Friday, February 28, 2014

മത്സ്യത്തൊഴിലാളികള്‍ ജീവിക്കേണ്ടെന്നോ?

തീര പരിസ്ഥിതി സംരക്ഷണം പരമലക്ഷ്യമിട്ട് കൊണ്ടുവന്ന തീരദേശനിയന്ത്രണനിയമം (2011) നിര്‍ഭാഗ്യവശാല്‍ മത്സ്യത്തൊഴിലാളികളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. എന്തുകൊണ്ടെന്നാല്‍, കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന യാഥാര്‍ഥ്യം ഈ നിയമം അംഗീകരിക്കുന്നില്ല; അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നില്ല; തൊഴില്‍സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പ് വരുത്തുന്നില്ല. കടപ്പുറത്ത് ഒരു കൂരവച്ച് അന്തിയുറങ്ങാനുള്ള അവകാശംപോലും ഈ നിയമം കവര്‍ന്നെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ അന്യവല്‍ക്കരണത്തിലേക്കും പുറംതള്ളലിലേക്കും നയിക്കുന്ന തീരദേശനിയന്ത്രണ നിയമം വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ഥം കരുപ്പിടിപ്പിച്ച ഒന്നാണ്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കടപ്പുറവും തീരക്കടലും കൈയേറി സ്വന്തമാക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികനിയമത്തിന്റെ അന്തഃസത്തതന്നെയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.

കടലിലെ സമ്പന്നമായ ജൈവവൈവിധ്യവും കായലിന്റെയും കടലിന്റെയും ദൃശ്യഭംഗിയും ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുകയാണിവിടെ. അതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നത് കടലിന്റെ മക്കളുടെ ജീവിതസ്വപ്നങ്ങളാണ്.

ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991ല്‍തന്നെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പഴയ തീരദേശ നിയന്ത്രണ നിയമ(1991)ത്തിന് രൂപം നല്‍കിയത്. ഉദാരവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്ന മുറയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഉതകുംവിധം എല്ലാ തടസ്സങ്ങളും നീക്കുന്നതിന് പലപ്പോഴായി ഈ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവന്നു. എന്നാല്‍, അതുകൊണ്ടൊന്നും കോര്‍പറേറ്റുകള്‍ തൃപ്തരല്ല എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതിന് 2004ല്‍ ഡോ. എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചത്. തീരപരിസ്ഥിതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കരട് തീരദേശപരിപാലനിയമം (CM2, 2008) സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്തയില്‍നിന്ന് വ്യതിചലിച്ച് കോര്‍പറേറ്റ് അജന്‍ഡകള്‍ തീരദേശമേഖലയില്‍ നടപ്പാക്കുന്നതിന് നിയമപരിരക്ഷ നല്‍കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ ട്രേഡ്യൂണിയനുകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതിനെത്തുടര്‍ന്ന് ഇങ2 വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ആ നിയമത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന്, എം എസ് സ്വാമിനാഥന്‍ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ (CR2, 1991) ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശ നിയന്ത്രണ നിയമത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അതീവ ലോലമായ തീര പരിസ്ഥിതി സംരക്ഷിക്കുന്നതിനും അതിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും പ്രത്യേക ഊന്നല്‍ ഈ നിയമത്തില്‍ നല്‍കുന്നുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

പുതിയ തീരദേശനിയമമനുസരിച്ച് വേലിയേറ്റ രേഖയ്ക്കും വേലിയിറക്കരേഖയ്ക്കും ഇടയിലുള്ള പ്രദേശവും വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ തീരത്തുനിന്ന് 22 കി.മീ ദൂരംവരെയുള്ള അടിത്തട്ട് ഉള്‍പ്പെടെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും നിയന്ത്രണമേഖലയില്‍ വരുന്നു. കടലിനോട് ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് പിപിടിവരെ ഉപ്പുരസം കലര്‍ന്ന ഓരുജലപ്രദേശങ്ങളും അവയുടെ തീരത്തുനിന്ന് 100 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍പെടുന്നതാണ്. കായല്‍ദ്വീപുകളുടെ തീരത്തുനിന്ന് 50 മീറ്റര്‍ ദൂരംവരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച തീരദേശനിയന്ത്രണമേഖലയെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സിആര്‍ഇസഡ് I - പരിസ്ഥിതി ലോല പ്രദേശങ്ങള്‍, സിആര്‍ഇസഡ് II - മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, സിആര്‍ഇസഡ് III - ഗ്രാമപ്രദേശങ്ങള്‍, സിആര്‍ഇസഡ് IV - തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ (ജലപ്രദേശം), സിആര്‍ഇസഡ് V - പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും. സിആര്‍ഇസഡ് ഒന്ന്, പരിസ്ഥിതിലോലമായ പ്രദേശമായതുകൊണ്ട് ഈ മേഖലയില്‍ പുതിയ വീടുകളുടെ നിര്‍മാണം അനുവദനീയമല്ല. ഈ പ്രദേശത്ത് നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണമോ അറ്റകുറ്റപ്പണിയോ അനുവദനീയമാണോ എന്ന കാര്യത്തില്‍ നിയമത്തില്‍ വ്യക്തത കാണുന്നില്ല.

അറ്റകുറ്റപ്പണികള്‍ക്ക് കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടിവരും. സിആര്‍ഇസഡ് രണ്ട് മേഖലയില്‍ നിലവിലുള്ള റോഡിനോ നിയമാനുസൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ കിഴക്കുഭാഗത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍, പടിഞ്ഞാറുഭാഗത്ത് നിര്‍മാണം അനുവദിക്കുന്നില്ല. പഴയ വീടുകളുടെ അറ്റകുറ്റപ്പണി കിഴക്കുഭാഗത്ത് അനുവദനീയമാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശഭൂമിയില്‍ നിര്‍മിച്ചതും തദ്ദേശസ്ഥാപനങ്ങള്‍ നമ്പരിട്ട് നല്‍കാത്തതുമായ വീടുകള്‍ (സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളും ഇതില്‍പെടും) നിയമാനുസൃതമല്ലാതാകുന്നു. അവയ്ക്കെതിരെ ഏതുസമയത്തും നിയമനടപടികള്‍ സ്വീകരിക്കാം. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന CR2 IIIല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമായി അനുവദിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അങ്ങനെയല്ലെന്ന് ബോധ്യമാവും.

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി ഒരു സംരക്ഷണവും അനുവദിക്കുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ പുറമെ നിന്നുള്ളവര്‍ ഈ മേഖലയില്‍ കടന്നു കയറി കാലാന്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും കടപ്പുറത്തുനിന്ന് പുറന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മൂലധന ശക്തികളും ടൂറിസ്റ്റ് മാഫിയകളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ മുതലെടുത്ത് മോഹവില കൊടുത്ത് അവരുടെ ഭൂമി കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കൈയടക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.

വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന നിരോധിത മേഖലയാണ്. വികസന നിരോധിത മേഖലയില്‍ സ്വാഭാവികമായും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. വേലിയേറ്റ രേഖയില്‍നിന്ന് 100 മീറ്റര്‍ വരെയുള്ള മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ളതും തദ്ദേശസ്ഥാപനങ്ങളുടെ അനുവാദത്തോടെ നിര്‍മിച്ചതുമായ പഴയ ഭവനങ്ങളുടെ പുനര്‍നിര്‍മാണം അനുവദിക്കുന്നുണ്ട്. പക്ഷേ, കെട്ടിടത്തിന്റെ തറവിസ്തീര്‍ണം കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെതന്നെ വീട് വച്ച് താമസിക്കുന്നവരാണ്. പുതിയ തീരദേശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഈ വീടുകളെല്ലാം നിയമ വിധേയമല്ലാതാവുകയും പൊളിച്ചു നീക്കപ്പെടാവുന്ന അവസ്ഥ ഉണ്ടാവുകയുംചെയ്യും. ഈ മേഖലയില്‍ 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഈ പ്രദേശത്ത് പുതിയ വീടുകള്‍ പണിയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മത്സ്യത്തൊഴിലാളികളെ ചുവപ്പുനാടയുടെ കുരുക്കില്‍പ്പെടുത്തി ഫലത്തില്‍ പാര്‍പ്പിട നിര്‍മാണത്തിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. വികസനരഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന വി എസ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെയും ആവശ്യം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല എന്നത് ഖേദകരമാണ്.

തീരപ്രദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികളും പാര്‍പ്പിടവും സംരക്ഷിക്കാതെ പരിസ്ഥിതിമാത്രം സംരക്ഷിച്ചാല്‍മതിയെന്നത് കേവല പരിസ്ഥിതിവാദമാണ്. ഇതിനോട് യോജിക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയില്ല. കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണനാര്‍ഹ മേഖലകള്‍ എന്ന നിലയില്‍ 50 മീറ്റര്‍വരെയുള്ള കരപ്രദേശങ്ങള്‍ തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതാണ്. ഇവിടെ CRZI, CRZII, CRZIII മേഖലകളില്‍ പാര്‍പ്പിട നിര്‍മാണത്തിന് നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ബാധകമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വച്ച് അന്തിയുറങ്ങാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശ നിയന്ത്രണ നിയമം (2011) മൂലം സംജാതമാകുന്നത്. ഏറ്റവും വിരോധാഭാസമായി തോന്നിയത് തീരദേശ നിയന്ത്രണ മേഖലയില്‍ (CRZII) 20,000 ച. മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകള്‍ അനുവദനീയമാണ് എന്നതാണ്. പുതിയ തീരദേശനിയന്ത്രണ നിയമം മൂലധനശക്തികളുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

*
എസ് ശര്‍മ ദേശാഭിമാനി

No comments: