അമേരിക്കയുമായുള്ള ആണവ സഹകരണം ഇന്ത്യയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി വച്ചിരിക്കയാണ്. എന്നാല്‍, ഈ പ്രതിസന്ധി മൂര്‍ഛിക്കുന്നതിനുമുമ്പുതന്നെ കരാര്‍ യാഥാര്‍ഥ്യമാക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് അമേരിക്ക. കരാറില്‍ എപ്പോള്‍ ഒപ്പിടണമെന്നും അതിനുമുമ്പുള്ള നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കയാണ്.
ബുഷ് തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സാരം.
ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയസമിതിക്ക് രൂപംനല്‍കിയശേഷമാണ് അമേരിക്കന്‍സമ്മര്‍ദം ഏറിയത്. പ്രത്യേകിച്ചും വിയന്നയില്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം തുടങ്ങിയതോടെയാണ് ഈ സമ്മര്‍ദം വളര്‍ന്നത്. അമേരിക്കന്‍ കലണ്ടര്‍ അനുസരിച്ച് ഈ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍തന്നെ ഇന്ത്യ പ്രത്യേക സുരക്ഷാസംവിധാന കരാറിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കേണ്ടതായിരുന്നു. എന്നാല്‍, മേല്‍പ്പറഞ്ഞ രാഷ്ട്രീയസമിതി രൂപംകൊണ്ടതുകൊണ്ട് സുരക്ഷാസംവിധാന കരാറിനായുള്ള ചര്‍ച്ചയിലേര്‍പ്പെടാന്‍ ഇന്ത്യന്‍ പ്രതിനിധിയായ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതേ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാമുവല്‍ ബോര്‍ഡ്‌മാനാണ് ഐഎഇഎയുമായി ഇന്ത്യ ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നാവശ്യപ്പെട്ടത്. കരാര്‍ യാഥാര്‍ഥ്യമാകാന്‍ ഇത് പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് കരാര്‍ പൂര്‍ത്തിയാക്കാനുള്ള അവസാന നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. (ഇതേ അംബാസഡറാണ് നേരത്തെ ഇറാനുമായുള്ള വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.)
ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ-അമേരിക്ക സാമ്പത്തിക ഉച്ചകോടിയിലാണ് മുള്‍ഫോര്‍ഡ് വീണ്ടും ഉപദേശകവേഷം കെട്ടിയത്. കരാറിനെ ഒറ്റതിരിച്ച് കാണാനാവില്ലെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാണെന്ന് മുള്‍ഫോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രസംഗം വ്യക്തമാക്കി. 123 ല്‍നിന്ന് 456 ആറിലേക്ക് മാറണമെന്നും സമഗ്രമായൊരു ബന്ധം ഇന്ത്യയുമായി സ്ഥാപിക്കണമെന്നുമാണ് മുള്‍ഫോര്‍ഡ് പറഞ്ഞത്. സമഗ്രമായ ബന്ധമെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും മുള്‍ഫോര്‍ഡ് വിശദീകരിച്ചു. ആണവസഹകരണമാണ് പ്രധാനമെങ്കിലും പ്രതിരോധം, ബഹിരാകാശം, ഭീകരവാദത്തെ എതിര്‍ക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ മാറ്റം എന്നിവയിലെല്ലാം ഇന്ത്യയുമായി അടുത്ത ബന്ധമാണ് അദ്ദേഹം വിഭാവനം ചെയ്തത്. മൊത്തത്തിലുള്ള ഈ ബന്ധത്തിന്റെ ഭാഗം മാത്രമാണ് ആണവസഹകരണമെന്ന് മുള്‍ഫോര്‍ഡ് തന്നെ വ്യക്തമാക്കി.
സാമ്പത്തികമേഖലയില്‍ വര്‍ധിച്ച സഹകരണത്തെക്കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. സാമ്പത്തിക ഉദാരവല്‍ക്കരണനയം ശക്തമായി തുടരണമെന്ന് പറഞ്ഞ അദ്ദേഹം വ്യാപാരം, ബാങ്കിങ്, ധനകമ്പോളം എന്നീ മേഖലകളിലെല്ലാം നയമാറ്റം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ ഒരു കരടുരൂപംതന്നെയാണ് മുള്‍ഫോര്‍ഡ് മുന്നോട്ടുവച്ചത്. വെള്ളത്തിന്റെ ഉപയോഗംപോലും വാണിജ്യവല്‍ക്കരിക്കണമെന്നും വെള്ളത്തിന് സര്‍വീസ്‌ചാര്‍ജ് ഈടാക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.
മുള്‍ഫോര്‍ഡിന്റെ പ്രസ്താവനയോടൊപ്പംതന്നെയാണ് അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റിച്ചാര്‍ഡ് ബൌച്ചറുടെ പ്രസ്താവനയും വന്നത്. എത്രയുംപെട്ടെന്ന് കരാറിലെത്തേണ്ടതിന്റെ ആവശ്യകതയിലാണ് അദ്ദേഹവും ഊന്നിയത്.
"എത്രയും പെട്ടെന്ന് കരാറിലെത്തുന്നുവോ അത്രയും പെട്ടെന്ന് ബള്‍ബുകള്‍ കത്താന്‍ തുടങ്ങും. അതുവഴി കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യാനും കഴിയും''-ബൌച്ചര്‍ പറഞ്ഞു.
ആണവകരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ കരാറില്ലെങ്കില്‍ അന്ധകാരമെന്ന സമവാക്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇതോടൊപ്പം ഹൈഡ് ആക്ട് അന്തിമകരാറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതുപക്ഷത്തിനുള്ള സംശയം ശരിയാണെന്ന് ബൌച്ചര്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു. അമേരിക്ക അന്തിമകരാറിനെ അതേപടി അംഗീകരിക്കുന്നത് ഹൈഡ് ആക്ടിലെ ഇന്ത്യാവിരുദ്ധമായ കാര്യങ്ങളെല്ലാം അന്തിമകരാറിലുമുണ്ട് എന്നതുകൊണ്ടാണെന്ന യാഥാര്‍ഥ്യമാണ് ബൌച്ചര്‍ വെളിപ്പെടുത്തിയത്. "ഹൈഡ് ആക്ടിന് അനുയോജ്യമായ നിയമമാണ് 123'' എന്ന് ബൌച്ചര്‍ വാഷിങ്ടണില്‍ പറഞ്ഞു.
ഇവിടെയാണ് ഇടതുപക്ഷത്തിന്റെ വാദഗതികള്‍ക്ക് ബലംവയ്ക്കുന്നത്. തുടര്‍ച്ചയായി ഇന്ധനവിതരണം ഇന്ത്യക്ക് തടയണമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്. 123 യിലും ഇത് ഇന്ധനവിതരണം ഉറപ്പാക്കുന്നില്ല. സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കരുതെന്ന് ഹൈഡ് ആക്ട് പറയുന്നു. അന്തിമകരാറിലും അതാവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ വിദേശനയം അമേരിക്കയ്ക്ക് അനുരൂപമായിരിക്കണമെന്ന് ഹൈഡ് ആക്ട് നിഷ്കര്‍ഷിക്കുന്നു. ബൌച്ചര്‍ പറയുന്നു ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം വ്യക്തമാക്കണമെന്ന്. നേരത്തെതന്നെ രണ്ടുതവണ ഐഎഇഎയില്‍ ഇറാനെതിരെ വോട്ടുചെയ്ത ഇന്ത്യയോടാണ് വീണ്ടും ആ രാജ്യവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ബൌച്ചര്‍ പറയുന്നത്. അതായത്, ഇറാനുമായുള്ള എല്ലാ ബന്ധവും വിഛേദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. സമാധാനത്തിന്റെ വാതകക്കുഴല്‍പദ്ധതി എന്ന് നേരത്തെ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ച ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാകില്ലെന്ന്. പ്രധാനമന്ത്രി ഊര്‍ജസുരക്ഷ നടപ്പാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം.
ഐഎഇഎ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ എന്‍എസ്‌ജി സമ്മേളനം വിളിച്ചുചേര്‍ത്ത് മാര്‍ഗരേഖയില്‍ മാറ്റം വരുത്താന്‍ അമേരിക്ക ആവശ്യപ്പെട്ടത് കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ അമേരിക്കയ്ക്കുള്ള തിടുക്കം ഒന്നുകൂടി വ്യക്തമാക്കി. ഡിസംബറിനകം തുടര്‍നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ആണവോര്‍ജ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് സ്റ്റാഫോര്‍ഡ് ആവശ്യപ്പെട്ടത്. അടുത്തവര്‍ഷത്തോടെ അമേരിക്ക മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാകും. അതിനാല്‍ അതിനുമുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് അമേരിക്ക ചോദിക്കുന്നത്.
അമേരിക്കയുടെ ഈ കടുത്ത സമ്മര്‍ദതന്ത്രത്തില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്കാണ് ഈ കരാര്‍ കൊണ്ട് ആവശ്യമെന്നാണ്. ആഗോളതാപം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണവോര്‍ജത്തിന് ആവശ്യം വര്‍ധിക്കുമെന്നാണ് അമേരിക്കന്‍ ബിസിനസ് ലോബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനാവശ്യമായ ആണവവിദഗ്ദര്‍ അവര്‍ക്കില്ല. അതിന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്. മാത്രമല്ല, ഇന്ത്യ ഒന്നാം ഘട്ടം പിന്നിട്ട് രണ്ടാം ഘട്ടമായ ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരിക്കയാണ്. തോറിയം ഉപയോഗിച്ചുള്ള മൂന്നാം ഘട്ടം ഇന്ത്യ നേടുന്ന പക്ഷം അമേരിക്കയ്ക്ക് അത് തിരിച്ചടിയാകും. ഇത് തടയേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അതിന് ഇന്ത്യന്‍ ആണവമേഖലയിലേക്ക് കടന്നുകയറാന്‍ അവര്‍ക്കൊരു പാത വെട്ടിത്തുറക്കണം.
അതാണ് ആണവസഹകരണ കരാര്‍.
(കടപ്പാട് : ശ്രീ. വി.ബി.പരമേശ്വരന്‍, ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പ്)
1 comment:
അമേരിക്കയുമായുള്ള ആണവ സഹകരണം ഇന്ത്യയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി വച്ചിരിക്കയാണ്. എന്നാല്‍, ഈ പ്രതിസന്ധി മൂര്‍ഛിക്കുന്നതിനുമുമ്പുതന്നെ കരാര്‍ യാഥാര്‍ഥ്യമാക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് അമേരിക്ക. കരാറില്‍ എപ്പോള്‍ ഒപ്പിടണമെന്നും അതിനുമുമ്പുള്ള നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കയാണ്.
ആണവ കരാറിന്റെ പശ്ചാത്തലത്തില്‍ ഒരു കുറിപ്പ്.
Post a Comment