Sunday, February 16, 2014

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

1969 ജൂലായ്‌ 19ന്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.  അതോടെ സമ്പന്ന വിഭാഗക്കാർക്ക്‌ മാത്രം ലഭ്യമായിരുന്ന ബാങ്കിംഗ്‌ മേഖല ക്രമേണ സാധാരണക്കാർക്കും പ്രാപ്യമാകാൻ തുടങ്ങി. ഗ്രാമങ്ങളിൽ ശാഖകൾ തുറന്ന്‌ ബാങ്കിംഗ്‌ ശൃംഖല വിപുലീകൃതമായതോടെ ബാങ്ക്‌ ജീവനക്കാരായി സാധാരണക്കാർക്ക്‌ കടന്നുവരാൻ അവസരമുണ്ടായി. മറ്റു സർക്കാർ സർവ്വീസുകളിലെന്നപോലെ പൊതുമേഖലാ ബാങ്കുകളിലും  നിയമനങ്ങൾക്ക്‌ കൃത്യമായ മാനദണ്ഡങ്ങൾ കൈവന്നു; സംവരണ തത്വങ്ങളും സാമൂഹ്യനീതിയും  നടപ്പിലായി.  ശരാശരി 50,000 പേർക്ക്‌ പ്രതിവർഷം ബാങ്കുകളിൽ നിയമനങ്ങൾ ലഭിക്കുമെന്ന സ്ഥിതി സംജാതമായി. പൊതുമേഖലാ ബാങ്കുകളിൽ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ്‌ സർവ്വീസ്‌ റിക്രൂട്ട്മെന്റ്‌ ബോർഡ്‌ (BSRB) നിലവിൽ വന്നു.  സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും അതിന്റെ സബ്സിഡിയറി ബാങ്കുകളിലും റീജണൽ റിക്രൂട്ട്മെന്റ്‌ ബോർഡുകളായിരുന്നു നിയമനങ്ങൾ നടത്തിയിരുന്നത്‌.  1987-ൽ സ്റ്റേറ്റ്‌ ബാങ്ക്‌ ഉൾപ്പെടെ എല്ലാ ദേശസാൽകൃത ബാങ്കുകളിലെ നിയമനങ്ങളും BSRB സംവിധാനത്തിനു കീഴിലാക്കി.  ഈയൊരു സാഹചര്യം മൂലം രാജ്യത്തെ സ്വകാര്യ ബാങ്കുകളിലെ  നിയമനകാര്യത്തിൽ കുറെയൊക്കെ സുതാര്യത പാലിക്കാനും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പൊതുമേഖലക്ക്‌ സമാനമായ വിധം നടപ്പാക്കാനും നിർബന്ധിതരായി.

എല്ലാം തകിടംമറിച്ച്‌ പുത്തൻ നയങ്ങൾ

    1991-ൽ  പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിൽ കാതലായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചു.  ജനകീയ ബാങ്കിംഗ്‌ സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുന്ന പല നടപടികളും ബാങ്കിംഗ്‌ മേഖലയിൽ നടപ്പിലാക്കി.  പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരികൾ വിൽക്കുന്നതിന്‌ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു.  തൊഴിൽ ശക്തിയുടെ യോജിച്ചുള്ള പോരാട്ടത്തിന്റെ ഫലമായി  49 ശതമാനം ഓഹരികൾ കൈമാറാൻ മാത്രമേ സർക്കാരിന്‌ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.   ബാങ്കുകളിലെ തൊഴിൽ സംസ്കാരത്തിനും വലിയ തിരിച്ചടിയാണ്‌ ഈ സർക്കാർ നയം മൂലം ഉണ്ടായിരിക്കുന്നത്‌.  ഒരു സന്ദർഭത്തിൽ രാജ്യത്തെ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ബാങ്ക്‌ ജോലിയെങ്കിൽ ഇന്ന്‌ അത്‌ തീർത്തും അനാകർഷകമായി തീർന്നിരിക്കുകയാണ്‌.

    2001 മാർച്ചിൽ ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്വയം പിരിഞ്ഞുപോകൽ പദ്ധതി നടപ്പിലാക്കി.  ഒന്നരലക്ഷം ജീവനക്കാരാണ്‌ ഈ പദ്ധതി പ്രകാരം ബാങ്കുകളിൽ നിന്നും പിരിഞ്ഞുപോയത്‌. 2001 ജൂണിൽ അന്നത്തെ ഭരണകക്ഷിയായിരുന്ന BJP സർക്കാർ ബഡ്ജറ്റ്‌ അവതരണ വേളയിൽ BSRB പിരിച്ചുവിട്ടു.  തുടർന്ന്‌ ബാങ്കുകളിൽ നിയമനങ്ങൾ പൂർണ്ണമായും നിലച്ചു.  തൊഴിൽ ശക്തിയിലെ കുറവ്‌ ബാങ്കുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ തുടങ്ങി. ശാഖകളിൽ ജീവനക്കാരില്ലാതെ വന്നതിനാൽ കുറവ്‌ ചെയ്യപ്പെട്ടത്‌ സാധാരണക്കാരുടെ സേവനമാണ്‌. നിലവിലുള്ള ജീവനക്കാരെ വലിച്ചു നീട്ടിയും അടിച്ചു പരത്തിയും പരമാവധി ചൂഷണം ചെയ്യുന്ന ഒരു സമ്പ്രദായം ബാങ്കുകളിലാകെ നടപ്പിലായി. കുറച്ച്‌ ജീവനക്കാരെ വിനിയോഗിച്ച്‌ കൂടുതൽ ബിസ്സിനസ്സ്‌ നേടുക, അഥവാ ബിസിനസ്സ്‌ വർദ്ധിപ്പിക്കുകയെന്നതായി ബാങ്കുകളുടെ ലക്ഷ്യം.  അതിന്റെ ഭാഗമായി വൻകിട ഇടപാടുകാരിൽ കേന്ദ്രീകരണം നടന്നു. ചെറുകിട വായ്പകൾ, കാർഷിക വായ്പകൾ, വിദ്യഭ്യാസ വായ്പ എന്നിവ ബാങ്കുകൾ ഉപേക്ഷിക്കാൻ തുടങ്ങി. പരമാവധി ജോലികൾ പുറം കരാർ സംരംഭങ്ങളായി നിർവ്വഹിക്കാൻ കൂടി ആരംഭിച്ചതോടെ ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ തനിമയും വിശ്വാസ്യതയും നഷ്ടപ്പെടാൻ ആരംഭിച്ചു.

    ബി.എസ്‌.ആർ.ബി പുന:സ്ഥാപിച്ച്‌ നിയമന പ്രക്രിയ സുതാര്യമാക്കണമെന്ന BEFI തുടങ്ങിയ സംഘടനകളുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ ഐ.ബി.പി.എസ്‌ (Indian Banking Personnel Selection) എന്ന ഒരു സ്വകാര്യ ഏജൻസിക്ക്‌ ബാങ്കുകളിലെ നിയമനങ്ങൾക്കുള്ള ചുമതല ഏൽപ്പിച്ചിരിക്കുകയാണ്‌.   ഈ ഏജൻസിയിലൂടെയുള്ള നിയമന പ്രക്രിയ വേണ്ടത്ര ഫലപ്രദമായല്ല മുന്നോട്ടുപോകുന്നത്‌. ഒരേ ഉദ്യോഗാർത്ഥികൾക്ക്‌  ഒന്നിലേറെ ബാങ്കുകളിൽ നിയമനം ലഭിക്കുന്നതിനാൽ ഒഴിവുകൾ പൂർണ്ണമായി നികത്തപ്പെടുന്നില്ല.   സ്വകാര്യ ഏജൻസി എന്നതുകൊണ്ട്‌ തന്നെ സുതാര്യതയും വിശ്വസനീയതയും കുറവാണ്‌.  സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും സബ്സിഡിയറി ബാങ്കുകളും ഇപ്പോഴും പ്രത്യേക പരീക്ഷ നടത്തിയാണ്‌ ജീവനക്കാരെ നിയമിക്കുന്നത്‌. സർക്കാർ നിയന്ത്രണത്തിലുള്ള ബി.എസ്‌.ആർ.ബി പുന:സ്ഥാപിക്കുക എന്നത്‌ മാത്രമാണ്‌ ശരിയായ പരിഹാര മാർഗ്ഗം.

ക്യാംപസ്‌ നിയമനങ്ങൾ

    സ്വകാര്യ ഐ.ടി കമ്പനികൾ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിന്‌ രാജ്യത്തെ പ്രധാനപ്പെട്ട ക്യാംപസുകൾ കേന്ദ്രീകരിച്ച്‌ നിയമനങ്ങൾ നടത്തിവരാറുണ്ട്‌.  ഈ മാതൃക നടപ്പിലാക്കുന്നതിനാണ്‌ പല ബാങ്കുകളും ഇപ്പോൾ ശ്രമിച്ചു വരുന്നത്‌. ചുരുക്കം ചില കോളേജുകളിൽ നിന്ന്‌  മാത്രമായി ക്യാംപസ്‌ നിയമനങ്ങൾ നടക്കുന്നത്‌ മറ്റ്‌ കോളേജുകളിൽ പഠനം നടത്തുന്ന അർഹതയുള്ള ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. അതോടൊപ്പം സംവരണ തത്വങ്ങളും അട്ടിമറിക്കപ്പെടുന്നു. കോളേജുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളില്ല. ഉദ്യോഗാർത്ഥികളോടുള്ള വിവേചനങ്ങളും സാമൂഹ്യ നീതിയില്ലായ്മയും ക്യാമ്പസ്‌ നിയമനങ്ങളുടെ പ്രധാന ദോഷഫലങ്ങളാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ക്യാംപസ്‌ നിയമനത്തിന്‌  കേരളത്തിലെ മൂന്നു കോളേജുകളെ മാത്രമായി നിശ്ചയിച്ചതിനെതിരെ  കൊച്ചി സർവ്വകലാശാലയിലെ ടഎക വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയും കോടതി അവർക്കനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.   പൊതു നിയമനങ്ങളിൽ സംവരണ തത്വങ്ങളും അവസര സമത്വവും അട്ടിമറിക്കുന്ന നിയമന പ്രക്രിയ ഒരു പൊതുമേഖലാ സ്ഥാപനം നടപ്പിലാക്കുന്നതിനെതിരെ കോടതി നിശിതമായ വിമർശനം നടത്തി.  എന്നാൽ  ടുലരശമഹശലെറ ഇമലേഴീ​‍ൃ​‍്യ എന്ന പേരിൽ പല പൊതുമേഖലാ ബാങ്കുകളും ഇന്നും ക്യാംപസ്‌ നിയമനം നടത്തിവരുന്നുണ്ട്‌.  ഇങ്ങിനെ നിയമനം തേടുന്ന ഉദ്യോഗാർത്ഥികളാകട്ടെ സാധാരണ ശാഖകളിൽ  മറ്റ്‌ ജീവനക്കാർ ചെയ്യുന്ന ഗുമസ്ത ജോലികൾ തന്നെയാണ്‌ നിർവ്വഹിച്ചു വരുന്നത്‌.

സ്വകാര്യ സർവ്വകലാശാലയിലൂടെയുള്ള നിയമനം

    മണിപ്പാൽ സർവ്വകലാശാലയും ബാങ്കുകളും സംയുക്തമായി നടത്തുന്ന സ്വാശ്രയ കോഴ്സുകൾ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌  ഓഫീസർ തസ്തികയിലേക്ക്‌ ചില നവ സ്വകാര്യ ബാങ്കുകൾ നിയമനം നല്കിയിരുന്നു.  ഇപ്പോൾ ബാങ്ക്‌ ഓഫ്‌ ബറോഡ,  ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും ഫെഡറൽ ബാങ്ക്‌ പോലുള്ള പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഇങ്ങനെയുള്ള നിയമനരീതി അവലംബിക്കുന്നുണ്ട്‌. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക്‌ ഓഫീസർ തസ്തികയിലേക്കാണ്‌ ഈ പദ്ധതിപ്രകാരം നിയമനം ലഭിക്കുന്നത്‌. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ യൂണിവേഴ്സിറ്റിയുടെ കോഴ്സിൽ ചേരാൻ 2 ലക്ഷം മുതൽ 3.5 ലക്ഷം വരെയാണ്‌ ഒരു വർഷത്തെ ഫീസ്‌. ഈ പണം വായ്പയായി ബാങ്കുകൾ നല്കും.  ഒരു വർഷത്തിനു ശേഷം ബാങ്കിൽ ഓഫീസറായി നിയമനം ലഭിക്കുമ്പോൾ എടുത്ത വായ്പ പലിശയോടെ തിരിച്ചടക്കണം.  കോഴ്സ്‌ കാലാവുധി കാലത്ത്‌ ഒരു ചെറിയ സംഖ്യ ബാങ്കുകൾ സ്റ്റൈപ്പെന്റായി നല്കും.  പഠന കാലാവധിയുടെ മൂന്നുമാസം ബാങ്കിൽ ട്രെയിനിയായി ജോലി നോക്കണം.  3 വർഷത്തേക്ക്‌ മറ്റൊരു ജോലിയിലും ചേരുകയില്ല എന്ന ബോണ്ട്‌ ഉദ്യോഗാർത്ഥി നൽകണമെന്നത്‌ മുന്നുപാധിയാണ്‌.   ചുരുക്കത്തിൽ, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ വഴിവിട്ട്‌ സഹായിക്കുന്ന ഒരു സമ്പ്രദായമാണ്‌ ഇക്കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ പോലും അനുവർത്തിക്കുന്നത്‌. സ്വയം ഭരണ - സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന ധനാഢ്യരായവർക്ക്‌ ബാങ്ക്‌ ജോലിക്കായി ഒരു പ്രത്യേക കവാടം ഉറപ്പാക്കുന്ന ഈ രീതി മിടുക്കരായ സാധാരണ ഉദ്യോഗാർത്ഥികൾക്ക്‌ ന്യായമായ  അവസരങ്ങൾ നിഷേധിക്കുന്നു.   തുല്യനീതി, സംവരണം, അവസര സമത്വം, മുതലായ ഭരണഘടനാ വ്യവസ്ഥകളെ അവഗണിക്കുന്നു.

നിയമനങ്ങളിലെ ചേരുവ മാറ്റം

ബാങ്ക്‌ ശാഖകളുടെ വർദ്ധനവിനനുസരണമായോ ബിസിനസ്‌ വളർച്ചയുടെ തോതനുസരിച്ചോ ബാങ്കുകളിൽ നിയമങ്ങൾ നടക്കുന്നേയില്ല. കഴിഞ്ഞ രണ്ട്‌ പതീറ്റാണ്ടിനിടയിൽ ബാങ്കുകളുടെ ബിസിനസ്സ്‌ പല മടങ്ങ്‌ വർദ്ധിക്കുകയും ശാഖകളുടെ എണ്ണം ഗണ്യമായി ഉയരുകയുമുണ്ടായി. ദേശസാൽകരണത്തിനു ശേഷം നിയമനം ലഭിച്ചവരെല്ലാം 2005-നു ശേഷം സർവ്വീസിൽ നിന്നു വിരമിച്ചു.   ജീവനക്കാരുടെ എണ്ണത്തിൽ യാതൊരു വർദ്ധനവും ഉണ്ടാകുന്നില്ല എന്നത്‌ വിസ്മയകരമായ യാഥാർത്ഥ്യമാണ്‌.   അതുപോലെ, ജീവനക്കാരുടെ ചേരുവയിൽ വന്ന മാറ്റവും ശ്രദ്ധേയമാണ്‌. സ്വീപ്പർ തസ്തികയിൽ സ്ഥിരം നിയമനം നടത്തുന്നതിൽ എല്ലാ ബാങ്കുകളും പിറകിലാണ്‌. ദിവസക്കൂലി അടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയോഗിച്ച്‌ നടത്തുന്ന ചൂഷണ രീതി ചില സ്ഥാപനങ്ങളിൽ മനുഷ്യാവകാശ ലംഘനം പോലുമായി തീരുന്നുണ്ട്‌. പ്യൂൺ നിയമന കാര്യത്തിലും ബാങ്കുകൾ വളരെയധികം ഉദാസീനരാകുന്നതായി കാണാം. ക്ളർക്കുമാരുടെ നിയമനം വരുമ്പോഴും വളരെ കർക്കശ സമീപനമാണ്‌ ബാങ്കുകൾ അവലംബിച്ച്‌ വരുന്നത്‌. ഈ തസ്തികകളിൽ നിയമനം നടക്കാത്തതിനാൽ ബാങ്ക്‌ ശാഖയുടെ കൗണ്ടറിൽ വരുന്ന സാധാരണക്കാർക്കുള്ള സർവ്വീസ്‌ ഗണ്യമായി വെട്ടിച്ചുരുക്കുന്നതിന്‌ ഇടയാകുന്നു. മാത്രവുമല്ല, മേൽ പറഞ്ഞ ജോലികൾ ലഭിക്കാൻ സാധ്യതയുള്ള സാധാരണക്കാരുടെ തൊഴിൽ അവസരവും നഷ്ടമാകുന്നു. എന്നാൽ, ഓഫീസർ തസ്തികയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ബാങ്കധികാരികൾ അതീവ തല്പരരാണ്‌. എക്സിക്യൂട്ടീവ്‌ ഉദ്യോഗസ്ഥരുടെ നിയമനക്കാര്യം വരുമ്പോൾ ബാങ്കുകൾ കൂടുതൽ ഉദാരമായ സമീപനം പുലർത്തുന്നതായും കാണാം. നിയമനങ്ങളിലെ ഈ വിചിത്ര നിലപാട്‌ ബോധപൂർവ്വമാണ്‌.     സമ്പന്നരായ ഇടപാടുകാർക്ക്‌ വിശിഷ്ടമായ സേവനം നൽകുന്നതിന്‌ വേണ്ടിയുള്ള സാഹചര്യമൊരുക്കലാണ്‌ ഇത്‌. മാത്രവുമല്ല ഓഫീസർ വിഭാഗത്തെ മാനേജ്മെന്റിന്റെ ഭാഗഭാക്കായി ചിത്രീകരിച്ച്‌ അവർക്ക്‌ അമിത ജോലി ഭാരവും ദീർഘിപ്പിച്ച ജോലി സമയവും അടിച്ചേൽപ്പിക്കുന്ന ശൈലി ബാങ്കുകളിൽ വ്യാപകമാണിന്ന്‌. ഉന്നത എക്സിക്യൂട്ടീവുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്‌ ധൂർത്തും ആഢംബര ചിലവുകളും പെരുകുന്നതായും കാണാം. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ബാങ്ക്‌ തകർച്ചയുടെ കാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടുള്ളത്‌, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കനത്തതായിരുന്നു എന്നാണ്‌.   ജോലി ചെയ്യുന്നവരെക്കാൾ കൂടുതൽ പേർ ജോലി ചെയ്യിപ്പിക്കുന്നവരാണ്‌.  ഉത്തരവ്‌ നൽകിക്കൊണ്ട്‌ എ.സി. ക്യാബിനിലിരുന്നു ഫോൺ ചെയ്യുന്നവരുടെ ഒരു വൻ പട ബാങ്കുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  തൊഴിൽ തർക്ക നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വംശനാശം വരുത്തി,  ബാങ്കുകളിൽ നിന്ന്‌ ട്രേഡ്‌ യൂണിയനുകളെ തുരത്തുകയെന്ന സാമ്രാജ്യത്വ അജണ്ടയാണ്‌ ഇന്ത്യയിലെ ബാങ്കുകൾ നടപ്പിലാക്കുന്നത്‌.  യൂണിയനുകളുടെ ക്ഷീണം ഓഫീസർ സംഘടനകളുടെ പ്രവർത്തനങ്ങളെയും ക്ഷയിപ്പിക്കുമെന്നവർക്കറിയാം.

കടന്നുവരുന്നവരുടെ കൊഴിഞ്ഞുപോക്ക്‌

    ബാങ്കുകളിൽ നാമമാത്രമായെങ്കിലും നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ മറ്റ്‌ ഉദ്യോഗങ്ങൾ ലഭിക്കുന്ന മാത്രയിൽ തന്നെ ബാങ്കുകളിൽ നിന്നും  കൊഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നതായി കാണാം. പലർക്കും നല്ല ജോലി തേടുന്നതിന്‌ മുമ്പുള്ള ഒരു ഇടത്താവളമാണ്‌ ബാങ്ക്‌ ജോലി. ഉദ്യോഗാർത്ഥികൾ ഇതര മേഖലകളിലേക്ക്‌ പാലായനം നടത്തുന്നതിന്റെ മുഖ്യ കാരണം ബാങ്കുകളിലെ വേതന ഘടനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശോഷണമാണ്‌. ഒരുവേള സമൂഹത്തിൽ ഏറ്റവും അധികം ശമ്പളം ലഭിച്ചിരുന്ന (ഉയർന്ന വേതന ദീപ്‌ നിവാസികൾ)  വിഭാഗമായിരുന്നു ബാങ്ക്‌ ജീവനക്കാരെങ്കിൽ ഇന്ന്‌ സ്ഥിതിയാകെ മാറി.  കേരളത്തിലെ KSFE എന്ന ധനകാര്യ സ്ഥാപനത്തേക്കാൾ താഴ്ന്ന വേതന ഘടനയാണ്‌ ബാങ്കുകളിൽ ഇന്ന്‌ നിലനിൽക്കുന്നത്‌.  പുതിയ ശമ്പളക്കരാർ കാലാവധി 2012 ഒക്ടോബർ 31-ന്‌ അവസാനിച്ചുവെങ്കിലും മാന്യമായ ഒരു ശമ്പള പരിഷ്കരണം നടപ്പാക്കി ഗുണമേന്മയുള്ള ഒരു തൊഴിൽ ശക്തിയെ ബാങ്കിലേക്ക്‌ ആകർഷിക്കാനുള്ള യാതൊരു കർമ്മ പദ്ധതിയും ബാങ്കുടമകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷനിൽ (IBA) നിന്നും വരുന്നില്ല.

      മാത്രവുമല്ല, ശമ്പള പരിഷ്കരണ ചർച്ചകളിൽ ജീവനക്കാരുടെ തൊഴിൽ സംസ്ക്കാരത്തിന്‌ മൗലികമായ മാറ്റങ്ങൾ വരുത്തണമെന്ന ബദൽ നിർദ്ദേശമാണ്‌ IBA മുന്നോട്ടു വച്ചിരിക്കുന്നത്‌. പുതിയ തലമുറ ബാങ്കുകളിൽ നിലവിലുള്ള Cost to Company സമ്പ്രദായവും Performance Linked Wages -രീതിയും പൊതുമേഖലാ  ബാങ്കുകളിലും പ്രാവർത്തികമാക്കണമെന്നതാണ്‌ നിർദ്ദേശം.  ഇത്‌ സ്ഥിരം ജോലി സമ്പ്രദായം തന്നെ അവസാനിപ്പിക്കുന്നതിലേക്ക്‌ കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും.  ഓരോ ജീവനക്കാരനും  വ്യത്യസ്ഥമായ ശമ്പള ഘടനയെന്നത്‌ കൂടുതൽ തൊഴിൽ ചൂഷണത്തിനും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും കാരണമായി തീരും. ഒരു മത്സരാധിഷ്ഠിത തൊഴിൽ സംസ്കാരം  സൃഷ്ടിച്ചുകൊണ്ട്‌ ഒരു സ്ഥാപനത്തിനോടും പ്രത്യേക പ്രതിബദ്ധതയില്ലാത്ത (commitment to the profession, not to the organisation) തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിനാണ്‌ അധികാരികളുടെ ശ്രമം.  ജീവനക്കാർ ഒരു ലാവണത്തിൽ നിന്നും മറ്റൊന്നിലേക്ക്‌ യഥേഷ്ടം കൂടുമാറുന്ന സമ്പ്രദായം ബാങ്കിംഗ്‌ പോലുള്ള സേവന മേഖലക്ക്‌ ഒട്ടും അഭികാമ്യമല്ല.

പുറംകരാർ സമ്പ്രദായം വ്യാപകം

    ബാങ്കുകളിലെ കാതലായ ജോലികൾ പുറം കരാർ ഏജൻസികൾക്ക്‌ നല്കരുത്‌ എന്നതാണ്‌ സംഘടനകളും ബാങ്കുടമകളുമായി എത്തിച്ചേർന്നിരിക്കുന്ന കരാർ.  എന്നാൽ ഇന്ന്‌ ബാങ്കുകളിലെ ഏതാണ്ട്‌ എല്ലാ ജോലികളും കരാർ ഏജൻസികൾക്ക്‌ നല്കുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌. ബാങ്കുകളുടെ തന്ത്രപ്രധാനമായ ജോലികളും രഹസ്യ സ്വഭാവം കാത്ത്‌ സൂക്ഷിക്കേണ്ടതായ കൃത്യങ്ങളും പുറം കരാർ ഏജൻസികൾക്ക്‌ നൽകുന്നത്‌ വ്യവസായത്തിന്റെ തിരിച്ചടികൾക്ക്‌ കാരണമാകും. എക്കൗണ്ട്‌ തുറക്കുന്നതും ചെക്ക്‌ ബുക്ക്‌ നൽകുന്നതും എ.ടി.എം. നടത്തുന്നതുമൊക്കെ പുറം കരാർ ഏജൻസികളാണ്‌ ഇപ്പോൾ നിർവ്വഹിച്ചു വരുന്നത്‌. ഏറ്റവും അവസാനം ബാങ്കുകളിൽ നടപ്പാക്കിയ ചെക്ക്‌ ട്രങ്കേഷൻ സിസ്റ്റം (CTS) പ്രകാരമുള്ള ക്ളിയറിങ്ങ്‌ ജോലി പോലും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച്‌ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ബാങ്കുകൾ മാറിനിൽക്കുകയാണ്‌. ഇന്ത്യയിൽ ചെന്നൈ, മുംബൈ, ഡെൽഹി തുടങ്ങിയ ഗ്രിഡുകളിലാണ്‌ CTS സംവിധാനത്തിലൂടെ ചെക്ക്‌ ക്ളിയറിങ്ങ്‌ പ്രവർത്തനം നടന്നു വരുന്നത്‌. രാജ്യത്തിന്റെ എല്ലാ ശാഖകളിൽ നിന്നുമുള്ള ചെക്കുകളുടെ ഫോട്ടോ (ഇമേജ്‌) മാത്രമാണ്‌ ഗ്രിഡുകളിൽ എത്തിച്ചേരുന്നത്‌. ഈ ഫോട്ടോ രേഖ പ്രകാരമാണ്‌ എല്ലാ ക്ളിയറിങ്ങ്‌ ഇടപാടുകളും നടക്കുന്നത്‌. ഈ മൂന്ന്‌ ഗ്രിഡുകളിലും വലിയ അദ്ധ്വാനഭാരമുണ്ടാവുക സ്വാഭാവികം മാത്രം. വൈവിദ്ധ്യമാർന്ന സംസ്ക്കാരങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥമായ അവധി ദിവസങ്ങളും മറ്റും സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. കൃത്യമായ ഒരു മുന്നൊരുക്കവും നടത്താതെ, മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാതെ CTS ന്റെ മുഴുവൻ ജോലികളും പുറമെയുള്ള സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരിക്കുന്നതിൽ വലിയ അപകടമാണ്‌ പതിയിരിക്കുന്നത്‌.

    ATM ൽ കറൻസി നിറയ്ക്കുന്ന ജോലിയും പുറം കരാർ ഏജൻസികൾക്ക്‌ നൽകുക വഴി കള്ളനോട്ട്‌ പ്രചരിപ്പിക്കാനുള്ള ഒരു ഉറവിടമാണ്‌ തുറന്ന്‌ വെക്കപ്പെട്ടിട്ടുള്ളത്‌. ATM ൽ നിറയ്ക്കാനായി ബാങ്കുകളിൽ നിന്നും നൽകുന്ന അതേ കറൻസികൾ തന്നെ അവയിൽ നിക്ഷേപിക്കുന്നില്ലെന്ന്‌ മാത്രമല്ല ലഭിക്കുന്ന മുഴുവൻ തുകയും ATM ൽ നിറക്കാതെ തിരിമറി ചെയ്യുന്ന സ്ഥിതിയും വ്യാപകമാണിന്ന്‌.  ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ എല്ലാ വിശുദ്ധിയും കളഞ്ഞ്‌ കുളിക്കുന്ന സമീപനമാണ്‌ വ്യാപകമായ ഔട്ട്‌ സോഴ്സിങ്ങിലൂടെ നടപ്പാക്കപ്പെടുന്നത്‌. സേവന കാര്യങ്ങളിൽ കുറവുണ്ടാകുമ്പോൾ  ഇടപാടുകാർ ശാഖകളിൽ വന്ന്‌ പരാതി ഉന്നയിച്ചാൽ പ്രസ്തുത ജോലി ഔട്ട്‌ സോഴ്സ്‌ ചെയ്തിരിക്കുന്നു എന്നാണ്‌ ബാങ്ക്‌ ശാഖകളുടെ വിശദീകരണം. എന്നാൽ അദൃശ്യനായ പുറം കരാർ ഏജൻസിയെ കണ്ടെത്താനാകാതെ ഇടപാടുകാർ വലഞ്ഞ്‌ നടക്കുന്ന ദുരനുഭവങ്ങൾ സർവ്വസാധാരണമായി തീരുന്ന സ്ഥിതിയാണ്‌ ഇന്ന്‌ ബാങ്കുകളിൽ നിലനിൽക്കുന്നത്‌. ATM സെക്യൂരിറ്റി, സ്വീപ്പർ, പ്യൂൺ തസ്തികകളുടെ ജോലികളും വ്യാപകമായ വിധം പുറം കരാർ ഏജൻസികൾക്കാണ്‌ നൽകിയിട്ടുള്ളത്‌. തന്മൂലം അവയിലുണ്ടാകുന്ന കുറവുകളും പിഴവുകളും ബാങ്കുകളുടെ കാര്യക്ഷമതയെ മാത്രമല്ല വിശ്വാസ്യതയെയും  ബാധിക്കുന്നതായി തീർന്നിരിക്കുന്നു. പുറം കരാർ ഏജൻസിക്ക്‌ ബാങ്കുകൾ വൻ തുക നൽകുകയും, എന്നാൽ യഥാർത്ഥ തൊഴിലാളിക്ക്‌ തുച്ഛമായ കൂലി ലഭ്യമാക്കുകയും ചെയ്യുന്ന ഒരു ചൂഷണ മുഖവും ഈ പ്രശ്നത്തിൽ അന്തർലീനമായിട്ടുണ്ട്‌. ബാങ്കുകളിൽ തന്നെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെയോ ഭരണ കക്ഷി രാഷ്ട്രീയക്കാരുടേയോ ബിനാമികളാണ്‌ മിക്ക പുറം കരാർ ഏജൻസിയുടെയും നടത്തിപ്പുകാർ എന്നുകൂടി തിരിച്ചറിയുമ്പോഴാണ്‌ ഔട്ട്‌ സോഴ്സിങ്ങ്‌ കൊള്ളയുടെ യഥാർത്ഥ ഉദ്ദേശ്യം ബോധ്യമാകുക.

ദൈന്യംദിന ബാങ്കിടപാടുകളും സ്വകാര്യ ഏജൻസിക്ക്‌

    ബാങ്കുകളിലെ അക്കൗണ്ട്‌ തുടങ്ങൽ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, സ്ഥിരം നിക്ഷേപങ്ങൾ,  വായ്പകൾ, RTGS ഡെബിറ്റ്‌ കാർഡുകൾ, ക്രെഡിറ്റ്‌ കാർഡുകൾ, ഇൻഷുറൻസ്‌, പെൻഷൻ, മ്യൂച്ചൽ ഫണ്ട്‌ തുടങ്ങിയ മുഴുവൻ പണികളും സ്വകാര്യ ഏജൻസികൾ മുഖേന നടപ്പിലാക്കാനുള്ള പുതിയ ഒരു പദ്ധതി ബാങ്കുകൾ നടപ്പിലാക്കി വരികയാണ്‌.  എല്ലാ പ്രതിലോമകരമായ പദ്ധതികളൂം നടപ്പിലാക്കുമ്പോൾ  പറയാറുള്ളതുപോലെ സാമ്പത്തികമായ ഉൾച്ചേർക്കലിനുവേണ്ടി എന്നതാണ്‌ ഈ പദ്ധതിയെ സംബന്ധിച്ചുമുള്ള അധികാരികളുടെ ഭാഷ്യം.  അതിന്റെ ഭാഗമായി കേരളത്തിലെ സംസ്ഥാനതല ബാങ്കേ​‍്ഴ്സ്‌ കമ്മിറ്റിയുടെ കൺവീനറായ കനറാ ബാങ്ക്‌ ഇക്കഴിഞ്ഞ ഡിസംബർ 23-ന്‌ കേരളത്തിൽ പ്രസ്തുത പദ്ധതിക്ക്‌ തുടക്കം കുറിച്ചു.  തിരുവനന്തപുരത്ത്‌ നേമത്തെ അക്ഷയ ഏജൻസിയിലൂടെയാണ്‌ പദ്ധതി ആരംഭിച്ചിരിക്കുന്നത്‌.  ഇതിലൂടെ ഒരു ഇടപാടുകാരന്‌ എല്ലാ ബാങ്കിടപാടുകളും നടത്തുന്നതിന്‌ സാധിക്കും. ആധാർ കാർഡിലൂടെയും നാഷണൽ  പോപ്പുലേഷൻ റെക്കാർഡ്സിൽ (NPR)  റെജിസ്റ്റർ ചെയ്തവർക്കും ഈ പദ്ധതിയിലൂടെ ഇടപാടു നടത്താം.  ആദ്യം കനറാ ബാങ്കും തുടർന്ന്‌ എല്ലാ ബാങ്കുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.  അക്ഷയ ഏജൻസിയെ കൂടാതെ രാജ്യത്തെ രണ്ട്‌ പ്രമുഖ കുത്തക കമ്പനികളും ഇത്തരത്തിലുള്ള ബാങ്ക്‌ പ്രവർത്തി നിർവ്വഹിക്കാനായി അനുമതി നല്കിയിട്ടുണ്ട്‌.  ഏജൻസികളിലൂടെ നടത്തുന്ന ഒരു പണമിടപാടിനും ബാങ്കുകൾക്ക്‌ ഉത്തരവാദിത്വമുണ്ടാവുകയില്ല.  ചുരുക്കത്തിൽ,  സാധാരണക്കാരായ ഇടപാടുകാരെ ബാങ്ക്‌ ശാഖകളിൽ നിന്നും പുറത്താക്കിക്കൊണ്ട്‌ അവരെ അനാഥരാക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്‌.   അവരുടെ ഇടപാടുകളുടെ സുരക്ഷിതത്വവും നഷ്ടപ്പെടും.  അതോടൊപ്പം 1991 മുതൽ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയെ വിദേശ കുത്തകൾക്ക്‌ അടിയറവെക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോല്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന തൊഴിലാളി സംഘടനകളെ ക്ഷയിപ്പിക്കലും ഒരു പ്രധാന ലക്ഷ്യമാണ്‌.

    ബാങ്ക്‌ കൗണ്ടറിലൂടെയും ക്യാബിനിലൂടെയും ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സ്വകാര്യ ഇൻഷുറൻസ്‌ ഉല്പന്നങ്ങൾ ഭീമമായ തട്ടിപ്പിലേക്കാണ്‌ നീങ്ങുന്നത്‌.  ഇൻഷുറൻസ്‌ കമ്പനി ക്ളെയിം നിഷേധിക്കുമ്പോൾ ബാങ്കുകളും കൈയൊഴിയുന്നു.  ഇൻഷുറൻസിൽ ചേർക്കാൻ നിർബന്ധിച്ച മാനേജരും മാർക്കറ്റിംഗ്‌ ഓഫീസറും അപ്പോഴേക്കും സ്ഥലം മാറിപ്പോയിരിക്കും.  ഇടപാടുകാർ ഒംബുഡ്സ്മാന്റെ തിണ്ണ നിരങ്ങി,  അടച്ച പ്രീമിയം നഷ്ടപ്പെട്ട്‌ നക്കാപ്പിച്ച എക്സ്ഗ്രേഷ്യയും വാങ്ങി മടങ്ങേണ്ടി വരുന്നു.  ബാങ്കുകൾ വിൽക്കുന്ന ഉല്പന്നങ്ങൾക്ക്‌ ബാങ്കുകൾ ഉത്തരവാദിത്വം ഏൽക്കാത്തത്‌ വിശ്വാസ വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. 

   
ബാങ്കിംഗ്‌ എന്നത്‌ സുപ്രധാനമായൊരു സേവനരംഗമാണ്‌. വിശ്വാസ്യതയിൽ പടുത്തുയർത്തപ്പെട്ട ഒരു മഹനീയ സംരംഭം. പറയുന്നത്‌ പ്രാവർത്തികമാക്കിയാലേ വിശ്വസനീയത പരിപാലിക്കാനാകൂ. മനുഷ്യ സാന്നിദ്ധ്യമാണ്‌ സേവന മേഖലയെ കൂടുതൽ ഊഷ്മളമാക്കുന്ന ഘടകം. എന്നാൽ തൊഴിൽ ശക്തിയെ ലഘൂകരിക്കുക എന്നതാണ്‌ സർക്കാരിന്റെയും ബാങ്കധികാരികളുടെയും പുതിയ ലക്ഷ്യം. പ്രതിബദ്ധതയിലൂടെ നേടിയെടുക്കാനാവുന്ന ഒന്നാണ്‌ വിശ്വസനീയത. പക്ഷേ പ്രതിബദ്ധതയില്ലാത്ത ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കലാണ്‌ ബാങ്കുകളിലെ മാനുഷിക വികസന ഡിപ്പാർട്ടുമെന്റുകൾ ഏറ്റെടുത്തിട്ടുള്ള ദൗത്യം. ന്യായമായ ലാഭം നേടുക എന്നത്‌ പാപമല്ല. പക്ഷേ എങ്ങിനെയും ലാഭം തേടാനുള്ള വ്യഗ്രതമൂലം, മൂല്യങ്ങളിൽ നിന്നും മാന്യതയിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ്‌ ബാങ്കുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. കുബേരന്മാരെയല്ല, ശതകോടി സാധാരണക്കാരെയാണ്‌ ഇതുമൂലമുണ്ടാകുന്ന ദുരനുഭവങ്ങൾ തേടിയെത്തുക.  അരാജകത്വത്തിലേക്കുള്ള മടക്കയാത്രയാണിത്‌.  ഇതൊരു തത്വശാസ്ത്രവും നയപരിപാടിയുമാണ്‌.  ഈ നയങ്ങളിൽ കോൺഗ്രസ്സിനും ബിജെപിക്കും ഏകമനസ്സാണ്‌.   ഇരുവരും ഒരുപോലെ താലോലിക്കുന്ന നയസംഹിതയാണിത്‌.  ഈ നയങ്ങൾക്കെതിരായ ഒരു അവകാശ പത്രികയാണ്‌ ബാങ്കു ജീവനക്കാർ മുന്നോട്ടുവെക്കുന്നത്‌.  നമുക്ക്‌ പ്രതിരോധം സൃഷ്ടിക്കണം.

    ജനകീയ ബാങ്കിംഗിനു മേൽ അവസാന ആണിയടിക്കുന്നതിന്‌ മുമ്പായി പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂട്ടായ്മ രൂപപ്പെടുത്തുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗം. മനുഷ്യ കൂട്ടായ്മയ്ക്ക്‌ ഏതു ജനവിരുദ്ധ നയത്തേയും തിരുത്തിക്കാനാകുമെന്നതിന്‌ ചരിത്രമാണ്‌ സാക്ഷ്യം.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌


വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

No comments: