Wednesday, September 19, 2007

മന്‍മോഹന്‍ ‌സിങ്ങും ആണവ ബസ്സും

ലോകത്തെമ്പാടും ആണവ നവോത്ഥാനം നടക്കുമ്പോള്‍ ആ ബസില്‍ കയറാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍, ഇന്ന് ആവേശത്തോടെ ആണവ ബസിനെക്കുറിച്ചു പറയുന്ന മന്‍മോഹന്‍സിങ് അത് ഇത്രയും കാലം നമുക്ക് നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്ന കാര്യം മറക്കാറായിട്ടില്ല. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്നു പരിമിതമായെങ്കിലും നിലവിലുള്ള ആണവസംരഭങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഉപദേശകരും വഹിച്ച പങ്കെന്താണെന്ന് പരിശോധിക്കാം. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പതാക ഇന്ത്യയിലേക്ക് കൊണ്ടുവന്ന മന്‍മോഹന്‍സിങ് പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയെന്ന സങ്കല്‍പ്പംതന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് മന്‍മോഹന്‍സിങ്ങായിരുന്നു. സ്വകാര്യമേഖലയോടുള്ള മന്‍മോഹന്‍സിങ്ങിന്റെ ഈ പ്രേമം പൊതുമേഖലയിലുള്ള ആണവ മേഖലയെയും ബാധിച്ചെന്നതാണ് യാഥാര്‍ഥ്യം.

നരസിംഹറാവുവിന്റെ കാലത്താണ് മന്‍‌മോഹന്‍സിങ് അദ്ദേഹത്തിന്റെ കീഴില്‍ ധനമന്ത്രിയായത്. മന്‍മോഹന്‍സിങ്ങിന്റെ എല്‍പിജി(ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍) സംഘത്തില്‍പ്പെട്ട മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയ, 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്നു. (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്). ഇക്കാലത്ത് ഇന്ത്യന്‍ ആണവോര്‍ജമേഖല ഏറെ അവഗണിക്കപ്പെടുകയായിരുന്നു. 1999ല്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്നു നേടുകയെന്നതായിരുന്നു ആണവോര്‍ജ വകുപ്പിന്റെ (ഡിഎഇ) ലക്ഷ്യം. 1980കളിലാണ് ഈ ലക്ഷ്യമിട്ടത്. എന്നാല്‍, നേടിയതാകട്ടെ 2280 മെഗാവാട്ടും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡിഎഇ ക്ക് കഴിയാതിരുന്നത് സര്‍ക്കാര്‍ ആവശ്യത്തിനു പണം നല്‍കാത്തതു കൊണ്ടാണത്രേ. ഇതു ശരിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായി ചാര്‍ജെടുത്ത ആദ്യവര്‍ഷം ഡിഎഇ ക്ക് ആവശ്യമായിരുന്നതും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായ തുക 1476 കോടി രൂപയായിരുന്നു. എന്നാല്‍, സിങ് അനുവദിച്ചതാകട്ടെ വെറും 130.57 കോടി രൂപയും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. അതായത് മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്ന 1991-92 സാമ്പത്തികവര്‍ഷം മുതല്‍ 1995-96 സാമ്പത്തികവര്‍ഷംവരെ ഡിഎഇ മൊത്തം ആവശ്യപ്പെട്ടത് 9,488 കോടി രൂപയായിരുന്നു. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് എന്ന ലക്ഷ്യംനേടാനാണ് ഡിഎഇ ഈ തുക ആവശ്യപ്പെട്ടതെന്ന് പറയാനില്ലല്ലൊ. എന്നാല്‍, മന്‍മോഹന്‍സിങ് എന്ന ധനമന്ത്രി നല്‍കിയതാകട്ടെ വെറും 1097.30 കോടി രൂപ മാത്രം. ആവശ്യപ്പെട്ടതിന്റെ പത്തു ശതമാനം. 1987-88 മുതല്‍ 2000-01 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ അവഗണനയുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഈ 14 വര്‍ഷത്തിനിടയില്‍ ഡിഎഇ ആവശ്യപ്പെട്ടത് 16661.50 കോടി രൂപയായിരുന്നു. നല്‍കിയതാകട്ടെ 2617.41 കോടി രൂപയും.

ദീര്‍ഘകാലം ഇന്ത്യന്‍ ആണവ മേഖലയെ പട്ടിണിക്കിട്ട മന്‍മോഹന്‍സിങ്ങും കൂട്ടരുമാണ് ഇപ്പോള്‍ പറയുന്നത് അമേരിക്കയില്‍നിന്ന് മറ്റും ഇറക്കുമതിയിലൂടെ ആണവശേഷി വര്‍ധിപ്പിക്കണമെന്ന്. വേണ്ട സമയത്ത് പണം നല്‍കാതെ പൊതുമേഖലയെ ബോധപൂര്‍വം തകര്‍ക്കുക. അതിനു ശേഷം നല്ല പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കുറ്റം മുഴുവന്‍ ആ പൊതുമേഖലയില്‍ ചുമത്തുക. എന്നിട്ട് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക. ബഹുരാഷ്ട്രകുത്തകകളെ ക്ഷണിച്ചുകൊണ്ടു വന്ന് അവര്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരി നല്‍കി പ്രോല്‍സാഹിപ്പിക്കുക. മന്‍മോഹന്‍സിങ്- അഹ്‌ലുവാലിയ കൂട്ടുകെട്ടിന്റെ പൊതുമിനിമം പരിപാടിയാണ് ഇത്. അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ പിറകിലും ഈ താല്‍പ്പര്യങ്ങള്‍ കാണാം.

ബ്രെട്ടന്‍ വൂഡ് സഹോദരികളുടെ സ്ഥാപനങ്ങളില്‍ പ്രവൃത്തിയെടുത്ത ഇരുവര്‍ക്കും അവരോടുള്ള കൂറു മറക്കാന്‍ കഴിയുന്നില്ലെന്നു വേണം കരുതാന്‍. കാരണം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ത്തന്നെ അദ്ദേഹം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായി അഹ്‌ലുവാലിയയെ നിയമിച്ചു. തുടര്‍ന്നാണ് ഊര്‍ജമേഖലയിലെ ക്ഷാമം ഉയര്‍ത്തിക്കാട്ടി അമേരിക്കയുമായുള്ള സഹകരണത്തിന് ഇവര്‍ വഴിയൊരുക്കുന്നത്. അമേരിക്കയുടെ പല പ്രസിദ്ധീകരണങ്ങളിലും ഇന്ത്യയുമായുള്ള സഹകരണം ഊര്‍ജമേഖലയിലൂടെ ആയിരിക്കണമെന്ന് കാണാവുന്നതാണ്.

അതെന്തോ ആയിക്കോട്ടെ... ഇന്നിപ്പോള്‍ ആണവോര്‍ജത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇത്രയും വീറോടെ നമ്മുടെ പ്രധാനമന്ത്രിയും കൂട്ടുകാരും പ്രസംഗിക്കുമ്പോള്‍ അതിന്റെ അകവും പുറവും നമ്മളൊന്നു പരിശോധിക്കണ്ടേ?

ശ്രീ പ്രബിര്‍ പുര്‍കായസ്തയുടെ ലേഖനം അത്തരത്തിലൊന്നാണ്.

ആണവോര്‍ജ മാഹാത്മ്യം തെറ്റായ കരാറിനെ ന്യായീകരിക്കാന്‍?

ഇന്ത്യ-യുഎസ് ആണവകരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമെമ്പാടും സംവാദങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മാത്രമാണ് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കായി ആണവവൈദ്യുതി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഗൌരവമായി ചര്‍ച്ചചെയ്യുന്നത്. ആണവകരാറിനെ ന്യായീകരിക്കാന്‍ ഗവണ്‍മെന്റും പ്രധാനമന്ത്രിയും ഇന്ത്യയുടെ ഊര്‍ജസുരക്ഷയെക്കുറിച്ച് കണക്കിലേറെ സംസാരിക്കുന്നു. ഇന്ത്യയുടെ ഭാവിക്ക് ആണവോര്‍ജം ഇത്രയും പ്രധാനമാണെങ്കില്‍ ഇതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്താന്‍ ഇതുസംബന്ധിച്ച് ഗൌരവതരമായ സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ ഇതുവരെ എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു വരുന്നു.

ഇപ്പോള്‍ നാം 4120 മെഗാവാട്ട് ആണവവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ മൊത്തം സ്ഥാപിതശേഷിയുടെ കേവലം മൂന്നുശതമാനമാണ്. ആണവമേഖലയില്‍ ഇന്ത്യ നേരിട്ട ഒറ്റപ്പെടലാണ് ഈ മേഖലയില്‍ വളര്‍ച്ച മന്ദീഭവിക്കാനുള്ള ഒരു കാരണം. ഇത് ഒരു ഘടകംമാത്രം. രണ്ടാമത്തെ കാരണം ആണവവൈദ്യുതിയുടെ സാങ്കേതികവും സാമ്പത്തികവുമായ ഘടകങ്ങളാണ്; ആണവോര്‍ജം താരതമ്യേന വിലകൂടിയതാണ്.

ആണവസാങ്കേതികവിദ്യയിലൂടെ എത്രമാത്രം വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ഇതിന് എന്തു ചെലവുവേണ്ടിവരും. ഇതാണ് മുഖ്യ പ്രശ്നം. ആണവവൈദ്യുതിയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം. എത്രത്തോളം ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യം പരിശോധിക്കാം.

ആണവ ഊര്‍ജത്തിന്റെ അളവും വിലയും

ഊര്‍ജമന്ത്രാലയം കണക്കാക്കുന്നതുപോലെ അടുത്ത പത്തുവര്‍ഷത്തിനകം 1,00,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ അതില്‍ ആണവവൈദ്യുതിയുടെ പങ്ക് എത്രയായിരിക്കും? ആസൂത്രണകമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015 ഓടെ 15,000 മെഗാവാട്ടും 2021 ഓടെ 29,000 മെഗാവാട്ടും. ഇറക്കുമതി ചെയ്യാന്‍ പോകുന്ന റിയാക്ടറുകളില്‍നിന്നുള്ള 8000 മെഗാവാട്ട് ഉള്‍പ്പെടെയാണ് ഇത്. ഏറ്റവും ഉയര്‍ന്ന ശുഭപ്രതീക്ഷയനുസരിച്ചാണ് ഈ കണക്കുകളെന്ന് ആസൂത്രണകമീഷന്‍ത്തന്നെ പറയുന്നു. എന്നാല്‍പ്പോലും ആണവവൈദ്യുതി സ്ഥാപിതശേഷിയുടെ ഏഴുശതമാനം മാത്രമേ ആകുന്നുള്ളൂ. ഇപ്പോള്‍ ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്ന, കൂടുതല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ എടുത്താല്‍- 2020 ഓടെ 40,000 മെഗാവാട്ട്- ഇത് മൊത്തം സ്ഥാപിതശേഷിയുടെ ഒമ്പതുശതമാനമേ വരൂ. 2020 ഓടെ 40,000 മെഗാവാട്ട് എന്ന കണക്കുകൂട്ടലിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരമൊരു രീതിയിലുള്ള ആണവവൈദ്യുതോല്‍പ്പാദനത്തിന് വന്‍തോതില്‍ പണം മുടക്കണം. ഏറ്റവും ശുഭപ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ചാലും ആണവവൈദ്യുതി മൊത്തം സ്ഥാപിതശേഷിയുടെ ചെറിയൊരു ശതമാനമേ ആയിരിക്കൂ. ആണവോര്‍ജമേഖലയില്‍ ഇത്രയും വിപുലമായി പണം മുടക്കിയാല്‍ മറ്റുമേഖലകള്‍ മുരടിച്ചുപോകുകയുംചെയ്യും.

1960കളിലും '70കളിലും ആണവവൈദ്യുതിയെക്കുറിച്ച് ഒട്ടേറെ മതിപ്പുണ്ടായിരുന്നു. '80കളുടെ അവസാനത്തോടെ, ആണവവൈദ്യുതി ചെലവേറിയതാണെന്നു ബോധ്യപ്പെട്ടു. പാശ്ചാത്യനാടുകളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചതിലും വര്‍ധിച്ചു; ഇവ നിര്‍മിക്കാനുള്ള സമയവും ദീര്‍ഘിച്ചു. വന്‍തോതില്‍ പ്രകൃതിവാതകം കണ്ടെത്തിയതും താപനിലയങ്ങളുടെ കാര്യക്ഷമത ഉയര്‍ന്നതും ആണവനിലയങ്ങളെ അനാകര്‍ഷകമാക്കി. ആണവനിലയത്തിന്റെ അപകടസാധ്യതകള്‍, അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പ്രശ്നം എന്നിവ വേറെ.

ഇക്കാര്യത്തില്‍ ഇന്ത്യയുടെ അനുഭവവും വ്യത്യസ്തമല്ല. ആഭ്യന്തര സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാല്‍ത്തന്നെ ആണവവൈദ്യുതി 50 ശതമാനം കൂടുതല്‍ ചെലവുവരുന്നതാണ്. നിര്‍മാണകാലഘട്ടം ദൈര്‍ഘ്യമേറിയതായതിനാല്‍ ഇക്കാലമത്രയും മൂലധനം വന്‍തോതില്‍ കെട്ടിക്കിടക്കും. ഓഹരികള്‍ വഴിയും കടം വാങ്ങിയും പണം സ്വരൂപിച്ചാണ് നിലയം സ്ഥാപിക്കുന്നതെങ്കില്‍, ഇങ്ങനെ കെട്ടിക്കിടക്കുന്ന പണത്തിന്റെ മൂല്യത്തിന് നിര്‍മാണഘട്ടത്തിലെ പലിശ (Interest During Construction -ഐഡിസി) എന്നുപറയും; ഐഡിസി പരിഗണിക്കാതെയുള്ള നിര്‍മാണച്ചെലവിന് 'ഓവര്‍നൈറ്റ്'(overnight) മൂലധനം എന്നാണ് പറയുന്നത്. എല്ലാ പരമ്പരാഗത ആണവനിലയങ്ങളും ഓഹരി-വായ്പ മിശ്രിതം(mixture of debt and equity) വഴിയാണ് നിര്‍മിക്കുന്നത്, ഭാവിയിലും ഇങ്ങനെ പണം കണ്ടെത്താനാണ് ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ തീരുമാനം. ഐഡിസികൂടി കൂട്ടുമ്പോള്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഇരട്ടിച്ചെലവാണ് ആണവനിലയങ്ങള്‍ക്കായി വേണ്ടിവരുന്നത്. ആണവനിലയത്തില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 7.4 കോടിരൂപ വേണം. കല്‍ക്കരിനിലയങ്ങളില്‍ ഇത് 3.73 കോടിമാത്രം. അതായത്, 10,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണം ഉപയോഗിച്ച് കല്‍ക്കരി നിലയങ്ങളില്‍നിന്ന് 20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകള്‍ പ്രശ്നം വഷളാക്കുന്നു

ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍നിന്നാണ് ആണവവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകും. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള 'ഓവര്‍നൈറ്റ്' ചെലവ് ഒമ്പതുകോടി രൂപയാകും. റിയാക്ടറുകളുടെ വിതരണക്കാര്‍ കുറഞ്ഞ തോതിലുള്ള കണക്കുകളാണ് പറയുന്നതെങ്കിലും നിലവിലുള്ള റിയാക്ടറുകള്‍ കിലോവാട്ടിന് 2000 ഡോളര്‍ ചെലവുവരുന്നതാണ്. ഇതനുസരിച്ച് മേല്‍പ്പറഞ്ഞ കണക്കുകള്‍ ശരിയാണ്. ഐഡിസികൂടി പരിഗണിക്കുമ്പോള്‍ ഒരു മെഗാവാട്ടിന് ഉല്‍പ്പാദനച്ചെലവ് 11.1 കോടി രൂപയാകും. കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ചെലവ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇറക്കുമതിചെയ്യുന്ന റിയാക്ടര്‍ ഉപയോഗിച്ച് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണമുണ്ടെങ്കില്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് 34,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക്, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ വഴി 20,000 മെഗാവാട്ടും ആഭ്യന്തര റിയാക്ടറുകള്‍ ഉപയോഗിച്ച് 20,000 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കണം. ഇതിനായി വേണ്ടത് 3,75,000 കോടിരൂപ. അടുത്ത പത്തുവര്‍ഷം 1,00,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആകെ നീക്കിവച്ചിട്ടുള്ളത് ഇത്രയും പണമാണ്. കഴിഞ്ഞ പത്തുവര്‍ഷം ഇന്ത്യക്ക് വൈദ്യുതോല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ധന 40,000 മെഗാവാട്ട് മാത്രമാണ് എന്നോര്‍ക്കണം. ആണവവൈദ്യുതിമേഖലയിലെ ലക്ഷത്തിനു തുല്യമായ ഉല്‍പ്പാദനവര്‍ധന മാത്രം.

കല്‍ക്കരിനിലയങ്ങളില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് 2.50 രൂപ മാത്രമാണ്. ആഭ്യന്തര ആണവറിയാക്ടറുകളില്‍ യൂണിറ്റിന് 3.60 രൂപയും ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍ 5.10 രൂപയും ചെലവുവരും. ഇറക്കുമതിചെയ്യുന്ന നിലയം സ്ഥാപിക്കാന്‍ ആറിനുപകരം എട്ടുവര്‍ഷം എടുത്താല്‍ ഒരുയൂണിറ്റ് വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് 5.50 രൂപയാകും.

സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ആണവനിലയങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്നത് വൈദ്യുതിമേഖലയിലാകെ വിപരീതഫലങ്ങള്‍ ഉളവാക്കും. സമ്പദ്ഘടനയുടെ മറ്റു മേഖലകളില്‍ നിക്ഷേപ മുരടിപ്പുണ്ടാകും. ആണവവൈദ്യുത മേഖലയില്‍ ഇത്രയും നിക്ഷേപം നടത്തുന്നത് ഇതര അടിസ്ഥാനസൌകര്യമേഖലകളില്‍ മാന്ദ്യം സൃഷ്ടിക്കും.

ആണവനിലയങ്ങള്‍ക്കായി ഇന്ത്യ കുറച്ചു മുതല്‍മുടക്കണമെന്നതിനോട് യോജിക്കുന്നു. നാം ഉപരോധം അനുഭവിച്ചുവരികയായിരുന്നു. ആണവോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ഒരിടത്തുനിന്നും നമുക്ക് കിട്ടിയിട്ടില്ല. നമ്മുടെ തദ്ദേശീയ ആണവസാങ്കേതികവിദ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ദരുടെയും കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. ഇതിനായി 20 വര്‍ഷം എടുത്തു; 1974ല്‍ ഒന്നാം പൊഖ്റാന്‍ ആണവസ്ഫോടനത്തെത്തുടര്‍ന്ന് നാം ഉപരോധത്തിലായി. അതുകൊണ്ട് ഈ സാങ്കേതികവിദ്യയില്‍ നാം മുന്നേറേണ്ടതായുണ്ട്. ഇപ്പോള്‍ ആണവവൈദ്യുതി ചെലവേറിയതാണെങ്കിലും കാലക്രമത്തില്‍ കല്‍ക്കരി-എണ്ണ നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകും, ആണവോര്‍ജം വളരെയധികം പ്രധാനമാകും. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമ്പത്തിന്റെ ഏറിയ പങ്കും ആണവോര്‍ജമേഖലയില്‍ നിക്ഷേപിക്കുന്നത് ശരിയല്ല, അതും ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളെ ആശ്രയിക്കുന്നത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്ത ഏര്‍പ്പാടാണ്.

അമേരിക്കയില്‍ ആണവനിലയങ്ങള്‍ അപ്രധാനമാകാന്‍ കാരണം അതിന്റെ അപകടസാധ്യതയോ മാലിന്യനിര്‍മാര്‍ജനപ്രശ്നമോ അല്ല. സാമ്പത്തികവശങ്ങള്‍തന്നെയാണ്. അവസാനമായി അമേരിക്കയില്‍ ആണവനിലയം കമീഷന്‍ ചെയ്തത് 1996ലാണ്, ഇതു നിര്‍മിച്ചത് 23 വര്‍ഷംകൊണ്ടാണ്. വിദേശത്തുനിന്നുള്ള ആവശ്യക്കാരെ ആശ്രയിച്ചാണ് അമേരിക്കന്‍ ആണവവ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് ശതകോടികളുടെ ഓര്‍ഡറിനായി അവര്‍ ശ്രമിക്കുന്നത്. അവരുടെ മൃതപ്രായമായ ആണവവ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഇത് ആവശ്യമാണ്.

അമേരിക്കന്‍ വിധേയത്വത്തില്‍ ആഹ്ളാദമോ?

എന്‍റോണ്‍ അനുഭവം മനസ്സിലുള്ളവര്‍ക്ക് ചരിത്രം അതേപടി ആവര്‍ത്തിക്കുകയാണെന്ന് ബോധ്യമാകും. ആദ്യം 2000 മെഗാവാട്ട് പദ്ധതി സ്ഥാപിക്കാന്‍ എന്‍റോണിന് അനുമതി നല്‍കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു; തുടര്‍ന്ന് ഇന്ധനനയത്തിലും ഊര്‍ജനയത്തിലും എന്‍റോണിന് അനുകൂലമായ ഭേദഗതികള്‍ വരുത്തി. വൈദ്യുതിനിലയങ്ങളില്‍ ഇന്ധനമായി നാഫ് ത ഉപയോഗിക്കാനുള്ള ദ്രാവകഇന്ധനനയം എന്‍റോണിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ആവിഷ്കരിച്ചത്. ഇത്തരമൊരു തീരുമാനം ഊര്‍ജമേഖലയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പഠിക്കാതെ ചിന്താശൂന്യമായി എടുത്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു, മഹാരാഷ്ട്ര സ്റേറ്റ് വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി, നാഫ്‌ത ഉപയോഗിക്കുന്ന പ്ലാന്റുകള്‍ നിശ്ചലമായി.

ദൌര്‍ഭാഗ്യവശാല്‍ ആണവോര്‍ജമേഖലയിലും സമാനമായ പ്രക്രിയയാണ് നടക്കുന്നത്. ഇന്ത്യ-യുഎസ് ആണവകരാറിനെ ന്യായീകരിക്കാനായി 40,000 മെഗാവാട്ട് ആണവ വൈദ്യുതിയെക്കുറിച്ച് പറയുന്നു, ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മൂലധനച്ചെലവിന്റെ കാര്യം ആലോചിക്കുന്നില്ല. 2000 മെഗാവാട്ടിന്റെ എന്‍റോണ്‍ നിലയമാണ് മഹാരാഷ്ട്ര വൈദ്യുതിബോര്‍ഡിനെ പ്രതിസന്ധിയില്‍ എത്തിച്ചതെങ്കില്‍ 40,000 മൊഗാവാട്ടിന്റെ ആണവവൈദ്യുതി നിലയങ്ങള്‍ കൊണ്ടുവരുന്ന ആഘാതം എത്ര കനത്തതായിരിക്കും?

ഊര്‍ജ സുരക്ഷയ്ക്കായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വാദങ്ങളും തെറ്റിദ്ധാരണാജനകമാണ്. മൂന്നു ഘട്ടങ്ങളുള്ള ആണവോര്‍ജ ഉല്‍പ്പാദനരീതിയില്‍നിന്ന് വ്യത്യസ്തമാണ് ഇറക്കുമതിചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍. ആദ്യത്തേതില്‍ സമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്നു; തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ് റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും.

ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പില്‍(Department of Atomic Energy ) അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം.

നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍

നമ്മുടെ ഊര്‍ജാവശ്യങ്ങളില്‍ ഒന്നുമാത്രമാണ് വൈദ്യുതി. ഗതാഗതമേഖലയിലും വളം-പെട്രോകെമിക്കല്‍ ഉല്‍പ്പാദനമേഖലകളിലും ഊര്‍ജം അത്യാവശ്യമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി നാം ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രാഥമിക ഇന്ധനങ്ങളുടെ ആവശ്യകത. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏതു സാഹചര്യത്തിലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 91 മുതല്‍ 95 ശതമാനംവരെ ആണവേതര മേഖലയില്‍നിന്നായിരിക്കും. മറ്റ് ഊര്‍ജസ്രോതസ്സുകളുടെ ആവശ്യകതയുമായി നോക്കുമ്പോള്‍ ആണവവൈദ്യുതി നിസ്സാരമാണെന്ന് അര്‍ഥം.

എണ്ണ ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഗതാഗത-വ്യാവസായിക മേഖലകളിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുള്ള വര്‍ധനയെക്കുറിച്ച് പത്താംപദ്ധതിയില്‍ ഇങ്ങനെ പറയുന്നു: “രാജ്യത്തെ പ്രാഥമിക വാണിജ്യ ഊര്‍ജ ഉപഭോഗമേഖലയില്‍ ഹൈഡ്രോകാര്‍ബണുകളുടെ പങ്ക് ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്, ഇപ്പോള്‍ ഇത് 44.9 ശതമാനമായി (36 ശതമാനം എണ്ണയും 8.9 ശതമാനം പ്രകൃതി വാതകവും). എണ്ണയുടെ ഉപഭോഗം അടുത്ത രണ്ടു ദശകങ്ങളില്‍ വന്‍തോതില്‍ ഉയരും. ഗതാഗതമേഖലയിലാണ് എണ്ണ ഉപഭോഗത്തില്‍ വന്‍തോതിലുള്ള മുന്നേറ്റമുണ്ടാവുക. തല്‍ഫലമായി എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍ വീണ്ടും വര്‍ധനയുണ്ടാകും. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയില്‍ 70 ശതമാനവും ഇറക്കുമതിചെയ്യുന്നതാണ്."

2015ഓടെ ഇന്ത്യയുടെ ക്രൂഡോയില്‍ ആവശ്യകത പ്രതിദിനം 42.5-45 ലക്ഷം ബാരല്‍ വരെയാകും, ഇതില്‍ 80 ശതമാനവും ഇറക്കുമതിയായിരിക്കും, ഏതാണ്ട് പൂര്‍ണമായും പശ്ചിമേഷ്യയില്‍നിന്നുതന്നെ. നാം ഇവിടെ വൈദ്യുതിമേഖലയിലെ ആവശ്യങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ചചെയ്യുന്നത്; എണ്ണയുടെ കാര്യമല്ല. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവോര്‍ജം ഒരു സാഹചര്യത്തിലും എണ്ണയ്ക്ക് ബദലല്ല. ലോകത്തെ ആകെ ഊര്‍ജ ഉപഭോഗത്തില്‍ ഇന്ത്യയുടെ പങ്ക് രണ്ടുശതമാനം മാത്രമാണെങ്കിലും ലോകത്ത് എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എണ്ണ ഉപഭോഗം കൂടുന്നതോടെ ഈ പ്രവണത വര്‍ധിക്കുകയും ഇന്ത്യയും ചൈനയും ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും പങ്കിടുകയുംചെയ്യും. ആണവോര്‍ജത്തിന് കാറും ബസും ലോറിയും ഓടിക്കാന്‍ കഴിയില്ലെന്നിരിക്കെ ഗതാഗതമേഖല വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കേണ്ടിവരും.

രാജ്യത്തെ മൊത്തം ഊര്‍ജാവശ്യങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ ശതമാനം മാത്രമാണ് ആണവവൈദ്യുതി നിറവേറ്റുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യം പരിശോധിച്ചാല്‍ ഇവ യഥാക്രമം 30ഉം 10ഉം ശതമാനം വീതം. ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 40 ശതമാനത്തിലേറെ എണ്ണയും പ്രകൃതിവാതകവുമായിരിക്കും.

അതുകൊണ്ട്, ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ആണവസഹകരണകരാര്‍ നമ്മുടെ പ്രാഥമിക ഊര്‍ജആവശ്യങ്ങള്‍ വളരെ കുറച്ചുമാത്രമേ പരിഹരിക്കുകയുള്ളൂ. ആണവോര്‍ജമാണ് ഭാവിയിലെ ഊര്‍ജം എന്ന വാദം നമ്മുടെ ഊര്‍ജാവശ്യങ്ങളുമായി യോജിക്കുന്നതല്ല, ആണവവൈദ്യുതിയെ ആശ്രയിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുടെ എണ്ണം തുച്ഛമാണ്. നാം തീര്‍ച്ചയായും ആണവവൈദ്യുതിമേഖലയില്‍ ശ്രദ്ധവയ്ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഇത്; ഇപ്പോഴത്തെ നമ്മുടെ എല്ലാ ഊര്‍ജാവശ്യങ്ങള്‍ക്കുമുള്ള പ്രതിവിധി ആണവോര്‍ജമാണെന്ന നിഗമനം ഒട്ടും ശരിയല്ല. ഇതു സത്യത്തിന്റെ മുഖത്ത് കരിതേയ്ക്കുന്നതിനു തുല്യമാണ്. ഊര്‍ജസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ കരുതല്‍ എടുക്കുന്നുണ്ടെങ്കില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിലാണ് ആശങ്ക പുലര്‍ത്തേണ്ടത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകേണ്ടത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. രാജ്യാന്തരവേദികളില്‍ അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നതില്‍ ഇന്ത്യ ആഹ്ളാദം കണ്ടെത്തുന്നത് രാജ്യത്തിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്.

(കടപ്പാട്: ശ്രീ. വി.ബി.പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം - മന്‍‌മോഹന്റെ ആണവ ബസ്സ്

ശ്രീ. പ്രബീര്‍ പുര്‍കായസ്തയുടെ ലേഖനം - “Discovering Nuclear Energy For Justifying A Bad Deal“- പീപ്പിള്‍സ് ഡെമോക്രസി, സെപ്തംബര്‍ 2 ലക്കം)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തെമ്പാടും ആണവ നവോത്ഥാനം നടക്കുമ്പോള്‍ ആ ബസില്‍ കയറാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍, ഇന്ന് ആവേശത്തോടെ ആണവ ബസിനെക്കുറിച്ചു പറയുന്ന മന്‍മോഹന്‍സിങ് അത് ഇത്രയും കാലം നമുക്ക് നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്ന കാര്യം മറക്കാറായിട്ടില്ല. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ആണവ ഊര്‍ജ ആവശ്യകതയെപ്പറ്റിയുള്ള വാചകങ്ങളിലേയും പ്രവൃത്തിയിലേയും വൈരുദ്ധ്യങ്ങളും അസത്യങ്ങളും ശ്രീ പ്രബിര്‍ പുര്‍കായസ്തയുടെ ലേഖനം വിശദമായി ചര്‍ച്ച ചെയ്യുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

N.J Joju said...

അഭിപ്രായം പിന്നീട് പറയാം.

ഏതായാലും പഠിച്ച് വിശദമായി ഒരു പോസ്റ്റിട്ടതിന് നന്ദി.