Thursday, August 23, 2007

ഐ.ടി.യും ആരോഗ്യവും

കഴിഞ്ഞ ജൂലായില്‍ വര്‍ക്കേഴ്സ് ഫോറത്തില്‍ ‘ക്രിസില്‍ നിന്നും പന്ഥെയിലേക്കുള്ള ദൂരം’ എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഐ.ടി മേഖലയെക്കുറിച്ചുള്ള പ്രസ്തുത പോസ്റ്റില്‍, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, അവിടത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു. നാസ്കോമിന്റെ ( National Association of Software and Service Companies)തലപ്പത്തുണ്ടായിരുന്ന ദേവാങ്ങ് മേത്ത, താരതമ്യേന ചെറുപ്പം എന്നു പറയാവുന്ന നാല്പതാം വയസ്സില്‍ അന്തരിച്ചതും, സുനില്‍ മേത്ത എന്ന നാസ്കോമിലെ മുന്‍ റിസര്‍ച്ച് തലവന്‍ ഏതാണ്ട് ഇതേ പ്രായത്തില്‍ത്തന്നെ അന്തരിച്ചതും ആനുഷംഗികമായി അതില്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ കേരളമുള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ആ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇന്നത്തെ മംഗളം ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആരേയും വേദനിപ്പിക്കാനോ ഭീതി പടര്‍ത്താനോ തെല്ലും ഉദ്ദേശമില്ല എന്ന്‌ പ്രത്യേകം എടുത്തുപറയട്ടെ. പത്രവാര്‍ത്തയില്‍ ഒരു പക്ഷെ അല്പം അതിശയോക്തി കണ്ടേക്കാം; ചില പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്നും വന്നേക്കാം. എങ്കിലും വിഷയം ഗൌരവമുള്ളതായതുകൊണ്ടും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട് എന്ന് തോന്നുന്നത്‌ കൊണ്ടും പ്രസിദ്ധീകരിക്കുകയാണ്.

ഐ.ടി.മേഖലയില്‍ മാത്രമല്ല, കമ്പ്യൂട്ടറിനു മുന്നില്‍ അധിക സമയം ചിലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, വ്യായാമത്തിനു വേണ്ട പ്രാധാന്യം നല്‍കാന്‍ അവസരമില്ലാത്ത ഏവരും ഈ വിഷയം കൂടുതല്‍ ഗൌരവപൂര്‍വം ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന് തോന്നുന്നു . വികസിത നാടുകളില്‍ നിലവിലുള്ള പോലെ (ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റും) ഓരോ രണ്ട് മണിക്കൂര്‍ ജോലിക്കുശേഷവും നിര്‍ബന്ധിത വിശ്രമം നിയമം മൂലം കൊണ്ടുവരാനാകുമോ?

രാവിലെ മുതല്‍ വൈകീട്ട് വരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു നൂറാമത്തെ കമന്റിടാന്‍ മത്സരിക്കുന്നവരും കൂടി ഇത് ശ്രദ്ധിക്കണേ.. :)

ടെക്നോ പാര്‍ക്കില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് ഐ.ടി. വിദഗ്ദര്‍‍; വരൂ, ഐ.ടി. 'പാര്‍ക്കി'ല്‍ രോഗങ്ങളോടു സല്ലപിക്കാം

തിരുവനന്തപുരത്തെ മ്യൂസിയം പാര്‍ക്കും കൊച്ചിയിലെ സുഭാഷ് പാര്‍ക്കുമൊക്കെ നഗരവാസികള്‍ക്കു പകര്‍ന്നു നല്‍കുന്നത് മനസ്സമാധാനത്തിന്റെ ഇത്തിരി ഇടവേളകളാണ്. എന്നാല്‍ ഇതേ മെട്രോനഗരങ്ങളില്‍ നമ്മുടെ യുവതലമുറയ്ക്ക് കൈ നിറയെ ശമ്പളവും മനസു നിറയെ സംഘര്‍ഷങ്ങളും സമ്മാനിക്കുന്ന മറ്റു ചില 'പാര്‍ക്കു'കളുണ്ട്. ഐ.ടി. പാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഈ ഒറ്റത്തുരുത്തുകളും നഗരസാമാന്യത്തിന് അപ്രാപ്യമാണ്. കമ്പ്യൂട്ടര്‍ മൌസുകള്‍ കളിപ്പാട്ടമായ പുതുതലമുറയുടേയും അവരുടെ മാതാപിതാക്കളുടേയും സ്വപ്നങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് ഈ ഐ.ടി. പാര്‍ക്കുകളിലാണ്.

എന്നാല്‍ സ്വദേശ/വിദേശകമ്പനികള്‍ക്കു വേണ്ടി രാപകലന്യേ ഇവിടങ്ങളില്‍ പണിയെടുക്കുന്ന നമ്മുടെ ഐ.ടി. യുവത്വം നേരിടുന്ന പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ പുറംലോകമറിയുന്നില്ല. 'കരിയറിസ്റ്റുകളായ' നമ്മുടെ യുവതീയുവാക്കള്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ക്കൊപ്പം പ്രകാശവേഗത്തില്‍ കുതിക്കുമ്പോഴും അകാലരോഗങ്ങളുടെ കളിക്കൂട്ടുകാരുമാണെന്ന് സമീകാലസംഭവങ്ങള്‍ തെളിയിക്കുന്നു.

വിശ്രമമില്ലാത്ത ജോലിയും സമയം തെറ്റിയുള്ള ആഹാരക്രമവുമെല്ലാം സമ്മാനിക്കുന്നത്, ശരാശരി 25 വയസിനിടെ ബി.പിയടക്കമുള്ള രോഗങ്ങളാണ്. ഐ.ടി. മേഖലയില്‍ പത്തിലധികം യുവാക്കളാണ് ആറുമാസത്തിനിടെ മനഃസംഘര്‍ഷങ്ങള്‍ താങ്ങാനാകാതെ മരിച്ചത്.

രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, ഹൃദ്രോഗം...സമ്പന്ന മധ്യവയസ്കരുടെ രോഗങ്ങളെന്നു കളിയാക്കിപ്പറഞ്ഞിരുന്ന രോഗങ്ങള്‍ ഇന്ന് നമ്മുടെ യുവ ഐ.ടി. വിദഗ്ദരില്‍ സര്‍വസാധാരണം.

അവരില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇരയായി മരിക്കുന്നവരുടെയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്നവരുടെയും എണ്ണം ഞെട്ടിക്കുംവിധം വര്‍ധിക്കുകയാണ്. കേരളത്തിലെ പ്രധാന ഐ.ടി. കേന്ദ്രമായ ടെക്നോപാര്‍ക്കിലെ വലിയൊരുവിഭാഗം പ്രൊഫഷണലുകള്‍ പലതരം രോഗങ്ങളുടെ പിടിയിലാണ്.

താങ്ങാനാവാത്ത ഓവര്‍ടൈം ജോലിയാണ് പല കമ്പനികളും തുടര്‍ച്ചയായി നല്‍കുന്നത്. പ്രതിദിനം 12 മുതല്‍ 16 മണിക്കൂര്‍വരെയാണ് വിദേശകമ്പനികള്‍ നിയന്ത്രിക്കുന്ന ചില സ്ഥാപനങ്ങളിലെ ജോലിസമയം. കൃത്യസമയത്തു ഭക്ഷണമോ വിശ്രമമോ ഇല്ലാതെ ഇവര്‍ കമ്പനിക്ക് അഭിമാനാര്‍ഹനേട്ടം സമ്മാനിക്കുന്നു. പാതിരാത്രിവരെ ഓഫീസില്‍ തങ്ങി ജോലി തീര്‍ത്തു വീട്ടിലേക്ക് മടങ്ങിയാലും ഉറങ്ങാന്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉറക്കഗുളികകളുടെയും സഹായം തേടുന്നവരാണ് ഭൂരിപക്ഷവും. രാത്രി വൈകി ഓഫീസില്‍നിന്നു വീട്ടിലെത്തിയ ഇരുപത്തിയഞ്ചുകാരനെ പിറ്റേന്നു രാവിലെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവവും മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനനഗരിയിലുണ്ടായി.

രണ്ടു വിദേശികളടക്കം ടെക്നോപാര്‍ക്കിലെ നാലു വിദഗ്ദര്‍‍ ഈ മാസം മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എറണാകുളം സ്വദേശി സാം ഐസക്ക് (28), തമിഴ്‌നാട്‌ സ്വദേശി ഹരിശങ്കര്‍ (26) എന്നിവര്‍ മരണത്തിലേക്കു വഴുതിവീണത് ജോലിക്കിടയിലാണ്.

അമേരിക്കക്കാരനായ ബഞ്ചമിന് ദുരനുഭവമുണ്ടായത് സ്വദേശത്തു മടങ്ങിയെത്തിയപ്പോഴാണ്. ടെക്നോപാര്‍ക്കിലെ പ്രമുഖ യു.എസ്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കപ്പെട്ടതുകൊണ്ടുമാത്രം കഴിഞ്ഞദിവസം രക്ഷപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ അര്‍ധരാത്രി സ്വയം കാറോടിച്ച് ആശുപത്രിയിലേക്കു പുറപ്പെട്ട ഇദ്ദേഹം ബൈപാസ് ഹൈവേയില്‍ അബോധാവസ്ഥയിലായി. കണ്ടുനിന്നവര്‍ ആശുപത്രിയിലെത്തിച്ച ഈ മുപ്പത്തിയഞ്ചുകാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ 'ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍' സുഖം പ്രാപിച്ചുവരുന്നു.

ടെക്നോപാര്‍ക്കിലെ സ്വകാര്യ ക്ളിനിക്കിലോ പ്രമുഖ ആശുപത്രികളിലോ എത്തുന്ന ബഹുഭൂരിപക്ഷം ടെക്നോക്രാറ്റുകളും അമിത രക്തസമ്മര്‍ദം, കൊളസ്ടോള്‍, ശരീരവേദന തുടങ്ങി ഏതെങ്കിലും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.

ടെക്നോപാര്‍ക്കിലെ ഐ.ടി. വിദഗ്ധര്‍ക്കിടയില്‍ ക്രമേണ രൂപപ്പെട്ടുവന്ന ഈ പ്രശ്നങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

പരിഹാരനിര്‍ദേശവും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ പ്രൊഫഷണലുകള്‍ക്ക് നല്ല തൊഴില്‍ അന്തരീക്ഷമാണുള്ളതെന്നു വരുത്തിത്തീര്‍ത്ത് ടെക്നോപാര്‍ക്ക് പ്രതിനിധികള്‍ പ്രശ്നം ഒതുക്കിത്തീര്‍ത്തു. മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രൊഫഷണലുകള്‍ക്ക് മികച്ച ആരോഗ്യപാക്കേജുകള്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പല കമ്പനികളും ആരംഭിച്ചു.

21 comments:

വര്‍ക്കേഴ്സ് ഫോറം said...

ഐ.ടി.മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് വര്‍ക്കേഴ്സ് ഫോറം ജൂലായില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനു അനുബന്ധമായി ഒരെണ്ണം കൂടി. ഇന്നത്തെ മംഗളം ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെപുന: പ്രസിദ്ധീകരിക്കുന്നു. ആരേയും വേദനിപ്പിക്കാനോ ഭീതി പടര്‍ത്താനോ തെല്ലും ഉദ്ദേശമില്ല എന്ന്‌ പ്രത്യേകം എടുത്തുപറയട്ടെ. പത്രവാര്‍ത്തയില്‍ ഒരു പക്ഷെ അല്പം അതിശയോക്തി കണ്ടേക്കാം; ചില പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്നും വന്നേക്കാം. എങ്കിലും വിഷയം ഗൌരവമുള്ളതായതുകൊണ്ടും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട് എന്ന് തോന്നുന്നത്‌ കൊണ്ടും പ്രസിദ്ധീകരിക്കുകയാണ്.

Mr. K# said...

വാര്‍ത്ത കണ്ടിരുന്നു. ഇവിടെ പ്രസിദ്ധീകരിച്ചതിനു നന്ദി. ഇത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടവര്‍ ഇവിടെത്തന്നെയായിരിക്കും ഉണ്ടായിരിക്കുക.

Anonymous said...

ഐ.ടി. മേഖലയിലെ പ്രശ്നങള്‍ മൂടിവെക്കാനാണ്‌ എല്ലവാര്‍ക്കും താത്പര്യം. അതൊരു ഗ്ളാമര്‍ഉള്ള മേഖലയാണല്ലൊ. അവിടെ പ്റശ്നങളൊന്നുമില്ല, എല്ലാവരും ഹാപ്പിയാണ്‌ എന്നു പറഞു നടക്കാനാണ്` അവിടെ ജോലി ചെയ്യുന്നവര്‍ക്കും താത്പര്യമെന്നു തോന്നുന്നു. പക്ഷെ " ചുവരില്ലാതെ ചിത്രമെഴുതാന്‍ പറ്റില്ല" എന്ന കാര്യം വിസ്മരിച്ചാല്‍ പിന്നെ ഇഷ്ടം പോലെ കാശ് ഉണ്ടെന്നു പറഞിട്ടെന്തോന്നു കാര്യം . അതു കൊണ്ട് 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം ,8 മണിക്കൂര്‍ വിശ്റമം എന്നീ പഴന്‍ചന്‍ മുദ്രാവാക്ക്യങള്‍ പൊടി തട്ടി പുറത്തെടുത്താലെ, പ്റിയപ്പെട്ട ഐ.ടി.ക്കാരാ, നിങല്‍ രക്ഷപ്പെടുകയുള്ളൂ

കിരണ്‍ തോമസ് തോമ്പില്‍ said...

ആരോഗ്യ പ്രശ്നങ്ങളോന്നും ഇല്ലാ എന്ന് ആരും പറഞ്ഞിട്ടില്ല . എന്നാല്‍ IT യില്‍ എന്തോ ഭീകര പ്രശ്നങ്ങള്‍ ഉണ്ട്‌ എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ്‌ യഥാര്‍ത പ്രശ്നം. ഏത്‌ തൊഴില്‍ മേഖലയോടനുബന്ധിച്ചും ആരോഗ്യ പ്രശ്നങ്ങളുണ്ട്‌. അതുപോലെ IT യിലുമുണ്ട്‌. ശ്രദ്ധിച്ചില്ലെങ്കില്‍ അത്‌ മരണകാരണവുമാകാം. എന്നാല്‍ അത്‌ തൊഴില്‍ പീഠനം കൊണ്ടാണ്‌ എന്നൊക്കെ ധ്വനിപ്പിക്കുമ്പോള്‍ അതിന്റെ തലം മാറുന്നു.

കൂടുതല്‍ പണം കിട്ടുമ്പോള്‍ തുടങ്ങുന്ന ആര്‍ബാട ജീവിതത്തിന്റെ തുടര്‍ പ്രശ്നങ്ങളാണ്‌ ഇവ. അത്‌ IT യില്‍ മാത്രമല്ല പുത്തന്‍ തലമുറ ജോലികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഉണ്ട്‌. ബാങ്കുകളിലും ഇന്‍ഷൂറന്‍സ്‌ മേഖലയിലും മെഡിക്കല്‍ സയില്‍ റപ്പ്‌ എല്ലാവരും ഇതില്‍പ്പെടും. എന്നാല്‍ IT മാത്രം എന്തോ മോശം മേഖലയെന്ന് രീതില്‍ അവതരിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. അതില്‍ IT ജോലിക്കാര്‍ക്കും ഒരു പങ്കുണ്ട്‌. മറ്റ്‌ മേഖലയില്‍ ഉള്ളവര്‍ പൊതു ജനങ്ങളുമായി ഇടപഴകുന്നവരാണ്‌ എന്നാല്‍ IT ക്കാര്‍ ഇത്തിരി ജാഡയിട്ട്‌ നടക്കുമ്പോഴും അവരുടെ മാതാപിതാക്കള്‍ പൊങ്ങച്ചം പറയുന്നത്‌ കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന ചെറിയ മനോവിഷമം ഇവരെ താഴ്ത്തിക്കെട്ടാനുള്ള മനോഭാവം ഉണ്ടാക്കുന്നു. അല്ലാതെ IT ക്കാരുടെ ആരോഗ്യത്തില്‍ ഉള്ള സ്നേഹം കൊണ്ടാണ്‌ ഇതെന്ന് തോന്നിന്നില്ല. ഇനി 8 മണിക്കൂര്‍ ജോലി 8 മണിക്കുര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം എന്നൊക്കെ പൊടി തട്ടിയെടുത്ത്‌ ഇവിടെ തൊഴിലാളി ക്ഷേമം കൂടി ഉറപ്പുവരുത്തിയാല്‍ എല്ലാം പൂര്‍ത്തിയാകും.

myexperimentsandme said...

തൊഴില്‍ രംഗത്തെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി പറയുമ്പോള്‍ മെഡിക്കല്‍ ഫീല്‍ഡില്‍ (ഹൌസ് സര്‍ജന്മാര്‍ തൊട്ട് എംഡി, ഡി.എം മുതലായ കോഴ്‌സുകള്‍ പഠിക്കുന്നവരും ഡോക്‍ടര്‍മാരും ഉള്‍പ്പടെ) ഉള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയും എപ്പോഴെങ്കിലും പറയുമെന്ന് വിചാരിക്കട്ടെ. ആഹാരത്തിന്റെയും വ്യായാമത്തിന്റെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന, അതിനെപ്പറ്റിയൊക്കെ ഇവര്‍ ഇടപഴകുന്ന സമൂഹത്തിന് ഏറ്റവും ആധികാരികമായി പറഞ്ഞ് കൊടുക്കുന്ന ഇവര്‍ സമയത്ത് ആഹാരം കഴിക്കുകയോ വേണ്ട വ്യായാമങ്ങള്‍ ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല എന്നാണ് ഒരു കേള്‍വി. എവിടെയോ വായിക്കുകയും ചെയ്‌തിരുന്നു.

മംഗളത്തില്‍ തന്നെയാണോ അതോ കേരള കൌമുദിയിലായിരുന്നോ ഐ.ടി രംഗത്തെ ആരോഗ്യപ്രശ്‌നത്തെപ്പറ്റി വേറൊരു വാര്‍ത്തയുണ്ടായിരുന്നല്ലോ. അതില്‍ ബാംഗ്ലൂര്‍ മുതലായ സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ആള്‍ക്കാര്‍ അത് എങ്ങിനെയൊക്കെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും അത് ഏറെക്കുറെ വിജയകരമായി എന്നും (രാവിലെ ജോലിയ്ക്ക് മുന്‍പ് നിര്‍ബന്ധിത വ്യായാമം, യോഗ, മെഡിറ്റേഷന്‍ മുതലായവ ഉള്‍പ്പടെ) ആ പത്രവാര്‍ത്തയില്‍ വായിച്ചിരുന്നു.

വര്‍ക്കേഴ്സ് ഫോറം said...

കുതിരവട്ടന്‍, കോരുണ്ണിമാഷ്, കിരണ്‍ തോമസ്, വക്കാരി മഷ്ടാ..നന്ദി...

ഏത് മേഖലയിലും ആരോഗ്യപ്രശ്നങ്ങളുണ്ട് എന്ന കിരണിന്റെ വാദഗതി അംഗീകരിക്കുന്നു. ഒരു പക്ഷെ, തൊഴില്‍ രീതികളുടെ പ്രത്യേകത കൊണ്ടായിരിക്കാം പലപ്പോഴും ഇത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഐ.ടിയോടുള്ള വിരോധം ഈ വാര്‍ത്തകളില്‍ ഉണ്ടോ? ഇല്ല എന്നാണ് തോന്നുന്നത്. എല്ലാ സൌഭാഗ്യങ്ങളും അനുഭവിക്കുന്നവര്‍ എന്ന് പലരും വിചാരിക്കുന്നവരും തങ്ങളുടേതായ രീതിയില്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ് എന്ന് വിചാരിച്ചുകൂടേ? ആ പോസ്റ്റിന്റെ തുടക്കം തന്നെ പറഞ്ഞ ഈ ഭാഗം ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ...

"ഐ.ടി.മേഖലയില്‍ മാത്രമല്ല, കമ്പ്യൂട്ടറിനു മുന്നില്‍ അധിക സമയം ചിലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, വ്യായാമത്തിനു വേണ്ട പ്രാധാന്യം നല്‍കാന്‍ അവസരമില്ലാത്ത ഏവരും ഈ വിഷയം കൂടുതല്‍ ഗൌരവപൂര്‍വം ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന് തോന്നുന്നു . വികസിത നാടുകളില്‍ നിലവിലുള്ള പോലെ (ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റും) ഓരോ രണ്ട് മണിക്കൂര്‍ ജോലിക്കുശേഷവും നിര്‍ബന്ധിത വിശ്രമം നിയമം മൂലം കൊണ്ടുവരാനാകുമോ?

രാവിലെ മുതല്‍ വൈകീട്ട് വരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു നൂറാമത്തെ കമന്റിടാന്‍ മത്സരിക്കുന്നവരും കൂടി ഇത് ശ്രദ്ധിക്കണേ.. "

ഇവര്‍ മാത്രമല്ല റെയില്‍‌വേയില്‍ വിശ്രമമില്ലാതെ 36 മണിക്കൂറൊക്കെ ജോലിചെയ്യേണ്ടിവരുന്ന ഗാര്‍ഡുമാരും ഡ്രൈവര്‍മാരും ഒക്കെ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവസാനം തളര്‍ന്നു വീണിട്ടാണ് ഇവിടെ പലരും ഓഫ് നേടുന്നത്.

“IT ക്കാരുടെ ആരോഗ്യത്തില്‍ ഉള്ള സ്നേഹം കൊണ്ടാണ്‌ ഇതെന്ന് തോന്നുന്നില്ല“ എന്നതിനു ഇതുമാത്രമേ പറയാനുള്ളൂ.. വര്‍ക്കേഴ്സ് ഫോറത്തിനു എല്ലാ മേഖലയിലേയും തൊഴിലെടുക്കുന്നവരോടും തീര്‍ച്ചയായും സ്നേഹം ഉണ്ട്. ഐ.ടി.മേഖലയെ ഒഴിവാക്കുന്നില്ല എന്നു മാത്രം. മറ്റു മേഖലകളില്‍ നിന്നും ഐ.ടി.മേഖലയെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങള്‍ ഇല്ലേ? ആരോഗ്യം മോശമാകുവാന്‍ കാരണമാകുന്ന odd timing, deadline സമ്മര്‍ദ്ദം മുതലായവ കണക്കിലെടുക്കണം എന്നു പറഞ്ഞാല്‍ അത് ഐ.ടി മേഖലയെക്കുറിച്ച് ഭീതി പടര്‍ത്താനാണെന്നു കരുതണോ?

“ഇനി 8 മണിക്കൂര്‍ ജോലി 8 മണിക്കുര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം എന്നൊക്കെ പൊടി തട്ടിയെടുത്ത്‌ ഇവിടെ തൊഴിലാളി ക്ഷേമം കൂടി ഉറപ്പുവരുത്തിയാല്‍ എല്ലാം പൂര്‍ത്തിയാകും“ എന്നതിനെക്കുറിച്ച്. ഇതെന്തായാലും സ്വീകാര്യമായ വാദമല്ല. അടിമപ്പണി ചെയ്തിരുന്ന ഒരു ജനതയാണ് പോരാട്ടങ്ങളിലൂടെ “8 മണിക്കൂര്‍ ജോലി 8 മണിക്കുര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം“ എന്ന അവകാശം സ്ഥാപിച്ചെടുത്തത്. അത് തിരിച്ചെടുക്കാ‍നുള്ള ശ്രമങ്ങള്‍ എല്ലാ ശക്തിയോടെയും (മാര്‍ഗ്ഗങ്ങളിലൂടെയും) കുത്തകകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അതിനെ ന്യായീകരിക്കുന്ന രീതിയിലായില്ലെ കിരണിന്റെ വാദം? വികസിത രാജ്യങ്ങളില്‍ ഒരു തൊഴിലാളി ആഴ്ചയില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

വക്കാരി പറഞ്ഞതുപോലെ മറ്റു മേഖലകളിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട്. ആ വാര്‍ത്തയുടെ ലിങ്ക് കിട്ടുമെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ.

നിര്‍ബന്ധിത വ്യായാമം, യോഗ, മെഡിറ്റേഷന്‍ എന്നിവ വിശ്രാന്തി(relaxation) ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. അതിനാണല്ലോ ഒരു നിശ്ചിത സമയം ജോലി ചെയ്തു കഴിഞ്ഞാല്‍ നിര്‍ബന്ധിത ടൈം ഓഫ് നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഈ മുദ്രാവാക്യങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ മാത്രം ഉയര്‍ത്തിയാല്‍ പോരാ എന്നും ലോകം മുഴുവന്‍ തന്നെ ഉയര്‍ത്തേണ്ടതുണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്. മൂലധനത്തിന്റെ ആഗോളവത്കരണം നിര്‍ബാധം നടക്കുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങളുടെ ആഗോളവത്കരണവും നടക്കേണ്ടതല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

ആഗോളവല്‍ക്കരണം കൊണുണായ തൊഴിലുകള്‍ക്കൊപ്പം അതെ തൊഴിലാളി സാഹചര്യങ്ങളും ഇവിടെ ഉണായാല്‍ ഈ കിട്ടുന്ന ജോലിയെങ്കിലും പോയിക്കിട്ടും എന്നതാണ് സത്യം. അപ്പോള്‍ പിന്നെ ഞങളേപ്പോലെ ഉള്ളവര്‍ക്ക് വേണമെങ്കില്‍ 24 മണിക്കൂറും വിശ്രമിക്കുകയോ 24 മണിക്കൂര്‍ ജോലി ചെയ്യുകയോ ആകാം. അവകാശ ബോധവും മറ്റു ഏറിയതിനാല്‍ കേരളത്തിലെ ആള്‍ക്കാര്‍ ഇപ്പോള്‍ വെയില്‍കൊണ്ട് പണി എടുക്കില്ല. അതിന് ഉത്തരേന്ത്യക്കാരും തമിഴന്മാരും ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാത്ത ഗള്‍ഫില്‍ പോയി പണിയെടുക്കുകയും ചെയ്യാം. ഇന്നത്തേ മാത്ര്‌ഭുമിയില്‍ ഡോ. ജിതേഷ് എഴുതിയ ലേഖനത്തില്‍ സമ്മര്‍ദ്ദം ഏറ്റവും അനുഭവിക്കുന്ന വിഭാഗം ഡോക്ടര്‍മാരാണ് എന്ന് പറ്യുന്നുണ്. ഡോക്‌ടര്‍മാരും നഴ്സുമാരും പട്ടാളക്കാരും ഐ.ടി. ക്കരും പത്രപ്രവര്‍ത്തകരും, അസംഘടിത ഉത്തരേന്ത്യന്‍ തമിഴ് തൊഴിലാളികളുമൊക്കെ അവരുടെ ജോലിയുടെ സ്വഭാവംകൊണാണ് കൂടുതല്‍ സമയം ജോലി ചെയൂന്നത്. അത് പലര്‍ക്കും പല ആരോഗ്യപ്രശ്നങളും ഉണ്ടാക്കും എന്നത് സത്യം. അല്ലെങ്കില്‍ പിന്നെ ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലിയോ പൊതുമേഖല ജോലിയോ ലഭിക്കണം. എല്ലാവര്‍ക്കും അത് കിട്ടുന്ന ഒരു സാഹചര്യം ഉണായാല്‍ മതി എല്ലാ പ്രശ്നവും പെട്ടെന്ന് തീരും. അതാണോ നമ്മുടെ ആത്യതിക ലക്ഷ്യം

Nachiketh said...

ആശങ്കകള്‍ തന്നെ, പ്രശനങ്ങളില്ലയെന്നല്ല നിരവധിയാണ് പക്ഷെ .........ഇതു പറഞ്ഞു ഈ മേഖലെയെ കൂടി രാഷ് ട്രീയവല്‍ക്കരിച്ചാല്‍ പ്രശനമവസാനിക്കുമെങ്കില്‍ തുടര്‍ന്ന് മറ്റെല്ലാ തൊഴില്‍ മേഖലയിലും സംഭവിച്ച അപചയം വിവര സാങ്കേതിക രംഗത്തുമുണ്ടാവും

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

കിരണിന്റെ വാദഗതി അത്ര ശരിയാണെന്ന് തോന്നുന്നില്ല. അവകാശബോധമുണ്ടാകുന്നത് ഒരിക്കലും തെറ്റല്ലെന്നു മാത്രമല്ല അവശ്യം കൂടിയാണ്. അങ്ങനെ അവകാശ ബോധമുണ്ടായതു കൊണ്ടാണ് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ഉച്ഛനീചത്വം അല്പമെങ്കിലും കുറഞ്ഞിരിക്കുന്നത്? മലയാളി കേരളത്തില്‍ വെയിലുകൊണ്ട് പണിയെടുക്കില്ല എന്ന വാദം വളരെ സബ് ജക്ടീവാണെന്നു പറയാതെ വയ്യ.

തമിഴനും ഉത്തരേന്ത്യക്കാരനുമൊക്കെ കേരളത്തില്‍ വരുന്നത് അവര്‍ക്ക് അവിടെ കിട്ടുന്നതിനേക്കാള്‍ കൂലി ഇവിടെ കിട്ടും എന്നതു കൊണ്ട് തന്നെയാണ്. ആ സംസ്ഥാനങ്ങളിലെ പാവങ്ങളുടെ സ്ഥിതി അത്രയും മോശമാണ് എന്നതിന്റെ തെളിവാണ് കേരളത്തിലേക്കുള്ള ഒഴുക്ക്. മെച്ചപ്പെട്ട സ്ഥിതി കേരളത്തില്‍ ഉണ്ടായത്ത് ഇവിടെ നിലനില്‍ക്കുന്ന അവകാശബോധം കൊണ്ട് തന്നെയാണ്. പല തരം ചൂഷണങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ച് അറിയില്ല എന്നാണോ?

അസംഘടിത തൊഴിലാളികളുടെ കഷ്ടപ്പാട് അവരുടെ തൊഴില്‍ സാഹചര്യത്തില്‍ നിന്നും ഉണ്ടാകുന്നതല്ലെന്നും ‘അസംഘടിതം’ എന്ന അവസ്ഥ തന്നെയാണതിനു കാരണം എന്നും ദയവായി തിരിച്ചറിയുക. കിരണ്‍ ചൂണ്ടിക്കാണിച്ച മറ്റു മേഖലകളില്‍ നിന്നും തുലോം വ്യത്യസ്തമാണവരുടെ കാര്യം.

ഒരു കാലത്ത് കേരളത്തിലെ അദ്ധ്യാപകരുടെ അവസ്ഥ എത്രത്തോളം ദയനീയമായിരുന്നുവെന്നും ഒന്നാം ഇ.എം.എസ് മന്ത്രിസഭ ആ സ്ഥിതിക്ക് മാറ്റം വരുത്തിയതെങ്ങിനെ എന്നും കിരണിനറിയാമല്ലോ. ഇന്ന് മെച്ചപ്പെട്ട വേതനവും മറ്റും ലഭിക്കുന്ന എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ ഒരു കാലത്ത് വന്‍‌ചൂഷണം അനുഭവിച്ചിരുന്നവരാണെന്നും അവകാശബോധവും ത്യാഗങ്ങള്‍ സഹിക്കാനുള്ള സന്നദ്ധതയും തന്നെയാണവരുടെ സ്ഥിതി മെച്ചപ്പെടുത്തിയത് എന്നും നാം അറിയേണ്ടതുണ്ട്.

നേരത്തേ പറഞ്ഞതു തന്നെ വീണ്ടും പറയുകയാണ്. എല്ലാ മേഖലകളിലേയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഐ.ടി.മേഖലയെ മാത്രമായി അതില്‍ നിന്നും ഒഴിവാക്കുക എന്നതു പോലെ ഐ.ടി.മേഖലയെക്കുറിച്ച് മാത്രം പറയുക എന്നതും ശരിയായ നിലപാടല്ല.

രണ്ടു രാജ്യങ്ങളിലെ, അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളി സംഘടന ഉണ്ടോ ഇല്ലയോ, തൊഴില്‍ നിയമങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നതിനെ അനുസരിച്ചും വിദേശ നാണയത്തിന്റെ വിനിമയ നിരക്കിലെ വ്യത്യാസം അനുസരിച്ചും തൊഴിലുകള്‍ അല്ലെങ്കില്‍ വ്യവസായങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എങ്കില്‍ അത്‌ മുഖ്യമായും മൂലധനതാല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. മൂലധനത്തിനു ലാഭം, കൂടുതല്‍ കൂടുതല്‍ ലാഭം , ഉണ്ടാക്കുക എന്നത്‌ മുഖ്യമായ ലക്ഷ്യം ആയതിനാല്‍ ഇതിനേക്കാള്‍ ലാഭം ലഭിക്കുന്ന രംഗത്തേക്കും രാജ്യത്തേക്കും മൂലധനം വഴിതിരിച്ചുവിടപ്പെടും എന്നതിനാല്‍ അത്തരം തൊഴിലുകള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാന്‍ സാദ്ധ്യതയില്ല തന്നെ.

അതിനാല്‍ ഇതിനെ മുന്‍‌കൂട്ടി കണ്ട് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. ഇന്ത്യ തദ്ദേശീയമായ ബദലുകള്‍ കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. (സ്വാശ്രയം, സ്വദേശി, സ്വാവലംബം ഏതുമാകാം). ഉല്പാദന ശക്തികളെ കെട്ടഴിച്ച് വിടണം. അതിനാദ്യം വേണ്ടത് ഗ്രാമീണ ജനതയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്. അതിനു മുന്നുപാധി സമഗ്രമായ ഭൂപരിഷ്കരണവും.

"ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലിയോ പൊതുമേഖല ജോലിയോ ലഭിക്കണം. എല്ലാവര്‍ക്കും അത് കിട്ടുന്ന ഒരു സാഹചര്യം ഉണായാല്‍ മതി എല്ലാ പ്രശ്നവും പെട്ടെന്ന് തീരും. അതാണോ നമ്മുടെ ആത്യതിക ലക്ഷ്യം"

കിരണ്‍ എന്താണുദ്ദേശിച്ചതെന്ന് “ മനസ്സിലായി”. എങ്കിലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയോ പൊതുമേഖലാജോലിയോ ലഭിച്ചില്ലെങ്കിലും എല്ലാവരും മനുഷ്യരെപ്പോലെ ജീവിക്കണം എന്നു സ്വപ്നം കാണുന്നത് തെറ്റാണോ?

പ്രിയ നചികേതസ്സ്,

എവിടേയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ട്. അത് പരിഹരിക്കണം എന്നു പറഞ്ഞാല്‍ ഉടനെ അതിനെ രാഷ്ട്രീയവത്കരണം എന്നു ചിത്രീകരിച്ചാല്‍ അതില്‍ രാഷ്ട്രീയം ഇല്ലേ ? ഉടമകള്‍ക്കനുകൂലമായ രാഷ്ട്രീയം? മറ്റെല്ലാ മേഖലകളിലും സംഭവിച്ച അപചയം ഐ.ടി.യില്‍ ഇല്ല എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല. തൊഴിലാളികള്‍ സംഘടിക്കുന്നതിനെയാണോ ഉദ്ദേശിച്ചത്?

തൊഴിലാളികള്‍ സംഘടിക്കുന്നതിനെയും സ്ഥാപനത്തിന്ന് അധികചെലവു വരുന്ന ഡിമാന്‍ഡുകള്‍ വക്കുന്നതിനേയും എല്ലാക്കാലത്തും ഉടമകള്‍ എതിര്‍ത്തിട്ടുണ്ട് എന്നതാണ് അനുഭവം.

തൊഴിലാളികള്‍ തന്നെ ഈ മുദ്രാവാക്യങ്ങള്‍ ഉടമകള്‍ക്കായി അറിഞ്ഞോ അറിയാതെയോ ഉയര്‍ത്തുന്നത് ഉടമകള്‍ സമ്മിതി നിര്‍മ്മിക്കുന്നതില്‍ (manufacturing consent) വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമല്ലേ? ഒരു പക്ഷെ ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായിരിക്കാം ഇത്. തൊഴിലിന്റെ കാഷ്വലൈസേഷനിലൂടെ, കൊഴിഞ്ഞുപോക്കിന്റെ അല്ലെങ്കില്‍ കൂട് വിട്ട് കൂടു മാറുന്ന നിറം പിടിപ്പിച്ച കഥകളിലൂടെ സ്വന്തം സ്ഥാപനം എന്നൊന്നില്ലാത്ത അവസ്ഥയിലേക്ക് തൊഴിലാളികളെ തള്ളിവിട്ട് അവരുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തുന്നതില്‍ ഉടമകള്‍ വിജയിക്കുന്നു എന്നതാണ് സത്യം.

കിരണ്‍ തോമസ് തോമ്പില്‍ said...

താത്വകമായി താങ്കള്‍ പറഞ്ഞതൊക്കെ ശരിയാണ്. എന്നാല്‍ യാഥാര്‍ത്യം എവിടെയാണ്. ഇവിടെ ഉത്തരേന്ത്യക്കാരന്‍ ചെയ്യുന്ന പണിയൊക്കെ മലയാളി യാതൊരു അവകാശ ബോധവുമില്ലാതെ ഗള്‍ഫില്‍ പോയി ചെയ്യുന്നില്ലേ. അവര്‍ അയക്കുന്ന പണംകൊണല്ലേ കേരളത്തിലേ വലിയൊരു വിഭാഗം ജീവിച്ചുപോകുന്നത്. ഇനി അവകാശങള്‍ നേറ്റിയെടുത്ത നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് പിണറായിയും വി.എസും ഒരേ സ്വരത്തില്‍ വിമര്‍ശിച്ചത് നാം കേട്ടതാണ്. ഇനി മുതലാളി മൂലധനം എന്നൊക്കെപ്പറഞ്ഞ് നമ്മള്‍ ഇനിയും കാലം കഴിച്ചു കൂട്ടണോ. മുതലാളി ലാഭം ഉണാക്കാതെ സോഷ്യലിസം നടപ്പിലാക്കണം എന്നാണോ നാം പറഞ്ഞു വരുന്നത്. ശാശ്വതമായ തൊഴില്‍ എന്ന ആശയം പറയാന്‍ കൊള്ളാം എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. പൊതുമേഖലാ സഥാപങള്‍ വെള്ളാനകളാണ് എന്ന് പറഞ്ഞത് ബുദ്ധദേവ് ഭട്ടാചാര്യയാണ്. കരീമും അത് വേരോരു രീതിയില്‍ പറഞ്ഞു കഴിഞ്ഞു. കാലത്തിനനുസരിച്ച് മാറാതെ പഴയ വരട്ടുവാദങ്ങളേ വീണും പൊടി തട്ടിയെടുത്താല്‍ 1990 കളിലെ പോലെ വലിയൊരു വിഭാഗം മിണു മുറുക്കി ഉടുത്ത് ജീവിക്കേണി വരും. പക്ഷെ പൊതുമേഖലക്കാരും അട്ടിമറി തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അപ്പോഴും സുഖമായി ജീവിക്കുന്നുണാകും.

myexperimentsandme said...

ഇതെന്നല്ല ഇതുപോലത്തെ ന്യായം തന്നെയായ തൊഴിലാളികളുടെ പല ആവശ്യങ്ങളെയും മറ്റുള്ളവര്‍ സംശയത്തോടെ കാണാനുള്ള ഒരു കാരണം സംഘടനകള്‍ തൊഴിലാളികളുടെ അവകാശബോധവും അവരുടെതന്നെ ഉത്തരവാദിത്തബോധവും തമ്മില്‍ ബാലന്‍സ് പാലിക്കാത്തതുകൊണ്ടാണെന്നാണ് എന്റെ അഭിപ്രായം.

തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്ന എത്ര സംഘടനകളുണ്ട് അതേ ഇന്റന്‍‌സിറ്റിയില്‍ അവരുടെ ഉത്തരവാദിത്തബോധങ്ങളെപ്പറ്റിയും ശ്രദ്ധിക്കുന്നത്. എട്ട് മണിക്കൂര്‍ ജോലി എന്നത് തൊഴിലാളികള്‍ ആ എട്ട് മണിക്കൂറും ജോലി ചെയ്യുന്നുണ്ടോ (പ്രത്യേകിച്ചും സര്‍ക്കാര്‍ സംരംഭങ്ങളില്‍) എന്ന് ഉറപ്പ് വരുത്തുന്നുണ്ടോ സംഘടനകള്‍? എട്ട് മണിക്കൂര്‍ ജോലി ഉത്തരവാദിത്തബോധത്തോടെ ചെയ്തില്ലെങ്കില്‍ സംഘടനാപരമായും നിയമപരമായും നടപടി എടുക്കുമെന്നും അത്തരക്കാര്‍ക്ക് സംഘടനയുടെ യാതൊരു പിന്തുണയും കിട്ടില്ലെന്നുമുള്ള ശക്തമായ സന്ദേശം സംഘടനകള്‍ ജോലിക്കാര്‍ക്ക് കൊടുക്കുന്നുണ്ടോ? സംഘടനകള്‍ അതിലും കൂടി ജാഗരൂകരാണെങ്കില്‍ കൈക്കൂലി പോലുള്ള കാര്യങ്ങള്‍ വരെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഒരു ജീവനക്കാരന്‍ ശിക്ഷണനടപടികള്‍ക്ക് വിധേയനായാലും അതിന്റെ മെരിറ്റ് നോക്കാതെ അയാളെ പരമാവധി സംരക്ഷിക്കാനാണ് പല സംഘടനളും നോക്കുന്നത്. അത് എന്ത് തെറ്റ് ചെയ്താലും എങ്ങിനെയെങ്കിലും ഊരിപ്പോരാം എന്ന തെറ്റായ സന്ദേശം ജീവനക്കാര്‍ക്കും ജീവനക്കാരെ എന്ത് വിലകൊടുത്തും രക്ഷിക്കുക എന്നതാണ് സംഘടനകളുടെ ലക്ഷ്യം എന്ന തെറ്റായ സന്ദേശം സാധാരണക്കാര്‍ക്കുമല്ലേ കൊടുക്കുന്നത്?

എട്ട് മണിക്കൂര്‍ ശരിയായി ചെയ്താല്‍ തീരാവുന്ന ജോലിയേ നാട്ടില്‍ പലയിടത്തുമുള്ളൂ. എട്ട് മണിക്കൂറും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാതെ വരുമ്പോഴാണ് ജോലികള്‍ പെന്‍ഡിംഗ് ആവുന്നതും പതിനാലും പതിനാറും മണിക്കൂര്‍ ജോലികള്‍ക്ക് സ്വീകാര്യത വരുന്നതും പിന്നെ ആരെങ്കിലും അധികജോലിഭാരത്തെപ്പറ്റി പറഞ്ഞാല്‍ തന്നെ പലരും അത് ചെവികൊള്ളാത്തതും. എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂറും ചെയ്യുന്നുണ്ടെന്ന് സംഘടനകള്‍ ഉറപ്പ് വരുത്തിയാല്‍ അവര്‍ പിന്നെ സ്വകാര്യ കമ്പനികളായാലും നടത്തുന്ന അധിക ജോലിഭാരം മുതലായ ചൂഷണങ്ങളെപ്പറ്റി പറഞ്ഞാല്‍ ആള്‍ക്കാര്‍ക്ക് വിശ്വാസ്യത വരും.

സംഘടനകള്‍ പതിവ് രീതിയിലല്ലാത്ത ഒരു introspection നടത്തേണ്ടിയിരിക്കുന്നു, അവര്‍ പറയുന്നത് ആള്‍ക്കാര്‍ ചെവികൊള്ളാനും വിശ്വസിക്കാനും വേണ്ടി. അവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ഉത്തരവാദിത്തബോധവും. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നപോലെ തന്നെ സ്വന്തം സംഘടനയിലെ ആള്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തബോധങ്ങള്‍ നേരാംവണ്ണം നിറവേറ്റുന്നുണ്ട് എന്നും സംഘടനകള്‍ ശ്രദ്ധിക്കണം. തെറ്റ് ചെയ്യുന്നവര്‍ക്ക് ശക്തമായ ശിക്ഷണനടപടികള്‍ സംഘടനകള്‍ തന്നെ വാങ്ങിച്ച് കൊടുക്കണം. അതൊക്കെക്കൊണ്ടാണെന്ന് തോന്നുന്നു, പല പുറം നാടുകളിലും സമരങ്ങള്‍ക്ക് നാട്ടിലെപ്പോലെ ഒരു നിഷേധകാത്മക നയം സാധാരണക്കാര്‍ക്ക് ഇല്ലാത്തത്. കാരണം സമരമില്ലാത്ത സമയത്ത് അവര്‍ക്ക് കിട്ടേണ്ടതായ സേവനങ്ങളെല്ലാം കിട്ടേണ്ടിടത്തുനിന്ന് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു യൂണിയന്‍ സമരം നടത്തിയാല്‍ അതിലെന്തെങ്കിലും ന്യായമായ കാരണങ്ങള്‍ കാണും എന്നൊരു തോന്നല്‍ സാധാരണക്കാര്‍ക്കുണ്ട്. നാട്ടില്‍ ആ തോന്നല്‍ പലര്‍ക്കുമില്ലാത്തതിന് കാരണം നാട്ടുകാര്‍ മാത്രമാണോ?

(ഐടിയും ആരോഗ്യവും എന്ന പോസ്റ്റില്‍ ഇത്രയും വലിയ ഓഫടിച്ചതിന് മാപ്പ്. എവിടെയെങ്കിലും പറയണമെന്ന് കരുതിയത് പറഞ്ഞു എന്നേ ഉള്ളൂ. വര്‍ക്കേഴ്സ് ഫോറത്തിന് ഓണാശംസകള്‍).

Inji Pennu said...

ഐടി മേഖലയിലെ പ്രശ്നങ്ങളെപറ്റി പറയുമ്പോള്‍ ഈ ലോകത്തുള്ള സകല ജോലി മേഖലകളിലെ പ്രശ്നങ്ങളെപറ്റിയും പറയണമെന്നുള്ളത് ഒരു ന്യായമല്ല.

ഐ.ടി മേഖലയില്‍ തീര്‍ച്ചയായും പ്രശ്നങ്ങളുണ്ട്. ഇത്രയും ‘ഗ്ലാമറസ്’ ജോലി മേഖലയില്‍ വരെ ഇതുമാതിരി പ്രശ്നങ്ങളുണ്ടാവുന്നത് ഖേദകരമാണ്. ഏറ്റവും ചീപ്പായി മീന്‍ വാങ്ങുന്ന സ്റ്റൈലില്‍ പ്രോജ്ക്റ്റ് പിടിച്ച് 23-24 വയസ്സുള്ള പിള്ളേരെക്കൊണ്ട് 24 മണിക്കൂറും ജോലി ചെയ്യിപ്പിച്ച് കുറച്ചധികം ശമ്പളം മാത്രം നന്നായി കൊടുക്കുന്ന ഒരു സ്വെറ്റ് ഷോപ്പാണ് മിക്കപ്പോഴും ഐറ്റി വര്‍ക്കിങ്ങ് സ്ഥലങ്ങള്‍. പക്ഷെ ഇത് സംഭവിക്കുന്നത് എപ്പോഴുമില്ല. പ്രോജ്ക്റ്റ് വരുന്ന സമയങ്ങളില്‍ മാത്രം. ഇതൊന്നുമില്ലാതെ സുഖമായി 8 മണിക്കൂറില്‍ തീര്‍ക്കാവുന്ന ജോലി മെയില്‍ ഫോര്‍വേര്‍ഡുണ്ടാക്കിയും അതുമിതും ചെയ്യുന്നവരും ഉണ്ട്. അവരും 24 മണിക്കൂര്‍ പണി ചെയ്യുന്നു.

ഈ ഐടി സ്വെറ്റ് ഷോപ്പ്സിനെതിരെ തീര്‍ച്ചയായും ആളുകളെ ബോധവല്‍കരിക്കേണ്ടതുണ്ട്. മാത്രമല്ല താങ്ങാനാവാത്ത വര്‍ക്ക് ലോഡാണെങ്കില്‍ യൂ ഷുഡ് പുട്ട് യുവര്‍ ഫൂട്ട് ഡൌണ്‍. പക്ഷെ പ്രശ്നം അതൊന്നുമല്ല ഇതൊക്കെ സ്വയം ചെയ്യുന്നതാണ്.
നല്ല കോമ്പറ്റീഷന്‍ ഉള്ള ഫീല്‍ഡാണ്. ദ മോര്‍ യു വര്‍ക്ക് ദ മോര്‍ യു ആര്‍ കോമ്പന്‍സേറ്റഡ്. അതുകൊണ്ട് ഇതൊക്കെ ഒരു പരിധി വരെ സ്വയം ഡിസിപ്ലിന്‍ ചെയ്യേണ്ട കാര്യങ്ങളാണ്.

യു.എസ് പ്രോജ്ക്റ്റ്സ് കിട്ടുന്ന കമ്പനികളിലാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് ലോഡ്. അതു കാരണം മറ്റൊന്നുമല്ല, യു.എസിലെ വര്‍ക്ക് മിക്കപ്പോഴും അങ്ങിനെയാണ്. ഏറ്റവും കുറവ് അവധിയുള്ള വികസിത രാജ്യമാണ് യു.എസ്. ഏറ്റവും കൂടുതല്‍ വര്‍ക്കും പ്രൊഡക്റ്റിവിറ്റിയുള്ളതും. അതുകൊണ്ട് അതിന്റെ പ്രോജ്ക്റ്റ ചെയ്യുന്നവര്‍ക്ക് ഇത് അങ്ങോട്ടും കിട്ടുന്നു. യൂറോപ്പ്യന്‍ പ്രോജ്ക്റ്റ്സ് വര്‍ക്ക് ലോഡ് പൊതുവേ വളരെ കുറവാണ്. കാരണമുണ്ട്, ശനിയാഴ്ച യും ഞായറാഴ്ചയും മിക്ക അമേരിക്കന്‍ സോഫ്റ്റ്വേര്‍ കമ്പനികളിലും ജോലി ചെയ്യുന്നവരെ കാണാം. യൂറോപ്പിലാകട്ടെ അങ്ങിനെയൊരു പരിപാടി കേട്ട് കേള്‍വിപോലുമില്ല. അതുകൊണ്ട് ഇത് അതാത് രാജ്യങ്ങളുടെ വര്‍ക്ക് കള്‍ച്ചറില്‍ നിന്ന് കിട്ടുന്നതാണ്. യു.എസില്‍ ജോലി ചെയ്യുന്നവര്‍ അനുവദിച്ചു കിട്ടുന്ന വര്‍ഷത്തിലെ അവധി എടുക്കില്ലായിരുന്നു. എല്ലാം കാരി ഫോര്‍വേര്‍ഡ് ചെയ്യും. അതുകൊണ്ട് ഈയിടെ കമ്പനികള്‍ ലീവ് എടുത്തില്ലെങ്കില്‍ ലീവ് കാരി ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറ്റില്ലാന്ന് വരെ പൊതുവേ നയം സ്വീകരിച്ചു, ആളുകള്‍ വര്‍ഷത്തില്‍ കുറച്ച് അവധിയെങ്കിലും എടുക്കാന്‍. അത്രക്കും വര്‍ക്കഹോളിക്സാണ്...

പക്ഷെ ആ വര്‍ക്ക് കള്‍ച്ചറില്‍ കൂടി വര്‍ക്കേര്‍സ് കോമ്പന്‍സേഷനും മറ്റു ബെനഫിറ്റ്സും കൂടി മേടിച്ചെടുക്കാന്‍ നമ്മള്‍ക്കും കഴിയണം.

myexperimentsandme said...

ഐടി മേഖലയിലെ പ്രശ്നങ്ങളെപറ്റി പറയുമ്പോള്‍ ഈ ലോകത്തുള്ള സകല ജോലി മേഖലകളിലെ പ്രശ്നങ്ങളെപറ്റിയും പറയണമെന്നുള്ളത് ഒരു ന്യായമല്ല

അത് സമ്മതിക്കുന്നു. ഐറ്റി മേഖലയിലാണ് ആരോഗ്യപ്രശ്‌നങ്ങളുള്ളത് എന്നൊരു ധ്വനി വരുമ്പോഴാണ് പ്രശ്‌നം-തൊഴില്‍ മേഖലയിലെ ആരോഗ്യ പ്രശ്‌നമാണ് പ്രശ്‌നമെങ്കില്‍ (വര്‍ക്കേഴ്‌സ് ഫോറം എല്ലാ തൊഴില്‍ മേഖലകളിലെയും ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി നമ്മള്‍< ബോധവാന്മാരാകണമെന്ന് പറഞ്ഞിട്ടുണ്ട്, കമന്റില്‍). ഐറ്റി മേഖലയില്‍ നല്ല ശമ്പളമെങ്കിലും കിട്ടുന്നുണ്ട് (അത് ഒരു ന്യായീകരണമേ അല്ലെങ്കിലും). അതിന്റെ നാലിലൊന്ന് ശമ്പളം പോലും കിട്ടാത്ത മേഖലകളില്‍ ഐറ്റി മേഖലകളിലെപ്പോലത്തെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ളതും ഇതിനോടൊപ്പമോ ഇതിനു ശേഷമോ പരാമര്‍ശിക്കപ്പെടണമെന്ന് മാത്രം. അല്ലെങ്കില്‍ ഇത് ഐ.റ്റി മേഖലയില്‍ മാത്രമുള്ള എന്തോ ഒരു പ്രതിഭാസമാണെന്ന് ആരെങ്കിലും കരുതിയാലോ.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

ഇവിടെ ഉത്തരേന്ത്യക്കാരന്‍ ചെയ്യുന്ന പണിയൊക്കെ മലയാളി യാതൊരു അവകാശ ബോധവുമില്ലാതെ ഗള്‍ഫില്‍ പോയി ചെയ്യുന്നില്ലേ? തുടക്ക ചോദ്യം ന്യായമാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ച നമ്മുടെ തെറ്റായ വിദ്യാഭ്യാസ നയത്തിലേക്കും ആസൂത്രണമില്ലായ്മയിലേക്കും മറ്റും നയിക്കും. വിദ്യാഭ്യാ‍സത്തിനനുസരിച്ച ജോലി കേരളത്തില്‍ ലഭ്യമല്ലാത്തതിനാലോ, ഇവിടെ ചെയ്താല്‍ ജീവിച്ചുപോകുവാന്‍ പറ്റില്ല എന്നു കരുതുന്ന ജോലി, പുറത്താണെങ്കില്‍ കൂടുതല്‍ വരുമാനം നേടിക്കൊടുക്കും എന്നത് കൊണ്ടൊ ഒക്കെ ആണ് പലരും അന്യനാടുകളിലേക്ക് പോകുന്നത്. അതില്‍ അവകാശ ബോധമില്ലായ്മ ഉണ്ടോ? അതേ ജോലി ഇവിടെ ചെയ്താല്‍ സുരക്ഷിതമായ ഒരു ജീവിതം കിട്ടുമെങ്കില്‍, വിദ്യാഭ്യാ‍സത്തിനനുസരിച്ച തൊഴില്‍ ഇവിടെ കിട്ടുമെങ്കില്‍ ആരെങ്കിലും കുടുംബത്തെയും മറ്റും നാട്ടിലാക്കി വേറെ രാജ്യങ്ങളിലേക്ക് പോകുമോ? ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയിലെ കൂലിയെ (30-40 രൂപ) അപേക്ഷിച്ച് കൂടുതല്‍ കൂലി കേരളത്തില്‍ നിലവിലുള്ളതുകൊണ്ടല്ലേ അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇവിടെ എത്തുന്നത്? കിരണിന്റെ വാദഗതി അനുസരിച്ചാണെങ്കില്‍ തമിഴനും മറ്റും ഇങ്ങോട്ട് വരുന്നത് അവിടെ ജോലി ചെയ്യാന്‍ മടിച്ചിട്ടാണെന്ന് അവരുടെ നാട്ടുകാര്‍ക്കും പറയാമല്ലോ? അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ തന്നെ അതു വസ്തുതയാണോ?

ശാശ്വതമായ തൊഴില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തന്നെയാണ് സംഘടനകളും പറയുന്നത്. അത് വിധി എന്നു കരുതി മൂലധനത്തിന്റെ ലാഭേച്ഛക്ക് വഴങ്ങിക്കൊടുക്കണോ, ബദല്‍ ഉണ്ട് എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും വേണോ എന്നതാണ് 100 മില്യണ്‍ ഡോളര്‍ ചോദ്യം. മുതലാളിത്തം ലാഭം ഉണ്ടാക്കാതെ സോഷ്യലിസം ഉണ്ടാക്കണം എന്നാരും പറയുമെന്ന് തോന്നുന്നില്ല. മുതലാളി ലാഭം ഉണ്ടാക്കാന്‍ , കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ , ശ്രമിക്കുന്നതുപോലെ, തൊഴിലാളി അവന്റെ ജീവിതം തുലയാതിരിക്കാനും നോക്കും. മുതലാളിചെയ്യുന്നത് ശരിയും, തൊഴിലാളി ചെയ്യുന്നത് തെറ്റും ആകുന്നത് എങ്ങിനെ എന്ന് മനസ്സിലാകുന്നില്ല. രണ്ട് വിരുദ്ധ താല്പര്യങ്ങള്‍ ഏറ്റുമുട്ടുന്നു. മുതലാളി വര്‍ഗം ജയിച്ചാല്‍ ഒരു 20% പേര്‍ക്ക് മെച്ചം. തൊഴിലാളി വര്‍ഗം ജയിച്ചാല്‍ എല്ലാവര്‍ക്കും അല്ലെങ്കില്‍ ഭൂരിപക്ഷത്തിനും മെച്ചം. ഇതില്‍ നാം ആരുടെ കൂടെ എന്നത് നമ്മുടെ താല്പര്യമനുസരിച്ച്, രാഷ്ട്രീയബോധമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം

പൊതുമേഖലാ സ്ഥാപനങ്ങള്‍ (എല്ലാം?)വെള്ളാനയാണെന്ന് ബുദ്ധദേവും കരീമുമൊക്കെ (പറഞ്ഞിട്ടുണ്ടോ ആവോ?)പറയട്ടെ. അത് ശരിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ..അവിടത്തെ തൊഴിലാളികളാണോ ഭരിക്കുന്നവരുടെ നയങ്ങളാണോ ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്? നയങ്ങള്‍ തന്നെയാണിതിനു കാരണം എന്ന് 1991നു ശേഷമുണ്ടായ നയപരമായ കാര്യങ്ങളിലെ പക്ഷപാതം മാത്രം നോക്കിയാല്‍ മതിയല്ലോ. . ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ബോധമുള്ള ആരും, തൊഴിലാളികളുള്‍പ്പെടെ, തയ്യാറാവുകയില്ലല്ലോ. പിന്നെ സംഘടിത ശക്തിയോടുള്ള ഒരു തരം ഉള്‍ഭീതി തൊഴിലാളികളെ സംശയത്തോടെ വീക്ഷിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നു എന്ന സത്യവും കാണാതെ പോകരുത്. അട്ടിമറിക്കാരന്‍ എന്നു കിരണ്‍ വിശേഷിപ്പിച്ച ചുമട്ടുതൊഴിലാളികളേയും സര്‍ക്കാര്‍ ജീവനക്കാരേയും ഒരേ തട്ടില്‍ കണ്ടതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ചുമട്ടു തൊഴിലാളി സര്‍ക്കാര്‍ ജീവനക്കാരനല്ലല്ലോ. എന്നിട്ടും അവര്‍ “ചൂഷണം ചെയ്യുന്നുവെങ്കില്‍“, സര്‍ക്കാര്‍/പൊതുമേഖലാ ജോലി വേണമെന്നില്ലല്ലോ ‘ജനവിരുദ്ധ‘രാകാന്‍.

നാളെ മുണ്ട് മുറുക്കിയുടുക്കേണ്ടിവരും എന്ന വാദം ഇന്ന് കാര്യങ്ങള്‍ മെച്ചമാണ് എന്ന തെറ്റായ ഒരു ധ്വനി ഉണ്ടാക്കുന്നുണ്ട്. ഇന്നും ഭൂരിപക്ഷവും മുണ്ട് മുറുക്കിയുടുത്തു തന്നെയാണ് ജീവിക്കുന്നത്. കേരളം പോലുള്ള ‘ഠ’ വട്ടത്തില്‍ അത് ഒറ്റനോട്ടത്തില്‍ കാണുന്നില്ല എന്നു മാത്രം. 20% വരുന്ന സമ്പന്നരാണ് 80% സമ്പത്തും കൈവശം വെച്ചിരിക്കുന്നത് എന്ന ഒറ്റ സത്യം മതിയല്ലോ ഇത് മനസ്സിലാക്കാന്‍.

പ്രിയ വക്കാരീ,

സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്യുന്നതിനെ എല്ലാം ന്യായീകരിക്കുന്നില്ല. തെറ്റുകള്‍ തിരുത്തപ്പെടണം. പക്ഷെ, എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വക്കാരി പറഞ്ഞപോലുള്ളവരല്ല. അവര്‍ക്കിടയിലെ കള്ളനാണയങ്ങളെ , അഴിമതിക്കാരെ തുറന്നുകാട്ടുകയും ശിക്ഷിക്കുകയുമൊക്കെ വേണ്ടതുമാണ്. സംശയമില്ല. 8 മണിക്കൂര്‍ ജോലി , 8 മണിക്കൂര്‍ വിശ്രമം...എന്ന അവകാശം, ചൂഷണത്തിലാണ്ടിരുന്നവര്‍ നേടിയെടുത്ത ഒന്നാണ്. ചില സ്ഥാപനങ്ങളിലെ ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു എന്നത് ആ അവകാശം മറ്റുള്ളവര്‍ക്ക് കൂടി നിഷേധിക്കാനുള്ള കാരണമോ, ചൂഷണം തുടരാനുള്ള മറയോ ആകരുത്. 16 മണിക്കൂര്‍ ജോലിയെടുപ്പിക്കുകയും, കുറഞ്ഞ ശമ്പളം കൊടുക്കുകയും ഒക്കെ ചെയ്യുന്നതിനെ എതിര്‍ക്കുമ്പോള്‍, 8 മണിക്കൂര്‍ അവകാശമുള്ളവന്‍ ജോലിയെടുക്കുന്നില്ല, നിനക്കു തന്നാല്‍ നീയും അത് പോലാകും എന്നൊക്കെ നാം ചിന്തിക്കുകയാണെങ്കില്‍ അത് ചൂഷണത്തെ പരോക്ഷമായി ന്യായീകരിക്കലാകും. ചെയ്യാത്തവനെക്കൊണ്ട് ചെയ്യിക്കണം എന്ന് ശക്തമായി ആവശ്യപ്പെടാം, ആവശ്യപ്പെടണം.
പണിയെടുക്കുന്ന തൊഴിലാളിക്കുമാത്രമേ പണിമുടക്കാന്‍ അവകാശമുള്ളൂ. ഉത്തരവാദിത്വമുള്ള സംഘടനകളൊന്നും തന്നെ പണിയെടുക്കാത്തവരേയും കൈക്കൂലിക്കരേയുമൊന്നും പിന്‍‌തുണക്കില്ല.പിന്‍‌തുണക്കരുത്. ഇന്ന് ബാങ്കുകളിലൊക്കെ 10 മുതല്‍ 4 വരെ ഇടപാട് (business hours)നടക്കുന്നു. എല്ലാ കണക്കും ശരിയാക്കി 7-8 മണിക്കാണ് പലരും വീട്ടില്‍ പോകുന്നത്. ബാങ്കുകള്‍ പൊതുമേഖലയിലല്ലേ? ബാങ്കുകളില്‍ കൈക്കൂലി സംഭവം വിരളമല്ലേ? എത്രയോ ശക്തമായ തൊഴിലാളി സംഘടനകളാന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്? അപ്പോള്‍ സംഘടനയോ സംഘടിക്കുന്നതോ അല്ല യഥാര്‍ത്ഥ പ്രശ്നം.

ഒന്നു കൂടി,ഐ.ടി മേഖലയില്‍ മാത്രമാണ് പ്രശ്നങ്ങള്‍ എന്ന്
ആരും പറഞ്ഞില്ല വക്കാരീ. ഐടിയെക്കുറിച്ചോ, ആ മേഖലയിലെ സംഘടനാ സ്വാതന്ത്ര്യത്തെക്കുറിച്ചോ പറഞ്ഞാല്‍ ആദ്യം മറ്റേ മേഖലയിലെ പ്രശ്നത്തെക്കുറിച്ച് പറയണം എന്ന വാദഗതിയെ മാത്രമാണ് എതിര്‍ക്കുന്നത്. ഐറ്റി മേഖലകളിലെപ്പോലത്തെ മറ്റു മേഖലകളിലുംആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ളതിനോടു പൂര്‍ണമായും ജോജിക്കുന്നു. അവ പരാമര്‍ശിക്കപ്പെടുകയും വേണം.

പ്രിയ ഇഞ്ചിപ്പെണ്ണ്,

ഐ.റ്റി.മേഖലയെ (ഇന്ത്യയിലെയെങ്കിലും)sweat shop എന്നു വിശേഷിപ്പിക്കുന്നതിനോട് യോജിക്കുന്നു. ഒരു കാര്യം മാത്രം. സെല്‍ഫ് ഡിസിപ്ലിനേക്കാള്‍ കൂട്ടായ്മയിലൂടെ ഉണ്ടാകുന്ന അച്ചടക്കം അല്ലേ നല്ലത്? ഒരു വ്യക്തി തെറ്റു ചെയ്യുന്നതിനേക്കാള്‍ കുറച്ച് തെറ്റേ കൂട്ടായ്മക്ക് വരൂ. തിരുത്താന്‍ ആളുണ്ട് എന്നത് തന്നെ കാരണം.

താങ്കള്‍ പറഞ്ഞു “പക്ഷെ ആ വര്‍ക്ക് കള്‍ച്ചറില്‍ കൂടി വര്‍ക്കേര്‍സ് കോമ്പന്‍സേഷനും മറ്റു ബെനഫിറ്റ്സും കൂടി മേടിച്ചെടുക്കാന്‍ നമ്മള്‍ക്കും കഴിയണം.“ ഇവിടെ ഒറ്റക്ക് നിന്ന് അവകാശങ്ങള്‍ വാങ്ങാന്‍ പറ്റും എന്ന് ഇഞ്ചി ഉദ്ദേശിക്കുന്നെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്തട്ടെ. ചരിത്രം പറയുന്നത് സംഘടിത പോരാട്ടങ്ങളെക്കുറിച്ചാണ്. ഒറ്റപ്പെട്ട ചില വ്യക്തിഗത വിജയങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല.

എന്തായാലും ഐ.ടി.യും ആ ‍രോഗ്യവും എന്ന വിഷയത്തില്‍ നിന്നും ചര്‍ച്ച കൂടുതല്‍ വിശാലമായ, ഗൌരവപൂര്‍ണമായ വിഷയങ്ങളില്‍ കൊണ്ടെത്തിച്ചതിന് എല്ലാവര്‍ക്കും നന്ദി.

എല്ലാ ബൂലോകവാസികള്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ ഓണാശംസകള്‍

Inji Pennu said...

>>സെല്‍ഫ് ഡിസിപ്ലിനേക്കാള്‍ കൂട്ടായ്മയിലൂടെ >>ഉണ്ടാകുന്ന അച്ചടക്കം അല്ലേ നല്ലത്?

ഹ്ഹ്ഹ്! :) കൂട്ടായ്മയില്‍ അച്ചടക്കമൊ? അത് വേറൊരു പോസ്റ്റിനുള്ള വിഷയമല്ലേ?
സെല്ഫ് ഡിസിപ്ലിന്‍ എന്ന് ഞാനുദ്ദേശിച്ചത് ഇത്രേയുള്ളൂ. ജോലി ഓവര്‍വെല്‍മിങ്ങ് എന്ന് തോന്നുമ്പോള്‍ ശമ്പളം കുറഞ്ഞാലും സ്റ്റാറ്റസ് കുറഞ്ഞാലും ചെറിയ കമ്പനികളിലേക്ക് മാറുക എന്നേയുള്ളൂ.
ജീവിതവുമുണ്ട്, കരിയര്‍ മാത്രം മതി പൈസ മാത്രം മതി എന്ന് മാത്രം ചിന്തിച്ച് ടെന്‍ഷന്‍ അടിച്ചാണ് ഈ ജോബ് റിലേറ്റഡ് സ്റ്റ്രെസ്സ് മിക്കതും. ഈ സ്റ്റ്രെസ്സിനോടനുബന്ധിച്ചുള്ള
ഡിപ്രഷന്‍ കേസസ് ഒക്കെ ഇഷ്ടം പോലെ കണ്ടിരിക്കുന്നു.

ഇന്ത്യയിലെ ഐടി മേഘലയെ സംഘടിതമാക്കാനൊക്കെ കൊറേ നാളായി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതറിയാം. അതൊക്കെ ശരിക്കും ഐടി മേഘലയുടെ ഉന്നമനത്തിനാണൊ അതൊ സംഘടിത പ്രവര്‍ത്തനത്തിന്റെ ഉന്നമനത്തിനാണൊ എന്ന് ഉറപ്പില്ല്യ.

സീ, മുന്‍പൊക്കെ ശനിയാഴ്ചയും പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടായിരുന്നത്, ഈ കമ്പനികള്‍ തമ്മിലുള്ള ജോലിക്കാര്‍ക്ക് വേണ്ടിയുള്ള കോമ്പറ്റീഷന്‍ വഴിയാണ് വര്‍ക്കേര്‍സിനു കൂടുതല്‍ അവധിയും ശമ്പളവും ബെനഫിറ്റ്സും ഒക്കെ കിട്ടിത്തുടങ്ങിയത്. എന്ന് വെച്ചാല്‍ പിരിഞ്ഞു പോവുന്നവര്‍ എക്സിറ്റ് ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ വെച്ച്. അവിടെ സംഘടിത പ്രവര്‍ത്തനത്തേക്കാളും ഓരോ വ്യക്തികളുടെ പ്രിഫറന്‍സ് വെച്ചാണ് ഐടി ഇത്രയധികം മുന്നേറിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കൂടുതല്‍ ശ്രമങ്ങള്‍ വേണമെന്നുള്ള ഷുവര്‍. അതിനു അവേര്‍നെസ്സ് മതി എന്ന് കരുതുന്നു.

ഓണാശംസകള്‍ താങ്കള്‍ക്കും.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഇഞ്ചിപ്പെണ്ണ്,

ജോബ് റിലേറ്റഡ് സ്റ്റ്റെസ്സ് ഇല്ലാതാക്കാന്‍ ജോബ് തന്നെ വേണ്ടെന്നു വയ്ക്കാനോ ചെറിയ കമ്പനികളിലേക്ക് മാറാനോ ഉള്ള സെല്‍ഫ് ഡിസിപ്ലിന്‍ നടപ്പിലാക്കുവാന്‍ ശേഷിയുണ്ടെന്നു വിശ്വസിക്കുന്നവരെ അവരുടെ വിശ്വാസം രക്ഷിക്കട്ടെ. ഇഞ്ചി ഈ പറയുന്നതൊക്കെ എക്സിക്യൂട്ടിവ് ലെവലില്‍ ഉള്ള ആള്‍ക്കാരുടെ കാര്യത്തിലും വിശേഷവൈദഗ്ദ്യം ഉള്ള വിരലിലെണ്ണാവുന്നവരുടെ കാര്യത്തിലും ശരിയായിരിക്കും. ഇന്ത്യയില്‍ ഈ മേഖലയില്‍ (IT) പണിയെടുക്കുന്ന ആ‍ളുകളില്‍ എത്ര ശതമാനം പേര്‍ ഈ ബ്രാക്കറ്റില്‍ വരും?

സാധാരണ തൊഴിലാളി എന്ത് സ്റ്റാറ്റസ് കുറയ്കാന്‍? അവര്‍ ആയിരിക്കും ഭൂരിപക്ഷം. അവരുടെ കാര്യം ഒറ്റക്ക് നിന്നാല്‍ നടക്കില്ല എന്നതിനു ഇന്നുവരെയുള്ള അനുഭവം തെളിവ്. സുരക്ഷിതത്വമുള്ള ജോലിക്ക് നല്‍കാന്‍ കഴിയുന്ന സ്ട്രെസ്സ് ഫ്രീ ജീവിതം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല.

ഇവിടെയാണ് കൂട്ടായ്മയുടെ പ്രസക്തി . തൊഴില്‍ മേഖലയിലെ സ്റ്റ്റെസ്സ് ഇല്ലാതാക്കാന്‍ കൂട്ടായ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കണം എന്നു പറയുമ്പോള്‍ കൂട്ടായ്മയില്‍ അച്ചടക്കമൊ? എന്ന് ചോദിക്കുന്നത് ഉന്നയിച്ച വിഷയത്തിന്റെ ഗൌരവം സ്വെറ്റ് ഷോപ്പുകളെക്കുറിച്ച് പറയുന്നയാള്‍ക്ക് മനസ്സിലാക്കാതെയല്ല എന്നും അറിയാം. ( കൂട്ടായ്മയില്‍ നിന്നാണ് സാമൂഹിക മനുഷ്യനു ഇന്നുള്ള അച്ചടക്കം (അത് അച്ചടക്കമാണെങ്കില്‍) ഉണ്ടായിട്ടുള്ളത് .ശരിയാണ് അത് വേറൊരു പോസ്റ്റിനുള്ള വിഷയമാണ് ). :):):)

എക്സിറ്റ് ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ വെച്ച് തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നല്ല...അതെന്തായാലും ബേസ് ലെവെല്‍ വര്‍ക്കേഴ്സിനെക്കുറിച്ചല്ല തന്നെ.ബേസ് ലെവലില്‍ attrition rate കുറക്കാന്‍ നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . എല്ലാവരും അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

മൊത്തത്തില്‍ എല്ലാവര്‍ക്കും സ്ട്രെസ് ഫ്രീ ജീവിതം നല്‍കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നിയമങ്ങളും വ്യവസ്ഥയും മാറേണ്ടതല്ലേ? വേണം എന്നു തന്നെ വര്‍ക്കേഴ്സ് ഫോറം കരുതുന്നു.(വിശ്വാസമല്ല കേട്ടോ? :):)

കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ വര്‍ക്കേഷ്സ് ഫോറം പറഞ്ഞു വരുന്നത് നമുക്ക് ഗള്‍ഫിലൊക്കെപ്പോയി കൂടുതല്‍ പണം കിട്ടുമെങ്കില്‍ തൊഴില്‍ നിയമം ഒന്നും നോക്കാതെ പണിയെടുക്കാം. കാശുണാക്കാം. മൂലധനം ഉണാക്കാം. ഇവിടെ അങ്ങനെയൊന്ന് പറ്റില്ല. ഇവിടെ ക്രിത്യം 8 മണിക്കൂറിനുള്ളില്‍ കടയടച്ചോണം. നീ വേണമെങ്കില്‍ വിദേശത്ത് പോയി അടിമപ്പണി ചെയ്തോ എന്നാണോ.

ഇരിക്കും കൊമ്പ് ആരും മുറിക്കില്ലാ എന്ന താങ്കളുടെ വാദഗതി വാദത്തിന് കൊള്ളാം എന്നെ എനിക്ക് പറയാനുള്ളൂ. ഇവിടുത്തെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ മസില്‍ പവറിന്റെ ബലത്തിലാണ് ഇത്രയും കാലം ഇവിടെ പൊതുമേഖല ഭീകരര്‍ നിലനിന്നിരുന്നത്. തൊഴില്‍ മേഖല സ്തംഭിപ്പിക്കാനുള്ള സംഘ ബലത്തിന്റെ മുന്‍പില്‍ സര്‍ക്കാരുകള്‍ മുട്ടുമടക്കി. എന്നാല്‍ ഉദാരവല്‍ക്കരണത്തിന് ശേഷം ആ വിലപേശല്‍ ശക്തി നഷ്ടപ്പെട്ടതോടെയാണ് പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാട്ടിയത്. പൂട്ടല്‍ ഭീക്ഷിണി വന്നതോടെയാണ് ഇരിക്കും കൊമ്പിനേക്കുറിച്ചൊക്കെ ഇവര്‍ ബോധവാന്മാരായത്. നിന്ന നില്പില്‍ കരീം 12 കമ്പനികള്‍ ലാഭത്തിലെത്തിച്ചത് കണ്ടില്ലെ. പണ് ഇങനെ ഒരു ഭീതി ഇല്ലായിരുന്നു. ഒരു പ്രൊഡകറ്റിവിറ്റിയും ഇല്ലാത്ത കൂറേ പൊതുമേഖല സ്ഥാപനങ്ങള്‍ ഇപ്പോഴും നികുതിദായകന്റെ പണം മുടിക്കുന്നുണ്.

ഇനി ചുമട്ട് തൊഴിലാകളും സര്‍ക്കാര്‍ ജീവനക്കാരേയും തമ്മില്‍ ബന്ധിപ്പിച്ചത് ഇവര്‍ രണ് കൂട്ടരും സംഘടിതാരാണ് എന്നതുകൊണാണ്.

ഇനി അമേരിക്കന്‍ കമ്പനിയും യൂറോപ്യന്‍ കമ്പനിയും തമ്മില ഇഞ്ചി ചെയ്ത താരതമ്യത്തേക്കുറിച്ച്. ശനിയും ഞായറും ഇന്ത്യയില്‍ അവധി നല്‍കുന്നത് അമേരിക്കന്‍ കമ്പനികളാണ്. രണ് തരം കമ്പനികളിലും ജോലി ചെയ്തുള്ള അനുഭവം വച്ച് ഞാന്‍ പറകയാണ് അമേരിക്കന്‍ കമ്പനികള്‍ യൂറോപ്യന്‍ കമ്പനികളേക്കാള്‍ 100 മടങ്ങ് മെച്ചം. യാഥാര്‍ത്യബോധമില്ലാത്ത ഷെഡ്യൂളുകള്‍ യൂറോപ്യന്‍ കമ്പനികള്‍ക്കാണ് കൂടുതല്‍. പിന്നെ എന്നും ഒരു കമ്പ്യൂട്ടറ്ര് എഞ്ചിനിയറും 15 മണിക്കൂറോ 20 മണിക്കൂറോ ജോലി ചെയ്യേണിവരും എന്നും ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ ഒരു മാസം വരെയൊക്കെ അങ്ങനെ ചെയ്യേണി വരും അതു കഴിഞ് മാസങ്ങളോളം ഒരു പണിയും ഇല്ലാതെ ഇരിക്കാനു കഴിയും. ഞാന്‍ വീണും പറയുന്നു ഈ ജോലിയേ ഒരു മെഡിക്കല്‍ പ്രൊഫഷന്‍ പോലേ കാണണം.അത്യാവശ്യം വരുമ്പോള്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. അതേ പോലെ റിലാക്സ് ചെയ്യാന്‍ ധാരാളം അവസരങ്ങളും ലഭിക്കും. നിങ്ങളുടെ വര്‍ക്ക് ഷെഡ്യൂള്‍ ഭീകരമാണ് എന്ന് തോന്നുന്ന പക്ഷം നിങ്ങള്‍ക്ക മറ്റൊരു ജോലി ലഭിക്കാനുള്ള ( നിങ്ങള്‍ യഥാര്‍ഥത്തില്‍ ഈ ജോലി ചെയ്യാന്‍ മികവുള്ളവാനാണ് എന്കില്‍ മാത്രം) സാഹചര്യം ഉള്ളപ്പോള്‍ പിന്നെ എന്തിന് ഭയപ്പെടണം? പക്ഷെ നിങ്ങള്‍ ഒരു ആവറേജ് പ്രോഗ്രാമര്‍ ആണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പലതും ബലികഴിക്കേണി വരും. അത് നിങ്ങള്‍ തെറ്റായ ഫീള്ല്ഡില്‍ നില്‍ക്കുന്നതുകൊണാണ്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

കിരണിന്റെ ആദ്യ പാരയിലെ ആശയങ്ങള്‍ എവിടെ നിന്നു കിട്ടി എന്നു മനസ്സിലാകുന്നില്ല. വര്‍ക്കേഴ്സ് ഫോറം പറഞ്ഞിട്ടില്ലല്ലോ? പറയാത്ത കാര്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ ബാദ്ധ്യസ്ഥരല്ല എന്നറിയിക്കട്ടെ.

നിന്ന നില്‍പ്പില്‍ കരീം സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചെന്ന് കിരണ്‍ പറയുമ്പോള്‍ സമ്മതിക്കുന്നത് ഭരിക്കുന്നവരുടെ നയം തന്നെയാണ് മുഖ്യമായുംസ്ഥാപനങ്ങളെ നശിപ്പിക്കുകയോ നന്നാക്കുകയോ ചെയ്യുന്നത് എന്നത് തന്നെയല്ലേ? തൊഴിലാളികള്‍ നശിപ്പിച്ച ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ചുള്ള തെളിവോടെയെങ്കിലും കിരണ്‍ ആ വാ‍ദം ഉന്നയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. കെല്‍ട്രോണ്‍ തകര്‍ന്നതും ഇന്ന് ടൈറ്റാനിയം ഭീഷണി നേരിടുന്നതും ഫാക്ട് പ്രശ്നത്തിലായതിനുമൊക്കെ കാരണം LPG Policyക്ക് ശേഷമുണ്ടായ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്.

ഉദാരവല്‍ക്കരണത്തോടെ തൊഴിലാളികളുടെ വിലപേശല്‍ ശക്തി നശിച്ചതിനെക്കുറിച്ച് സന്തോഷവാനാകുന്ന കിരണ്‍ അതേ നയങ്ങള്‍ മുതലാളിമാര്‍ക്ക് കൂടുതല്‍ അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്നും അതവര്‍ പരമാവധി ശക്തിയോടെ തൊഴിലാളികള്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും പ്രയോഗിച്ചുകൊണ്ടിരിക്കുകയുമാണ് എന്നുള്ള സത്യത്തിനു നേരെ കണ്ണടക്കുകയാണ്. കര്‍ഷക ആത്മഹത്യക്ക് പിന്നിലും ഈ നയങ്ങള്‍ ആണെന്ന് ദയവായി മനസ്സിലാക്കുക.

സംഘടിത തൊഴില്‍ശക്തിയോടുള്ള എതിര്‍പ്പ് അന്ധമായി മുതലാളിത്തത്തെയും അതിന്റെ ചൂഷണവ്യവസ്ഥയേയും പിന്‍‌താങ്ങുന്ന മനോനിലയിലേക്ക് എത്തുന്നത് എന്തുകൊണ്ടും ഒരു തൊഴിലാളിയെ സംബന്ധിച്ചെങ്കിലും ഉചിതമല്ല എന്നു ഞങ്ങള്‍ കരുതുന്നു.

ചുമട്ടുതൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും സംഘടിതരാണ് എന്നതിന്റെ പേരില്‍ കൂട്ടിക്കെട്ടുന്ന കിരണിന്റെ അറിവിലേക്കായി പറയട്ടെ. ഏറ്റവും കൂടുതല്‍ സംഘടിതര്‍ മുതലാളിമാര്‍ ആണ്. താങ്കള്‍ പണിയെടുക്കുന്ന വ്യവസായം തന്നെ ഉത്തമ ഉദാഹരണം.

അവസാനമായി ഒരു ചോദ്യം കൂടി..തൊഴിലാളികളുടെ പ്രസ്ഥാനം തെറ്റുകള്‍ (ഉണ്ടെങ്കില്‍) തിരുത്തി മുമ്പോട്ട് പോകണമെന്നാണോ അതോ തൊഴിലാളി പ്രസ്ഥാനം തന്നെ ഇല്ലാതാകണം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

കിരണ്‍ തോമസ് തോമ്പില്‍ said...

ഓഗസ്റ്റ്‌ 28 ഞാന്‍ ഇട്ട കമന്റിന്‌ വര്‍ക്കേഷ്സ്‌ ഫോറം മറുപടി ഇട്ടത്‌ 2 ദിവസത്തിന്‌ ശേഷമായതിനാല്‍ അത്‌ ശ്രദ്ധിക്കാന്‍ വൈകി. എന്നാലും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞു കൊള്ളട്ടേ.

ഇളമരം കരിം സ്ഥാപനങ്ങളെ ലാഭത്തില്‍ എത്തിച്ചതെങ്ങനെയെന്ന് എനിക്ക്‌ മനസിലായത്‌ ഇങ്ങനെയാണ്‌. പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനി പണം മുടക്കില്ല, ഇപ്പോള്‍ നല്‍കുന്നത്‌ അവസാനത്തെ സഹായമാണ്‌ എന്ന സന്ദേശം തൊഴിലാളികളില്‍ എത്തിച്ചു. ചുരുക്കം പറഞ്ഞാല്‍ തലക്ക്‌ മുകളില്‍ തോക്കു വച്ചു എന്ന് ചുരുക്കം. ഇത്‌ നേരത്തെ ചെയ്തിരുന്നു എങ്കില്‍ പല പൊതുമേഖല സ്ഥാപനങ്ങളും എന്നേ നാന്നായേനേ.

ഇനി ഉദാരവല്‍ക്കരണ മുതലാളിമാര്‍ എന്ത്‌ ചൂഷണമാണ്‌ ഇവിടെ നടത്തിയത്‌. കുറേക്കൂടി നല്ല സമീപനം തൊഴിലാളികളില്‍ നിന്ന് പുറത്തെടുപ്പിച്ചതോ? കമ്പനികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതോ. ഇനി എന്റെ മേഖലയിലെ സംഘടിത മുതലാളിമാര്‍ എന്ത്‌ തെറ്റ്‌ ചെയ്തു എന്നാണ്‌ താങ്കള്‍ പറയുന്നതെന്നും എനിക്ക്‌ മനസിലാകുന്നില്ല. എന്തായാലും സംഘടിത തൊഴിലാളി വര്‍ഗ്ഗം ഈ രാജ്യത്തോട്‌ ചെയ്ത അത്രയും ഇല്ല.

സത്യത്തില്‍ തൊഴിലാളി സംഘടനകള്‍ ഒരു ആത്മപരിശോധനക്ക്‌ തയ്യാറാകേണ്ടതാണ്‌. അതിന്‌ ശേഷം തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ പൊതുജനങ്ങളോട്‌ മാപ്പ്‌ പറഞ്ഞാല്‍ മാത്രമേ അവരിലുള്ള വിശ്വാസം ഉണ്ടാകുകയുള്ളൂ. ഇല്ലെങ്കില്‍ അത്‌ ഇല്ലാതാകേണ്ട കാര്യമൊന്നും ഉണ്ടാകില്ല. തന്നേ ഇല്ലാതിയിക്കോളും

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

മറുപടികള്‍ വൈകുന്നത് നമുക്ക് അന്യോന്യം ക്ഷമിക്കാം. തിരക്കുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

പൊതുമേഖലാസ്ഥാപങ്ങളെക്കുറിച്ചും മറ്റും വ്യവസായമന്ത്രി കരീം ചിന്ത ജന്മദിനപതിപ്പില്‍(ആഗസ്റ്റ് 24, 2007) എഴുതിയത് താഴെ ചേര്‍ക്കുന്നു. ഇതില്‍ തോക്കിന്റെ നിഴല്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് താങ്കള്‍ തന്നെ തീരുമാനിക്കുക.

“ പൊതുമേഖലാ വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിക്കുകയും ചെയ്യുക, പൊതുമേഖലയുടെ വികസനത്തിന് കേന്ദ്ര പൊതുമേഖലയുമായി സഹകരിക്കുക, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൌകര്യം വികസിപ്പിക്കുക, വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നിവയിലാണ് നയത്തിന്റെ ഊന്നല്‍ ".

“ മുന്‍ ഗവര്‍മെണ്ടിന്റെ വ്യവസായ നയത്തില്‍ നിന്നുള്ള പ്രധാന മാറ്റം പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തിലാണ്. പൊതുമേഖലാ വ്യവസായങ്ങള്‍ സംസ്ഥാനത്തിന് ബാധ്യതയാണ് എന്ന നിലപാടാണ് മുന്‍ ഗവര്‍മെണ്ട് എടുത്തിരുന്നത്. നഷ്ടത്തിലുള്ളവ പൂട്ടുകയോ വില്‍ക്കുകയോ ചെയ്യാനും ലാഭത്തിലുള്ളവയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനും മുന്‍ ഗവര്‍മെണ്ട് പദ്ധതി തയാറാക്കിയിരുന്നു. അവര്‍ അതു മറച്ചുവെച്ചിരുന്നില്ല. നയത്തില്‍ അതു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പുതിയ നയരേഖയിലെ ലക്ഷ്യങ്ങളില്‍ ഒന്ന് സംസ്ഥാന പൊതുമേഖലാ സംരംഭങ്ങളെ ശക്തിപ്പെടുത്തലാണ്. അതിനു വേണ്ടി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കും".

“ വ്യവസായവല്‍ക്കരണത്തിന് ഗതിവേഗം കൂട്ടുമ്പോള്‍ തന്നെ നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കും. വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കും. അതേസമയം തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്ന് ഗവര്‍മെണ്ടിന് നിര്‍ബന്ധമുണ്ട് ".

ഇനി പ്രശസ്ത സാമ്പത്തിക വിദഗ്ദനായ പ്രൊ.കെ.രാമചന്ദ്രന്‍ നായരുടെ വാക്കുകള്‍ നോക്കുക...

“ഉദ്പാദന മേഖലകളില്‍ നിക്ഷേപം വരാത്തത് തൊഴിലാളിവര്‍ഗത്തിന്റെ സഹായകമല്ലാത്ത നടപടികള്‍കൊണ്ടാണോ? അതെയെന്നാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഇത് തികച്ചും തെറ്റാണെന്ന് വ്യവസായബന്ധങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. 2001-05 കാലത്ത് 57 പണിമുടക്കുകളിലായി 102 ലക്ഷം തൊഴില്‍ദിനങ്ങള്‍ നഷ്ടമായപ്പോള്‍, ലോക്കൌട്ട്, ലേ ഓഫ് എന്നു ഇനങ്ങളില്‍ ആകെ നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ 228 ലക്ഷമായിരുന്നു. ഏതാണ്ട് ഇരട്ടിയിലധികം. ലോക്കൌട്ടും ലേ ഓഫും പലപ്പോഴും ഉണ്ടാകുന്നത്, അസംസ്കൃത പദാര്‍ഥങ്ങള്‍, വിദ്യുഛക്തി, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവ ലഭ്യമല്ലാത്തതുകൊണ്ടും, വിപണിയിലെ പ്രതീക്ഷിക്കാത്ത ചാഞ്ചാട്ടങ്ങള്‍കൊണ്ടും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ഉണ്ടായ പ്രതിസന്ധിമൂലമാണ്. ഇതിന് തൊഴിലാളിവര്‍ഗത്തെ പഴിച്ചിട്ട് കാര്യമില്ല. എന്നാല്‍ ഇതേസമയത്ത് വ്യവസായത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ തൊഴിലുടമകള്‍ എടുക്കുന്ന നടപടികള്‍ തൊഴിലാളിവര്‍ഗത്തിന്റെ നിയമാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി സൃഷ്ടിച്ചാല്‍ അവര്‍ പ്രതികരിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൊഴിലുടമകളുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കേരളത്തിലെ തൊഴിലാളിവര്‍ഗവും ട്രേഡുയൂണിയനുകളും തയ്യാറായിട്ടുണ്ട്. ചുരുക്കത്തില്‍, തൊഴിലാളിവര്‍ഗമല്ല കേരളത്തിന്റെ വികസനത്തിന് തടസ്സം".
(http://www.deshabhimani.com/chintha/index.htm)

സംഘടിത തൊഴിലാളി വര്‍ഗം സംഘടിത മുതലാളിമാരേക്കാള്‍ കേരളത്തിനു ദോഷം ചെയ്തു എന്ന് വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ആ വിശ്വാസം സത്യത്തില്‍ നിന്നും വളരെ വിദൂരമായിരിക്കും എന്നു മാത്രം പറയട്ടെ.

Vish..| ആലപ്പുഴക്കാരന്‍ said...

ഈശ്വരാ.. ഞാന്‍ ഇപ്പോഴും ഇതിന്റെ മുന്‍പില്‍ ആണെല്ലോ? ഞാന്‍ ഒരു ഷോര്‍ട്ട് ബ്രേക്ക് എടുത്തേക്കാം.. :(