കോളനി രാജ്യങ്ങളുടെ എണ്ണം നോക്കി സാമ്രാജ്യത്തിന്റെ വലിപ്പവും മഹത്വവും നിര്‍ണയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അമേരിക്കയുടെപുതിയ വ്യാഖ്യാനമനുസരിച്ച് കോളനികളെ നിര്‍ണ്ണയിക്കുന്നത് സൈനിക താവളങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. താവളങ്ങളുടെ എണ്ണം ഇപ്പോള്‍ 700 നു് മുകളിലാണ്. നാറ്റോ സഖ്യ രാജ്യങ്ങളിലുള്ള താവളങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 130 രാജ്യങ്ങളില്‍ അമേരിക്ക നിയന്ത്രിക്കുന്ന സൈനിക താവളങ്ങളുടെ ശൃംഖല ഇന്നു നിലവിലുണ്ട്. സുരക്ഷാ വാഗ്ദാനത്തിന്റെ മറവില്‍ അമേരിക്ക പടുത്തുയര്‍ത്തിയിട്ടുള്ള താവളങ്ങള്‍ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ഭൂഗോളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് ഒരു പക്ഷേ അമേരിക്കന്‍ പൌരന്മാര്‍ പോലും അറിഞ്ഞിരിക്കണമെന്നില്ല.
"ബ്ലോബാക്ക് ”(Blowback), “സോറോസ് ഓഫ് ദി എംപയര്‍“ (Sorrows of the Empire) എന്നീ കൃതികളുടെ കര്‍ത്താവായ ചാള്‍മേഴ്സ് ജോണ്‍സണ്‍ (Chalmers Johnson) അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു “അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള വിപുലമായ അമേരിക്കന്‍ താവളങ്ങള്‍ ഒരു പുതിയ സാമ്രാജ്യത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തമായി ഭൂമിശാസ്ത്രമുള്ള താവളങ്ങളുടെ ഒരു സാമ്രാജ്യം. ലോകത്തിലെ ഒരു ഭൂമിശാസ്ത്ര പാഠപുസ്തകത്തിലും ഈ സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടാകുവാന്‍ സാദ്ധ്യതയില്ല. ഈ ആഗോള സൈനിക താവളങ്ങളുടെ വ്യാപ്തിയും സ്വഭാവവും മനസ്സിലാക്കാതെ, സാമ്രാജ്യത്വ അഭിലാഷങ്ങളുടെ പുതുപുത്തന്‍ അധീശമനോഭാവത്തെയോ, അനിയന്ത്രിതമായ പുത്തന്‍ സൈനികവല്‍ക്കരണം നമ്മുടെ ഭരണഘടനാ ക്രമങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നോ തെല്ലും ഉള്‍ക്കൊള്ളാനാവില്ല”
"This vast network of of American bases on every continent except Antartica actually constitutes a new form of empire-an empire of bases with its own geography not likely to be taught in any high school geography class.Without grasping the dimensions of this globegirdling Baseworld, one cannot begin to understand the size and nature of imperial aspirations or the degree to which a new kind of militarism is undermining our constitutional order."
ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന രഹസ്യസ്വഭാവം മൂലവും ബോധപൂര്‍വം മറച്ചു വച്ചിരിക്കുന്നതിനാലും എത്ര സൈനിക താവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തുന്നുവെന്നോ എന്തിനാണവയെ നിലനിര്‍ത്തുന്നതെന്നോ കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും, ഒരു കാര്യമുറപ്പാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പാദമുദ്രകള്‍ മറ്റു രാജ്യങ്ങള്‍ക്കും ജനതയ്ക്കും, ഒപ്പം സമാധാനം മാത്രം ആഗ്രഹിക്കുന്ന സാധാരണ അമേരിക്കക്കാരനും, അനവധി അസൌകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭൂഗോളത്തിന്റെ എല്ലാ ഇടങ്ങളിലുംഎണ്ണമറ്റ രീതിയില്‍ പതിഞ്ഞിരിക്കുന്നു. ഔദ്യോഗിക രഹസ്യമെന്ന നിലയില്‍ സൈനിക താവളങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ എന്ത് ചെലവുവരുന്നു എന്നും മറ്റുമുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഗോപ്യമായി വെക്കുമ്പോള്‍ , അവയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ താവളങ്ങളുടെ ആകെ അഴിച്ചുപണി നടത്തുകയാണ് പെന്റഗണ്‍.
ആമ്പലിലയും കുതിക്കുന്ന തവളകളും
മുന്‍ യു.എസ്. പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് (Donald Rumsfeld) സൈനിക താവളങ്ങളെ “ ലില്ലിപാഡു”(Lilypad) എന്നാണ് വിശേഷിപ്പിക്കുന്നത്. “അമേരിക്കന്‍ സൈനികവ്യൂഹത്തിനും ആയുധങ്ങള്‍ക്കും മാതൃരാജ്യത്തു നിന്നും യുക്തമായ താവളത്തിലേക്കും അവിടെ നിന്ന് വളരെയടുത്തുള്ള ഒരു യുദ്ധമുന്നണിയിലേക്കും ഒരു "തവളച്ചാട്ടം" (leapfrog) പോലെ കൃത്യസമയത്ത് എത്തിച്ചേരാനുള്ള ഒരിടം”. മാരക ശേഷിയുള്ള ആയുധങ്ങളും ഉപകരണങ്ങളുമായി ദ്രുതവേഗവും സമയവും കൊണ്ടുള്ള ഒരു കളിയാണത്”. മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന്യമെന്ന “തവളയ്ക്ക് “സുരക്ഷിതമായി ഒന്നിരിക്കാനുള്ള “ആമ്പലില”യാണ് ഓരോ സൈനികതാവളവുമെന്നു സാരം.
റൈറ്റ് വിങ്ങ് അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിട്യൂട്ട് ( Right-Wing Think Tank-American Enterprises Institute) ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത് " ഭൂഗോളത്തിന്റെ അതിര്‍ത്തി രേഖകളിലൂടെ സവാരി നടത്തി ചീത്തകുട്ടികളെ വെടിവച്ചു കൊല്ലുന്ന ആഗോള കാലാള്‍പ്പട“യെന്നാണ്. ചെങ്കടലിന്റെ കവാടത്തിലുള്ള ദിഗ്‌ബോയ് സൈനിക താവളത്തിന്റെ ക്യാമ്പ് കമാന്‍ഡര്‍ മറൈന്‍ ബ്രിഗേഡിയര്‍ ജനറല്‍ മാസ്റ്റിന്‍ റോബ്‌സണ്‍(Mastin Robson) വിശദീകരിക്കുന്നതിങ്ങനെ: “ പ്രതിരോധയുദ്ധം പ്രാവര്‍ത്തികമാകണമെങ്കില്‍ അമേരിക്കക്ക് ആഗോള സാന്നിധ്യം ഉറപ്പാക്കിയേ പറ്റൂ. അമേരിക്കന്‍ പ്രതിരോധവ്യവസ്ഥയുടെ തള്ളവിരല്‍ പതിയാത്ത എല്ലാ സ്ഥലങ്ങളിലും താവളങ്ങള്‍ സ്ഥാപിക്കണം”.
സാമ്രാജ്യത്വ താവളങ്ങള്‍
അമേരിക്കയിലും വിദേശരാജ്യങ്ങളിലും നിലവിലുള്ള അമേരിക്കന്‍ സൈനിക സ്ഥാവര സ്വത്തുക്കളെക്കുറിച്ച് 2003 ലെ താവളങ്ങളെ സംബന്ധിച്ച ഘടനാ(Base Structural Report) റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 130 രാജ്യങ്ങളിലായി 720 സൈനിക താവളങ്ങള്‍ സ്വന്തമായോ വാടകയ്ക്കോ നിലനില്‍ക്കുന്നതായി പെന്റഗണ്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലും അതിന്റെ അധീശത്വത്തിന്‍ കീഴിലും നിലനില്‍ക്കുന്ന ആറായിരം സൈനിക താവളങ്ങള്‍ക്കു പുറമേയുള്ള കണക്കാണിത്. ഇവിടങ്ങളിലായി യൂണിഫോമിലുള്ള 2,53,288 സൈനികരും ഏകദേശം അത്രയും തന്നെ ആളുകള്‍ സഹായികളായും ഉണ്ട്. കൂടാതെ, പ്രതിരോധ വകുപ്പിന്റെയും സാങ്കേതിക രംഗത്തെയും ജീവനക്കാരും. ഇവരെ കൂടതെ, അതാത് പ്രദേശങ്ങളില്‍ നിന്നും വാടകയ്ക്കെടുത്തിട്ടുള്ള വിദേശികളുടെ എണ്ണം 44,436. ഈ താവളങ്ങളിലായി 49,870 ബാരക്കുകള്‍, സൈനിക കോടതികള്‍, ആശുപത്രികള്‍ എന്നിവയുമുണ്ട് വേറെ. ഇത്രയും ഭീമമായ സൈനിക ശക്തി നിലനിര്‍ത്തുവാന്‍ 113.2 ബില്യന്‍ ഡോളറാണ് പ്രതിരോധ മന്ത്രാലയം പ്രതിവര്‍ഷം നീക്കിവയ്ക്കുന്നത്. ഇന്നു നിലവിലുള്ള മിക്ക രാജ്യങ്ങളുടെയും ആഭ്യന്തര ഉല്പാദന(GDP)ത്തേക്കാള്‍ കൂടിയ തുകയാണിത്.
“അസ്ഥിരതാ ചാപ“ത്തിനുള്ളിലെ സാമ്രാജ്യത്വ കോട്ടകള്‍(Imperial fortress in the arc of Instability)
ഈ ഭീമാകാരം പൂണ്ട തുകയും കണക്കുകളും ഒന്നും പൂര്‍ണ്ണമായ ഒരു ചിത്രം തെളിച്ചു കാട്ടുന്നില്ല.ആഗോളതലത്തില്‍ അമേരിക്ക നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ താവളങ്ങളെയും ഈ കണക്കുകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതു തന്നെ കാരണം.
ഉദാഹരണമായി ഹാലി ബര്‍ട്ടന്‍ കോര്‍പ്പറേഷന്റെ ഉപ സ്ഥാപനമായ കെല്ലോഗ്, ബ്രൌണ്‍ ആന്റ് റൂട്ട് (Kellog, Brown & Root) 1999 മുതല്‍ കൊസോവോയില്‍ നിലനിര്‍ത്തി വരുന്ന താവളം 2003 ലെ Basic structural report -ല്‍ പ്രതിഫലിക്കുന്നില്ല. അതേ പോലെ അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്, ഇസ്രായേല്‍, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ഖത്തര്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ 9/11 നു ശേഷം “അസ്ഥിരതാ ചാപ“ത്തെ(arc of instability) നേരിടാന്‍ ഉയര്‍ത്തിയ താവളങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടില്ല. യഥാര്‍ത്ഥത്തില്‍ “അസ്ഥിരതാ ചാപ“ത്തിന്റെ സൂത്രധാരനും സൃഷ്ടാവും അമേരിക്ക തന്നെയാണെന്ന് അമേരിക്കന്‍ ജനതക്ക് ഇനിയും മനസ്സിലായിട്ടില്ല.
പുതിയതായി നിര്‍വചിക്കപ്പെട്ട “അസ്ഥിരതാ ചാപ“ത്തിന്റെ ചുറ്റുമുള്ള സെന്‍സിറ്റീവ് ആയ ഓരോ സ്ഥാനങ്ങള്‍ക്കും സമീപം സൈന്യത്തെ വിന്യസിക്കുക എന്നതിന്റെ മറപറ്റി ഇറാഖില്‍ മാത്രം നാലു മുതല്‍ ആറു വരെ സ്ഥിരം താവളങ്ങള്‍ മാറ്റി സ്ഥാപിക്കപ്പെടുന്നതായാണ് അനുമാനിക്കപ്പെടുന്നത്. ഇവയില്‍ മിക്കതും ഇപ്പോള്‍ നിര്‍മാണദശയിലാണ്.
ബാഗ്‌ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും നസേറിയായിലെ റ്റാല്‍ ഇല്‍ ( Tallil Airbase) എയര്‍ ബേസിലും, സിറിയന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ മരുഭൂമിയിലും കുര്‍ദ്ദിഷ് മേഖലയിലെ ബാഷര്‍ എയര്‍ ഫീല്‍ഡിലും(Bashur Air field) താവളങ്ങള്‍ പൂര്‍ണ്ണ സജ്ജമായിക്കൊണ്ടിരിക്കുന്നു. കൂടാതെ ഇപ്പോള്‍ താല്‍ക്കാലികമായി ഓപ്പറേറ്റിംഗ് ബേസ് ആയി ഉപയോഗിക്കുന്ന ` അന്നകൊണ്ട ‘യെ (വലിപ്പം കൊണ്ട് -25 സ്ക്വയര്‍ കി മീ- സ്വന്തം പേരിനെ അന്വര്‍ത്ഥമാക്കുന്നു എങ്കിലും) താമസംവിനാ ഒരു സ്ഥിരം താവളമായി മാറ്റാനാണ് പദ്ധതി. ഇതിനെല്ലം ഉപരിയായി, കുവൈറ്റിന്റെ ആകെ വിസ്തീര്‍ണ്ണമായ 6900 സ്ക്വയര്‍ മൈലില്‍ ഏകദേശം 1600 സ്ക്വയര്‍ മൈല്‍ ഭാവി താവള സൃഷ്ടിക്കായി കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. ഇറാഖിലെ സേനകള്‍ക്ക് വിഭവങ്ങള്‍ എത്തിക്കാനുള്ള താവളമായും സൈനികത്തലവന്മാര്‍ക്കും നേതാക്കന്മാര്‍ക്കും യുദ്ധത്തിനിടയിലും സുരക്ഷിതമായ വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള `ഹരിത മേഖല’(Green Zone) ആയും ഇത് ഉപയോഗിക്കപ്പെടുന്നു.
“താവള കുടുംബ“ത്തിലെ മറ്റുള്ളവര്‍
“അമേരിക്കന്‍ താവളങ്ങളുടെ കുടുംബത്തില്‍ നിന്നും ഒരു ഭൂഖണ്ഡവും ഒഴിവാക്കപ്പെടുന്നില്ല“ കോളിന്‍ പവ്വല്‍ പറയുന്നു. പുത്തന്‍ യൂറോപ്പിലെ അംഗരാജ്യങ്ങളില്‍ റുമേനിയ, പോളണ്ട്, ബള്‍ഗേറിയ, ബോസ്നിയ, ജോര്‍ജിയ എന്നിവിടങ്ങളിലും താവളങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സെര്‍ബിയയില്‍ നിന്നും കൊസോവയെ വേര്‍പെടുത്തി അവിടെ താവളം ശക്തിപ്പെടുത്തിയതിലൂടെ റഷ്യയെ പൂര്‍ണ്ണമായും ചുറ്റിവളയുവാന്‍ അമേരിക്കന്‍ സൈനികശക്തിക്ക് സാധിച്ചിരിക്കുന്നു. ഊര്‍ജ്ജസ്രോതസ്സുകളാല്‍ സമ്പന്നവും സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതുമായ റഷ്യയെ പ്രകോപിക്കാനുള്ള ഏതു ശ്രമവും പുതിയ സംഘര്‍ഷങ്ങള്‍ക്കും ആയുധ പന്തയങ്ങള്‍ക്കും വഴി വക്കും.
ഏഷ്യയിലാവട്ടെ പാകിസ്ഥാനില്‍ നിലവിലുള്ള നാലു താവളങ്ങള്‍ കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ് , വിയറ്റ്നാം(അവിശ്വസനീയം അല്ലേ?) എന്നിവിടങ്ങളില്‍ കൂടി കാലുറപ്പിക്കുവാന്‍ പെന്റഗണിനു കഴിഞ്ഞിരിക്കുന്നു. വടക്കേ ആഫ്രിക്കയിലാവട്ടെ, അള്‍ജീരിയയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം വളരെ പ്രകടമായിക്കഴിഞ്ഞു. യുഎസ്-ഫ്രാന്‍സ് പിന്തുണയോടെ സൈന്യം തെരെഞ്ഞെടുപ്പിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് 1992 നു ശേഷം പതിനായിരത്തോളം സാധാരണ പൌരന്മാരണ് കൊലചെയ്യപ്പെട്ടത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍, സെനഗല്‍, ഘാന, മാലി എന്നിവയിലും 1991 മുതല്‍ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം നടന്നു വരുന്ന സിറലിയോണിലും താവളങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വീകരിച്ച മാതൃകയില്‍ താവളങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെയും കാണാന്‍ കഴിയുക.ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമാവട്ടെ, ഹെയ്ത്തി, കൊളംബിയ എന്നിടങ്ങളില്‍ താവളങ്ങളുണ്ട്. അമേരിക്കയുടെ മററ്റൊരു പ്രധാന വ്യോമതാവളം ഗുവാമിലും സബ്‌മറൈന്‍ താവളം ദീഗോഗാര്‍ഷ്യയിലും സ്ഥിതി ചെയ്യുന്നു.ആസ്ട്രേലിയയിലും ശക്തമായ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം ഉണ്ട്.
സമ്പന്നരാജ്യങ്ങളായ ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ താവളങ്ങളെ കുറച്ചുകൊണ്ടു വരികയോ അവയെ ജനാധിപത്യ വിരുദ്ധ -സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലവിലുള്ള മൂന്നാം ലോകരാജ്യങ്ങളിലേക്ക് പറിച്ചുനടുകയോ ചെയ്യുവാനുള്ള പദ്ധതിയും അമേരിക്കക്കുണ്ട്. സൌദി ഭരണാധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റാനും അവരുടെ പിന്തുണ ഉറപ്പു വരുത്താനും ഉദ്ദേശിച്ച് അവിടെ നിലവിലുള്ള താവളങ്ങള്‍ പറിച്ചുനടുമെന്ന ഭീഷണിയും അമേരിക്ക ഇടക്കിടെ മുഴക്കാറുണ്ട്. ഇതിന് പല കാരണങ്ങള്‍ കാണാമെങ്കിലും ഭീകരതെക്കെതിരായ തങ്ങളുടെ പോരാട്ടത്തോട് വേണ്ടരീതിയില്‍ സഹകരിക്കാത്തവരെ ശിക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനമാകാം അതില്‍ പ്രധാനം. മറ്റൊന്ന് ഇപ്പോള്‍ ഇറാഖില്‍ നിലവിലുള്ള അധിനിവേശ സേനയിലെ പട്ടാളക്കാരേയും ഉപകരണങ്ങളേയും പുനര്‍വിന്യസിക്കാനുദ്ദേശിച്ചുമാകാം ഈ പറിച്ചുനടല്‍. (അവലംബം: http://www.globalsecurity.org)/
ഒക്കിനാവ - യുദ്ധക്കുതിപ്പിനുള്ള സ്പ്രിംഗ് ബോര്‍ഡ്
കഴിഞ്ഞ 58 വര്‍ഷമായി നിലനില്‍ക്കുന്ന ജപ്പാനിലെ “ഒക്കിനാവ അമേരിക്കന്‍ മിലിറ്ററി കോളനി” വെറുമൊരു താവളം മാത്രമല്ല. ജപ്പാന്റെ കണ്ണിലെ കരടായി, ജാപ്പ് ദേശീയതക്ക് മാനക്കേടായി തുടരുന്ന ഈ വമ്പന്‍ സൈനിക കേന്ദ്രം “ക്യാമ്പ് ബട്ട്‌ലര്‍” എന്ന പേരില്‍ ഒരു കപ്പല്‍ താവളം മാത്രമായാണ് ഈ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ 10 നാവിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാവിക വിമാനത്താവളമായ Futenma മാത്രം 1186 ഏക്കര്‍ വ്യാപിച്ചു കിടക്കുന്നു. വിശാലമായ മാന്‍ഹാട്ടന്‍ സെന്‍ട്രല്‍ പാര്‍ക്ക് പോലും 843 ഏക്കര്‍ മാത്രമാണെന്നറിയുമ്പോഴാണ് ഈ വ്യോമ കേന്ദ്രത്തിന്റെ വലിപ്പം ഊഹിക്കാന്‍ കഴിയുക. ഒക്കിനാവയിലെ ഹാര്‍ബറില്‍ മാത്രം 50,000 അമേരിക്കന്‍ പട്ടാളക്കാരേയും കാറ്റീന എയര്‍ ബേസില്‍ (Katina air base) )എഫ് 22 വിമാനങ്ങളുടെ നിരയേയും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു.
യൂണിയന്‍ ജാക്കിന്റെ മറവില്‍
ബ്രിട്ടന്റെ സ്വന്തം “റോയല്‍ എയര്‍ ഫോര്‍സ് ”എന്ന മറവില്‍ യു കെ യുടെ ഭൂപ്രദേശത്ത് ഏകദേശം 5 ബില്യന്‍ ഡോളര്‍ മുടക്കി ഒരുക്കി നിര്‍ത്തിയിരിക്കുന്ന സൈനിക-ചാര സംവിധാനങ്ങളെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
യഥാര്‍ത്ഥത്തില്‍ പല വലിപ്പത്തിലും രൂപങ്ങളിലുമായി മറ്റു രാജ്യങ്ങളുടെ മണ്ണില്‍ ആയിരത്തിലേറെ സൈനികതാവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തിവരുന്നു എന്നു പറയുന്നത് അതിശയോക്തിയല്ല. നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ താവളങ്ങളുടെ എണ്ണം അമേരിക്കന്‍ ഭരണകൂടത്തിനോ എന്തിന് പെന്റഗണിനു പോലുമോ കൃത്യമായി പറയാനാകില്ല. പ്രതിരോധ- സുരക്ഷാ സംവിധാനങ്ങളുടെ ഭരണ നിര്‍വഹണത്തിനായുള്ള വിവിധ വകുപ്പുകളുടെ അന്യാവലംബ-രഹസ്യ പ്രവര്‍ത്തന സ്വഭാവം മനസ്സിലായാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.
ആവാഹക ശക്തി (The carrier force)
സമുദ്രങ്ങള്‍ പോലും താവളവല്‍ക്കരണ പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ”സമുദ്രങ്ങളെ നിയന്ത്രിക്കുന്നവന്‍ ലോകത്തെ അടക്കി ഭരിക്കും” ( he who rules the oceans would rule the world) എന്ന പഴയ സൈനിക സൂത്രവാക്യം ദീര്‍ഘദൂര- ഭൂഖണ്ഡാന്തര മിസൈലുകളുടെ ഈ യുഗത്തില്‍ പോലും ഇന്നും പ്രസക്തമാണ്. ഈ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കാനായി അമേരിക്കന്‍ സൈനിക പൈതൃകത്തിന്റെ പേരു വഹിക്കുന്ന വിമാനവാഹിനികള്‍ കേന്ദ്രീകരിച്ച് 13 നാവിക കാര്യ ദളങ്ങളാണ് ( naval task force) ഒരുക്കിയിരിക്കുന്നത്. കിറ്റിഹാക്, കോണ്‍സ്റ്റലേഷന്‍, എന്റര്‍പ്രൈസ്, ജോണ്‍ എഫ് കെന്നഡി, നിമിറ്റ്സ്, ഡ്വൈറ്റ് ഡി, ഐസന്‍ഹോവര്‍, കാള്‍ വിന്‍സണ്‍, തിയോദോര്‍ റൂസ്‌വെല്‍റ്റ്, എബ്രഹാം ലിങ്കന്‍, ജോര്‍ജ് വാഷിംഗ്‌ടണ്‍, ജോണ്‍ സി . സ്റ്റെന്നിസ്, ഹാരി എസ്. ട്രൂമാന്‍, റൊനാള്‍ഡ് റീഗണ്‍ എന്നിവരുടെ പേരുകളിലാണ് ഈ വ്യോമ-നാവിക സന്നാഹമൊരുക്കിയിട്ടുള്ളത്.
ആണവ ഉമ്മാക്കി(The nuclear blackmail)
സൈനിക താവളങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നല്‍കുന്ന തുല്യപ്രാധാന്യത്തോടെയോ ഉപരിയായോ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് അമേരിക്കയുടെ ആണവായുധ ശേഷിയും അതിന്റെ വ്യാപനവും. ”ശീത യുദ്ധം” അവസാനിച്ച ശേഷവും ജീവലോകത്തിന് എണ്ണിയാല്‍ ഒടുങ്ങാത്ത ബാദ്ധ്യതയും, അപകട സാദ്ധ്യതകളും വമ്പിച്ച ചിലവും ഉണ്ടാക്കിവയ്ക്കുന്ന ആണവ ആയുധ ശേഖരം അമേരിക്ക നിലനിര്‍ത്തി വരുന്നു. ശീത യുദ്ധത്തിന്റെ നാളുകളില്‍ കമ്യൂണിസ്റ്റുകാരില്‍ നിന്നും ഉണ്ടായേക്കാന്‍ ഇടയുള്ള ആക്രമണത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ സ്വന്തം പൌരന്മാരുടെ ഇടയില്‍ ദിനംപ്രതി പ്രചരിപ്പിച്ചുകൊണ്ടിരുന്നപ്പോഴും വാസ്തവത്തില്‍ കമ്യൂണിസ്റ്റ് ഉമ്മാക്കി ഉയര്‍ത്തിക്കാട്ടി ലോകത്തെ മുഴുവന്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വം.
ആറ്റം ബോംബ് ഉപയോഗിച്ച രാജ്യം
1945 ആഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആയുധം മനുഷ്യരുടെമേല്‍ ആദ്യമായി,ഒരിക്കലല്ല രണ്ടു വട്ടം, പ്രയോഗിച്ച “പരിഷ്കൃത രാജ്യം” അമേരിക്കയാണെന്നത് വീണ്ടും വീണ്ടും ഓര്‍മ്മിച്ചുവക്കേണ്ടതുണ്ട്. അതും ജപ്പാന്‍ യുദ്ധത്തില്‍ പരാജയപ്പെടുകയും കീഴടങ്ങുകയും ചെയ്തതിനും ശേഷം! കീഴടങ്ങുവാനുള്ള സന്നദ്ധത ജപ്പാന്‍ രാജാവ് കൈമാറിക്കഴിഞ്ഞിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ പിന്നീട് ലഭ്യമാവുകയും ചെയ്തു. മനുഷ്യ ദുരന്തത്തെ കുറ്റകരമായി നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യഥാര്‍ത്ഥ സാമൂഹ്യ സാഹചര്യത്തില്‍ ആറ്റം ബോംബ് പരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് നിസ്സംശയം തെളിഞ്ഞു.
മനുഷ്യവര്‍ഗത്തിനും അവന്റെ നേട്ടങ്ങള്‍ക്കും മേല്‍ ആറ്റം ബോംബ് വിതറിയ നാശത്തിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഹൃദയസ്‌പൃക്കായി രേഖപ്പെപ്പെടുത്തപ്പെട്ടു. ഇനിയൊരിക്കലും ഇങ്ങനെ ഒരു ബോംബ് നിര്‍മ്മിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത് അതിന്റെ നിര്‍മാതാക്കളെയും രാജ്യത്തെയും കൊടിയ അപമാനത്തിലേക്കും സാമൂഹ്യ നിരാസത്തിലേക്കും നയിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ, ഇതില്‍ നിന്നും ഒരു പാഠവും പഠിക്കാന്‍ തയ്യാറാകാത്ത അമേരിക്ക അവരുടെ സാമ്രാജ്യത്വപദ്ധതികളില്‍ അണുവായുധത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അണുവായുധം പരീക്ഷിക്കാന്‍ അമേരിക്ക ഒരുമ്പെട്ട ഏക സംഭവമല്ല 1945 ലേത്. ഡൈന്‍-ബീന്‍-ഫൂവില്‍ (Dien-bien-phu-വിയറ്റ്നാം) 1954 ല്‍ ഫ്രാന്‍സ് അതിദയനീയമായ പരാജയം നേരിട്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ അണുവായുധം നല്‍കുവാനുള്ള സന്നദ്ധത അറിയിച്ചു. ഫ്രാന്‍സ് ആ വാഗ്ദാനം നിരസിച്ചതുകൊണ്ട് മാത്രമാണ് വീണ്ടുമൊരു ദുരന്തം അരങ്ങേറാതിരുന്നത്. 1955 ല്‍ ചൈനക്കെതിരെ ആണവഭീഷണി ഉയര്‍ത്തിയതും ഐസന്‍ഹോവര്‍ തന്നെ. ക്യൂമോയ്, മാറ്റ്സു (Quemoy and Matsu islands)ദ്വീപുകള്‍ കേന്ദ്രീകരിച്ച് വന്‍കരക്കെതിരെ യുദ്ധസന്നാഹമൊരുക്കിയ നാഷണലിസ്റ്റ് ചൈനീസ് പ്രവര്‍ത്തകരെ തുരത്തുവാന്‍ ചൈന ഒരുങ്ങിയപ്പോഴായിരുന്നു ഈ ഭീഷണി. 1960-1970 കാലയളവില്‍ വിയറ്റ്നാമില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടപ്പോഴും അണുവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് പെന്റഗണ്‍ ആലോചിച്ചിരുന്നു. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ സോവിയറ്റ് യൂണിയനെതിരെ അണുവായുധംപ്രയോഗിക്കുവാന്‍ കെന്നഡിയുടെ കാലത്ത് തീരുമനിച്ചിരുന്നതായി “ ആയുധമില്ലാത്ത വിജയം” (Unarmed Victory) എന്ന പുസ്തകത്തില്‍ ബര്‍ട്രാന്റ് റസ്സല്‍ വിശദീകരിക്കുന്നുണ്ട്.
1945 നും 1990 നും ഇടക്ക് 950 ന്യൂക്ലിയര്‍ സ്ഫോടന പരീക്ഷണങ്ങള്‍ അമേരിക്ക നടത്തിയതായി പെന്റഗണ്‍ പറയുന്നു. അതായത് ഓരോ 18 ദിവസങ്ങളിലും ഓരോ സ്ഫോടനങ്ങള്‍. ഇതു കൂടാതെ ഒട്ടനവധി സ്ഫോടന പരീക്ഷണങ്ങള്‍ രഹസ്യമായും നടത്തിയിട്ടുണ്ട് എന്നത് സുവിദിതമാണ്.
ബാക്കിയുള്ള എല്ലാ ന്യൂക്ലിയര്‍ രാജ്യങ്ങളും നടത്തിയ പരീക്ഷണങ്ങളേക്കാള്‍ എത്രയോ മടങ്ങ് അധികമാണിത് ! ഔദ്യോഗികമായി സമ്മതിക്കുന്ന പരീക്ഷണങ്ങള്‍ ഇത്രയുമാകുമ്പോള്‍, രഹസ്യമായി നടത്തിയിട്ടുള്ളവ എത്രയായിരിക്കും എന്ന് ഊഹിക്കുവാന്‍ മാത്രമേ കഴിയൂ . ആണവ നിര്‍വ്യാപന കരാറില്‍ (NPT) അംഗമായിട്ടുള്ള അഞ്ച് അംഗീകൃത രാജ്യങ്ങളിലൊന്നായ അമേരിക്ക 4500 ന്യൂക്ലിയര്‍ ആയുധങ്ങളാണ് അന്യരാജ്യങ്ങളിലെ വിവിധ താവളങ്ങളില്‍ നിരത്തിയിട്ടുള്ളത്. അമേരിക്ക ഇന്നും നിലനിര്‍ത്തിയിട്ടുള്ള 10000 ആണവ പോര്‍മുനകളില്‍ 6000 എണ്ണം ഏതു നിമിഷവും യുദ്ധസജ്ജമായവയും ബാക്കിയുള്ളവ ഏതു സമയത്തും ഉണര്‍ത്താവുന്ന “ഉറക്ക“ത്തിലുള്ളവയുമാണ്.
1700 ന്യൂക്ലിയര്‍ പോര്‍മുനകള്‍ ഭൂതലമിസൈല്‍ സംവിധാനമായും, 1098 മുനകള്‍ ബോംബറുകളിലും 3168 എണ്ണം ഒഹിയോ-ക്ലാസ് അന്തര്‍വാഹിനികളിലും ഏതു ദൌത്യവും ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഏകദേശം 800 പോര്‍മുനകള്‍ ടോം ഹ്വോക് ക്രൂയിസ് മിസൈലുകളിലും ബി 61 ബോംബറുകളിലുംആയി വിന്യസിക്കപ്പെട്ടിരിക്കുന്നു. (അവലംബം:Nuclear Threat Initiative (NTI) - Working for a Safe World- updated upto Nov.2006)
1999 ഒക്ടോബറില്‍ യു.എസ് സെനറ്റ് CTBT (Comprehensive Test Ban Treaty) പ്രഖ്യാപനത്തില്‍ അമേരിക്ക പങ്കാളിയാകേണ്ടെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. സെനറ്റിന്റെ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ബുഷ് ഭരണകൂടം ആവശ്യപ്പെട്ടില്ല. പക്ഷെ, 1992 മുതല്‍ നിലവിലുള്ള ആണവപരീക്ഷണങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ന്യൂക്ലിയര്‍ ആയുധങ്ങളുടെ വമ്പിച്ച ശേഖരവും വേണ്ടിടത്തെല്ലാം അവയെ എത്തിക്കാനുള്ള സംവിധാനവുമുള്ളപ്പോള്‍ അമേരിക്ക എന്തിനിനി അണുസ്ഫോടന പരീക്ഷണം നടത്തണം? പ്രത്യേകിച്ചും മറ്റു യാതൊരു കേന്ദ്രത്തില്‍ നിന്നും ഭീഷണിയൊന്നുമില്ലാതിരിക്കെ? പക്ഷെ ഓരോ ആണവപരീക്ഷണങ്ങളില്‍ നിന്നും വമ്പിച്ച ലാഭം കൊയ്തിരുന്ന പല കമ്പനികളും ഈ പ്രഖ്യാപനത്തില്‍ നിരാശരാണ്.
“മിനിറ്റ്മാനും“ “പീസ്‌കീപ്പറും”
ഖര-ദ്രാവക ഇന്ധനമുപയോഗിച്ചുള്ള മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അമേരിക്ക വളരെ കാലം മുന്‍പ് തന്നെ നേടിയിരുന്നു. മൊണ്ടാന (Montana), വടക്കന്‍ ഡക്കോട്ട(North Dakota), വ്യോമിംഗ് (Wyoming ) എന്നീ താവളങ്ങളില്‍ “പീസ്‌കീപ്പര്‍” എന്ന 10 മദ്ധ്യദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലുകളും (MX-Inter continental ballistic missile) “മിനിറ്റ്മാന്‍“എന്ന് പേരിട്ട അഞ്ഞൂറോളം മിസൈലുകളും ആണവപോര്‍മുനയുമായി ആക്രമണത്തിനു തയ്യാറെടുപ്പോടെ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണമായ നര്‍മ്മഭാവനയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സര്‍വനാശത്തിന്റെ മിസൈലിന് സമാധാനപാലകന്‍(“പീസ്‌കീപ്പര്‍”) എന്ന് പേരിടാനാകുക?
സ്റ്റാര്‍ട്ട് II (Strategic Arms reduction Treaty II) ധാരണപ്രകാരം യുദ്ധാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ആയുധങ്ങളില്‍ കുറവു വരുത്താനുള്ള ബാദ്ധ്യത അമേരിക്കയ്കുണ്ട്. ഈ ധാരണയില്‍ നിന്നും പെന്റഗണ്‍ സാവധാനം തലയൂരുകയാണ്. 2002 ഒക്ടോബര്‍ മുതല്‍ 17 MX“പീസ്‌കീപ്പര്‍” മിസൈലുകള്‍ നിര്‍വീര്യമാക്കുകയും2005 ഒക്ടോബര്‍ 1 ഓടെ മറ്റു 10 മിസൈലുകള്‍ വിക്ഷേപണത്തറയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യേണ്ടതായിരുന്നു. അവശേഷിക്കുന്ന മിസൈലുകളും ഘട്ടം-ഘട്ടമായി നശിപ്പിക്കണമെന്ന് ഈ ധാരണയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് II ന്റെ ധാരണകള്‍ക്ക് വിരുദ്ധമായി ശൂന്യാകാശ വാഹനങ്ങളെയും ലക്ഷ്യവേധവാഹനങ്ങളെയും മറ്റും തൊടുത്തു വിടുവാനും, പുനര്‍വിന്യാസത്തിനും ആയി ഈ മിസൈലുകളെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്. എന്നു മാത്രമല്ല “മിനിറ്റ്മാന്‍” മിസൈലിന്റെ കൃത്യതയുംവിശ്വസനീയതയും ഉറപ്പുവരുത്താനും 2020 വരെയെങ്കിലും അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചുകിട്ടാനും ആറു ബില്യണ്‍( $6 billion) ഡോളറിന്റെ ആധുനികവല്‍ക്കരണ നടപടിയാണ് പെന്റഗണ്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നു മാത്രമല്ല കൂടുതല്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള മറ്റൊരു മിസൈലിന്റെ നിര്‍മാണം 2008 ല്‍ പൂര്‍ത്തീകരിക്കുവാനും പെന്റഗണ്‍ തീരുമാനിച്ചു കഴിഞ്ഞു.
മുങ്ങിക്കപ്പലുകളും അതിലെ ചാട്ടുളികളും(The Subs and its Tridents)
യു എസ് നാവികസേനയുടെ പക്കല്‍ ആണവപോര്‍മുനയുമായി എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്നരീതിയില്‍ ഒരുക്കിനിറുത്തിയിരിക്കുന്ന 14 (SSBN)അന്തര്‍വാഹിനികളുണ്ട്. നേരത്തെ ഇത്തരം 18 അന്തര്‍വാഹിനികളാണ് ഉണ്ടായിരുന്നത്. അതില്‍ 4 എണ്ണത്തില്‍ ആണവേതര ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ വേണ്ട രീതിയില്‍ പരിവര്‍ത്തനം വരുത്തുകയുണ്ടായി. പ്രയോഗക്ഷമമായ 14 അന്തര്‍വാഹിനികളിലുമായി 336 ട്രൈഡന്റു-I ഉം ട്രൈഡന്റു-II മിസൈലുകള്‍ ഒരുക്കി നിറുത്തിയിരിക്കുന്നു. ഓരോ മിസൈലിലും 6-8 പോര്‍മുന എന്ന പ്രകാരം ഏകദേശം 2016 ആണവപോര്‍മുനകളാണ് ഇവയില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ട്രൈഡന്റു-II വിഭാഗത്തില്‍പ്പെട്ട മിസൈലുകളുടെ കാലാവധി 39 വര്‍ഷത്തില്‍ നിന്നും 40 വര്‍ഷമായി ഈയിടെ വര്‍ദ്ധിപ്പിച്ചു. 2029 ഓടുകൂടി നിലവിലുള്ള മിസൈലുകള്‍ കണ്ടം ചെയ്യേണ്ടിവരുമ്പോള്‍ പുതിയ സീരീസിലുള്ള മിസൈലുകള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി തയ്യാറയിക്കഴിഞ്ഞു. ഇവയില്‍ ഒന്‍പത് അന്തര്‍വാഹിനികള്‍ ശാന്ത സമുദ്രത്തിലും അഞ്ച് എണ്ണം അറ്റ്ലാന്റിക് സമുദ്രത്തിലുമായി നിലനിര്‍ത്തും. യു എസ് നാവികസേനയുടെ ഉന്നം ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
മരണത്തെ ഗര്‍ഭം ധരിച്ച ബോംബര്‍ വിമാനങ്ങള്‍
നോര്‍ത്ത് ഡക്കോത്ത (North Dakota) എയര്‍ഫോഴ്സ് ബേസ് , ലൂസിയാനയിലെ ബാര്‍ക്സ് ഡെയില്‍ എയര്‍ഫോഴ്സ് ബേസ് (Barksdale Air Force Base) എന്നിവിടങ്ങളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ബി-52 വിഭാഗത്തില്‍പ്പെട്ട 94 ബോംബര്‍ വിമാനങ്ങള്‍ ഉണ്ട്. ഇതു കൂടാതെ 1990 ല്‍ ഏകദേശം 31 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച മിസൌറിയിലുള്ള വൈറ്റ്മെന്‍ എയര്‍ഫോഴ്സ് ബേസില്‍ (Whiteman Airforce Base) 21 ബി-2 പ്രച്ഛന്ന ബോംബറുകള്‍ (Stealth Bombers) സജ്ജരായിരിക്കുന്നു. ഇതാകട്ടെ എഫ് ബി -111, ബി -1ബി എന്നീ ആക്രമണ(Combat) എയര്‍ക്രാഫ്റ്റുകള്‍ക്ക് പുറമേയാണ്. ബി-52 ബോംബറുകളാവട്ടെ, വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈലുകള്‍ (ALCM-Air Launched Cruise Missile)അഡ്വാന്‍സ്‌ഡ് ക്രൂയിസ് മിസൈലുകള്‍ (ACM), വമ്പന്‍ സ്ഫോടക ശക്തിയുള്ള ഗ്രാവിറ്റി ബോംബുകള്‍ എന്നിവ വര്‍ഷിക്കാന്‍ എപ്പോഴും സുസജ്ജമാണ്. വിവിധ താവളങ്ങളിലായി 400 ACM, 450 ALCM മിസൈലുകളും വിന്യസിക്കപ്പെട്ടിട്ടുണ്ട്. ACM മിസൈലുകള്‍ ALCM മിസൈലുകളേക്കാള്‍ ദൂരം താണ്ടുന്നവയും, കൃത്യത പുലര്‍ത്തുന്നവയും എതിരാളികള്‍ക്ക് ഭേദിക്കാനാവാത്തതുമാണ്. അമേരിക്കന്‍ വ്യോമസേനയാകട്ടെ കാലം കഴിഞ്ഞ ബോംബുകളെയും മിസൈലുകളെയും കാലാനുസൃതമായി നവീകരിക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയിലുമാണ്. മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിമിലെ (Missile Technology Control Regime-MTCR) ഏറ്റവും ശക്തനായ അംഗം അമേരിക്ക തന്നെയാണ്. സര്‍വസംഹാരിയായ ആയുധങ്ങളും (Weapons of Mass Destruction)ആണവക്ഷമതയുള്ള മിസൈലുകളും (Nuclear Capable Missiles) വന്‍ തോതില്‍ ശേഖരിച്ചു വച്ചിരിക്കുകയും അവയെ കൃത്യമായ ലക്ഷ്യങ്ങളില്‍ എത്തിക്കുവാനുമുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്ത അമേരിക്ക തന്നെ ഇതേ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ സ്വന്തമാക്കുന്നതിനേയോ പരിപോഷിപ്പിക്കുന്നതിനേയോ MTCR ലെ അംഗത്വം ഉപയോഗിച്ച് തടയിടുന്നു.
ആയുധങ്ങളുടെ കാലാനുസൃതമായ പരിഷ്ക്കരണം
ശീതയുദ്ധം അവസാനിച്ചശേഷവും അമേരിക്ക, സൈനിക ഭാഷയില്‍ പറഞ്ഞാല്‍ , അവരുടെ ആയുധങ്ങളേയും ആയുധം വഹിക്കുന്ന വാഹനനങ്ങളെയും കാലാനുസൃതമായി പരിഷ്ക്കരിച്ച് “കപ്പല്‍ ശൈലിയില്‍”(Ship-Shape) നിലനിര്‍ത്തി വരുന്നു. ഇതിനായി എല്ലായ്പ്പോഴും ഒരു യുദ്ധകാല അന്തരീക്ഷം നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. എല്ലാ അധീശത്വവും സൈനിക മേല്‍ക്കോയ്മയും നിലനിര്‍ത്തപ്പെടുന്നതും ഇങ്ങനെ തന്നെയാണ്.
അമേരിക്കന്‍ സൈനിക കമാന്‍ഡ് ഈ ഭൂഗോളത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്ന അല്ലെങ്കില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, ആണവ ആയുധങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സാങ്കേതികവിദ്യയില്‍ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി മൂലം അത് അപ്രസക്തമാകുന്നു. ചുരുക്കത്തില്‍ അക്രമണാത്മകമായ സമീപനത്തില്‍ തെല്ലും കുറവുണ്ടായിട്ടില്ല തന്നെ.
ഈ പശ്ചാത്തലത്തില്‍ നിന്നു വേണം ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയോടും കുറെക്കൂടി ഉയര്‍ന്ന രൂപത്തില്‍ ഇറാനോടും വടക്കന്‍ കൊറിയയോടും ഉള്ള അമേരിക്കന്‍ സമീപനത്തെ വിലയിരുത്തേണ്ടത്. ഈ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ആരോപിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും സര്‍വോപരി തല തിരിഞ്ഞതുമാണ്. മറ്റു രാജ്യങ്ങളെയാകെ ഭീഷണിപ്പെടുത്തുന്ന, ബ്ലാക്ക്മെയില്‍ ചെയ്യുന്ന, നിരോധിക്കപ്പെട്ട ആണവ ആയുധങ്ങളുള്ള രാജ്യങ്ങളുടെ ഒരു ചെറിയ ക്ലബ്ബിനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് മാനവികതയും ലോകമാകെയും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന്. ഇതിന് സമ്പൂര്‍ണ്ണ ആണവ നിരായുധീകരണമല്ലാതെ മറ്റൊരു പരിഹാരമില്ല താനും.
മരണത്തിന്റെ വ്യാപാരികള്‍
സ്റ്റോക് ഹോമിലുള്ള ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Stockholm International Peace Research Institute- SIPRI) പഠനം അനുസരിച്ച് 1996 നും 2000 നും ഇടയ്ക്ക് വിനിമയം ചെയ്യപ്പെട്ട പരമ്പരാഗത ആയുധങ്ങളുടെ 50 ശതമാനം അമേരിക്കയുടേതാണ് . റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 10 ശതമാനം വീതവും ബ്രിട്ടനും ജര്‍മ്മനിയും കൂടി 15 ശതമാനവും ബാക്കിയുള്ള 15 ശതമാനം ആയുധങ്ങള്‍ നെതര്‍ലാന്‍ഡ്, ഉക്രൈന്‍, ഇറ്റലി, ചൈന, ബലേറുസ്, സ്പെയിന്‍, ഇസ്രായേല്‍ എന്നീ ഏഴ് രാജ്യങ്ങളുമാണ് കയറ്റുമതി ചെയ്തത്.
സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ (Weapons of Mass Destruction) എന്നാല്‍ എന്താണ്?
കുറെയേറെ വിശദീകരണങ്ങള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് ഇതിനകം ഉണ്ടായിട്ടുണ്ട്. ഫ്രീ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപ്പീഡിയ പറയുന്നു,
“ യു എസ് പ്രതിരോധ മന്ത്രാലയം Weapons of Mass Destruction -നെക്കുറിച്ച് ഇങ്ങനെയാണ് നിര്‍വചിക്കുന്നത്. പൊട്ടിത്തെറിക്കുന്ന എന്തും, കത്തുന്ന എന്തും, വിഷവാതകം, ബോംബ്, 4 ഔണ്‍സില്‍ (113 ഗ്രാമില്‍) കൂടുതല്‍ പ്രൊപ്പല്ലന്റ് ശക്തിയുള്ള ഗ്രനേഡ് അഥവ റോക്കറ്റ്, മിസൈല്‍ ആണെങ്കില്‍ കാല്‍ ഔണ്‍സ് (7 ഗ്രാം) സ്ഫോടനശേഷിയോ ജ്വലനശേഷിയോ മുകളില്‍ പറഞ്ഞവയ്ക്ക് തുല്യമായതോ (2) വിഷവാതകം (3) രോഗം പരത്താവുന്ന ജൈവപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ആയുധം(4) മനുഷ്യജീവനു മാരകമാകാവുന്ന വിധത്തില്‍ റേഡിയേഷന്‍ സൃഷ്ടിക്കാവുന്ന പ്രത്യേക ലക്ഷ്യവേധ ആയുധങ്ങള്‍.“(അവലംബം: യു എസ് ലോ, 18 യു എസ് സി , സെക്ഷന്‍ 2332 എ യും 18 യു എസ് സി 921).ട്രക്ക് ബോംബുകള്‍, പൈപ്പ് ബോംബുകള്‍, ഷൂ ബോംബുകള്‍, ബോട്ടുലിന്‍ വിഷം പുരട്ടിയ കള്ളിമുള്‍ച്ചെടി (cactus needles coated with botulin toxin) തുടങ്ങിയവ കൈവശം വയ്ക്കുക, ഉപയോഗിച്ചതായി തെളിയിക്കപ്പെടുക എന്നിവ ഈ നിയമങ്ങളുടെ കീഴില്‍ ശിക്ഷാര്‍ഹമാണ്.
പരമ്പരാഗത ആയുധങ്ങള്‍ (ബോംബുകള്‍) എപ്പോഴാണ് സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ (Weapons of Mass Destruction) ആയി മാറുന്നത് എന്ന് അമേരിക്കയില്‍ തന്നെയുള്ള FBI പറയുന്നതിങ്ങനെ,
“ പ്രാദേശിക അതിര്‍ത്തികളെ അതിലഘിച്ചുകൊണ്ട് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബോംബുകള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.”
ചെറുകിട -ലഘു ആയുധങ്ങളുടെ അനധികൃത വ്യാപാരത്തെ സംബന്ധിച്ച 2001 ലെ യു എന്‍ കോണ്‍ഫറന്‍സില്‍ കൊളംബിയന്‍ വൈസ് പ്രസിഡന്റ് ഗുസ്താവോ ബെല്‍ ലീമസ് സമര്‍പ്പിച്ച മില്ലേനിയം റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് യു എന്‍ സെക്രട്ടറി ജനറല്‍ ശ്രീ കോഫി അന്നന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്,
“ ചെറുകിട ആയുധങ്ങളെ Weapons of Mass Destruction ആയി കണക്കാക്കേണ്ടി വരുന്നത് - അവ സൃഷ്ടിക്കുന്ന വിനാശങ്ങള്‍ നാളിതു വരെയുള്ള സകല ആയുധങ്ങള്‍ സൃഷ്ടിച്ചതിലും അധികം- പ്രത്യേകിച്ചും ഹിരോഷിമായിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റം ബോംബുകള്‍ കൊന്നൊടുക്കിയ ആളുകളുടെ എണ്ണത്തെയും കവച്ചുവയ്ക്കുന്ന വിനാശങ്ങള്‍ എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ”(അവലംബം : വിക്കിപീഡിയ)
എത്രയായാല്‍ മതിവരും?
അമേരിക്കന്‍ അധിനിവേശത്തിന്റെ “ ആമ്പലിലകളേയും കുതിക്കുന്ന തവളകളേയും” കുറിച്ച് ഇങ്ങനെ എത്ര വേണമെങ്കിലും നമുക്ക് പറഞ്ഞുകൊണ്ടേയിരിക്കാം. മരണം വിതറുന്ന കളിപ്പാട്ടങ്ങളുടെ ഈ ലിസ്റ്റ് എത്ര എടുത്താലും അവസാനിക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മരണത്തിന്റെ ഈ വ്യാപാരികള്‍ എത്ര മാത്രം രക്തദാഹികളാണെന്നും മനുഷ്യന്റെ ദുരിതത്തില്‍ നിന്നും അവന്റെ രക്തത്തില്‍ നിന്നും അവര്‍ പിഴിഞ്ഞെടുത്തുകൊണ്ടിരിക്കുന്ന “ പെന്നികളും ഡോളറുകളും ” എത്രയാണെന്നും നമുക്ക് വിശദീകരിച്ചു കൊണ്ടേയിരിക്കാം. ഈ സാമ്രാജ്യത്വ കഴുകന്മാര്‍ക്ക് എത്രയായാലാണ് മതി വരിക? ഉത്തരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒരിക്കലും... ഒരിക്കലും ...മതി വരില്ലെന്നു തന്നെയാണ്.
(ലേഖകന്‍: ശ്രീ. എന്‍.എം.സുന്ദരം, പ്രസിഡന്റ്, All India Insurance Employees' Association)
(സ്വതന്ത്ര വിവര്‍ത്തനം:ശ്രീ.പി.ആര്‍.ശശി, വൈസ് പ്രസിഡന്റ് , KSGIEU)
(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)
6 comments:
അമേരിക്ക -ഇന്ത്യ ആണവ സഹകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെ സജീവമായ ചര്‍ച്ച ഉയര്‍ന്നു വരുന്ന ഈ കാലത്ത് കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി All India Insurance Emplyees Associationന്റെ പ്രസിഡന്റ് ശ്രീ എന്‍.എം.സുന്ദരത്തിന്റെ ''Lily-pads and Leaping Frogs"(ആമ്പലിലയും കുതിക്കുന്ന തവളകളും)എന്ന ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
First time I am reading the blog msgs. as I was not able to downloand malayalam fonts. Now I feel I should regularly read this. Whenever, a subject having my interst is posted, I would try to contribute some stray thoughts on it.
നന്ദി വര്‍ക്കേഴ്സ് ഫോറം..തികച്ചും വിജ്ഞാനപ്രദമായ ലേഖനം. യുദ്ധം ലാഭക്കച്ചവടമാകുമ്പോള്‍ കിട്ടുന്നവന് എങ്ങനെ എങ്ങനെ എങ്ങനെ മതിവരാനാണ്?
മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന്യമെന്ന “തവളയ്ക്ക് “സുരക്ഷിതമായി ഒന്നിരിക്കാനുള്ള “ആമ്പലില”യാണ് ഓരോ സൈനികതാവളവും ....ഈ വര്‍ണ്ണന കലക്കി....
അതെ...നമ്മുടെ രാജ്യവും ഒരു “ആമ്പലില”യാവുകയാണ് .
വളരെ അധികം അധ്വാനിച്ച് എഴുതിയ ലേഖനം.കാലിക പ്രസക്തം.പരിഭാഷയും ഉന്നത നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍.
ആക്രമണ സ്വഭാവം, അമേരിക്കക്ക് ജന്മനാ ഉള്ളതാണ്. അവരുടെ ചരിത്രം തന്നെ ചോരയില്‍ കുതിര്‍ന്നതാണ്. ആദ്യം റഡ് ഇന്ത്യക്കാര്‍, പിന്നെ ആഫ്രിക്കക്കാരയ കറുത്തവര്‍. ഈവരുടെ ചോരയിലണ് അമേരിക്ക ലോകശക്തിയായത്. കള്ളനും കൊള്ളക്കാരനും ജാരസന്തതികളുമണ് അവിടത്തെ ആദ്യ തലമുറക്കാര്‍. അവരുടെ പിന്‍ഗാമികളില്‍ നിന്നു വലുതായൊന്നും പ്രതീക്ഷിക്കേണ്ട.
നിലപാടുകള്‍ ശക്തമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിവാദ്യങ്ങള്‍.
Post a Comment