അമേരിക്ക കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
1987 വര്‍ഷംമുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള രാഷ്ട്രമാണ് അത്. ഉപഭോഗ സംസ്കാരം കൊടികുത്തി വാഴുന്ന അമേരിക്കയുടെ കയറ്റുമതിയുടെ 150 ശതമാനംവരും ഇറക്കുമതി. ഡോളറിനെ ആഗോള കരുതല്‍ കറന്‍സിയായി പ്രതിഷ്ഠിക്കുന്നതിന് സാമ്രാജ്യത്വ നേതൃപദവിവഴി കഴിയുന്നതുകൊണ്ടു മാത്രമാണ് ഭീമമായ കറന്റ് അക്കൌണ്ടുകമ്മി ഉണ്ടായിട്ടും അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നത്. ലോകരാഷ്ട്രങ്ങളാകെ കരുതല്‍ ധനമായി സമാഹരിക്കുന്ന ഡോളര്‍ ഫെഡറല്‍ റിസര്‍വിന്റെ കടപ്പത്രത്തിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായാണവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നത്.
ഉപഭോഗ വായ്പയിലൂടെയും സബ്പ്രൈം മോര്‍ട്‌ഗേജ് വായ്പകളിലൂടെയും കണ്‍സ്യൂമര്‍ മേഖലയിലും ഭവന നിര്‍മാണരംഗത്തും കൃത്രിമമായി സൃഷ്ടിച്ച വളര്‍ച്ച വഴിയാണ് യുദ്ധങ്ങളുടെ ആഘാതത്തില്‍ നിന്നുമവര്‍ കരകയറിക്കൊണ്ടിരിക്കുന്നത്. (വായ്പയെടുക്കാന്‍ വേണ്ടത്ര ക്രെഡിറ്റ് വര്‍ത്ത്നെസ് ഇല്ലാത്തവര്‍ക്ക് നല്‍കുന്ന വായ്പയാണ് സബ് പ്രൈം ലെന്‍ഡിങ്. റിസ്ക് കൂടുതലുളളതിനാല്‍ ഇതിന് പലിശനിരക്കും കൂടും) ക്രെഡിറ്റ് കാര്‍ഡ് വഴിയും സബ് പ്രൈം മോര്‍ട്‌ഗേജ് വായ്പവഴിയും വരുമാനം കുറവുളളവര്‍ക്കുപോലും ആഡംബര ജീവിതം നയിക്കാന്‍ അവസരം ഒരുക്കിക്കൊടുത്താണ് അവര്‍ 2000 മുതലുളള വര്‍ഷങ്ങളില്‍ ചെറിയ തോതിലെങ്കിലും സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചത്. 2005 ഡിസംബറിലെ കണക്കുകള്‍ പ്രകാരം അമേരിക്കക്കാരന്റെ ശരാശരി ക്രെഡിറ്റ് കാര്‍ഡ് കടം 5000 ഡോളറിലേറെ വരും. മൊത്തം ഭവനവായ്പകള്‍ ആകട്ടെ ഒമ്പതു ട്രില്യണ്‍ ഡോളര്‍ വരും.
ആസ്തിയുടെ 50 ശതമാനം വരെയാണ് സബ്പ്രൈം മോര്‍ട്‌ഗേജ് കമ്പനികള്‍ ആദ്യം വായ്പ നല്‍കിയിരുന്നതെങ്കില്‍ 2003ല്‍ ഇത് 85 ശതമാനം വരെയായി വര്‍ധിപ്പിച്ചു. പണം നിര്‍മാണ മേഖലയിലൂടെ വിപണിയിലേക്ക് ഇറങ്ങിയപ്പോള്‍ തൊഴില്‍ലഭ്യതയും വളര്‍ന്നു. വീടുകളുടെ വിലയും വര്‍ധിച്ചു. നൂറുകണക്കിന് മോര്‍ട്ട്ഗേജ് കമ്പനികള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ചു.
വായ്പയുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഈ വായ്പയെ സെക്യൂരിറ്റി നല്‍കിക്കൊണ്ട് മോര്‍ട്‌ഗേജ് കമ്പനികള്‍ ബോണ്ടുകള്‍ ഇറക്കുകയും അതു കടവിപണിയില്‍ വ്യാപാരം നടത്തുകയുംചെയ്തു. ഏതാണ്ട് മൂന്നു ട്രില്യണ്‍ ഡോളര്‍വരെ ഇതുവഴി വിപണിയില്‍നിന്ന് സമാഹരിക്കാന്‍ മോര്‍ട്‌ഗേജ് കമ്പനികള്‍ക്ക് കഴിഞ്ഞു. വീടുകളുടെ വില കുതിച്ചുയര്‍ന്നതോടെ മോര്‍ട്‌ഗേജ് കമ്പനികള്‍ വന്‍തോതില്‍ ലാഭംകൊയ്തു. മറ്റു ജോലികള്‍ ചെയ്തിരുന്നവര്‍കൂടി വായ്പയെടുത്ത് വീടുകള്‍ നിര്‍മിച്ചുവില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തുതുടങ്ങി.
ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നടപടികള്‍ അമേരിക്കയിലെ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും തൊഴില്‍ നഷ്ടമാകുകയും കൂലി കുറയുകയുംചെയ്തു. മുതലാളിമാരും സര്‍ക്കാരും സാമൂഹ്യ സുരക്ഷിതത്വ പരിപാടികള്‍ വെട്ടിക്കുറച്ചു. മിക്കവര്‍ക്കും ബാങ്കുകളിലെ വായ്പകള്‍ തിരിച്ചടയ്ക്കാനായില്ല. 2003 മുതല്‍ അമേരിക്കന്‍ ബാങ്കുകളില്‍ കിട്ടാക്കടങ്ങള്‍ പെരുകിത്തുടങ്ങി.
2005 ഡിസംബറിലെ കണക്കുകള്‍പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ കിട്ടാക്കടം 838 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ മോര്‍ട്‌ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ 2006 ഡിസംബറില്‍ സബ് പ്രൈം മോര്‍ട്ട്ഗേജ് വായ്പകളിലെ കിട്ടാക്കടം 300 ബില്യണ്‍ ഡോളര്‍ വരുമെന്ന് സൂചിപ്പിച്ചിരുന്നു.
കിട്ടാക്കടങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 1996ല്‍ അമേരിക്കയില്‍ 12 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇത് 2005 ആയപ്പോഴേക്കും അഞ്ഞൂറിലധികമായി വര്‍ധിച്ചു. ഇവരുടെ ഉപദ്രവം സംബന്ധിച്ച പരാതികളാണ് അമേരിക്കന്‍ പൊലീസിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന.
കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗിക്കുമെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു 'ഡിഫോള്‍ട്ട് സ്വാപ്പുകളും' ഇതര ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങളും. ആറുമാസം മുമ്പു പോലും 'മൂഡീസും സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറും' പോലുളള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഈ സെക്യൂരിറ്റി ബോണ്ടുകള്‍ക്കും 'ഡിഫോള്‍ട്ട് സ്വാപ്പു'കള്‍ക്കും ട്രിപ്പിള്‍ എ റേറ്റിങ് നല്‍കിയിരുന്നു. ഇതുകാരണം വിദേശരാജ്യങ്ങളിലെ ബാങ്കുകള്‍പോലും ഈ ഡെറിവേറ്റീവുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഉയര്‍ന്ന വ്യാപാരകമ്മിയും യുദ്ധം വഴി ഉയര്‍ന്ന ബജറ്റ് കമ്മിയും അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധി സഭയിലും ബുഷിന്റെ റിപ്പബ്ളിക്കന്‍ പാര്‍ടി പരാജയപ്പെടുകയുംചെയ്തു. ഈ കാരണങ്ങളാല്‍ അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാകാന്‍ തുടങ്ങി. മിക്ക കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളറിന് ഇടിവ് സംഭവിച്ചു. ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് ബ്രസീലിയന്‍ 'റില' യുമായിട്ടാണ്. രണ്ടാംസ്ഥാനം ഇന്ത്യന്‍ രൂപയ്ക്കായിരുന്നു. ഏകദേശം 10 ശതമാനത്തിലേറെ നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്.
കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാനായി മോര്‍ട്‌ഗേജ് കമ്പനികള്‍ വീടുകള്‍ ഏറ്റെടുത്തുവില്‍പ്പന തുടങ്ങിയതോടെ അമേരിക്കയിലെ വീടുകളുടെ വില ഇടിഞ്ഞുതുടങ്ങി. നൂറിലേറെ മോര്‍ട്‌ഗേജ് കമ്പനികള്‍ ഇതിനകം അവിടെ തകര്‍ന്നുകഴിഞ്ഞു.
കണ്‍ട്രി വൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന ഏറ്റവും വലിയ അമേരിക്കന്‍ മോര്‍ട്‌ഗേജ് കമ്പനിക്കാണ് ഏറെ ക്ഷതംപറ്റിയത്. തോര്‍ണ്‍ബര്‍ഗ് മോര്‍ട്‌ഗേജ് എന്ന രണ്ടാമത്തെ വലിയ കമ്പനി നഷ്ടം കാരണം പുതിയ വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. 40 ബാങ്കുകള്‍കൂടിചേര്‍ന്ന് 11.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയാണ് കണ്‍ട്രി വൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ നിലനിര്‍ത്തിയിട്ടുളളത്. ഈ തകര്‍ച്ച ആഗോള ഓഹരി വിപണിയിലേക്ക് പടര്‍ന്നു.
ഭീകരമായ ഈ തകര്‍ച്ചയെത്തുടര്‍ന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സണ്‍ ഉടന്‍ തന്നെ വാള്‍സ്ട്രീറ്റ് ജേണലിന് അഭിമുഖം നല്‍കിക്കൊണ്ട് ടിവിയില്‍ പ്രത്യക്ഷ പ്പെടുകയും 'അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഈ തകര്‍ച്ചയെ അതിജീവിക്കാനുളള കരുത്തുണ്ടെന്ന്' അറിയിക്കുകയുമുണ്ടായി. ഇത് അമേരിക്കയുടെ ഭീതിയെ വെളിവാക്കുന്നു. എന്തിനെയും ഊഹക്കച്ചവടരംഗത്തേക്ക് കൊണ്ടുപോയി ലാഭമെടുക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ ലാഭക്കൊതിക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഇത്. അമേരിക്കയ്ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആഘാതമായി ഇതു മാറി.
ഇതിന്റെ പ്രതിധ്വനികള്‍ ലോക കമ്പോളങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായിട്ടുളളത്. ഒരാഴ്ചകൊണ്ട് ലോകവിപണിയില്‍ ഉണ്ടായിട്ടുളള നഷ്ടം അഞ്ചു ട്രില്യണ്‍ ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു.
ഈ തകര്‍ച്ചയില്‍നിന്ന് ചില പാഠങ്ങള്‍ നമുക്കും പഠിക്കാനുണ്ട്.
ധനമേഖല വിദേശികള്‍ക്കായി തുറന്നുകൊടുക്കുകയും അമേരിക്കന്‍ മോഡല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയുംചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് ഇത് അനുഭവ പാഠമാകേണ്ടതുണ്ട്. ഫുള്‍ കണ്‍വര്‍ട്ടബിലിറ്റിയിലേക്ക് നീങ്ങാനുളള തീരുമാനവും പുനഃപരി ശോധിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പംതന്നെ കടം വളര്‍ത്തി കൃത്രിമവളര്‍ച്ച സൃഷ്ടിക്കാമെന്ന വ്യാമോഹവും അപകടം ചെയ്യുമെന്ന് ഇത് അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.
(ലേഖകന്‍: സജി വര്‍ഗീസ് )
2 comments:
ധനമേഖല വിദേശികള്‍ക്കായി തുറന്നുകൊടുക്കുകയും അമേരിക്കന്‍ മോഡല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയുംചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് സബ്പ്രൈം മോര്‍ട്ട്ഗേജ് ക്രൈസിസ് അനുഭവ പാഠമാകേണ്ടതുണ്ട്. ഫുള്‍ കണ്‍വര്‍ട്ടബിലിറ്റിയിലേക്ക് നീങ്ങാനുളള തീരുമാനവും പുനഃപരി ശോധിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പംതന്നെ കടം വളര്‍ത്തി, കൃത്രിമമായി വളര്‍ച്ച സൃഷ്ടിക്കാമെന്ന വ്യാമോഹം അപകടം ചെയ്യുമെന്ന് ഇത് അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.
‘ഡിഫോള്‍ട്ട് സ്വാപ്പുകള്‍',‘ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍’എന്നീ ഓമനപ്പേരുകളില്‍ കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗിക്കുക തന്നെയാണ് . അതേ പോലെ അപലനീയമാണ് ഇക്കാര്യത്തില്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ റോളും. ഉദാരവല്‍കൃത വ്യവസ്ഥിതിയില്‍ ഈ ഏജന്‍സികള്‍ക്ക് വളരെ വലിയ ഒരു ഭൂമിക നിര്‍വഹിക്കാനുണ്ട്, ജനങ്ങളുടെ കയ്യിലെ പണം കുത്തകകളുടെ ഭണ്ഡാരത്തിലെത്തിക്കുന്നതില്‍. ആറുമാസം മുമ്പു പോലും 'മൂഡീസും സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറും' പോലുളള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ മോര്‍ട്ഗേജ് കമ്പനികള്‍ ഇറക്കിയ ബോണ്ടുകള്‍ക്കും 'ഡിഫോള്‍ട്ട് സ്വാപ്പു'കള്‍ക്കും ട്രിപ്പിള്‍ എ റേറ്റിങ് നല്‍കിയിരുന്നുവല്ലോ?
Post a Comment