Monday, February 3, 2014

സാധുജന പരിപാലന സംഘവും പുലയമഹാസഭയും

കേരള ചരിത്രത്തിലെ ഉന്നതശീര്‍ഷനായിരുന്ന ദളിത് നേതാവ് അയ്യങ്കാളി (1863-1941) പുലയസമുദായാംഗമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കാര്യശേഷികൊണ്ടും നേതൃത്വസിദ്ധികൊണ്ടും നവോത്ഥാന നായകരുടെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു അയ്യങ്കാളി. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളിയെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ആകര്‍ഷിച്ചു. ദളിതര്‍ക്ക് വഴിനടക്കാനും കല്ലുമാല മുതലായ പ്രാകൃത ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരിഷ്കൃത വസ്ത്രങ്ങള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം നേടാനും മറ്റും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയങ്ങളാണ്.

ശ്രീനാരായണഗുരുവും ഡോ. പല്‍പ്പുവും കുമാരനാശാനും മറ്റുമായുള്ള സൗഹൃദബന്ധത്തിനു പുറമെ, അന്നത്തെ സവര്‍ണ പ്രമാണിമാരായ ഡോ. രാമന്‍പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള മുതലായവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹകാരികളും ആയി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ദിവാന്മാരായിരുന്ന വി പി മാധവറാവുവും പി രാജഗോപാലാചാരിയും അയ്യങ്കാളിയുടെ പരിചയസീമയില്‍പ്പെട്ടവരായിരുന്നു. എസ്.എന്‍.ഡി.പിയുടെയും അയ്യങ്കാളിയുടെയും മറ്റും പരിശ്രമഫലമായി അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് വിദ്യാലയ പ്രവേശനവും മറ്റും അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് ഊരൂട്ടമ്പലം, വെങ്ങാനൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും സവര്‍ണര്‍ ദളിത വിദ്യാര്‍ഥികളെ തടയുകയും ദ്രോഹിക്കുകയും ചെയ്യുക പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടിച്ച് ശക്തരാകാനും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനുമുള്ള ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ട് 1907-ല്‍ എസ്.എന്‍.ഡി.പി യോഗം മാതൃകയില്‍ സാധുജന പരിപാലന സംഘം തിരുവനന്തപുരം കേന്ദ്രമായി അയ്യങ്കാളി സ്ഥാപിച്ചത്. വിദ്യാഭ്യാസ പ്രചരണത്തിനു പുറമെ ആചാര പരിഷ്കാരങ്ങള്‍ക്കും സാധുജന പരിപാലന സംഘം പ്രാധാന്യം നല്‍കി.

അക്കാലത്ത് പുലയര്‍ക്കിടയില്‍ നടന്ന ഒരു വലിയ പ്രക്ഷോഭണമുണ്ട്: പരമ്പരാഗതമായ "കല്ലയും മാലയും" (വില കുറഞ്ഞ പല നിറത്തിലുള്ള മുത്ത് കോര്‍ത്തിണക്കി മാറു മുഴുവന്‍ മറയത്തക്കവിധം നിറയെ ധരിക്കുന്ന കല്ലുമാലകള്‍. കൈകളിലും ചെവിയിലും മറ്റും ഇത്തരം കുപ്പിക്കല്ലുകളും മറ്റുംകൊണ്ട് ആഭരണങ്ങള്‍ ധരിച്ചിരിക്കും) ഉപേക്ഷിച്ച് വസ്ത്രം കൊണ്ടോ കുപ്പായം കൊണ്ടോ മാറുമറച്ച് വൃത്തിയായി നടക്കാനുള്ള ശ്രമം. തിരുവനന്തപുരത്തിന് തെക്ക് ഊരൂട്ടമ്പലം മുതലായ പ്രദേശങ്ങളിലാണ് ആദ്യം ഈ പ്രക്ഷോഭം പടര്‍ന്നുപിടിച്ചതെങ്കിലും ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി ഉയര്‍ത്തുന്ന കോളിളക്കത്തിലേക്ക് നീങ്ങിയത് ഇന്നത്തെ കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് പെരിനാട് പ്രദേശത്ത് ആണ്. പുലയര്‍ക്കിടയില്‍ ആത്മാഭിമാനം വളര്‍ത്താനും അവകാശങ്ങള്‍ നേടാനും അപരിഷ്കൃതമായ കല്ലയും മാലയും ഉപേക്ഷിക്കാനും അവിടങ്ങളില്‍ പ്രചാരവേല നടത്തിയിരുന്നത് ഗോപാലദാസ് എന്നൊരാളാണ്. ഗോപാലദാസിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെട്ടപ്പോള്‍ സവര്‍ണര്‍, പ്രത്യേകിച്ചും നായന്മാര്‍, ക്ഷുഭിതരാവുകയും പുലയരെ കടന്നാക്രമിച്ച് പീഡിപ്പിക്കുകയും ചെയ്തു. പ്രതിക്രിയയായി പുലയര്‍ നായന്മാരുടെ ചില വീടുകള്‍ക്കും നായന്മാര്‍ പുലയരുടെ മാടങ്ങള്‍ക്കും തീവച്ചതോടെ, പുലയര്‍ അഭയാര്‍ഥികളായി നാടുവിടാന്‍ തുടങ്ങി. 1912ല്‍ ഈ ഘട്ടത്തിലാണ് അയ്യങ്കാളി ഇടപെട്ട് ശാന്തത പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഡോ. രാമന്‍ തമ്പി തുടങ്ങിയ പൗരപ്രധാനികളുടെ പിന്തുണ നേടാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. ഇവരെല്ലാം ചേര്‍ന്ന് വിളിച്ചുചേര്‍ത്ത അനുരഞ്ജന സമ്മേളനത്തിന്റെ വാര്‍ത്ത, ദേശീയ പത്രികയായി പ്രവര്‍ത്തിച്ചുവന്ന മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് താഴെ ചേര്‍ക്കുന്നു: നാനാജാതിമതസ്ഥരായി സ്ഥലത്തുള്ള പ്രധാനപ്പെട്ട പൗരന്മാരും വക്കീല്‍മാരും കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും പെരിനാട്ടുനിന്ന് മറ്റുപല യോഗ്യന്മാരും കൃത്യസമയംതന്നെ സ്ഥലത്ത് വന്നുചേര്‍ന്നു. പെരിനാട്ടും കൊല്ലത്തും മറ്റുമുള്ളവരായി ഏകദേശം നാലായിരത്തോളം പുലയ സമുദായാംഗങ്ങള്‍ സ്ഥലത്തെത്തി. അവരുടെ നേതാക്കന്മാരായ അയ്യങ്കാളി, ചോതി മുതലായവരുടെ ആജ്ഞാനുസരണം മൈതാനത്ത് സഭാരംഗത്തിന്റെ മുന്‍ഭാഗത്തായി ഇരുത്തിയിരുന്നു. നടുവെ ഒരു കയറുകെട്ടി ഒരുഭാഗത്ത് സ്ത്രീകളും മറ്റൊരു ഭാഗത്ത് പുരുഷന്മാരുമായി ഇരുന്ന പുലയ ജനങ്ങളില്‍ കുട്ടികളും വയസ്സുചെന്നവരും മറ്റും ഉണ്ടായിരുന്നു. പുലയ സ്ത്രീകള്‍ ശുചിയായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വന്നിരുന്നതും യോഗനടപടികള്‍ തുടങ്ങിയശേഷം ബദ്ധശ്രദ്ധരായിരുന്നതും ജനങ്ങളുടെ ശ്രദ്ധയ്ക്ക് പാത്രമായ സംഗതികളാണ്.

"നായന്മാരും പുലയരും തമ്മില്‍ സാമുദായികമായ യാതൊരു വിരോധമോ മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായും അന്യോന്യം സ്നേഹബഹുമാനാദികളോടുകൂടിയും കഴിഞ്ഞുപോകയാണെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു" എന്നുള്ള ഒന്നാമത്തെ നിശ്ചയത്തെപ്പറ്റി പ്രസംഗിച്ചത് മിസ്റ്റര്‍ രാമന്‍ തമ്പിയായിരുന്നു. അദ്ദേഹത്തെ പിന്‍താങ്ങി മിസ്റ്റര്‍ അയ്യങ്കാളി ചെയ്ത പ്രസംഗം വളരെ ദീര്‍ഘമായ ഒന്നായിരുന്നു. മിസ്റ്റര്‍ അയ്യങ്കാളി തന്റെ സമുദായാംഗങ്ങളോട് ഈശ്വരവിശ്വാസം, പരിഷ്കൃത രീതിയിലുള്ള ദേഹാച്ഛാദനം, നായന്മാരോട് അനുസരണം എന്നീ ഗുണഗണങ്ങള്‍ ഉള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാര നടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായന്മാര്‍ക്ക് ചിലപ്പോള്‍ രസം ഉണ്ടായില്ലെന്നു വരുമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയോടുകൂടിയിരിക്കണമെന്നും മിസ്റ്റര്‍ അയ്യങ്കാളി പറയുകയുണ്ടായി. പുലയ സ്ത്രീകള്‍ "കല്ലയും മാലയും" ആണല്ലോ പണ്ടുപണ്ടേ ധരിച്ചുവരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞുവരുന്നില്ലെന്നും അവര്‍ റൗക്ക ധരിച്ച് അര്‍ധ നഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവച്ച് അങ്ങനെ ചെയ്യുന്നതിലുള്ള വിരോധംകൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസദസ്സില്‍ വച്ചുതന്നെ ആ കാര്യം നടത്തുന്നതിന് (കല്ലയും മാലയും അറുത്തുകളയുന്നതിന്) നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മിസ്റ്റര്‍ അയ്യങ്കാളി പ്രസ്താവിച്ചു. ".....മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍ വച്ചുതന്നെ പുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തുകളഞ്ഞുകൊള്ളുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണമായി സമ്മതമുണ്ടെന്ന്" അധ്യക്ഷന്‍ (കെ പരമേശ്വരന്‍ പിള്ള, ബി.എ ബി.എല്‍ അവര്‍കള്‍) ഹസ്തതാഡനമധ്യേ വാഗ്ധാടിയോടുകൂടി പറഞ്ഞവസാനിപ്പിച്ചു .....മിസ്റ്റര്‍ അയ്യങ്കാളി പുലയസ്ത്രീകളുടെ ഇടയില്‍നിന്നും രണ്ട് പുലയ യുവതികളെ വിളിച്ച് സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അങ്ങനെ ചെയ്തുകൊള്ളാമെന്ന് പറയുകയും, ഉടനെ അവര്‍ പിശ്ശാങ്കത്തികൊണ്ട് മാലയെ അറുത്തുകളയുകയും ചെയ്തു..... യോഗത്തില്‍ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും ഉടനെ അവരുടെ മാല അറുത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു. (കേരള ചരിത്രം, സഞ്ചിക 1, കൊച്ചി. പുറം 1273-74) 1914ല്‍ ശ്രീമൂലം പ്രജാസഭയില്‍ നാമനിര്‍ദേശപ്രകാരം അംഗമായതിനെത്തുടര്‍ന്ന് അയ്യങ്കാളിയുടെ പ്രവര്‍ത്തനമണ്ഡലം വികസിച്ചു.

ഇപ്രകാരം തിരുവിതാംകൂറില്‍ പുലയര്‍ ഉണര്‍ന്നെഴുന്നേറ്റ് സംഘടിച്ചുകൊണ്ടിരുന്നപ്പോള്‍ കൊച്ചിയില്‍ അല്‍പ്പം വൈകിയാണെങ്കിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കൊച്ചിയിലെ അക്കാലത്തെ പുലയ നേതാവ് മുളവുകാട് പ്രദേശത്തുകാരനായ കൃഷ്ണാതി ആശാനായിരുന്നു. കൃഷ്ണാതി ആശാന്റെ പ്രസിദ്ധമായ രംഗപ്രവേശം 1912ല്‍ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ പണ്ഡിറ്റ് കറുപ്പന്റെ ജാതിവിരുദ്ധപ്രമേയം അടങ്ങുന്ന "ബാലാകലേശം" നാടകാവതരണ സന്ദര്‍ഭത്തിലാണ്. മുളവുകാട്ടുനിന്നും കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ ഒരുസംഘം പുലയര്‍ വള്ളങ്ങളില്‍ കയറി മഹാരാജാവിന് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണെങ്കിലും തങ്ങളുടെ അവശതാപരിഹാരത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍കൂടി ഉയര്‍ത്തിക്കൊണ്ട് കോളേജിനടുത്തുള്ള ഹജൂര്‍ജട്ടിവരെ എത്തി. എന്നാല്‍ എറണാകുളം നഗരത്തിലെ നിരത്തുകളില്‍ പുലയര്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് കരയ്ക്കിറങ്ങാന്‍ കഴിഞ്ഞില്ല. നാടക അവതരണം നടന്നുകൊണ്ടിരിക്കെ പണ്ഡിറ്റ് കറുപ്പന്‍ ഹജൂര്‍ജട്ടിയില്‍ ചെന്ന് ആശാനെയും കൂട്ടുകാരെയും കണ്ട് സംഭാഷണം നടത്തുകയും കായലില്‍ത്തന്നെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി യോഗം നടത്താന്‍ പരിപാടി ഇടുകയും ചെയ്തു. അങ്ങനെ ഒന്നിലേറെ തവണ കായലിലെ ഈ നിശാകാലയോഗങ്ങള്‍ കറുപ്പന്റെ സാന്നിധ്യത്തോടെ നടന്നശേഷം 1913 മെയ് മാസത്തില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹാളില്‍വച്ച് സമസ്ത കൊച്ചി പുലയമഹാസഭ രൂപീകരിക്കപ്പെട്ടു. രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചത് പ്രശസ്ത പൊതുജന നേതാവും അധികാരസ്ഥാനങ്ങളില്‍ പിടിപാടുള്ള പ്രഭാഷകനും എഴുത്തുകാരനും മറ്റുമായ ടി കെ കൃഷ്ണമേനോന്‍ ആയിരുന്നു. സഭയുടെ കാര്യദര്‍ശി പി സി ചാഞ്ചന്‍. 1926ല്‍ ചാഞ്ചനെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതോടെ അദ്ദേഹത്തിന്റെ നേതൃത്വം അനിഷേധ്യമായി. ഈ പുരോഗതി എല്ലാം ഉണ്ടായെങ്കിലും പൊതുവെ പുലയര്‍ക്കും അവരുടെ സംഘടനയ്ക്കും അംഗീകാരം നല്‍കുന്നതില്‍ അധികാരവൃന്ദം വിമുഖരായിരുന്നു. ഇതില്‍ നിരാശാഭരിതനായ കൃഷ്ണാതി ആശാന്‍ 1919ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ മഹാസഭ പ്രവര്‍ത്തനത്തിന് നേരിട്ട മാന്ദ്യം പൂര്‍ണമായി പരിഹരിക്കാന്‍ സെക്രട്ടറി ചാഞ്ചനു കഴിഞ്ഞില്ല.

ഈ കാലയളവില്‍ ഉയര്‍ന്നുവന്ന മറ്റൊരു നേതാവാണ് കെ പി വള്ളോന്‍. വള്ളോന്‍ പല കാര്യങ്ങളിലും സര്‍ക്കാരുമായി ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ട് ദളിതര്‍ക്കുവേണ്ട പല കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ വിജയം നേടുകയും ചെയ്തു. അവയിലൊന്നാണ് എറണാകുളം മഹാരാജാസ് കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഹരിജന്‍ ഹോസ്റ്റല്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസും ഭക്ഷണവും എല്ലാം സൗജന്യമായി ലഭിക്കുകയും കൈച്ചിലവിന് ചെറിയ തോതില്‍ ധനസഹായം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി വളരെയേറെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ലഭിച്ചു. പില്‍ക്കാലത്ത് കൊച്ചിയിലും കേരളത്തില്‍ ആകെയും പ്രശസ്തരായിത്തീര്‍ന്ന കെ കെ മാധവന്‍, ടി എ പരമന്‍, എം കെ കൃഷ്ണന്‍, പി കെ ചാത്തന്‍, പി കെ കൊടിയന്‍, കെ കെ കണ്ണന്‍ മുതലായ പലരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപരിവിദ്യാഭ്യാസം നേടിയവരാണ്. ഈ കാലയളവില്‍ മഹാത്മാഗാന്ധിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട ഹരിജനോദ്ധാരണ സംഘടനകള്‍ ഈ രംഗത്ത് പല സംഭാവനകളും ചെയ്തെങ്കിലും അവയുടെ രക്ഷാധികര്‍തൃത്വ സ്വഭാവവും വരേണ്യ നേതൃത്വവും പ്രസ്ഥാനത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്നതിന് വിഘാതമായി.

കോണ്‍ഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ പുലയമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും നേതൃത്വം അവരിലേക്ക് സംക്രമിക്കുകയും ചെയ്തതോടെ അധികാര ഘടനയിലുള്ള പ്രാതിനിധ്യവും വേലയും കൂലിയും ഭൂമിയും സംബന്ധിച്ച അവകാശവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. 1946ല്‍ പില്‍ക്കാലത്ത് പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വച്ച് ചേര്‍ന്ന സമ്മേളനം മുന്നോട്ടുള്ള ഒരു വഴിത്തിരിവായി. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുറമെ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഊരായ്മ തച്ചുടയ കൈമളുടെ അധീനതയിലായിരുന്ന കൂട്ടംകുളം നിരത്ത് ദളിതര്‍ക്ക് തുറന്നുകിട്ടുന്നതിനുള്ള സമരം ഊര്‍ജിതപ്പെടുത്തി. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും ദളിതര്‍ക്ക് വഴിനടക്കാനുള്ള അവകാശം പലയിടത്തും നിഷേധിക്കപ്പെട്ടുതന്നെ തുടര്‍ന്നിരുന്നു. ഉദാഹരണത്തിന്, കൊച്ചി രാജാക്കന്മാരുടെ പരമ്പരാഗത മന്ത്രിമാരും വന്‍ഭൂവുടമകളും ആയിരുന്ന പാലിയത്തച്ചന്മാരുടെ വക ചേന്ദമംഗലത്തുള്ള ക്ഷേത്ര പരിസരത്തിലെ നിരത്തുകളില്‍കൂടി നടക്കാനുള്ള സമരം 1948ല്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ശക്തിപ്പെട്ടു. പാലിയം സത്യഗ്രഹത്തില്‍ എസ് എന്‍ ഡി പി, പുലയമഹാസഭ, കമ്യൂണിസ്റ്റ് പാര്‍ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം അന്ന് ഒറ്റതിരിഞ്ഞ നാട്ടുരാജ്യം മാത്രമായിരുന്ന കൊച്ചിയുടെ അതിര്‍ത്തികള്‍ ലംഘിച്ച് പുറത്തേക്കും പടരാന്‍ സഹായകമായി. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരും നമ്പൂതിരി സ്ത്രീകളുടെ അവകാശസമരങ്ങളിലൂടെ പ്രസിദ്ധരായ നേതാക്കളും ഉള്‍പ്പെടെ അനേകര്‍ നിര്‍ദയമായി മര്‍ദിക്കപ്പെട്ടു. സമരത്തിന്റെ മുന്നണി നേതാവായിരുന്ന എ ജി വേലായുധന്‍ മര്‍ദനംമൂലം രക്തസാക്ഷിയായി. അപ്പോഴേക്കും അന്തരീക്ഷം മാറിമറിയുകയും ഇന്ത്യയുടെ പുതിയ റിപ്പബ്ലിക്കന്‍ ഭരണഘടന പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നവിധം ഭരണഘടനാ നിര്‍മാണസമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആയിരുന്നതിനാല്‍ വഴിനടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രദര്‍ശനത്തിനുള്ള അവകാശവും അനുവദിച്ചുകൊടുക്കാന്‍ ക്ഷേത്രാധികാരികള്‍ നിര്‍ബന്ധിതരായി. പുലയമഹാസഭ തുടര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ദളിതരുടെ അവകാശ സമരങ്ങള്‍ക്ക് വര്‍ഗപരവും രാഷ്ട്രീയവുമായ മാനങ്ങളാണ് പില്‍ക്കാലത്ത് മുന്നിട്ടുനിന്നത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദളിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മലബാറില്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ അവിടെ മുന്‍കൈ എടുത്തിരുന്നത് ഗാന്ധിയന്‍ കോണ്‍ഗ്രസുകാരാണ്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും ഹരിജനോദ്ധാരണ സംഘടനകള്‍ സ്ഥാപിക്കാന്‍ കെ കേളപ്പന്‍, മാധവനാര്‍, ചങ്ങനാശേരി പരമേശ്വരപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍ തുടങ്ങിയവരായിരുന്നു നേതൃത്വം നല്‍കിയത്.

1927ല്‍ കോഴിക്കോട് പാറന്‍ സ്ക്വയറില്‍ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്ന് ""കേരള അന്ത്യജോദ്ധാരണ സംഘം"" എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. പി കൃഷ്ണപിള്ള പ്രസിഡന്റും കെ കേളപ്പന്‍ സെക്രട്ടറിയുമായാണ് അന്ത്യജോദ്ധാരണ സംഘം പ്രവര്‍ത്തിച്ചത്. പിന്നീട് സംഘടനയുടെ പേര് ""ആദികേരളോദ്ധാരണ സംഘം"" എന്നാക്കി മാറ്റി. പല കേന്ദ്രങ്ങളിലും അന്ത്യജരെ പഠിപ്പിക്കാന്‍ നിശാപാഠശാലകളും സാക്ഷരതാക്ലാസുകളും നടത്തുന്നതിന് പുറമെ അവരുടെ വിദ്യാലയ പ്രവേശനത്തെ തടുക്കാന്‍ ശ്രമിച്ച സവര്‍ണ പ്രമാണിമാരെ സംഘടിതമായി എതിര്‍ക്കുകയും ചെയ്തു. ശുചിത്വ പരിശീലനം, ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അറിവ്, ഖാദി നൂല്‍നൂല്‍പ്പ്, കരകൗശലം തുടങ്ങിയവ ദളിതരെ പഠിപ്പിക്കുന്നതിനും സംഘം മുന്‍കൈയെടുത്തു. എന്നാല്‍ അവരുടെ ജീവിതാഭിവൃദ്ധിക്ക് നിര്‍ണായകമായ കൂലിയുടെയും വേലയുടെയും ഭൂമിയുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഇടതുപക്ഷ നേതൃത്വത്തിലുള്ള കര്‍ഷകസംഘങ്ങളും തൊഴിലാളി യൂണിയനുകളും ആയിരുന്നതിനാല്‍ ഗാന്ധിയന്‍ സംഘടനകള്‍ പൊതുവെ ജീവകാരുണ്യ സംഘങ്ങളായി ചുരുങ്ങുകയാണ് ചെയ്തത്. (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം ഒന്നാം സഞ്ചിക)

*
പി ഗോവിന്ദപ്പിള്ള ചിന്ത വാരിക

No comments: