Tuesday, February 25, 2014

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

രണ്ട്‌ പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഏൽപ്പിച്ചിരിക്കുന്ന ആഘാതങ്ങൾ അതീവഗുരുതരമാണ്‌.  ധനമൂലധനം ചെലുത്തുന്ന സമഗ്രമായ ആധിപത്യത്തിന്റെ ഫലമായി രാജ്യത്തെ ജനാധിപത്യവും, ജനാധിപത്യ സ്ഥാപനങ്ങളും അതീവ ദുർബ്ബലമായിരിക്കുന്നു.

1991-ൽ വിദേശ നാണ്യശേഖരം ശൂന്യമായ സാഹചര്യത്തിന്റെ പേരിലാണ്‌ ഇന്ത്യ പുതിയ സാമ്പത്തിക നയത്തിലേക്ക്‌ ചുവട്‌ മാറ്റിയത്‌.  അതായത്‌ സമ്പദ്‌ വ്യവസ്ഥയിൽ ആവശ്യമായത്ര മൂലധനം സർക്കാരിന്റെ പക്കലില്ലാത്തതുകൊണ്ട്‌ വിദേശനിക്ഷേപങ്ങൾ എല്ലാ മേഖലകളിലേക്കും സ്വാഗതം ചെയ്യുകയെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌.  അങ്ങനെ സ്വദേശിയും വിദേശിയുമായ മൂലധനത്തിന്‌ സമസ്ത മേഖലകളിലും കടന്നുകയറാനും മുതൽ മുടക്കാനും ലാഭം നേടാനുമുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ടു.  ഇത്‌ രാജ്യത്ത്‌ വികസനവും, പുരോഗതിയും, മെച്ചപ്പെട്ട ജീവിതനിലവാരവും തൊഴിലുകളും ഉറപ്പ്‌ വരുത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.  ഈ നയംമാറ്റത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവൽക്കരിക്കപ്പെട്ടു.  1947-ൽ ആവിഷ്കരിച്ച വ്യവസായ നയം ഏറെക്കുറെ പൂർണ്ണമായിത്തന്നെ ഉപേക്ഷിക്കപ്പെട്ടു.  കുടിൽ വ്യവസായങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിങ്ങനെ ഉണ്ടായിരുന്ന വേർതി­രിവുകളും, സംരക്ഷണ ഭിത്തികളും ഇല്ലാതാക്കി.  കുത്തകനിയന്ത്രണ നിയമത്തിനു പകരം വിപണി മത്സരത്തിനുള്ള പുതിയ നിയമം നടപ്പിൽ വരുത്തിക്കൊണ്ട്‌ ഈ മേഖലകളെയൊക്കെ കടുത്ത മത്സരത്തിനു തുറന്നുകൊടുത്തു.  ഇതിന്റെ പരിണിതഫലമായി ദശലക്ഷക്കണക്കിന്‌ കുടിൽ-ചെറുകിട വ്യവസായങ്ങളാണ്‌ തകർന്നത്‌.  കോടിക്കണക്കിന്‌ ആളുകൾക്ക്‌ ജീവസന്ധാരണം നഷ്ടപ്പെട്ടു.

കാർഷിക മേഖലയിൽ പുതിയ സാമ്പത്തികനയം പ്രധാനമായും രണ്ട്‌ തരത്തിലാണ്‌ നടപ്പാക്കപ്പെട്ടത്‌.  ഒന്ന്‌, വിത്തിനും, വളത്തിനും, ജലത്തിനും, വൈദ്യുതിക്കും ലഭിച്ചിരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ അല്ലെങ്കിൽ ഇല്ലാതാക്കൽ.  രണ്ട്‌, പൊതു­മേഖലാ ബാങ്കുകളിൽ നിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന വായ്പകൾ നിർത്തലാക്കൽ.  ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു!  സ്വതന്ത്ര വ്യാപാരക്കരാറുകൾ വഴി വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്‌ ഒഴുകി.  വിപണിയിലെ ഇടത്തട്ടുകാരുടെ ചൂഷണവും, സംഭരണ-വിതരണ കാര്യങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ മുതൽ മുടക്കുന്നതിന്‌ സർക്കാർ കൂട്ടാക്കാത്തതും കൂടി ആയപ്പോൾ കാർഷികമേഖല തകർന്നു.  അങ്ങനെ ആത്മഹത്യയിൽ അഭയം തേടിയ ലക്ഷക്കണക്കിന്‌ കൃഷിക്കാരുടെ കഥകൾ നാം ഏറെ കേട്ടുകഴിഞ്ഞു.   ലക്ഷക്കണക്കിന്‌ ചെറുകിട-ഇടത്തരം കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി.  വലിയൊരു വിഭാഗം നഗരമേഖലകളിലേക്ക്‌ കുടിയേറാൻ നിര്‍ബന്ധിതരായി.  രാജ്യത്ത്‌ ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വിഘടനവാദ പ്രവണതകൾക്ക്‌ തഴച്ചുവളരാൻ വളക്കുറുള്ള മണ്ണൊരുക്കലാണ്‌ ഈ പ്രക്രിയയിലൂടെ നടക്കുന്നത്‌. 

ധനമേഖല പ്രധാന കേളീരംഗം

ബാങ്കിംഗ്‌, ഇൻഷുറൻസ്‌, ഓഹരി, കടപ്പത്ര, പണമേഖലകൾ ഉൾക്കൊള്ളുന്ന ധനമേഖലയാണ്‌ ആഗോളവൽക്കരണ നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേളീരംഗം.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിൽ പരിമിതമായ നേട്ടം മാത്രമേ സർക്കാരിന്‌ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ  എന്ന ധാരണ തീർത്തും തെറ്റാണ്‌.  49 ശതമാനമാണ്‌ സ്വകാര്യ മേഖലയുടെ പങ്കെങ്കിലും, ബാങ്കുകളുടെ നയങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നത്‌ ഇന്ന്‌ അവരാണ്‌.  ഓരോ വർഷാറുതിയിലും കൂടുതൽ കൂടുതൽ ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ്‌ ബാങ്കുകൾ.  തന്മൂലം ലാഭം കുറഞ്ഞ ബിസിനസ്സുകളിൽ നിന്ന്‌ അടിക്കടി പിൻവാങ്ങുകയും, ലാഭസാദ്ധ്യതയുള്ളതും, എന്നാൽ അപകടം പിടിച്ചതുമായ ഏർപ്പാടുകളിൽ കൂടുതൽ പണം മുടക്കുകയും ചെയ്യുകയാണ്‌ ബാങ്കുകൾ.  ഉൾച്ചേർന്ന വളർച്ചയെക്കുറിച്ച്‌ വായ്തോരാതെ പ്രചാരണം നടത്തുകയും, മറുവശത്ത്‌ എല്ലാ സേവനങ്ങളുടേയും നിരക്ക്‌ ഭീമമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  വായ്പകൾ നിഷേധിച്ചുകൊണ്ട്‌ ജനകോടികളെ ബാങ്കിംഗ്‌ മേഖലയിൽ നിന്ന്‌ പുറന്തള്ളുകയാണ്‌.

ഇൻഷുറൻസ്‌ മേഖലയിൽ സ്വകാര്യ-വിദേശ കമ്പനികൾക്ക്‌ വിപണി തുറന്നുകൊടുത്തുകൊണ്ട്‌ അനാരോഗ്യകരമായ മത്സരത്തിന്‌ കളമൊരുക്കുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി നൽകുന്ന പോളിസികൾക്ക്‌ ലഭ്യമായ സർക്കാർ ഗാരന്റി പിൻവലിക്കുകയും ചെയ്യുകയാണ്‌.  എൽ.ഐ.സി പ്രീമിയം ഇനത്തിൽ ശേഖരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയിൽ വലിയ പങ്കും ഓഹരിക്കമ്പോളത്തിലേക്കാണ്‌ ഇപ്പോൾ ഒഴുക്കുന്നത്‌.  ഒരു കാലത്ത്‌ രാജ്യത്തെ പശ്ചാത്തല സൗകര്യ പദ്ധതികൾക്കുവേണ്ടി സർക്കാർ വിനിയോഗിച്ചിരുന്ന ദീർഘകാല ധനസ്രോതസ്സായിരുന്നു ഈ പണം.

രാജ്യത്തെ ആഭ്യന്തര സമ്പാദ്യത്തിന്റെ മുഖഘടകങ്ങളാണ്‌ ബാങ്ക്‌ നിക്ഷേപങ്ങളും, ഇൻഷുറൻസ്‌ പ്രീമിയവും.  ഹ്രസ്വകാല-ഇടക്കാല വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്‌ ബാങ്കുകളും ദീർഘകാല വായപകൾ നൽകിയിരുന്നത്‌ ഇൻഷുറൻസ്‌  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു.  എന്നാൽ ഇപ്പോൾ ഈ സ്ഥാപനങ്ങളെല്ലാം വ്യവസായ-കാർഷിക മേഖലകളിൽ നിന്നുള്ള മൂലധനത്തെ ധനമൂലധനമാക്കി മാറ്റുന്ന പ്രക്രിയയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌.  ആഗോള മുതലാളിത്തം ചെയ്യുന്ന അതേ ധനവൽക്കണ (എശിമിരശമഹശമെശ്​‍ി) പരിപാടിയാണ്‌ ഇന്ത്യൻ ധനമേഖലയിലും ഇപ്പോൾ നടക്കുന്നത്‌. ??

ധനവൽക്കരണ പ്രക്രിയയുടെ ഇതരഘട്ടങ്ങൾ : പ്രൊവിഡന്റ്‌ ഫണ്ട്‌ - പെൻഷൻ പരിഷ്കാരങ്ങൾ

പുതിയ നിയമനിർമ്മാണത്തിലൂടെ കോടിക്കണക്കിന്‌ തൊഴിലാളികളുടെയും ജീവനക്കാരുടെയും പെൻഷൻ ഫണ്ട്‌; ഫണ്ട്‌ മാനേജർമാർ വഴി ഓഹരിക്കമ്പോളത്തിലേക്ക്‌ ഒഴുകിയിറങ്ങുകയാണ്‌.  ഇത്‌ മുഴുവൻ സർക്കാരിന്റെ സ്വന്തം വിഭവമായിരുന്നു.  ഇതുപയോഗിച്ചായിരുന്നു സർക്കാർ രാജ്യത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ഏറെയും നടത്തിയിരുന്നത്‌.  സ്വന്തം ഫണ്ടിന്റെ അപര്യാപ്തത നിമിത്തമാണ്‌ ആഗോളപ്രതിസന്ധിയുടെ ഘട്ടത്തിൽ മിക്ക വികസിത മുതലാളിത്ത രാജ്യങ്ങളിലും ഭരണകൂടങ്ങൾ കാഴ്ച്ചക്കാരായി നിന്നു പോയതെന്ന്‌ പല ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  നമ്മളും ആ വഴിയെ തന്നെയാണ്‌ പോകുന്നത്‌.

വിദേശ നാണ്യശേഖരം മെച്ചപ്പെടുത്തലായിരുന്നല്ലോ പുതിയ സാമ്പത്തിക നയത്തിന്റെ ഒരു പ്രഖ്യാപിത അജൻഡ.  ഏതാണ്ട്‌ 270 ബില്യൻ ഡോളറാണ്‌ ഇന്ത്യയുടെ വിദേശ നാണ്യശേഖരം.  അതിൽ 80 ബില്യൻ ഡോളറോളം വ്യാപരക്കമ്മി (കയറ്റുമതി) ഇറക്കുമതികൾ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിന്‌ വേണ്ടിവരും.  ഈ സാമ്പത്തിക വർഷത്തിൽ തിരിച്ചടക്കേണ്ട ഹ്രസ്വകാല വായ്പകൾ ഏതാണ്ട്‌ 172 ബില്യൻ ഡോളർ ആണ്‌.  അതായത്‌, 270 ബില്യൻ ഡോളർ കരുതൽ ശേഖരത്തിൽ 252 ബില്യൻ ഡോളറും ഉടൻ തീരുമെന്നർത്ഥം.  അപ്പോൾ കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ട്‌ എത്രമാത്രം നേട്ടമാണ്‌ ഈ രംഗത്ത്‌ നാം കൈവരിച്ചത്‌?

യഥാർത്ഥത്തിൽ, ഈ പ്രശ്നത്തിന്‌ കൂടുതൽ ആഴമേറിയ തലങ്ങളുണ്ട്‌.  മൂലധനത്തിന്റെ ആഗോള ഉദ്ഗ്രഥനവും (ശിലേഴൃമശ്​‍ി) വ്യാപനവുമാണല്ലോ ആഗോളവൽക്കരണം.  91-ലെ കുഴപ്പത്തിന്റെ മറ പിടിച്ച്‌ ഈ പ്രക്രിയ നമ്മുടെ രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടുവരികയാണുണ്ടായത്‌.  കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ബില്യൻ കണക്കിന്‌ ഡോളർ ഇന്ത്യൻ വിപണിയിലേക്കുവരുകയും, തിരികെപ്പോവുകയും ചെയ്തു.  ഇതിൽ സിംഹഭാഗവും എത്തിയത്‌ ഹ്രസ്വകാല നിക്ഷേപങ്ങളുടെ രൂപത്തിൽ ഓഹരി കമ്പോളത്തിലാണ്‌. നമ്മുടെ ഓഹരിക്കമ്പോളത്തിൽ വിദേശ നിക്ഷേപത്തിന്റെ തോത്‌ ഏകദേശം 65 ശതമാനമാണ്‌. ഇതിന്‌ ലാഭമുണ്ടാക്കിക്കൊടുക്കുന്ന പണി നിർവ്വഹിക്കുന്നതാകട്ടെ എൽ.ഐ.സി അടക്കമുള്ള നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും.  ഓഹരി കമ്പോളം മാന്ദ്യത്തിലായിരിക്കുമ്പോൾ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടുകയും കമ്പോളം മെച്ചപ്പെടുമ്പോൾ അവർ അത്‌ വിറ്റ്‌ ലാഭം കടത്തുകയും ചെയ്യുന്നു.  ഇങ്ങനെ അവർ വിൽക്കുന്ന ഓഹരി ഉയർന്ന വിലക്ക്‌ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌.

പ്രത്യക്ഷനിക്ഷേപത്തിന്റെ രൂപത്തിൽ എത്തുന്ന വിദേശ മൂലധനത്തിൽ നല്ലൊരു പങ്കും ഇന്ത്യയിലെ തന്നെ വ്യവസായികളുടേയും, രാഷ്ട്രീയ­-­ഉ­ദ്യോഗസ്ഥ പ്രമുഖരുടേയും കള്ളപ്പണമാണെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.  നികുതിവെട്ടിപ്പിന്‌ പേരു കേട്ട മൗറീഷ്യസ്‌, കേമാൻ ദ്വീപുകൾ, സിംഗപ്പൂർ, ദുബായ്‌ എന്നി രാജ്യങ്ങളിലൂടെയാണ്‌ ഇതിലേറെയും ഇന്ത്യയിലേക്ക്‌ എത്തുന്നത്‌.  ?യഥാർത്ഥ? വിദേശിയും വരും, അവർ താല്പര്യപ്പെടുന്ന മേഖലകളിൽ സ്വതന്ത്രവിഹാരത്തിന്‌ അവരെ അനുവദിക്കുകയാണെങ്കിൽ.  ആണവോർജ്ജം മുതൽ ബാങ്കിംഗും ഇൻഷുറൻസും ചില്ലറ വ്യാപാരവും, കൃഷിയും വരെയുള്ള മേഖലകളിൽ കണ്ണുംനട്ട്‌, ?ലോബി­യിംഗ്‌ ? നടത്തി അക്ഷമരായി കാത്തിരിക്കുകയാണ്‌ അവർ.  ഏറ്റവും അനുകൂലമായ സന്ദർഭത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതും കാത്ത്‌. 

ഇന്ത്യയിലേക്കെത്തിയ വിദേശമൂലധനം മറ്റൊരു കുഴപ്പത്തിന്റെ നാന്ദി

രാജ്യത്തിന്റെ ഇറക്കുമതിയിലുണ്ടായ ഭീമമായ വർദ്ധനവിന്റെ ചെലവ്‌ പേറിയത്‌ ഇങ്ങോട്ടെത്തിയ വിദേശമൂലധനമാണ്‌.  കൺസ്യൂമർ ഉൽപ്പന്നങ്ങൾ മുതൽ കൽക്കരി വരെ ഇന്ത്യയിൽ തദ്ദേശിയമായി ലഭ്യമായിരുന്ന അനവധി ഉൽപ്പന്നങ്ങളാണ്‌ നാം ഇറക്കുമതി ചെയ്തു കൂട്ടിയത്‌.  അതുകൂടാതെയാണ്‌ ഇന്ത്യയിലെ പുതുപ്പണക്കാരുടേയും ഉപരി മദ്ധ്യവർഗ്ഗത്തിന്റെയും സമ്പത്ത്‌ സൂക്ഷിക്കാൻ വേണ്ടി വന്‍തോതിലുള്ള സ്വർണ്ണം ഇറക്കുമതി തുടരുകയാണ്‌.  ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം നിമിത്തം കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വിദേശ വ്യാപാരക്കമ്മി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.  വിപണിയിൽ ധാരാളമായി എത്തിക്കൊണ്ടിരുന്ന വിദേശനിക്ഷേപം ഇതിനുവേണ്ട വിദേശ നാണ്യം പ്രദാനം ചെയ്തിരുന്നതുകൊണ്ട്‌ സർക്കാർ, വളരുന്ന കറന്റ്‌ എക്കൗണ്ട്‌ കമ്മിയെ തീരെ അവഗണിക്കുകയാണുണ്ടായത്‌.  എന്നാലിപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ക്ഷീണിതമായിത്തീരുകയും, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുപ്പിന്റെ ചില ചെറിയ പൊടിപ്പുകൾ അവിടവിടെ പ്രത്യക്ഷപ്പെടൂകയും ചെയ്തതോടെ വിദേശ നിക്ഷേപത്തിന്റെ വരവ്‌ കുറയുകയും, ഉണ്ടായിരുന്ന നിക്ഷേപങ്ങൾ തിരിച്ചൊഴുകാൻ തുടങ്ങുകയും ചെയ്തു.  വിപണിയെ നയിക്കുന്നത്‌ ഊഹവും, കൂട്ടമനസ്ഥിതിയുമാണല്ലോ (herd mentality).  അങ്ങനെ ഒഴുക്കിന്റെ  തോത്‌ ശക്തിപ്പെടുകയും അത്‌ രൂപയുടെ കനത്ത മൂല്യത്തകർച്ചയിലേക്ക്‌ വഴിതെളിക്കുകയും ചെയ്തു. 

ഇന്ത്യയുടെ ആഭ്യന്തര ധന വിഭവങ്ങൾ ആഗോളമൂലധനം തട്ടിയെടുക്കുന്നതിനെക്കുറിച്ച്‌ നേരത്തെ വിശദീകരിച്ചു.  ഈ തട്ടിയെടുക്കൽ പ്രക്രിയ പ്രകൃതി വിഭവങ്ങളിലേക്കും നീളുകയാണ്‌. 2ജി സ്പെക്ട്രത്തിൽ തുടങ്ങി, കൽക്കരിപ്പാടങ്ങൾ, കൃഷ്ണ-­ഗോദാവരി തടത്തിലെ വാതകശേഖരം, ആന്ധ്ര-കർണ്ണാടക സംസ്ഥാനങ്ങളിലെ ഇരുമ്പയിര്‌ നിക്ഷേപം, കേരള തീരത്തെ ഇൽമനൈറ്റ്‌ ശേഖരം എന്നിങ്ങനെ സ്വകാര്യമൂലധനം ചുളുവിൽ തട്ടിയെടുക്കുന്ന പ്രകൃതിവിഭവങ്ങളുടെ പട്ടിക നീളുകയാണ്‌.  ചങ്ങാത്തമുതലാളിത്തം എന്ന മുതലാളിത്ത ഉദ്യോഗസ്ഥ അധികാരിവർഗ്ഗ ദുഷിത വലയം വളരുന്നതും, അഴിമതിയിലൂടെ ട്രില്യൻ കണക്കിന്‌ പണം തട്ടിയെടുക്കുന്നതും ഇന്ത്യയിൽ സാധാരണ സംഭവമായിരിക്കുന്നു.  രഹസ്യ ബാങ്ക്‌ എക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഏറ്റവും പുതിയ പങ്ക്‌ ഇന്ന്‌ ഇന്ത്യൻ മുതലാളിമാരുടേയാണ്‌.

സർക്കാർ പിന്മാറി; മുതലാളിമാർ ഭരണം പിടിച്ചെടുത്തു

ആഗോളവൽക്കരണത്തിന്റെ മുഖമുദ്രകൾ സർക്കാരിന്റെ പിൻവാങ്ങലും സ്വകാര്യമൂലധനത്തിന്റെ മേൽക്കയ്യുമാണ്‌.  കമ്മിപ്പണത്തിന്‌ നിയമപരമായിത്തന്നെ പരിധി നിശ്ചയിച്ചുകൊണ്ടാണ്‌ ഈ അജന്‍ഡ നടപ്പാക്കിയത്‌.  ഇതിന്റെ ഫലമായി സർക്കാരിന്റെ ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടു.  വെട്ടിക്കുറച്ചതാകട്ടെ സബ്സിഡി, പൊതുവിതരണ സംവിധാനത്തിനുവേണ്ട ചെലവുകൾ, ക്ഷേമപദ്ധതികൾ എന്നിവയിലാണ്‌.  ഇത്‌ ഒരു വശത്ത്‌ ജനങ്ങളുടെ ക്രയശേഷി കുറയ്ക്കുകയും മറുവശത്ത്‌ വിലക്കയറ്റത്തിന്‌ കാരണമാകുകയും ചെയ്തു.  രൂപയുടെ വിലയിട്വ്‌ കൂടി വന്നതോടെ വിലക്കയറ്റം ആകാശം തൊടുന്ന രൂപത്തിലായി.

ഇന്ത്യയിലെ തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന മുരടിപ്പാണ്‌ മറ്റൊരു പ്രതിസന്ധി.  കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ശരാശരി ആഭ്യന്തര മൊത്ത വളർച്ച 7.5 ശതമാനമാണെങ്കിൽ തൊഴിൽ രംഗത്തെ ഇതേ കാലയളവിലെ വളർച്ച വെറും 0.75 ശതമാനം മാത്രമാണ്‌.  അപ്പോൾ, സർക്കാർ പെരുമ്പറയടിക്കുന്ന വളർച്ച തൊഴിൽ സൃഷ്ടിക്കലിൽ പ്രതിഫലിക്കുന്നില്ല എന്നാണ്‌ അർത്ഥം.  വികസനത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പം കാണാൻ കഴിയും.  പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെ തോത്‌ 1985-ലേതിനേക്കാൾ താഴെയാണെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌.  പോഷകാഹാര ലഭ്യത, ശിശുമരണ നിരക്ക്‌, സാക്ഷരത, മാതൃമരണ നിരക്ക്‌, ലിംഗപദവി എന്നിങ്ങനെയുള്ള മിക്ക ജീവിതനിലവാര മാനദണ്ഡങ്ങളിലും ഇന്ത്യ ബഹുകാതം പിന്നോട്ട്‌ പോയിരിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ മാനവവികസന സൂചികയിൽ ഇപ്പോൾ ഇന്ത്യയുടെ  സ്ഥാനം നേപ്പാളിനും ബംഗ്ളാദേശിനും താഴെയാണ്‌.  ഇതെല്ലാമാണ്‌ രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകൾ.

ഇക്കാലത്തിനിടക്ക്‌ കോൺഗ്രസ്സും ബി.ജെ.­പി യും ഇന്ത്യ ഭരിച്ചു.  ഇരുകൂട്ടരും മൽസരിക്കുകയായിരുന്നു, കൂടുതൽ തീവ്രതയോടെ ആഗോളവൽക്കരണം നടപ്പാക്കാൻ.  നിർണ്ണായകമായ  പല പ്രശ്നങ്ങളിലും അതതു കാലത്തെ മുഖ്യപ്രതിപക്ഷം സർക്കാരിന്‌ അകമഴിഞ്ഞ പിന്തുണ നൽകുന്നത്‌ നാം കണ്ടു.  ഇതിന്റെ ഫലമായി ആഗോ­ളീകരണ നയങ്ങളുടെ വിനാശകരമായ പല പ്രത്യാഘാതങ്ങളും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെട്ടു­പോവുകയാണ്‌.  അതിൽ പ്രധാനപ്പെട്ടത്‌ ജനാധിപത്യത്തിനും, ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങൾക്കും സംഭവിച്ചിട്ടുള്ള ശോഷണമാണ്‌.  ഭരണഘടന വിഭാവം ചെയ്തിരുന്ന പല വിശുദ്ധ തത്ത്വങ്ങളും നിരങ്കുശ്ശം ലംഘിക്കപ്പെടുകയാണ്‌.  അതിൽ എടുത്തു പറയാവുന്നത്‌ കേന്ദ്ര സംസ്ഥാന ബന്ധമാണ്‌.  തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌.  പക്ഷേ, ഇപ്പോൾ അത്‌ ജന്മി-­കുടിയാൻ ബന്ധമായി അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു.  സഹകരണം,  വൈദ്യുതി, പരിസ്ഥിതി എന്നിങ്ങനെ പല മേഖലകളിലും കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തു കഴിഞ്ഞു.  വരുമാനം പങ്കുവെക്കുന്നതിലും, ധനസഹായം നൽകുന്നതിലും ഒക്കെ ഭരണഘടനാ വ്യവസ്ഥകൾ നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ധനക്കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിച്ചുകൊണ്ട്‌ രഘുറാം രാജൻ കമ്മറ്റി സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവെക്കുന്നതിന്‌ പുതിയ മാനദണ്ഡങ്ങളും തത്ത്വങ്ങളും നിർദ്ദേശിച്ചത്‌ ഈയിടെ നാം കണ്ടു.  റിസർവ്വ്‌ ബാങ്ക്‌ എന്ന മറ്റൊരു ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി അതിന്റെ തലക്ക്മുകളിൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ്‌ ഡവലപ്മെന്റ്‌ കൗൺസിൽ എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അധികാരം കവരാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്‌.

ജനാധിപത്യധ്വംസനം അതിന്റെ പരകോടിയിലെത്തിയത്‌ പാർലമെന്റിന്റെ കാര്യത്തിലാണ്‌.  ഒരു വശത്ത്‌ സർക്കാരും മറുവശത്ത്‌ കോടതികളും പാർലമെന്റിനെ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നു.  ആണവോർജ്ജം സംബന്ധിച്ച്‌ പാർലമെന്റ്‌ അംഗീകരിച്ച ബാദ്ധ്യതാവ്യവസ്ഥകളെ മറികടക്കാൻ സർക്കാർ തന്നെ ശ്രമം നടത്തുകയാണ്‌.  ആസിയാൻ കരാർ അടക്കമുള്ള കരാറുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിട്ടും; പാർലമെന്റിനെ വിശ്വാസത്തിലെടുക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

സമീപകാലത്തുണ്ടായ ചില കോടതിവിധികളും പാർലമെന്റിന്റെ അധികാരവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ളത്‌ വ്യക്തമാണ്‌.  എന്നാൽ ഇക്കാര്യങ്ങളിലൊന്നും പാർലമെന്റിന്റെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതേയില്ല.   ഇതിനൊക്കെ പുറമെയാണ്‌ പാർലമെന്റിനോട്‌ ഉത്തരം പറയാൻ ബാദ്ധ്യതയില്ലാത്ത പ്ളാനിംഗ്‌ കമ്മീഷൻ പോലെയുള്ള ചില സ്ഥാപനങ്ങൾ അവലംബിക്കുന്ന അമിതാധികാര പ്രവണതകൾ.  പാർലമെന്റ്‌ ദിർബ്ബലമാകുന്നതിന്റെ കെടുതി അനുഭവിക്കുക സാധാരണ ജനങ്ങളാണ്‌.  കാരണം, അവർക്ക്‌ ഭരണത്തിലുള്ള ഒരേ­യൊരു പങ്ക്‌ അവരുടെ വോട്ടവകാശമാണ്‌.  ആ വോട്ടിലൂടെയാണ്‌ അവർ തങ്ങളുടെ അധികാരവും അഭിലാഷവും പ്രകടിപ്പിക്കുക.  അങ്ങനെ അവർ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിസഭ വെറും നോക്കുകുത്തിയായി തരംതാഴത്തപ്പെട്ടാൽ പിന്നെ അവർക്ക്‌ എന്താണൊരു പ്രതിവിധി?

ദല്ലാൾമാർ, ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു

വിധേയന്മാരെ പ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതുപോലെയുള്ള മറ്റൊരു തന്ത്രമാണ്‌ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക എന്നത്‌.  റിസർവ്‌ ബാങ്ക്‌ തങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാതെ വരുമ്പോൾ അവർ അതിനുമുകളിൽ എടഉഇ കൊണ്ടുവരുന്നു.   പാർലമെന്റ്‌ നിരുപാധികമായ ആണവോർജ്ജ കച്ചവടത്തെ എതിർക്കുമ്പോൾ പിൻവാതിലിലൂടെ അതിനെ മറികടക്കുന്നു.  ചില്ലറ വ്യാപാരം വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുക്കുന്നതിനേ പാർലമെന്റ്‌ ചെറുക്കുമ്പോൾ അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നു.  സംസ്ഥാനങ്ങൾ ജനകീയ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പാർലമെന്റ്‌ വഴി അതിന്‌ കൂച്ചുവിലങ്ങിടുന്നു.  ഇതിനുപുറമെയാണ്‌ വിധേയന്മാരായ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട്‌ അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന ജനവിരുദ്ധ തീരുമാനങ്ങൾ, പെട്രോ­ളിയം ഉൽപ്പന്നങ്ങളുടെ സബ്സിഡി പിൻവലിക്കാൻ ശുപാർശ ചെയ്ത കേൽക്കർ കമ്മറ്റി, വൈദ്യുതി നിരക്ക്‌ കുത്തനേ വർദ്ധിപ്പിക്കാൻ ശുപാർശ  ചെയ്ത പരീഖ്‌ കമ്മറ്റി, സഹകരണ സംഘങ്ങൾക്ക്‌ നിയന്ത്രണമേർപ്പെ­ടുത്താൻ ശുപാർശ ചെയ്ത്‌ പ്രകാശ്‌ ബക്ഷി കമ്മറ്റി, ധനകമ്മീഷനെ മറികടന്ന്‌ സംസ്ഥാനങ്ങൾക്കുള്ള ധനസഹായത്തിന്‌ പുതിയ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച രഘുറാം രാജൻ കമ്മറ്റി, മൾട്ടിനാഷണൽ കമ്പനികൾ വിദേശത്ത്‌ വെച്ച്‌ ഇന്ത്യൻ ആസ്തികൾ വിൽക്കുന്നതിന്‌ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചുള്ള ബാധകമായ നികുതികൾ ഏതാനും കാലത്തേക്ക്‌ പിരി­ക്കേണ്ടതില്ലെന്ന്‌ ശുപാർശ ചെയ്ത പാർത്ഥസാരഥി ഷോം കമ്മറ്റി എന്നിങ്ങനെ കമ്മറ്റികളുടെ സംഖ്യ നീണ്ടു പോകുന്നു.  ഈ കമ്മറ്റികൾ നൽകിയ ശുപാർശകളെല്ലാം തന്നെ നയപരമായ സ്വഭാവമുള്ളവയാണ്‌.  അതുകൊണ്ട്‌ തന്നെ നിയമനിർമ്മാണസഭയുടെ അധികാരപരിധിയിൽ വരുന്നവയാണ്‌! എല്ലാ കമ്മിറ്റികളും ആഗോളവൽക്കരണ വിധേയ സമീപനമാണ്‌ പിൻപറ്റുന്നത്‌.  ധനമൂലധനത്തിന്റെ ഇംഗിതങ്ങൾ നിവർത്തിക്കാൻ നിയുക്തരായവർ എന്ന ഭാവത്തിലാണ്‌ ഈ ഉദ്യോഗസ്ഥ പ്രമാണിമാർ ജനവിരുദ്ധവും ദേശവിരുദ്ധവുമായ റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊടുക്കുന്നത്‌.

മൂലധനം വർഗ്ഗീയതയുമായി സഖ്യത്തിൽ

ഈ ഭൂമികയിൽ നിന്നു വേണം നാം അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത്‌.  സമ്പദ്‌വ്യവസ്ഥയുടെ അതിസൂക്ഷ്മ തലങ്ങളിൽ വരെ വേരുകൾ ആഴ്ത്തിയിരിക്കുന്ന നവലിബറൽ നയങ്ങളും, എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആഗോളമൂലധനവും ജനങ്ങൾക്ക്‌ മുന്നിൽ ഉയർത്തുന്നത്‌  വൻ വെല്ലുവിളികളാണ്‌.  പത്ത്‌ വർഷക്കാലം അവരുടെ കാവൽ നായ്ക്കളായിരുന്ന ഇപ്പോഴത്തെ ഭരണകൂടം ജനരോഷത്തിൽ തകർന്നടിയുമെന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു മുതലാളിമാർ.  അതുകൊണ്ട്‌ സ്വന്തം ആധിപത്യം നിലനിർത്തുന്നതിന്‌ പുതിയ ഉപായങ്ങൾ അന്വേഷിക്കാൻ അവർ നിർബന്ധിതരാണ്‌.  അതിന്‌ അവർ കണ്ടെത്തിയ പുതിയ തന്ത്രമാണ്‌ വർഗ്ഗീയശക്തികളുമായുള്ള സംഖ്യം.  ഭൂരിപക്ഷവർഗ്ഗീയതയുമായി ഒത്തു­ചേർന്ന്‌ സ്വന്തം വർഗ്ഗ താൽപ്പര്യം നിലനിര്‍ത്താനുള്ള കോർപ്പറേറ്റുകളുടെ അജൻഡ ക്ക്‌ പറ്റിയ ഒരു നേതാവിനെയും അവർ കണ്ടുപിടിച്ചു.  കൊലക്കുറ്റത്തിന്‌ എന്നേ അഴിക്കുള്ളിലാകേണ്ടിയിരുന്ന നരേന്ദ്ര മോഡി കോർപ്പറേറ്റ്‌-വർഗ്ഗീയ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കുന്നത്‌ അങ്ങനെയാണ്‌.

ജനപക്ഷബദൽ കണ്ടെത്തുക

ഈ പരിശോധനയിൽ ആദ്യം വെളിവാകുന്ന ഒരു കാര്യം സാമ്പത്തിക സാമൂഹ്യ പരിസരങ്ങളിൽ രൂക്ഷമായിക്കഴിഞ്ഞ അസമത്വമാണ്‌.  ഈ അസമത്വത്തിന്‌ പ്രധാന കാരണം നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട്‌ മൂലധനം സാധിച്ചെടുത്ത വരുമാനകേന്ദ്രീകരണമാണ്‌.  മഹാഭൂരിപക്ഷം ജനങ്ങൾ മുഖ്യധാരയിൽ നിന്ന്‌ പുറന്തള്ളപ്പെടുമ്പോൾ ഒരു ന്യൂനപക്ഷത്തിന്റെ പക്കലേക്ക്‌ വ്യവസ്ഥയിലെ മുഴുവൻ സമ്പത്തും, വരുമാനവും ആത്യന്തികമായി അധികാരവും, കേന്ദ്രീകരിക്കപ്പെടുകയാണ്‌.   സംഘടിത തൊഴിലാളികളുടെ സംഖ്യ കുറയ്ക്കുന്നതിനും ഡീയുണിയനൈസേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ്‌ നടക്കുന്നത്‌.  ഇത്‌ തൊഴിലാളിയുടെ യഥാർത്ഥവേതനത്തിൽ വൻതോതിലുള്ള ശോഷണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.  മറുവശത്താകട്ടെ, മുതലാളിത്തം ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും, ഭരണകൂടത്തിന്റെ പിൻബലത്തോടെയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും അതിനെ സമ്പാദ്യമായും നിക്ഷേപമായും മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു.  വരുമാനവും സമ്പത്തും ഏകധ്രുവത്തിലേക്ക്‌ മാറുന്നതാണ്‌ വർത്തമാനകാല കാഴ്ച.  സമ്പത്തിന്റെയും വരുമാനത്തിന്റെയും അധികാരത്തിന്റെയും ഈ രൂപത്തിലുള്ള കേന്ദ്രീകരണത്തെ ചെറുക്കേണ്ടിയിരിക്കുന്നു.

നികുതി സമ്പ്രദായം അടിമുടി പൊളിച്ചെഴുതിക്കൊണ്ട്‌ വരുമാന പുനർവിതരണം നടത്തുക.  സമ്പന്നർക്ക്‌ ഇളവുകളും, ആനുകൂല്യങ്ങളും, ഒഴിവുകളുമൊക്കെയായി ലക്ഷക്കണക്കിനു കോടി രൂപയുടെ സൗജന്യങ്ങൾ ലഭിക്കുന്നതാണ്‌ ഇപ്പോഴത്തെ നികുതിവ്യവസ്ഥ.  (2012-ൽ മാത്രം സമ്പന്നർക്ക്‌ ലഭിച്ചത്‌ 5,73,000 കോടി രൂപയുടെ നികുതി ആനുകൂല്യമാണ്‌.)  അതേസമയം, മറുവശത്ത്‌ സബ്സിഡികളും, ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കപ്പെടുകയും യഥാർഥ വേതനം മുരടിക്കുകയും, താങ്ങുവിലകൾ മരവിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ, സമ്പന്നരിൽ നിന്ന്‌ നികുതി ഈടാക്കുക, പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നൽകുക എന്നതായിരിക്കണം നമ്മുടെ മുദാവാക്യം. 

അതിസമ്പന്നരുടെ കൈകളിലെ പണത്തിന്റെ അളവ്‌ കുറയ്ക്കുക

ആഭ്യന്തര സമ്പാദ്യങ്ങളുടെ സിംഹഭാഗവും ഇപ്പോൾ മൂലധനനാഥന്മാരുടെ വരുതിയിലാണ്‌.  ബാങ്ക്‌ നിക്ഷേപങ്ങൾ, പെൻഷൻ ഫണ്ട്‌, പ്രോവിഡന്റ്‌ ഫണ്ട്‌, ഇൻഷുറൻസ്‌ പ്രീമിയം തുടങ്ങിയവയൊക്കെത്തന്നെ ഓഹരിക്കമ്പോളത്തിലൂടെ ധനമൂലധനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.  രാജ്യത്തെ പ്രകൃതിവിഭവങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിക്കവയും മൂലധനത്തിന്റെ കൈപ്പടിയിൽ അമരുകയാണ്‌.  ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട്‌ വീണ്ടും വീണ്ടും ഊഹക്കച്ചവടം നടത്തുകയും, അങ്ങനെ കൂടുതൽകൂടുതൽ സമ്പത്ത്‌ കയ്യടക്കുകയുമാണ്‌ മൂലധനത്തിന്റെ സ്വഭാവം.  സമ്പന്നരുടെ പക്കൽ എത്തുന്ന പണത്തിന്റെ ഒഴുക്ക്‌ കുറയുന്നതോടെ ഊഹക്കച്ചവടത്തിന്റെ പേരിൽ അതിക്രമം നടത്താനുള്ള ആവേശം ചോരുമെന്നത്‌ തീർച്ചയാണ്‌.  ഊഹക്കച്ചവടം നിയന്ത്രിക്കപ്പെട്ടാൽ സമ്പദ്‌വ്യവസ്ഥയുടെ ചാഞ്ചാട്ടം അവസാനിക്കുകയും അത്‌ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന കാര്യം ഈ തെരഞ്ഞെടുപ്പിൽ വലിയ ജനകീയ ചര്‍ച്ചയാക്കണം.

നവലിബറൽ നയങ്ങൾ സമ്പദ്‌ വ്യവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.   കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദനത്തിന്റെ ആഗോ­ളീകരണത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങൾ സുലഭമാക്കുകയും, മനുഷ്യന്റെ ഉപഭോഗകാമനകളെ പോഷിപ്പിക്കുകയും ചെയ്യുമ്പോൾ മറുവശത്ത്‌ ആവശ്യവസ്തുക്കളുടെ ഉൽപ്പാദനത്തിനുവേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയും അങ്ങനെ അവയ്ക്ക്‌ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യുന്നു. 
   
ഉദാരമായ ഇറക്കുമതിയും വേതനമുരടിപ്പ്‌ സൃഷ്ടിക്കുന്ന വിപണിമാന്ദ്യവും കടുത്ത മത്സരവം നിമിത്തം അനവധി വ്യവസായങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു.  ഒരു നിർവ്യവസായ വൽക്കരണപ്രക്രിയ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കുന്നത്‌ നമുക്ക്‌ കാണാൻ കഴിയും.  കെയ്നീഷ്യൻ പ്രതിവിധികൾക്കൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഇപ്പോൾ സമ്പദ്ഘടന നേരിടുന്ന ഇവ്വിധമുള്ള പ്രതിസന്ധികൾ.

കാർഷിക-വ്യവസായ മേഖലകൾ തളരുകയും സേവനമേഖലമാത്രം വളരുകയും ചെയ്യുന്ന സ്ഥിതി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്നത്‌ പൊള്ളയായ കുമിളകളാണ്‌.  ഈ മൂന്ന്‌ മേഖലകളുടെയും പാരസ്പര്യം ഉറപ്പ്‌ വരുത്തുന്ന സന്തുലിതമായ ഒരു നയസമീപനമാണ്‌ രാജ്യത്തിനാവശ്യം.  അത്തരമൊരു ബദൽനയത്തിലൂടെ മാത്രമേ വർദ്ധിതമായ തോതിൽ തൊഴിലുകൾ സൃഷ്ടിക്കുകയുള്ളു.  തൊഴിലില്ലാത്ത വളർച്ചക്ക്‌ പകരം തൊഴിൽ സൃഷ്ടിക്കുന്ന വികസനം എന്നതായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യേണ്ട ജനപക്ഷ അജണ്ട.

പൊതുസമ്പദ്‌വ്യവസ്ഥയിലേക്ക്‌ കൂടുതൽ പണമെത്തിക്കുക

2008-ൽ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്‌ പതിച്ചപ്പോൾ ചൈന അവലംബിച്ച  ഒരു തന്ത്രം ഇതായിരുന്നു.  അമേരിക്ക വൻവ്യവസായങ്ങൾക്കുവേണ്ടി ബില്യൻ കണക്കിന്‌ ഡോളറിന്റെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ചൈന ചെയ്തത്‌ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 500 ബില്യൻ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിലാണ്‌.  ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കൊണ്ട്‌ ചൈനീസ്‌ ജനതയുടെ വേതനത്തിലും ക്രയശേഷിയിലും നല്ല അഭിവൃദ്ധി ഉണ്ടായി.  എന്നാൽ നമ്മുടെ പ്രശ്നം കയറ്റുമതിയിലെ ഇടിവ്‌ മാത്രമല്ല.  വിലക്കയറ്റവും, കാർഷിക-വ്യവസായ മേഖലകളിലെ തകർച്ചയുമാണ്‌.  സർക്കാരിന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.  ഉദാഹരണത്തിന്‌, പൊതുവിതരണ സംവിധാനമെന്ന ആയുധംകൊണ്ടാണ്‌ സർക്കാർ എക്കാലത്തും വിപണിയെ പിടിച്ചുനിർത്തിയിരുന്നത്‌.  അത്‌ തകർന്നതാണ്‌ വിലക്കയറ്റത്തിന്റെ ഒരു മുഖ്യ കാരണം.  സർക്കാർ വീണ്ടും പൊതുവിതരണ സംവിധാനത്തിലേക്ക്‌ പണമെത്തിക്കണം.   ഭീമമായ കിട്ടാക്കടം മൂലം പുതിയ വായ്പകൾ കൊടുക്കാൻ ആവശ്യമായ മൂലധനം ഇന്ന്‌ ബാങ്കുകൾക്കില്ല.  കാർഷിക-വ്യാവസായിക മേഖലകളിലേക്ക്‌ വായ്പ എത്തിക്കാൻ ബാങ്കുകൾക്ക്‌ ആവശ്യമായ മൂലധനം നൽകുകയാണ്‌ വേണ്ടത്‌.   ചുരുക്കത്തിൽ, പശ്ചാത്തലമേഖല, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമേഖലാ വ്യവസായങ്ങൾ  തുടങ്ങി അനവധി മേഖലകൾ സർക്കാർ പിൻവാങ്ങിയതിന്റേയും;  മുതൽ മുടക്കാത്തതിന്റെയും കെടുതികളാണ്‌ നാം അനുഭവിക്കുന്നത്‌.  ഇത്ര അനുഭവങ്ങളെ മുൻനിർത്തി പൊതിനിക്ഷേപവും പൊതു­മേഖലയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയമാണ്‌ ദേശീയ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്‌.

ഊഹവ്യാപാരത്തിന്‌ വിലങ്ങുവയ്ക്കുക

മൂലധനലാഭം വർദ്ധിപ്പിക്കാൻ ആശ്രയിക്കുന്ന ഒരു മുഖ്യഉപാധി ഊഹാധിഷ്ഠിത വിപണിയാണ്‌.  ഓഹരി, അവധിവ്യാപാരം, ഡെറിവേറ്റീവ്‌ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകളെ നിലനിർത്തുന്നതുതന്നെ ഊഹാധിഷ്ഠിത വ്യാപാര ഇടപാടുകളാണ്‌.  ഈ ഊഹവ്യാപാരവും അതിനെ ആശ്രയിച്ചുള്ള ലാഭം പെരുപ്പിക്കലും വിപണിയിൽ സൃഷ്ടിക്കുന്നത്‌ അസ്ഥിരതയും പ്രതിസന്ധിയുമാണ്‌.  ഈ പ്രതിസന്ധി എല്ലായ്പ്പോഴും പൊതുവിപണിയിലേക്ക്‌ വ്യാപിക്കുന്നു.  പൊതുവിപണിയിലെ പ്രതിസന്ധിയുടെ എക്കാലത്തെയും ഇര മഹാഭൂരിപക്ഷം വരുന്ന ജനങ്ങളാണ്‌.  തൊഴിലാളികളാണ്‌.  ഈ ദുഷിത വലയത്തിൽ നിന്ന്‌ രാജ്യത്തെ മോചിപ്പിക്കുകയെന്നതാവണം അഞ്ചാമത്തെ മുദ്രാവാക്യം.

ഈ ഹ്രസ്വകാല നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്ന കുഴപ്പങ്ങളല്ല ഇന്ത്യ നേരിടുന്നത്‌.  അതുകൊണ്ട്‌ തന്നെ അടിസ്ഥാനമാറ്റങ്ങൾക്ക്‌ വഴിതുറക്കുന്ന ദീർഘകാല നടപടികളും ജനപക്ഷ ബദലിന്റെ ഭാഗമായി ഉന്നയിക്കേണ്ടതുണ്ട്‌.  അതിൽ ഏറ്റവും പ്രധാനം വരുമാനത്തിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനർവിതരണത്തിനും ഉൽപ്പാദനോപകരണങ്ങളുടെ പ്രത്യേകിച്ച്‌ ഭൂമിയുടെ, ഉടമസ്ഥതാ കൈമാറ്റത്തിനും വേണ്ടിയുള്ള ഭരണകൂട ഇടപെടലാണ്‌.  തീർച്ചയായും അതൊരു ദേശീയരാഷ്ട്രീയ പ്രശ്നമാണ്‌.  അത്‌ ചർച്ച ചെയ്യുവാൻ കഴിയണം.  മുതലാളിത്തത്തിന്റെ ലാഭക്കൊതി നമ്മുടെ പരിസ്ഥിതിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌.  വിവേകവും വിവേചനവുമില്ലാത്ത ചൂഷണത്തിനാണ്‌ മണ്ണും, വെള്ളവും, വായുവും വിധേയമായിക്കൊണ്ടിരിക്കുന്നത്‌.  യഥാർത്ഥത്തിൽ പരിസ്ഥിതി നശീകരണത്തിന്റെ ആഗോ­ളീകരണമാണ്‌ ഇവിടെ അരങ്ങേറുന്നത്‌.  ഏതൊരു ജനകീയ ബദലും ഈ ആപത്തിനെ തിരിച്ചറിയുകയും തിരുത്തൽ നടപടികൾ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ആഗോളവൽക്കരണം അധികാരത്തിന്റെ കേന്ദ്രീകരണവും, ജനാധിപത്യ സംവിധാനങ്ങളുടെ ജീർണ്ണിക്കലുമാണെന്ന്‌ നാം കണ്ടുകഴിഞ്ഞു.  ജനങ്ങളെ അധികാരം ഏൽപ്പിക്കുക എന്നതു തന്നെയാണ്‌ ഇക്കാര്യത്തിൽ ജനപക്ഷം ഉയർത്തേണ്ട ബദൽ.  അധികാരം ജനങ്ങളുടെതാണ്‌.  മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ല എന്ന ശക്തമായ രാഷ്ട്രീയമായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ കാതലായി ചർച്ച ചെയ്യേണ്ടത്‌.  ഭരണാധികാരം ഒരു ശതമാനത്തിൽ നിന്ന്‌ 99 ശതമാനത്തിലേക്ക്‌ കൈമാറുവാനുള്ള രാഷ്ട്രീയ സമരമാകണം ദേശീയ തെരഞ്ഞെടുപ്പ്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

No comments: