Monday, February 17, 2014

എന്‍ എസിന്റെ ജീവിതപാത

സംഘടനാവൈഭവത്തിന്റെയും സമരോത്സുകതയുടെയും എക്കാലത്തും വറ്റാത്ത ഉറവയാണ് സഖാവ് എന്‍ എസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് നാട് തയ്യാറാകുന്ന ഘട്ടത്തിലാണ് ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുന്നത്. ദുര്‍ഭൂതമെന്ന് മുദ്രകുത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ കള്ളക്കേസുകള്‍, ഗൂഢാലോചന കേസുകള്‍, മര്‍ദനം എന്നിവയെല്ലാം നാട്ടുരാജ്യഭരണത്തിലും കോണ്‍ഗ്രസ് ഭരണത്തിലും ഹീനമായി നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കുകപോലുംചെയ്തു. അതിനെയെല്ലാം അതിജീവിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മധ്യതിരുവിതാംകൂറില്‍ കരുത്തുറ്റ രാഷ്ട്രീയശക്തിയായി വളര്‍ത്തിയെടുത്തതില്‍ അതുല്യ സംഭാവന നല്‍കിയ ആദ്യകാല സംഘാടകരില്‍ പ്രമുഖനാണ് എന്‍ എസ്. സദാ സമരസന്നദ്ധനും കര്‍മനിരതനുമായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 29 വര്‍ഷമാകുന്നു. 1985 ഫെബ്രുവരി 17ന്, ഒരു പോരാട്ടഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ വാഹനാപകടം സഖാവിന്റെ ജീവന്‍ കവരുകയായിരുന്നു. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. അതിനുമുമ്പ് ആലപ്പുഴ- കൊല്ലം ജില്ലകളിലെ പാര്‍ടി സെക്രട്ടറിയായിരുന്നു. 57 വര്‍ഷത്തെ ജീവിതത്തിലെ നല്ലൊരുപങ്കും അവശജനവിഭാഗങ്ങളുടെ ശ്രേയസ്സിനുവേണ്ടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ആ വിമോചനപോരാളി വിപ്ലവകാരിയായി വളര്‍ന്നത് ദിവാന്‍ഭരണവിരുദ്ധ പോരാട്ടങ്ങള്‍ തെളിച്ച മണ്ണിലൂടെയായിരുന്നു.

കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തില്‍ സഹായിയായി. ആ യാത്രയ്ക്കിടയില്‍ കമ്യൂണിസ്റ്റുകാരുമായുണ്ടായ പരിചയത്തിലൂടെ ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ചു. "ദിവാന്‍ഭരണം തുലയട്ടെ" എന്ന ബോര്‍ഡ് സ്വന്തംനാടായ വള്ളിക്കാവില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുരംഗത്ത് സജീവമായത്. ബോര്‍ഡ് വച്ചതിനെത്തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ്വേട്ട ശക്തിപ്പെട്ടപ്പോള്‍ ദീര്‍ഘകാലം ഒളിവിലായി. ഒളിവുജീവിതത്തിനിടയിലെ പ്രവര്‍ത്തനത്തിലൂടെ നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകസംഭാവന നല്‍കി. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ത്തന്നെ രാഷ്ട്രീയരംഗത്തെത്തിയ ആ ചെറുപ്പക്കാരന്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കമ്യൂണിസ്റ്റ് സംഘാടകനായി. അതിലൂടെയാണ് എന്‍ ശ്രീധരന്‍ നാട് അംഗീകരിക്കുകയും സ്നേഹിക്കുകയുംചെയ്യുന്ന എന്‍ എസായി മാറിയത്. ഈ പരിവര്‍ത്തനം, യാതനാപൂര്‍ണമായ ജയില്‍വാസത്തിന്റെയും ഒളിവുജീവിതത്തിന്റെയും എണ്ണമറ്റ കൊടിയമര്‍ദനങ്ങളുടെയുമെല്ലാം ഫലംകൂടിയായിരുന്നു. അതില്‍ പലതും എപ്പോഴും സ്മരിക്കേണ്ടവയാണ്.

കേരളസംസ്ഥാന രൂപീകരണത്തിനുമുമ്പ് അംഗമായും പിന്നീട് സെക്രട്ടറിയായും എന്‍ എസ് പ്രവര്‍ത്തിച്ച പാര്‍ടിയുടെ കായംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ ചുമതലയിലുണ്ടായിരുന്ന ശൂരനാട് പ്രദേശത്താണ് 1949 ഡിസംബറില്‍ ഒരു ഇന്‍സ്പെക്ടറും നാലുപൊലീസുകാരും മരിക്കാനിടയായ സംഭവം ഉണ്ടായത്. തുടര്‍ന്ന് അനേകം സഖാക്കളെയും തൊഴിലാളികളെയും പൊലീസ് ഇവിടെ കശാപ്പുചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയെയും അറുപതിലേറെ സംഘടനകളെയും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊലപാതകവും ഗൂഢാലോചനക്കുറ്റവും ആരോപിച്ച് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. തെന്നല ജന്മികുടുംബത്തിന്റെ മാടമ്പിത്തരത്തിനും ജനദ്രോഹ സര്‍ക്കാരിനും എതിരായ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പൊലീസിനെയും ഗുണ്ടകളെയും ഇറക്കിയും സര്‍ക്കാരിന്റെ കരിനിയമത്തെ ഉപയോഗിച്ചും വകവരുത്താന്‍ ആ ജന്മികുടുംബം ശ്രമിച്ചെങ്കിലും ചരിത്രം അവരെ ന്യായികരിക്കുന്നില്ല. കമ്യൂണിസ്റ്റുകാരും കര്‍ഷകത്തൊഴിലാളി പുരുഷന്മാരും ഒളിവില്‍ പോയപ്പോള്‍ വീടുകളില്‍ രാത്രി തെരച്ചിലിന് എത്തിയ പൊലീസ് സ്ത്രീകളെ ഉപദ്രവിച്ചപ്പോഴാണ് ഒളിവിലായിരുന്ന ഉശിരന്മാര്‍ രംഗത്തുവന്ന് പൊലീസിന്റെ നെറികേടിനെ ചെറുത്തത്. ആ കാലത്ത് തെന്നലയിലെ തൊഴിലിടത്തെ അവസ്ഥ എന്തെന്ന് ഓര്‍ക്കണം. നിലംപൂട്ടിയപ്പോള്‍ കാള വേഗംനടക്കുന്നതിന് ഒന്നടിച്ചുപോയി. അതുകണ്ട ജന്മി അടികൊണ്ട കാളയെ മാറ്റി അടിച്ച കൃഷിക്കാരനെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു. ഇത്തരം ക്രൂരതയ്ക്കെതിരെ, കാട്ടാളത്തത്തിനെതിരെ ശൂരനാട്ടെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും യുവജനങ്ങളെയും രംഗത്തിറക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശൂരനാട് കലാപത്തിനുശേഷം കാളയ്ക്കുപകരം ഒരു തൊഴിലാളിയെയും നുകത്തില്‍ കെട്ടാന്‍ ഒരു ജന്മിക്കും ധൈര്യം വന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും നാടിന് എന്തുചെയ്തു എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് എന്‍ എസിനെപ്പോലുള്ളവര്‍ നടന്നുകയറിയ ജീവിതപാത.

പാര്‍ടിയുടെ നിരോധനകാലത്ത് യാതനകളുടെ മുള്ളുകളേറ്റാണ് ഒളിവില്‍ കഴിഞ്ഞത്. സദാ പുകയുന്ന അടുക്കളയിലെ തട്ടിന്‍പുറത്ത് 18 മണിക്കൂര്‍ ശ്വാസംമുട്ടി കഴിയേണ്ടിവന്നിട്ടുണ്ട്. രാത്രി ചകിരിക്കുഴിയില്‍ കഴിയാന്‍ നിര്‍ബന്ധിതനായി. പട്ടിണികിടക്കേണ്ടിവന്നു. എന്ത് ബുദ്ധിമുട്ടിയാലും "ഒളിവില്‍ കഴിയുക, പിടികൊടുക്കാതിരിക്കുക" എന്ന പാര്‍ടിയുടെ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ചു. ഒളിവില്‍നിന്ന് തെളിവില്‍ വരുമ്പോള്‍ എന്‍ എസ് പ്രധാന പാര്‍ടിനേതാവായി. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അവിഭക്ത പാര്‍ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും ആക്ടിങ് സെക്രട്ടറിയുമായി. പിന്നീട് ആലപ്പുഴയിലെയും കൊല്ലത്തെയും സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എന്‍ എസ് സാധാരണ മനുഷ്യനായിരുന്നു. പക്ഷേ, അസാധാരണ കമ്യൂണിസ്റ്റ് നേതാവും. പല പരീക്ഷണഘട്ടങ്ങളെയും നേരിട്ട് പ്രസ്ഥാനത്തെ നയിക്കുകയും ജനസേവനം നടത്തുകയുംചെയ്തു.

പാര്‍ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ ജാഗ്രതകാട്ടിയ സഖാവ് പാര്‍ടി അച്ചടക്കം പ്രസ്ഥാനത്തിന്റെ കെട്ടുറുപ്പിന് അനിവാര്യമാണെന്ന് സദാ ഓര്‍മപ്പെടുത്തി. സിപിഐ എമ്മിനെതിരെ പിന്തിരിപ്പന്‍ശക്തികളുടെ മാത്രമല്ല, ഇടതു-വലതു വ്യതിയാനക്കാരില്‍നിന്നുള്ള ആക്രമണങ്ങള്‍ക്കും തക്ക മറുപടിനല്‍കാനുള്ള ആശയപരമായ കരുത്ത് സഖാവിനുണ്ടായിരുന്നു. ഏതുതരത്തിലെ വ്യതിയാനത്തിനുമെതിരായ ആശയസമരത്തില്‍ അശേഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും അതിനുവേണ്ടി ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും പാര്‍ടിഘടകങ്ങളെ സജീവമാക്കുകയുംചെയ്തു. ആശയരംഗത്ത് ദൃഢതകാട്ടുമ്പോള്‍ത്തന്നെ പാര്‍ടിക്കുള്ളിലെ വിഭാഗീയതയെ ശക്തിയായി എതിര്‍ക്കുകയുംചെയ്തു. സിപിഐ എമ്മിനും നേതാക്കള്‍ക്കും എതിരെയുള്ള ഏതുതരത്തിലെ അപവാദങ്ങളെയും ആക്രമണങ്ങളെയും നേരിടാന്‍ പ്രസ്ഥാനത്തെ ചലിപ്പിക്കുന്നതില്‍ ജാഗ്രതാപൂര്‍വമായ നിലപാട് എടുത്തു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെടുത്തി ഇ എം എസിനെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍, അതിനെ നഖശിഖാന്തം എതിര്‍ത്ത് നിരവധി ലേഖനങ്ങള്‍ സഖാവ് പ്രസിദ്ധീകരിച്ചു. അത് തുടര്‍സംവാദങ്ങള്‍ക്ക് കാരണമായത് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധ അപവാദപ്രചാരണം മാധ്യമഭീകരര്‍ ഇന്ന് പലമടങ്ങ് ശക്തിയോടെ തുടരുകയാണ്. ഇതിനെ തകര്‍ക്കുന്നതിന് തൊഴിലാളിവര്‍ഗപ്രസ്ഥാനം ആശയപ്രചാരണത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്‍ എസ് പുലര്‍ത്തിയ ശ്രദ്ധ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്. പാര്‍ടി പത്രമോ പാര്‍ടി കമ്മിറ്റിയുടെ പ്രമേയമോ കണ്ടില്ലെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന് കോട്ടമില്ലെന്നു കരുതുന്നവര്‍ നമ്മുടെ പ്രസ്ഥാനത്തിലുണ്ട്. പക്ഷേ, ആശയപ്രചാരണത്തിന്റെ ശക്തി ശരിക്കും മനസ്സിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു എന്‍ എസ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയില്‍, അവസാന നാളുകളില്‍ ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. അത് വിജയകരമാക്കി മാതൃക സൃഷ്ടിക്കാന്‍ സഖാവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ഇന്ന്, പല ഘട്ടങ്ങളിലെ ക്യാമ്പയിന്റെ ഫലമായി ദേശാഭിമാനിയെ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്നുപത്രങ്ങളിലൊന്നാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശാഭിമാനിയെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാക്കി മാറ്റുന്നതിന് ഭാവിപ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കഴിയണം. മാധ്യമരംഗത്ത് ജനപക്ഷ ഇടപെടല്‍ പ്രധാനമാണ്. അതിനെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഏതെല്ലാംവിധത്തില്‍ നെറികേടും അപവാദവും പ്രചരിപ്പിക്കാമോ അതെല്ലാം എല്ലാക്കാലത്തും കമ്യൂണിസ്റ്റ്വിരുദ്ധ കേന്ദ്രങ്ങള്‍ ചെയ്തുവന്നതാണ്. ഇ എം എസിനെയും എ കെ ജിയെയും നായനാരെയുമൊക്കെ ഇക്കൂട്ടര്‍ വെറുതെവിട്ടിട്ടില്ല. ഈ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമഹിസ്റ്റീരിയയെ എതിരിടുന്നതിന് കമ്യൂണിസ്റ്റുകാര്‍ ഒരുമനസ്സോടെ മുന്നോട്ടുപോകണം. ഇവിടെയാണ് പാര്‍ടിയുടെ കരുത്ത്. ആ കരുത്തിനെ വളര്‍ത്താനും കമ്യൂണിസ്റ്റ്- ജനപക്ഷമാധ്യമത്തെ ശക്തിപ്പെടുത്താനും എന്‍ എസ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഈ പ്രവര്‍ത്തനപാത കൂടുതല്‍ ശക്തമാക്കണമെന്നാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. സഖാവ് എന്‍ എസിന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.

*
പിണറായി വിജയന്‍

No comments: