Tuesday, February 4, 2014

ഖത്തറിലെ ആളുജീവിതം

പുതുവര്‍ഷപ്പുലരിയില്‍ ദോഹയില്‍നിന്ന് ഉണ്ണി മടവൂര്‍ വിളിച്ചു. "സമന്വയ"ത്തിന്റെ വാര്‍ഷികം ജനുവരി 9-10 തീയതികളിലാണ്. കഥാമത്സരത്തില്‍ ജയിച്ച ജോസഫ് അതിരുങ്കലിന് പുരസ്കാരം നല്‍കുന്ന ചടങ്ങാണ് ആദ്യത്തെ ദിവസം. അതിഥിയായി ചെല്ലേണ്ട പി വത്സലയ്ക്ക് ചില സാങ്കേതികകാരണങ്ങളാല്‍ വിസ ശരിയായില്ല. മറ്റൊരു വിധികര്‍ത്താവായ സി രാധാ കൃഷ്ണന്‍ രണ്ടു വര്‍ഷം മുമ്പ് ഈ പരിപാടിക്ക് വന്നിട്ടുള്ള ആളാണ്. അതുകൊണ്ട് മൂന്നാമനായ എനിക്ക് വരാന്‍ പറ്റുമോ എന്ന് ആരാഞ്ഞുകൊണ്ടായിരുന്നു ഉണ്ണിയുടെ വിളി. ആലോചിക്കാന്‍ സമയമില്ല. ഒരാഴ്ചയ്ക്കകം ഖത്തറില്‍ എത്തണം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ബിരുദപത്രവും സ്കാന്‍ ചെയ്ത് അയക്കണം. ഒന്നോ രണ്ടോ കഥയും വേണം. ചടങ്ങിനൊപ്പം കഥയാട്ടമായി അവതരിപ്പിക്കാനാണ്. എല്ലാം ഞൊടിയിടയില്‍ ത്തന്നെ അയച്ചു. നൂതനസാങ്കേതികവിദ്യയ്ക്ക് നമസ്കാരം.

യാത്രയുടെ തലേന്ന് വിസ അനുവദിച്ചു കിട്ടി. ടിക്കറ്റും കൈപ്പറ്റി. അപരിചിതമായ നാട്ടില്‍ ചെല്ലുന്നതിന്റെ ബേജാറ് വേണ്ടെന്നും ഒരു ബന്ധുവീട്ടിലേക്കു വിരുന്നു വരുന്നതിന്റെ ലാഘവത്തോടെ പുറപ്പെട്ടാല്‍ മതിയെന്നും ഷീജ ഉണ്ണികൃഷ്ണന്‍ (ഉണ്ണി മടവൂരിന്റെ ഭാര്യ) ഫെയ്സ്ബുക്ക് വഴി അറിയിച്ചു. ഷീജയാണ് കഥയാട്ടം പരിപാടിയില്‍ "വിപരീതചിഹ്നങ്ങള്‍" എന്ന എന്റെ കഥ വേദിയില്‍ ആടുന്നതെന്നും സന്ദേശമയച്ചു. ഒരു യാത്രയ്ക്ക് ഇതില്‍പ്പരം സന്തോഷകരമായ തുടക്കം എങ്ങനെ കിട്ടാനാണ്! ദോഹ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കുടുംബസമേതമെത്തിയ സമന്വയം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ ജാനുവമ്മ പറഞ്ഞതു പോലെ ""ഞാനങ്ങട് ഇല്യാണ്ടായി."" അല്ലറചില്ലറ എഴുത്തുകൊണ്ട് എത്ര വലിയ സ്നേഹസാമ്രാജ്യമാണ് ഞാന്‍ ആര്‍ജിച്ചിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ ചെറുതായൊന്ന് നയുകയും ചെയ്തു.

പുറത്ത് ചെറിയ തണുപ്പുണ്ട്. 9-ഉം 10-ഉം നല്ല തണുപ്പുള്ള ദിവസങ്ങളാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിനടുത്തുള്ള ഗ്രാന്‍ഡ് റീഗല്‍ ഹോട്ടലില്‍ ആയിരുന്നു താമസം ഏര്‍പ്പെടുത്തിയിരുന്നത്. മുറിയില്‍ എത്തിയപ്പോഴേയ്ക്കും രാത്രി വൈകിയിരുന്നു. ചില്ലു ജാലകത്തിന്റെ തിരശ്ശീല നീക്കിനോക്കി. നഗരത്തിലെ ഉയരമുള്ള കെട്ടിടക്കൂട്ടങ്ങള്‍ വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ദോഹയില്‍ എന്റെ ആദ്യത്തെ രാത്രി. പിറ്റേന്നു വൈകുന്നേരം നടക്കുന്ന സമന്വയം സാഹിത്യവേദിയുടെ സമ്മേളനത്തിനു മുമ്പ് പകല്‍ കുറച്ചു പണികളുണ്ടെന്ന് ഉണ്ണി അറിയിച്ചിരുന്നു. എം ഇ എസ് സ്കൂളില്‍ കുട്ടികളുമായി ഇത്തിരി നേരം ഇരിക്കുന്നതാണ് ആദ്യത്തേത്. അവിടത്തെ കുട്ടികള്‍ക്കായി സമന്വയം നടത്തിയ കഥാമത്സരത്തിലെ രചനകള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യക്കു പുറത്തെ നമ്മുടെ കുട്ടികള്‍ ഇത്ര ഭംഗിയായി മലയാളം എഴുതിക്കണ്ടപ്പോള്‍ സന്തോഷം തോന്നി. അഫീദാ ഫെര്‍മിസ് എന്ന കുട്ടിയുടെ "ഗമനം" എന്ന കഥയായിരുന്നു സമ്മാനാര്‍ഹമായത്. സ്കൂളിലെ വലിയ ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. മലയാളം പഠിക്കാന്‍ ഇത്രയധികം കുട്ടികളോ എന്ന് ചിന്തിക്കുമ്പോള്‍ ഹാളില്‍ എല്ലാവരേയും ഇരുത്താന്‍ കഴിയാത്തതുകൊണ്ട് എട്ടാം ക്ലാസുകാര്‍ മാത്രമേയുള്ളൂ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പതിനായിരത്തില്‍ പ്പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് അത്. അഞ്ചു മലയാള പത്രങ്ങളെങ്കിലും ദോഹയില്‍നിന്ന് ഇറങ്ങുന്നുണ്ട്. "മാധ്യമം", "ചന്ദ്രിക", "വര്‍ത്തമാനം", "തേജസ്". ഈ വര്‍ഷം ഒന്നാം തീയതി മുതല്‍ "മലയാള മനോരമ"യും. പത്രസമ്മേളനത്തില്‍ അവരുടെ പ്രതിനിധികളോടൊപ്പം മലയാളം ചാനലുകാരും പങ്കെടുത്തു. ഏഷ്യാനെറ്റ് റേഡിയോവിനു വേണ്ടി ഉണ്ണി മടവൂര്‍ നടത്തിയ ഒരു അഭിമുഖസംഭാഷണം കൂടി കഴിഞ്ഞതോടെ സമ്മേളനത്തിനുള്ള സമയമായി. സമയനിഷ്ഠയില്‍ സമന്വയം വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാവണം ആറു മണിക്കു മുമ്പു തന്നെ അശോകാഹാള്‍ നിറഞ്ഞിരുന്നു. പുരസ്കാരം സ്വീകരിക്കാന്‍ ജോസഫ് അതിരുങ്കല്‍ സൗദി അറേബ്യയില്‍ നിന്നെത്തിയിരുന്നു. അഫീദാ ഫെര്‍മിസ് അച്ഛനമ്മമാരോടൊപ്പം സദസ്സില്‍ ഇടം പിടിച്ചു. പ്രസിദ്ധകവി റഫീഖ് അഹമ്മദിന്റെ ജ്യേഷ്ഠന്റെ പേരക്കുട്ടിയാണ് അഫീദ. പ്രഭാഷണങ്ങള്‍ക്കു ശേഷം കഥയാട്ടം. വത്സലടീച്ചറുടെ "വേനല്‍പ്പരീക്ഷക"ളും "പരശുപുരം ചന്ത"യും എന്റെ "വിപരീതചിഹ്നങ്ങ"ളും. അലീന എസ് കൃഷ്ണയുടെയും രാജേഷ് രവീന്ദ്രനാഥന്റെയും ഷീജാ ഉണ്ണികൃഷ്ണന്റെയും ഉജ്വലമായ ഏകാംഗപ്രകടനം. സംവിധായകന്‍ രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ അണിയറയില്‍ എവിടെ യോ ഒളിച്ചുനിന്നു. പിറ്റേന്നു രാവിലെ നേരത്തെത്തന്നെ ഉണ്ണി-ഷീജമാരോടൊപ്പം ഖത്തറിന്റെ പുതിയ മുഖമായ കോര്‍ണിഷിലേയ്ക്ക് ഒരു യാത്ര.

കാലങ്ങള്‍ക്കു മുമ്പ് ഉണ്ണാനും ഉടുക്കാനുമുള്ള വിഭവങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ കാത്തിരിക്കാറുള്ള ഒരു ദരിദ്രരാജ്യമായിരുന്നു ഖത്തര്‍ എന്ന് തലേന്ന് ഒരു യാത്രയ്ക്കിടെ സുധീഷ് ദാമോദരന്‍ പറഞ്ഞിരുന്നു. ഈന്തപ്പഴവും മീനുമായിരുന്നുവത്രേ അന്നത്തെ ഖത്തറുകാരുടെ ഭക്ഷണം. കടലില്‍നിന്നു ശേഖരിക്കുന്ന മുത്തും പവിഴവും പകരം കൊടുത്താണ് കപ്പലിലെ വിഭവങ്ങള്‍ അവര്‍ വാങ്ങിയിരുന്നത്. വിനിമയോപാധി പോലും ഇന്ത്യന്‍ രൂപയായിരുന്നുവത്രേ. അതെല്ലാം പഴയ കഥ.

1940-ല്‍ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോടെ ഖത്തറും സമ്പന്നതയിലേക്കു കുതിക്കാന്‍ തുടങ്ങി. ഇന്ന് ലോകത്തിലെത്തന്നെ സമ്പന്നരാജ്യങ്ങളിലൊന്നാണത്രേ ഖത്തര്‍. ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള രാജ്യവും ഖത്തര്‍ തന്നെ. ഒരു തരത്തിലുള്ള നികുതിയുമില്ലാത്ത രാജ്യമാണ്. അതോടെ ലോകത്തില്‍ ഒരു രാജ്യമെന്ന നിലയ്ക്കുള്ള സ്വന്തം അസ്തിത്വം അടയാളപ്പെടുത്താനായി ഖത്തറിന്റെ പരിശ്രമം. കോര്‍ണിഷിന്റെ അടുത്തുള്ള "ഖത്തറ" എന്ന സ്ഥലത്ത് ദോഹയെ അറബ് സംസ്കാരത്തിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമം കാണാം. നിരവധി പ്രദര്‍ശനശാലകളും ഒരു ആംഫി തീയറ്ററും ഇവിടെയുണ്ട്. (ഒരു ഗ്യാലറിയില്‍ മീന്‍പിടുത്തത്തിനുപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ കൂട്ടത്തില്‍ രണ്ടു ചുള്ളിക്കമ്പുകള്‍ ചായം പൂശി വച്ചിരിക്കുന്നതു കണ്ട് ഞങ്ങള്‍ ശരിക്കും ചിരിച്ചുപോയി.) ഒപ്പം ഇതിനെ സംസ്കാരത്തിന്റെ താഴ്വരയെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകള്‍ ചേര്‍ത്താലുള്ള വലിപ്പം മാത്രമുള്ള ഒരു ചെറിയ രാജ്യത്തെ ലോകശ്രദ്ധയിലേയ്ക്കു കൊണ്ടുവരാന്‍ ഈ പരിശ്രമങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ഉണ്ണി പറഞ്ഞു.

ഇവിടെ എല്ലാ വര്‍ഷവും കടല്‍ജീവിതങ്ങളെ ഓര്‍മിപ്പിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നടക്കാറുണ്ട്. ഒപ്പം ചിത്രരചനയുള്‍പ്പെടെയുള്ള കലകളുടെ പ്രദര്‍ശനവും ശില്‍പശാലകളും പുറംനാട്ടില്‍നിന്നുള്ള കലാപരിപാടികളും കലാകാരന്മാരുടെ സംവാദങ്ങളും .... കലയ്ക്കും സംസ്കാരത്തിനും ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ഇടമാണത്രേ "ഖത്തറ". പണ്ട് സമ്പന്നരായ നമ്മുടെ നാട്ടുരാജാക്കന്മാര്‍ പ്രൗഢി കാണിക്കാന്‍ വേണ്ടി നടത്തിയിരുന്ന അഭ്യാസങ്ങള്‍ ഓര്‍മിച്ചുപോയി. അവിടെയും നില്‍ക്കുന്നില്ല. കായികപരിശീലനങ്ങള്‍ക്ക് അളവറ്റ പ്രോത്സാഹനമാണ് ഇപ്പോള്‍ കൊടുക്കുന്നത്.

1993-ല്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് തുടങ്ങി. 2006-ലെ ഏഷ്യന്‍ ഗെയിംസ് വേദി നേടിയെടുത്തു. 2020-ലെ ലോകകപ്പ് ഫുട്ബാള്‍ വേദി ഖത്തറാണ്. അതിനു വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിടങ്ങള്‍ പണിയുകയും പൊളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നീന്തല്‍ക്കുളം കാണുമെന്ന കാരണം കൊണ്ട് റെഗീസ് ഹോട്ടല്‍ പൊളിച്ചു മാറ്റിയത് 99 കൊല്ലം കൊണ്ട് അതില്‍നിന്നു കിട്ടിയേക്കാവുന്ന പൂര്‍ണവരുമാനം നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടാണ്. ""നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഗ്രാന്‍ഡ് റീഗല്‍ ഹോട്ടല്‍ പണി കഴിഞ്ഞിട്ട് മൂന്നു കൊല്ലമേ ആയുള്ളൂ,"" സുധീഷ് പറഞ്ഞിരുന്നു. ""ഒരുപക്ഷേ ഇനി നിങ്ങള്‍ ഇവിടേയ്ക്കു വരുമ്പോള്‍ ആ ഹോട്ടല്‍ അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.""

ഇന്ന് അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ഖത്തറാണ്. പലേ അറബ് രാജ്യങ്ങളിലും മുല്ലപ്പൂ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ക്ക് പണവും പിന്തുണയും കൊടുത്തു ഖത്തര്‍. ഖത്തറിലെ ജനസംഖ്യ 18 ലക്ഷമാണ്. അതില്‍ ഖത്തറുകാര്‍ 2.5 ലക്ഷമേയുള്ളൂ. ജനസംഖ്യയില്‍ 24 ശതമാനം ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ 90 ശതമാനം മലയാളികളും! കോര്‍ണിഷ് അംബരചുംബികളായ കെട്ടിടങ്ങളുടെ കൂട്ടമാണ്. പണികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കകം അവിടം മറ്റൊരു നരിമാന്‍ പോയന്റോ മരീനാ ബേയോ ആയി മാറിയേക്കാമെന്നു തോന്നി. ഖത്തര്‍ നിവാസികള്‍ക്ക് അല്‍പം നടക്കാനും കാറ്റു കൊള്ളാനുമുള്ള സ്ഥലരാശിയാണ് കോര്‍ണിഷ്. ഹൗസ് ബോട്ടുകളുടെ നീണ്ട നിര സന്ദര്‍ശകരെ കാത്തു കിടക്കുന്നുണ്ട്. ഹൗസ് ബോട്ടുകള്‍ പണിയുന്നത് അധികവും കോഴിക്കോട്ടുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വന്നവരാണ്.

കൊയിലാണ്ടിക്കാരനായ മുഹമ്മദിന്റെ സൗജന്യത്തില്‍ ഒരു ബോട്ടിന്റെ അകത്തു കയറി ഷേക്കുമാര്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കാനുള്ള അവസരവും കിട്ടി. മുഹമ്മദ് ഈ പണിയെടുത്തു തുടങ്ങിയിട്ട് മുപ്പതു കൊല്ലത്തിലധികമായി. ഭാര്യയും മക്കളും നാട്ടിലാണ്. നാലു മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അപ്പോള്‍ ഞാന്‍ ജോസഫ് അതിരുങ്കലിന്റെ സമ്മാനാര്‍ഹമായ "ഇണയന്ത്രം" എന്ന കഥ ഓര്‍മിച്ചുപോയി. ഭാര്യയെ പിരിഞ്ഞു ജീവിയ്ക്കുന്നവര്‍ക്ക് "പ്രിയതമയെപ്പോലൊരു പാവ" വിതരണം ചെയ്യുകയാണ് ഒരു ചൈനീസ് കമ്പനി. ഭാര്യയുടെ ചിത്രവും അഴകളവുകളും "അപ്ലോഡ്" ചെയ്താല്‍ കൊറിയര്‍ വഴി നമുക്ക് ഭാര്യയേപ്പോലെത്തന്നെയുള്ള ഒരു പാവയെ കിട്ടുന്നു. അതോടെ ഭാര്യയെ കാണാനുള്ള ജ്വരം നഷ്ടപ്പെടുന്ന ആണുങ്ങള്‍ നാട്ടിലേയ്ക്ക് പോവാതെയായി. ഒടുവില്‍ ഭര്‍ത്താക്കന്മാരുടെ രൂപത്തിലുള്ള പാവകള്‍ നാട്ടിലെ ഭാര്യമാരേയും തേടിയെത്തുന്നിടത്താണ് "ഇണയന്ത്രം" അവസാനിക്കുന്നത്. പ്രവാസികളുടെ ലൈംഗികദാരിദ്ര്യം തീക്ഷ്ണമായി ആവിഷ്കരിക്കുന്ന കഥ. മിക്കവാറും എല്ലാ നഗരങ്ങള്‍ക്കും സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും മുഖങ്ങളുണ്ട്. നമ്മള്‍ പണിയുന്ന കെട്ടിടങ്ങളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കുമുള്ള പ്രവേശനം പണി തീരുന്നതോടെ നമുക്കു നഷ്ടപ്പെടും എന്ന് "ഇണയന്ത്ര"ത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ലേബര്‍ ക്യാമ്പിലെ ജീവിതവും കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കോര്‍ണിഷില്‍നിന്നുള്ള മടക്കയാത്രയില്‍ ഒരു കാഴ്ച കാണിച്ചു തരാന്‍ വേണ്ടി ഉണ്ണി വാഹനം മറ്റൊരു വഴിക്കു വിട്ടു. ഉച്ചയ്ക്കു ശേഷം കോര്‍ണിഷില്‍ ദമ്പതികള്‍ക്കേ പ്രവേശനമുള്ളുവത്രേ. ഖത്തറില്‍ കുടുംബസമേതം താമസിക്കാന്‍ വകയില്ലാത്തവര്‍ക്ക് അവിടേയ്ക്ക് പ്രവേശനമില്ല. സമയം കഴിഞ്ഞിട്ടും അവിടെ പരുങ്ങുന്നവരെ ആട്ടിയോടിക്കാന്‍ പൊലീസ് എത്തും.

രണ്ടാം ദിവസം സമന്വയത്തിന്റെ വാര്‍ഷികാഘോഷമായിരുന്നു. പ്രധാനമായി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. അതിനു ശേഷം "വിവേകഭാരതം" എന്ന പേരില്‍ ഒരു നാടകാവതരണം. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ സമാപനമായിരുന്നു അത്. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ എഴുതി അവതരിപ്പിച്ച ആ നാടകം രണ്ടു ദിവസത്തെ ആഘോഷങ്ങളുടെ സാര്‍ഥകമായ പരിസമാപ്തിയായി. മൂന്നു ദിവസത്തെ താമസത്തിനിടയ്ക്ക് ഖത്തറിലെ മരുപ്രദേശങ്ങള്‍ കാണാന്‍ സമയം കിട്ടിയില്ല. ലേബര്‍ ക്യാമ്പിലെ ജീവിതം കാണാനും അവസരമുണ്ടായില്ല. ബെന്യാമിന്റെ "ആടുജീവിതം" സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണല്ലോ. ഖത്തറിലും അത്തരം ജീവിതങ്ങളുണ്ടോ എന്ന് ഉണ്ണിയോട് അന്വേഷിച്ചു. ആടുഫാമുകളും ഒട്ടകഫാമുകളും ഇവിടെയുമുണ്ട് എന്നു മറുപടി.

നജീബിന്റേതിനു സമാനമായ ജീവിതങ്ങളുമുണ്ട്. ആരും അതൊന്നും അന്വേഷിക്കാറില്ലെന്നു മാത്രം. അറബിയുടെ ഫാം ഹൗസില്‍ മാസങ്ങളായി സ്പോണ്‍സര്‍ എത്താതെ കഷ്ടപ്പെടുന്ന ശ്രീലങ്കക്കാരന് നാട്ടിലേയ്ക്കു വിളിക്കാന്‍ ഉണ്ണി തന്നെ ഒരിക്കല്‍ ഒരു മൊബൈല്‍ ഫോണ്‍ കൊടുത്ത കഥ പറഞ്ഞു. ഖത്തര്‍ ഇത്ര ചെറിയ രാജ്യമായിരുന്നിട്ടും മുഴുവന്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഷീജ ദുഃഖിച്ചു. മ്യൂസിയം ഇതുവരെ കണ്ടിട്ടില്ല. ഉണ്ണിയുടെ അലക്കൊഴിഞ്ഞ് സമയം കിട്ടിയിട്ടു വേണ്ടേ! മൂന്നാം ദിവസം അതിനുള്ള ഒരു പദ്ധതിയിട്ടുവെങ്കിലും നടന്നില്ല. ഖത്തറില്‍ മഴ കോരിച്ചൊരിഞ്ഞ ദിവസമായിരുന്നു അത്. അന്ന് ഖത്തറില്‍ സൂര്യനുദിച്ചതേയില്ല. വക്രയിലെ ഒരു ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഖത്തറിലെ മഴ കാണാനുള്ള ഭാഗ്യവും ഉണ്ടായി. മഴ പെയ്താല്‍ തണുപ്പു കൂടുമെന്ന് ഖത്തര്‍ നിവാസികള്‍ പറഞ്ഞിരുന്നു. നാലാമത്തെ രാത്രി വിമാനത്താവളത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ പുറത്ത് നല്ല തണുപ്പനുഭവപ്പെട്ടു. വേണ്ടപ്പെട്ടവരെ വിട്ടു പോരുന്നതു പോലെയായിരുന്നു മടക്കയാത്ര. ഷീജ പറഞ്ഞതു ശരിയായിരുന്നു. അടുത്ത ബന്ധുവിനോടെന്നതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഓരോ ദിവസവും ഓരോ വീട്ടിലായിരുന്നു ഉച്ചയൂണ്.

പോരുന്ന ദിവസം ഉണ്ണിയുടെ വീട്ടില്‍ കുറേപ്പേര്‍ ഒത്തുകൂടി. തുടര്‍ന്ന് സമന്വയത്തിന്റെ പ്രസിഡന്റ് ശശി പൊന്നാറമ്പിലിന്റെ വീട്ടില്‍ മറ്റു ചിലരുമെത്തി. അവിടെനിന്നാണ് പെട്ടിയെടുത്ത് ഇറങ്ങിയത്. വര്‍ത്തമാനത്തിനിടെ ഒന്നു ശ്രദ്ധിച്ചു. കേരളത്തിനു പുറത്തു താമസിക്കുന്നവരില്‍ സാധാരണ കാണുന്നതു പോലെത്തന്നെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പേറുന്നവരാണ് ഖത്തറിലെ മലയാളികളും. നമ്മുടെ നാടിന്റെ പോക്ക് ശരിയല്ല എന്നു വേവലാതിപ്പെടുന്നവര്‍. അതു കൊണ്ടാണാവോ, ആര്‍ക്കും കേരളത്തിലേയ്ക്കു തിരിച്ചുവരാന്‍ ആഗ്രഹമുള്ളതായി തോന്നിയില്ല. അത് ഞാന്‍ ഇടപഴകിയ വിഭാഗത്തിന്റെ മാത്രം മനോഭാവമാവാനും വഴിയുണ്ട്.

ഖത്തറില്‍ കുറച്ചൊക്കെ സൗകര്യമുള്ള ജീവിതം നയിക്കുന്നവരുടെ കൂടെയായിരുന്നു എന്റെ വ്യവഹാരങ്ങള്‍. ഖത്തറിലെ ജീവിതം അവര്‍ക്ക് അത്രമേല്‍ സുരക്ഷിതത്വം നല്‍കുന്നുണ്ടാവണം. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്ന് അണുകുടുംബം എന്ന രീതി നിലവില്‍ വന്നതോടെ നാട്ടിലേയ്ക്ക് പിടിച്ചുവലിക്കുന്ന ഊഷ്മളബന്ധങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരവും മാറിയ കാലം ഉണ്ടാക്കുന്ന അരക്ഷിതത്വവും അവരെ നാട്ടില്‍നിന്ന് അകറ്റുന്നുണ്ടോ എന്നും സംശയം തോന്നി. മടക്കയാത്രയില്‍ എന്റെ അടുത്തിരിക്കുന്ന വടക്കാഞ്ചേരിക്കാരന്‍ ജിജോ ജോസഫ് പക്ഷേ അത്ര സന്തുഷ്ടനാണെന്നു തോന്നിയില്ല. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനും പെങ്ങളുടെ കല്യാണത്തിനുമായി നാട്ടിലേയ്ക്കു വരികയായിരുന്നു അയാള്‍. പതിനൊന്നു വര്‍ഷമായി അയാള്‍ ഖത്തറിലാണ്.

""എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നുണ്ട്,"" അയാള്‍ പറഞ്ഞു. ""കുറേ ശ്രമിച്ചെങ്കിലും പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല.""

ഇരുപതു ദിവസത്തെ അവധിയില്‍ നാട്ടിലേയ്ക്കു വരികയായിരുന്നു ജിജോ. കുടുംബത്തെ പിരിഞ്ഞിരിക്കുന്ന നിരവധി പേരുടെ പ്രതിനിധി. പാനോപചാരങ്ങളും അത്താഴവും കഴിഞ്ഞ് വിമാനത്തിലെ വിളക്കുകള്‍ കെടുത്തിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അഞ്ചു മണിക്ക് വിമാനം കൊച്ചിയിലിറങ്ങും. സീറ്റു ബെല്‍ട്ട് മുറുക്കാനുള്ള നിര്‍ദേശം കേട്ടാണ് ഞാന്‍ മയക്കമുണര്‍ന്നത്. ജിജോ അപ്പോഴും കണ്ണുതുറന്ന് ഇരിക്കുകയായിരുന്നു. ""കൂട്ടിക്കൊണ്ടു പോവാന്‍ അനിയന്‍ വരും,"" അയാള്‍ പകുതി തന്നോടുതന്നെയെന്നെ പോലെ പറഞ്ഞു. തന്റെ ഊഴം കഴിഞ്ഞതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സിനു നില്‍ക്കുന്ന വരിയില്‍നിന്ന് അയാള്‍ പൊടുന്നനെ അപ്രത്യക്ഷനായി.

*
അഷ്ടമൂര്‍ത്തി ദേശാഭിമാനി വാരിക

No comments: