Sunday, February 2, 2014

എളുപ്പമുള്ള ഊടുവഴി (പുതുപ്പള്ളി വഴി)

""പണം എണ്ണുന്നതിനിടയില്‍ വഹീദ ചോദിച്ചു - "സാര്‍ ഇതുവരെ കേരളത്തിനു വെളിയിലായിരുന്നോ?" അയാള്‍ "അതെ" എന്ന അര്‍ഥത്തില്‍ ഒന്നുമൂളി. തെന്‍റ സ്വകാര്യതയിലേക്ക് ആരേയും കടത്തിവിടാനുള്ള താല്‍പര്യം വിജയന്‍ നമ്പ്യാര്‍ക്കില്ലെന്ന് നിര്‍വികാരമായ ആ മറുപടിയില്‍നിന്നും അവള്‍ക്കു വ്യക്തമായി. വഹീദയെന്നല്ല വേറെ ആരു ചോദിച്ചാലും തെന്‍റ പേരിനപ്പുറത്തേക്കുള്ള ഒരു വിവരവും അയാള്‍ പുറത്തുവിടില്ലായിരുന്നു. താന്‍ ഐജി റാങ്കില്‍നിന്നും വിരമിച്ച മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനാണെന്ന കാര്യം ഈ പത്രക്കാരെങ്ങാനുമറിഞ്ഞാല്‍ അതോടെ തീര്‍ന്നു. തെന്‍റ ഓര്‍മകളെ ഒരു ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്റ്റോറിയാക്കി അവരങ്ങോട്ട് ആഘോഷിക്കും. ചെട്ടിച്ചിറ എലമെന്ററി സ്കൂളിന്റെ അടിയാധാരം വരെ പുറത്തെടുത്ത് ചര്‍ച്ചയ്ക്ക് വെക്കും"". മലയാളത്തിലെ പുതുതലമുറയിലെ പ്രിയങ്കരനായ കഥാകൃത്തുക്കളില്‍ പ്രമുഖനായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ""ഇടുക്കി ഗോള്‍ഡ്"" എന്ന കഥയിലെ വരികളാണിവിടെ ഉദ്ധരിച്ചത്.

ശക്തമായ ഒരു മാധ്യമ വിമര്‍ശനം ഈ വരികളില്‍ കാണാം. (കഥയുടെ മുഖ്യധാര ഇതല്ല). മുന്‍പും സന്തോഷിന്റെ പല കഥകളിലും മാധ്യമ വിമര്‍ശനം കടന്നുവന്നിട്ടുണ്ട്. ഈ പംക്തിയില്‍ തന്നെ അത് പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. സന്തോഷ് മാത്രമല്ല, മറ്റു പല കഥാകൃത്തുക്കളും തങ്ങളുടെ സര്‍ഗസൃഷ്ടിക്കിടയില്‍ ദൃശ്യ - അച്ചടി മാധ്യമങ്ങളെ കീറിമുറിച്ച് പരിശോധിക്കാന്‍ തയ്യാറായി കാണുന്നുണ്ട്. അപഹാസ്യമാംവിധം മാധ്യമങ്ങള്‍ തരംതാഴുന്നത് കാണുമ്പോഴായിരിക്കും കഥാകൃത്തുക്കളും നോവലിസ്റ്റുകളും മറ്റും തങ്ങളുടെ സര്‍ഗാത്മക രചനയ്ക്കിടയില്‍ തന്നെ ഇതേപോലെ മാധ്യമ വിമര്‍ശനത്തിന് നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ വര്‍ഗപരവും രാഷ്ട്രീയവുമായ പക്ഷപാതിത്വത്തിന്റെ, കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ ചെളിക്കുണ്ടില്‍ ആണ്ടുകിടക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വിമര്‍ശനങ്ങള്‍ ചേമ്പിലയില്‍ വീഴുന്ന വെള്ളത്തിന്റെ സ്ഥിതിയിലായിരിക്കും.

തിരഞ്ഞെടുപ്പൊരുക്കത്തില്‍ മുഖ്യധാരക്കാര്‍

ജനുവരി 14 പലതുകൊണ്ടും ശുഭദിനം. 13 എന്ന "അശുഭ" സംഖ്യക്കുശേഷമുള്ള ദിനം. മകരമാസം ഒന്ന്. തൈപ്പൊങ്കല്‍ ദിനം. മകരസംക്രാന്തി ആരംഭിക്കുന്ന ദിനം. അങ്ങനെ സര്‍വാത്മനാ നോക്കിയാലും പുണ്യജന്മങ്ങള്‍ക്കാകെ പുണ്യദിനം. ആ പുണ്യദിനം തന്നെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരവേല "മനോരമ" സ്വയമേവ ഏറ്റെടുത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചിരിക്കുകയാണ്. ജനുവരി 14ന് (മകരം ഒന്നിന്) മലയാളികളുടെ വീട്ടുമുറ്റത്തെത്തിയ റബറ് പത്രത്തിന്റെ ഒന്നാം പേജിലെ മുഖ്യമാനകഥ ഇങ്ങനെ: ""ദേശീയതലത്തില്‍ സംവരണം രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശ പ്രകാരം"" എന്ന തൊപ്പിയണിഞ്ഞ കലക്കന്‍ ശീര്‍ഷകം നോക്കുക: ""പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിനു നീക്കം"". തികച്ചും അഞ്ചു കോളം തന്നെ ഈ സ്റ്റോറിക്കായി നീക്കിവെച്ചിരിക്കുന്നു. അതുക്കുള്ളില്‍ ഒരു ചിന്ന ബോക്സും: ""പുതിയ വഖഫ് വികസന കോര്‍പറേഷന്‍ ഉടന്‍. തുല്യാവസര കമ്മീഷന്‍ ആലോചനയില്‍"". എങ്ങനെയുണ്ട്, സങ്കതി കലക്കീല്ലെ? നല്ല ഉശിരന്‍ സ്കൂപ്പ്. തിരഞ്ഞെടുപ്പിന് പറ്റിയത്. നടന്നില്ലെങ്കിലെന്താ? പാലം കടക്കുവോളം പോരെ കോണ്‍ഗ്രസിന് നാരായണന്മാരെ.

പക്ഷേല്, എന്താ സത്യമാന സംഭവം? രംഗനാഥ മിശ്ര കമ്മീഷെന്‍റ റിപ്പോര്‍ട്ട് ഡല്‍ഹീല് സര്‍ദാര്‍ജിയുടെ കാബിനറ്റിന് കിട്ടീട്ട് വര്‍ഷങ്ങള് നാല് കഴിഞ്ഞത് "മനോരമ" കുട്ടന്മാര് അറിയാഞ്ഞാരിക്കും.എന്നിട്ടും മോഡീടേം സംഘത്തിന്റെം കണ്ണുരുട്ട് പേടിച്ച് അത് നടപ്പാക്കാതെ അട്ടത്ത് വച്ചേക്കാരുന്നു സാക്ഷാല്‍ കോണ്‍ഗ്രസിന്റെം സര്‍ക്കാര്. ആ റിപ്പോര്‍ട്ടിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞേക്കണത്. എന്നാലേ ഇന്നേവരെ ഒരു കോണ്‍ഗ്രസുകാരനും മദാമ്മേം രാഹുലനും സര്‍ദാര്‍ജീം തൊട്ട് ചാണ്ടീം ചെന്നിത്തലേം വരെ ഒരാളും മൊഴിഞ്ഞില്ല അത് നടപ്പാക്കണമെന്ന്. അത് നടപ്പാക്കണമെന്ന് പറേണ കേക്കണതുതന്നെ കേന്ദ്രനും സംസ്ഥാനനും ചങ്കിടിപ്പുണ്ടാക്കണ സങ്കതിയാണ്. സിപിഐ എമ്മും ഇടതുപക്ഷവും മാത്രമാണ് അത് നടപ്പാക്കണമെന്ന് സംശയത്തിന്റെ പൊടിപോലും കൂടാതെ പറഞ്ഞേക്കണത്. അപ്പോള് "മനോരമ" ഈ കാട്ടണതൊക്കെ പാവത്തുങ്ങളെ വോട്ടുതട്ടാനുള്ള ഞുണുക്ക് പരിപാടികള് തന്നെയാണേ! തിരഞ്ഞെടുപ്പടുത്തോണ്ട് മോഡീം പരിവാരോം പോലും ഒന്നും മിണ്ടാനും പോണില്ല. കാരണം നടപ്പാക്കാനിടയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് എതിര് പറഞ്ഞ് ചുമ്മാ എന്തിന് വോട്ടുകളയണം. മോഡിക്കും ന്യൂനപക്ഷവോട്ടും വേണോല്ലോ. പക്ഷേല്, ഒരു കാര്യമുണ്ടേ, "മനോരമ"ക്കുട്ടന്മാരെ, ഇത് പച്ചയായ പെയ്ഡ് ന്യൂസു തന്നെയാണേ! അതും ഇല്ലാ വചനം പറഞ്ഞുള്ള പത്തര മാറ്റുള്ള പ്രചരണം!!

അന്തമാനദിനത്തിലെ പെരിയ വാര്‍ത്തയെന്താ? തെരിയുമാ? അത് ഡീസലുക്കും കുക്കിങ് ഗ്യാസുക്കും കുത്തനെ വില കൂട്ടാനുള്ള നീക്കം താന്‍. അത് "മനോരമ" അണ്ണന്മാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് മാളോരെ തെര്യപ്പെടുത്താനക്കൊണ്ട് പറ്റ്യോ? ഇല്ല! അതിനാലാണ് ഇന്ത ഗുണ്ടിട്ട് അന്ത കുണ്ടിനെ മൂടലാം! ഇനി 8-ാം തീയതി "മനോരമ" ഒന്നാം പുറത്ത് അച്ചുനിരത്തിയ മറ്റൊരു സ്റ്റോറി നോക്കാം: ""തിരഞ്ഞെടുപ്പൊരുക്കത്തിനെന്നു സംശയം"" എന്ന തൊപ്പിയും പേറി വരുന്നു: ""വിദേശത്തുനിന്ന് കള്ളപ്പണം"" എന്ന കിടിലോല്‍ക്കിടിലന്‍ തലേക്കെട്ട്! ആഴ്ചയൊന്നു കഴിഞ്ഞു. കേരളത്തിലെ പുതിയ ആഭ്യന്തരനോ കേന്ദ്രത്തിലെ പഴേ ആഭ്യന്തര സഹനോ എന്തെങ്കിലും ഇതേല്‍ പിടിച്ച് മൊഴിയുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് നോക്കി. ഒരു മിണ്ടാട്ടോമില്ല. കോഴിക്കോടും വടകരേമൊക്കെ വന്ന് ഇടയ്ക്കിടെ സിപിഐ എമ്മിനെതിരെ കുരച്ചുചാടുന്ന അട്ടം പരതി പുത്രന്‍ ഇത്ര പ്രമാദമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന സങ്കതിക്കുനേരെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഒന്നുമേ ഉരിയാടിയിട്ടില്ല. ഒരു കൊലപാതകക്കേസില്‍ പോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്തുവരെ നിയമവിരുദ്ധമായി നുഴഞ്ഞുകയറി കോപ്രായങ്ങള്‍ കാട്ടിയ ഇപ്പോഴത്തെ സംസ്ഥാന ആഭ്യന്തരനും മിണ്ടാട്ടോം ഉരിയാട്ടോമില്ല. ഇനി കഥ എഴുതിയ പത്രം എന്തെങ്കിലും തുടരന്‍ സാധനം പിന്നീട് കാച്ചിയോന്നും നോക്കി. ഇല്ലേയില്ലേ. സംഭവം ഒള്ളതാരിക്കും. പക്ഷേല്, ഈ കള്ളപ്പണങ്ങള് എങ്ങടാ പോണേ? യുഡിഎഫിെന്‍റ പണപ്പെട്ടീല് തന്നെ. അതുകൊണ്ട് തുടരേണ്ടെന്ന് തീരുമാനം!

വീരന്‍ കടലാസിന്റെ സംഭാവന

ജനുവരി 9ന്റെ വീരഭൂമി പത്രത്തില് ഇതാ കിടക്കണ് ഒന്നാം പേജില് തന്നെ ഒരു പെരിയ സങ്കതി - ""രാഷ്ട്രീയ കക്ഷികളുടെ സംഭാവന. 87 ശതമാനം കോര്‍പറേറ്റ് പണം"" അതുക്കുകീഴെ ഇപ്പടിയേ ചൊല്ലിയിരുക്കേന്‍: ""കോണ്‍ഗ്രസ് 92%, ബിജെപി 85%, സിപിഎം 33%"". അപ്പോ ഒത്തല്ലോ! എല്ലാരും ഒപ്പം താന്‍. ഇതുതാന്‍ പൂഴിക്കടകന്‍ വിദ്യേ പിടിച്ചുള്ള പ്രചരണം. പക്ഷേ, വീരന്‍ കുട്ടികള് അറിയാനക്കൊണ്ട് ഒരു രഹസ്യം പറയാം. ഈ ഗുണ്ട് പുതീതൊന്നുമല്ല. നന്നേ പഴക്കമുള്ളതാണേ! സുമാറ് ഒരു വര്‍ഷത്തിനുമേലായി ഒരംഗ്രേസി പത്രം ഇതേ ഗുണ്ട് കാച്ചീരുന്നു. അന്ന് സിപിഐ എം കൃത്യമായ മറുപടീം കൊടുത്തു. അതെന്തെന്നല്ലേ? സിപിഐ എമ്മിന്റെ വരവ് - ചെലവ് കണക്ക് പാര്‍ട്ടീടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഏത് വീരനും ഏത് ഊച്ചാളിക്കും നോക്കാം. പരിശോധിക്കാം. ആര്‍ക്കും ഒരു വിരോധോമില്ല. പാര്‍ട്ടീടെ വരുമാനത്തില് 85 ശതമാനോം പാര്‍ടി അംഗങ്ങള്‍ നല്‍കുന്ന ലെവിയാണ്. ആ അംഗങ്ങളില് ആരും കോര്‍പറേറ്റുകളല്ല എന്ന കാര്യോം പാര്‍ടിക്കറിയാം. പിന്നെ സംഭാവന 15%. അതില് കോര്‍പറേറ്റിന്റേതുണ്ടോ? ഇല്ലെന്ന് പാര്‍ടിക്ക് നെഞ്ചിക്കൈവച്ച് പറയാം. പോരെങ്കില്‍ പഴയൊരു കാര്യം (കഥയല്ല) കൂടി കൂട്ടിവായിക്കാം. 1990കളിലാണ് സംഭവം.ടാറ്റ മൊതലാളി രാജ്യത്തെ എല്ലാ അംഗീകൃത ദേശീയ പാര്‍ടികള്‍ക്കും അവരുടെ വോട്ടിങ് ശതമാനത്തിന്റെ അനുപാതത്തില് സംഭാവന കൊടുക്കാന്‍ തീരുമാനിച്ചു. അംഗീകൃത ദേശീയ പാര്‍ടി ആയതുകൊണ്ട് സിപിഐ എമ്മിനും ലഭിച്ചു 60 ലക്ഷം രൂപേടെ ഒരു ചിന്ന ചെക്ക്! കോണ്‍ഗ്രസും ബിജെപീം ഉള്‍പ്പെടെ എല്ലാം കിട്ടിയ കോടികള്‍ പണപ്പെട്ടീല് ഇട്ടപ്പോ, സിപിഐ എം ആ ചെക്ക് മടക്കത്തപ്പാലില് ടാറ്റാ മൊതലാളിക്ക് തന്നെ അയച്ചുകൊടുത്തു. കൂട്ടത്തില് ഒരു കത്തും - ജനാധിപത്യം വികസ്വരമാക്കലാണ് ലക്ഷ്യമെങ്കില്‍ താങ്കള്‍ ഇതയച്ചുകൊടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്, തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി! ഇതാണ് ഹേ വീരാ സിപിഐ എമ്മിന്റെ പാരമ്പര്യം.

ഇനി ഒരു കാര്യം കൂടി. ചിന്ത വാരികയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് കോഴിക്കോട് നടന്ന സെമിനാറില്‍ 9-ാം തീയതി പങ്കെടുത്ത സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി "മാതൃഭൂമി" വാര്‍ത്തയ്ക്ക് കൃത്യമായി മറുപടി പറഞ്ഞിരുന്നു. പത്ര മര്യാദ, മാന്യതയും, പ്രാധാന്യത്തോടെ തന്നെ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. യെച്ചൂരി പറഞ്ഞതുപോലെ "മാതൃഭൂമി" എഴുതിയത് പച്ചക്കള്ളമല്ലെങ്കില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനും ആ പത്രത്തിനാകുമായിരുന്നു. പക്ഷേ, മാതൃഭൂമിയെപ്പോലൊരു വലതുപക്ഷ പത്രത്തില്‍നിന്ന്, കാപ്പിത്തോട്ടക്കാരേന്‍റം വണ്ടി മൊതലാളീടേം പത്രത്തില്‍നിന്ന് ആ മാധ്യമ മര്യാദ പ്രതീക്ഷിക്കുന്നതാണല്ലോ തെറ്റ്!

ഊപ്പര്‍ മേം കോന്‍ഹെ? വോ രാഹുല്‍ ഹെ!

ജനുവരി 14ന് "മനോരമ"യുടെ ഒന്നാം പേജിലെ ഏറ്റവും മുകളറ്റത്ത് 8 കോളവും നിറഞ്ഞ് നില്‍ക്കുന്ന സചിത്ര റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം: ""ആവേശത്തിരയിളക്കി രാഹുല്‍; ആഹ്ലാദക്കൊടുമുടിയില്‍ ജനം"". ഇതിനൊപ്പം നല്‍കിയിട്ടുള്ള ചിത്രം കൗതുകകരമാണ് - ഒരു പൊലീസ് ജീപ്പിനുമുകളില്‍ കുത്തിയിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അവസാനവാക്കുമായ രാഹുല്‍ഗാന്ധിയുടെ ചിത്രം. പത്രത്തിന്റെ 4-ാം പേജില്‍, ""മിന്നല്‍പോലെ വന്നു രാഹുല്‍"" എന്നൊരു സാധനവും നല്‍കിയിട്ടുണ്ട്. അപ്പോള്‍ തോന്നി പുള്ളിക്കാരന്‍ മിന്നല്‍പോലെ വന്ന് ഇടിത്തീപോലെ പൊലീസ് ജീപ്പിനുമേല്‍ പെയ്തിറങ്ങിയതായിരിക്കുമോന്ന്. ഒന്നൂടെ നോക്കാമെന്ന് നിരീച്ച് പേജ് മറിച്ചു. 11-ാം പേജില് വീണ്ടും: ""രാഹുലിന്റെ കാര്‍ ഡീസലടിക്കാന്‍ നിര്‍ത്തി; സുരക്ഷാ വീഴ്ചയെന്ന്"" അപ്പോള്‍ കാറില്‍ ഡീസലില്ലാതെ വന്നപ്പോള്‍ പൊലീസ് ജീപ്പിന്റെ ഊപ്പറില്‍ സവാരികളിച്ചതാണോ കൊച്ചന്‍? ഹേയ്, അതുമല്ല. (കൂട്ടത്തില്‍ പറയട്ടെ കാര്‍ ഡീസലടിക്കാന്‍ നിര്‍ത്തിയത് സുരക്ഷാ വീഴ്ചയാകുന്നതെങ്ങനെ? പക്ഷേ, ഡീസലില്ലാതെ കാര്‍ മുന്നോട്ടു പോകാതായതാണ് സംഭവം. അതാണ് സുരക്ഷാ വീഴ്ച. അതു മറയ്ക്കാനാണ് "മനോരമേ"ടെ ഭാഷാപ്രയോഗം).

ഇനി മറ്റു മുഖ്യധാരക്കാരിലേക്കുകൂടി ഒന്നു നോക്കാം: നമ്മളെ പേട്ട പത്രം നോക്കി. അതിലും ഒണ്ട് ഒന്നാം പേജില് സങ്കതി: ""ആവേശം അലകടലായി, രാഹുല്‍ ആരവമായി"" ഒപ്പമുണ്ട്, പയ്യന്‍സ് പൊലീസ് ജീപ്പിനുമോളില്‍ കുത്തീരിക്കണ പടം. "വീരഭൂമി" എങ്ങനാ സങ്കതി പറേണത്: അതിലും ഒന്നാം പേജില് കാച്ചീട്ടുണ്ട്, മനോരമേടേം കേരള കൗമുദീടേം അത്ര ഉശിരില്ലെന്നു മാത്രം - ദേ നോക്കൂ - ""ആശ്വാസം പകര്‍ന്ന്, ആവേശമായി രാഹുല്‍"". അതിലുമൊണ്ട് ""ദേ മാവേലി കൊമ്പത്ത്"" എന്ന ചേലില്‍ പൊലീസ് ജീപ്പ് കെ ഊപ്പര്‍ രാഹുല്‍ മോന്‍. (എന്തരണ്ണാ ഈ ആശ്വാസങ്ങള്?) അപ്പോള്‍ സങ്കതി ഒള്ളത് തന്നെ! കാല്‍ നടേന്റെ മുന്നേ, സംസ്ഥാന യൂത്തന്മാര്‍ക്കൊപ്പം നടക്കാന്‍ വന്ന കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ദൈവം പൊലീസ് ജീപ്പിന്റെ തിടമ്പിലേറി, ഒരു സവാരി ഗിരിഗിരി! ദൃശ്യമാധ്യമങ്ങളില് പുള്ളിക്കാരന്‍ ജീപ്പിനു മോളില് വലിഞ്ഞു കേറണതും അതിനു മോളിലെത്തിയ ഉടന്‍ കുപ്പായത്തിന്റെ കൈ മോളിലോട്ട് ചുരുട്ടിവെയ്ക്കുന്നതും തുടര്‍ന്ന് മാളോരെ (യൂത്തന്മാരെ) നോക്കി ഒരു മന്ദബുദ്ധീടെ ചിരി പാസാക്കണതും കൂടി കാണുമ്പോള്‍ ഒരു സര്‍ക്കസ് കൂടാരത്തിലെ കോമാളിയെ അല്ലേ അനുസ്മരിപ്പിക്കുന്നത്? അതവിടെ നിക്കട്ടെ! നാട്ടില് ചില നിയമോം ചട്ടോം ക്രമോമൊക്കെയുണ്ട്! അത് ലംഘിക്കാന്‍ ഒരു പെരിയ മോനും നിയമം അനുമതി നല്‍കുന്നില്ല. പൊലീസ് ജീപ്പിലെന്നല്ല, ഒരു വണ്ടീടേം മോളില് കേറിയുള്ള സവാരി നിയമം അനുവദിക്കുന്നില്ല. ഇവിടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി, നിലവിലെ നിരവധി മന്ത്രി പുംഗവന്മാരുടെ സാന്നിധ്യത്തില്, നിയമപാലകരായ ഒരുപാട് കാക്കികുപ്പായക്കാരു നോക്കിനില്‍ക്കെ മൂന്ന് കിലോമീറ്ററിലേറെ ദൂരം ""ആവേശം വിതച്ച്"" യാത്രയായതായാണ് പത്രവാര്‍ത്തകള്‍ കാണിക്കുന്നത്.

സംസ്ഥാന യൂത്തധ്യക്ഷന്‍ പറേണത് സങ്കതിക്ക് രണ്ടു മിനിറ്റേ എടുത്തൊള്ളൂ, സുരക്ഷ കരുതിയാണ് പുള്ളിക്കാരനെ മോളില് കേറ്റീത് എന്നൊക്കെയാണ്! സുരക്ഷയ്ക്കായിരുന്നെങ്കില്‍ ജീപ്പിനകത്താക്കാം. ഇനി രണ്ട് മിനിറ്റുകൊണ്ട് മൂന്നു കിലോമീറ്ററ് ഓടിയെങ്കില്‍ അത് ഏറെ അപകടം, സുരക്ഷാരാഹിത്യം! പോരെങ്കില്‍ വേഗപ്പൂട്ടിന്റെ കാലത്ത് കടുത്ത നിയമലംഘനം. ആകപ്പാടെ ഒരു കോമാളി കളി എന്നു പറഞ്ഞ് തള്ളാം. (സംഭവം യാദൃച്ഛികമല്ലെന്ന് ഈ കോമാളിയുടെ നടപടികള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. കലാവതീടെ വീട്ടിലെ അന്തിയുറക്കോം അമേത്തീലെ ദളിത് കുടുംബത്തീന്നൊള്ള തീറ്റേം (കൂട്ടത്തില് കൊള്ളാവുന്ന പെണ്ണൊരുത്തി അപ്രത്യക്ഷമായെന്ന് അസൂയക്കാര് പറേണുമുണ്ട്) കോഴിക്കോട് ബേപ്പൂരിലെ പാതയോരത്തെ തട്ടുകടേന്നൊള്ള അപ്പം തിന്നലും മനീഷ് തിവാരീടെ പത്ര സമ്മേളനത്തിലെ കലാപരിപാടീം മുംബൈയിലെത്തി മഹാരാഷ്ട്ര മുഖ്യനെ വിരട്ടലും (പണ്ട് പുള്ളിക്കാരെന്‍റ അപ്പന്‍ ആന്ധ്രയിലെ ഒരു പാവം മുഖ്യനെ തെരുവില്‍ അലക്കിയതാണ് കുറേക്കാലം ആന്ധ്രയില്‍ കോണ്‍ഗ്രസിന് പച്ചതൊടാന്‍ പറ്റാതാക്കിയത്) എല്ലാം ഈ കോമാളികളീടെ ഭാഗം തന്നെ.

അല്ലേലും എന്തെങ്കിലും ബൗദ്ധികമായ പ്രാഗത്ഭ്യമോ നേതൃശേഷിയോ പ്രകടിപ്പിച്ചല്ലല്ലോ യുവരാജാവ് വാര്‍ത്തകളില്‍ നിറയുന്നത്. മറിച്ച് ഇമ്മാതിരി കോമാളിത്തങ്ങളിലൂടെയല്ലേ! അതവിടെ നിക്കട്ടെ! നമ്മുടെ മുഖ്യധാരാ മാധ്യമശിങ്കങ്ങളോ? ആവേശംകൊണ്ട് മതിമറന്നുള്ള ഉറഞ്ഞുതുള്ളലില്‍ ഈ നഗ്നമായ നിയമലംഘനം കാണുന്നുണ്ടോ? ഇല്ലല്ലോ. മാത്രമല്ല യുവരാജാവിെന്‍റ എഴുന്നള്ളത്തുമൂലം മണിക്കൂറുകള്‍ എറണാകുളം - പുനലൂര്‍ (കായംകുളം വഴി) പാതയില്‍ ഗതാഗതം നിലച്ചതും ജനം പെരുവഴിയിലായതും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വല്യപ്പന്മാരായ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമേയില്ലല്ലോ. ഒരു സന്ധ്യയെയും സ്കൂട്ടറില് കേറ്റി വേഷം കെട്ടിയാടിക്കാനും മെനക്കെടുന്നില്ല. നമ്മുടെ മാധ്യമങ്ങള്‍ക്ക് എന്തൊരു നിഷ്പക്ഷത!


 *
ഗൌരി ചിന്ത വാരിക

No comments: