Monday, September 17, 2007

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും

സ്വയംസഹായസംഘങ്ങള്‍ അല്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങള്‍ കേരളീയ സമൂഹത്തില്‍
വേരുപിടിച്ചുകഴിഞ്ഞു. നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായാണ് ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ വന്‍തോതില്‍ ആരംഭിച്ചത്. നേരത്തെ ചില ജില്ലകളില്‍ നടപ്പിലാക്കിവന്നിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളും, ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായികൊണ്ടുവന്ന വനിതാഘടക പദ്ധതിയും, കൂടുതല്‍ നന്നായി നടത്തുവാനാണ് കേരളസര്‍ക്കാര്‍ “കുടുംബശ്രീ'' എന്ന പേരില്‍ ഒരു പ്രത്യേക "മിഷന്‍'' സംവിധാനമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം കൊടുത്തത്.

ഉദ്ദേശലക്ഷ്യങ്ങള്‍

പ്രാദേശികാസൂത്രണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

അയല്‍ക്കൂട്ടങ്ങളും ബാങ്കു വായ്പയും

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എല്ലാംതന്നെ ഏതെങ്കിലും വാണിജ്യ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. അവ ബാങ്കുകളില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. ബാങ്കുകള്‍ ഈ അയല്‍ക്കൂട്ടങ്ങള്‍ക്ക് പൊതുവായും അംഗങ്ങള്‍ക്ക് വ്യക്തിഗതമായിട്ടും വായ്പകള്‍ നല്‍കിവരുന്നു. 7% മുതല്‍ 12% വരെയാണ് ഈ വായ്പയ്ക്ക് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. വട്ടിപ്പലിശക്കാരില്‍ നിന്നും ഉയര്‍ന്ന പലിശക്ക് കടംവാങ്ങിയിരുന്ന ഗ്രാമീണര്‍ക്ക് ഈ സംവിധാനം ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്.

കൃത്യമായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരുന്നതുകാരണം ഈ വായ്പകളില്‍ തിരിച്ചടവും കൃത്യമാണ്. അതിനാല്‍ ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ താല്പര്യം കാണിക്കുന്നു. 10 മുതല്‍ 20 പേര്‍ വരെ ഒരു അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാണ് എന്നതിനാല്‍ വായ്പയുടെ വലിപ്പം ചെറുതല്ല എന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ മുന്‍ഗണനാവായ്പയുടെയും, കാര്‍ഷിക വായ്പയുടെയും പരിധിയില്‍ വരുമെന്നതിനാല്‍ നവസ്വകാര്യബാങ്കുകള്‍ (New Generation Banks) പോലും കോടിക്കണക്കിനു രൂപ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പനല്‍കാന്‍ തയ്യാറാകുന്നു.

പലിശനിരക്ക് - ഒരു താരതമ്യം

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ നിരക്കിനോടൊപ്പം അവരുടെ നിര്‍വഹണ ചാര്‍ജു കൂടി അംഗങ്ങളില്‍ നിന്നും ഈടാക്കുന്നു. അതായത് പലിശനിരക്ക് മിക്കവാറും 12% മുതല്‍ 15% വരെ ആയിരിക്കും. സംഘാംഗങ്ങള്‍ തന്നെയാണ് അത് എത്രയായിരിക്കണം എന്നു തീരുമാനിക്കുന്നത്.

മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന വായ്പക്ക് പലിശ ഇതിനേക്കാള്‍ കൂടുതലാണ്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ, ശാലോം ട്രസ്റ്റ്, ഈസാഫ് തുടങ്ങിയ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവരെക്കുറിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാകമ്മിററി നടത്തിയിട്ടുള്ള പഠനത്തില്‍ വലിയ ചൂഷണമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. 21% മുതല്‍ 48% വരെയാണ് ഈ സ്ഥാപനങ്ങള്‍ പലിശ ഈടാക്കുന്നത്.

ഇവയില്‍ തന്നെ കുറഞ്ഞപലിശ ഈടാക്കുന്ന ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പ എടുത്ത ആളിന്റെയും കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത ഒരാളിന്റെയും പലിശ തമ്മില്‍ താരതമ്യം ചെയ്തു നോക്കുമ്പോഴാണ് ഇതിലെ കൊള്ള വ്യക്തമാകുന്നത്.

ഒരു ഇടപാടുകാരി ഒരു മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടത്തില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിട്ടുള്ളത് 275 രൂപാവീതം 50 ആഴ്ചകളായി തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേലാണ്. ആ ഇടപാടുകാരി ആകെ അടയ്ക്കേണ്ടിവരുന്ന തുക 13,750 രൂപ. മറെറാരു സ്ത്രീ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഇതേ തുക ഇതേ കാലയളവിലേക്ക് വായ്പയെടുത്തപ്പോള്‍ തിരിച്ചടയ്ക്കേണ്ടിവന്ന തുക 220 രൂപാ വീതമാണ്. അവര്‍ ആകെ അടയ്ക്കേണ്ടിവന്നത് 11,000 രൂപ. 50 ആഴ്ചകൊണ്ട് മൈക്രോ ഫൈനാന്‍സ് സ്ഥാപനം അധികമായി ഈടാക്കിയ പലിശ 2,750 രൂപ വരും. 10,000 രൂപയ്ക്ക് ഒരുകൊല്ലം കൊണ്ട് 3,750 രൂപ പലിശ കിട്ടുകയെന്നാല്‍ നല്ല ലാഭമുള്ള ഏര്‍പ്പാടല്ലേ!

ഈ ലാഭമാവണം വിദേശ ബാങ്കുകളെയും നവസ്വകാര്യബാങ്കുകളെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയിലെ ആത്മഹത്യചെയ്ത കര്‍ഷകരെ സംബന്ധിച്ച് നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പുത്തന്‍ തലമുറ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ 60% വരെ പലിശ ഈടാക്കിയിരുന്നു എന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്.

ദാരിദ്ര്യനിര്‍മ്മാര്‍ജനമോ ദാരിദ്ര്യവല്‍ക്കരണമോ?

അയല്‍ക്കൂട്ടങ്ങള്‍ പ്രധാനമായും consumption വായ്പകളാണ് നല്‍കുന്നത്. ഇതുമിക്കവാറും കണ്‍സ്യൂമര്‍ വസ്തുക്കള്‍ വാങ്ങുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ചില ബഹുരാഷ്ട്ര കുത്തകകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍വഴി വിതരണം തുടങ്ങിയിട്ടുണ്ട് എന്ന കാര്യം നാം ഓര്‍ക്കണം. ഇത്തരത്തില്‍ വായ്പയായി നല്‍കുന്ന പണമാകെ ബഹുരാഷ്ട്ര കുത്തകകളുടെ കീശയിലേക്കാണ് ഒഴുകുന്നത്. മാത്രവുമല്ല, വരവിനേക്കാള്‍ അധികം ചിലവഴിക്കാനുള്ള ഒരു സ്വഭാവവും ഇവ വളര്‍ത്തുന്നു.

മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളവര്‍ക്ക് വാണിജ്യബാങ്കുകള്‍ വായ്പ നല്‍കാറില്ല. അതുകൊണ്ട് ഇവര്‍ക്ക് ഈ സ്ഥാപനങ്ങളെ തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു. ഗുണ്ടകളെ വച്ച് പണപ്പിരിവുനടത്തുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ പലപ്പോഴും ഇവ ദാരിദ്ര്യ നിര്‍മ്മാര്‍ജനമല്ല ദാരിദ്ര്യവല്‍ക്കരണമാണ് നടത്തുന്നത്.

വാണിജ്യബാങ്കുകള്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടുന്നതും ബാങ്കുജോലികള്‍ ഔട്ട്സോഴ്സ് ചെയ്തു മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതും നാം ഇതിനോട് ചേര്‍ത്തുവെച്ചുകാണേണ്ട കാര്യങ്ങളാണ്. ബാങ്കുകളില്‍ നിന്ന് 7% മുതല്‍ 12% വരെ പലിശയ്ക്ക് വായ്പ ലഭ്യമായിരുന്നതിനു പകരംവയ്ക്കപ്പെടുന്നത് കൊള്ളപ്പലിശ ഈടാക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളെയാണ്.

മൈക്രോ ഫൈനാന്‍സ് ബില്‍ - മാറ്റങ്ങള്‍ അനിവാര്യം

പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സ്റ്റാന്‍ഡിംഗ് കമ്മിററിക്ക് വിട്ടിട്ടുള്ള മൈക്രോ ഫൈനാന്‍സ് ബില്‍ മാററങ്ങള്‍ കൂടാതെ പാസ്സാക്കപ്പെട്ടാല്‍, വലിയ താമസമില്ലാതെ ബാങ്കുകള്‍ നേരിട്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വായ്പകള്‍(പരിമിതമായ Bank-SHG linkage) പോലും ഇല്ലാതാകുകയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ ഇവയുടെ ഇടനിലക്കാരായി വരുകയും ചെയ്യും. കേരളത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ രൂപീകരിക്കുകയോ, നിലവിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും.

ബാങ്കുകള്‍ ചെറുകിട വായ്പകള്‍ കുറയ്ക്കുകയും മുന്‍ഗണനാ വായ്പകള്‍ നിര്‍ത്തുകയും ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ബില്ല് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്‍ത്തന്നെ ബില്ലിലെ പല വ്യവസ്ഥകളും മാററപ്പെടേണ്ടതായിട്ടുണ്ട്.

(ലേഖകന്‍: സജി വര്‍ഗീസ്)

മൈക്രോഫിനാന്‍സ് പരമ്പരയിലെ മറ്റു ലേഖനങ്ങള്‍

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍ - പ്രൊ.പ്രഭാത് പട്നായിക്

മൈക്രോക്രെഡിറ്റ് ഒരു കെണിയോ? - ജോസ് റ്റി എബ്രഹാം

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ - ശ്രീ. തോമസ് ഫ്രാങ്കോ

8 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രാദേശികാസൂത്രണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

മൈക്രൊഫൈനാന്‍സ് പരമ്പരയിലെ മൂന്നാമത്തെ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

Ralminov റാല്‍മിനോവ് said...

പലിശയൊന്നുമില്ലാതെ പാലക്കാട്ടും മറ്റും കാലങ്ങളായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ലേഖകന്‍ കണ്ടിട്ടില്ലെന്നു് തോന്നുന്നു. അങ്ങനെയുള്ള ധാരാളം കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതാണു് ഈ പ്രശ്നത്തിനുള്ള ശരിയായ പ്രതിരോധം.
പലിശ വാങ്ങാത്ത മുസ്ലിങ്ങളുടെ ബാങ്ക് പലിശയും മറ്റും പലിശക്കെണിയില്‍ പെട്ടു് കിടക്കുന്നവരെ സഹായിക്കാനും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ അതു് കൂടുതല്‍ ഗുണകരമാകും.[ഫാരിസ് പലിശപ്പണം സ്പോര്‍ട്ട്സിനാണു് ചെലവാക്കുന്നതു് എന്നു് കേട്ടപ്പോള്‍ തോന്നിയതു്]

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍മിനോവ്,

പോസ്റ്റില്‍ പരാമര്‍ശിച്ച പഠനം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളും നല്‍കുന്ന വായ്പക്ക് ഈടക്കുന്ന പലിശ തമ്മിലുള്ള താരതമ്യമായിരുന്നു.
പലിശയൊന്നുമില്ലാതെ പാലക്കാട്ടും മറ്റും കാലങ്ങളായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ലേഖകന്‍ കണ്ടിട്ടില്ലെന്നു് തോന്നുന്നു എന്നു പറയുമ്പോഴും അങ്ങനെയുള്ള ധാരാളം കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതാണു് ഈ പ്രശ്നത്തിനുള്ള ശരിയായ പ്രതിരോധം എന്നു പറയുമ്പോഴും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് ഈടാക്കുന്നത് എന്ന വസ്തുത താങ്കള്‍ ഭംഗ്യന്തരേണ അംഗീകരിക്കുന്നു എന്നു കരുതട്ടെ? എന്തു കൊണ്ട് അങ്ങനെ ഈടാക്കേണ്ടി വരുന്നു എന്നത് ഈ സീരീസിലെ പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ വേണ്ടാത്തവര്‍ കൂട്ടായ്മകളുണ്ടാക്കി സാമാന്യജനത്തിന് ഉപകാരപ്രദമായി , അവരുടെ കയ്യിലുള്ള പണം സൃഷ്ടിപരമായി ഉപയോഗിക്കുന്നത് തികച്ചും സ്വാഗതാര്‍ഹം. അതോടൊപ്പം, ഒരു പുരുഷായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ചതിനുശേഷം വിരമിക്കുമ്പോള്‍ കിട്ടുന്ന പി എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയവ വല്ല പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നിക്ഷേപിച്ച് കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നത് തെറ്റാണോ? പലിശ വാങ്ങുന്നത് ആശാസ്യമോ എന്നത് വേറൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല..

Anonymous said...

very good

Ralminov റാല്‍മിനോവ് said...

പലിശ വാങ്ങാത്തതിലെ ആശാസ്യതയെപ്പറ്റിയല്ല എന്റെ പരാമര്‍ശവും. വിശ്വാസപരമായ കാരണങ്ങളാല്‍ പലിശ വാങ്ങാത്ത മുസ്ലിങ്ങളുടെ നിക്ഷേപങ്ങളിലുള്ള പലിശയുടെ യുക്തിസഹവും നീതിപൂര്‍ണ്ണവുമായ ഉപയോഗത്തെക്കുറിച്ചാണു്.
അതു് വേറെ പോസ്റ്റിട്ടാലും കൊള്ളാം, താങ്കള്‍ക്കു് കാര്യം മനസ്സിലായെന്നു് തോന്നുന്നു.

സര്‍ക്കാരിനെ മൈക്രോക്രെഡിറ്റ് രംഗത്തേക്കു് കൂടി വലിച്ചിഴക്കരുതേ. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന സ്ഥിതിയിലാണതിപ്പോള്‍.

അവനവനു് ചെയ്യാന്‍ പറ്റുന്നതു് അവനവന്‍ തന്നെ ചെയ്യണം എന്നതാണു് എന്റെ പഞ്ച് ലൈന്‍.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍മിനോവ്,

1. പലിശ വാങ്ങുന്നത് ആശാസ്യമോ എന്നത് വേറൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല..എന്നു പറഞ്ഞതിനെ പലിശ വാങ്ങാത്തതിലെ
ആശാസ്യതയെപ്പറ്റിയല്ല എന്റെ പരാമര്‍ശം എന്ന് പറയുന്നതിലെ ലോജിക്ക് വളരെ സ്പഷ്ടമാണ് .

അത് പൂര്‍ണമായും മനസ്സിലായതു കൊണ്ടു തന്നെയാണ് “തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ വേണ്ടാത്തവര്‍ കൂട്ടായ്മകളുണ്ടാക്കി സാമാന്യജനത്തിന് ഉപകാരപ്രദമായി , അവരുടെ കയ്യിലുള്ള പണം സൃഷ്ടിപരമായി ഉപയോഗിക്കുന്നത് തികച്ചും സ്വാഗതാര്‍ഹം" എന്നു പറഞ്ഞത്.

2. അവനവനു് ചെയ്യാന്‍ പറ്റുന്നതു് അവനവന്‍ തന്നെ ചെയ്യണം..

ആരു പറഞ്ഞു വേണ്ടെന്ന്? സ്വയം ചെയ്യാന്‍ കഴിയാന്‍ പറ്റാത്തപ്പോള്‍ സ്വയം സഹായ “സംഘങ്ങള്‍ " ഉണ്ടാവുന്നു.അയല്‍ക്കൂട്ടങ്ങളും ഗ്രാമസഭകളും അതിനെത്തുടര്‍ന്ന് ബ്ലോക്ക്
തലത്തിലും ജില്ലാതലത്തിലും മറ്റും ആവശ്യമെന്തെന്നു കണ്ടറിഞ്ഞ് വേണ്ട തീരുമാനങ്ങള്‍ എടുക്കുന്നു. ഇതെല്ലാം സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയല്ലേ? സര്‍ക്കാര്‍ എന്നതിനെ ജനങ്ങളുടെ ഇച്ഛയെ ചാനലൈസ് ചെയ്യാനുള്ള ഉപകരണമായി മാറ്റുന്നതില്‍ എന്താണ് തെറ്റ്?

Anonymous said...

കുടുംബശ്രീ നല്ല ഉദ്യമമം തന്നെയാണ്. പക്ഷേ ചില ആളുകളുടെ തനിനിറം ഇതിന്‍റെ ഭാരവാഹികളാകുമ്പോഴാണ് മനസ്സിലാകുന്നത്. നാട്ടുകാരായ സ്ത്രീകള്‍ തമ്മിലുളള കുശുമ്പ് കൂട്ടാനും ഇത് സഹായിച്ചിട്ടുണ്ട്.

Anonymous said...

ഏത് കാര്യത്തിനും പല അഭിപ്രായമുണ്ടാകും എന്നതുപോലെയാണ് ജനകീയാസൂത്രണവും.ആര്‍ക്കും എന്തുമാകാം എന്നതല്ല ജനാധിപത്യത്തിന്റെ കാതല്‍.എല്ലാവര്‍ക്കും എല്ലാം എന്നതാണ്.