Friday, August 10, 2007

ഔട്ട്‌സോര്‍സിങ്ങ് -ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക്

ബാങ്ക് ജോലികള്‍ ഔട്ട്‌സോര്‍സിങ്ങ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാനേജ്‌മെന്റ് ബിസിനസ്സ് ഫെസിലിറ്റേറ്റര്‍മാരേയും(BusinessFacilitators) ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനേയും(BusinessCorrespodents) നിയമിക്കാന്‍ പത്രപ്പരസ്യം നല്‍കിയിരിക്കുന്നു.

ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ നിരര്‍ത്ഥകമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഒരു സര്‍ക്കുലറിന്റെ മറ പിടിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് 2007 ഏപ്രില്‍ മുപ്പതാം തീയതി ഔട്ട്‌സോര്‍സിങ്ങ് സംബന്ധിച്ച തീരുമാനം എടുത്തത്. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യങ്ങളും വരുകയുണ്ടായി. സ്റ്റേറ്റ് ബാങ്ക് മാനേജ്‌മെന്റ് ഉഭയകക്ഷി ചര്‍ച്ചകളെ പ്രഹസനമാക്കിക്കൊണ്ട് വളരെ തിരക്കുപിടിച്ച് ഇത്തരം ഒരു നടപടി എടുത്തത് ബാങ്ക് ജീവനക്കാര്‍ വളരെ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

എന്താണ് ഔട്ട്‌സോര്‍സിങ്ങ്?

ഔട്ട് സോര്‍സിങ്ങ് എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ഏറ്റവും മുഖ്യമായതല്ലാത്ത ജോലികളെ ആ സ്ഥാപനത്തില്‍ നിന്നും മാറ്റി, ഈ ജോലി മാത്രം ചെയ്യുന്ന ഏജന്‍സികളേയോ വ്യക്തികളേയോ ഏല്‍പ്പിക്കുക എന്നതാണ്.(Outsourcing became part of the business lexicon during the 1980s and refers to the delegation of non-core operations from internal production to an external entity specializing in the management of that operation.-Wikipedia) വികസിത രാജ്യങ്ങളിലെ ജോലികള്‍ ഇത്തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്ത, തൊഴില്‍ ശക്തി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അവികസിതരാജ്യങ്ങളിലേക്ക് മാറ്റുന്നത് പുതിയ ഒരു പ്രവണതയാണ്.

ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിമാര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഹീനമായൊരു മാര്‍ഗ്ഗമാണ് പുറംകരാര്‍ പണി( ഔട്ട്‌സോര്‍സിങ്ങ്) . പുറംകരാര്‍ പണിക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറച്ചുകൂലി നല്‍കിയാല്‍ മതി. അവരെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കുകയും ചെയ്യാം. തീര്‍ന്നില്ല, അവര്‍ക്ക് റിട്ടയര്‍മെന്റ് ആ‍നുകൂല്യങ്ങളും നല്‍കേണ്ടതില്ല.

ഔട്ട്‌സോര്‍സിങ്ങ് എന്തുകൊണ്ട്?

ഇന്ന് ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഫാക്ടറികളിലെ തൊഴില്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് സ്ഥിരം തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുകയാണ്. പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയായ ഐബി‌എമ്മിനും ചെരുപ്പു കമ്പനിയായ നൈക്കിനും ഇന്ന് ഒരു ഫാക്ടറിപോലുമില്ല. അഡിഡാസ് കമ്പനി വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 1 % മാത്രമാണ് അവരുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. വിവിധ ജോലികള്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് അവരുടെ സീല്‍ മാത്രം വെച്ച് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണവര്‍. കൂലി ചെലവില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് ലാഭം വന്‍‌തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുന്നു. ദുഷ്ടലാക്കുള്ള ഇത്തരം ബഹുരാഷ്ട്ര കുത്തകകളെ മാതൃകയാക്കിക്കൊണ്ടാണ് എസ് ബി ഐ യും ഔട്ട്‌സോര്‍സിങ്ങ് നീക്കം നടത്തുന്നത്. ഫ്ലെക്സിബിള്‍ ലേബര്‍ മര്‍ക്കറ്റ് (Flexible Labour Market) ആണ് അവരുടെ ലക്ഷ്യം.

ഔട്ട്‌സോര്‍സിങ്ങ് മൂലം ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുമോ?

ബാങ്ക് ശാഖകള്‍ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. അവിടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ നിയമിക്കുകയല്ല കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യേണ്ടത്. ഏജന്റുമാരായി വരുന്നവര്‍ക്ക് കമ്മീഷന്‍ എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമുണ്ടാകില്ല. ഇത് ബാങ്കിംഗ് സേവനങ്ങളുടെ നിലവാരമിടിക്കുന്നതിനേ വഴിവക്കൂ.

ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്ന് ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പണികള്‍ ഔട്ട്‌സോര്‍സിങ്ങിലൂടെ ചെയ്യിക്കുകയാണെങ്കില്‍ വന്‍‌തോതില്‍ ബിനാമി അക്കൌണ്ടുകള്‍ തുറക്കപ്പെടും. മാത്രവുമല്ല, കെവൈസി നോംസ് ( Know your Customer Norms) കൂടുതല്‍ ലളിതമാക്കണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയരുന്നുമുണ്ട്.

ഔട്ട്‌സോര്‍സിങ്ങ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍

ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ വച്ച് ബാങ്ക് ഇടപാടുകള്‍ ചെയ്യുവാനായാല്‍ ബാങ്കുകള്‍ ഇന്നുള്ള ഗ്രാമീണ- അര്‍ദ്ധ നഗര ( rural-semi urban) ശാഖകള്‍ പോലും ഒന്നിനുപിറകെ ഒന്നായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ബാങ്കിങ്ങ് പരിഷ്ക്കാരങ്ങളുടെ ഭാഗമായി, ഇതിനകം തന്നെ, ഗ്രാമീണ ശാഖകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. 1993 നും 2005 നും ഇടക്ക് 3307 ഗ്രാമീണ ശാഖകള്‍ കുറഞ്ഞു. ഇതു 2006 ആയപ്പോള്‍ 4639 ആ‍യി മാറി.

റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, പോപ്പുലേഷന്‍ പെര്‍ ബ്രാഞ്ച് ( Population per branch) 1991 ല്‍ 13711 ആയിരുന്നത് വര്‍ദ്ധിച്ച് 2005 ല്‍ 15680 ആയി മാറി. ഗ്രാമീണ മേഖലയിലേക്കു വരുമ്പോഴാകട്ടെ, പോപ്പുലേഷന്‍ പെര്‍ റൂറല്‍ ബ്രാഞ്ച് (Population per rural branch) 13462ല്‍ നിന്നും 16650 ആയി വര്‍ദ്ധിച്ചതായി കാണാം. ഈ കാലയളവില്‍ ഗ്രാമീണ ശാഖകളിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും എണ്ണത്തിലും വലിയ കുറവുണ്ടായി എന്നു കാണാം. സ്വാഭാവികമായും ഇത് ഗ്രാമീണ ശാഖകള്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ നിലവാരമിടിക്കുന്നതിന് കാരണമായി. ഇത് ഒരു മറയാക്കിക്കൊണ്ട് പുറംകരാര്‍ പണി പിന്‍‌വാതിലിലൂടെ കൊണ്ടുവരാനാണ് ബാങ്ക് മാനേജ്‌മെന്റുകളുടെ ശ്രമം.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍ 1991 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ, കമ്പോളമാണ് സര്‍വപ്രധാനം( Market is supreme) എന്ന പിന്തിരിപ്പന്‍ നയത്തിന്റെ പ്രതിഫലനമാണ് നാം ഇവിടെ കാണുന്നത്.

ഔട്ട്‌സോര്‍സിങ്ങ് കൊണ്ടുവന്ന മേഖലകളില്‍ എല്ലാം തന്നെ സേവനങ്ങളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. ബാങ്ക് ജോലികള്‍ക്ക് മറ്റു ജോലികള്‍ക്ക് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഇടപാടുകളുടെ രഹസ്യസ്വഭാവവും ഇതില്‍ പ്രധാനമാണ്. ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ ബാങ്ക് ശാഖകള്‍ക്ക് പകരം വക്കുകയാണെങ്കില്‍ ഈ രണ്ടുകാര്യങ്ങളിലും വീഴ്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈയടുത്ത കാലത്താണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പ്രദേശത്ത് ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി കോടിക്കണക്കിന് രൂപയുമായി അപ്രത്യക്ഷനായതായ വാര്‍ത്തകള്‍ വന്നത്. നവസ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ അക്കൌണ്ടില്‍ നിന്നും അനുവാദം കൂടാതെ പണം എടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയതായി നിര്‍വധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. എച് ഡി എഫ് സി ബാങ്കിനെ സംബന്ധിച്ച് ഇത്തരമൊരു പരാതി കേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ സംവിധായകന്‍ ഉന്നയിച്ചതും ഈയടുത്ത കാലത്താണ്.

ഡോര്‍സ്റ്റെപ്പ് ഡെലിവറി പിന്‍‌വാതിലിലൂടെ കൊണ്ടുവരുക എന്നതും ഔട്ട്‌സോര്‍സിങ്ങ് പ്രക്രിയയുടെ മറ്റൊരു ഉദ്ദേശ്യമാണ്. പല നവ സ്വകാര്യ ബാങ്കുകളും (New generation private sector banks) പരീക്ഷിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നടപടിയാണ് ഡോര്‍സ്റ്റെപ്പ് ഡെലിവറി . ഈ പ്രക്രിയയില്‍ തട്ടിപ്പിനുള്ള (Frauds) സാദ്ധ്യതകള്‍ ഏറെയാണ്. ഫ്രാഞ്ചൈസികളുടെ സ്വകാര്യ, വര്‍ഗ്ഗ, വര്‍ഗ്ഗീയ പ്രാദേശിക താല്‍പ്പര്യങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തും എന്നതാണ് മറ്റൊരു പ്രശ്നം. മാത്രവുമല്ല, വലിയ ഒരു വിഭാഗത്തിന് ബാങ്കിങ്ങ് സേവനങ്ങള്‍ അപ്രാപ്യമാക്കാന്‍ ഇത് ഇട വരുത്തുകയും ചെയ്യും.

അമേരിക്കന്‍ കണ്‍സല്‍ട്ടന്‍സി കമ്പനിയായ മക് കിന്‍സി & കമ്പനിയുടെ (McKinsey & Company )നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് പ്രോസസ്സ് റീ എഞ്ചിനീയറിങ്ങിന്റെ (Business process re-engineering) ഭാഗമായി ശാഖക്കുള്ളില്‍ തന്നെ കരാര്‍ തൊഴിലാളികളെ വെക്കാന്‍ നീക്കമുണ്ടായിരുന്നു. മക് കിന്‍സി ഇതു കൂടാതെ നിരവധി ബദല്‍ ചാനലുകളും (alternate channels)ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഔട്ട്‌സോര്‍സിങ്ങും കാള്‍ സെന്ററുകളും (call centres) ഉള്‍പ്പെടുന്നു.

60 ശതമാനത്തിലേറെ നിര‍ക്ഷരരായ ഗ്രാമീണ ജനത അധിവസിക്കുന്ന നമ്മുടെ രാജ്യത്താണ് വികസിത മുതലാളിത്ത രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നത്.

മൈക്രോ ക്രെഡിറ്റ് ഇന്‍സ്റ്റിട്യൂഷനുളെ നിയമവിധേയമാക്കാനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം ഇപ്പോള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന മൈക്രോ ഫിനാന്‍സ് ബില്ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഔട്ട്‌സോര്‍സിങ്ങ് നീക്കവും ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ബാങ്കിങ്ങ് ഏതു രീതിയില്‍ ആയിരിക്കും എന്നത് വ്യക്തമാകും. ഔപചാരിക ബാങ്കിങ്ങ് സംവിധാനങ്ങള്‍ക്ക് പകരം ഇത്തരം അനൌപചാരിക സംവിധാനങ്ങളെ പകരം വെയ്ക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സാംഘടിപ്പിക്കുന്നതില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്നോട്ട് പോയാല്‍ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്ത് സംഭവിക്കുക.

(ശ്രീ. സജി വര്‍ഗ്ഗീസ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തില്‍ എഴുതിയ ലേഖനം)

15 comments:

വര്‍ക്കേഴ്സ് ഫോറം said...

60 ശതമാനത്തിലേറെ നിര‍ക്ഷരരായ ഗ്രാമീണ ജനത അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് വികസിത മുതലാളിത്ത രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ മെച്ചം ലഭിക്കുന്നത് ആര്‍ക്കായിരിക്കും? മാസ് ബാങ്കിംഗില്‍ നിന്നും ക്ലാസ് ബാങ്കിംഗിലേക്കുള്ള നീക്കം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മൈക്രോ ക്രെഡിറ്റ് ഇന്‍സ്റ്റിട്യൂഷനുളെ നിയമവിധേയമാക്കാനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം ഇപ്പോള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന മൈക്രോ ഫിനാന്‍സ് ബില്ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഔട്ട്‌സോര്‍സിങ്ങ് നീക്കവും ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ബാങ്കിങ്ങ് ഏതു രീതിയില്‍ ആയിരിക്കും എന്നത് വ്യക്തമാകും.

ഔപചാരിക ബാങ്കിങ്ങ് സംവിധാനങ്ങള്‍ക്ക് പകരം ഇത്തരം അനൌപചാരിക സംവിധാനങ്ങളെ പകരം വെയ്ക്കാനാണ് നീക്കം നടക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് പിന്നിലെ ജനവിരുദ്ധത തിരിച്ചറിയപ്പെടേണ്ടതുണ്ട്.

Sreejith K. said...

അമേരിക്കന്‍ കമ്പനികള്‍ ഔട്ട്സോര്‍സിങ്ങ് നടത്തുന്നതുകൊണ്ട് ഭാരതത്തില്‍ ലക്ഷക്കണക്കിനു എഞ്ചിനിയര്‍മാര്‍ കഞ്ഞി കുടിച്ച് കഴിയുന്നു. അനുബന്ധമായ മറ്റ് ജോലികളും ഒട്ടനവധി. ഔട്ട്സോര്‍സിങ്ങ് അമേരിക്ക ഒറ്റ ദിവസം കൊണ്ട് വേണ്ട എന്നു വച്ചാല്‍ ഈ പറയുന്ന റിസര്‍വ്വ് ബാങ്കും സ്റ്റേറ്റ് ബാങ്കും ഒക്കെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴും. അതുകൊണ്ട് ദൂഷ്യവശങ്ങള്‍ മാത്രം കണ്ടാല്‍ പോര, നല്ല വശങ്ങളും പഠിക്കുന്നത് നന്നായിരിക്കും.

ഔട്ട്സോര്‍സിങ്ങ് വഴി ജോലി മറ്റ് സ്ഥാപങ്ങള്‍ ചെയ്താലും ജീവനക്കാരുടെ എണ്ണം തുല്യമായിരിക്കും എന്ന സത്യം മനസ്സിലാക്കുക. ശമ്പളം കുറവാണെങ്കില്‍ ഈ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ജോലി മാറാമല്ലോ. ഇപ്പോള്‍ ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണോ ഭാരതത്തില്‍ ക്ഷാമം.

കിരണ്‍ തോമസ് തോമ്പില്‍ said...

ശ്രീജിത്തെ നമുക്ക്‌ ഗ്ലോബല്‍ മുതലാളിമാര്‍ ഒഴുക്കുന്ന പണം വേണം. എന്നാല്‍ നമുക്ക്‌ അത്തരത്തിലുള്ള ഒന്നും പാടില്ല. ഞാന്‍ മനസിലാക്കിയടത്തോളം ഈ ഗ്രാമീണ സ്നേഹമൊക്കെ വെറും പുകമറയാ. അല്ലാതെ ബാങ്ക്‌ തൊഴിലാളികളുടെ കാര്യം മാത്രം പറഞ്ഞാല്‍ റീട്ടെയില്‍ ചെയിനേപ്പറ്റി വ്യാപരി വ്യവസായി ഏകോപന സമിതി പറയുന്നതുപോലെയെന്ന് ആരങ്കിലും ചിന്തിച്ചെങ്കിലോ. പിന്നെ റിസര്‍ ബാങ്കും സ്റ്റേറ്റ്‌ ബങ്കുമൊക്കെ ഇടിഞ്ഞു വീഷുമൊന്നുമില്ല അതൊക്കെ വെറും IT ക്കരന്റെ അഹങ്കാരത്തില്‍ നിന്നുള്ള പ്രസ്താവനയായിപ്പോകില്ലേ

ഉറുമ്പ്‌ /ANT said...

പറയാനുള്ളതു കിരണ്‍ പറഞ്ഞു.
കപട തൊഴിലാളി സ്നേഹമാണ്, നമ്മുടെ യദാര്‍ഥ പ്രശ്നം

വര്‍ക്കേഴ്സ് ഫോറം said...

ശ്രീജിത്തിന്റെ വാദത്തില്‍ ഒരു ചെറിയ പിശകില്ലേ?

ഇന്ത്യയിലെ എഞ്ചിനീയര്‍മാര്‍ കഞ്ഞി കുടിച്ച് കഴിഞ്ഞോട്ടെ എന്ന ഉദ്ദേശത്തോടെ ആണോ അമേരിക്കയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ജോലികള്‍ ഇങ്ങോട്ട് വരുന്നത്? അവിടെ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആ ജോലികള്‍ ഇവിടെ ചെയ്യാന്‍ പറ്റും അതു വഴി ലാഭം വര്‍ദ്ധിപ്പിക്കാം എന്നതല്ലേ യഥാര്‍ത്ഥ ഉദ്ദേശം? അവിടത്തെ തൊഴിലാളിക്ക് കൊടുക്കേണ്ടിയിരുന്ന തുകയുടെ ഒരു പങ്കല്ലേ ഇങ്ങോട്ട് വരുന്നത്? അല്ലാതെ അവിടത്തെ മുതലാളിമാര്‍ അവരുടെ ലാഭത്തിന്റെ ഒരംശം ജീവകാരുണ്യപരമായി വിതരണം ചെയ്ത് ഈ നാടിനേയും വികസിപ്പിക്കാന്‍ നോക്കുകയല്ലല്ലോ? അത് തിരിച്ചറിയുക എന്നത് പ്രധാനം ആണ് എന്ന് ഞങ്ങള്‍ കരുതുന്നു. അതുപോലെ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നാളെ മറ്റെവിടെയെങ്കിലും ആരെങ്കിലും ഇതേ ജോലി ചെയ്യാന്‍ തയ്യാറായാല്‍, ഇപ്പോഴുള്ളതെല്ലാം അങ്ങോട്ടു പോകില്ലേ? അങ്ങിനെ വരാനല്ലേ കൂടുതല്‍ സാദ്ധ്യത. ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതു തന്നെയല്ലേ? അന്നുണ്ടാകാന്‍ പോകുന്ന ഭീകരമായ സാമ്പത്തിക തകര്‍ച്ച എന്തായിരിക്കും? ഇപ്പോള്‍ത്തന്നെ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഈ രംഗം തകര്‍ച്ചയെ നേരിടുകയല്ലേ?

അതവിടെ നില്‍ക്കട്ടെ. വേണമെങ്കില്‍ പുറത്ത് നിന്നു വരുന്ന തുക താത്കാലികമായി ഇവിടെ കുറേപ്പേര്‍ക്ക് ലഭിക്കുന്നു എന്നെങ്കിലും കരുതാം. ഇന്ത്യയില്‍ തന്നെ ഈ ഔട്ട്സോര്‍സിങ്ങ് വ്യാപകമായാല്‍? ആദ്യം വേണമെങ്കില്‍ കുറേപ്പേര്‍ക്ക് ജോലി പുതുതായി കിട്ടുന്നു എന്ന് തോന്നും. പുതിയ ചില ഔട്ട്സോര്‍സിങ്ങ് സ്ഥാപനങ്ങള്‍ ആരംഭിച്ചേക്കും. പക്ഷെ, തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന വ്യവസ്ഥകളോടെ ആരെയൊക്കെയോ ഈ ജോലികള്‍ ഏല്‍പ്പിക്കേണ്ടിയിരുന്ന സ്ഥലത്താണ് ആ ജോലികള്‍, സാധാരണയിലും താഴ്ന്ന നിരക്കില്‍ ലാഭത്തിനായി ഔട്ട്സോര്‍സ് ചെയ്യപ്പെടുന്നത്. സത്യത്തില്‍ തൊഴിലിനൊന്നും യാതൊരു ഉറപ്പും ഇല്ലാത്ത അവസ്ഥയല്ലേ സൃഷ്ടിക്കപ്പെടുക? ഉറപ്പുള്ളത് ഒന്നിനു മാത്രമാകും. മുതലാളിമാരുടെ ലാഭത്തിന്. ഇത് കൊണ്ട് സേവനം മെച്ചപ്പെടും എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ?

വളരെ ഫ്ലെക്സിബിള്‍ ആയ ഒരു തൊഴില്‍കമ്പോളം ലക്ഷ്യമാക്കുന്ന മുതലാളിമാര്‍ക്ക് വളരെ സൌകര്യപ്രദമാണ് ഈ ഔട്ട്സോര്‍സിങ്ങ്. ഒരു തരം Hire & Fire പോളിസി. ആരോടും ഉത്തരവാദിത്വമില്ലാത്ത, അന്നന്നത്തെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു രീതി.

ഔട്ട്സോര്‍സിങ്ങിനെതിരെ അമേരിക്കയില്‍ നിയന്ത്രണം വന്നാല്‍? ഇപ്പോള്‍ തന്നെ ഉണ്ടല്ലോ? നാളെ കടുത്ത നിയന്ത്രണങ്ങള്‍ വരികയും ചെയ്താല്‍? ഒരു തരം ഒഴുകുന്ന ജോലികളാണ് ഈ ഔട്ട്സോര്‍സിങ്ങിലൂടെ ഇങ്ങോട്ട് വരുന്നത്. ഇന്നു വരും നാളെപോകും. അതിനെ ആശ്രയിച്ചാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പെങ്കില്‍, എന്നു വേണമെങ്കിലും അത് പൊളിഞ്ഞുപോകും.

കൂടുതല്‍ വിദഗ്ദരായ തൊഴിലാളികളുടെ സേവനം ലഭ്യമാകുന്നു, ഒരു പക്ഷെ കൂടുതല്‍ വേഗത്തിലും സമയത്തിലും ലഭ്യമാകുന്നു, കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചില സേവനങ്ങള്‍(ഉദാ: കാള്‍ സെന്ററുകള്‍) നല്‍കാന്‍ സാധിക്കുന്നു എന്നതൊക്കെ ഈ ഔട്ട്സോര്‍സിങ്ങിന്റെ മെച്ചം എന്നു പറയാം. പക്ഷെ, അതൊക്കെത്തന്നെ ലാഭം എന്ന ഒറ്റലക്ഷ്യത്തിന്റെ പിന്നില്‍ മാത്രമാണ് നില്‍ക്കുന്നത്. സാമൂഹികമായ ഉത്തരവാദിത്വം എന്നത് എവിടേയും കാണാന്‍ കഴിയില്ല.

കുട്ടന്‍സ്‌ | S.i.j.i.t.h said...

മാഷെ,
നിങ്ങള്‍ പറഞ്ഞ പലതിനോടും യോജിക്കുമ്പോള്‍ തന്നെ..ഒരു കാര്യം പറയാതിരിക്കാതെ വയ്യ..ഭരിക്കുന്ന ഗവണ്മെന്റുകള്‍ക്കും,കക്ഷിരാഷ്ട്രീയത്തിനും ഇല്ലാത്ത “സാമൂഹികമായ ഉത്തരവാദിത്വം ” ആഗോള/മള്‍ട്ടിനാഷണല്‍/അമേരിക്കന്‍/കുത്തക കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കാമോ..????

Inji Pennu said...

ഈ ലേഖനത്തില്‍ ഈ കാര്യങ്ങള്‍ പറഞ്ഞത് വളാരെ ശരിയാണ്.
“അവിടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ നിയമിക്കുകയല്ല കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യേണ്ടത്.” ഔട്ട് സോര്‍സ് ചെയ്തു ഗ്രാമീണ ശാഖകള്‍ തുറക്കുന്നത് വമ്പന്‍ പരാജയമാണ്. അതിനു ബാങ്കിന്റെ പരിചയസമ്പന്നരായ എമ്പ്ലൊയീസ് തന്നെയാണ് വേണ്ടത്.
പക്ഷെ ഈ ലേഖനത്തിലുള്ള ഔട്ട് സോര്‍സിങ്ങിനോട് പൊതുവേയുള്ള മറ്റു നയങ്ങളോട് എനിക്ക് വിയോജിപ്പാ‍ണ്.
രണ്ടും രണ്ട് കാര്യങ്ങളാ‍ണ്..

അതുപോലെ ശ്രീജിത്ത് പറഞ്ഞതിനോട് ഒട്ടും യോജിക്കാനാവുന്നില്ല എനിക്ക്. അമേരിക്കയില്‍ ഇന്‍ഫ്ലേഷന്‍ പിടിച്ച് നിറുത്തുന്നത് ചീപ്പായ ചൈനീസ് സാധനങ്ങളാണ്. അപ്പോള്‍ ചൈന കാരണമാണ് അമേരിക്ക രക്ഷപ്പെട്ട് പോവുക എന്നത് ശരിയാണൊ? അല്ല, ഇതൊരു മ്യൂച്ചല്‍ കോ എക്സിസറ്റന്‍സാണ്. അമേരിക്കക്ക് ഇന്ത്യയെക്കൊണ്ട് ആവശ്യമുണ്ട്. തിരിച്ചും. അവര്‍ എല്ലാം എടുത്തോണ്ട് പോയാല്‍ ഇന്ത്യക്ക് ഒരു ഇടിവ് പറ്റും അതേ ഇടിവ് അമേരിക്കക്കും പറ്റും. കാരണം ഇന്ത്യന്‍സ് ഇതിലോട്ട് വരുന്നതിനു മുന്‍പ് ഇവിടെ ഇതു വളരെ ഹൈപേയിങ്ങ് ജോബ്സ് ആയിരുന്നു. 200$ പെര്‍ ഹവര്‍ ഒക്കെ മിനിമം കിട്ടിക്കോണ്ടിരുന്നതാണ് ഇന്ത്യന്‍സ് വന്ന് അത് 30$ 40$ ആക്കി, ഈ സെര്‍വീസസിനും സോഫ്റ്റ്വേയറിനൊക്കെ ഇത്ര ലാഭകരമാക്കിയത്. അതുകൊണ്ട് നമ്മുടെ സേവനങ്ങള്‍ അവര്‍ക്കും ആവശ്യമുണ്ട്.

പെട്ടെന്ന് തകര്‍ന്ന് തരിപ്പണമാവാന്‍ ഇന്ത്യന്‍ എക്കോണമി ഒരു മലേഷ്യയൊ മെക്സിക്കോയോ അല്ലെങ്കില്‍ പ്ലേയിങ്ങ് കാര്‍ഡ് എക്കോണമി അല്ല. നമ്മുക്ക് ഇന്‍ഹെരന്റ് ആയ ഒരു പവറും സ്റ്റ്ര്ങ്ങ്തും ണ്ട്. അത്ര ഓപണ്‍ അല്ല നമ്മുടെ എക്കോണമി. സ്റ്റോക്ക് മാര്‍കെറ്റ് ഒക്കെ ഒരു ലെവലില്‍ താഴെ പോയാല്‍ ഗവണ്മെന്റ് ഇടപെടുന്നതും അതുകൊണ്ടാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

വീണ്ടും വര്‍ക്കേഷ്‌സ്‌ ഫോറം ഭീതി പടര്‍ത്തുകയാണ്‌. ഇവര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നും പുത്തന്‍ സാമ്പത്തീക നയങ്ങള്‍ വരുന്നതിന്‌ മുന്‍പ്‌ നമ്മുടെ ദേശാസല്‍കൃത ബാങ്കുകളില്‍ നിന്ന് നമുക്ക്‌ സേവനങ്ങളുടെ പെരുമഴയാണെന്ന്. പുത്തന്‍ തലമുറ ബാങ്കുകള്‍ വന്ന ശേഷം മാത്രമാണ്‌ ദേശാസാല്‍കൃത ബാങ്കുകളിലെ ജീവനക്കാരുടെ മനോഭാവം മാറിയത്‌. മുതലാളിത്തം എന്ന പദത്തില്‍പ്പിടിച്ച്‌ ഇത്ര വികാരം കൊള്ളുന്ന ഈ ബാങ്കുകാരുടെ മുതലാളിമാരോടുള്ള സ്നേഹം എല്ലാവര്‍ക്കും അറിയാം. പണ്ട്‌ ഫിക്സഡ്‌ ഡിപ്പോസിറ്റുള്ള മുതലാളിമാരുടെ പിന്നാലേ നടന്നവരാണ്‌ ഇന്ന് ഗ്രാമീണരേക്കുറിച്ച്‌ വികാരം കൊള്ളുന്നത്‌.

ഇനി ഇന്ത്യയില്‍ ആഗോള വല്‍ക്കരണം നടന്നിരുന്നില്ല എന്ന് വിചാരിക്കുക. ഇന്ന് ഇതിന്റെ ഗുണഭോക്താക്കളായി തൊഴില്‍ ലഭിച്ചവര്‍ PSC ടെസ്റ്റും ബാങ്ക്‌ ടെസ്റ്റുമെഴുതി ജീവിതം പാഴാക്കി നടക്കുന്നുണ്ടാകും. അല്ലെങ്കില്‍ ഗള്‍ഫിലേക്കോ മറ്റോ പോകാനുള്ള വിസ അന്വേഷിച്ച്‌ നടക്കുന്നുണ്ടാകും. തൊഴിലാളി യൂണിയനുകള്‍ക്ക്‌ അവരുടെ പരിമിതമായ ലോകത്തു നിന്ന് എല്ലാത്തിനേയും പറ്റി പൊതു അഭിപ്രായ പ്രകടനം നടത്താന്‍ കഴിയും. ടെലിക്കോം മേഖലയിലും ഇന്‍ഷൂറന്‍സ്‌ മേഖലയിലും ഒക്കെ വിദേശ നിക്ഷേപം വരാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ പറഞ്ഞത്‌ ഓര്‍ക്കുക.

Sreejith K. said...

കിരണേ, ഗ്രാമീണ സ്നേഹം ഒക്കെ പുകമറയാണെന്ന് ആര്‍ക്കാ അറിഞ്ഞുകൂടാത്തത്? മുതലാളിമാര്‍ ഇച്ചിരി കാശുണ്ടാക്കാന്‍ എന്തെങ്കിലും വഴി കണ്ടുപിടിക്കുമ്പോള്‍ മുട്ടാപ്പോക്കും പറഞ്ഞ് തൊഴിലാളികളുടെ രക്ഷകരായി ചിലര്‍ അവതരിക്കും. ആരും ബിസിനസ്സ് നടത്തുന്നത് പാവപ്പെട്ടവരെ സഹായിക്കാന്‍ അല്ല, അവനവന് കാശുണ്ടാക്കാന്‍ മാത്രം. കാശ് മുടക്കുന്നവന് സ്വന്തം തൊഴില്‍ ലാഭകരമാക്കാന്‍ നിയമപരമായ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞാല്‍? ഈ കുറ്റം പറയുന്നവര്‍ ഒരു ബിസിനസ്സ് തുടങ്ങി മറ്റുള്ളവര്‍ നല്‍കുന്നതിനേക്കാള്‍ കൂലി നല്‍കു അത്രയ്ക്ക് സാമൂഹ്യബോധമാണെങ്കില്‍. പിന്നെ ഇന്ത്യന്‍ ഇക്കണോമിയെ അമേരിക്ക കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നത് ഇഷ്ടമല്ലെങ്കിലും താങ്കള്‍ സമ്മതിച്ചേ പറ്റൂ. വേള്‍ഡ് ട്രേഡ് സെന്റ്റ്ര് ഇടിഞ്ഞ് വീഴുമ്പോള്‍ നമ്മള്‍ അത് കണ്ടതാണല്ലോ.

വര്‍ക്കേര്‍സ് ഫോറത്തിന്റെ ആവശ്യം ഗവേര്‍മെന്റ് ജോലി പോലെ ജോലി സ്ഥിരതയുള്ള ജോലികള്‍ എല്ലാ രംഗത്തും വേണമെന്നതാണ്. വളരെ ന്യായമായ ആവശ്യം. അതിനാണോ ഇത്ര ബുദ്ധിമുട്ട്, നമ്മുടെ ഗവേര്‍മെന്റിനു തന്നെ ഒരു സ്ഥാപനം തുടങ്ങിയാല്‍ പോരേ? അവര് അഥവാ നമ്മള്‍ പറഞ്ഞിട്ട് ചെയ്തില്ലെങ്കില്‍ ചുമ്മാ ഒന്ന് രണ്ട് ഹര്‍ത്താല്‍ ഒക്കെ നടത്തിനോക്കെന്നേ, അവര് പേടിച്ചോളും.

വിന്‍സ് said...

Americayiley valiya oru bankiley employee aaya enikku naattil eethengilum bankil chennal avar customersinodu perumarunnathum mattum kandaal theri vilikkaan thoonnum. pandoru managerudey thanthakku vilikkendi vannu, avante bhavam kandittu. nammal enthoo oudharyam needan veendi bankil vannu enna mattum bhavavum aanu avidey irikkunna konaappanmarkku. ningaludey joly angu kurachu poovukayanengil poovattu. chilappol ningal okkey maryada padikkum. enthoo kooppiley test ezhuthi pass aayennum paranju keralathiley ottu mikka bankileyum employeesinteyum bhavam avar aanu namukku sambalam tharunnathu ennanu.

out source cheyyattu, ningaludey jolikal poovattu ennaanu ente athmarthmaaya abhiprayavum agrahavum. engiley bank employees alpam maryada padikku. joly nool paalathil aanennu ariyumbol mattullavarodu eda pedunnathu enganey ennu thaniye padichu kollum.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

ഏതെങ്കിലും ഒരു അഭിപ്രായം ആരെങ്കിലും പ്രകടിപ്പിക്കുമ്പോള്‍ അതിനെ എത്രശക്തമായി എതിര്‍ക്കുന്നതും മനസ്സിലാക്കാം. പക്ഷെ, സ്വന്തം വാദഗതികള്‍ ഉന്നയിക്കാതെ എതിരഭിപ്രായം പ്രകടിപ്പിച്ചവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നത് അത്ര ശരിയായ രീതിയാണെന്ന് തോന്നുന്നില്ല. ബാങ്കിംഗ് രംഗത്തെ വിവിധ സംഘടനകളുടെ ആത്മാര്‍ത്ഥമായ ശ്രമമില്ലായിരുന്നെങ്കില്‍ ഇന്നുള്ള ജനകീയ ബാങ്കിംഗിന്റെ അംശങ്ങള്‍ പോലും ഇല്ലാതാകുമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ ജനങ്ങളില്‍ നിന്നും അകലുമായിരുന്നു.

ബാങ്കിംഗ് ദേശസാത്കരണത്തിനു മുന്‍പുള്ള കാലത്തെ ചരിത്രം പലര്‍ക്കും അറിയില്ല. സെന്‍ട്രല്‍ ബാങ്ക് ടാറ്റായുടെയും യൂക്കൊ ബാങ്ക് ബിര്‍ലയുടെയും മറ്റുമായിരുന്നു . നാട്ടുകാരുടെ ഡെപോസിറ്റ് സ്വന്തം വ്യവസായങ്ങളുടെ വികസനത്തിനായിരുന്നു ബാങ്കുടമകള്‍ ഉപയോഗിച്ചിരുന്നത്. ബാങ്കുകള്‍ പൊളിയുന്നത് സ്ഥിരം ഏര്‍പ്പാടായിരുന്നു എന്നതും പുതിയ തലമുറയ്ക്ക് അറിവുണ്ടാവില്ല. എന്തിന് സാധാരണക്കാരന്‍ ബാങ്കിന്റെ പടി ചവുട്ടി ബാങ്കിന്റെ അകം കണ്ടത് തന്നെ ദേശസാത്കരണത്തിനു ശേഷമല്ലേ?

കൂടാതെ, ദേശസാത്കരണത്തിനു ശേഷമാണ് മുന്‍‌ഗണനാ വിഭാഗങ്ങള്‍/ അവര്‍ക്കുള്ള കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകള്‍ എന്നീ കണ്‍‌സെപ്‌റ്റുകള്‍ തന്നെ വന്നത്. അതുണ്ടാക്കിയിട്ടുള്ള സാമൂഹ്യ പുരോഗതിയും വികസനവുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ നിയമനവും താങ്കള്‍ പുച്ഛത്തോടെ കാണുന്ന ബാങ്ക് പരീക്ഷയും വന്നത് ദേശസാത്കരണത്തിനുശേഷമല്ലേ?

ഇന്നിപ്പോള്‍ ബാങ്കിംഗ് സെക്ടറിലെ ഫൈനാന്‍ഷ്യല്‍ ഇന്‍‌ക്ലൂഷനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. അതിനര്‍ത്ഥം എത്രയോ അധികം ഗ്രാമീണ ജനത ഇന്നും പുറത്ത് തന്നെ ആണ് (excluded ആണ്)എന്നല്ലേ? ഏറ്റവും വലിയ ഇന്‍‌ക്ലൂസീവ് നടപടി ആയിരുന്നില്ലേ ബാങ്ക് ദേശസാത്കരണം അഥവാ പൊതുമേഖലാ ബാങ്കുകള്‍?

ജനസംഖ്യയില്‍ 60 ശതമാനത്തിനും ബാങ്ക് അക്കൌണ്ട് ഇല്ലാത്ത കാലത്താണ് നാം ഇന്നും ജീവിക്കുന്നത്. അവരെക്കൂടി ബാങ്കിംഗ് സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനു പകരം ഗ്രാമീണ ശാഖകള്‍ അടച്ച് പൂട്ടുന്നത് ഏത് രീതിയില്‍ ന്യായീകരിക്കാനാകും?

പുത്തന്‍ തലമുറ ബാങ്കുകള്‍ വന്ന ശേഷം ദേശാസാല്‍കൃത ബാങ്കുകളിലെ ജീവനക്കാരുടെ മനോഭാവം മാറി എന്ന കിരണിന്റെ വാദഗതിയില്‍ കഴമ്പുണ്ട് എന്ന് സമ്മതിക്കുമ്പോള്‍തന്നെ പുത്തന്‍ തലമുറ ബാങ്കുകളുടെ ആവിര്‍ഭാവം എങ്ങനെ ഉണ്ടായി എന്തു കൊണ്ടുണ്ടായി എന്ന് ശ്രദ്ധാപൂര്‍വം പരിശോധിക്കണം.

ഭീതി പടര്‍ത്തല്‍ ഉദ്ദേശമല്ല കിരണ്‍. തൊഴിലാളി പക്ഷത്തു നിന്നുള്ള വീക്ഷണം അവതരിപ്പിക്കുന്നു എന്നു മാത്രം. അതിനെതിരായ എല്ലാ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും സ്വാഗതം. പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ. “ഭീതി പടര്‍ത്തുന്നു” എന്ന “പുകമറ” ദയവായി ഉയര്‍ത്താതിരിക്കൂ.

കുട്ടന്‍സ് പറയുന്നു.

"മാഷെ,നിങ്ങള്‍ പറഞ്ഞ പലതിനോടും യോജിക്കുമ്പോള്‍ തന്നെ..ഒരു ഇല്ലാത്ത "സാമൂഹികമായ ഉത്തരവാദിത്വം " ആഗോള/മള്‍ട്ടിനാഷണല്‍/അമേരിക്കന്‍‍/കുത്തക കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കാമോ..???? "

തീര്‍ച്ചയായും ഇല്ല..മാഷെ, ഗവണ്മെന്റുകളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വം കാണിക്കണം എന്നു തന്നെയാണ് ഞങ്ങളും‍ പറയുന്നത്.

ഇന്നു ഇവിടെ നിലവിലുള്ള പല പുത്തന്‍ തലമുറ ബാങ്കുകളും വിദേശ ബാങ്കുകളും അക്കൌണ്ട് തുറക്കുക, വായ്പാ അപേക്ഷകള്‍ പ്രോസസ് ചെയ്യുക എന്തിന് വായ്പ അടക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ പിരിച്ചെടുക്കുക തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ഒരു തരം കാഷ്വലൈസേഷന്‍ ഓഫ് ലേബര്‍ ആണ് നടക്കുന്നത്. അങ്ങിനെയുള്ളപ്പോള്‍ ഒരേ ജോലിക്ക് ബാങ്കുകളില്‍ ഒരു തരം വേതനവും പുറംകരാര്‍ നല്‍കിയിരിക്കുന്ന സ്ഥാപനത്തില്‍ മറ്റൊരു തരം സേവന വ്യവസ്ഥയുമല്ലേ നടപ്പിലാക്കുന്നത്? ഇത് ന്യായീകരിക്കത്തക്കതാണോ? ഈ കുറഞ്ഞ നിരക്കില്‍ ജോലി ചെയ്തു കിട്ടുന്നത് അവരുടെ ലാഭത്തിലേക്കല്ലേ പോകുന്നത്? പൊതുമേഖലാ ബാങ്കുകളും ഈ രീതി പിന്‍‌തുടരാന്‍ നിര്‍ബന്ധിതരാവുകയല്ലേ? രണ്ട് സ്ഥാപനനങ്ങളിലെ തൊഴിലാളികളെ തമ്മിലടിപ്പിക്കുകയല്ല മറിച്ച് ഒരേ ജോലിക്ക്‌ രണ്ടു തരം സേവന വേതനവ്യവസ്ഥകള്‍ നടപ്പിലാക്കുന്ന കാട്ടുനീതിയെയാണ് എതിര്‍ക്കുന്നത്. ആ എതിര്‍പ്പ് ന്യായീകരിക്കത്തക്കതല്ലേ?

ഇഞ്ചിപ്പെണ്ണ് പറഞ്ഞു

"പെട്ടെന്ന് തകര്‍ന്ന് തരിപ്പണമാവാന്‍ ഇന്ത്യന്‍ എക്കോണമി ഒരു മലേഷ്യയൊ മെക്സിക്കോയോ അല്ലെങ്കില്‍ പ്ലേയിങ്ങ് കാര്‍ഡ് എക്കോണമി അല്ല. നമ്മുക്ക് ഇന്‍ഹെരന്റ് ആയ ഒരു പവറും സ്റ്റ്ര്ങ്ങ്തും ണ്ട്. അത്ര ഓപണ്‍ അല്ല നമ്മുടെ എക്കോണമി. സ്റ്റോക്ക് മാര്‍കെറ്റ് ഒക്കെ ഒരു ലെവലില്‍ താഴെ പോയാല്‍ ഗവണ്മെന്റ് ഇടപെടുന്നതും അതുകൊണ്ടാണ്."

ഇന്ത്യക്ക് ഇന്‍‌ഹെറെന്റ് ആയ ഒരു ശക്തി ഉണ്ട്. വളരെയധികം ആളുകള്‍ ദാരിദ്ര്യരേഖക്ക് താഴെ ആണെങ്കിലും വളര്‍ന്നു വരുന്ന ഒരു മദ്ധ്യവര്‍ഗ്ഗം ഉണ്ടിവിടെ. പല വികസിത രാജ്യങ്ങളിലേയും ജനസംഖ്യയേക്കാള്‍ അധികം വരുമിത്. ഇതിന്റെ മാര്‍ക്കറ്റ് പൊട്ടന്‍‍ഷ്യല്‍ കണ്ടിട്ടാണ് ഇന്ത്യയിലേക്ക് മൂലധനത്തിന്റെ ഒഴുക്ക് ഉണ്ടാവുന്നത്. നമ്മുടെ വര്‍ദ്ധിച്ചുവരുന്ന വിദേശ നാണ്യശേഖരത്തിന്റെ പിന്നിലെ കാരണമിതാണ്. NRI റെമിറ്റന്‍‌സും കുറച്ച് കാണേണ്ട.

നമ്മുടെ കയറ്റുമതി വരുമാനം ഇറക്കുമതിക്ക് തികയുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? അങ്ങിനെയിരിക്കെ ഇന്ത്യ മലേഷ്യ പോലെയോ മറ്റ് തെക്കു കിഴക്കന്‍ ഏഷ്യന്‍ പുലികളെപ്പോലെയോ എന്തുകൊണ്ട് തകര്‍ന്നില്ല? കാരണം നമുക്ക് ഫുള്‍ കണ്‍‌വര്‍ട്ടിബിലിറ്റി ഓഫ് കാപിറ്റല്‍ അക്കൌണ്ട് ഇല്ലായിരുന്നു. അതുണ്ടായിരുന്നെങ്കില്‍...ഒരു പക്ഷെ, നമുക്കീ ശക്തിയെപ്പറ്റി പറയാന്‍ അവസരം ഉണ്ടാവില്ലായിരുന്നു. (അത് ഒരു വലിയ പോസ്റ്റിനുള്ള വിഷയമാണ്.)

പക്ഷെ, അന്താരാഷ്ട്ര മൂലധനം ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടി നീക്കണം എന്നാണ് imf/world bank/wto തുടങ്ങിയ വിവിധ സംഘടനകളേയും സ്ഥാപനങ്ങളേയും കൂടിയാലോചനാ വേദികളേയും ഉപയോഗിച്ച് ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (FDI) സെക്ടറല്‍ കാപ് (sectoral cap) നീക്കണമെന്നും അവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം നീക്കിയാല്‍ മൂലധനത്തിന് നിര്‍ബാധം കടന്നുവരാനും ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാനും താമസമുണ്ടാവില്ല.(ഇന്ത്യന്‍ കമ്പനികളും നിലനില്‍ക്കണം എന്ന് തൊഴിലാളികള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്) അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പുനര്‍ കോളനിവത്കരണത്തിലേക്ക് എത്തിക്കില്ലേ?

( ഭീതി പടര്‍ത്തുകയല്ല കേട്ടോ :) )

വിദ്യാര്‍ത്ഥി said...

പണ്ടു കമ്പുട്ടെറൈസേഷന്‍ വരുന്ന സമയത്തു കൊടി പിടിച്ചതും കേരളത്തിനെ മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കള്‍ ഐ ടി രംഗത്തു പിന്നാക്കമാക്കിയതും ഈ വര്‍ക്കെര്‍സ് ഫൊറത്തിന്റെ ചിന്താഗതി ഉള്ളവരായിരുന്നില്ലേ. അവര്‍ ഇതല്ല, ഇതിലപ്പുറവും എഴുതും.

മുക്കുവന്‍ said...

ശ്രീജിത്ത്, വിദ്യാര്‍ത്ഥി നിങ്ങളുടെകൂടെ ഒരു സഹോദരന്‍ കൂടി.

അല്ലാ വര്‍ക്കേര്‍സ് ഫാറം, ഇടതിന്റെ ഒരു വലതു ശിങ്കിടി മാത്രമായിട്ടെ എനിക്കു തോന്നിയിട്ടോള്ളൂ.

Haree said...

ഇവിടെ അഭിപ്രായം പറഞ്ഞ പലരുടേയും നിലപാടു കണ്ടപ്പോള്‍ തോന്നുന്നത്; സാങ്കേതിക ജ്ഞാനമുള്ള (എ.ടി.എം., ഓണ്‍ലൈന്‍ ബാങ്കിംഗ് ഇതൊക്കെ ചെയ്യുവാന്‍ അറിവുള്ള) ആള്‍ക്കാര്‍ക്കു മാത്രം മതി ബാങ്കിംഗ് എന്നാണ്.

പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ പലതും ദേശസാല്‍കൃത ബാങ്കുകള്‍ നല്‌കുന്നില്ല എന്നത് സത്യം തന്നെയാണ്. എന്നാല്‍ ഒരു കര്‍ഷകന്‍, 15,000 യിരത്തില്‍ താഴെയുള്ള സംഘ്യ പിന്വലിക്കുവാന്‍ ബാങ്കില്‍ നേരിട്ടെത്തിയാല്‍, 500 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ നഷ്ടപെടുന്ന രീതി എങ്ങിനെ ഇന്ത്യയ്ക്ക് ചേരും?

ഇനി ഔട്ട് സോഴ്സിംഗിന്റെ കാര്യം. SBI-യുടെ ക്രഡിറ്റ് കാര്‍ഡുകള്‍ അങ്ങിനെ ലഭ്യമാക്കിയിരുന്നെന്നു തോന്നുന്നു. ഉപഭോക്താക്കള്‍ക്കറിയില്ല, ഇതിന്റെ ഗുലുമാലുകളെന്തൊക്കെയാണെന്ന്; ബാങ്കിനറിയില്ല ഏതുതരം ഉപഭോക്താവാണെന്ന്. നടുവില്‍ നില്‍ക്കുന്ന ഔട്ട്സോഴ്സ് ഏജന്റിന് കമ്മീഷന്‍ മതി; SBI-യോടും ഉത്തരവാദിത്തമില്ല, ഉപഭോക്താവിനോടും ഉത്തരവാദിത്തമില്ല. ഉപഭോക്താക്കളുടെ അറിവില്ലായ്മ കൂടി ചേരുമ്പോള്‍, എല്ലാം പൂര്‍ണ്ണം!

ഔട്ട്സോഴ്സിംഗ് വേണ്ട എന്നല്ല. SBI-യുടെ വെബ് സൈറ്റ് മെയിന്റനന്‍സ് ഔട്ട്സോഴ്സ് ചെയ്യട്ടെ, അവരുടെ കോര്‍-ബാങ്കിംഗ് സംവിധാനത്തിനുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ഔട്ട്സോഴ്സ് ചെയ്യട്ടെ, അവരുടെ ലീഫ്-ലെറ്റുകളുടേയും മറ്റും ഡിസൈനിംഗും പ്രിന്റിംഗും ഔട്ട് സോഴ്സ് ചെയ്യട്ടെ; പക്ഷെ, അവരുടെ മുഖ്യ അജണ്ടയായ ‘ബാങ്കിംഗ്’ ഔട്ട് സോഴ്സ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, 10-25 വര്‍ഷം കഴിയുമ്പോള്‍ ഇത് മാറിയേക്കാം.
--

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/