2004ല്‍ ഹിന്ദുവില്‍ ചേര്‍ന്ന സായ്‌നാഥ് കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വിസ്മയത്തിനു പിന്നിലെ ജീവിതമാണ് സായ്‌നാഥിന്റെ വാര്‍ത്താ സ്രോതസ്സുകള്‍. ഇന്ത്യയുടെ ദേശീയ ബോധത്തില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ പ്രതിഷ്ഠിച്ചത് സായ്‌നാഥിന്റെ അര്‍പ്പണമനോഭാവത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ്.ദാരിദ്ര്യവും നിരക്ഷരതയും ജാതിപരമായ ഉച്ചനീചത്വവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഇന്ത്യന്‍ ഗ്രാമീണര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് സായ്‌നാഥ് വീണ്ടും വീണ്ടും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നു.
ശ്രീ. സായ്‌നാഥിനു നല്‍കുന്ന സൈറ്റേഷന്റെ പൂര്‍ണ്ണരൂപം.
കൃത്യമായ നിലപാടുകളുള്ള, ഉത്തമ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ സായ്‌നാഥിനെ വര്‍ക്കേഴ്സ് ഫോറം എല്ലാ ആദരവോടെയും, സ്നേഹത്തോടെയും അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ ഈ അവസരത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
നമ്മുടെ അസംതൃപ്തിയുടെ പതിറ്റാണ്ട്
(പി.സായ്‌നാഥ്)
ഗ്രാമീണ ഭാരതം എന്തൊക്കെ കൌതുകങ്ങളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്?
ഇക്കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍, മൂന്നു സംസ്ഥാനങ്ങളിലൊഴികെ അര്‍ത്ഥവത്തായ ഭൂപരിഷ്ക്കരണത്തിനോ പാട്ട വ്യവസ്ഥയുടെ പരിഷ്ക്കരണത്തിനോ നമുക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍, ആറു മാസത്തിനുള്ളില്‍ ഒരു സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അനുവദിക്കാന്‍ നമുക്കു കഴിയുന്നു. !! സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഘടനാപരമായും മറ്റുമുള്ള അസമത്വങ്ങള്‍ വര്‍ദ്ധിക്കുകയും ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.
ഒരു പ്രധാന ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ കുറച്ചുനാള്‍ മുമ്പ് വന്ന 'ലീഡ് സ്റ്റോറി ' വളരെ ശ്രദ്ധേയമായിരുന്നു. ഒരു ഫാന്‍സി സെല്‍ഫോണ്‍ നമ്പറിനു വേണ്ടി ചണ്ഡിഗറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ 15 ലക്ഷം രൂപ കൊടുത്തുവത്രെ. തുടര്‍ന്ന് ഇതര മാധമങ്ങള്‍ ഇതേറ്റെടുത്തു. അയാളുടെ മാതാപിതാക്കള്‍ മകന്‍ കൈവരിച്ച നേട്ടം ആഘോഷിക്കുന്നതിനായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നമ്മള്‍ കണ്ടു. ഇന്ത്യ ആര്‍ജ്ജിച്ച പുത്തന്‍ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമായി പത്രങ്ങള്‍ (മുന്‍ പേജ് വാര്‍ത്തകളെ എഡിറ്റോറിയലൈസ് ചെയ്തു കൊണ്ട് ) ഇതിനെ വ്യാഖ്യാനിച്ചു. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെയും ഉദാരവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ ദൃശ്യമാകുന്ന അഹന്തയല്ലാതെ മറ്റെന്താണിത്?
എന്തിനെയാണിത് പ്രതിഫലിപ്പിക്കുന്നത് ? പ്രചാരമുള്ള ഒരു ഇന്ത്യന്‍ മാസിക സുഖലോലുപതയുടെ സന്ദേശവാഹകനാകുന്നത് തികച്ചും സ്വാഭാവികമായി കാണുന്ന ഒരു വര്‍ഗ്ഗം ഇന്നു നമ്മുടെ രാജത്ത് നിലവിലുണ്ട് എന്നതാണത്. അതിന്റെ പ്രസാധകന്റെ കത്ത് വായനക്കാരോട് പറയുന്നത് നോക്കുക "മുന്‍ രാജസ്ഥാന്‍ ഭരണാധികാരികളുടേതായിരുന്ന 80 വര്‍ഷം പഴക്കമുള്ള കാമെല്‍ബോണ്‍ ബോക്സുകളിലടക്കം ചെയ്ത പരിമിത എണ്ണം “ഡ്രാഗണ്‍ ഗൂര്‍ഖ “സിഗാറുകള്‍ പെട്ടിക്ക് 1,15,000 ഡോളര്‍ എന്ന നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ് ".
ഒരു ഇന്ത്യന്‍ കര്‍ഷകകുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി പ്രതിശീര്‍ഷ ചിലവ് ഈ15 ലക്ഷം രൂപയില്‍ നിന്ന്' എത്രയോ അകലെയാണ്. 1,15,000 ഡോളറില്‍ നിന്ന് അതിലുമേറെ അകലെയാണ്. ശരിക്കു പറഞ്ഞാല്‍ 503 രൂപയാണത്. ഇതാകട്ടെ ഗ്രാമീണ ദാരിദ്ര്യരേഖക്ക് ഏറെ മുകളിലുമല്ല. വന്‍ ഭൂപ്രഭുക്കളെയും നാമമാത്ര കൃഷിക്കാരെയുമൊക്കെ ചേര്‍ത്താണ് ദേശീയ ശരാശരി കണക്കാക്കുന്നത്. മാത്രമല്ല,ദേശീയ ശരാശരിയുടെ ഇരട്ടി പ്രതിശീര്‍ഷ വരുമാനമുള്ള കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ കൂടി ഈ കണക്കില്‍ ഉള്‍പ്പെടുന്നു. കേരളത്തെയും പഞ്ചാബിനെയും ഒഴിവാക്കിയാല്‍ സ്ഥിതി പരിതാപകരമാകും. തീര്‍ച്ചയായും, നഗരങ്ങളിലും കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട് .
പക്ഷെ ഈ വൈരുദ്ധ്യം കൂടുതല്‍ പ്രകടമാകുന്നത് ഗ്രാമങ്ങളില്‍ ആണ്.
മുകളില്‍പ്പറഞ്ഞിരിക്കുന്ന 503 രൂപയില്‍ 60 ശതമാനം ഭക്ഷണത്തിനുവേണ്ടിയാണ് ചിലവഴിക്കുന്നത്. 18 ശതമാനം ഇന്ധനത്തിനും വസ്ത്രത്തിനും പാദരക്ഷക്കും വേണ്ടി മാറ്റി വയ്ക്കുന്നു. ശേഷിച്ച തുച്ഛമായ തുകയില്‍ കുടുംബത്തിന്റെ ആരോഗത്തിനുവേണ്ടി ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നതിന്റെ ഇരട്ടി വരും. അതായത്, ഒരു ഗ്രാമീണ കര്‍ഷകകുടുംബം ആരോഗത്തിനുവേണ്ടി മുപ്പത്തിനാലു രൂപയും വിദ്യാഭ്യാസത്തിനു വേണ്ടി പതിനേഴു രൂപയും ശരാശരി ചിലവഴിക്കുന്നു.
ഒരു വിശേഷപ്പെട്ട സെല്‍ഫോണ്‍ നമ്പര്‍ സമ്പാദിക്കുകയെന്നത് ഗ്രാമീണ ഭാരതീയന്റെ മുഖ്യ ഹോബി ആകുന്ന കാര്യം ആസന്നഭാവിയില്‍ സംഭാവ്യമാണെന്നു തോന്നുന്നില്ല. 503 രൂപയുടെ സ്ഥാനത്ത് പ്രതിമാസം 225 രൂപ പോലും ചിലവുചെയ്യാന്‍ കെല്പില്ലാത്ത അസംഖ്യം കുടുംബങ്ങളുണ്ട് എന്നതും നാം മറന്നു കൂടാ. ദാരിദ്ര്യരേഖയേക്കള്‍ താഴെ ശരാശരി പ്രതിമാസവരുമാനമുള്ള സംസ്ഥാനങ്ങളുണ്ട്.
ഭൂരഹിതരുടെ കാര്യത്തില്‍ ആവട്ടെ, സ്ഥിതി ഇതിലും ദയനീയമാണ് .
“അസമത്വം“ എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയതോ കേട്ട് കേള്‍വി ഇല്ലാത്തതോ ആയ കാര്യമൊന്നുമല്ല. എത്ര ദയാരഹിതമായാണ് “അസമത്വം“ സൃഷ്ടിക്കപ്പെടുന്നത് , എത്ര ക്രൂരമായാണ് അതിന്റെ നിര്‍മ്മിതി എന്നതാണ് കഴിഞ്ഞ 15 വര്‍ഷത്തെ വ്യത്യസ്തമാക്കുന്നത് . ഇന്ന്‍ അത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും , മുകള്‍ത്തട്ടില്‍ പോലും വര്‍ദ്ധമാനമായ അളവില്‍ അസമത്വംകാണാം.
അഭിജിത് ബാനര്‍ജിയും തോമസ് പിക്കറ്റിയും "Top Indian Incomes1956-2000" എന്ന പ്രബന്ധത്തില്‍ പറഞ്ഞതു പോലെ "പണക്കാര്‍ അവരുടെ മൊത്തവരുമാനം കാര്യമായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍, 1980കളില്‍ മുകള്‍ത്തിലുള്ള എല്ലാവരും കൂടി അത് പങ്കിട്ടുവെങ്കില്‍, 1990കളില്‍ ഏറ്റവും വമ്പന്‍മാരായ 0.1 ശതമാനം മാത്രമാണ് വന്‍ നേങ്ങളുണ്ടാക്കിയത്."
ഉന്നതന്‍മാരായ 0.01 ശതമാനത്തിന്റെ ശരാശരി വരുമാനം 1950-കളില്‍ മൊത്തം ജനങ്ങളുടെ ശരാശരി വരുമാനത്തെക്കാള്‍ 150-200 മടങ്ങ് കൂടുതലായിരുന്നു. 1980കളുടെ തുടക്കത്തില്‍ ഇത് 50 മടങ്ങിലും താഴെയായി. എന്നാല്‍, 1990കളുടെ അന്ത്യത്തില്‍ ഇത് 150-200 ഇരട്ടിയിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത് ". എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാവുകയാണെന്നാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സി.ഇ.ഒമാരുടെ വേതനത്തെ സംബന്ധിച്ച് നടത്തിയ വളരെ മൃദുവായ പരാമര്‍ശത്തോടുള്ള വ്യവസായികളുടെ പ്രതികരണം ഈ വിശേഷാവകാശങ്ങള്‍ എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. മിക്കവാറും എല്ലാ പത്രങ്ങളുടെയും മുഖപ്രസംഗങ്ങള്‍ ഡോ. സിങ്ങിനെതിരെ ശക്തമായി ആഞ്ഞടിക്കുകയുണ്ടായി.
അങ്ങനെയിരിക്കെ, സമ്പത്തിന്റെ കേന്ദ്രീകരണത്തെ സംബന്ധിച്ച്, അടുത്തകാലത്ത് വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭേദപ്പെട്ട ലേഖനം, മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എക്സിക്യുട്ടീവ് ഡയറക്ടറില്‍ നിന്നാണ് ഉണ്ടായത് എന്നത് അസാധാരണവും ശ്രദ്ധേയവുമാണ്. (ദി ഇക്കണോമിക് ടൈംസ്, 2007 ജൂലൈ 9).
ശ്രീ ചേതന്‍ ആഹ്യ എഴുതുന്നു,
" ആഗോളവല്‍ക്കരണത്തിന്റെയും ഉദിച്ചുയരുന്ന മുതലാളിത്തത്തിന്റെയും ഫലമായി ഏറിവരുന്ന അസമത്വം സൃഷ്ടിക്കുന്ന സമൂഹികസമ്മര്‍ദ്ദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്നതായി ഞങ്ങള്‍ വിശ്വസിക്കുന്നു ". "വര്‍ദ്ധിച്ചുവരുന്ന അസമത്വത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വര്‍ദ്ധമാനമായ സാമൂഹ്യ വെല്ലുവിളികള്‍ " (rising social challenges on account of rise in inequality) ഉല്‍ക്കണ്ഠയുളവാക്കുന്ന പ്രവണതയായി അദ്ദേഹം കാണുന്നു. സമ്പത്തിന്റെ കാര്യത്തില്‍ "അസമത്വത്തിന്റെ അന്തരം കടുത്തതാണ്..കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് സമ്പത്തിന്റെ വളര്‍ച്ച 1 ട്രിലന്‍ ഡോളറില്‍ (മൊത്തം ആഭ്യന്തര ഉല്‌പാദനത്തിന്റെ(GDP)100 ശതമാനത്തേക്കാള്‍ കൂടുതല്‍) അധികമാണെന്നു ഞങ്ങളുടെ വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലാണ്" , അദ്ദേഹം പറയുന്നു. നാം സ്വീകരിക്കുന്ന ഇത്തരം നയസമീപനങ്ങള്‍ കൃഷിക്കാരുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും കാര്യത്തിലുണ്ടായ പോലെ, "സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു പൊട്ടിത്തെറിയിലേക്ക് “ കൊണ്ടെത്തിക്കുമെന്നു എത്രയും ശരിയായി ആഹ്യ വിലയിരുത്തുന്നു.
ഘടനാപരമായ അസമത്വങ്ങള്‍
ഇതെല്ലാം സംഭവിക്കുന്നത് ഗ്രാമീണ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വങ്ങള്‍ക്കു മുകളിലാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 60 വര്‍ഷമായിട്ടും ഇന്നും ഭൂമിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. വനഭൂമിയുടെയും വെള്ളത്തിന്റെയും അവകാശങ്ങളുടെ കാര്യത്തിലും വെറുക്കപ്പെടേണ്ട ജാതി-ലിംഗ വിവേചനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഘടനാപരമായതും അല്ലാത്തതുമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ നാം ഒരിക്കലും ശ്രമിച്ചില്ല. ഇപ്പോളാവട്ടെ, അവയെ കൂടുതല്‍ വഷളാക്കാന്‍ നമ്മള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.പരിഷ്ക്കരണങ്ങള്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ പോലും ഗ്രാമീണ ജനസംഖ്യയുടെ ഏറ്റവും താഴേയുള്ള പകുതിക്ക് ഉണ്ടായിരുന്നത് മൊത്തം ഭൂമിയുടെ 3.5 ശതമാനത്തില്‍ താഴെ ഉടമസ്ഥത മാത്രമാണ് . മേല്‍ത്തട്ടിലെ 10 ശതമാനം കുടുംബങ്ങള്‍ 50 ശതമാനത്തിലധികം ഭൂമിയുടെ ഉടമകളായിരുന്നു . അതാകട്ടെ മൊത്തം ഭൂമിയുടെ കാര്യമെടുക്കുമ്പോഴാണ്. ജലസേചനസൌകരമുള്ള ഭൂമിയുടെ കാര്യമെടുത്താല്‍ ചിത്രം കൂടുതല്‍ ഭയാനകമാണ്. പ്രത്യുല്‍പാദനക്ഷമതയുള്ള ആസ്തികളും (productive assets) കൂടി കണക്കിലെടുത്താല്‍ സ്ഥിതി അതിലും മോശമാണ്. ഒരു അനുമാനമനുസ്സരിച്ച് , 85 ശതമാനത്തിലധികം ഗ്രാമീണകുടുംബങ്ങള്‍ ഒന്നുകില്‍ ഭൂരഹിതരാണ്, അല്ലെങ്കില്‍ നാമമാത്ര കര്‍ഷകരോ, ചെറുകിട കര്‍ഷകരോ (sub marginal or marginal) ആണ്.
15 വര്‍ഷത്തിനിടയില്‍ പ്രസ്തുത സ്ഥിതി മെച്ചപ്പെടുത്തുന്ന യാതൊന്നും സംഭവിച്ചിട്ടില്ല. എന്നു മാത്രമല്ല, സംഗതി കൂടുതല്‍ വഷളാക്കാനുതകുന്ന പലതും സംഭവിച്ചിട്ടുണ്ടുതാനും.
ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള നമ്മുടെ കാര്‍ഷികനയങ്ങളുടെ ദിശ വളരെ സ്പഷ്ടമാണ്. കൃഷി കര്‍ഷകരുടെ കയ്യില്‍നിന്നും എടുത്ത് മാറ്റി വന്‍കിട കോര്‍പറേഷനുകളെ ഏല്പിക്കുക. എല്ലാ നീക്കങ്ങളും എല്ലാ നയങ്ങളും ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ പറിച്ചെറിയലുകള്‍ക്ക് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ ക്യാച് മെന്റ് ഏരിയയിലോ ഖനി പ്രദേശത്തോ അല്ല ഇത് സംഭവിക്കുന്നത്. കൃഷിസ്ഥലങ്ങളിലാണിത് സംഭവിക്കുന്നത്. കൃഷിഭൂമിയില്‍നിന്ന് അതിവേഗം നിഷ്ക്കാസിതരാക്കപ്പെടുന്ന ദശലക്ഷങ്ങളെ എന്തുചെയ്യുമെന്ന് നമുക്കൊരു എത്തും പിടിയുമില്ല. ടാങ്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചല്ല നാമിത് ചെയ്യുന്നത്. ചെറുകിട സ്ഥലമുടമകള്‍ക്ക് കാര്‍ഷികവൃത്തി അസാദ്ധ്യമാക്കുക മാത്രമാണ് നാം ചെയ്യുന്നത്.
പക്ഷെ ജീവിതമാര്‍ഗ്ഗം നശിപ്പിക്കപ്പെടുന്നവര്‍ക്ക് വേറൊരു വഴിയും ചൂണ്ടിക്കാണിക്കാന്‍ നമുക്കാവുന്നുമില്ല.
ആദ്യ ദശാബ്ദങ്ങള്‍ പ്രതീക്ഷയുടെ ദശാബ്ദങ്ങളായിരുന്നു. മതിപ്പുളവാക്കുന്നതല്ലെങ്കില്‍ക്കൂടി ഗണ്യമായ പുരോഗതിയുണ്ടായിരുന്നു, അന്ന് . സാക്ഷരതയില്‍, ആയുര്‍ദൈര്‍ഘ്യത്തില്‍,അതുപോലുള്ള മാനവശേഷി വികസന സൂചികകളില്‍. "ഇന്ത്യ അവളുടെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് " എന്ന വിചാരമെങ്കിലുമുണ്ടായിരുന്നു. യുദ്ധത്തിന്റെ അവസരത്തിലാണെങ്കില്‍ പോലും, ദേശത്തിന്റെ ഭാവനയെ ഉണര്‍ത്തിയ മുദ്രാവാകമാണ്, "ജയ് ജവാന്‍, ജയ് കിസാന്‍" . രാഷ്ട്രത്തിന്റെ ഭാവി ചുമലിലേന്തുന്നവന്‍ എന്നായിരുന്നു കൃഷിക്കാരനെ അല്ലെങ്കില്‍ കൃഷിക്കാരിയെ കണ്ടിരുന്നത്. (സാമാന്യമായി കൃഷിക്കാരനെ എന്നേ പറയാറുള്ളൂ , എന്തെന്നാല്‍, ഇന്നും സ്ത്രീക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്നുവെന്നു മാത്രമല്ല സമൂഹം സ്ത്രീകളെ 'കൃഷിക്കാരായി' കാണുന്നുമില്ല). എന്തായാലും അത്തരമൊരു പ്രതിച്ഛായയാണ് നാം കൃഷിക്കാരന് കല്പിച്ചു നല്‍കിയത്.
ഇന്ന് ,സ്വാതന്ത്ര്യത്തിന്റെ അറുപത് വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമീണ ഇന്ത്യ ആകെ താറുമാറായിരിക്കുന്നു.
ഹരിതവിപ്ലവത്തിന് തൊട്ടുമുമ്പുണ്ടായിരുന്നത്ര കഠിനമായ കാര്‍ഷിക പ്രതിസന്ധി നടമാടുകയാണ്, എങ്ങും. പക്ഷെ, സമ്പന്നരുടേയോ മാധമങ്ങളുടെയോ ശ്രദ്ധ അധികനേരം ഇതില്‍ പതിയുന്നില്ല. കൃഷിയില്‍ നിന്നുള്ള വരുമാനം തകര്‍ന്നു കഴിഞ്ഞു. പട്ടിണി വളരെ വേഗം പടരുന്നു. കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ചുരുങ്ങി ചുരുങ്ങി നിശ്ശേഷം ഇല്ലാതായിട്ട് നാളുകള്‍ ഏറെയായി. കാര്‍ഷിക രംഗത്തെ തൊഴില്‍ അവസരങ്ങള്‍ ദ്രുതഗതിയില്‍ കുറഞ്ഞു വരുന്നു. കാര്‍ഷികേതര തൊഴിലുകളും മുരടിപ്പിലാണ്. (ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം മാത്രമാണ് അടുത്തകാലത്ത് ഒരു പരിധി വരെയെങ്കിലും ആശ്വാസമെത്തിക്കുന്നത്).
ദശലക്ഷങ്ങള്‍ പട്ടണങ്ങളിലേക്കും വന്‍നഗരങ്ങളിലേക്കും നീങ്ങുകയാണ്, എന്നാല്‍ അവിടെയും തൊഴിലില്ലെന്നതാണവസ്ഥ. കൃഷിക്കാരനുമല്ല തൊഴിലാളിയുമല്ല എന്ന അവസ്ഥയിലേക്ക് അനേകങ്ങള്‍ മാറുകയാണ്. ചില്ലറ പണികള്‍ ചെയ്യുന്നവരോ വീട്ടുജോലിക്കാരോ ആയ ഒരു വലിയ വൃന്ദം. ( ദില്ലിയില്‍ ഇത്തരം ജോലിചെയ്യുന്ന രണ്ട് ലക്ഷത്തോളം പെണ്‍കുട്ടികള്‍ ജാര്‍ഖണ്ഡില്‍ നിന്ന് മാത്രം എത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്).
കടക്കെണി ലക്ഷക്കണക്കിന് കൃഷിക്കാരെ പാപ്പരാക്കിയിരിക്കുന്നു.
ചിലവേറിയ നാണ്യവിളകളുടെ കൃഷിയിലേര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിച്ചതുകൊണ്ടും അതിലടങ്ങിയ അപകടസാധ്യതയിലേക്ക് അവരെ നിര്‍ബന്ധപൂര്‍വം തള്ളി വിട്ടതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത് . 2003-04-ല്‍ കേരളത്തില്‍ ഒരേക്കര്‍ വാനില കൃഷിക്ക് ഒരേക്കര്‍ നെല്‍ക്കൃഷിക്ക് ചിലവാകുന്നതിന്റെ 15-20 ഇരട്ടി ചിലവ് വരുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വാനില കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ് ചെയ്തത്. വാനിലയുടെ വിലയുമിടിഞ്ഞു, വായ്പയുടെ ലഭ്യതയും ഇല്ലാതായി.അനേകം കര്‍ഷകര്‍ അവരുടെ ജീവനൊടുക്കുന്നതിലാണ് ഇത് കലാശിച്ചത്.
കൃഷിക്കാരുടെ താല്പര്യങ്ങള്‍ക്ക് തീര്‍ത്തും അനുകൂലമല്ലാത്ത ഡബ്ലിയുടി.ഒ അനുവദിക്കുന്ന സംരക്ഷണനടപടികള്‍ പോലുമെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. പരുത്തിപോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നമ്മുടെ കൃഷിക്കാര്‍ക്ക് കിട്ടുന്ന വില വിളവെടുപ്പുകാലം അവസാനിക്കുന്നതോടെ ഇടിയുന്നു. 2001-02-ല്‍ മാത്രം ദശലക്ഷത്തിലധികം ബയില്‍ പരുത്തി ഈ രാജ്യത്തിലേക്ക് കൊണ്ടുവന്നു തള്ളാന്‍ അമേരിക്കന്‍ പരുത്തി കര്‍ഷകര്‍ക്ക് ലഭിച്ച വന്‍ സബ്‌സിഡി സഹായകമായി. ഇതു തടയാന്‍ നമുക്ക് ചുങ്കം വര്‍ദ്ധിപ്പിക്കാമായിരുന്നുവെങ്കിലും നാമതു ചെയ്തില്ല. മറ്റൊരു 30000 H1B വിസകള്‍ക്ക് പകരമായി നാം സന്തോഷപൂര്‍വം നമ്മുടെ പട്ടിണിപ്പാവങ്ങളുടെ താല്പര്യങ്ങള്‍ വിറ്റു എന്നതാണ് യാഥാര്‍ത്ഥ്യം.
1993 നു ശേഷം 1,12,000-ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാര്‍ നമ്മളോട് പറയുന്നത്.
യഥാര്‍ഥ കണക്കില്‍ നിന്നും വളരെ കുറവാണെങ്കിലും ഈ സംഖ്യയും അത്ര മോശമല്ല. കടം കയറിയതിനെത്തുടര്‍ന്നുള്ള ആത്മഹത്യകളാണിവയെല്ലാം. കഴിഞ്ഞ ദശാബ്ദത്തില്‍ കാര്‍ഷിക കടം ഏതാണ്ട് ഇരട്ടിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വ്വേ നമ്മോട് പറയുന്നു.
ഇതിനര്‍ത്ഥം ഒരു ചെറുത്തുനില്‍പ്പുമില്ലെന്നല്ല, ഒരു ശബ്ദവുമുയരുന്നില്ലെന്നല്ല.
ഇലക്ഷനുകളായ ഇലക്ഷനുകളിലെല്ലാം ജനങ്ങള്‍ അവരുടെ ഗവണ്‍മെന്റുകളോടും നമ്മളെല്ലാവരോടും പറയുന്നുണ്ട്. പ്രതിഷേധത്തിനു മേല്‍ പ്രതിഷേധത്തോടെ. അതുപോലെ, നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പോലെ. എന്നാല്‍, ഈപോക്ക് വലിയൊരളവോളം ആകുലപ്പെടുത്തുന്നതാണ്. വന്‍ തകര്‍ച്ചയിലേക്കാണത് നീങ്ങുന്നത്, അത്യാഹിതം ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു.
എന്നിട്ടും നമ്മള്‍, 15 ലക്ഷം രൂപയുടെ സെല്‍ഫോണ്‍ നമ്പറിലാണ് താല്‌പര്യം കാണിക്കുന്നത്.
ഒരുപക്ഷേ അതിലൊരു പോയിന്റുണ്ടാകാം. ആ ഫാന്‍സി നമ്പര്‍ വാങ്ങിച്ചിട്ടുള്ളത് കടം കിട്ടിയ കാശുകൊണ്ടാണത്രെ.
അതെ, ഈ അസമത്വത്തില്‍ നാം അര്‍മാദിക്കുന്നത് ആരോടൊക്കെയോ ഇരന്നു വാങ്ങിയ സമയം ഉപയോഗിച്ചാണ്.
(പരിഭാഷ: ശ്രീ. കെ.എസ്. രവീന്ദ്രന്‍ )
(കടപ്പാട്: ഹിന്ദു ദിനപ്പത്രം, ആഗസ്റ്റ് 9.2007, ഇന്ത്യാടുഗതര്‍ വെബ് സൈറ്റ്)
11 comments:
“ഒരു പ്രധാന ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ കുറച്ചുനാള്‍ മുമ്പ് വന്ന 'ലീഡ് സ്റ്റോറി ' വളരെ ശ്രദ്ധേയമായിരുന്നു. ഒരു ഫാന്‍സി സെല്‍ഫോണ്‍ നമ്പറിനു വേണ്ടി ചണ്ഡിഗറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ 15 ലക്ഷം രൂപ കൊടുത്തുവത്രെ. അയാളുടെ മാതാപിതാക്കള്‍ മകന്‍ കൈവരിച്ച നേട്ടം ആഘോഷിക്കുന്നതിനായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നമ്മള്‍ കണ്ടു. ഇന്ത്യ ആര്‍ജ്ജിച്ച പുത്തന്‍ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമായി പത്രങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ചു ”.
വര്‍ത്തമാന കാലഘട്ടത്തില്‍ മാദ്ധ്യമങ്ങള്‍ കാണുന്നതും കാണാന്‍ മറന്നു പോകുന്നതും...സായിനാഥിന്റെ വരികളിലൂടെ..
ഒരു ഗ്രാമീണ കര്‍ഷക കുടുംബത്തിന്റെ ശരാശരി പ്രതിമാസ ചെലവ് 503 രൂപയാണത്രെ. ഈ
“ 503 രൂപയില്‍ 60 ശതമാനം ഭക്ഷണത്തിനുവേണ്ടിയാണ് ചിലവഴിക്കുന്നത്. 18 ശതമാനം ഇന്ധനത്തിനും വസ്ത്രത്തിനും പാദരക്ഷക്കും വേണ്ടി മാറ്റി വയ്ക്കുന്നു. ശേഷിച്ച തുച്ഛമായ തുകയില്‍ കുടുംബത്തിന്റെ ആരോഗത്തിനുവേണ്ടി ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നതിന്റെ ഇരട്ടി വരും. അതായത്, ഒരു ഗ്രാമീണ കര്‍ഷകകുടുംബം ആരോഗത്തിനുവേണ്ടി മുപ്പത്തിനാലു രൂപയും വിദ്യാഭ്യാസത്തിനു വേണ്ടി പതിനേഴു രൂപയും ശരാശരി ചിലവഴിക്കുന്നു ”.
സായിനാഥ്, ഈ കണക്കുകള്‍ നല്‍കുന്ന ഭാരതത്തിന്റെ ചിത്രം നമുക്കുവേണ്ടി നയങ്ങള്‍ തീരുമാനിക്കുന്നവര്‍ മനസ്സിലാക്കുന്നുവോ ആവോ?
സഖാവേ,
പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വളരെ കാലികപ്രാധാന്യമുള്ള ഒരു ലേഖനം.ഇന്ത്യ തിളങ്ങുന്നത് ഇത്തരം ‘ഫാന്‍സി‘ കണക്കുകളില്‍ മാത്രമാണ്. അതാണ് പത്രങ്ങളും, മദ്ധ്യവര്‍ഗ്ഗവും ആഘോഷിക്കുന്നതും.
ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ 503 എന്ന ശരാശരി പ്രതിശീര്‍ഷ വരുമാന യാഥാര്‍ത്ഥ്യങ്ങളെ കാണാതിരിക്കലാണ്‍് സുഖം.എന്തിനു വെറുതെ ഉറക്കം നഷ്ടപ്പെടുത്തുന്നു? ഗ്രാമ യാഥാര്‍ത്ഥ്യങ്ങളേക്കള്‍ എന്തു സുഖമുണ്ട് ഈ നഗര ഫാന്റസികള്‍ക്ക്?
പരിഭാഷ ചെയ്ത രവികുമാറിനും, അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന സോഷ്യല്‍ വര്‍ക്കേഴ്സു ഫോറത്തിനും നന്ദി.
അഭിവാദ്യങ്ങളോടെ
രാജീവ് ചേലനാട്ട്
ദേശത്തിന്റെ ഭാവനയെ ഉണര്‍ത്തിയ മുദ്രാവാകമാണ്, "ജയ് ജവാന്‍, ജയ് കിസാന്‍" . രാഷ്ട്രത്തിന്റെ ഭാവി ചുമലിലേന്തുന്നവന്‍ എന്നായിരുന്നു കൃഷിക്കാരനെ അല്ലെങ്കില്‍ കൃഷിക്കാരിയെ കണ്ടിരുന്നത്. (സാമാന്യമായി കൃഷിക്കാരനെ എന്നേ പറയാറുള്ളൂ , എന്തെന്നാല്‍, ഇന്നും സ്ത്രീക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്നുവെന്നു മാത്രമല്ല സമൂഹം സ്ത്രീകളെ 'കൃഷിക്കാരായി' കാണുന്നുമില്ല). എന്തായാലും അത്തരമൊരു പ്രതിച്ഛായയാണ് നാം കൃഷിക്കാരന് കല്പിച്ചു നല്‍കിയത്.ഇന്ന് ,സ്വാതന്ത്ര്യത്തിന്റെ അറുപത് വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമീണ ഇന്ത്യ ആകെ താറുമാറായിരിക്കുന്നു.
ലേഖനം മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചതിന് നന്ദി വര്‍ക്കേഴ്സ് ഫോറത്തിന്. സായ്‌നാഥിന് അഭിനന്ദനങ്ങള്‍.
മഗ്‌സാസെ അവാര്‍ഡിനായി വീരസമരം നടത്താന്‍ തന്റെ അധീനതയിലുള്ള പത്രത്തെ മുഴുവന്‍ സമയമുപയോഗിച്ചവര്‍ കാണട്ടെ സായ് നാഥിന്റെ ലേഖനം
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സായ് നാഥിന്
വര്‍ക്കേര്‍സ് ഫോറത്തിനും ബാക്കിയുള്ളവര്‍ക്കും നന്ദി
ഈ ലേഖനം വായിക്കാതെ പോകാന്‍ പാടില്ല.
പക്ഷേ നിരാശപ്പെടുത്തുന്ന തരത്തിലുള്ള രാഷ്ടീയ കാലാവസ്ഥ മാത്രം അവശേഷിക്കുന്ന നമ്മുടെ രാജ്യത്തിന് ഇനി ഏതു വസന്തമാണ് പ്രതീക്ഷിക്കാനുള്ളത്,എങ്ങോട്ടാണ് പോകാനുള്ളത്.ആര്‍ക്കാണ് നമ്മെ രക്ഷിക്കാന്‍ കഴിയുന്നത്.തത്വശാസ്ത്രം വെറും വാചക കസര്‍ത്തില്‍ മാത്രം ഒതുക്കുന്ന ഇടതുപക്ഷത്തിനോ(അവരും നന്ദിഗ്രാമങ്ങള്‍ക്കു പിറകേയല്ലേ)?അതൊ രാമരാജ്യം എന്നവിഭ്രമസ്വപ്നം വിതറി സാധാരണക്കാരന്റെ വിശപ്പിനെ മയക്കിക്കിടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കോ? അതോ 60 വര്‍ഷങ്ങളിലും ഭരണത്തില്‍ നിര്‍ണായകമായ ലക്ഷ്മണരേഖകള്‍ വരച്ചുകൊണ്ട് , മാരീചന്റെ പിറകെ പോയ രാമനെ അനുഗമിക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രേതത്തിനോ?അതുമല്ല ജാതി എന്ന ഭ്രാന്തിനെ ത്തന്നെ വോട്ടിനുവേണ്ടി ദളിതമെന്നും പീഡിതമെന്നുമൊക്കെ വാഴ്ത്തപ്പെട്ടതാക്കിക്കൊണ്ടിരിക്കുന്ന പുതിയ പ്രസ്ഥാനങ്ങള്‍ക്കോ?
സായ്‌നാഥിന് അഭിവാദ്യങ്ങള്‍! ഇന്ത്യയില്‍ കുറ്റിയറ്റു എന്ന് കരുതിയ ഒരു വര്‍ഗത്തിന്റെ പ്രതിനിധി ആണ് അദ്ദേഹം.
സായിനാഥിനെപോലെയുള്ളവരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തങ്ങളാണ് മാനവരാശിയെ മുന്നോട്ടു നയിക്കാന്‍ പ്രേരണ നല്‍കുന്നത്. സായിനാഥിന് അനുമോദനങ്ങള്‍ ആശംസിക്കുന്നതോടൊപ്പം ബ്ലോഗിലൂടെ നല്കിയ അറിയിപ്പിന് വര്‍ക്കേഴ്സ് ഫോറത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
കാര്‍/ഫ്രിഡ്ജ്/ വാഷിംഗ് മഷീന്‍/ ടിവി തുടങ്ങിയവ വാങ്ങുമ്പോള്‍ ആയിരക്കണക്കിനു രൂപ അങ്ങോട്ടുമിങ്ങോട്ടുമായി വിലപേശി വാങ്ങുന്ന അതേ ആള്‍ വഴിയിലെ പച്ചക്കറിക്കടയിലോ പഴക്കടയിലോ ഒന്നും രണ്ടും രൂപയ്ക്കുവേണ്ടി വിലപേശുന്നതും നിത്യസംഭവങ്ങള്‍...
ഒരു കിലോയ്ക്ക് അഞ്ചുരൂപാനിരക്കില്‍ ഞാനിപ്പോഴും തക്കാളിയും വഴുതനങ്ങയും ചേനയും കാബേജുമെല്ലാം വാങ്ങുന്നുണ്ട്.. ഇന്നലെ, പത്തുരൂപയ്ക്ക് 10 മൂസമ്പികള്‍ വാങ്ങിയിരുന്നു..
ഈ മുംബൈ നഗരത്തില്‍ ഞാനാ വിലയ്ക്ക് മേല്‍പറഞ്ഞവയൊക്കെ വാങ്ങുമ്പോള്‍, അതുനട്ടുവളര്‍ത്തി പരിപാലിച്ച് ചന്തയിലെത്തിച്ച കര്‍ഷകനെന്തുകിട്ടി എന്ന് ഞാനാലോചിക്കാറില്ല, കാരണം, പിന്നെ എനിയ്ക്കെന്റെ തല പെരുക്കാന്‍ തുടങ്ങും...
സായിനാഥിന് സ്നേഹവും ബഹുമാനവും നിറഞ്ഞ അഭിനന്ദങ്ങള്‍!
പ്രിയപ്പെട്ട സായിനാഥ്,
താങ്കളുടെ ഓരോ വരികളും ഓറോ വാക്കുകളും എന്തു മാത്രം സാരഗര്‍വമാണെന്ന് സമ്മതിക്കാറ്റെ വയ്യ. നോക്കൂ...“2001-02-ല്‍ മാത്രം ദശലക്ഷത്തിലധികം ബയില്‍ പരുത്തി ഈ രാജ്യത്തിലേക്ക് കൊണ്ടുവന്നു തള്ളാന്‍ അമേരിക്കന്‍ പരുത്തി കര്‍ഷകര്‍ക്ക് ലഭിച്ച വന്‍ സബ്‌സിഡി സഹായകമായി. ഇതു തടയാന്‍ നമുക്ക് ചുങ്കം വര്‍ദ്ധിപ്പിക്കാമായിരുന്നുവെങ്കിലും നാമതു ചെയ്തില്ല. മറ്റൊരു 30000 H1B വിസകള്‍ക്ക് പകരമായി നാം സന്തോഷപൂര്‍വം നമ്മുടെ പട്ടിണിപ്പാവങ്ങളുടെ താല്പര്യങ്ങള്‍ വിറ്റു എന്നതാണ് യാഥാര്‍ത്ഥ്യം.” ഇത്രയും നന്നായി ഇക്കാര്യങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല. ..താങ്കളുടെ അവര്‍ഡ് ലബ്ദിയില്‍ ആഹ്ലാദിക്കുന്നു, നിസ്സംശയം.
503 രൂപ വരുമാനത്തില്‍ ജീവിക്കുന്ന കര്‍ഷകകുടുംബങ്ങളും പത്തും പതിനഞ്ചും കോടി രൂപ വാര്‍ഷിക വരുമാനം പറ്റുന്നവരും തമ്മിലുള്ള ആ ഒരു താരതമ്യം കണ്ണു തുറപ്പിക്കുന്നതാണ്. സായ്‌നാഥ് തന്റെ ലേഖനത്തില്‍ സൂചനകളിലൊളിപ്പിച്ച് പറയാതെ പറഞ്ഞുപോയ കാര്യങ്ങള്‍ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ലിങ്കുകള്‍ വഴി കുറച്ച് കൂടി വ്യക്തമാക്കിയതിനു നന്ദി.
ഞങ്ങളെ തൊട്ടാല്‍ പ്രധാനമന്ത്രിക്കെതിരെ വരെ തിരിയും എന്ന ഉപരിവര്‍ഗത്തിന്റെ അഹങ്കാരം നമുക്ക് മറ്റു പല സംഭവങ്ങളിലും കാണുവാന്‍ കഴിയുന്നു. വന്‍കിട പത്രങ്ങളും അവര്‍ക്കൊപ്പം നിന്നു എന്നതിലൂടെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ നമുക്ക് കിട്ടുന്ന വിവരങ്ങളുടെ സ്വഭാവം കൂടി സായ്‌നാഥ് വെളിപ്പെടുത്തുകയാണ്.
സായ്‌നാഥിനു അഭിനന്ദനങ്ങള്‍.... ഫോറത്തിനു നന്ദി.
Post a Comment