Tuesday, February 25, 2014

ബാങ്കിംഗ്‌ നിയമഭേദഗതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

ലോകത്ത്‌ സമാനതകൾ ഇല്ലാത്ത ഒരു ബാങ്കിംഗ്‌ സംവിധാനമാണ്‌ ഇന്ത്യയിൽ പടുത്തുയർത്തപ്പെട്ടത്‌. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കാൻ ബാങ്കുകൾക്ക്‌ കഴിയത്തക്കവിധത്തിലാണ്‌ ബാങ്കിംഗ്‌ നിയമങ്ങൾക്ക്‌ ഭരണകൂടം രൂപം കൊടുത്തത്‌. ഇതിനായി നിരവധി നിയമങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തോടെ കൊണ്ടുവരപ്പെട്ടു. ഓരോ ഘട്ടങ്ങളിലും വളരെ ഗൗരവകരമായ ചർച്ചകൾ പാർലമെന്റിൽ നടത്തിക്കൊണ്ടാണ്‌ ഈ നിയമങ്ങൾ കൊണ്ടുവന്നത്‌. ഇതിന്റെ ഫലമായി ബാങ്കുകളുടെ മേൽ വലിയ സാമൂഹ്യ നിയന്ത്രണങ്ങൾ ഉണ്ടായി. സ്വകാര്യ ബാങ്കുകൾ പോലും സമാഹരിക്കുന്ന നിക്ഷേപങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താൻ ഉടമകൾക്ക്‌ കഴിയാതായി. ബാങ്കുകൾ തകർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്ക്‌ ആഭ്യന്തര വിഭവസമാഹരണം നടത്താനും ഇതുവഴി കഴിഞ്ഞു. രാജ്യത്ത്‌ വികസനമുണ്ടായതോടൊപ്പം ബാങ്കുകളും വളർന്നു. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിച്ചതോടെ കാർഷിക വ്യവസായ-വ്യാപാരമേഖലകൾ വളർന്നു.

എന്നാൽ 1991 ൽ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിലെ പരിഷ്ക്കാരങ്ങളും ആരംഭിച്ചു. നരസിംഹം കമ്മറ്റി മുതൽ രഘുറാം രാജൻ കമ്മറ്റി വരെയുള്ള പഠന കമ്മറ്റികൾ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയുടെ അലകും പിടിയും മാറത്തക്കവിധത്തിലുള്ള പരിഷ്ക്കാരങ്ങൾ നിർദ്ദേശിച്ചു. മുൻഗണനാ വായ്പകൾ നിർത്തലാക്കുക, നഷ്ടത്തിലാണെന്നു പറഞ്ഞുകൊണ്ട്‌ പൊതുമേഖലാ ബാങ്കുകൾ പൂട്ടുക, പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങൾ നടത്തി എണ്ണം കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി പങ്കാളിത്തം 33 ശതമാനമായി കുറയ്ക്കുക തുടഹ്ങ്ങിയ വളരെ പ്രതിലോമകരമായ നിരവധി നിർദ്ദേശങ്ങൾ ഇവയിൽ ഉണ്ടായിരുന്നു. ബാങ്ക്‌ ജീവനക്കാർ ബാങ്കിനകത്തും ഇടതുപക്ഷ പാർട്ടികൾ തെരുവിലും വലിയ പ്രതിരോധമുയർത്തിയത്‌ കാരണം ഈ നടപടികൽ പലതുമവർക്ക്‌ നടപ്പിലാക്കാനായില്ല.

ബാങ്കിംഗ്‌ മേഖലയിൽ നിലനിന്നിരുന്ന നിയമങ്ങൾ ഈ പരിഷ്ക്കാരങ്ങൾക്ക്‌ വിലങ്ങുതടിയായി നിന്നു. ഒന്നാം യു.പി.എ. സർക്കാരിന്റെ ഭരണകാലയളവിൽ ബാങ്കിംഗ്‌ നിയമങ്ങളെ പരിഷ്ക്കാരങ്ങൾക്കനുസൃതമായി എങ്ങനെയൊക്കെ മാറ്റണമെന്ന്‌ പരിശോധിക്കാനായി ജസ്റ്റിസ്‌ ശ്രീകൃഷ്ണ അദ്ധ്യക്ഷനായി Financial Sector Legislative Reforms Commission നെ നിയോഗിക്കുകയുണ്ടായി. കമ്മീഷൻ രാജ്യത്ത്‌ നിലനിൽക്കുന്ന പ്രധാന ബാങ്കിംഗ്‌ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട്‌ റിപ്പോർട്ട്‌ നൽകിയതിനെ തുടർന്ന്‌ രണ്ടാം യു.പി.എ. സർക്കാർ ഇത്‌ പരിഗണിച്ചുകൊണ്ട്‌ രാജ്യത്തെ പ്രധാനപ്പെട്ട എട്ടു ബാങ്കിംഗ്‌ നിയമങ്ങളെ ഒറ്റയടിക്ക്‌ പരിഷ്ക്കരിക്കാൻ കഴിയത്തക്കവിധത്തിൽ ബാങ്കിംഗ്‌ നിയമ(ഭേദഗതി) നിയമം ലോക്സഭയിൽ അവതരിപ്പിക്കുകയും 2012 ഡിസംബർ 18 ന്‌ പാസ്സാക്കുകയും ചെയ്തു.

താഴെ പറയുന്ന നിയമങ്ങളാണ്‌ ഒറ്റയടിക്ക്‌ ഭേദഗതി ചെയ്യപ്പെട്ടത്‌.

1.    1949 ലെ ബാങ്കിംഗ്‌ റെഗുലേഷൻ നിയമം.
2.    1955 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിയമം.
3.    1959 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (സബ്സിഡിയറി ബാങ്കുകൾ) നിയമം.
4.    1970 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (14 ബാങ്കുകൾ).
5.    1980 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (6 ബാങ്കുകൾ).
6.    1976 ലെ റീജിണൽ റൂറൽ ബാങ്ക്സ്‌ നിയമം.
7.    2002 ലെ ബഹു സംസ്ഥാന സഹകരണ സംഘ നിയമം.
8.    സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങൾ.

2002 ലെ കോംപറ്റീഷൻ നിയമത്തിലെ ഒരു വകുപ്പിന്റെ ഭേദഗതി ബിൽ പാസ്സാക്കുന്ന സന്ദർഭത്തിൽ ഉപേക്ഷിച്ചു. ബാങ്ക്‌ ലയനങ്ങൾക്ക്‌ കോംപറ്റീഷൻ കമ്മീഷൻ അനുമതി ആവശ്യമില്ല എന്ന ഭേദഗതിയാണ്‌ ഇതുമൂലം ഒഴിവായത്‌. ബി.ജെ.പി.യുടെ പിന്തുണ നേടാൻ ഉണ്ടാക്കിയ ഒത്തുതീർപ്പ്‌ ഫോർമുലയാണിത്‌. അതുകൂടാതെ തന്നെ ലയനങ്ങൾക്കാക്കം കൂട്ടാനുള്ള നടപടികൾ ഭേദഗതികളിലുണ്ട്‌. നിയമഭേദഗതിയുടെ പരമമായ ലക്ഷ്യങ്ങൾ രണ്ടാണ്‌. ഒന്ന്‌, പൊതുമേഖലാ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യ മൂലധന താൽപര്യങ്ങൾക്കനുകൂലമായി വിട്ടൊഴിയുക, രണ്ട്‌, ഇന്ത്യയിലെ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ വൻകിട ബാങ്കുകളാക്കി മാറ്റുക.

2008 ലെ ആഗോള സാമ്പത്തിക തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ ധനകാര്യ മേഖലയെ കാത്തുപരിപാലിച്ചത്‌ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസർവ്വ്‌ ബാങ്കിന്റെ ശക്തമായ നിയന്ത്രണവുമാണ്‌. ഈ രണ്ട്‌ അനുകൂല ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ്‌ നിയമഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം.

ബാങ്കുകൾ നമ്മുടെ സമ്പദ്ഘടനയുടെ നാഡീ ഞരമ്പുകളാണ്‌. സമ്പദ്ഘടനയുടെ എല്ലാഭാഗത്തേക്കും പണം എത്തുന്നത്‌ ഈ സംവിധാനത്തിലൂടെയാണ്‌. ലാഭാധിഷ്ഠിതമായ ഊഹക്കച്ചവടരംഗത്തേക്ക്‌ ബാങ്കുകൾ കേന്ദ്രീകരിച്ചാൽ ഉൽപാദനമേഖല തകർച്ചയിലേക്ക്‌ നീങ്ങും. റിസർവ്വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങൾ കുറയ്ക്കുമ്പോൾ ഇതാണ്‌ സംഭവിക്കുക. അമേരിക്കയിലും, യൂറോപ്പിലുമൊക്കെ സാമ്പത്തിക തകർച്ചയ്ക്ക്‌ വഴിവച്ചത്‌ ബാങ്കുകളെ കയറൂരിവിട്ടതാണ്‌.

ബാങ്കിംഗ്‌ ലയനങ്ങൾ ശക്തിപ്പെടുത്തലാണ്‌ നിയമഭേദഗതികളുടെ രണ്ടാമത്തെ ലക്ഷ്യം. കേവലം പൊതുമേഖലാ ബാങ്കുകളുടെ ലയനം കൊണ്ടുവന്നിരിക്കുന്ന നടപടിയല്ലിത്‌. പൊതുമേഖലാ ബാങ്കുകളും നാടനും മറുനാടനുമായ സ്വകാര്യ ബാങ്കുകളും തമ്മിൽ ലയിക്കാനവസരമൊരുക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇന്ത്യൻ ബാങ്കിംഗ്‌ മേഖല താമസംവിനാ വിദേശകുത്തക ബാങ്കുകളുടെ കൈപ്പിടിയിലൊതുങ്ങുന്നതിനാണിത്‌ വഴിവെക്കുക.

എന്തിനാണിത്ര പൊതുമേഖലാ ബാങ്കുകൾ എന്ന ചോദ്യമുയർത്തുന്ന കേന്ദ്രസർക്കാർ പുതിയ ബാങ്കുകൾ തുടങ്ങാൻ കോർപ്പറേറ്റുകൾക്ക്‌ ലൈസൻസ്‌ നൽകുകയാണ്‌. പണ്ട്‌ ബാങ്കുകൾ നടത്തിയിരുന്ന കുത്തകകൾ എല്ലാംതന്നെ ബാങ്കിംഗ്‌ ലൈസൻസിന്‌ അപേക്ഷ  സമർപ്പിച്ചിട്ടുണ്ട്‌. വൻതോതിൽ കിട്ടാക്കടങ്ങൾ വരുത്തിയിട്ടുള്ള കുത്തകകൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ലയനം വഴി വൻകിട ബാങ്കുകളെ സൃഷ്ടിക്കലല്ല ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖല കൈപ്പിടിയിലൊതുക്കാൻ സഹായിക്കുകയാണ വരുടെ ലക്ഷ്യം.

വോട്ടവകാശ പരിധിയുയർത്തിയതാണ്‌ ബാങ്കിംഗ്‌ നിയമഭേദഗതിയിലെ പ്രധാന മാറ്റം. ദേശസാൽകൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശപരിധി ഒരു ശതമാനത്തിൽ നിന്നും 10 ശതമാനമായിട്ടാണ്‌ ഉയർത്തിയത്‌. പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി ഓഹരിവിൽപ്പന വഴി കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിവെക്കും. സ്വകാര്യ, വിദേശ ഓഹരിയുടമകൾ ബാങ്കുകളുടെ ബോർഡിൽ കയറിപ്പറ്റുകയും ബാങ്കുകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തുകയും ചെയ്യും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത തന്നെ നഷ്ടമാവും. ഇതിനകം ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കുകളിൽ വിദേശികൾക്ക്‌ 8 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരിയുണ്ട്‌. നിയമഭേദഗതി വരുന്നതിനു മുമ്പുതന്നെ വിദേശികൾക്ക്‌ ഇത്രമാത്രം നമ്മുടെ ബാങ്കുകളിൽ നുഴഞ്ഞുകയറാൻ സാധിച്ചത്‌ വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്‌.

സ്വകാര്യ ബാങ്കുകളിലെ സ്ഥിതി വളരെ ഗുരുതരമാണ്‌. വിദേശികൾക്ക്‌ 74 ശതമാനം വരെ ഓഹരികൾ സ്വകാര്യ ബാങ്കുകളിൽ കൈയ്യടക്കാനാവും. ഇതുവരെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടവകാശമേ ലഭിച്ചിരുന്നുള്ളു. ഇത്‌ പുതിയ നിയമഭേദഗതിയിലൂടെ 26 ശതമാനമായുയർത്തി. ആനുപാതിക വോട്ടവകാശം കൊണ്ടുവരാനാണ്‌ യു.പി.എ. സർക്കാർ ശ്രമിച്ചത്‌. വ്യാപകമായ എതിർപ്പു കാരണം 26 ശതമാനമാക്കി ചുരുക്കിയതാണ്‌. രണ്ടു കുത്തകകൾ ശ്രമിച്ചാൽ തന്നെ ഒരു സ്വകാര്യ ബാങ്കിനെ തങ്ങളുടെ വരുതിയിൽ നിർത്താൻ കഴിയും എന്നതാണ്‌ നിയമഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സ്ഥിതി.

റിസർവ്വ്‌ ബാങ്കിന്റെ അനുമതിയോടെ മേലിൽ ആർക്കും അഞ്ചുശതമാനത്തിലധികം ഓഹരികളും വോട്ടവകാശവും നേടാനാവും എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥയുണ്ട്‌. പടിപടിയായി പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്‌ കുത്തകകൾക്ക്‌ അവസരമൊരുക്കും.

ബാങ്കിംഗ്‌ നിയമഭേദഗതിയിലൂടെ ഏറ്റവും വലിയ പ്രത്യാഘാതമുളവാക്കാൻ പോകുന്നത്‌ അംഗീകൃത കടപ്പത്രത്തിന്റെ നിർവ്വചനം വിപുലീകരിച്ചതാണ്‌. വൻകിട കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളും മേലിൽ അംഗീകൃത സെക്യൂരിറ്റിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും. ഇത്‌ രാജ്യത്തെ വികസനപ്രവർത്തനങ്ങളെയാകെ അട്ടിമറിക്കും. ബാങ്കുകളിൽ നിന്നും കടപ്പത്രം മുഖേന സമാഹരിക്കുന്ന പണമാണ്‌ സർക്കാർ വികസനപ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികൾക്കുമായി ഉപയോഗപ്പെടുത്തുന്നത്‌. രാജ്യത്ത്‌ കൃഷിയും, ജലസേചന സൗകര്യങ്ങളും, വൈദ്യുതിയുല്‍പ്പാദനവും, പശ്ചാത്തല വികസനവുമൊക്കെ ഇത്തരത്തിൽ സമാഹരിച്ച പണം വഴിയാണ്‌ നടത്തിയിരുന്നത്‌. നിയമഭേദഗതിയിലൂടെ ബാങ്കുകളിലെ നിക്ഷേപം കുത്തകകൾക്ക്‌ സമാഹരിക്കാനാണ്‌ അവസരം ഒരുക്കിക്കൊടുക്കുന്നത്‌. സർക്കാരിന്റെ ആഭ്യന്തര വിഭവ സമാഹരണത്തിനുള്ള മാർഗ്ഗമാണിവിടെ അടയ്ക്കുന്നത്‌. കൂടുതൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണിതുവഴി ഉണ്ടാകാൻ പോകുന്നത്‌. എഴുപതുകളുടെ അവസാനം സാമ്രാജ്യത്വ ഉപാധികൾ തള്ളിക്കളഞ്ഞുകൊണ്ട്‌ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ട്‌ ആഭ്യന്തരവിഭവ സമാഹരണം നടത്തിയ ശ്രീമതി. ഇന്ദിരാഗാന്ധിയുടെ നടപടിയാണ്‌ പിൻമുറക്കാർ തള്ളിപ്പറയുന്നത്‌.

രണ്ടു നിയമഭേദഗതികൾ കൂടി യു.പി.എ. സർക്കാറിന്റെ പരിഗണനയിലുണ്ട്‌. ഗ്രാമീണബാങ്കുകളെ ബാധിക്കുന്ന RRB നിയമഭേദഗതിയും, നബാർഡ്‌ നിയമഭേദഗതിയുമാണ്‌. നിലവിൽ ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരി സ്പോൺസർ ബാങ്കിനും 35 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 15 ശതമാനം ഓഹരി സംസ്ഥാനസർക്കാരുകൾക്കുമാണുള്ളത്‌. 2013 ഏപ്രിൽ 24 ന്‌ പാര്‍ലമെന്റിൽ അവതരിപ്പിച്ച ആർ.ആർ.ബി. നിയമഭേദഗതിയിൽ ലക്ഷ്യമിടുന്നത്‌ ഗ്രാമീണ ബാങ്കുകളുടെ മൂലധനം 50 കോടിയിൽ നിന്നും 500 കോടിയാക്കി മാറ്റാനും, ഗ്രാമീണ ബാങ്കുകളുടെ 49 ശതമാനം ഓഹരികൽ സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുമാണ്‌. ബില്ലിൽ പറയുന്നത്‌ കേന്ദ്രസർക്കാരിനും, സ്പോൺസർ ബാങ്കിനും കൂടി 51 ശതമാനം ഓഹരി മതിയെന്നാണ്‌.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തം ഗ്രാമീണ ബാങ്കിൽ അവസാനിപ്പിക്കാനാണ്‌ ബിൽ ലക്ഷ്യമിടുന്നത്‌. 49 ശതമാനം ഓഹരി കൈപ്പിടിയിലൊതുക്കുന്നവരുടെ പ്രതിനിധികൾ ഡയറക്ടർ ബോർഡിൽ കയറിക്കൂടുകയും ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യും. ഇതോടൊപ്പം തന്നെ കോർപ്പറേറ്റുകൾക്ക്‌ ഗ്രാമീണ ബാങ്കുകളെ ഏറ്റെടുക്കാനും അവസരമൊരുക്കുമെന്ന്‌ ധനമന്ത്രിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു.

നബാർഡ്‌ നിയമഭേദഗതി

2010 സെപ്തംബർ 16 ന്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (RBI) കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രസർക്കാരിന്‌ കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. നബാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിലേക്ക്‌ മാറ്റണമെന്ന തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ കൈമാറ്റം നടന്നത്‌. ഇതോടെ നബാർഡിന്റെ ഓഹരികളുടെ 99 ശതമാനവും കേന്ദ്രസർക്കാറിന്റെ കൈവശമായി. ഞആക യുടെ പക്കൽ ഒരു ശതമാനവും.

ഈ ഒരു ശതമാനം ഓഹരി കൂടി കേന്ദ്രസർക്കാറിന്‌ കൈമാറണമെങ്കിൽ നബാർഡ്‌ ആക്ടിൽ ഭേദഗതി വരുത്തണം. ഈ ഉദ്ദേശത്തോടെ നബാർഡ്‌ (ഭേദഗതി) ബിൽ 2013 കഴിഞ്ഞ ബജറ്റ്‌ സമ്മേളന സമയത്ത്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. ബിൽ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌.

ബില്ലിൽ നബാർഡിന്റെ മൂലധനം 5,000 കോടിയിൽ നിന്നും 20,000 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശമുണ്ട്‌. എന്നാൽ ഇതിനായി അധികം വേണ്ടിവരുന്ന 15,000 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച്‌ ബില്ലിൽ ഒരു സൂചനയുമില്ല. നബാർഡിന്റെ 49% വരെ ഓഹരികൾ വിപണിയിലേയ്ക്ക്‌ തിരിച്ചുവിടാമെന്ന്‌ ഇപ്പോൾ തന്നെ നിലനിൽക്കുന്ന നബാർഡ്‌ ആക്ടിലെ വ്യവസ്ഥയുമായി ഇതിനെ ചേർത്ത്‌ വായിക്കുമ്പോൾ ഈ 15,000 കോടി രൂപയുടെ ഒരു ഭാഗം സ്വകാര്യമേഖലയിൽ നിന്നായിരിക്കില്ലേ സ്വരൂപിക്കപ്പെടുക എന്ന സംശയം ബലപ്പെടുന്നുണ്ട്‌.

മാത്രവുമല്ല, ഇന്ത്യയിലെയോ ഏതെങ്കിലും വികസ്വര രാജ്യങ്ങളിലെയോ ഗ്രാമീണ-കാർഷികമേഖലകളെക്കുറിച്ച്‌ ലേശം പോലും അവബോധമോ അനുഭവങ്ങളോ ഇല്ലാത്ത അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ (BCG) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2010 മുതൽ നബാർഡിൽ ഒരു പുന:ക്രമീകരണം (repositioning) നടക്കുകയാണ്‌. കൺസൾട്ടിംഗ്‌ ഫീസായി നബാര്‍ഡ്‌ ബി.സി.ജി.യ്ക്ക്‌ നൽകിയത്‌ 20 കോടിയോളം രൂപയാണ്‌. എന്നാൽ ഇത്രയും വലിയ തുക കൈപ്പറ്റിയ ബി.സി.ജി. നബാർഡിന്‌ ഒരു വരിപോലും റിപ്പോർട്ടായി എഴുതി നൽകിയിട്ടില്ല. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചില ഉൾക്കാഴ്ചകൾ (insights) മുന്നോട്ടു വയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഈ ഉൾക്കാഴ്ചകൾ എല്ലാം തന്നെ ഗ്രാമീണ പുരോഗതിക്കായി വായ്പയും സേവനവും ലഭ്യമാക്കുക എന്ന നബാർഡിന്റെ സ്ഥാപക ലക്ഷ്യത്തെ തന്നെ മാറ്റിമറിച്ച്‌, സ്വകാര്യമേഖലയിലെ വൻകുത്തകകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റുന്നതിനെ പിൻതുണക്കുന്നവയാണ്‌. ബി.സി.ജി.യുടെ ഉൾക്കാഴ്ചകളും ഓഹരി 20,000 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നബാർഡ്‌ ബില്ലിലെ ഭേദഗതികളും നബാർഡിനെ സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക്‌ കൊണ്ടുപോകുന്നതിനാണ്‌ ശ്രമിക്കുന്നത്‌.

കാർഷികമേഖലയേയും ഗ്രാമീണ ജനതയേയും വളരെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ്‌ ഗ്രാമീണ ബാങ്ക്‌ നിയമഭേദഗതിയും നബാർഡ്‌ നയിമഭേദഗതിയും. ഈ നിയമഭേദഗതികളോടെ നമ്മുടെ രാജ്യത്ത്‌ നാം വളർത്തിയെടുത്ത സാമൂഹ്യ ബാങ്കിംഗ്‌ എന്ന സങ്കൽപ്പം തന്നെ തകർന്നടിയുകയാണ്‌. ചൈനയേ പോലുള്ള രാജ്യങ്ങൾ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും അവയെ ഉപയോഗപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്തുന്നതും നമ്മുടെ ഭരണാധികാരികൾ കാണുന്നില്ല. അവർ ബാങ്കിംഗ്‌ മേഖല കൂടി സാമ്രാജ്യത്വ കുത്തകകൾക്ക്‌ അടിയറ വെക്കാനുള്ള പരിശ്രമത്തിലാണ്‌. വമ്പിച്ച പ്രതിഷേധം ഇത്തരം നടപടികൾക്കെതിരെ രാജ്യത്ത്‌ വളർന്നുവരണം. നിയമം ഭേദഗതി ചെയ്താലും ഇതൊന്നും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക്‌ പ്രക്ഷോഭങ്ങൾ വളർന്നുവരണം. 1991 മുതൽ ബി.ഇ.എഫ്‌.ഐ. അതിനാണ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

No comments: