Tuesday, February 4, 2014

പുസ്തകത്തില്‍ കാണാത്ത ജീവിതം

പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി-കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക-സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചംകണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവിപോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും.

രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ആ കൃതി നല്‍കിയ സംഭാവനയും എഴുതിച്ചേര്‍ത്ത വിഛേദവും ഡോ. കെ എന്‍ പണിക്കരെ പോലുള്ള വിശ്രുത ചരിത്രകാരന്‍ ബഹുമാനാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. സിംബാബ്വെയിലെ മനുഷ്യാവകാശ പ്രവര്‍ത്തക തിന മച്ചിഡയുടെ ആത്മകഥാസ്പര്‍ശമുള്ള എഴുത്തുകള്‍ കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞ അനുഭവ ഖനിയാണ്. അന്നാട്ടില്‍ നിലവിലുണ്ടായിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചടങ്ങുകളെയുംകുറിച്ച് അമ്പരപ്പിക്കുന്ന വസ്തുതകള്‍ നിറഞ്ഞതാണത്. പ്രസവിക്കാത്ത സ്ത്രീകള്‍ മരിച്ചാല്‍ അവരുടെ ശവപ്പെട്ടിക്കുമേലെ എലിയെ വയ്ക്കുമായിരുന്നത്രെ! പ്രസവം സ്ത്രീയുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണെന്നും അതിന് അവസരവും ശേഷിയുമില്ലാത്തവര്‍ ദുശ്ശകുനമാണെന്നും സൂചിപ്പിക്കുന്നതാണ് മച്ചിഡ സൂചിപ്പിച്ച എലി ചടങ്ങ്. ആന്ധ്രപ്രദേശില്‍ തൊഴിലാളി - കര്‍ഷക മുന്നേറ്റത്തെ ത്രസിപ്പിച്ച കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ രോമാഞ്ചജനകങ്ങളായ എത്രയോ ഏടുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു നടി ഗര്‍ഭിണിയുടെ വേഷം അവതരിപ്പിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ സ്റ്റേജില്‍ പ്രസവിക്കുകപോലുമുണ്ടായി. പഴയ തിരുവിതാംകൂറില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെ ഗുരുകുല ആശാന്മാര്‍ കൈയില്‍ കാഞ്ഞിരത്തിന്‍ ഇല ഇറുക്കിയാണ് ചെവിപിടിച്ച് ശിക്ഷിച്ചിരുന്നത്. രാജപത്നിക്കുമുന്നില്‍ നാടകത്തില്‍ സ്ത്രീവേഷം കെട്ടിയ പുരുഷന്റെ പെണ്ണത്ത ചിഹ്നം ഊരിവീണപ്പോള്‍ ഒരു തിട്ടൂരമുണ്ടായി. ഇനി പെണ്‍വേഷം സ്ത്രീകള്‍ മാത്രം ചെയ്താല്‍ മതി.

പഴയ കാസര്‍കോടന്‍ പ്രദേശത്തെ മടിക്കൈയില്‍നിന്നും നാം പരിചയപ്പെട്ട കാരിച്ചിയുടെ വിശേഷണം കാരിച്ചിതപാലാപ്പീസ്. ജെ ശാരദാമ്മ ജയിലില്‍ പ്രസവിച്ച മകന് നല്‍കിയ പേര് ജയില്‍കുമാരന്‍ എന്നായിരുന്നു. ഇങ്ങനെ നേര്‍രേഖാ ചരിത്രം ഒരിക്കലും ബഹുമാനിക്കാത്ത എത്രയോ അനുഭവങ്ങളാല്‍ നിറഞ്ഞതാണ് മനുഷ്യന്റെ കുതിപ്പുകള്‍. ചരിത്രം എഴുതാന്‍ ഉപയോഗിച്ച മഷി ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. ഫലിതപ്രിയനായ ആ അമേരിക്കന്‍ എഴുത്തുകാരന്‍ സാമുവല്‍ ലാന്‍ഘോര്‍നെ ക്ലെമെന്‍സ് എന്ന പേരില്‍നിന്നാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലെത്തിയത്. ഫലിതംനിറഞ്ഞ നീണ്ടകഥ കളിലൂടെ പേരെടുത്ത അദ്ദേഹം യാത്രാവിവരണങ്ങളിലൂടെയും ശ്രദ്ധേയനായി.

1876ല്‍ പ്രാദേശിക പത്രത്തിന്റെ ധനസഹായ പിന്തുണയില്‍ നടത്തിയ മെഡിറ്ററേനിയന്‍ സഞ്ചാരങ്ങളാണ് പിന്നീട് "ദി ഇന്നസെന്റ്സ് അബ്രോഡ്" എന്ന ശീര്‍ഷകത്തില്‍ സമാഹരിക്ക പ്പെട്ടത്. സുദീര്‍ഘങ്ങളായ യാത്രകളും വിവിധ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അപരിചിത ഭൂഖണ്ഡങ്ങളിലൂടെയുള്ള പര്യവേക്ഷണങ്ങളും ചേര്‍ന്നുള്ള പാഠങ്ങളാണ് മാര്‍ക് ട്വയിനിന്റെ ചരിത്രസമീപനം രൂപപ്പെടുത്തിയത്. ദ്രവരൂപത്തിലുള്ള മുന്‍വിധികള്‍ എന്ന രൂപകം എഴുതപ്പെട്ട ചരിത്രത്തിലെ വിഭാഗീയതയെയാണ് കടന്നാക്രമിച്ചതും. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന നിക്കരാഗ്വന്‍ ചൊല്ലും ഏകപക്ഷീയതകളെ യാണ് അടിവരയിട്ടത്. കേരള ചരിത്ര ത്തിലെ അക്കാദമിക് കപടനാട്യത്തിനും വരേണ്യവാദ സമീപന ങ്ങള്‍ക്കും ബദല്‍ നിരത്തിയാണ് ആണ്ടലാട്ട് വ്യത്യസ്തനായതെന്ന് പറയാം. ഔദ്യോഗിക സ്ഥാപന ങ്ങള്‍ അന്ധത നടിച്ച മേഖല കളില്‍ നഗ്നപാദനായും സാഹസികമായും നടന്ന് പുതിയ ഉപാദാനം കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തിരസ്കൃതമായ ചരിത്രത്തിന് അതിലൂടെ മുഖവുരയെഴുതി ആണ്ടലാട്ട്. ചീകിയൊതുക്കാത്ത മുടിയും അലസമായിട്ട മീശയും നച്ചുവെളുപ്പിക്കാത്ത വസ്ത്രവും നീളന്‍ തുണി സഞ്ചിയുമെടുത്ത് നാടന്‍ കുണ്ടിടവഴികളിലും തിരക്കൊഴിയാത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നിശ്ശബ്ദനായിനിന്നും നടന്നുമായിരുന്നു ആ യാത്രകള്‍.

വ്യാവസായിക വിപ്ലവത്തെ പുത്തന്‍ മുതലാളിമാരുടെ ലാഭവിഹിതത്തിന്റെയും അക്കാലത്ത് ചതഞ്ഞരഞ്ഞ സ്ത്രീതൊഴിലാളികളുടെയും വീക്ഷണത്തിലും മതസ്വാതന്ത്ര്യത്തെ ചാപ്പലിലെ സ്വര്‍ണകരണ്ടിയുടെ വലിപ്പത്തിലും പട്ടിണിതിന്നുന്ന സാധാരണ വിശ്വാസികളുടെ ദൈന്യതയിലും സ്വാതന്ത്ര്യപ്രതിമയെ വാള്‍സ്ട്രീറ്റിന്റെ പളപളപ്പിലും വെടിയുണ്ട തിന്നേണ്ടിവരുന്ന പ്രക്ഷോഭകരുടെ ചോരയുടെ നിറത്തിലും വായിച്ചെടുക്കാമെന്നത് രണ്ട് ധാരയാണ്. അതിനാല്‍ നിഷ്പക്ഷത കയ്യാലപ്പുറത്തെ തേങ്ങയല്ല. ആട്ടിന്‍കുട്ടിക്കും ചെന്നായ്ക്കും ഒരേ നീതി പകത്തുനല്‍കുന്നതുമല്ലെന്ന് ആണ്ടലാട്ട് വളരെമുമ്പേ ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയം ഞായറാഴ്ചവിനോദമായി സുഖിച്ച ധനിക നേതൃത്വത്തിന്റെ ചൂതുകളിയല്ല ചരിത്ര മെന്ന് പണ്ഡിതന്മാര്‍ പലവട്ടം ഓര്‍മപ്പെടുത്തിയത് ആണ്ടലാട്ട് പ്രയോഗത്തിലൂടെ തെളിയിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷ ണ കേന്ദ്രത്തെ ജനകീയ റഫറന്‍സ് വിഭാഗമായി വിപുലമാക്കുന്നതില്‍ ക്ഷമാപൂര്‍ണമായ ആ സന്നദ്ധത വഹിച്ച പങ്ക് വലുതാണ്. ഇഴയറ്റുനിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ദ്രവിച്ചുതീര്‍ന്ന താളിയോലകളിലും പൊടിഞ്ഞുതീര്‍ന്ന കടലാസുകളിലും കെട്ടുപൊട്ടിയ സുവനീറുകളിലും ആണ്ടലാട്ട് പരിഭവങ്ങ ളേതുമില്ലാതെയാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. വലിയ നാട്യത്തോടെയായിരുന്നില്ല അതെല്ലാം എന്നതും എടുത്തു പറയേണ്ടതാണ്. ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി, ചിന്ത വാരിക തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളും മറക്കാവുന്നതല്ല. ദേശാഭിമാനിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ക്കുപിന്നിലെ ആദ്യ പ്രേരകശക്തിയും അദ്ദേഹമായിരുന്നു. അപ്രശ സ്തങ്ങളായ നാടന്‍ ഗ്രന്ഥശാല കളില്‍നിന്നും വ്യക്തികളുടെ പുസ്തക ശേഖരങ്ങളില്‍നിന്നും തെരുവോരങ്ങളിലെ പഴയ പുസ്തകച്ചന്തകളില്‍നിന്നും അലഞ്ഞു കണ്ടെത്തിയവയെല്ലാം സ്വന്തമാക്കാതെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതിലും ആ ശ്രദ്ധയുണ്ടായി.

പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ക്കെല്ലാം മുന്നില്‍ എത്രനേരം ഇരിക്കാനും അദ്ദേഹത്തിന് മടിയുണ്ടാകാറില്ല. നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി - കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക - സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചം കണ്ടത് ആണ്ടലാട്ടിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവിപോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ആ കൃതി നല്‍കിയ സംഭാവനയും എഴുതിച്ചേര്‍ത്ത വിഛേദവും ഡോ. കെ എന്‍ പണിക്കരെ പോലുള്ള വിശ്രുത ചരിത്രകാരന്‍ ബഹുമാനാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. എറിക് ഹോബ്സ്ബാമിന്റെ "ദി എയ്ജ് ഓഫ് റവല്യൂഷന്‍ 1789-1848", മാര്‍ ബ്ലോക്കിന്റെ "ഫ്യൂഡല്‍ സൊസൈറ്റി", ഇ പി തോംസണിന്റെ "മെയ്കിങ് ഓഫ് ദി ഇംഗ്ലീഷ് വര്‍ക്കിങ് ക്ലാസ്", ഫസലിന്റെ "ദി ഇംഗ്ലീഷ് കണ്‍ട്രിമാന്‍" തുടങ്ങിയ കൃതികളോട് തുലനം ചെയ്യാവുന്ന മലയാളത്തിന്റെ സംഭാവനയാണ് അത്. മാര്‍ ബ്ലോക്കും ഹോബ്സ്ബാമും ഫസലും അതുവരെ അപരിചിതങ്ങളായ രേഖകള്‍ തേടിപ്പോയാണ് സ്ഫോടനാത്മകങ്ങളായ നിഗമനങ്ങളിലേക്ക് ചേക്കേറിയത്. കോടതി രേഖകള്‍, പൊതു പ്രസംഗങ്ങള്‍, സംഭവ നോട്ടീസുകള്‍, പഴഞ്ചൊല്ലും പുരാവൃത്തവും, രാജകീയ വിളംബരങ്ങള്‍, ഭൂരേഖകള്‍ തുടങ്ങിയവയെല്ലാം അവര്‍ക്ക് വലിയ പിന്തുണയായിരുന്നു. വീട്ടില്‍ പുറംജോലിക്ക് വന്ന അസ്പൃശ്യ സ്ത്രീയിലും ഇടവഴിയിലെ കല്ലിലും ഓട്ടമുക്കാലിന്റെ ലോഹക്കൂട്ടിലും നാടന്‍ കൈനോട്ടക്കാരിലും ഗ്രാമമൂല യിലെ ദൈവപ്രതിമയിലും സൂക്ഷ്മ ശ്രദ്ധ പതിപ്പിച്ച് ഇന്ത്യാചരിത്രം തന്നെ നേരെവായിച്ച ദാമോദര്‍ ധര്‍മാനന്ദ് കൊസാംബിയെ ഓര്‍മിപ്പിക്കുംവിധം ആണ്ടലാട്ടും ചെറിയ സംഭാവന നല്‍കി. ഇതെല്ലാം സ്വന്തം പേര് അച്ചടിച്ചുവരാനുള്ള സൂത്രപ്പണിയായല്ല അദ്ദേഹം കണ്ടിരുന്നത്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിതാക്രമണ വേളകളിലെല്ലാം വസ്തുതകളും സത്യങ്ങളും നിരത്തി പ്രതിരോധത്തിന്റെ വഴി തുറക്കാന്‍ മുന്നിട്ടിറങ്ങുകയുമുണ്ടായി. താത്ത്വികാപഗ്രഥനങ്ങള്‍ക്ക് പിന്‍ബലവും ഉള്ളടക്കവും മൂര്‍ച്ചയും ഉള്‍ക്കനവും നല്‍കാനുള്ള കൂട്ടിച്ചേര്‍ക്കലുകളായിരുന്നു അവയില്‍ പലതും. പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടാക്കിയതെന്ന മിത്തില്‍ വിശ്രമിക്കുകയല്ല ജനാധിപത്യവാദിയായ ഒരു ചരിത്രാന്വേഷകന്‍ ചെയ്യേണ്ടത്. മറിച്ച് പുതിയ വ്യാഖാനങ്ങള്‍ ഉണര്‍ത്തുകയാണ് ആവശ്യമെന്ന് ആണ്ടലാട്ടിന് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങളെയും അവരുടെ ഭക്ഷണ സമ്പാദന രീതിയെയും അതിനായുള്ള പോരാട്ടങ്ങളെയും അദ്ദേഹം ബഹുമാനപൂര്‍വം നോക്കിക്കണ്ടത്. പുസ്തകത്തില്‍ കാണാത്ത ചരിത്രം എന്ന ലഘു പഠനം ലളിതമെങ്കിലും അക്കാദമിക സൗകര്യക്കാര്‍ക്ക് ചിന്തിക്കാന്‍പോലുമാവാത്ത വിതാനത്തിലുള്ളതാണ്. വാദി പ്രതിയായ കഥ, ഒരു ഗ്രന്ഥം; സാഹിത്യചരിത്രകാരന്‍ കാണാതെ, ഓര്‍മ സാഹിത്യത്തിലെ പിഴവ്, കവിത രചിച്ചതിന് ഒമ്പത് മാസം ജയിലില്‍, വിഡ്ഢിവേഷത്തിന് കിരീടമണിയുമ്പോള്‍ തുടങ്ങിയ ഉപശീര്‍ഷകങ്ങള്‍ ബദല്‍ പാരായണത്തിന്റെ സാധ്യതയും ബാധ്യതയും ഏറ്റെടുത്തതാണ്.

ദസ്തയേവ്സ്കി "ഒളിവില്‍നിന്നുള്ള കുറിപ്പുകളില്‍" എഴുതിയത് പോലെ, നീ മരിച്ച് കഴിഞ്ഞാല്‍ അപരിചിതമായ ഏതോ കൈകള്‍ അക്ഷമയോടെ മുറുമുറത്തുകൊണ്ട് നിന്നെ പുറത്തേയ്ക്ക് വലിച്ചിടും. ആരും നിന്നെ അനുഗ്രഹിക്കില്ല ആരും നിന്നെയോര്‍ത്ത് ഒരു നെടുവീര്‍പ്പുപോലുമിടില്ല, അവര്‍ക്ക് വേണ്ടത് കഴിയാവുന്നത്ര വേഗത്തില്‍ നിന്നെ ഒഴിവാക്കുകയാണ്; അവര്‍ ഒരു ശവപ്പെട്ടി വാങ്ങിക്കും. എന്നിട്ട് ആ പാവം സ്ത്രീയെ കൊണ്ടുപോയതുപോലെ ശ്മശാനത്തിലേക്ക് എടുക്കും. എന്നിട്ട് നിന്റെ ഓര്‍മകള്‍ അവര്‍ ഒരു സത്ര ത്തില്‍ വെച്ച് ആഘോഷിക്കും. ചെളിനിറഞ്ഞതും, ഇപ്പോള്‍ നവുമുള്ളതുമായ ശ്മശാനത്തില്‍ - നിനക്ക് വേണ്ടി മറ്റൊന്നും അവര്‍ക്ക് ചെയ്യേണ്ടതില്ല എന്നതാണ് പൊതുനില. ഇത്തരം വരേണ്യ രീതികള്‍ക്കെതിരെ ജനപക്ഷ ആഖ്യാനവും വ്യാഖ്യാനവും സാധ്യമാക്കുകയായിരുന്നു ആണ്ടലാട്ട്.

ഇന്നത്തെ കേരളത്തിന്റെ സര്‍വതോമുഖങ്ങളായ പുരോഗതിക്കും കുതിപ്പിനും തെളിഞ്ഞ മുഖത്തിനും പിന്നില്‍ അസംഖ്യം പോരാട്ടങ്ങളുടെയും മനുഷ്യരുടെയും ചോരയോട്ടമുണ്ടായിരുന്നെന്ന് ആണ്ടലാട്ട് പറയാറുള്ളത് വികാരത്തിന്റെ ഭാഷയിലായിരുന്നില്ല. മറിച്ച് വസ്തുതകളുടെ പിന്‍ബലത്തിലായിരുന്നു. ജാതിചിന്തകളും അയിത്തവും ചൂഷണവും ഏതെല്ലാം രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ എത്രയോ ജീവിത സത്യങ്ങള്‍ നിരത്താനും അദ്ദേഹത്തിനായി. ഒരു വിദ്യാര്‍ഥിയായിരുന്ന ഞാന്‍ വടക്കേ മലബാറിലെ ചില യാത്രകളില്‍ ആണ്ടലാട്ടിനൊപ്പം കൂടിയത് എന്റെ കാഴ്ച കളിലും വ്യത്യസ്തകള്‍ നിറച്ചിരുന്നു.

ചന്തു ഓഫീസറും വെള്ളുങ്ങയും ടി എസ് തിരുമുമ്പും പയ്യന്നൂര്‍ സമ്മേളനവും കണ്ടോത്തെ കുറുവടിയും സ്വാമി ആനന്ദതീര്‍ഥനുമെല്ലാം ആദ്യം കേള്‍ക്കുന്നത് ആണ്ടലാട്ടില്‍നിന്നാണ്. സൗകര്യങ്ങളുടെ കൂമ്പാരത്തില്‍ തലപൂഴ്ത്തുന്ന ചില സിംഹഗവേഷകര്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സമര്‍ഥമായി സ്വന്തമാക്കിയതും എനിക്കറിയാം. അക്കാദമിക ഭാഷയില്‍ ഒരു ഫൂട്ട്നോട്ട് കൊടുത്താല്‍ അതെല്ലാം അവരുടേതാകും. ഇത്രയും കടപ്പെട്ടിട്ടും പലരും ആ പേരിനോടും അദ്ദേഹത്തിന്റെ വിശ്രമരഹിതങ്ങളായ പ്രവര്‍ത്തന ങ്ങളോടും പുച്ഛംകലര്‍ന്ന സമീപനമാണ് എടുത്തതെന്നത് സങ്കടത്തിന്റെ ആഴം കൂട്ടുന്നു. വീണ്ടും ദസ്തയോവ്സ്കിയെ വായിക്കാം: ഞാന്‍ കണ്ണാടിയില്‍ നോക്കാനിടയായി പീഡിതമായ എന്റെ മുഖം വിളറിയതും കോപം നിറഞ്ഞതും പാറിപ്പറന്ന മുടിയും എല്ലാം കൂടി ഒരു ജാതി വൃത്തികെട്ടത്! സാരമില്ല എനിക്കതില്‍ സന്തോഷമേയുള്ളൂ ഞാന്‍ വിചാരിച്ചു അവള്‍ക്കെന്നെ കാണുമ്പോള്‍ ഒരകല്‍ച്ച മാത്രമേ തോന്നുകയുള്ളൂ; അതെ, അതാണെനിക്കിഷ്ടം. ആണ്ടലാട്ടും പറയാതെ സൂചിപ്പിച്ചത് ഇതുതന്നെയാവണം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

No comments: