Monday, February 17, 2014

ഡല്‍ഹിയിലെ അപക്വരാഷ്ട്രീയം

1993ലാണ് ഡല്‍ഹി നിയമസഭ നിലവില്‍ വന്നത്. മദന്‍ലാല്‍ ഖുരാനമുതല്‍ കെജ്രിവാള്‍ വരെ അഞ്ച് മുഖ്യമന്ത്രിമാര്‍ സംസ്ഥാനം ഭരിച്ചെങ്കിലും രാഷ്ട്രപതിഭരണം ഇതാദ്യമാണ്. 49 ദിവസത്തെ ഭരണത്തിനുശേഷമാണ് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രാജിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞകാലം ഭരണംനടത്തിയ മുഖ്യമന്ത്രി എന്ന പദവിയും കെജ്രിവാളിന് സ്വന്തം. ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്താണ് രാജി. എന്നാല്‍, ഗവര്‍ണര്‍ നജീബ് ജുങ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ രാഷ്ട്രപതി ഭരണത്തിനാണ് ശുപാര്‍ശചെയ്തത്. കേന്ദ്ര മന്ത്രിസഭ ഈ നിര്‍ദേശം അംഗീകരിച്ചതോടെ തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍വന്നു. നിയമസഭ മരിവിപ്പിച്ച് നിര്‍ത്താനും തീരുമാനമായി. ഏതുഘട്ടത്തിലും ഏതുകക്ഷിക്കും ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കാമെന്നര്‍ഥം. ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് ഇതേ തന്ത്രമാണ് സ്വീകരിച്ചത്. മാസങ്ങള്‍ നീണ്ട രാഷ്ട്രപതിഭരണത്തിനുശേഷം കോണ്‍ഗ്രസ്- ജെഎംഎം കൂട്ടുകെട്ട് ഇവിടെ സര്‍ക്കാരുണ്ടാക്കി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയപരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും ഒരുപോലെ ആഗ്രഹിക്കുന്നതും രാഷ്ട്രപതിഭരണമാണ്.

ജനലോക്പാല്‍ ബില്ലിന്റെ പേരില്‍ രൂപംകൊള്ളുകയും അതിന്റെ പേരില്‍ അധികാരത്തില്‍ എത്തുകയും ചെയ്ത ആം ആദ്മി പാര്‍ടിക്ക് ആ വിഷയത്തിന്റെ പേരില്‍ത്തന്നെ രാജിവയ്ക്കേണ്ടിയും വന്നു. എന്നാല്‍, ഈ രാജി ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ബില്‍ അവതരിപ്പിച്ച രീതിയെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് അഴിമതി വിരുദ്ധ ബില്ലിന്റെ അവതരണം തടഞ്ഞത്. ഭരണഘടനയനുസരിച്ച് സമ്പൂര്‍ണ അധികാരമില്ലാത്ത ഡല്‍ഹി സര്‍ക്കാരിന് ബില്‍ അവതരിപ്പിക്കണമെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണം. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടാതെയാണ് കെജ്രിവാള്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആം ആദ്മി പാര്‍ടി സര്‍ക്കാരിനെതിരെ കൈകോര്‍ക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇത് അവസരമൊരുക്കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ബില്‍ അവതരിപ്പിച്ചിരുന്നതെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചുള്ള ബില്‍ അവതരണത്തെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനൊന്നും കാത്തുനില്‍ക്കാതെ ധൃതിപിടിച്ചുള്ള അപക്വമായ രാഷ്ട്രീയനീക്കമാണ് ആം ആദ്മി പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ലോക്പാല്‍ ബില്ലിനേക്കാള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണോ കെജ്രിവാളിന്റെ രാജിയെന്ന സംശയം പലകോണുകളില്‍നിന്നും ഉയരാനുള്ള കാരണവും ഇതാണ്. നിയമസഭയില്‍ കണ്ട സംഭവങ്ങള്‍, ഞങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് തെളിയിച്ചതായി കെജ്രിവാള്‍തന്നെ പറയുകയുണ്ടായി. കെജ്രിവാളിന്റെ നേതൃത്വത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ആ പാര്‍ടി.

അഴിമതിവിരുദ്ധ സമരത്തിന്റെ ഉപോല്‍പ്പന്നമായി രൂപമെടുത്ത ആം ആദ്മി പാര്‍ടിയും കെജ്രിവാളും വളര്‍ന്നത് രാജ്യത്തെ കോര്‍പറേറ്റ് മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണയിലായിരുന്നു. ആം ആദ്മി പാര്‍ടി സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും കോര്‍പറേറ്റ് കരങ്ങള്‍തന്നെ. മന്ത്രി വീരപ്പമൊയ്ലിക്കും റിലയന്‍സ് ഉടമ മുകേഷ് അംബാനിക്കുമെതിരെ കേസ് രജിസ്്റ്റര്‍ ചെയ്യാന്‍ പറഞ്ഞതാണ് കോര്‍പറേറ്റുകളുടെ പാര്‍ടിയായ കോണ്‍ഗ്രസും ബിജെപിയും തനിക്കെതിരെ യോജിക്കാന്‍ കാരണമെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. പ്രകൃതിവാതക വിലയില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സ് കമ്പനിയും ചേര്‍ന്ന് തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു കേസെടുക്കാന്‍ നിര്‍ദേശിച്ചത്. അംബാനിയുടെപേരില്‍ കേസ് എടുക്കുന്നതിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ രംഗത്തുവന്നു എന്നത് വസ്തുതയാണ്.

കെജ്രിവാള്‍ രാജിവച്ചതോടെ അദ്ദേഹം പ്രഖ്യാപിച്ച അന്വേഷണങ്ങളും ജനക്ഷേമ പരിപാടികളും അനിശ്ചിതത്വത്തിലായി. വൈദ്യുതിനിരക്കില്‍ 50 ശതമാനം കുറവും 700 ലിറ്റര്‍ സൗജന്യ കുടിവെള്ളവും പ്രഖ്യാപിച്ചിരുന്നു. അഴിമതി വിളിച്ചറിയിക്കാന്‍ ഫോണ്‍നമ്പറും നല്‍കി. വൈദ്യുതി കമ്പനികളും കോണ്‍ഗ്രസും ചേര്‍ന്നുള്ള അഴിമതിയാണ് വൈദ്യുതിനിരക്ക് കൂടാന്‍ കാരണമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിന് ഉത്തരവിട്ടിരുന്നു. 1984ലെ സിഖ്കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കോമണ്‍വെല്‍ത്ത് അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ കേസടുക്കാനും പാര്‍ടി തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതൊന്നും പൂര്‍ത്തിയാക്കാതെയാണ് കെജ്രിവാള്‍ അധികാരമൊഴിഞ്ഞത്.

ആഫ്രിക്കന്‍ യുവതികള്‍ താമസിക്കുന്നിടത്ത് മന്ത്രി സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ രാത്രി നടത്തിയ റെയ്ഡ്, ഡല്‍ഹി പൊലീസ് നിയന്ത്രണം ആവശ്യപ്പെട്ട് റെയില്‍ ഭവന് മുന്നില്‍ റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് നടത്തിയ സമരം എന്നിവയെല്ലാം ആം ആദ്മി പാര്‍ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കെതിരെ തലസ്ഥാന നഗരിയില്‍ വര്‍ധിക്കുന്ന ആക്രമണവും പാര്‍ടിയെ പ്രതിരോധത്തിലാക്കി. ലക്ഷ്മി നഗര്‍ എംഎല്‍എ വിനോദ്കുമാര്‍ ബിന്നി കെജ്രിവാളിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് കലാപക്കൊടി ഉയര്‍ത്തിയതും ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് സ്ഥാപകാംഗവും മുന്‍ പോര്‍ട്ടുഗല്‍ അംബാസഡറുമായ മധു ഭാദുരി പാര്‍ടി വിട്ടതും കെജ്രിവാളിന് ക്ഷീണമുണ്ടാക്കി. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രിപദം രാജിവച്ച് പ്രതിഛായ വീണ്ടെടുക്കാന്‍ കെജ്രിവാള്‍ തയ്യാറായത്. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ മുഖ്യമന്ത്രിപദം ബലിനല്‍കേണ്ടിവന്നു എന്ന പ്രചാരണത്തിന് കെജ്രിവാള്‍ മുതിരുമ്പോള്‍ ജനങ്ങള്‍ എത്രത്തോളം അതേറ്റെടുക്കുമെന്ന് കണ്ടറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: