Saturday, February 15, 2014

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക മികവിന്റെ പ്രതീകങ്ങളാണ്‌. നാടിന്റെ വിഭവ സ്രോതസ്സുകൾ സമാഹരിക്കപ്പെടുന്ന രാഷ്ട്ര ഖജനാവായി അവ അറിയപ്പെടുന്നു. ജനങ്ങളുടെ ജീവിത സമ്പാദ്യം സമാഹരിക്കപ്പെടുന്ന ഒരു ഇടമെന്ന നിലയിൽ അവയ്ക്ക്‌ സമ്പദ്ഘടനയിൽ തന്ത്രപ്രധാനമായ  സ്ഥാനമാണുള്ളത്‌. ഒരു രാജ്യത്തിന്റെ വികസന നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ നിർണ്ണയിക്കുന്നത്‌ ബാങ്കുകളിൽ നിലനിൽക്കുന്ന ധനസഞ്ചയസ്രോതസ്സിന്റെ അളവാണ്‌. തന്മൂലം ബാങ്കുകളുടെ ഉടമസ്ഥാവകാശം ആരുടെ കൈകളിൽ എന്നത്‌ മർമ്മ പ്രധാനമാണ്‌.   കാരണം ബാങ്കുകളെ നിയന്ത്രിക്കുന്നവരുടെ മനോഭാവവും താല്പര്യവും പ്രകാരമാണ്‌ ബാങ്കിംഗ്‌  വിഭവങ്ങളുടെ വിനിയോഗം നിർവ്വഹിക്കപ്പെടുക.

2008ലെ ലോക സാമ്പത്തിക കുഴപ്പം ബാങ്കുകളുടെ പ്രാധാന്യത്തെ കുറിച്ചും അവയുടെ ഉടമസ്ഥതയെക്കുറിച്ചും സുവ്യക്തമായ പാഠങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. പ്രതിസന്ധിയെ തുടർന്ന്‌ അമേരിക്കയിൽ മാത്രം 478 ബാങ്കുകളാണ്‌ തകർന്നടിഞ്ഞു വീണത്‌. മൂലധനത്തിന്റെ അപര്യാപ്തയോ ടെക്നോളജിയുടെ അഭാവമോ അല്ലായിരുന്നു ഈ  തകർച്ചക്ക്‌ വഴിയൊരുക്കിയത്‌. തകർന്നടിഞ്ഞ ബാങ്കിങ്ങ്‌ സ്ഥാപനങ്ങളെല്ലാം അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സ്വകാര്യ മേഖലാ ബാങ്കുകളായിരുന്നു. സർക്കാർ നിയന്ത്രണമില്ലാത്ത ഈ കാസിനോ ബാങ്കുകൾ  ജനതാല്പര്യം പരിഗണിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട്‌ ഊഹക്കച്ചവടത്തിലേർപ്പെട്ടെതിന്റെ ബാക്കി പത്രമാണ്‌ ബാങ്ക്‌ തകർച്ച. ധനമേഖലയുടെ നിയന്ത്രണം കമ്പോളത്തിനും കോർപ്പറേറ്റുകൾക്കും ചൂതാട്ടക്കാർക്കും  വിട്ടുകൊടുത്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെ കുറിച്ച്‌ ഈ ദുരനുഭവങ്ങൾ വേണ്ടുവോളം പറഞ്ഞുതരുന്നുണ്ട്‌. ഇതിനെ തുടർന്നാണ്‌ മുതലാളിത്ത രാജ്യങ്ങളിൽ പോലും ബാങ്കുകളുടെ പ്രവർത്തനങ്ങൾക്ക്‌ മേൽ സാരമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന ബോധം ഉയർന്നു വന്നിട്ടുള്ളത്‌. മറ്റൊന്ന്‌, ധനമേഖലയുടെ വളർച്ചാനിരക്ക്‌ കൊണ്ടുമാത്രം സമ്പദ്‌ ഘടന അഭിവൃദ്ധിപ്പെടുമെന്നോ സാമാന്യജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നോ ഉറപ്പിക്കാനാകില്ല എന്നതാണ്‌.

സൈപ്രസ്‌ അനുഭവത്തിന്റെ സാരാംശം

കോർപ്പറേറ്റ്‌-വിദേശ ബാങ്കുകളുടെ പ്രവർത്തനങ്ങളിലുള്ള വിധ്വംസക - നിയമവിരുദ്ധ ഉള്ളടക്കം ജനവിശ്വാസം നഷ്ടപ്പെടുത്തും വിധമുള്ളതാണ്‌. HSBC എന്ന കൂറ്റൻ അന്താരാഷ്ട്ര ബാങ്ക്‌ തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്കു മരുന്നു വ്യാപാരികൾക്കും ക്രിമിനലുകൾക്കും വായ്പ നൽകി വരുന്നു. ബാങ്ക്‌ അക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം പോലും ഇത്തരം സ്ഥാപനങ്ങളിൽ ജലരേഖയായി തീര്‍ന്നുകഴിഞ്ഞു. സൈപ്രസ്‌ എന്ന കൊച്ചു രാജ്യത്ത്‌ വിദേശ മൂലധനത്തെ ആകർഷിക്കാൻ നടത്തിയ പരിഷ്കരണങ്ങളുടെ നീക്കിബാക്കി നമ്മുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായതാണ്‌. നികുതി രഹിത സ്വർഗ്ഗം വാഗ്ദാനം നൽകി വിദേശ മൂലധനത്തെ സ്വാഗതം ചെയ്തതോടെ ആ രാജ്യത്തെ ബാങ്കുകളിലേക്ക്‌ കള്ളപ്പണം പ്രവഹിക്കാൻ തുടങ്ങി. കള്ളപ്പണത്തെ വെളുപ്പിച്ച്‌ നിയമവിധേയമാക്കി സ്വന്തം രാജ്യങ്ങളിലേക്ക്‌ തിരികെ കൊണ്ടുപോകാൻ, ആഗോള കുത്തകകൾക്ക്‌, അവിടത്തെ ബാങ്കുകൾ അനുവാദം നല്കി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സൈപ്രസിലെ ബാങ്കുകൾക്ക്‌ പിടിച്ചു നില്‍ക്കാനായില്ല. ഒടുവിൽ ബാങ്കു നിക്ഷേപത്തിന്‌ നികുതി ഈടാക്കുക എന്ന വിചിത്ര നിയമം തന്നെ കൊണ്ടു വരാൻ അധികാരികൾ സന്നദ്ധരായി. തുടർന്ന്‌ 2013 മാർച്ചിൽ സൈപ്രസിലെ ബാങ്കുകളെല്ലാം രണ്ടാഴ്ചക്കാലത്തേക്ക്‌ പൂട്ടിയിട്ടു. മാർച്ച്‌ 28ന്‌ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ബാങ്കിടപാടുകൾക്ക്‌ നിയന്ത്രണം കൊണ്ടു വന്നു. പടിഞ്ഞാറൻ ബാങ്കിംഗ്‌ മാതൃക അന്ധമായി പിന്തുടരുന്നതിൽ വൻ അപടകടമുണ്ടെന്ന മുൻ റിസർവ്വ്‌ ബാങ്ക്‌ ഗവർണ്ണർ ഡോ. വൈ. വി. റെഡ്ഡിയുടെ നിഗമനങ്ങൾക്കുള്ള ഒന്നാന്തരം തെളിവാണ്‌, സൈപ്രസിലെ സംഭവവികാസങ്ങൾ.

ഇന്ത്യയിലെ ബാങ്ക്‌ വിദേശവൽക്കരണ പദ്ധതി

വിദേശ ബാങ്കുകളുടേതായി 334 ബാങ്കു ശാഖകളാണ്‌ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നത്‌. ഇവയിൽ 316 എണ്ണവും മെട്രോ പൊളിറ്റൻ നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലുമാണ്‌. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട്‌ കേന്ദ്ര സർക്കാർ തന്നെ വലിയ പ്രോത്സാഹനങ്ങളാണ്‌ നൽകി വരുന്നത്‌. 2004ൽ  ഇന്ത്യൻ സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്ന നയം അന്നത്തെ ബി.ജെ.പി. സർക്കാർ ആവിഷ്ക്കരിക്കുകയുണ്ടായി. 2009 ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള  ബാങ്ക്‌ വിദേശ വൽക്കരണ പദ്ധതിയുടെ ഒരു റോഡ്‌ മാപ്പും പിന്നീട്‌ തയ്യാറാക്കി. എന്നാൽ 2008ലെ ലോക സാമ്പത്തിക തകർച്ചയും വിദേശ ബാങ്കുകളുടെ പതനവും ലോകകുത്തകകളുടെ ഇന്ത്യൻ അധിനിവേശ മോഹങ്ങൾക്ക്‌ വിലങ്ങുതടിയായി. ഈ പഴയ വീഞ്ഞാണ്‌ ഇപ്പോൾ വീണ്ടും പുതിയ കുപ്പിയിലാക്കി ഇന്ത്യയിൽ  വിൽക്കാൻ ഉദ്ദേശിക്കുന്നത്‌. 2013 ഒക്ടോബർ 22ന്‌ വാഷിങ്ങ്ടണിൽ ചെന്ന്‌ റിസർവ്വ്‌ ബാങ്കിന്റെ പുതിയ ഗവർണ്ണർ പ്രഖ്യാപിച്ചത്‌, ഇന്ത്യൻ സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാൻ വിദേശ കുത്തക ബാങ്കുകൾക്ക്‌ എല്ലാ സൗകര്യങ്ങളും നൽകുമെന്നായിരുന്നു. തുടർന്ന്‌ നവംബർ 6-നു തന്നെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബാങ്ക്‌ വിദേശവല്‍ക്കരണ പദ്ധതിയുടെ ഒരു കർമ്മ രേഖ പുറത്തിറക്കി.  വിദേശ ബാങ്കുകൾക്കും അവയുടെ ഉപസ്ഥാപനങ്ങൾക്കും  (wholly owned subsidiaries) ഇന്ത്യൻ സ്വകാര്യ ബാങ്കുകളെ യഥേഷ്ടം ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമാണ്‌ ഈ രേഖ വിഭാവനം ചെയ്യുന്നത്‌. ഈ സാഹചരം പ്രയോജനപ്പെടുത്തിയാണ്‌ ഈയിടെ ഫെഡറൽ ബാങ്ക്‌, ആക്സിസ്‌ ബാങ്ക്‌ എന്നീ സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കുന്ന നടപടികളുമായി നീങ്ങുന്നതെന്നു കാണാം. ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ ബാങ്കിങ്ങ്‌ സംവിധാനത്തി​ന്മേലുള്ള സമ്പൂർണ്ണമായ വിദേശാധിപത്യമാണ്‌ കോർപ്പറേറ്റ്‌ കുത്തകകളുടെ യഥാർത്ഥ ലക്ഷ്യമെന്ന്‌ തിരിച്ചറിയാനാകും.

പുത്തൻ തലമുറ ബാങ്കുകൾ - ഇന്ത്യൻ അനുഭവം

വിദേശ ബാങ്കുകളുടെ മാതൃകയിലും അവയുടെ പ്രവർത്തന ഉള്ളടക്കത്തിന്‌ സമാനമായും 1990കളിൽ ഇന്ത്യയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ്‌ പുത്തൻ തലമുറ ബാങ്കുകൾ അഥവാ നവസ്വകാര്യ ഹൈടെക്‌  ബാങ്കുകൾ. ഇവയിൽ Gobal Trust Bank‌, ടൈംസ്‌ ബാങ്ക്‌ എന്നിവ പിടിച്ചു നില്ക്കാനാകാതെ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞുപോയി.  ICICI ബാങ്ക്‌, HDFC ബാങ്ക്‌, AXIS ബാങ്ക്‌, Indus Ind ബാങ്ക്‌, കൊടക്മഹീന്ദ്രാ ബാങ്ക്‌, ING വൈശ്യ ബാങ്ക്‌ തുടങ്ങി അവശേഷിക്കുന്ന നവ സ്വകാര്യ ബാങ്കുകളിലെ മഹാഭൂരിപക്ഷം ഓഹരികളും വിദേശികളുടേതാണ്‌.

ബാങ്ക്‌                     വിദേശ ഓഹരി പങ്കാളിത്തം

ICICI ബാങ്ക്‌                 66.3%
HDFC ബാങ്ക്                45.6%
ING വൈശ്യ ബാങ്ക്‌                 67.3%
Indus Ind ബാങ്ക്‌                 68.5%
Axis ബാങ്ക്‌                 62.1%

സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിച്ചിട്ടുള്ളതിനാൽ ഈ ബാങ്കുകൾക്കു പുറമെ പഴയ തലമുറയിൽപ്പെട്ട സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക്‌, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌, ധനലക്ഷ്മി ബാങ്ക്‌ എന്നിവയിലും ഉയർന്ന തോതിൽ പ്രത്യക്ഷ വിദേശ നിക്ഷേപം നിലനില്ക്കുന്നതായി കാണാം. ഈ ഉയർന്ന ഓഹരി പങ്കാളിത്തം ബാങ്കുകളുടെ ഡയറക്ടർ ബോർഡ്‌ ചേരുവയിലും മാറ്റങ്ങളുണ്ടാക്കുന്നു. തുടർന്ന്‌ ഈ ബാങ്കുകളുടെ പ്രവർത്തന ഉള്ളടക്കം പൂർണ്ണമായും വരേണ്യ പക്ഷപാതിത്വത്തിലേക്ക്‌ തെന്നി മാറിയിട്ടുണ്ട്‌. വിദേശബാങ്കുകളിലെ ഉന്നതപദവിയിലിരുന്ന ഉദ്യോഗസ്ഥർ ഫെഡറൽ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌ എന്നിവയുടെ മാനേജിംഗ്‌ ഡയറക്ടർമാരായി നിയമിക്കപ്പെടുന്നത്‌ യാദൃശ്ചികമല്ല. 2012 ഡിസംബർ 18ന്‌കോൺഗ്രസ്‌-ബി.ജെ.പി. പിന്തുണയോടെയും, ഇടതുപക്ഷ എതിർപ്പോടെയും, ഇന്ത്യൻ പാർലിമെന്റ്‌ പാസ്സാക്കിയ ബാങ്കിങ്ങ്‌ നിമയഭേദഗതി ബിൽ ജനകീയ ബാങ്കിങ്ങിന്റെ മരണമണി മുഴക്കുന്നതാണ്‌. കേന്ദ്ര സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ ലഭ്യമായതിനാൽ സാധാരണ ജനങ്ങളെ വകഞ്ഞു മാറ്റി,  ബാങ്കുകളെ സമ്പന്ന വിഭാഗത്തിന്റേതാക്കി തീർക്കുന്ന ഒരു ബാങ്കിങ്ങ്‌ സമ്പ്രദായമാണ്‌ പടിപടിയായി നവസ്വകാര്യ ബാങ്കുകൾ മുഖാന്തിരം ഇന്ത്യയിൽ നടപ്പാക്കി വരുന്നത്‌.  അതിന്‌ കളമൊരുക്കാൻ കാലേക്കൂട്ടി ജനങ്ങളുടെ ജീവിത പങ്കാളികളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുള്ള നാട്ടിലെ സഹകരണ ബാങ്കുകളെ തച്ചുതകർക്കാൻ ഭരണഘടന ഭേദഗതി ചെയ്യുന്നു;  പ്രകാശ്‌ ബക്ഷി കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നു.  ഗ്രാമജനതയുടെ കൂടപ്പിറപ്പായി മാറിയ റീജണൽ റൂറൽ ബാങ്കുകളെ വരിഞ്ഞു മുറുക്കുന്നു.

ക്രമക്കേടുകളിൽ ഒന്നാമതെത്തുന്നവർ

നവ സ്വകാര്യ ബാങ്കുകളുടെ തനിനിറം  വെളിപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങൾ കഴിഞ്ഞ രണ്ടുപതീറ്റാണ്ടിനിടയിൽ നാം കണ്ടുകഴിഞ്ഞു.   KYC (Know Your Customer) വ്യവസ്ഥകൾ നിർബാധം ലംഘിക്കുക, വ്യാജരേഖകളിലൂടെ അക്കൗണ്ട്‌ തുടങ്ങുക, ഇടപാടുകാരറിയാതെ കള്ള ഒപ്പിട്ട്‌ പണം പിൻവലിച്ച്‌, ഇൻഷുറൻസിലും ഓഹരികളിലും നിക്ഷേപിക്കുക, കള്ളപ്പണം വെളുപ്പിക്കുന്നതിന്‌ ഉദാരമായ സഹായം നല്കുക തുടങ്ങിയ വഞ്ചനാപരമായ ഇടപാടുകളിൽ നവസ്വകാര്യ ബാങ്കുകൾ ബഹുദൂരം മുന്നിലാണ്‌. കള്ളപ്പണം വെളുപ്പിക്കുന്നതിന്‌ സന്നദ്ധത പ്രകടിപ്പിച്ച ദൃശ്യങ്ങൾ കോബ്രാ പോസ്റ്റിന്റെ ഒളി ക്യാമറയിൽ കണ്ടതിനെ തുടർന്ന്‌ ചില മാനേജർമാരെ സസ്പെന്റു ചെയ്തും മറ്റു ചിലരെ സ്ഥലം മാറ്റിയും ബലിയാടുകളെ സൃഷ്ടിച്ച്‌ യഥാർത്ഥ ഉത്തരവാദികൾ മാളത്തിലൊളിക്കുകയുണ്ടായി. സൈബർ ക്രമക്കേടുകളിലും വിദേശ-നവസ്വകാര്യ ബാങ്കുകൾ മുൻപിലാണെന്ന്‌ സർക്കാർ രേഖകൾ വിളിച്ചു പറയുന്നു. 1934ലെ ഞആക നിയമപ്രകാരം ബാങ്കുകളുടെ നിയമലംഘനത്തിനുള്ള പരമാവധി ശിക്ഷ 5 ലക്ഷം രൂപ പിഴയാണ്‌. വമ്പൻ ക്രമക്കേടുകൾ ബോധപൂർവ്വം നടത്തുകയും അവ പിടിക്കപ്പെടുകയാണെങ്കിൽ മാത്രം 5 ലക്ഷം രൂപ പിഴയടച്ച്‌ രക്ഷപ്പെടുകയും ചെയ്യുന്ന ശൈലിയാണ്‌ നവസ്വകാര്യ ബാങ്കുകൾ അവലംബിച്ചുവരുന്നത്‌. സൈബർ ക്രമക്കേടുകളെക്കുറിച്ച്‌ ലോകസഭയിൽ ധനകാര്യ വകുപ്പുമന്ത്രി അവതരിപ്പിച്ച 2012 ലെ സ്വയം സംസാരിക്കുന്ന കണക്കുകളാണിത്‌.

ആക്സിസ്‌ ബാങ്ക്‌             12.25 കോടി രൂപ
അമേരിക്കൻ എക്സ്പ്രസ്‌         8.17 കോടി രൂപ
സിറ്റി ബാങ്ക്‌             6.90 കോടി രൂപ
ഐ.സി.ഐ.സി.ഐ ബാങ്ക്‌         6.77 കോടി രൂപ
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌         4.10 കോടി രൂപ
സ്റ്റാൻചാർട്ട്‌ ബാങ്ക്‌             2.08 കോടി രൂപ
ഐ.ഡി.ബി.ഐ. ബാങ്ക്‌         2.03 കോടി രൂപ
എച്ച്‌.എസ്‌.ബി.സി.             1.81 കോടി രൂപ
പഞ്ചാബ്‌ നാഷണൽ ബാങ്ക്‌         0.99 കോടി രൂപ
യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ        0.70 കോടി രൂപ

അങ്ങിനെ, സംശുദ്ധമായി നിലനിന്നിരുന്ന ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ വിശുദ്ധിയും ചാരിത്ര​‍്യവുമാണ്‌ നവസ്വകാര്യ ബാങ്കുകൾ മുഖാന്തിരം മലീമസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത്തരം പ്രവർത്തന ശൈലികളും ശീലങ്ങളും പൊതുമേഖലാ ബാങ്കുകളിലേക്കും ഒരു പകർച്ചവ്യാധിയെന്നപോലെ പതുക്കെപതുക്കെ വ്യാപ​‍ിക്കുന്നതായി കാണാം.

സാധാരണ ജനങ്ങൾക്കെതിര്‌

വിദേശ-നവസ്വകാര്യ ബാങ്കുകൾ നഗര കേന്ദ്രീകൃത സ്വഭാവമുള്ളവയാണ്‌. അവർ ഗ്രാമങ്ങളിലേക്ക്‌ കടന്നു വരാറില്ല. സാധാരണ ജനങ്ങളോട്‌ അവർക്ക്‌ പുച്ഛമാണ്‌. സമ്പന്നാനുകൂല നടപടികളിൽ വ്യാപൃതരായി കഴിയാനാണ്‌ അവർക്കിഷ്ടം. കാർഷിക വായ്പയും വിദ്യാഭ്യാസ വായ്പയും അവർ നൽകാറേയില്ല. റിസർവ്വ്‌ ബാങ്ക്‌ വിമർശിച്ചാലും ജനദ്രോഹ പ്രവർത്തികളിൽ അവർ തുടർന്നും ഏർപ്പെട്ടു കൊണ്ടേയിരിക്കും. ചെറുകിട വായ്പകൾ അവരുടെ കണക്കുപുസ്തകങ്ങളിൽ ഇടംതേടിയിട്ടേ ഇല്ല. ഒരു സാധാരണ സേവിംഗ്സ്‌ അക്കൗണ്ട്‌ തുടങ്ങാൻ പോലും 15,000-25,000 രൂപയാണ്‌ മിനിമം തുക. എന്തിനുമേതിനും കനത്ത സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കുകയാണ്‌ ഇവരുടെ മുഖമുദ്ര. അങ്ങിനെ മാത്രമേ ലാഭം കുന്നുകൂട്ടാനാകൂ എന്നവർ മനസ്സിലാക്കിയിരിക്കുന്നു. ഒളി പിരിവുകൾ ചാട്ടുളി പോലെ കടന്നു വരുന്നത്‌ അനുഭവിച്ചു തീർത്തവർക്കേ, ആയതിന്റെ യഥാർത്ഥ അസ്വസ്ഥത ബോധ്യപ്പെടൂ. ക്രിമിനലുകളെ ഉപയോഗിച്ചാണ്‌ വായ്പാ തിരിച്ചടവ്‌ ഉറപ്പാക്കുന്നത്‌. സുപ്രീം കോടതിയെയും റിസർവ്വ്‌ ബാങ്കിനെയും അവർക്ക്‌ ഭയമില്ല. കാരണം, സാക്ഷാൽ കേന്ദ്ര സർക്കാരാണ്‌ അവരുടെ കാവൽക്കാർ. പൊതുമേഖലാ ബാങ്കുകളെയും ഗ്രാമീണ ബാങ്കുകളെയും സഹകരണബാങ്കുകളെയും മലീമസപ്പെടുത്താനും നിഗ്രഹിക്കാനുമായി കേന്ദ്ര ഭരണാധികാരികൾ ജ?ം കൊടുത്ത ഈ അസുരബാങ്കുകൾക്ക്‌ അധീശത്വം ലഭ്യമാകുന്നതോടെ പെരുമ കേട്ട ഇന്ത്യൻ ജനകീയ ബാങ്കിങ്ങ്‌ വ്യവസ്ഥയാണ്‌ അന്യം നിന്ന്‌ പോകുന്നത്‌.  ബാങ്കിംഗ്‌ വ്യവസ്ഥ അന്യാധീനപ്പെട്ടാൽ രാജ്യം അരാജകത്വത്തിലേക്ക്‌ നീങ്ങും. സാമാന്യ ജന ജീവിതത്തിന്റെ സമ്പൂർണ്ണ തകർച്ചയായിരിക്കും തിക്ത ഫലമെന്ന്‌ ലോക ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കൊണ്ടാലും പഠിക്കാത്തവർ

2008ലെ ആഗോള സാമ്പത്തിക സുനാമിയിൽ ഇന്ത്യ പിടിച്ചുനിന്നത്‌ ശക്തമായ പൊതുമേഖലാ ബാങ്കുകൾ മൂലമായിരുന്നുവെന്ന്‌ പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയും ആവർത്തിച്ച്‌ സാക്ഷ്യം പറയാറുണ്ട്‌. ബാങ്കുകൾക്ക്‌ മേൽ നിയന്ത്രണം ആവശ്യമെന്നാണ്‌ ആഗോള സാമ്പത്തിക തകർച്ചക്കു ശേഷം മുതലാളിത്ത ധനശാസ്ത്ര പണ്ഡിതർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാൽ നമ്മുടെ ഭരണാധികാരികൾ  അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല. അവരുടെ അന്ധമായ മുതലാളിത്ത രാഷ്ട്രീയമാണതിനു കാരണം. ആഗോളതലത്തിൽ തകർന്നടിഞ്ഞു കിടക്കുന്ന ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ   ഇന്ത്യയിൽ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ്‌, ഇന്ത്യയിലേക്ക്‌ കുത്തകകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്‌. വിദേശ ബാങ്കുകളുടെ വരവ്‌ നമ്മുടെ ബാങ്കിംഗ്‌ രീതികളെയും സംസ്ക്കാരത്തെയും മൗലികമായി അട്ടിമറിക്കും.  ഇതിനൊക്കെ പുറമെയാണ്‌ 25 കോർപ്പറേറ്റ്‌ കുത്തകകൾക്ക്‌ പുതുതായി ബാങ്കിങ്ങ്‌ ലൈസൻസ്‌ നൽകാൻ തീരുമാനിച്ചിരിക്കുന്നത്‌. ബിര്‍ളയും അംബാനിയും മുതൽ മുത്തൂറ്റ്‌ ഫൈനാൻസുവരെ അടങ്ങുന്ന 25 കുത്തകൾക്ക്‌ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ കീഴ്പ്പെടുത്താനുള്ള സ്വാതന്ത്യമാണ്‌ ഫലത്തിൽ അനുവദിക്കാൻ പോകുന്നത്‌.

പുതിയ ബാങ്ക്‌ ലൈസൻസിന്‌ പരിഗണിക്കപ്പെടുന്നവർ

1. ആദിത്യ ബിർള
2. ബജാജ്‌
3. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസസ്‌
4. ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ പോസ്റ്റ്‌
5. ഇൻഡെവീൽസ്‌ ഫിനാൻഷ്യൽ സർവ്വീസസ്‌
6. IDFC
7. IFCI
8. India Bulls Housing Finance
9. ഇന്ത്യാ ഇൻഫോലൈൻ
10.INMACS Mgt Services
11. ജനലക്ഷ്മി ഫിനാൻഷ്യൽ സർവ്വീസസ്‌
12. LIC Housing Finance
13. JM ഫിനാൻഷ്യൽ സർവ്വീസസ്‌

ഈ കോർപ്പറേറ്റ്‌ ബാങ്കുകൾ ഗ്രാമങ്ങളിൽ ശാഖ തുറന്ന്‌ ഗ്രാമീണരെ ഉദ്ധരിച്ച്‌, ഇന്ത്യയിൽ ധനപരമായ ഉൾച്ചേർക്കൽ നടപ്പാക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ വിശ്വസിക്കുന്നത്‌.  കോഴിയുടെ കാവല്‍ക്കാരനായി കുറുക്കനെ ചുമതലപ്പെടുത്തുന്ന ഈ വികലനയം പിൻവലിക്കണമെന്ന്‌ ബാങ്കു ജീവനക്കാർ ആവശ്യപ്പെടുന്നു.

ചുരുക്കത്തിൽ, ബാങ്കുടമകളുടെ പരമമായ ദൗത്യം രണ്ടാണ്‌.  ഒന്ന്‌, വരുമാനം മുഴുവൻ ചെലവഴിക്കാതെ, മിച്ചം വെയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക.  രണ്ട്‌, ഈ സമ്പാദ്യം സമാഹരിച്ച്‌ കൃഷിക്കും വ്യവസായത്തിനും വ്യാപാരത്തിനും തൊഴിൽദായക സംരംഭങ്ങൾക്കും വായ്പ നൽകി, നാടിനും നാട്ടാർക്കും സമ്പദ്ഘടനയ്ക്കും പരമാവധി ശ്രേയസ്സ്‌ കൈവരിക്കുക.  ഈ ജനകീയ ബാങ്കിംഗ്‌ ധർമ്മങ്ങൾ പാടെമറന്ന്‌, വിദേശ, ചൂതാട്ട ബാങ്കിങ്ങ്‌ ശൈലി അനുകരിക്കുമ്പോൾ,  വിലക്കയറ്റമടക്കമുള്ള വർത്തമാനകാല ഇന്ത്യൻ പ്രതിസന്ധികൾ  മൂർച്ചിക്കുകയേയുള്ളൂ. ലോകാനുഭവവും ഇന്ത്യൻ പരീക്ഷണവും എതിരായിട്ടും, ഭീതി ജനകമായ ഒരു ദുരന്ത ദൃശ്യം മുന്നിൽ നില്ക്കുമ്പോഴും, വഴിപിഴച്ച നയങ്ങൾ തിരുത്താൻ  തയ്യാറാവാത്ത  ഭരണാധികാരികളെ തൂത്തെറിയുക എന്നതാണ്‌ ജനങ്ങൾക്കു മുന്നിലുള്ള ഏക പോംവഴി.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

No comments: