Monday, February 24, 2014

ഏകതാ കോളനി നല്‍കുന്ന സന്ദേശം

ഗുജറാത്തിലെ ഗോധ്രയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ന്യൂനപക്ഷവേട്ടയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേത്. അറുപതിലധികം പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ അവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് കാവിയണിഞ്ഞ ജാട്ടുകള്‍ ആരംഭിച്ച കലാപത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ അരലക്ഷത്തോളംപേര്‍ സ്വന്തം സംസ്ഥാനത്ത് അഭയാര്‍ഥികളായി. 54 താല്‍ക്കാലിക ക്യാമ്പുകളിലായി ഇവരുടെ ജീവിതം. തണുപ്പുകാലം വന്നതോടെ സ്ഥിതി ശോചനീയമായി. 34 കുട്ടികള്‍ ക്യാമ്പുകളില്‍ തണുത്തുവിറച്ചു മരിച്ചു. ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ക്യാമ്പുകളും ഇടിച്ചുനിരത്തിയതോടെ പലര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ഭക്ഷണവും വസ്ത്രവും വീടും സ്വപ്നംമാത്രമായി.

കലാപം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ബസികലാന്‍, താവ്ലി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒരു സഹായവും എത്തിയില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഇവരെത്തേടി ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തിയില്ല. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഡിസംബറില്‍ രണ്ടാംതവണയും ഷാംലിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചെങ്കിലും കലാപബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനായില്ല. ഇവര്‍ക്ക് ഒരു സഹായവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. വിഭജനകാലത്ത് നവഖാലിയില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി സത്യഗ്രഹമിരുന്ന മഹാത്മാഗാന്ധിയുടെ പാര്‍ടിയാണ് ഇങ്ങനെ അധഃപതിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമായ ബിജെപിയാകട്ടെ, കലാപബാധിതര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരായതുകൊണ്ട് സഹായിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനാണ് ശ്രമിച്ചത്. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയ അഖിലേഷ് സിങ് സര്‍ക്കാരും അവരെ സഹായിച്ചില്ല.

എന്നാല്‍, കലാപബാധിതര്‍ക്ക് ആശ്വാസമെത്തിച്ച് സിപിഐ എം മാതൃക കാട്ടുകയാണ്. സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് സിപിഐ എം കാട്ടിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായംനല്‍കാന്‍ പാര്‍ടി ദേശവ്യാപകമായ ഫണ്ട് പിരിവിന് ആഹ്വാനംചെയ്തു. ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവന്‍ ഫണ്ട് പിരിവിന് തൊട്ടുപുറകെയാണ് മുസഫര്‍നഗര്‍ ഫണ്ട് പിരിച്ചത്. എന്നിട്ടും കേരളത്തില്‍ നിന്നുമാത്രം 54 ലക്ഷം രൂപ ലഭിച്ചു. ആകെ 80 ലക്ഷം രൂപയും. കേരളത്തില്‍നിന്ന് ലഭിച്ച തുകയാണ് ഇപ്പോള്‍ 54 പേര്‍ക്ക് വീടുവച്ച് നല്‍കാന്‍ സിപിഐ എം നല്‍കിയത്. മൂവായിരം കിലോമീറ്റര്‍ അകലെ മുസഫര്‍നഗറില്‍ കേരളത്തില്‍നിന്ന് ലഭിച്ച പണംകൊണ്ട് വീടുകള്‍ ഉയരുകയാണ്. ബാക്കി തുക ഹസ്സന്‍പുര്‍ ഗ്രാമക്കാര്‍ ആവശ്യപ്പെട്ട സഹായം നല്‍കാനാണ് പരിപാടിയെന്ന് സിപിഐ എം ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ട് മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഏകതാകോളനിക്കാണ് സിപിഐ എം രൂപം നല്‍കിയത്. മുസഫര്‍നഗര്‍ ജില്ലയിലെ ബുഡാന ബ്ലോക്കിലെ ജോല ഗ്രാമത്തിലാണ് ഈ കോളനി. ജോലയില്‍ രണ്ടിടത്തായാണ് വീട് നിര്‍മാണം. മൂന്നു ലക്ഷത്തോളം രൂപയ്ക്കു വാങ്ങിയ സ്ഥലത്താണ് ഇഷ്ടികകൊണ്ട് വീട് നിര്‍മിക്കുന്നത്. ഒരിടത്ത് 36ഉം മറ്റൊരിടത്ത് 28ഉം വീടുകള്‍. ഏകതാ കോളനിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വീട് നിര്‍മിക്കാനുള്ള സഹായം വിതരണംചെയ്തത്. ലാക്, ഭാവ്ഡി, ലിസാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ജോല ഗ്രാമത്തില്‍ അഭയംപ്രാപിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. വീട് നല്‍കുന്നതിനുള്ള രേഖയും ഒരോലക്ഷം രൂപയുടെ സഹായവുമാണ് വിതരണംചെയ്തത്. തുണികൊണ്ടുള്ള ക്യാമ്പുകളിലെ ദുരിതജീവിതത്തില്‍നിന്ന് 54 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാന്‍ സിപിഐ എമ്മിനായത് ശ്ലാഘനീയമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസഫര്‍നഗര്‍ കലാപത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. നരേന്ദ്രമോഡിയെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ഉത്തരേന്ത്യയിലെങ്ങും ചെറുതും വലുതുമായ വര്‍ഗീയകലാപങ്ങള്‍ വര്‍ധിക്കുകയാണ്. മോഡിയുടെ വലംകൈയായ അമിത്ഷാ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലക്കാരനായശേഷം മാത്രം ഡസനിലധികം വര്‍ഗീയ കലാപങ്ങള്‍ അവിടെയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ബിജെപിയെയും നരേന്ദ്രമോഡിയെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തുന്നതിന് ഇടതുപക്ഷം കഠിനശ്രമം നടത്തുമെന്ന സന്ദേശമാണ് സിപിഐ എം ഏകതാ കോളനിയുടെ നിര്‍മാണത്തിലൂടെ നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്് മടിച്ചുനില്‍ക്കുമ്പോള്‍ സിപിഐ എമ്മാണ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഏകതാ കോളനിയുടെ നിര്‍മാണം വ്യക്തമാക്കുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ രാജ്യത്തെ ഏല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളും തയ്യാറാകണം. ഈ ദൗത്യത്തില്‍ സിപിഐ എമ്മിനെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ ചട്ടക്കൂട് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: