീര്‍വാതകമാണെന്ന് കോഹന്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ വിഷവാതകപ്രയോഗത്തെ തന്നെയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയിരുന്ന മുഖംമൂടികള്‍ പാകമാവാത്തതോ കേടുവന്നതോ ആയിരുന്നതുകൊണ്ട് അവര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ടെയില്‍വിന്‍റ് സംഘത്തെ വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്ടറിലെ ഒരു പ്ലാറ്റുണ്‍ലീഡര്‍ തറയില്‍ മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നില്ല. മൃതശരീരങ്ങള്‍ ദൗത്യത്തിനായി റിക്രൂട്ട്ചെയ്ത ഗോത്രവിഭാഗക്കാരുടേതോ ഗ്രാമീണരുടേതോ ആയിരുന്നു. ഓപ്പറേഷന്‍ ടെയില്‍വിന്‍റ് സിഐഎയുടെ രഹസ്യചരിത്രത്തിലെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായിരുന്ന നടപടിയായിരുന്നുവെന്ന് സിഐഎയില്‍ നിന്നും വിരമിച്ച പല മുന്‍ഉദ്യോഗസ്ഥരും പശ്ചാത്താപപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. 1961 - 71കാലത്ത് അമേരിക്ക വിയത്നാമില്‍ പ്രയോഗിച്ച രാസായുധങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചതായിരുന്നു. ലോകംമുഴുവന്‍ അത്യന്തം അപലപനീയമെന്ന് വിലയിരുത്തിയ ഈ രാസായുധപ്രയോഗങ്ങള്‍ക്കുപിറകില്‍ സിഐഎയും പെന്‍റഗണും മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്രകമ്പനികളുമായിരുന്നു.

കളനാശിനിപ്രയോഗം (Herbicidal programme) എന്നാണ് രാസായുധ പ്രയോഗത്തെ യുഎസ് ഭരണകൂടം വിളിച്ചിരുന്നത്. ആറുതരത്തില്‍പ്പെട്ട മാരകമായ രാസായുധങ്ങളാണ് വിയത്നാമില്‍ പ്രയോഗിച്ചത്. മൊത്തം ഒരുകോടി തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി തൊണ്ണൂറ്റഞ്ചായിരത്തി മുന്നൂറ്റിഅറുപത്തിയൊന്‍പത് (1,91,95,369) ഗാലന്‍ രാസവസ്തുക്കള്‍ വിയത്നാമില്‍ പ്രയോഗിച്ചതായിട്ടാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ അറുപതുശതമാനവും ഏജന്‍റ് ഓറഞ്ച് എന്ന രാസവസ്തുവായിരുന്നു. മാരകമായ സയോളിന്‍ ആണ് ഏജന്‍റ്ഓറഞ്ചിലെ മുഖ്യഘടകം. ഈ മാരകമായ രാസായുധത്തിെന്‍റ പ്രധാന ഉല്‍പാദകന്‍ മൊണ്‍സാേന്‍റാ എന്ന ബഹുരാഷ്ട്രകുത്തകയായിരുന്നു! ഇതെല്ലാം അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം അമേരിക്ക വിയത്നാമില്‍ വിഷവാതകപ്രയോഗം നടത്തിയെന്നത് ഒരല്‍പംപോലും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയല്ല. പക്ഷേ, തങ്ങളുടെ നീചമായ പ്രവൃത്തികളെ മറച്ചുപിടിക്കുവാനായി ഇപ്പോഴും അമേരിക്കന്‍അധികൃതര്‍ കുറുന്യായങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രതിരോധസെക്രട്ടറിയായിരുന്ന വില്യം കോഹന്‍ ചോദിച്ചത്, വിഷവാതകപ്രയോഗമാണ് ഓപ്പറേഷന്‍ ടെയില്‍ വിന്‍റിലൂടെ നടന്നതെങ്കില്‍ ദൗത്യസേനയിലെ 16 അംഗങ്ങള്‍ എങ്ങനെ അപകടരഹിതമായി തിരിച്ചുവന്നുവെന്നായിരുന്നു. സ്വന്തം സൈനികരെ സുരക്ഷിതരായിനിര്‍ത്തി അപകടകരമായ രാസായുധപ്രയോഗത്തിന് ഗോത്രവര്‍ഗ്ഗക്കാരെ ഉപയോഗിക്കുകയായിരുന്നുവെന്ന ക്രൂരമായ വസ്തുതയെക്കുറിച്ച് കോഹന്‍ ബുദ്ധിപരമായ മൗനംപാലിക്കുകയാണ് ചെയ്തത്. "സിഎന്‍എന്‍" തന്നെ "മരണത്തിന്റെ താഴ്വര" എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തിയത് ചുരുങ്ങിയത് ഈ ഓപ്പറേഷനിടയില്‍ 60 ഗോത്രവര്‍ഗക്കാരെങ്കിലും മരണപ്പെട്ടുവെന്നാണ്. സിഐഎ രേഖകളും പെന്‍റഗണ്‍ റിപ്പോര്‍ട്ടുകളും എസ്ഒജി നടത്തിയ ഈ ഓപ്പറേഷന്‍ വന്‍വിജയമായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

ഈ വിജയത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് യുഎസ് രേഖകള്‍ നിശ്ശബ്ദത പാലിക്കുകയാണ്. മൊണ്‍സാന്റോ മുതല്‍ യൂണിയന്‍കാര്‍ബൈഡ് (ഇപ്പോള്‍ ഡൗകമ്പനി) വരെയുള്ള ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ സിഐഎയുടെ രാസായുധപരീക്ഷണങ്ങളുടെ സഹകാരികളാണ്. ഇറാഖിലെ രാസ, ജൈവായുധ സംഭരണത്തെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ആ രാജ്യത്തെ തകര്‍ത്ത അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ചരിത്രം നിരപരാധികളായ ജനങ്ങള്‍ക്കുമേല്‍ മാരകമായ വിഷവാതകം പ്രയോഗിച്ചതിന്റെ ചരിത്രമാണെന്നാണ് ഈ രേഖകള്‍ വെളിപ്പെടുത്തുന്നത്. 1984ല്‍ ഭോപ്പാലില്‍ ജനങ്ങള്‍ക്കുമേല്‍ മീതൈല്‍ ഐസോസയനേറ്റ് വാതകം ചോര്‍ന്ന് കൂട്ടമരണം സംഭവിച്ചതിന്റെ ഉത്തരവാദിത്വം അമേരിക്കയ്യാണ്. ഇത് അമേരിക്കന്‍ കമ്പനികളുടെ രാസായുധപരീക്ഷണ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന സംശയം ഉന്നയിക്കപ്പെട്ടതാണ്. ഒന്നാം ഇറാഖ് യുദ്ധത്തിനുശേഷം സിവിലിയന്‍മാരിലും യുഎസ് സൈനികരിലും പ്രത്യേകതരം ത്വക് കാന്‍സര്‍ പിടിപെടുകയുണ്ടായി. ഗള്‍ഫ് വാര്‍ സിന്‍ഡ്രോം എന്ന് വൈദ്യശാസ്ത്രം പേരിട്ട് വിളിച്ച് ഈ കാന്‍സര്‍ ഇറാഖില്‍ അമേരിക്കന്‍സേന നടത്തിയ ഡിപ്ലിറേറഡ് യുറേനിയം ബോംബിംഗിെന്‍റ ഫലമായിരുന്നു. ഇത്തരം ആണവായുധപ്രയോഗങ്ങള്‍ ഇറാഖിലും പഴയ യുഗോസ്ലോവ്യന്‍ റിപ്പബ്ളിക്കുകളിലും മാരകമായ കാന്‍സറിനും ജനിതകവൈകല്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആറ്റംബോംബിലൂടെ പെട്ടെന്നുള്ള മരണത്തിന് പകരം പതുക്കെയുള്ള കൂട്ടമരണങ്ങളിലേക്കും ജനങ്ങളെ തള്ളിയിടുക എന്ന തന്ത്രമാണ് ഇത്തരം ആണവായുധപ്രയോഗങ്ങള്‍ ലക്ഷ്യംവെക്കുന്നത്.

പ്രശസ്ത റേഡിയോളജിസ്റ്റും ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സേണ്‍ ഫോര്‍ പബ്ളിക് ഹെല്‍ത്തിെന്‍റ പ്രസിഡന്‍റുമായിരുന്ന റൊസാലിബൊടെല്‍ പറയുന്നത്, കാന്‍സറിനും ജനിതകരോഗങ്ങള്‍ക്കും പുറമെ വന്ധ്യത, ഗര്‍ഭമലസല്‍ , ചാപിള്ളകളുടെ ജനനം, വിവിധതരം അലര്‍ജി, അസ്ത്മ, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് ഗ്രന്ഥികള്‍ക്കുള്ള അസുഖം എന്നിവയുടെ നിരക്ക് കൂട്ടുന്നതിന് യുദ്ധാനന്തരം ഇറാഖില്‍ കാരണമായത് ഡിപ്ലിറേറഡ് ബോംബിംഗാണെന്നാണ്്. ഇറാഖിലും യൂഗോസ്ലോവ്യയിലുമെല്ലാം നാറ്റോസേന നടത്തിയിട്ടുളള്ള വീര്യംകുറഞ്ഞ യുറേനിയം ഉപയോഗിച്ചുണ്ടാക്കിയ ഡിപ്ലിറേറഡ് ബോംബ് വര്‍ഷം ഇവിടങ്ങളിലെ പ്രകൃതിയിലും മനുഷ്യരിലും മാരകമായ യുറേനിയത്തിെന്‍റ റേഡിയോ ആക്ടീവ് എയ്റോ സോള്‍ പുറപ്പെടുവിക്കുന്നതായി റൊസാലിബൊടെല്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്നറിഞ്ഞുകൊണ്ട് തന്നെ, തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങള്‍ക്കുനേരെ വംശഹത്യാലക്ഷ്യത്തോടെ ആണവായുധങ്ങള്‍ ഉപയോഗിക്കുകയാണ് യുഎസ് ഭരണകൂടം.

മാനവീയതക്കെതിരെ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അമേരിക്കയും കൂട്ടാളികളും രാസ, ജൈവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ലോകാധിപത്യത്തിന്റെ ഉപജാപകനും കാര്‍മ്മികനുമായ സിഐഎ മനുഷ്യരാശിക്കെതിരായ അപരാധപൂര്‍ണ്ണമായ യുദ്ധം തുടരുകയാണ്. രോഗപരീക്ഷണങ്ങളും വ്യവസായ അപകടങ്ങളും ജൈവായുധങ്ങളുടെയും രാസായുധങ്ങളുടെയും നിര്‍മ്മാണാവസരമാക്കി മാറ്റിക്കൊണ്ട് മനുഷ്യരാശിയുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്ന പാതകികളുടെ കൂടാരമാണിന്ന് സിഐഎയും പെന്‍റഗണുമെന്ന കാര്യം ആഗോളസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അദൃശ്യങ്ങളും രഹസ്യാത്മകവുമായ സൈനികനടപടികളിലൂടെ സിഐഎ ലോകത്തെ മഹാവ്യാധികളിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ്. അതിനായുള്ള കടുത്ത സൈനികപ്രവൃത്തികളുടെ ചരിത്രം ആവര്‍ത്തിച്ച് ലോകജനതയെ പഠിപ്പിക്കുന്നത്, മാപ്പര്‍ഹിക്കാത്ത ഈ മഹാപാതകികള്‍ക്കെതിരെ അനുരഞ്ജനരഹിതമായി പോരാടാണമെന്നാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക 30 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രക്തപങ്കിലമായ ഇറാക്ക് അധിനിവേശത്തിന് ന്യായീകരണം ചമച്ചുകൊണ്ട് യു എസ് ഭരണകൂടം സദ്ദാംഹുസൈന്റെ ജൈവ, രാസായുധ ശേഖരങ്ങളെക്കുറിച്ചും ഇറാഖിലെ ആണവ നിലയങ്ങളിലും ഭൂഗര്‍ഭ പടയറകളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ആണവായുധങ്ങളെക്കുറിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നല്ലോ. വിഷവാതകം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനി തളിക്കാനെന്നപേരില്‍ ഹെലികോപ്ടറുകളും റൊണാള്‍ഡ് റംസ്ഫെല്‍ഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിവഴിയാണ് സിഐഎ ഇറാഖിന് ഒരുകാലത്ത് എത്തിച്ചുകൊടുത്തത്. സദ്ദാംഹുസൈനെ ഉപയോഗിച്ച് ഇറാന്‍ -ഇറാഖ് സംഘര്‍ഷം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു അക്കാലത്ത് യുഎസ് ഭരണകൂടം സ്വീകരിച്ചത്. അതിനായി സുന്നി-ഷിയാ വംശീയ സംഘര്‍ഷവും കൂട്ടക്കൊലകളും സിഐഎതന്നെ ഈ മേഖലയില്‍ ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും ചെയ്തു.