Friday, February 7, 2014

അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കിളിമാനൂരിലെ വിശാലമായ പന്തലിലായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമുള്ള സ്വീകരണം. പങ്കെടുത്തവരില്‍ പാതിയിലേറെ സ്ത്രീകളായിരുന്നു. കേരളരക്ഷാമാര്‍ച്ച് ആറാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ എടുത്തുപറയേണ്ട ഒരനുഭവം സ്വീകരണകേന്ദ്രങ്ങളിലെ വീട്ടമ്മമാരുടെ പങ്കാളിത്തമാണ്. തങ്ങളെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എത്രമാത്രം ദ്രോഹിക്കുന്നു എന്ന് ജീവിതാനുഭവത്തിലൂടെ എറ്റവും അടുത്തറിയുന്നവരാണ് സ്ത്രീകള്‍. വിലക്കയറ്റത്തിന്റെയും ചൂഷണത്തിന്റെയും പ്രശ്നങ്ങള്‍ തീവ്രതയോടെ അവര്‍ക്ക് നേരിടേണ്ടിവരുന്നു. പച്ചയായ അത്തരം യാഥാര്‍ഥ്യങ്ങളാണ് വനിതകളെ വമ്പിച്ച തോതില്‍ സിപിഐ എമ്മിന്റെ പതാകച്ചുവട്ടിലേക്ക് എത്തിക്കുന്നത്.

എല്ലാ മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുക എന്നതാണ് നവഉദാരവല്‍ക്കരണ നയം. ആ നയത്തിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാപദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. വ്യാഴാഴ്ചത്തെ പര്യടന വേളയില്‍ ശ്രദ്ധിക്കേണ്ടിവന്ന ഒരു കാര്യം തൊഴിലുറപ്പു പദ്ധതിയുടേതാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ടതാണ് തൊഴിലുറപ്പ് പദ്ധതി. തെരഞ്ഞെടുപ്പിലേക്ക് കേന്ദ്ര യുപിഎ സര്‍ക്കാര്‍ കരുതിവച്ചതാണ് ആ പദ്ധതി. അതുപോലും കാര്യക്ഷമമായി നടത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഗാന്ധിജിയുടെ നാമധേയമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക്. ഗാന്ധിജിയെ മറന്നതുപോലെ ആ പദ്ധതിയെയും കോണ്‍ഗ്രസ് മറന്നു. സംസ്ഥാനത്ത് പദ്ധതിക്കു കീഴില്‍ തൊഴിലെടുത്തവര്‍ക്ക് ഡിസംബര്‍ 31 വരെ കൊടുത്തു തീര്‍ക്കാനുള്ളത് 240.47 കോടി രൂപയാണ്. ഈ മാസം അവസാനിക്കുമ്പോള്‍ കൂലി നല്‍കണമെങ്കില്‍ 500 കോടി രൂപവേറെ വേണം. ഈ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്രം പണം നല്‍കുന്നില്ല. പണിയെടുക്കുന്നവര്‍ക്കുള്ള കൂലി മുടങ്ങുമ്പോള്‍തന്നെ, പദ്ധതിയുടെ നടത്തിപ്പിന് തെരഞ്ഞെടുത്ത് ചുമതലയേല്‍പ്പിച്ചവരുടെ വേതനത്തിലും അനിശ്ചിതത്വമാണ്. അതിനര്‍ഥം തൊഴിലുറപ്പുപദ്ധതി പരിപൂര്‍ണ സ്തംഭനത്തിലേക്കാണ് എന്നതുതന്നെ.

കേന്ദ്രം പണം നല്‍കുന്നില്ലെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയരായിരിക്കുകയല്ല വേണ്ടത്. പാവപ്പെട്ട ജനങ്ങളുടെ അവകാശമാണ് തൊഴിലും അതിന്റെ വേതനവും. നിയമംമൂലം ലഭ്യമായ ആ അവകാശം നിഷേധിക്കുന്നത് കുറ്റകരമാണ്. മറ്റു പല കുറ്റകൃത്യങ്ങള്‍ക്കുമൊപ്പം യുപിഎ- യുഡിഎഫ് ഭരണങ്ങള്‍ ഗാന്ധിജിയുടെ പേരിലും ഈ തട്ടിപ്പ് നടത്തുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍, ഗ്രാമവികസന മന്ത്രി കെ സി ജോസഫ് നല്‍കിയ മറുപടി ജനുവരി 21 വരെ 182.03 കോടി കുടിശ്ശികയുണ്ട് എന്നാണ്. എന്നാല്‍, അത് 240.47 കോടി രൂപയാണെന്ന് എംഎന്‍ആര്‍ജിഎ വെബ്സൈറ്റില്‍ കാണുന്നു. ചുവപ്പുനാടയെ പഴിച്ച് ഒരു സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ രക്ഷപ്പെടാനാവില്ല.

ഏറ്റവും കൂടുതല്‍ വേതനകുടിശ്ശിക വരുത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം എങ്കില്‍, ഇടതുപക്ഷം ഭരിക്കുന്ന ത്രിപുര കുറഞ്ഞ കുടിശ്ശികയുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. ഇതാണ് കോണ്‍ഗ്രസും സിപിഐ എമ്മും തമ്മിലുള്ള വ്യത്യാസം. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ നേതൃത്വം വോട്ടുതേടിയത് തൊഴിലുറപ്പു പദ്ധതി ചൂണ്ടിക്കാട്ടിയാണ്. കോണ്‍ഗ്രസിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടാണിവിടെ തെളിയുന്നത്. ക്ഷീരവികസന വകുപ്പ്, പരമ്പരാഗത തൊഴില്‍ മേഖല, കാര്‍ഷികവൃത്തികള്‍ എന്നിവയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അത് നടപ്പായില്ല എന്നുമാത്രമല്ല, കാര്‍ഷികവൃത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയുംചെയ്തു. പദ്ധതിപ്രകാരം സംസ്ഥാനത്ത് നൂറുദിവസം തൊഴില്‍ കിട്ടിയവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.38 ലക്ഷം പേര്‍ക്ക് 100 ദിവസം തൊഴില്‍ കിട്ടിയെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ജനുവരി വരെ 68000 പേര്‍ക്ക് മാത്രമാണ് 100 ദിവസം തൊഴില്‍ കിട്ടിയത്. സ്ഥായിയായ ആസ്തി വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പറ്റാത്തതിന് കാരണം പദ്ധതിച്ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാത്തതുകൊണ്ടാണ്. വര്‍ഷത്തില്‍ 200 കോടി വേണ്ടിടത്ത് 40 കോടിയാണ് ഈ വര്‍ഷം സംസ്ഥാനം നല്‍കിയത്. കേന്ദ്രം കൂലി 240 രൂപ ആയി വര്‍ധിപ്പിച്ചിട്ടും സംസ്ഥാനത്ത് 180 രൂപയാണ് നല്‍കുന്നത്. വിലക്കയറ്റം കണക്കിലെടുത്ത് ഇത് 320 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഈ പദ്ധതിയോടും അതിലൂടെ നാട്ടിലെ ദരിദ്ര ജനവിഭാഗങ്ങളോടും അനീതികാട്ടുകയാണ്. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ക്ഷേമ-സേവന പദ്ധതികളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളില്‍ വലിയൊരു ഭാഗത്തിന് ആശ്വാസമാകേണ്ടിയിരുന്നതാണ് തൊഴിലുറപ്പു പദ്ധതി. അതിന്റെ ഇന്നത്തെ അവസ്ഥ നവലിബറല്‍ നയങ്ങളില്‍ നീന്തിത്തുടിക്കുന്ന യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നു. അത് ഇന്നാട്ടിലെ വീട്ടമ്മമാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതല്ല- അവര്‍ അനുഭവിക്കുന്നതാണ്. അങ്ങനെയുള്ള തിക്താനുഭവങ്ങളില്‍നിന്ന് മുക്തി നേടാന്‍ അവരെ പ്രാപ്തരാക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന തിരിച്ചറിവിലാണ്, അഭൂതപൂര്‍വമാം വിധം സ്ത്രീകള്‍ ഈ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അതാണ്, ആലപ്പുഴയില്‍ തുടങ്ങി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം തുടരുന്ന വേളയില്‍ ഞങ്ങളെ കേള്‍ക്കാനും അഭിവാദ്യമര്‍പ്പിക്കാനും കാത്തിരുന്ന സ്ത്രീസമൂഹം തെളിയിക്കുന്നത്. ഏതാനും വൈകാരിക പ്രകടനങ്ങളെ ഊതിവീര്‍പ്പിച്ച് മാര്‍ക്സിസ്റ്റ്വിരുദ്ധ രാഷ്ട്രീയ ആയുധമാക്കാന്‍ ആവേശം കാട്ടുന്നവര്‍, സിപിഐ എമ്മിന്റെ കൊടിയേന്തി പൊരിവെയിലില്‍ അണിനിരക്കുന്ന പതിനായിരക്കണക്കിന് വനിതകളെ കണ്ടില്ലെന്നു നടിക്കുന്നു. ആ അവഗണനയും അന്ധതയും അത്തരക്കാരെ ചെറുതാക്കുകയേ ഉള്ളൂ.

*
പിണറായി വിജയന്‍ ദേശാഭിമാനി

No comments: