Monday, February 24, 2014

മരിക്കാത്ത ഓര്‍മകള്‍

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പത്താം സംസ്ഥാന സമ്മേളനം മൂന്നുമാസം മുമ്പ് പാലക്കാട്ട് നടന്നപ്പോള്‍ പ്രതിനിധികള്‍ക്കുമുമ്പില്‍ പ്രൊഫ. എരുമേലിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് ഞാന്‍ വായിച്ചു. ""എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണിതെന്നുകൂടി വളരെ വേദനയോടെ അറിയിക്കട്ടെ"" എന്ന കത്തിലെ ഭാഗം സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ഞൂറിലധികം പ്രതിനിധികളില്‍ ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ചു. സംഘവും പ്രൊഫ. എരുമേലിയും തമ്മിലുള്ള ആത്മബന്ധം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. ""ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന "പുരോഗമന സാഹിത്യപ്രസ്ഥാനം - ചരിത്രവഴികള്‍" എന്ന പുസ്തകം ഈ സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല എന്ന ദുഃഖവുമുണ്ട്. ആരോഗ്യം തിരികെ കിട്ടിയാലുടന്‍ തന്നെ പുസ്തകം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതാണ്. അതിന് സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ഥിക്കുന്നു. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീരട്ടെ പാലക്കാട്ടു സമ്മേളനം"" എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.

സംസ്ഥാന സമ്മേളനം നടത്താന്‍ പാലക്കാട് തെരഞ്ഞെടുത്തതിലുള്ള സന്തോഷവും അവിടെ സംഘം മുമ്പ് നടത്തിയിട്ടുള്ള നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങളും കത്തിന്റെ തുടക്കത്തില്‍ വിവരിക്കുന്നുണ്ട്. ""കെ വിശ്വത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടന്‍ കലാ പഠനക്യാമ്പുകള്‍"" കത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു. നമ്മുടെ ദുഃഖം ഇപ്പോള്‍ ഇരട്ടിക്കുകയാണ്. എരുമേലി എടുത്തുപറഞ്ഞ കെ വിശ്വവും അടുത്തകാലത്ത് നമ്മെ വിട്ടുപോയി. ഒറീസയിലെ കന്ദമാലില്‍ സംഘപരിവാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടപ്പോള്‍ അവിടേക്ക് കേരളത്തില്‍ നിന്നും ആദ്യം ഓടിയെത്തിയ സമാധാന സന്ദേശസംഘം പുരോഗമന കലാ സാഹിത്യസംഘത്തിന്റേതായിരുന്നു. പ്രൊഫ. എരുമേലിയായിരുന്നു ഞങ്ങളുടെ നേതാവ്. കലാപത്തിനുശേഷം അവിടെ നടന്ന ആദ്യത്തെ സമാധാനയാത്രയില്‍ മലയാളത്തിലും മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

ഒറീസയിലെ പ്രമുഖ എഴുത്തുകാരെ ഞങ്ങള്‍ കണ്ടു. ഭുവനേശ്വറില്‍ പത്രസമ്മേളനം നടത്തി. കന്ദമാലില്‍ കണ്ടതെല്ലാം ജനങ്ങളെ അറിയിച്ചു. ഇതിലെല്ലാം എരുമേലി നല്‍കിയ നേതൃത്വം വിലപ്പെട്ടതായിരുന്നു. എരുമേലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രൊഫ. എം കെ സാനു അദ്ദേഹത്തിന്റെ ആത്മകഥയായ "കര്‍മഗതി"യില്‍ പറയുന്നുണ്ട്. ""അസാമാന്യമായ സംഘടനാവൈഭവവും പരിശ്രമശീലവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു എരുമേലിയുടേത്. അതുകൊണ്ട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സംഘാംഗങ്ങളെ ഉത്സാഹഭരിതമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. എരുമേലിയോടൊപ്പമുള്ള പ്രവര്‍ത്തനം സാനുമാസ്റ്റര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ""പ്രവര്‍ത്തനം രണ്ടു കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അധികമധികം ജനങ്ങളെ സാഹിത്യാസ്വാദനത്തിന്റെ അവകാശികളാക്കുക, നിലവാരമുള്ള വായനയെ പ്രോത്സാഹിപ്പിക്കുക, ചര്‍ച്ചകളിലൂടെ വിവേചിച്ചറിയാനുള്ള കഴിവ് പരിപോഷിപ്പിക്കുക എന്നതാണ് അതിന് അവലംബിച്ച മാര്‍ഗം. സാധാരണ വായനക്കാരില്‍ സാഹിത്യകൃതികള്‍ ചെലുത്തുന്ന സ്വാധീനമെന്ത്? ആ ചോദ്യത്തിനും അന്നു പ്രാധാന്യമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കൃതികളുടെ മൂല്യം നിര്‍ണയിക്കാനുള്ള പരിശ്രമം നിരന്തരം നടന്നു. അതിനും ഫലമുണ്ടാകാതിരുന്നില്ല.

അനുവാചകരെ മാനസികാരോഗ്യത്തിലേക്ക് വളര്‍ത്തുന്ന രീതിയില്‍ കൃതികള്‍ക്ക് രൂപം നല്‍കാനുള്ള പ്രവണത പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉത്തരാധുനികതയുടെ ആവിര്‍ഭാവത്തിന് വഴിതെളിക്കുന്നതില്‍ ആ പ്രവണത സാരമായ പങ്കുവഹിച്ചു"". പ്രൊഫ. എരുമേലി ഏതു തരത്തിലാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തതെന്ന കൃത്യമായ നിരീക്ഷണമാണ് സാനുമാഷിന്റെ ഈ വിലയിരുത്തലില്‍ വ്യക്തമാകുന്നത്. സാഹിത്യ നിരൂപകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാഹിത്യ ചരിത്രകാരന്‍ - ഈ മേഖലകളിലെല്ലാം നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ച പ്രൊഫ. എരുമേലി എന്നും ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്നു. സംഘടനാപരമായ കണിശത, പ്രത്യയശാസ്ത്രപരമായ സത്യസന്ധത, സാമ്പത്തിക അച്ചടക്കം, ദരിദ്രജന പക്ഷപാതിത്വം - ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. 1970കളില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ഉയര്‍ന്നുവന്നതോടെയാണ് എരുമേലിയുടെ പ്രവര്‍ത്തനം കേരളമാകെ വ്യാപിക്കുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍, എം കെ സാനു, പി ഗോവിന്ദപ്പിള്ള, എം എന്‍ കുറുപ്പ് എന്നിവരോടൊപ്പം ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി എരുമേലിയും ഉണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഘട്ടത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ ധീരമായി നയിച്ചവരില്‍ പ്രധാനിയായിരുന്നു എരുമേലി. അന്ന് ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ പൊലീസ് നോട്ടപ്പുള്ളിയാക്കി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അദ്ദേഹം പഠിപ്പിച്ചിരുന്ന ഫാറൂഖ് ട്രെയ്നിങ് കോളേജില്‍ അടിയന്തരാവസ്ഥക്കെതിരെ ക്ലാസ് മുറികളില്‍ സംസാരിച്ചുവെച്ച കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എരുമേലി പതറിയില്ല. ഒരു ജനകീയ അധ്യാപകന്റെയും സാംസ്കാരിക പ്രവര്‍ത്തകന്റെയും ധീരത ഏത് അപകടസന്ധിയെയും തരണം ചെയ്യാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് നല്‍കിയിരുന്നു. സംഘടനയുടെ പ്രത്യയശാസ്ത്രകാരനും ചരിത്രകാരനും ആയിരിക്കുമ്പോള്‍ത്തന്നെ യൂണിറ്റ് തലം വരെ എത്തി സാധാരണക്കാരുമായി സാംസ്കാരിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയനായ ഒരു സാംസ്കാരികപ്പോരാളിയായിരുന്നു എരുമേലി. ഇന്നു കേരളത്തില്‍ സമാനതകളില്ലാത്ത സാംസ്കാരിക പ്രസ്ഥാനമാണ് പുരോഗമന കലാ സാഹിത്യസംഘം. ആയിരത്തിലധികം യൂണിറ്റുകളും ഇരുന്നൂറിലധികം മേഖലാ കമ്മിറ്റികളുമായി വളര്‍ന്നുനില്‍ക്കുന്ന ഈ സംഘടന, ഇത്തരമൊരു മുന്നേറ്റം സൃഷ്ടിച്ചതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് പ്രൊഫ. എരുമേലിയോടാണ്. അദ്ദേഹം കാണിച്ചുതന്ന വഴിയേ നമുക്ക് മുന്നേറാം.

*
പ്രൊഫ. വി എന്‍ മുരളി ദേശാഭിമാനി വാരിക

No comments: