Tuesday, September 11, 2007

ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കാന്‍.....

വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന വസ്തുക്കളിലെ വിഷാംശത്തെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണെങ്കിലും അത് കഥയുടെ പകുതി ഭാഗം മാത്രമേ ആകുന്നുള്ളൂ.

സ്വീഡനിലെ ഗോട്ടെബെര്‍ഗ് യൂണിവേര്‍സിറ്റി (Göteborg University) ഹൈദരബാദില്‍ നടത്തിയ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. അവിടെ ചില മരുന്നു കമ്പനികളില്‍ നിന്ന് പുറത്തു വിടുന്ന മലിന ജലത്തില്‍ അനുവദനീയമായതിന്റെ 100 മുതല്‍ 30,000 ഇരട്ടി വരെ ആന്റി ബയോട്ടിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ അംശം അടങ്ങിയിരിക്കുന്നുവത്രേ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍. ഇതിന്റെ ഏറ്റവും ഗുരുതരമായ കുഴപ്പം ആ ജലത്തില്‍ വളരുന്ന ബാക്ടീരിയകള്‍ മരുന്നുകളെ അതിജീവിക്കുവാനുള്ള ശേഷി നേടിയേക്കാം എന്നതാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ലോകത്തിനാകമാനം ഭീഷണിയാകും.

സ്വീഡിഷ് വിദഗ്ദര്‍ പറയുന്നത് ഒറ്റ ദിവസം ഈ പ്ലാന്റില്‍ നിന്ന് പുറത്തുവിടുന്ന ജലത്തില്‍ നിന്നും മരുന്നിന്റെ അംശം വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ അതിനു സ്വീഡനില്‍ രണ്ട് ലക്ഷം ഡോളര്‍ ലഭ്യമാവും എന്നാണ്. എങ്കിലും ഉല്പാദനച്ചിലവ് വളരെ വളരെ കുറവായതുകൊണ്ട് ആ മരുന്നുകള്‍ ഒഴുക്കിക്കളയുകയാണ് കമ്പനികള്‍. ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഇതാണവര്‍ക്ക് ലാഭം.

ജനകോടികള്‍ മരുന്നു വാങ്ങാന്‍ പണമില്ലാതെ വലയുന്ന രാജ്യത്താണിതെന്ന് ഓര്‍ക്കുക.

ഇതിനു മുന്‍പ് നടന്ന പഠനങ്ങളെല്ലാംതന്നെ മുനിസിപ്പല്‍ സീവേജ് പ്ലാന്റുകളില്‍ നിന്നും പുറത്തുവിടുന്ന ജലത്തിലെ മരുന്നിന്റെ അംശം കണക്കാക്കുന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍ പുതിയ പഠനത്തില്‍ വെളിവായത് ചില ഫാക്ടറികള്‍ പുറത്തുവിടുന്ന മലിനജലത്തില്‍ എത്രയോ മടങ്ങ് അധികം മരുന്നിന്റെ അംശം ഉണ്ടെന്നാണ്. ലോകത്തിലെ മറ്റിടങ്ങളില്‍ എന്താണവസ്ഥയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ പഠനസംഘത്തലവന്‍ ജോക്കിം ലാര്‍സന്‍ (Joakim Larsson) അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന മരുന്നുകള്‍ മായം ചേര്‍ത്തതോ, ഗുണനിലവാരം കുറഞ്ഞതോ ആകാനുള്ള സാദ്ധ്യതയെപ്പറ്റി 2007 ജൂണ്‍ 17ന് വാഷിങ്ങ്‌ടണ്‍ പോസ്റ്റ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. Food and Drug Administration അപൂര്‍വമായി മാത്രമേ ഈ മരുന്നുകള്‍ പരിശോധിക്കുന്നുള്ളൂവെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ ഇന്ത്യയിലേയും ചൈനയിലേയും മരുന്നു കമ്പനികളും, മരുന്ന് കമ്പനികളുടെ സംഘടനകളും നിഷേധിച്ചിരുന്നു. അമേരിക്കയിലെ വാണിജ്യ ഗ്രൂപ്പില്‍ നിന്നും ഗുണനിലവാരമില്ലായ്മയെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് അവരുടെ അംഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിനായിട്ടാണെന്നും തങ്ങള്‍ എല്ലാ ഗുണനിലവാരച്ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 2006ല്‍ 800 ദശലക്ഷം ഡോളര്‍ വില വരുന്ന മരുന്നുകളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. ഇന്ന് ഇന്ത്യയും ചൈനയും ചേര്‍ന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് അവിടുത്തെ വില്പനയുടെ 20 മുതല്‍ 40 ശതമാനം വരെ ആണെങ്കില്‍ 2022ല്‍ അത് 80 ശതമാനം ആകുമത്രെ.

വികസിത രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ വേണ്ട വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ ഓരോ അവികസിത രാജ്യവും കനത്ത വില നല്‍കുന്നുണ്ട്. ഇന്ത്യയായാലും, ബംഗ്ലാദേശായാ‍ലും, വിയറ്റ്നാമോ, കമ്പോഡിയയോ ചൈനയോ മറ്റേത് രാജ്യമോ ആയായാലും അത് മരുന്നോ, കളിപ്പാട്ടമോ, തുണിത്തരങ്ങളോ, ടയറോ, ടൂത്ത്പേസ്റ്റോ മറ്റെന്ത് വസ്തുക്കളായാലും അതിന്റേതായ വില നല്‍കുന്നുണ്ട്.

പട്ടാന്‍‌ചെരു ഒരു സൂചനയാണ്.

ഹൈദരാബാദിനടുത്ത് കാസിപ്പള്ളിക്കടുത്താണ് ഈ പ്രദേശം. ചെറുതും വലുതുമായ 14 തടാകങ്ങള്‍ ‍(ചെരു എന്ന് തെലുങ്കില്‍) ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു. സുലഭമായ ജലലഭ്യത ഈ പ്രദേശത്തെ വ്യവസായ വികസനത്തിന്റെ മാപ്പില്‍ കൊണ്ടു വന്നു. 1970ല്‍ ഇവിടെ സ്ഥാപിക്കപ്പെട്ട ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കീടനാശിനി, ഉരുക്ക്, രാസവസ്തു നിര്‍മ്മാണ ശാലകള്‍ ഒന്നൊന്നായി സ്ഥാപിക്കപ്പെട്ടു.. ഇന്ത്യയിലെ മൊത്തം മരുന്നിന്റെ 35 മുതല്‍ 40 ശതമാനം വരെ പട്ടാന്‍‌ചെരു മുതല്‍ ഹൈദരാബാദ് വരെ നീളുന്ന 20 കി.മി ബെല്‍ട്ടിലാണ് നിര്‍മ്മിക്കുന്നത്. മരുന്നു കമ്പനികളില്‍ നിന്നും രാസവസ്തുനിര്‍മ്മാണശാലകളില്‍ നിന്നും മറ്റു ഫാക്ടറികളില്‍ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങളും അവര്‍ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങളുമെല്ലാം ചേര്‍ന്ന് ഈ പ്രദേശത്തിന്റെ പരിസ്ഥിതിയെ താറുമാറാക്കിയിരിക്കുന്നു. 2004ല്‍ ഗ്രീന്‍പീസ് 9 ഗ്രാമങ്ങളിലെ 10874 പേരെ പരിശോധിച്ച് നടത്തിയ ഒരു പഠനത്തില്‍ ഈ പ്രദേശത്തെ കാന്‍സര്‍ നിരക്ക് മറ്റു പ്രദേശങ്ങളിലേതിനേക്കാള്‍ 11 മടങ്ങ് അധികമായിരുന്നു. ഹൃദ്രോഗനിരക്ക് 16 ശതമാനവും, ജനന വൈകല്യങ്ങള്‍ 4 ശതമാനവും ഇവിടെ അധികമായിരുന്നു. 30 വര്‍ഷമായി ഈ പ്രദേശത്ത് പ്രാക്ടീസ് ചെയ്യുകയും മലിനീകരണത്തിനെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്ന ഡോ.അലാനി കിഷന്‍ റാവു ഇത് ശരിവെക്കുന്നു.

കോര്‍പ്പറേറ്റ് ലാഭക്കൊതിയുടെ ഒന്നാംതരം ഒരുദാഹരണമാണ് മരുന്നുകളുടെ ഉല്പാദനവും വിതരണവും. അവികസിത രാജ്യങ്ങളില്‍ യാതൊരു വിധത്തിലുള്ള തൊഴില്‍ നിയമങ്ങളോ പാരിസ്ഥിതിക,ആരോഗ്യ പരിഗണനകളോ ഇല്ലാതെയാണ് ഉല്പാദനമെങ്കില്‍, വേണ്ടത്ര ഗുണപരിശോധനയില്ലാത്ത വില്പനയാണ് വികസിതരാജ്യങ്ങളില്‍. കഴിഞ്ഞ ദശകത്തില്‍ നടന്ന എഫ്.ഡി.എ (Food and Drug Administration ) യുടെ 92 ശതമാനം ഉപദേശക സമിതി യോഗങ്ങളിലും മരുന്നുകമ്പനികളുമായി സാമ്പത്തിക ബന്ധമുള്ള ഒരംഗമെങ്കിലും ഉണ്ടായിരുന്നുവെന്ന് ഈ രംഗം വീക്ഷിക്കുന്നവര്‍ പറയുന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ മരുന്നുകമ്പനികളുടെ ലാഭത്തില്‍ കുറവു വരാന്‍ ആരെങ്കിലും സമ്മതിക്കുമോ? മരുന്നുകള്‍ മാരകമായാലെന്ത് അല്ലെങ്കിലെന്ത്?

ഒന്നു മാത്രം ഉറപ്പിച്ച് പറയാം.ഏത് നാട്ടിലേയും സാധാരണക്കാരനാണ് ആത്യന്തികമായി നഷ്ടം സംഭവിക്കുക.

ഹൈദരാബാദിലെ അവസ്ഥയെക്കുറിച്ച് ഡോ. അലാനി കിഷന്‍ റാവു പറഞ്ഞത് ശ്രദ്ധേയം.....

“നമ്മള്‍ മറ്റൊരു വിഷദുരന്തത്തിന്റെ നിഴലിലാണിപ്പോള്‍. മറ്റൊരു ഭോപ്പാല്‍...പക്ഷെ ഇത്തവണ അത് സ്ലോമോഷനിലാണെന്നു മാത്രം.”

അദ്ദേഹത്തിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകാതിരിക്കട്ടെ.

ഇക്കാര്യത്തില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുകയും, വികസനത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യവും തുല്യ പ്രാധാന്യമുള്ളതാണെന്നു മനസ്സിലാക്കി വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും അവ കര്‍ശനമായി നടപ്പിലാക്കപ്പെടുകയും ചെയ്യുമെന്ന്‌ നമുക്ക് ആശിക്കാം.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

വികസിത രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ വേണ്ട വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ ഓരോ അവികസിത രാജ്യവും കനത്ത വില നല്‍കുന്നുണ്ട്.
സ്വീഡനിലെ ഗോട്ടെബെര്‍ഗ് യൂണിവേര്‍സിറ്റി (Göteborg University) ഹൈദരബാദില്‍ നടത്തിയ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. അവിടെ ചില മരുന്നു കമ്പനികളില്‍ നിന്ന് പുറത്തു വിടുന്ന മലിന[Photo] ജലത്തില്‍ അനുവദനീയമായതിന്റെ 100 മുതല്‍ 30,000 ഇരട്ടി വരെ ആന്റി ബയോട്ടിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ അംശം അടങ്ങിയിരിക്കുന്നുവത്രേ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍.
വികസനം, ആരോഗ്യം,പരിസ്ഥിതി, നിയമ നിര്‍മ്മാണം/പാലനം എന്നീ മേഖലകളെ സ്പര്‍ശിക്കുന്ന ഈ വിഷയം അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

Unknown said...

മൈക്രോ ക്രെഡിറ്റിനു ചില്ലറ കടം എന്ന മലയാളം കൊള്ളാമോ? :)
ലേഖനം കൊള്ളാം..

Unknown said...

ക്രെഡിറ്റ് പോസ്റ്റിലിടേണ്ട കമന്റ് ഇവിടെയായിപ്പോയി. :):(
ഈ മരുന്നും മന്ത്രവാദവും ഒക്കെച്ചേര്‍ന്ന് നമ്മള്‍ ഇന്ത്യക്കാരെ ഒരു വഴിക്കാക്കുമോ? തികച്ചും ശ്രദ്ധിക്കേണ്ട വിഷയം തന്നെ.