Saturday, February 15, 2014

"ആം ആദ്മി"യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.

ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ ""ആം ആദ്മിയും ഇടതുപക്ഷവും"" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു.
പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്‍ന്നത്.

ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന്‍ സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന്‍ പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്‍പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന്‍ പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന്‍ അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.

നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (1999), ജനസഞ്ചയം (2003), പൊതു സമ്പത്ത് (2009) ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന്‍ ചെയ്യുന്നത്. രാജീവന്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്‍പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്‍പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന്‍ ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം.

രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല.

രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന്‍ ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര്‍ സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്-ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം.

മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന്‍ വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്‍ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്‍കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒ-ഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്‍പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്‍പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്‍പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്.

ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും.

എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്‍തുണ നേടിക്കൊടുത്തത്. സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്‍തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്‍പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും.

മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി - തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്‍കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന ""ജ്ഞാനത്തൊഴിലാളി""കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്‍പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്‍പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്.

ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്‍പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്‍പ് ""ജനസഞ്ചയ""ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിന്റെ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്‍റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്‍ടിയുണ്ടാക്കാന്‍ തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്.

ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിന്റെ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിന്റെ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് ""ജൈവ"" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിന്റെ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചത് പുകഴ്ത്തുന്നവര്‍, തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, ""ജനസഞ്ചയ""മായിരുന്നു. ഇതിന്റെ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്.

ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു.

ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി - ദളിത് - ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ""ഭരണകൂട ഭീകരത""യോടും ബ്രാഹ്മണ - സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. ""വ്യവസ്ഥാപിത - മുഖ്യധാരാ"" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിന്റെ ഭാഗമല്ല.

ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്ന ""ജനസഞ്ചയ""ത്തിന്റെ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന്‍ സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്റെ വിപ്ലവ സങ്കല്‍പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന്‍ സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്‍റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള ""പൗരസമൂഹ രാഷ്ട്രീയത്തില്‍"" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന്‍ സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്‍കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിന്റെയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല.

അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും ""നഗരശുദ്ധി""യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്‍കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും ""ജനസഞ്ചയ""ത്തിന്റെ ഭാഗമാണ്. ഇത്തരം, ""ജനസഞ്ചയ""ത്തിന്റെ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്.

സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിന്റെ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിന്റെ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.

കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിന്റെ വക്താക്കളില്‍നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. "സംശുദ്ധമായി" നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് ""ജൈവ"" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്‍റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിന്റെ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിന്റെ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച യാഥാര്‍ഥ്യമാകുക.

വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്‍പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

1 comment:

ജഗദീശ് എസ്സ് said...

ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

http://mljagadees.wordpress.com/2014/02/14/aap-food/