Saturday, February 15, 2014

നയമില്ലാത്ത നയപ്രഖ്യാപനം പണമില്ലാത്ത ബജറ്റ്

പതിമൂന്നാം കേരള നിയമസഭയുടെ 10-ാം സമ്മേളനം പ്രധാനമായും ചേര്‍ന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനുമാണ്. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായിരുന്നതിനാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടായിരുന്നു. ഒരു നയവുമില്ലാത്തതും കേരളത്തിന്റെ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതുമായിരുന്നു നയപ്രഖ്യാപനം. ധനകാര്യ സ്റ്റേറ്റ്മെന്റാണ് ബജറ്റ് എന്ന ലളിത ധനകാര്യതത്വംപോലും ലംഘിക്കുന്നതായിരുന്നു ബജറ്റ്. ധനാഭ്യര്‍ഥനകളും ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കലും അജന്‍ഡയിലുണ്ടായിരുന്നു.

കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളിലെ ജനവികാരം സഭയിലെത്തിക്കാനും, ചോദ്യോത്തരം മുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിപ്പിക്കാനും 17 ദിവസവും പ്രതിപക്ഷം ശ്രമിച്ചു. പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പിനുമുമ്പ് ബജറ്റ് പാസാക്കി പിരിയുക എന്ന അജന്‍ഡമാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് 22 ദിവസം ചേരാന്‍ തീരുമാനിച്ച സഭ 17 ദിവസമായി വെട്ടിച്ചുരുക്കിയത്. പല വിഷയത്തിലും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യവും സഭയില്‍ വ്യക്തമാക്കപ്പെട്ടു.

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണിലൂടെ കാണാനാണ് യുഡിഎഫ് ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍പോലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ഈ സര്‍ക്കാരിന്റെ അഴിമതിയുടെയും ജനവിരുദ്ധ സമീപനത്തിന്റെയും ഉദാഹരണങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷം സഭയില്‍ നിരത്തി. പലപ്പോഴും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, പൊലീസ് ഭീകരത, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയ്ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനം. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷ നേതാവും എഴുന്നേറ്റ് പ്രതിഷേധത്തിന് ആധാരമായ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിക്കാനും സമരങ്ങളെ പുച്ഛിക്കാനുമാണ് യുഡിഎഫ് ശ്രമിച്ചത്. ക്ഷേമപദ്ധതികളും പട്ടികജാതി വിദ്യാര്‍ഥികളുടെ ധനസഹായവും റേഷന്‍പോലും ആധാറിലൂടെയാക്കി കേരളീയരെ ഇനിയും വഴിയാധാരമാക്കുമെന്ന ഭീഷണിയും നയപ്രഖ്യാപനത്തിലുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും ഉദ്ഘാടനംചെയ്തതുമായ പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനകൊണ്ട് പൊറുതിമുട്ടുന്ന കേരള ജനതയുടെമേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിഭാരം അടിച്ചേല്‍പ്പിച്ചതായിരുന്നു ബജറ്റ്. വിലക്കയറ്റം സൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് മാധ്യമങ്ങള്‍വരെ പ്രഖ്യാപിച്ചു. ബജറ്റിന്റെ അശാസ്ത്രീയതയും കാപട്യവും ജനദ്രോഹവും ചര്‍ച്ചയില്‍ പ്രതിപക്ഷം തുറന്നുകാട്ടി. സെക്രട്ടറിയറ്റിനു മുന്നില്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞതിന്റെ അടുത്ത ദിവസം മുന്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ പത്തോളം യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരംചെയ്യുന്ന കെ കെ രമയ്ക്ക് അഭിവാദ്യവുമായെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുകയുംചെയ്തു. സെക്രട്ടറിയറ്റിനു മുന്നില്‍ സമരംചെയ്യുന്നവരുടെയും പ്രസംഗിക്കുന്നവരുടെയും എന്തിന്, പന്തല്‍ കെട്ടാന്‍ സാധനം കൊടുക്കുന്നവന്റെ പേരില്‍പോലും കേസെടുക്കുന്ന പൊലീസ് ഇവരുടെ പേരില്‍ കേസെടുക്കുമോ?

വിയ്യൂര്‍ ജയിലില്‍ കോടതി ശിക്ഷിച്ച തടവുകാരെ ക്രൂരമായി മര്‍ദിച്ചതിനെതിരെയുള്ള അടിയന്തരപ്രമേയം വി എസ് എതിരായതുകൊണ്ട് അവതരിപ്പിച്ചില്ലെന്നും പകരം കൊണ്ടുവന്ന സബ്മിഷന്‍സമയത്ത് വി എസ് സഭയില്‍ പങ്കെടുത്തില്ലെന്നുമുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ യുഡിഎഫും ചില മാധ്യമങ്ങളും ചേര്‍ന്ന് തിരക്കഥ രചിച്ചു. സ്പീക്കറുടെ ഓഫീസില്‍ അന്വേഷിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യത്തില്‍പോലും വ്യാജ നിര്‍മിതി നടത്തുകയായിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ 14 വിഷയങ്ങള്‍ അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നു. പാചകവാതക വിലവര്‍ധനയിലും ആധാര്‍ നിര്‍ബന്ധമാക്കുന്നതിലും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനുമെതിരെയായിരുന്നു ആദ്യ അടിയന്തരപ്രമേയം. സഭയ്ക്ക് അകത്തും പുറത്തും വിഷയം കത്തിപ്പടര്‍ന്നു. പുറത്ത് സിപിഐ എം സത്യഗ്രഹ സമരം പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം സഭയില്‍ പ്രതിഫലിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. മലയോര ജനതയുടെ നിലനില്‍പ്പിനും ജീവിതത്തിനും ഭീഷണിയായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് രണ്ടുദിവസം അടിയന്തരപ്രമേയമായി സഭയില്‍ കൊണ്ടുവന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗതയ്ക്കെതിരായിരുന്നു ആദ്യപ്രമേയം. സര്‍ക്കാരിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് മലയോരമേഖലയിലെ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹംനടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേരളത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ വിജ്ഞാപനംചെയ്തത് പിന്‍വലിച്ചതായി കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. എന്നാല്‍, രണ്ടുദിവസത്തിനുശേഷം ഹരിത ട്രിബ്യൂണലില്‍ ഈ വിജ്ഞാപനം നിലനില്‍ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ഈ വഞ്ചനക്കെതിരെയായിരുന്നു രണ്ടാമത്തെ പ്രമേയം. സര്‍ക്കാരിന്റെ കള്ളക്കളിക്കെതിരെ വലിയ പ്രതിഷേധമാണ് സഭയിലുയര്‍ന്നത്. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ചട്ടം 130 അനുസരിച്ച് വിഷയം ചര്‍ച്ചചെയ്യാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് സഭ പുനരാരംഭിച്ചത്. അടുത്ത ദിവസം വിഷയം ചര്‍ച്ചചെയ്യുകയും കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് സഭ ഐകകണ്ഠ്യേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയുംചെയ്തു. പാമൊലിന്‍കേസ് പിന്‍വലിക്കുന്നതിനെതിരെ വി എസ് സുനില്‍കുമാര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിലൂടെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഴിമതി വിരുദ്ധപൊയ്മുഖമാണ് അഴിഞ്ഞുവീണത്. ഡെമോക്ലീസിന്റെ വാള്‍പോലെ പാമൊലിന്‍ കേസ് നിലനില്‍ക്കുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രിയെത്തന്നെ ഞെട്ടിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറഞ്ഞെങ്കിലും ആഭ്യന്തരമന്ത്രി വിഷയത്തിനുള്ളിലേക്ക് കടന്ന് പ്രതിരോധിക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും പ്രതിപക്ഷത്തിന് കഴിഞ്ഞു. ധനവിനിയോഗ ബില്ലുകളും ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകളും ഉള്‍പ്പെടെ 23 ബില്ലുകള്‍ സഭ പാസാക്കി. അഴിമതിക്ക് വേണ്ടിമാത്രം കൊണ്ടുവന്ന ബില്ലായിരുന്നു തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കുവിട്ടത് തിരിച്ചെടുക്കാനും വനിതാസംവരണം പിന്‍വലിക്കാനുമായിരുന്നു പുതിയ ഭേദഗതിബില്‍. അഴിമതി ഒഴിവാക്കാനാണ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടത്. ഈ ബില്ലിലൂടെ അത് തിരിച്ചെടുത്തു. പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ വകുപ്പുമന്ത്രിക്കോ ഭരണപക്ഷത്തിനോ കഴിഞ്ഞില്ല. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഒരു ഭേദഗതിപോലും സ്വീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മൂന്നാം വായനയില്‍ ബില്ലിന്റെ കോപ്പികള്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ന്യൂനപക്ഷത്തിന്റെ വോട്ടു കിട്ടാന്‍ വേണ്ടിമാത്രം കൊണ്ടുവന്ന ബില്ലായിരുന്നു സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ബില്‍ 2013. ബില്ലിന്റെ അവതരണത്തെ ക്രമപ്രശ്നത്തിലൂടെ ഈ ലേഖകന്‍ ചോദ്യംചെയ്തു. ബില്ലില്‍ പറയുന്ന ഏതെങ്കിലും കാര്യം ദേശീയ ന്യൂനപക്ഷ കമീഷന്‍ കൈകാര്യം ചെയ്യുന്നതാണെങ്കില്‍ സംസ്ഥാന കമീഷന് ആ കാര്യത്തില്‍ അധികാരം ഇല്ലാതാകും. സംസ്ഥാന കമീഷന്റെ പ്രസക്തിയെപ്പോലും ചോദ്യംചെയ്യുന്നതാണ് ഈ ചട്ടം. പിന്നെ എന്തിനാണ് ബില്ല് കൊണ്ടുവന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. ഗാര്‍ഹിക കെട്ടിട നികുതി നിശ്ചയിക്കാനുള്ള നഗരസഭകളുടെ വിവേചനാധികാരം നിര്‍ത്തലാക്കി നികുതി 25 ശതമാനം മുതല്‍ 60 ശതമാനം വരെ ഉയര്‍ത്തുകയും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കെട്ടിടനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്ന കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിനെയും പ്രതിപക്ഷം സഭയില്‍ ശക്തമായി എതിര്‍ത്തു. സഹകരണ സംഘം മൂന്നാം ഭേദഗതിബില്‍ സംസ്ഥന യുവജന കമീഷന്‍ ബില്‍ എന്നിവയും പാസാക്കി.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം നഖശിഖാന്തം എതിര്‍ത്ത കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള 2013 ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ പിന്‍വലിക്കുന്നതിനും ഈ സമ്മേളനം സാക്ഷിയായി. ഫ്ളാറ്റ് ലോബിക്കു വേണ്ടി കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെ എതിര്‍ത്ത് കെ വി വിജയദാസ് ഭേദഗതി അവതരിപ്പിച്ചെങ്കിലും മന്ത്രി അത് സ്വീകരിക്കാതെ അവരുടെ അഴിമതി നയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളോട് കേരള കോണ്‍ഗ്രസ് എം എടുത്ത നിലപാടും ശ്രദ്ധേയമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ റോഷി അഗസ്റ്റിനും പി സി ജോര്‍ജും വിമര്‍ശമുയര്‍ത്തിയപ്പോള്‍ റബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് കെ എം മാണിക്കും സഭയില്‍ സമ്മതിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് മീറ്റര്‍ വാങ്ങിയതിനുപിന്നിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ശുപാര്‍ശചെയ്ത വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാതെ, അംഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടി പതിവുപോലെ ഈ സമ്മേളനത്തിലും തുടര്‍ന്നു. ഇതു സംബന്ധിച്ച പരാതി സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ജനങ്ങളെയും നാടിനെയും ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നങ്ങളാണ് ചോദ്യരൂപേണ സഭയില്‍ വരുന്നത്. ഉത്തരം നല്‍കുന്നില്ലെന്നു മാത്രമല്ല, തെറ്റായ ഉത്തരം നല്‍കിയും ഭാഗിക ഉത്തരം മാത്രംനല്‍കിയും അംഗങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. സഭയില്‍ മന്ത്രിമാര്‍ നേരിട്ടു മറുപടിനല്‍കേണ്ട നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കുപോലും ഇതുതന്നെയാണ് ഗതി. കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ചചെയ്യുന്ന ഏതാണ്ട് എല്ലാ വിഷയങ്ങളും സഭയില്‍ അവതരിപ്പിക്കാനും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, ചിലതിനെങ്കിലും നടപടി സ്വീകരിപ്പിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍, രാഷ്ട്രീയമായി പ്രതിപക്ഷത്തെ ആക്രമിക്കാനാണ് ഭരണപക്ഷം സഭയെ നിരന്തരം ഉപയോഗപ്പെടുത്തിയത്. വികസന വായ്ത്താരി മുഴക്കുകയും പ്രശ്നങ്ങളോട് അടുക്കുമ്പോള്‍ ഒളിച്ചോടുകയുംചെയ്യുന്ന സമീപനമായിരുന്നു ഭരണപക്ഷത്തിന്റേത്.

*
എ കെ ബാലന്‍

No comments: