Sunday, February 2, 2014

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

1976-ലെ റീജണൽ റൂറൽ ബാങ്ക്‌ ആക്ട്‌ പ്രകാരം നിലവിൽ വന്ന റീജണൽ റൂറൽ ബാങ്കുകൾ (ഗ്രാമീണ ബാങ്കുകൾ)  ഗ്രാമീണ മേഖലയിൽ കുറഞ്ഞ ചെലവിൽ ബാങ്കിംഗ്‌ സേവനമെത്തിക്കുന്നതിനു വേണ്ടി രൂപകല്പന ചെയ്യപ്പെട്ടവയാണ്‌.  വാണിജ്യ ബാങ്കുകൾ ഗ്രാമങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ശാഖകൾ വഴി നൽകിപ്പോന്നതിനെക്കാൾ എന്തുകൊണ്ടും മികച്ചതും പ്രാദേശികാധിഷ്ഠിതവുമായ സേവനങ്ങൾ 196 ഗ്രാമീണ ബാങ്കുകളുടെ 18000 ശാഖകൾ വഴി ലഭ്യമാക്കാൻ സാധിച്ചു.  ഗ്രാമീണ, കർഷക ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമായിരുന്നു.  നബാർഡ്‌ മുഖേന പുനർ വായ്പാ സൗകര്യം ലഭ്യമായിരുന്നതിനാൽ നൂറു രൂപയുടെ നിക്ഷേപത്തിന്‌ 130 രൂപവരെ വായ്പ നൽകാൻ ഗ്രാമീണ ബാങ്കുകൾക്കു കഴിഞ്ഞു.   കേന്ദ്രസർക്കാരും ബാങ്കുകളും സംസ്ഥാന സർക്കാരും 50:35:15 അനുപാതത്തിൽ ഓഹരി സ്വരൂപിച്ച്‌ തുടങ്ങിയ ഗ്രാമീൺ ബാങ്കുകളുടെ  മേൽനോട്ടവും നിയന്ത്രണവും സ്പോൺസർമാരായ വാണിജ്യ ബാങ്കുകൾക്കും നബാർഡിനുമായിരുന്നു.  ആരംഭത്തിൽ ഓരോ സംസ്ഥാനത്തും ഒന്നിലധികം ഗ്രാമീൺ ബാങ്കുകളുണ്ടായിരുന്നു.  താരതമ്യേന അവികസിത ഭൂപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു RRB-കളുടെ രംഗപ്രവേശം.  കേരളത്തിൽ മലപ്പുറം മുതൽ വടക്കോട്ട്‌ കാസർഗോഡ്‌ വരെയുള്ള അഞ്ചു ജില്ലകൾക്കായി സൗത്ത്‌ മലബാർ, നോർത്ത്‌ മലബാർ ഗ്രാമീണ ബാങ്കുകൾക്കു രൂപംനൽകി.  ഇതിൽ SMGB യുടെ സ്പോൺസർ കനറാ ബാങ്കും NMGB യുടേത്‌ സിണ്ടിക്കേറ്റ്‌ ബാങ്കുമായിരുന്നു.   ഓരോ ബാങ്കിനും രണ്ടര ജില്ലകളായിരുന്നു പ്രവർത്തന മേഖല.  SMGB യുടെ ഹെഡ്‌ ഓഫീസ്‌ മലപ്പുറത്തും NMGB യുടേത്‌ കണ്ണൂരുമായിരുന്നു.   വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്ക്‌ SMGB ക്കും സുൽത്താൻ ബത്തേരി, കല്പറ്റ താലൂക്കുകൾ NMGB ക്കും നൽകി.

എന്നാൽ, ബാങ്കിംഗ്‌ മേഖലയിൽ നവ ഉദാരവൽകരണം ആരംഭിച്ചതോടെ ഗ്രാമീണ ബാങ്കുകൾ  അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്‌.   നഗരങ്ങളിലേക്ക്‌ കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം മുഴുവൻ ശാഖകൾ തുറന്നു.  പ്രതാപികളായ സ്പോൺ ബാങ്കുകളോടു പോലും  മത്സരിച്ച്‌ ലാഭമുണ്ടാക്കണമെന്ന നിബന്ധന കർക്കശമാക്കി.  ഒരുഘട്ടത്തിൽ ഗ്രാമീണ ബാങ്കുകൾ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കണമെന്ന ആവശ്യത്തിന്‌ പ്രചാരം കിട്ടി.  എന്നാൽ ജ?ദൗത്യത്തിനോട്‌ നീതി പുലർത്തുംവിധം ഗ്രാമീണ ബാങ്കുകളെ മുഴുവൻ നാഷണൽ റൂറൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്ന അപ്പക്സ്‌ സംവിധാനത്തിനു കീഴിൽ കൊണ്ടുവരണമെന്ന തത്വാധിഷ്ഠിത നിലപാടാണ്‌ ബി.ഇ.എഫ്‌.ഐ യുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആൾ ഇന്ത്യാ റീജണൽ റൂറൽ ബാങ്ക്‌ എംപ്ളോയീസ്‌ അസോസിയേഷൻ (AIRRBEA) സ്വീകരിച്ചത്‌.  ഒരു സംസ്ഥാനത്തിനകത്തുള്ള ഗ്രാമീൺ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ ഒരു ബാങ്കാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.  ലയനാനന്തരം ഇപ്പോൾ രാജ്യത്ത്‌  57 ഗ്രാമീണ ബാങ്കുകളാണുള്ളത്‌.    കേരളത്തിലെ രണ്ടു ഗ്രാമീണ ബാങ്കുകൾ പരസ്പരം ലയിച്ച്‌ 08.07.2013-ന്‌ മലപ്പുറം ആസ്ഥാനമായി കേരളാ ഗ്രാമീണ ബാങ്ക്‌ നിലവിൽ വന്നു.  ഈ ബാങ്കിന്റെ സ്പോൺസർ കനറാ ബാങ്കാണ്‌.

എന്നാൽ 2013 ഏപ്രിൽ 22-ന്‌ പാർലമെന്റിൽ അവതരിപ്പിച്ച ഞഞ്ഞആ ഭേദഗതി ബിൽ-2013 ഗ്രാമീണ  ബാങ്കുകളുടെ 49% ഓഹരി വിൽക്കാൻ ലക്ഷ്യമിടുന്നു.  ശേഷിക്കുന്ന 51% ഓഹരി കേന്ദ്രസര്‍ക്കാരും സ്പോൺസർ  ബാങ്കും ചേർന്ന്‌ കൈവശം വെക്കും.  സംസ്ഥാന സർക്കാരുകൾക്ക്‌ ഓഹരി നിലനിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യാമെന്ന്‌ ബില്ലിൽ സൂചിപ്പിക്കുന്നു.    2013-ൽ 3,51,294.80 കോടി  രൂപയുടെ ബിസിനസ്‌ കൈകാര്യം ചെയ്ത ഗ്രാമീണ ബാങ്കുകളെ ഒരു താലത്തിൽ വെച്ച്‌ സ്വകാര്യ മൂലധനത്തിന്‌ പതിച്ചു കൊടുക്കുന്നതിന്‌ തുല്യമാണിത്‌.  തീർച്ചയായും, 1976-ലെ നിയമം വിഭാവനം ചെയ്യുന്ന ഉദ്ദേശലക്ഷ്യങ്ങളിൽ ഈ ഭേദഗതി വെള്ളം ചേർക്കുന്നു.  ഗ്രാമീണ ബാങ്കുകൾ ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വായ്പകളും കാലാകാലങ്ങളിൽ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളിൽ അവയുടെ പങ്കാളിത്തവും കേന്ദ്ര സർക്കാരും റിസർവ്വ്‌ ബാങ്കും നബാർഡും നിയോഗിച്ച വിവിധങ്ങളായ കമ്മിറ്റികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ളതാണ്‌.  31.03.2013-ൽ ഗ്രാമീണ ബാങ്കുകൾ 2300 കോടി രൂപ ലാഭമുണ്ടാക്കി.  15 കോടി ഗ്രാമീണർക്ക്‌ ഗ്രാമീണ ബാങ്കുകൾ സേവനം നൽകുന്നു.  ധനപരമായ ഉൾച്ചേർക്കൽ പ്രാവർത്തികമാക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സംവിധാനമാണ്‌ ഗ്രാമീണ ബാങ്കുകളുടേതെന്ന്‌ രണ്ടു വർഷം മുമ്പ്‌ ഡോ. സി. രംഗരാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു.  ഗ്രാമവികസനം, ഗ്രാമീണ വായ്പാ വിതരണം എന്നിവ മുൻനിർത്തി ഗ്രാമീണ ബാങ്കുകളെ സ്പോൺസർ ബാങ്കുകളിൽ നിന്നും വേർപെടുത്തി, സംസ്ഥാന തലത്തിൽ പുനസംഘടിപ്പിക്കണമെന്ന്‌ 1993-ലും 2003-ലും പാർലമെന്ററി ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്‌.  പ്രൊഫ. വ്യാസ്‌ കമ്മിറ്റിയും ഈ ശുപാർശയെ പിന്താങ്ങി.  ഇതെല്ലാം അവഗണിച്ചുകൊണ്ടാണ്‌ ഇപ്പോൾ കേന്ദ്രസർക്കാർ ഗ്രാമീണ ബാങ്കുകളുടെ സ്വകാര്യവൽകരണ ബിൽ അവതരിപ്പിച്ചിട്ടുള്ളത്‌.   ഇതു കോർപ്പറേറ്റ്‌ മേഖലയെ പ്രീണിപ്പിക്കാനുള്ള നടപടിയാണ്‌.  ബാങ്ക്‌ ദേശസാൽകരണത്തിന്‌ മുമ്പും പിമ്പും സ്വകാര്യ ബാങ്ക്‌ ഗ്രാമങ്ങളിൽ ശാഖകൾ തുറക്കാനോ വായ്പ നൽകാനോ തയ്യാറായിട്ടില്ല.  സാധാരണക്കാരുടെ അദ്ധ്വാനത്തിന്റെ ഫലമായ കൊച്ചുകൊച്ചു സമ്പാദ്യങ്ങൾ സ്വകാര്യ ബാങ്കുകൾ സ്വന്തം താല്പര്യത്തിനാണ്‌ എന്നും വിനിയോഗിച്ചിട്ടുള്ളത്‌.  ആകയാൽ പാർലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റി മുമ്പാകെയുള്ള ഗ്രാമീണ ബാങ്ക്‌ സ്വകാര്യവൽകരണ ബിൽ പിൻവലിക്കണമെന്ന്‌ ബി.ഇ.എഫ്‌.ഐ ഈ അവകാശപത്രികയിലൂടെ ആവശ്യപ്പെടുന്നു.

സഹകരണ, ഗ്രാമീണ ബാങ്കുകളെ ബോധപൂർവ്വം തകർക്കുന്നതിനു പിന്നിൽ കേന്ദ്രസർക്കാരിന്‌ മറ്റൊരു ഗൂഢലക്ഷ്യമുണ്ട്‌.  സ്വകാര്യ മൈക്രോഫൈനാൻസ്‌ സ്ഥാപനങ്ങളെ (ങഎക) പരിപോഷിപ്പിക്കുക.  മേലിൽ ഗ്രാമീണർ ബാങ്കിംഗ്‌, വായ്പാ ആവശ്യങ്ങൾക്കായി പഴയ ബ്ളേഡ്‌ കമ്പനികളുടെ ആധുനിക പതിപ്പായ മൈക്രോ ഫൈനാൻസ്‌ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലേക്കാണ്‌ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.  ബഹുരാഷ്ട്രാ കമ്പനികൾ വരെ ഇന്ത്യയിൽ അണുവായ്പാ സ്ഥാപനങ്ങളാരംഭിച്ചു കഴിഞ്ഞു.   സ്വയം കൃഷിസംഘ്‌ (ടഗട) എന്ന പേരുള്ള ഒരു സ്ഥാപനം ആന്ധ്രയിൽ ആയിരക്കണക്കിനു സ്ത്രീകളെ വായ്പ കൊടുത്ത്‌ കടക്കെണിയിലാക്കിയതും മാനം നഷ്ടപ്പെട്ട 200 ലധികം സ്ത്രീകൾ ആത്മഹത്യ ചെയ്തതും  ടഗട ന്റെ ഗുണ്ടാപിരിവുകാരെ ഗ്രാമീണർ തല്ലിയോടിച്ചതും നാം കണ്ടതാണ്‌.  അണു വായ്പാ സ്ഥാപനങ്ങൾക്ക്‌ 24% പലിശയീടാക്കാൻ റിസർവ്വ്‌ ബാങ്ക്‌ അനുമതി നൽകിയിട്ടുണ്ട്‌.  സഹകരണ, ഗ്രാമീണ ബാങ്കുകൾക്കു സർക്കാർ പകരം വെക്കുന്നത്‌ ഈ കഴുത്തറപ്പൻ സ്വകാര്യ സ്ഥാപനങ്ങളെയാണെന്നോർക്കുക.

ഗ്രാമീണ, കാർഷിക മേഖലകളുടെ വികസനം ലക്ഷ്യമിട്ടു പ്രവർത്തിക്കേണ്ട വികസന ധനകാര്യ സ്ഥാപനമായ നബാർഡിനേയും ആഗോളവൽകരണം പിടികൂടി കഴിഞ്ഞു.  റിസർവ്വ്‌ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രം ഏറ്റെടുത്തു.  ഇതോടെ നബാർഡിന്റെ 99% ഓഹരികളും കേന്ദ്ര സർക്കാരിന്റെ കൈവശമായി.  ബാക്കി ഒരു ശതമാനം ഓഹരി കൂടി ഏറ്റെടുക്കാനായി നബാർഡ്‌ ആക്ട്‌ ഭേദഗതി ബിൽ 2013 ലെ ബജറ്റ്‌ സമ്മേളനത്തിൽ അവതരിപ്പിക്കിരിക്കയാണ്‌.  ഈ ബില്ലും സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്‌.

ഈ ബില്ലിൽ നബാർഡിന്റെ മൂലധനം 5000 കോടി രൂപയിൽ നിന്ന്‌ 20,000 കോടി രൂപയായി വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു.  ഈ 15,000 കോടി രൂപ സ്വകാര്യ മേഖലയിൽ നിന്നു കണ്ടെത്താനാണ്‌ പരിപാടി.  നബാർഡിന്റെ 49% ഓഹരികൾ വിൽക്കാൻ ഇപ്പോൾ തന്നെ വ്യവസ്ഥയുണ്ട്‌.  ഇതും പോരാഞ്ഞ്‌, ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പ്‌ (BCG) ഉൾക്കാഴ്ച എന്ന പേരിൽ നബാർഡിനെ പുനക്രമീകരിക്കാൻ ശുപാർശ സമർപ്പിച്ചിരിക്കയാണ്‌.  സ്വകാര്യവൽകരണം തന്നെയാണ്‌ ബിസിജി യും ലക്ഷ്യമിടുന്നത്‌.    നബാർഡും ഗ്രാമീണ ബാങ്കുകളും സ്വകാര്യവൽകരിക്കപ്പെടുകയും സഹകരണ ബാങ്കുകളെ ആലിംഗനം ചെയ്തു കൊല്ലുകയും ചെയ്താൽ ഗുണഭോക്താക്കളായ ഗ്രാമീണ ജനതയും കർഷകരുമായിരിക്കും ദുരിതം മുഴുവൻ പേറേണ്ടിവരികയെന്ന കാര്യത്തിൽ സംശയമില്ല.  ഈ നയങ്ങളെയും അവയുടെ പ്രയോക്താക്കളെയും തിരിച്ചറിയുകയും സിംഹാസനങ്ങളിൽ നിന്ന്‌ തള്ളിയിറക്കുകയും ചെയ്യേണ്ട മുഹൂർത്തം സമാഗമമായിരിക്കുന്നു.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

അധിക വായനയ്ക്ക്

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

No comments: