Friday, February 21, 2014

പങ്കിടുന്നത് നാടിന്റെ ഹൃദയവേദന

കേരളരക്ഷാ മാര്‍ച്ച് എവിടെയെത്തി എന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി ചോദിച്ചത് കേട്ടത്. ആ ചോദ്യത്തിനുള്ള ഉത്തരമായിട്ടുകൂടിയാകണം, മറ്റൊരിടത്തുമില്ലാത്ത ആവേശാധിക്യത്തോടെയാണ് മലപ്പുറംജില്ല ഞങ്ങളെ സ്വീകരിക്കുന്നത്. ചൊവ്വാഴ്ചത്തെ ജാഥാസമാപനം താനൂരിലായിരുന്നു. തിരൂരില്‍നിന്ന് താനൂരിലേക്കുള്ള വഴിയില്‍ ഒരോമീറ്ററും സഞ്ചരിക്കാന്‍ ജാഥാവാഹനങ്ങള്‍ പാടുപെട്ടു. കിലോമീറ്റുകള്‍ നീളത്തില്‍ ഇരുചക്രവാഹനങ്ങളുടെ റാലി. വലിയ വാഹനങ്ങളില്‍ യുവാക്കളുടെ ചെറുസംഘങ്ങള്‍. താനൂര്‍പട്ടണം തിങ്ങിനിറഞ്ഞ ജനക്കൂട്ടം. മലപ്പുറംജില്ലയില്‍ എത്തിയതുമുതല്‍ സമാനമായ അവസ്ഥയാണ്. ബുധനാഴ്ച പരപ്പനങ്ങാടിയില്‍ തുടങ്ങി അത്താണിക്കല്‍, കൊണ്ടോട്ടി, വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മലപ്പുറത്താണ് മാര്‍ച്ച് സമാപിച്ചത്.

തിരൂരിലും താനൂരിലും ഞങ്ങളെ എതിരേല്‍ക്കാന്‍ വനിതകളുടെ ബാന്‍ഡ് സംഘമുണ്ടായിരുന്നു. വനിതകളുടെ വലിയതോതിലുള്ള സാന്നിധ്യംതന്നെയാണ് വയലാര്‍മുതലുള്ള സ്വീകരണകേന്ദ്രങ്ങളിലെ എടുത്തുപറയാവുന്ന സവിശേഷത. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ ഏറ്റവും കടുത്ത രീതിയില്‍ അനുഭവിക്കുന്നത് അവരാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്നായി വെട്ടിമുറിച്ചു. അവയെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു നടപടിയുമില്ല. അതുകൊണ്ടുതന്നെ കുടുംബശ്രീ, ശുചിത്വമിഷന്‍, തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പദ്ധതികള്‍ താളംതെറ്റുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാണ് ഇവയുടെ സംഘാടനം.

ജാതി- മത- രാഷ്ട്രീയഭേദമില്ലാതെ അയലത്തുകാരെല്ലാം ഒന്നിച്ചുചേരുന്ന വേദിയാണ് കുടുംബശ്രീ. അതിനെ തകര്‍ക്കുന്നതിന് ജനശ്രീക്ക് രൂപംനല്‍കിയതും പടിപടിയായി കുടുംബശ്രീക്ക് തുരങ്കംവയ്ക്കുന്നതും യുഡിഎഫാണ്. കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന പല പദ്ധതികളും തട്ടിയെടുക്കുന്നു. നാലുശതമാനം പലിശ നിശ്ചയിച്ച് വായ്പ നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി യുഡിഎഫ് പൊളിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളിയതാണ്. അത് സഹകരണമേഖലയില്‍ നടപ്പാക്കാന്‍ ഇപ്പോഴും യുഡിഎഫ് തയ്യാറായിട്ടില്ല. പല ബാങ്കുകളും കുടുംബശ്രീക്ക് വായ്പ നല്‍കാന്‍ വിസമ്മതിക്കുന്നു. കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയ അട്ടിമറിക്കപ്പെടുകയാണ്. 1997 മുതല്‍ വികേന്ദ്രീകരണ സൂചികയില്‍ കേരളമായിരുന്നു ഒന്നാംസ്ഥാനത്ത്. യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുമ്പോഴേക്കും കേരളം മൂന്നാംസ്ഥാനത്തായി.

പാര്‍പ്പിടപദ്ധതികളുടെ ധനസഹായം ഉയര്‍ത്തി എന്ന പ്രഖ്യാപനമുണ്ടായി. പട്ടികവര്‍ഗങ്ങള്‍ക്ക് രണ്ടരലക്ഷവും മറ്റുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം. ചില്ലിക്കാശുപോലും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതലായി നല്‍കിയില്ല. ഇക്കാര്യത്തിനായി പണം നീക്കിവച്ചാല്‍ മറ്റു കാര്യങ്ങള്‍ക്ക് പണമില്ലാത്ത സ്ഥിതി ഉണ്ടാകും. ചുരുക്കത്തില്‍ പാര്‍പ്പിട നിര്‍മാണ പദ്ധതികളെല്ലാം അവതാളത്തിലാണ്. കേന്ദ്രപദ്ധതിയായ ഐഎവൈ പ്രകാരം 55,000 വീടാണ് വയ്ക്കാനുള്ളത്. ഇതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വീടൊന്നിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70,000 രൂപയാണ് ലഭിക്കുക. ബാക്കി മൊത്തം 715 കോടി രൂപ വേണം. ഇതിലേക്ക് 75,000 രൂപവച്ച് അധികമായി നല്‍കുമെന്ന് നിയമസഭയ്ക്കകത്തും പുറത്തും ഗ്രാമവികസന മന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചതാണ്. ഒരുരൂപപോലും കഴിഞ്ഞവര്‍ഷവും കൊടുത്തില്ല. ഇതിന്റെ ഫലമായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം മുഴുവന്‍ കേരളത്തിന് നഷ്ടപ്പെടാന്‍ പോവുകയാണ്.

മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തും ജനപിന്തുണയും തെളിയിക്കുന്ന സ്വീകരണങ്ങളായിരുന്നു ഓരോന്നും. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലടക്കം മാര്‍ച്ചിന് ലഭിച്ച ഉജ്വലവരവേല്‍പ്പ്, യുഡിഎഫ് ഭരണ വൈകല്യങ്ങള്‍ക്കെതിരായ ജനങ്ങളുടെ രോഷം പ്രതിഫലിപ്പിക്കുന്നതായി. മലപ്പുറത്തെ സമാപനവേദിയില്‍ അത്യുജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സംഘാടകരെപ്പോലും അമ്പരപ്പിച്ച ജനമുന്നേറ്റമാണ് അവിടെയുണ്ടായത്.

*
 പിണറായി വിജയന്‍

No comments: