Friday, February 14, 2014

തടവറകള്‍ക്ക് തകര്‍ക്കാനാവാത്തത്

കമ്യൂണിസ്റ്റ് പാര്‍ടിയെ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിച്ച നാടാണ് കേരളം. ഇ എം എസിന്റെ നേതൃത്വത്തില്‍ 1957 ഏപ്രില്‍ അഞ്ചിന് കേരളം ചുവന്നു. എന്നാല്‍ ജാതി-മത-വലതുപക്ഷ ഛിദ്രശക്തികളുടെ മുന്നണി ആ ഭരണത്തെ അട്ടിമറിച്ചു. പിന്നീട് കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരായ ഏറ്റവും വലിയ കടന്നാക്രമണം അരങ്ങേറിയത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ജയിലിനകത്തും തെരുവുകളിലും പ്രവര്‍ത്തകരും നേതാക്കളും അധികാരത്തിന്റെ കിരാതത്വം അനുഭവിച്ചു. വീട്ടിലും തൊഴില്‍ശാലയിലും കടന്നാക്രമണങ്ങളുണ്ടായി. ആ ദിനങ്ങള്‍ ഇനി തിരിച്ചുവരില്ലെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവ് ജാമ്യംകിട്ടാതെ നീതി നിഷേധിക്കപ്പെട്ട് 573 ദിവസം ജയിലിനകത്തടയ്ക്കപ്പെട്ട സംഭവത്തിലൂടെ അധികാരത്തിന്റെ ആസുരത ഒരിക്കല്‍കൂടി നമ്മള്‍ തിരിച്ചറിയുകയാണ്. ഒടുവില്‍ നീതിപീഠം വിട്ടയച്ചിട്ടും അദ്ദേഹത്തിനെതിരെ മാധ്യമ-അധികാരകേന്ദ്രങ്ങളുടെ വിചാരണയും നുണപ്രചാരണങ്ങളും തുടരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പി മോഹനന്‍ എന്ന സിപിഐ എം നേതാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി വെറുതെ വിട്ടയച്ച വിധി മാര്‍ക്സിസ്റ്റ് വിരുദ്ധരെ ഞെട്ടിച്ചതാണ്. മോഹനനെതിരായി ആരോപിച്ച ഗൂഢാലോചനയടക്കം എല്ലാ കുറ്റങ്ങളും തള്ളി നിരപരാധിത്വം പൂര്‍ണമായി അംഗീകരിച്ചാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി വിട്ടയച്ചത്. ചന്ദ്രശേഖരന്‍ വധത്തില്‍ പി മോഹനനെ അകത്താക്കാന്‍ എല്ലാവിധ സന്നാഹവുമുണ്ടായിരുന്നു. അവര്‍ എല്ലാവഴികളും അധികാരശക്തിയും അതിനായി പ്രയോഗിച്ചിരുന്നു. അക്കൂട്ടത്തില്‍ മുഖ്യമന്ത്രി മുതല്‍ കേന്ദ്രമന്ത്രി വരെ നീളുന്ന ഭരണനേതൃത്വമുണ്ടായിരുന്നു. പൊലീസ് സംവിധാനമുണ്ടായിരുന്നു. മഹാനേതാക്കളും വെട്ടുവഴിക്കവികളും മുതല്‍ മാധ്യമപ്രഭുക്കള്‍വരെയായി കേരളത്തിലെ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യം ഒരേനിരയില്‍ അണിനിരന്നു. ഒരു കൊലയുടെ മറവില്‍ കള്ളക്കേസുമായി കേരളത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയപ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന് വ്യാമോഹിച്ച അത്തരം പിന്തിരിപ്പന്മാരെയാകെ നിരാശരാക്കിയതാണ് പി മോഹനനെ വിട്ടയച്ച് ജനുവരി 22-ന് കോഴിക്കോട് കോടതി പുറപ്പെടുവിച്ച വിധി.

മോഹനനെ തടവറയ്ക്കുള്ളില്‍ അടച്ചപ്പോള്‍ എംഎല്‍എ കൂടിയായ ഭാര്യ കെ കെ ലതികക്ക് ജനപ്രതിനിധി എന്നുളള സാമാന്യമര്യാദപോലും നല്‍കാതെ ഭരണകൂടം അപഹസിച്ചു. എന്‍ജിനിയറിങ് ബിരുദധാരിയായ മകനെ കോപാ നിയമപ്രകാരം കള്ളക്കേസില്‍പ്പെടുത്തി നാടുകടത്തി. അസത്യങ്ങള്‍, പച്ചനുണകള്‍, നെറികെട്ട അപവാദങ്ങള്‍... നിറംപിടിപ്പിച്ച കള്ളക്കഥകളുമായി മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഒറ്റയ്ക്കും സംഘമായും ആക്രമിച്ചു. ആര്‍ത്തട്ടഹസിച്ചു. അടിയന്തരാവസ്ഥക്കുശേഷം കേരളത്തില്‍ മറ്റൊരു രാഷ്ട്രീയനേതാവും ഇത്രയും കടുത്ത ഭരണകൂട ഭീകരത നേരിട്ടിട്ടുണ്ടാകില്ല. സിപിഐ എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്പ്രസിഡന്റുമായി തെരുവിലും ജയിലിലും നാട്ടകങ്ങളിലും നിറഞ്ഞുനിന്ന യുവജനനേതാവ്, സംഘര്‍ഷം പടര്‍ന്ന നാദാപുരം മേഖലയില്‍ അശാന്തിയുടെ തീയണയ്ക്കാന്‍ മാതൃകയായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകന്‍ - മോഹനന്‍ മാസ്റ്റര്‍ക്കുള്ള വിശേഷണങ്ങള്‍ നിരവധിയാണ്.

വിപ്ലവരാഷ്ട്രീയത്തെ പ്രണയിച്ചുള്ള യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനിടയില്‍ ജീവിതസഖിയായ ഭാര്യ കെ കെ ലതിക, സിപിഐ എം ജില്ലാകമ്മിറ്റി അംഗവും കുറ്റ്യാടി എംഎല്‍എയുമാണ്. എന്‍ജിനിയറിങ് ബിരുദധാരികളായ മക്കള്‍ ജൂലിയസ് മിര്‍ഷാദും ജൂലിയസ് നിഖിതാസും പാര്‍ടി മെമ്പര്‍മാര്‍. മാനസികമായ കടുത്ത സമ്മര്‍ദങ്ങള്‍, ഭീഷണികള്‍, പ്രലോഭനങ്ങള്‍ എല്ലാം അതിജീവിച്ചാണ് പി മോഹനന്‍ കാരാഗൃഹത്തില്‍നിന്ന് ജനമധ്യത്തിലേക്ക് വീണ്ടും വരുന്നത്. 12 നാള്‍ വടകര പൊലീസ്സ്റ്റേഷന്‍ ലോക്കപ്പില്‍, 561 ദിവസം കോഴിക്കോട് ജില്ലാ ജയിലിലെ ഒമ്പതാം നമ്പര്‍ സെല്ലില്‍, 2012 ജൂണ്‍ 29 മുതല്‍ 2014 ജനുവരി 22 വരെ 573 നാളുകളുടെ അനുഭവങ്ങള്‍, ഓര്‍മകള്‍, വിചാരങ്ങള്‍ പങ്കിടുകയാണ് മോഹനന്‍ മാഷ്...

2012 ജൂണ്‍ 29-ന് രാവിലെ കൊയിലാണ്ടിക്കടുത്ത് വച്ചാണ് എന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാര്‍ടി മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനമായിരുന്നു അന്ന്. ചോറോട് ദാസന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണയോഗശേഷം പാര്‍ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഞാന്‍. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും സഖാക്കളും പിറകിലൊരു വണ്ടിയിലുണ്ട്. എം ഭാസ്കരന്‍, എം മെഹബൂബ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ എന്റെ വാഹനത്തിലുമുണ്ട്. കൊയിലാണ്ടി സ്റ്റേഷനിലെത്തുന്നതിന് മുമ്പാണ് ഡിവൈഎസ്പി ഷൗക്കത്തലി ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയത്. സിനിമാസ്റ്റൈലിലായിരുന്നു പിന്നീട് നടന്നതെല്ലാം. കാര്‍ തടഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതായി അറിയിക്കുന്നു. ചുറ്റിലും ചാനല്‍ ക്യാമറകളും റിപ്പോര്‍ട്ടര്‍മാരുടെ പടയും. സാമാന്യ മര്യാദകളൊന്നും പാലിക്കാതെയായിരുന്നു നടുറോഡില്‍ തടഞ്ഞിട്ടുള്ള അറസ്റ്റ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പൊരിക്കലും ഹാജരാകാന്‍ പോലും എന്നോട് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. സിപിഐ എം പ്രവര്‍ത്തകനായതിനാല്‍ എനിക്ക് അറസ്റ്റും ജയില്‍വാസവുമൊന്നും ആദ്യാനുഭവമല്ല. 1986-ല്‍ യുവജനസംഘടനാപ്രവര്‍ത്തകനായിരിക്കെ മര്‍ദനവും അറസ്റ്റും ജയില്‍വാസവുമെല്ലാമനുഭവിച്ചിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെ തടയുന്നതിന്റെ ഭാഗമായി വടകരയില്‍ മന്ത്രി തച്ചടി പ്രഭാകരനെ തടയുകയുണ്ടായി. അന്ന് 20 ദിവസമാണ് ജയിലിലടച്ചത്.

ഇതിനുമുമ്പ് ചില കേസുകളില്‍ നാദാപുരം, എടച്ചേരി ലോക്കപ്പുകളിലടയ്ക്കപ്പെടുകയുമുണ്ടായി. അറസ്റ്റ് ചെയ്ത പൊലീസ് എന്നെ വടകര പൊലീസ് സൂപ്രണ്ട് ഓഫീസിനടുത്തുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്എടി) ക്യാമ്പിലാണെത്തിച്ചത്. പ്രത്യേക കെഎപി സംഘത്തിന്റെ കാവലുണ്ടായിരുന്നു. എഐജി അനൂപ് കുരുവിളജോണ്‍, ഡിവൈഎസ്പിമാരായ കെ വി സന്തോഷ്, ഷൗക്കത്തലി, സോജന്‍, സിഐമാരായ ബെന്നി, വിനോദ് തുടങ്ങി ഉന്നതോദ്യോഗസ്ഥരുടെ പടയുണ്ടായിരുന്നു. തുടക്കം മുതലുള്ള ചോദ്യങ്ങള്‍ കൊലയെക്കുറിച്ച് എനിക്ക് പൂര്‍ണമായറിയാമെന്ന ധാരണയിലുള്ളതായിരുന്നു. ഏതൊക്കെ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചു, ആര്‍ക്കൊക്കെ അറിയാം, എവിടെയൊക്കെ വച്ച് ചര്‍ച്ച നടത്തി ഇവ പറയണമെന്നാവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍. ഇവ തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു. മണിക്കൂറുകള്‍ നീണ്ടു ഈ ചോദ്യംചെയ്യല്‍. ആദ്യ മൂന്നുദിവസം ഇതായിരുന്നു രീതി. പൊലീസ് പറയുന്നത് ഞാന്‍ നിഷേധിച്ചു. അറിവില്ലാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. എസ്എടി ക്യാമ്പില്‍നിന്ന് രാത്രി വടകര ലോക്കപ്പിലാണ് പാര്‍പ്പിക്കുക. ക്യാമ്പില്‍നിന്ന് പുറത്തിറക്കുമ്പോഴും ലോക്കപ്പില്‍നിന്നിറക്കുമ്പോഴുമെല്ലാം രാത്രിയായാലും പകലായാലും ചാനലുകാര്‍ തയ്യാറായി നില്‍ക്കുന്നുണ്ടാകും.

മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ശൈലി മാറ്റി. മാഷ്ക്കിതില്‍ പങ്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് വിരോധം തോന്നരുത്. മുകളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണിതെല്ലാം. സിപിഐ എം നേതൃത്വത്തെ പ്രതിചേര്‍ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. അതിനാല്‍ മാഷ് സഹകരിക്കണം. മാഷ് നേതാക്കളുടെ (ചിലരുടെ പേര് പ്രത്യേകം പറഞ്ഞ്) പേര് പറഞ്ഞാല്‍ മതി. മാഷെ ഞങ്ങള്‍ വിട്ടയക്കാം. കോടതിയില്‍ പോകേണ്ടതില്ല. ഞങ്ങള്‍ക്ക് തന്നെ ജാമ്യം തരാവുന്നതാണ്. വകുപ്പുകള്‍ ലഘൂകരിച്ച് ഇന്നുതന്നെ വിട്ടയക്കാം. പകരം മാഷ് നേതാക്കളുടെ പേര് പറഞ്ഞാല്‍ മാത്രം മതി. ഈ രൂപത്തിലുള്ള പ്രലോഭനവും സമ്മര്‍ദവും ഓരോ ഉദ്യോഗസ്ഥരായി തുടര്‍ന്നുകൊണ്ടിരുന്നു. ഡിവൈഎസ്പി, സിഐമാരെ കൂടാതെ അമ്പതോളം പൊലീസുകാരുണ്ടായിരുന്നു ക്യാമ്പില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്തതാണിവരെ. 29-ന് അറസ്റ്റ്ചെയ്ത എന്നെ ജൂലൈ ആറുവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. ആറിന് കോടതിയില്‍ ഹാജരാക്കേണ്ടതാണ്. അഞ്ചിന് രാവിലെ 11 മണിക്ക് ഭക്ഷണം നല്‍കി എന്നെ എസ്എടി ക്യാമ്പിലെത്തിച്ചു. താഴത്തെ നിലയിലെ ചെറിയ മുറിയില്‍ കൈയില്ലാത്ത കസേരയിലിരുത്തി. തുടര്‍ന്ന് 12 പേര്‍ കയറിവന്നു. അവര്‍ വാതിലുകളും ജനാലകളും തുടര്‍ച്ചയായി വലിച്ചടച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അന്നുവരെ കണ്ടിട്ടില്ലാത്തവരായിരുന്നു ഈ 12 പേരും. തുടര്‍ന്ന് സ്റ്റൂളുകളിലായി കസേരയിലേക്ക് കാല്‍നീട്ടി ഇരുന്നു. മുക്കാല്‍മണിക്കൂര്‍ അതേ ഇരിപ്പ്. എല്ലാവരും എന്റെ കണ്ണിലേക്ക് തുറിച്ചുനോക്കി ഒരേ ഇരുത്തം. തുടര്‍ന്ന് മുക്കാല്‍മണിക്കൂറിനുശേഷം അവരെല്ലാം പുറത്തുപോയി.

കറുത്ത് തടിച്ച് ദീര്‍ഘകായനായ ഒരാള്‍ കടന്നുവന്നു. വന്നയുടന്‍ അയാള്‍ വായുവില്‍ കരാട്ടേ പ്രകടനമായി. കളരിയും കാണിക്കുന്നു. ഈ ശാരീരികാഭ്യാസപ്രദര്‍ശനത്തോടെ ഒരുകാര്യം ബോധ്യമായി. കടുത്ത ചോദ്യംചെയ്യല്‍ വരാന്‍ പോകുകയാണ്. ഇതു ശ്രദ്ധിക്കാന്‍ പാടില്ല. ശ്രദ്ധിച്ചാല്‍ മാനസികമായി ക്ഷീണിക്കും. പൂര്‍ണമായും മനസ്സിനെ മാറ്റി പഴയ പാര്‍ടിപ്രവര്‍ത്തനങ്ങളെക്കുറിച്ചും നാടിനെക്കുറിച്ചുംചിന്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നാദാപുരത്തുണ്ടായ ക്രൂരതകള്‍. നാദാപുരത്തും പരിസരത്തുമായി പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ 16 രക്തസാക്ഷികള്‍, ഈ പ്രദേശത്ത് പ്രസ്ഥാനത്തിന് എക്കാലവും മറക്കാനാവാത്ത നേതൃത്വം നല്‍കിയ ധീരരായ നേതാക്കള്‍ എ കണാരന്‍, ഇ വി കുമാരന്‍, ഇ വി കൃഷ്ണന്‍, കെ ബാലന്‍മാസ്റ്റര്‍, ടി സി ഗോപാലന്‍ മാസ്റ്റര്‍... ചെക്യാട് ജാതിയേരിയില്‍ സ. സജീവന്‍ എന്റെ മടിയില്‍ കിടന്നാണ് ജീവന്‍വെടിഞ്ഞത്. 1988-ലാണ് ആ സംഭവം. അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന ഇ വി കൃഷ്ണേട്ടന് അസുഖമായതിനാല്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു. ഇവരെയൊക്കെ മനസ്സിലോര്‍മിച്ചു. ഏപ്രിലില്‍ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മഹാ ജനമുന്നേറ്റം മനസ്സില്‍ കണ്ടു. മനസ്സിനെ എല്ലാംകൊണ്ടും പൂര്‍ണമായി പാര്‍ടിക്കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടു. പൊലീസിന്റെ വിക്രിയകള്‍ ശ്രദ്ധിച്ചതേയില്ല.

കറുത്ത് തടിച്ച പൊലീസുകാരന്റെ അഭ്യാസപ്രകടനം മുക്കാല്‍മണിക്കൂറെങ്കിലും തുടര്‍ന്നുകാണണം. അതവസാനിച്ചതോടെ നേരത്തെ പുറത്തുപോയ മറ്റു 11 പേരും തിരിച്ചുവന്നു. എല്ലാവരും ചുറ്റിലുമിരുന്നു. തുരുതുരാ ചോദ്യങ്ങള്‍. ഏതൊക്കെ നേതാക്കള്‍ക്കിതില്‍ പങ്കുണ്ട്, ഇന്ന നേതാവിനറിയാവുന്നതല്ലേ, ഇന്നയാളുമായി സംസാരിച്ചിട്ടില്ലേ തുടങ്ങി പാര്‍ടി നേതൃത്വത്തില്‍ ചിലരെ ബന്ധിപ്പിച്ചാണ് ചോദ്യങ്ങള്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൗത്യം നിര്‍വഹിക്കണം. അതിന് താങ്കള്‍ സഹകരിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ പ്രതികരിച്ചതേയില്ല. മിണ്ടാതായപ്പോള്‍ ഭീഷണിയായി. അപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങളാരാണെന്ന് പറയണം, ഏത് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്, അന്വേഷണ സംഘമാണോ ഇതെല്ലാമറിയിക്കണം. അല്ലാതെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. താനാരാ വക്കീലാണോ എന്ന് തട്ടിക്കയറലുണ്ടായപ്പോള്‍ പൊതുരംഗത്ത് പത്തു നാല്‍പ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന മറുപടി അവര്‍ക്ക് ദഹിച്ചില്ല. തുടര്‍ന്ന് പറുത്തുപോയി ഒരു ഫയലുമായി തിരിച്ചുവന്നു. അടുത്ത മുറിയില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിവന്ന ഉന്നതോദ്യോഗസ്ഥരിലൊരാളുണ്ടായിരുന്നു. അദ്ദേഹമാണ് ഫയല്‍ കൊടുത്തയപ്പിച്ചത്. അതിലൊരു വെള്ളക്കടലാസായിരുന്നു. അതില്‍ താഴെ ഒപ്പിടാനായിരുന്നു ആജ്ഞ. അഭിഭാഷകനെ അറിയിച്ചേ ഒപ്പുവെക്കാനാകൂ എന്ന് പറഞ്ഞപ്പോള്‍ കടുത്ത ഭീഷണിയായി. ഭാര്യയെ പിടിച്ചുകൊണ്ടുവരും, എംഎല്‍എയല്ലേ അവരെയും പ്രതിയാക്കുമെന്നായി. തെളിവുണ്ടെങ്കില്‍ നിങ്ങള്‍ പിടിച്ചോളൂ എന്ന് പ്രതികരിച്ചു. മക്കളെ കേസില്‍ ജയിലിലടയ്ക്കുമെന്നായി പിന്നീടുള്ള ഭീഷണി. മക്കള്‍ രണ്ടുപേരും പാര്‍ടി മെമ്പര്‍മാരാണ്. വട്ടോളി സംസ്കൃതം സ്കൂള്‍ ബ്രാഞ്ചംഗങ്ങള്‍. എന്‍ജിനിയറിങ്ങ് ബിരുദധാരികളുമാണ്. ഈ പറഞ്ഞത് പൊലീസ് പ്രവര്‍ത്തിച്ച് കാട്ടിയെന്നതനുഭവം. (മൂത്തമകന്‍ ജൂലിയസ് മിര്‍ഷാദിനെതിരെയാണ് ആദ്യം കള്ളക്കേസുണ്ടക്കിയത്. എന്നാല്‍ അവന്‍ ജോലികിട്ടി വിദേശത്ത് പോയതിനാല്‍ അത് നടന്നില്ല. പിന്നീടാണ് രണ്ടാമത്തെ മകന്‍ ജൂലിയസ് നികിതാസിനെ കോപാ നിയമപ്രകാരം കേസില്‍ പെടുത്തി നാടുകടത്തിയത്. ഹൈക്കോടതിയാണവന് നീതി കൊടുത്തത്. നാട്ടില്‍ പാര്‍ടി പ്രവര്‍ത്തനത്തിലും രക്തദാനമടക്കം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലുമായിരുന്നു ഇരുവരുടെയും ശ്രദ്ധ).

മക്കളെ കേസില്‍ കുടുക്കുമെന്നതൊന്നും ഗൗരവത്തിലെടുത്തില്ല. അപ്പോഴാണ് കണ്ണവം വനവും വിലങ്ങാട് മലയുമറിയാമോ എന്ന ചോദ്യം. വിലങ്ങാട് അസ്ഥികൂടം കണ്ടതറിയാമോ എന്നായിരുന്നു അടുത്ത ചോദ്യം. അത് പത്രത്തില്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതോര്‍മയുണ്ടായാല്‍ മതി. അപ്പോള്‍ ചിരിച്ചു. എന്താ ചിരിക്കുന്നത്? പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായോ എന്നായി പൊലീസുകാരന്‍. മനസ്സിലായി, ഒന്നുകില്‍ അതേ മലയില്‍ അസ്ഥികൂടമായി കൊണ്ടുവന്ന് തള്ളും, അതല്ലെങ്കില്‍ നേരത്തെ പറഞ്ഞ അസ്ഥികൂടത്തിന്റെ പേരിലും കേസെടുക്കുമെന്നല്ലേ എന്ന തിരിച്ചുള്ള ചോദ്യം പിടിച്ചില്ല. അസ്ഥികൂടത്തിന്റെയും ചിതാഭസ്മത്തിന്റെയും കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും മറുപടി നല്‍കി. അയാള്‍ തിരിച്ചുപോയി. പിന്നീട് രാത്രിവരെ മാറിമാറി കടലാസില്‍ ഒപ്പിടുവിക്കാനുള്ള സമ്മര്‍ദം തുടര്‍ന്നു. ജയിലില്‍ വര്‍ഷങ്ങള്‍ കഴിയേണ്ട അവസ്ഥ, പുറത്തുവരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും, അതിലും ഭേദം ഇപ്പോഴത്തെ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറഞ്ഞാല്‍ ഇപ്പോള്‍ രക്ഷപ്പെടാമെന്ന വാഗ്ദാനം. ഇവരുടെ സമ്മര്‍ദത്തിന് കീഴടങ്ങി പുറത്തിറങ്ങുന്നതിലും ഭേദം മരണമാണെന്ന് ഞാന്‍ ഉറപ്പിച്ചു. ഇവരുടെ സമ്മര്‍ദം അംഗീകരിച്ച് ജയിലില്‍ നിന്നിറങ്ങിയാല്‍ പാര്‍ടിയെ ഒറ്റുകൊടുക്കലാകുമത്. ഇത്രയും കാലമുള്ള പ്രവര്‍ത്തനത്തെ നിഷേധിക്കല്‍. ഭീകരമായ മര്‍ദനം, പീഡനങ്ങള്‍, അതിക്രമങ്ങള്‍ നേരിട്ടിട്ടും പാര്‍ടിക്കായി ജീവിച്ചു മരിക്കുന്ന ആയിരങ്ങളുള്ള നാട്ടില്‍ ഈ പൊലീസുകാരുടെ വാക്കുവിശ്വസിച്ച് നുണപറഞ്ഞുകൊടുത്ത് രക്ഷപ്പെട്ട് ജീവിക്കേണ്ട. കോഴിക്കോട്, വടകര, ഓര്‍ക്കാട്ടേരി എല്ലായിടങ്ങളിലും ഈ അതിക്രമകാലത്തും പാര്‍ടിക്കൊപ്പം അണിനിരന്ന ആയിരങ്ങളുണ്ട്. എല്ലാ പ്രതിസന്ധികളിലും പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വന്നവര്‍, അവരോടൊപ്പം നില്‍ക്കാനാവുന്നില്ലെങ്കില്‍ ജിവിച്ചിട്ട് കാര്യമില്ലെന്നും മനസ്സില്‍ ഉറപ്പിച്ചു. തുടര്‍ച്ചയായ പ്രതികരണമില്ലായ്മയും ഉറച്ച മറുപടി ആവര്‍ത്തിച്ചതോടെയും പൊലീസ് ആ മാരത്തണ്‍ ചോദ്യംചെയ്യലും അന്ന് നിര്‍ത്തി. അപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. വടകര ലോക്കപ്പില്‍ കൊണ്ടുവിട്ടു. പിന്നീടുള്ള ദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടര്‍ന്നു.

ജൂലൈ 11-നാണ് ജയിലിലെത്തുന്നത്. കോഴിക്കോട് ജില്ലാ ജയിലില്‍ ഒമ്പതാം നമ്പര്‍ സെല്ലില്‍. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കെ സി രാമചന്ദ്രന്‍, സനൂപ്(ഒഞ്ചിയം) എന്നിവരായിരുന്നു സഹ അന്തേവാസികള്‍. ബ്രിട്ടീഷുകാരുണ്ടാക്കിയ സെല്ലാണത്. മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള കുടുസുമുറി. അതിനകത്താണ് കക്കൂസും. ഭക്ഷണവും അവിടെ തന്നെ. ഫാനില്ല. കൊതുകിന്റെ മഹാപ്രകടനം ഏതുനേരവും. ജയിലില്‍ രാജകീയ സൗകര്യമാണെന്ന് പറയുന്ന മാധ്യമങ്ങള്‍ അറിയേണ്ടതാണിതൊക്കെ. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വെള്ളംപോലെയാണ്. കുപ്പിയിലൊഴിച്ചാലതുപോലെ, പാത്രത്തിലായാല്‍ അതേപോലെ. ഇതിലൊന്നും അതിനാല്‍ പരാതിപ്പെട്ടതേയില്ല.എന്നാല്‍ ഞങ്ങള്‍ കിടക്കുന്ന സമയം സരിതാ എസ് നായര്‍ അതേ ജയിലില്‍ കിടന്നത് അറിയാമായിരുന്നു. അവര്‍ക്ക് കിട്ടിയ സൗകര്യങ്ങളും സാരിയുമെല്ലാം വലിയ വാര്‍ത്തയായതാണല്ലോ. വലിയ തട്ടിപ്പുകാരിയായ സരിതക്ക് ദിവസേന സാരിയും ചുരീദാറും എത്തിച്ചുകൊടുത്തിരുന്നു. കെപിസിസി എക്സി. അംഗമായ കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് സരിതക്ക് ജയിലില്‍ ദിവസവും വസ്ത്രമെത്തിച്ചുകൊടുത്തിരുന്നതെന്നാണ് ജയില്‍ ജീവനക്കാരില്‍നിന്ന് മനസ്സിലാക്കിയത്. റിമാന്‍ഡ് തടവുകാരനായ എനിക്ക് ആഴ്ചക്ക് ഭാര്യ ലതികയാണ് വസ്ത്രങ്ങള്‍ എത്തിച്ചുതരാറുള്ളത്. സരിതക്ക് രാജകീയസൗകര്യവും സന്നാഹവും നല്‍കിയ സര്‍ക്കാര്‍ എംഎല്‍എയായ ഭാര്യ ലതിക എന്നെ കാണാന്‍ വന്നപ്പോഴും മറ്റ് പല അവസരങ്ങളിലും കാട്ടിയ സമീപനം മഹാക്രൂരമായിരുന്നു. മൂത്തമകന്‍ വിദേശത്ത് പോകുന്നവേളയില്‍ അവനുമായി ജയിലില്‍ കാണാനെത്തിയപ്പോള്‍ അനുമതി നിഷേധിച്ചു. വൈകിട്ട് നാലുമണിക്കാണ് അവര്‍ കാണാന്‍ വന്നത്. എന്നാല്‍ എംഎല്‍എയെ കാണാന്‍ അനുവദിക്കും, മകനെ വിടില്ല എന്ന വാശിയിലായിരുന്നു ജയില്‍ സൂപ്രണ്ട്. ജനപ്രതിനിധിയോട് കാട്ടേണ്ട മര്യാദ ലംഘിച്ച് ആ്രകോശിക്കയായിരുന്നു സൂപ്രണ്ട്. ഒടുവില്‍ നീതിനിഷേധത്തിനെതിരെ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ലതിക പ്രഖ്യാപിച്ചതോടെ ഉന്നതര്‍ ഇടപെട്ടാണ് മകന് സന്ദര്‍ശനാനുമതി നല്‍കിയത്. ശാരീരികമായി പീഡിപ്പിച്ചില്ലെന്നേയുള്ളൂ. മാനസികമായി എല്ലാവിധത്തിലും തകര്‍ക്കാനും തളര്‍ത്താനും നീക്കമുണ്ടായി. ജയിലില്‍നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണ തടവുകാരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാറുണ്ട്. എന്നാല്‍ മെഡി. കോളേജില്‍ ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ലതിക എന്നെ കണ്ടത് വലിയ വിവാദമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ തടവുകാര്‍ക്ക് ചായ വാങ്ങിക്കൊടുക്കാന്‍ ജയിലില്‍നിന്ന് തുക അനുവദിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ചായ കഴിച്ചത്. അതിന്റെ പേരില്‍ ചായ വാങ്ങിക്കൊടുത്തെന്ന് കുറ്റം ചുമത്തി മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കേരളം കണ്ട വന്‍ തട്ടിപ്പുകാരി സരിതക്ക് എല്ലാ സൗകര്യങ്ങളും, പൊതുപ്രവര്‍ത്തകര്‍ക്ക് നിയമാനുസൃത സ്വാതന്ത്ര്യങ്ങളുമില്ലാത്തവിധമുള്ള ഇരട്ടനീതിയാണ് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും നടപ്പാക്കിയത്. എന്തിനെന്നെ പീഡിപ്പിച്ചു. ഇതിന് അധികാരികള്‍ മറുപടി പറയണ്ടേ. അറസ്റ്റ്ചെയ്യുമ്പോഴും ശേഷം ചോദ്യംചെയ്യല്‍വേളയിലുമെല്ലാം പൊലീസിനോട് പറഞ്ഞതാണ് അറിവില്ലാത്ത, പങ്കില്ലാത്ത കാര്യമാണിതെന്ന്. അതൊന്നും മാനിക്കാതെ കഥകള്‍ പ്രചരിപ്പിച്ചു. 19 മാസം, 573 ദിവസം എന്നെ തടവിലിട്ടു. ഇവര്‍ ചുമത്തിയ എല്ലാകുറ്റവും തള്ളി ഇപ്പോള്‍ കോടതി വിട്ടു.

19 മാസം ജയിലിലടച്ചതിന്, നാട്ടില്‍നിന്ന്, നാട്ടുകാരില്‍നിന്ന് എന്നെ മാറ്റി നിര്‍ത്തിയതിന്, ഇല്ലാക്കഥകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചതിന് ആര് മറുപടി പറയും. എന്റെ പത്തൊമ്പതുമാസം ആരു തിരിച്ചുതരും. നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു ഇപ്പോള്‍. എന്നിട്ടും കോലാഹലമടങ്ങിയിട്ടില്ല. മാധ്യമവിചാരണകളും തുടരുന്നു. വടകര പ്രത്യേകാന്വേഷകസംഘത്തിന്റെ കീഴിലുണ്ടായിരുന്ന ക്യാമ്പിലെ 12 ദിവസം, അത് 12 വര്‍ഷമായാണ് അനുഭവപ്പെട്ടത്. എന്നാല്‍ ജയിലില്‍ കൊലക്കേസിന്റെ ഗൂഢാലോചനയില്‍ തടവിലായിട്ടും നാട്ടുകാരില്‍നിന്നുണ്ടായ പ്രതികരണം ആവേശം പകര്‍ന്നതാണ്. ആദിവാസികളടക്കം സ്നേഹത്തോടെ കണ്ണീരണിഞ്ഞ് കാണാനെത്തി. വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ വന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്, മുസ്ലിംലീഗിന്റെയും ബിജെപിയുടേതുമുണ്ട്. അവര്‍ക്കൊക്കെ എന്നെ, എന്റെ പൊതുജീവിതം അറിയാമായിരുന്നു. അക്ബര്‍ കക്കട്ടിലടക്കം ഒട്ടേറെ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും വന്നു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എല്ലാം. കമ്പിവലക്കുള്ളില്‍ എന്നെ കണ്ട് കണ്ണീരണിഞ്ഞവരുണ്ട്, വടകര താഴെഅങ്ങാടിയില്‍ നിന്നെത്തിയ ഒരു ഉമ്മ കാട്ടിയ സ്നേഹവായ്പ് മറക്കാനാവില്ല. അവര്‍ എന്റെ രക്ഷക്കായി എന്തോ മന്ത്രിച്ചൂതാന്‍ ശ്രമിച്ചു. തടഞ്ഞപ്പോള്‍ കണ്ണീരോടെയാണ് പോയത്. ഇക്കാലത്ത് ജയിലിലുണ്ടായിരുന്ന ചെറിയ ചെറിയ കേസുകളിലെത്തിയവരുമായി പരിചയവും ബന്ധവുമുണ്ടായി. അങ്ങനെ പരിചയപ്പെട്ട പതിനഞ്ചോളംപേര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി ഇപ്പോള്‍ നമ്മുടെ അനുഭാവികളായി. പാര്‍ടിയുമായി ബന്ധപ്പെട്ട് ഇവര്‍ പല സ്ഥലത്തുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നുത്. ജയിലില്‍വെച്ച് പാര്‍ടിയെക്കുറിച്ച് അവരെ ധരിപ്പിക്കാനും പ്രവര്‍ത്തനം മനസ്സിലാക്കിക്കാന്‍ സാധിച്ചതിനാലുമാണിത്. പത്രങ്ങളും പുസ്തകങ്ങളുമെത്തിച്ചു തന്ന് സ്നേഹസൗഹൃദം പ്രകടിപ്പിച്ചവരുണ്ട്. ഈ അഞ്ഞൂറ്റി എഴുപത്തിമൂന്ന് ദിവസം മറ്റൊരുതരത്തില്‍ ജീവിതത്തില്‍ നല്ല ഓര്‍മയാണ്. അത് ധാരാളം വായിക്കാനായെന്ന സന്തോഷമാണ്. ജയിലില്‍ നല്ലൊരു ലൈബ്രറിയുണ്ട്. അത് ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി. ടോള്‍സ്റ്റോയിയുടെ, ചെക്കോവിന്റെ ലോക ക്ലാസിക് കൃതികള്‍ വീണ്ടും വായിക്കാനായി. ഇ എം എസ്, എ കെ ജി, സുന്ദരയ്യ, വിഷ്ണുഭാരതീയന്‍ എന്നിവരുടെയെല്ലാം ആത്മകഥകളുടെ രണ്ടാം വായനയ്ക്കവസരമുണ്ടായി. റോസാ ലക്സംബര്‍ഗിനെപ്പോലുള്ള വിശ്വവിപ്ലവകാരികളുടെ രചന പരിചയപ്പെടാനുമായി. എം എന്‍ ഗോവിന്ദന്‍നായര്‍, പി കെ വി, കെ പി കേശവമേനോന്‍ ഇവരുടെ ആത്മകഥകള്‍ നല്ല അനുഭവമാണ് സമ്മാനിച്ചത്. മാക്സിം ഗോര്‍ക്കിയുടെ അമ്മ വീണ്ടും വായിക്കാനായതും മറക്കാനാവില്ല. ഉണ്ണിരാജ, എന്‍ ഇ ബാലറാം, കെ ദാമോദരന്‍ എന്നിവരുടെ കൃതികള്‍ ധാരാളം ലഭിച്ചു. തകഴിയുടെ ധാരാളം കൃതികള്‍ വായിച്ചു. എം മുകുന്ദന്റെ പുലയപ്പാട്ടും പി വത്സലയുടെ ചാവേറുമെല്ലാം വായിച്ചു. ദേശാഭിമാനി പത്രം കൃത്യമായി കിട്ടിയത് ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍ കാട്ടിയ പ്രത്യേക താല്‍പ്പര്യത്തിലായിരുന്നു. അതുപോലെ പുസ്തകങ്ങള്‍ എത്തിച്ചുതരാന്‍ ശ്രദ്ധകാണിച്ച സഖാക്കളുണ്ട്. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ടിക്ക് ഒരു ബന്ധവും പങ്കുമില്ലെന്ന് സിപിഐ എമ്മിന്റെ എല്ലാ തലത്തിലുമുള്ളവര്‍ തുടക്കത്തിലേ പറഞ്ഞതാണ്.

ഞാന്‍ കൊലപാതകം അറിയുന്നത് മുസ്ലിംലീഗിന്റെ നേതാവ് ബങ്കളത്ത് മുഹമ്മദ് (നാദാപുരം) വിളിച്ചറിയിച്ചപ്പോഴാണ്്. ആ സമയത്ത് ഞാനും ഭാര്യ കെ കെ ലതിക എംഎല്‍എയും ഒന്നിച്ചുണ്ടായിരുന്നു. കുറ്റ്യാടിക്ക് പോകുകയായിരുന്നു ഞങ്ങള്‍. ഐഎഎസ് കിട്ടിയ ഞങ്ങളുടെ നാട്ടിലെ മിടുക്കിയായ പെണ്‍കുട്ടി, കുറ്റ്യാടിയിലെ അഥീനാ മുഹമ്മദിനെ (ഇപ്പോള്‍ കണ്ണൂര്‍ സബ്കലക്ടര്‍) അനുമോദിക്കാനായി ഒന്നിച്ചു പോകുകയായിരുന്നു ഞങ്ങള്‍. ആ വീട്ടിനടുത്തെത്തിയപ്പോഴാണ് ബങ്കളം വിളിച്ച് കാര്യം പറയുന്നത്. ആ വീട്ടിലെത്തിയപ്പോള്‍ അനുമോദനത്തിന്റെയും അഭിനന്ദനത്തിന്റെയും മൂഡ് പോയിരുന്നു. എഴുത്തുകാരനും സുഹൃത്തും നാട്ടുകാരനുമായ അക്ബര്‍ കക്കട്ടിലും ഭാര്യ ജമീലയുമുണ്ടായിരുന്നവിടെ. ആ കുട്ടി തന്ന ലഡു കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഞാനും അക്ബറും. വല്ലാതെ വേദനിച്ചു. ഞാന്‍ ഉടന്‍ പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനുമായി ബന്ധപ്പെട്ടു. ടിപിയും വാര്‍ത്തയറിഞ്ഞ ഞെട്ടലിലായിരുന്നു. പാര്‍ടിക്കറിയാത്ത വധത്തെ ശക്തമായി അപലപിച്ച് ദുഃഖംരേഖപ്പെടുത്തി. അതെല്ലാം അങ്ങേയറ്റം ആത്മാര്‍ഥതയോടെയും സത്യസന്ധതയിലുമാണ് നിര്‍വഹിച്ചത്. എന്നാല്‍ ആ നിമിഷം മുതല്‍ കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും മന്ത്രിമാരും എല്ലാം പാര്‍ടിക്കെതിരായി പ്രചാരണമാരംഭിച്ചിരുന്നു. അറസ്റ്റിന് മുമ്പ് തന്നെ ചില മാധ്യമങ്ങള്‍പേര് പറയാതെ തൊട്ടുകാണിക്കുംവിധം ഊഹങ്ങളും അപവാദങ്ങളും എനിക്കെതിരെ നിരത്തി. ജനമനസ്സില്‍ സംശയം സൃഷ്ടിച്ചു. ഉയര്‍ന്നതലത്തില്‍ ഗൂഢാലോചനയെന്ന കഥ നിരന്തരം അഴിച്ചുവിട്ടു. ജയില്‍വാസം എന്നെ വേദനിപ്പിച്ചില്ല. എന്നാല്‍ മാധ്യമവേട്ട എന്നെ വേദനിപ്പിച്ചു. ഞാന്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകനാണ് ചന്ദ്രശേഖരന്‍. വ്യക്തിപരമായി നല്ല ബന്ധമായിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഹീനപ്രചാരണം സംഘടിപ്പിച്ചത്. 1976-ല്‍ പാര്‍ടിമെമ്പറായി. കുറേവര്‍ഷം അധ്യാപകനായിരുന്നു.

*
സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്നതിന്റെ ഭാഗമായി കള്ളക്കേസുകളും ഭരണകൂട ഭീകരതയും ആദ്യമല്ല. അത്തരം കേസുകള്‍ അതിജീവിച്ചാണ് പ്രസ്ഥാനം വളര്‍ന്നതും മുന്നേറിയതും. ഇത്തരം നിരവധി കേസുകള്‍ കോടതികളില്‍ തകര്‍ന്നടിഞ്ഞതുമാണ്. രാഷ്ട്രീയപകയോടെ കള്ളത്തെളിവുകളുണ്ടാക്കി നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ മറ്റു കേസുകളില്‍ സത്യസന്ധമായ അന്വേഷണം വന്നപ്പോള്‍ സിപിഐ എം പ്രവര്‍ത്തകരെ ശിക്ഷിച്ചതടക്കം തെറ്റാണെന്ന് വെളിപ്പെട്ടു. ഗുരുവായൂരിലെ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു നിരപരാധികളെ കോടതി ശിക്ഷിച്ചശേഷം യഥാര്‍ഥ പ്രതികളെ പിന്നീട് തിരിച്ചറിയുകയായിരുന്നു. പ്രതികളെന്ന് പൊലിസ് ആരോപിച്ച മുതുവട്ടൂര്‍ സ്വദേശികളായ വാകയില്‍ ഗോപിയുടെ മകന്‍ ബിജി(40), തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്(43), മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീക്ക്(39), കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവര്‍ക്കാണ് പൊലീസ് ഗൂഢാലോചനയെതുടര്‍ന്ന് ശിക്ഷ ലഭിച്ചത്. പിന്നീട് തീവ്രവാദ സ്ക്വാഡിന്റെ അന്വേഷണത്തെ തുടര്‍ന്ന് പിടിയിലായ തീവ്രവാദ സംഘടനയായ ജമുയത്തിന്‍ ഹിസാനിയയാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. എന്നാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഈ കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുമ്പോഴേക്കും പൊലീസിന്റെ ക്രൂരമായ മര്‍ദനത്തിനിരയായി ക്ഷയവും മഞ്ഞപ്പിത്തവും ബാധിച്ച് നാലാം പ്രതിയായ ഹരിദാസന്‍ മരണമടഞ്ഞു.

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. സിപിഐ എംകാരാണ് പ്രതികളെന്നായിരുന്നു പതിവുപോലെ പത്രങ്ങളും കോണ്‍ഗ്രസ്സ് നേതാക്കളും ആരോപിച്ചത്. ഇതിന് തലേദിവസം ഗുരുവായൂര്‍ സ്വദേശി കെണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിയിരുന്നു. ഇതിന് പ്രതികാരമായി നടത്തിയ കൊലപാതകമാണെന്നും കോണ്‍ഗ്രസ്സും പൊലിസും പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ സിപിഐ എം പ്രവര്‍ത്തകരായിരുന്ന ബിജിയും ബാബുരാജും അനുഭാവികളായ ഹരിദാസനും റഫീക്കും കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദികളായിരുന്ന ജെയിസണ്‍, ജെയിംസ്, പ്രത്യേക രാഷ്ട്രീയമില്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രതികളായി മാറി. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസന്‍ എന്നിവരെ ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 33 വര്‍ഷത്തേക്കായിരുന്നു ശിക്ഷ. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് പല കേസുകളിലെയും പ്രതികളെ പിടികൂടിത്തുടങ്ങിയത്. തുടര്‍ന്ന് വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കൈപ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലെയും നോമ്പുകാലത്ത് തുറന്ന് പ്രവര്‍ത്തിച്ച സിനിമാ തിയറ്ററുകള്‍ കത്തിച്ച കേസിലെ പ്രതികളായ ജമുയത്തൂല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളെയും പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു സുനില്‍ വധത്തിനു പിന്നിലും ഇവരാണെന്ന് പൊലീസ് കണ്ടെത്തുന്നത്. സുനിലിന്റെ ബന്ധുക്കളെയും സാക്ഷികളെയും കാണിച്ച് ഇക്കാര്യം സ്ഥിരീകരിച്ച പൊലീസ് പിന്നീട്, ശിക്ഷ അനുഭവിക്കുന്നവരല്ല പ്രതികളെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും നിരപരാധികളായ നാല് യുവാക്കള്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ക്കും കഷ്ടതകള്‍ക്കും കൈയും കണക്കുമില്ലായിരുന്നു.

*
തുടര്‍ച്ചയായ ഭീഷണികളിലും സമ്മര്‍ദത്തിലും പതറാതെയാണ് പി മോഹനന്‍ അന്വേഷണത്തെ, നിയമനടപടികളെ അതിജീവിച്ചത്. വടകര പ്രത്യേകാന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യല്‍ നേരിട്ട 12 ദിവസം 12 വര്‍ഷമായാണ് അനുഭവപ്പെട്ടതെന്ന് പി മോഹനന്റെ വാക്കുകളിലുണ്ട്. എത്ര കഠിനവും പ്രാകൃതവുമാണ് പൊലീസിന്റെ രീതികളെന്നതിന്റെ തെളിവാണിത്. കേരളത്തിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ രാഷ്ട്രീയ പകയുടെയും വെറുപ്പിന്റെയും ആയുധമായി പൊലീസിനെയും അധികാരത്തെയും നിര്‍ലജ്ജം ഉപയോഗിച്ചവരോര്‍ക്കേണ്ടതൊന്ന് മാത്രം. കാലം എല്ലാറ്റിനും സാക്ഷിയാണ്. ഈ അവഹേളനത്തിന്, അപമാനത്തിന്, അപവാദങ്ങള്‍ക്ക് ചരിത്രം മാപ്പുതരില്ല.

*
പി മോഹനന്‍/പി വി ജീജോ ദേശാഭിമാനി വാരിക

No comments: