Sunday, February 16, 2014

പേരിനല്ലാത്ത പുസ്തകമെഴുത്ത്

മഹാത്മാഗാന്ധിക്ക് ഒരു ചെറുമകനുണ്ടായിരുന്നു, രാമചന്ദ്രഗാന്ധി. ഗാന്ധിജിയുടെ ഇളയ മകന്‍ ദേവദാസ് ഗാന്ധിയുടെ മകന്‍. ദാര്‍ശനികലോകത്താണ് രാമചന്ദ്രഗാന്ധിയുടെ പ്രശസ്തി. വിശ്വഭാരതിയടക്കമുള്ള പല സര്‍വകലാശാലകളിലും പഠിപ്പിച്ച പ്രഗത്ഭനായ അധ്യാപകന്‍. 2007 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ മുറിയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത് അന്ന് കാര്യമായ വാര്‍ത്തയായില്ല. രാഷ്ട്രപിതാവിന്റെ പേരക്കുട്ടിയും അറിയപ്പെടുന്ന ബുദ്ധിജീവിയും ആയിട്ടുപോലും. "സീതാസ് കിച്ചന്‍" (സീതയുടെ അടുക്കള) അടക്കമുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രാമു(സുഹൃത്തുക്കള്‍ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുക) അദൈ്വത ദര്‍ശനത്തെ തന്റേതായ നിലയില്‍ വ്യാഖ്യാനിച്ച് തയ്യാറാക്കിയ "ഞാന്‍ തന്നെ നീയും" എന്ന പ്രാമാണിക ഗ്രന്ഥം പേരുവയ്ക്കാതെ എഴുതി പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിരുന്നു.

വായനക്കാരില്‍ നിന്ന് മറഞ്ഞിരിക്കാന്‍ രാമചന്ദ്രഗാന്ധി ആഗ്രഹിച്ചത് എന്തുകൊണ്ടായിരിക്കാം. രമണമഹര്‍ഷിയെപ്പോലുള്ള മഹാഗുരുക്കന്മാരെ അവതരിപ്പിക്കുന്ന പുസ്തകത്തില്‍ തന്റെ പേരു വച്ചാല്‍ അത് അധികപ്പറ്റോ അഹങ്കാരമോ ആവുമെന്ന് കരുതിയോ? അതോ എഴുത്തുകാരനാകും ഞാനും വായനക്കാരനാകും നീയും രണ്ടല്ലെങ്കില്‍ പിന്നെ എന്തിന് എന്റെ മാത്രം പേര് വയ്ക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാവുമോ? എന്തായാലും പുണെ സര്‍വകലാശാലയിലെ ചില ശിഷ്യര്‍ ഈ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. അതില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരുണ്ടാവുമോ എന്തോ? ഒരു പുസ്തകം കൈയില്‍ കിട്ടുമ്പോള്‍ നാമാദ്യം അതിന്റെ പുറംചട്ടയിലെ പേര് നോക്കും. പിന്നെ എഴുതിയത് ആരെന്ന് നോക്കും. പിന്നെ പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പിന്‍ചട്ടയിലെ കുറിപ്പി(ബ്ലര്‍ബ്)ലേക്ക് കണ്ണോടിക്കും. വായനയില്‍ കുറെക്കൂടി താല്‍പ്പര്യമുള്ളവരെങ്കില്‍ പ്രസാധകര്‍ ആരെന്നും. കൃതിയുടെ പേരിനേക്കാള്‍ വലിയ അക്ഷരത്തില്‍ കര്‍ത്താവിന്റെ പേര് പുറംചട്ടയില്‍ നല്‍കുന്ന ഇംഗ്ലീഷിലെ രീതി ഒട്ടൊക്കെ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അനുഭവമെന്നോ യാത്രയെന്നോ ഓര്‍മയെന്നോ പേരിട്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ പ്രസാധകന് പണം നല്‍കി പുസ്തകങ്ങളാക്കുന്നതും നാട്ടാചാരം. ഇവയുടെ പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ വര്‍ണചിത്രവും നിര്‍ബന്ധം. ഈ ചിത്രത്തിന് വേണ്ടത്ര തെളിച്ചമില്ലാത്തതിന്റെ പേരില്‍ പിണങ്ങിയ ആത്മരതിയുടെ ഉപാസകരായ എഴുത്തുകാരുടെ കഥകള്‍ പലതും പ്രസാധകര്‍ക്ക് പറയാനുണ്ടാകും.

രാമചന്ദ്രഗാന്ധി പേരുവയ്ക്കാതെ തയ്യാറാക്കിയ വൈജ്ഞാനിക ഗ്രന്ഥത്തെക്കുറിച്ച് കേട്ടമ്പരന്നവര്‍ക്ക് അതേ വികാരം തോന്നാനിടയാക്കുന്ന ഒരു പുസ്തകം ഇവിടെയുണ്ട്, നമ്മുടെ മലയാളത്തിലും. ഗ്രന്ഥത്തിന്റെ പേര് "ഒരു സാമൂഹിക കാഴ്ചപ്പാടില്‍ നിന്ന്". ഗ്രന്ഥകര്‍ത്താവിന്റെ പേര് ഈ പുസ്തകത്തില്‍ അങ്ങോളമിങ്ങോളം പരതിയാലും കാണില്ല. അതിനുപകരം പ്രസാധകരായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കളോജിക്കല്‍ സ്റ്റഡീസിന്റെ ഒറ്റവരി കുറിപ്പ്. ""ഗ്രന്ഥകര്‍ത്താവിന്റെ പേര് വെയ്ക്കരുതെന്ന അപേക്ഷ മാനിച്ചുകൊണ്ട് ..."" ഗ്രന്ഥകര്‍ത്താവിന്റെ പേര് വച്ചില്ലെന്നതു പോകട്ടെ, ഗ്രന്ഥകര്‍ത്താവിന്റെ പേരന്വേഷിക്കരുതെന്ന അഭ്യര്‍ഥനകൂടി ഈ കുറിപ്പില്‍നിന്ന് വായിച്ചെടുക്കാം. ഗ്രന്ഥകര്‍ത്താക്കള്‍ ആരെന്നറിയാത്ത പ്രാചീനമായ ഗ്രന്ഥങ്ങള്‍ പലതുണ്ട്. സെന്‍സര്‍ഷിപ്പും ഭീഷണിയും ഭയന്ന് പേരുമാറ്റി പുസ്തകങ്ങള്‍ എഴുതിയവരും ചരിത്രത്തിലുണ്ട്. രതിവര്‍ണനകള്‍ ധാരാളമായി ചേര്‍ക്കാന്‍മാത്രം പടയ്ക്കുന്ന പുസ്തകങ്ങളിലും എഴുത്തുകാര്‍ വ്യാജപ്പേരിന് പിന്നില്‍ മറഞ്ഞുനില്‍ക്കാറാണ് പതിവ്. യഥാര്‍ഥപേരില്‍ നിന്ന് മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതുമ്പോള്‍ തൂലികാനാമം സ്വീകരിക്കാറുണ്ട്. എഴുത്തിന്റെ ലോകത്തില്‍ ഈ പേരില്‍മാത്രം അറിയപ്പെടണമെന്ന് നിര്‍ബന്ധമുള്ളവര്‍. ഉറൂബും വിലാസിനിയും മുതല്‍ സുബൈദ വരെയുള്ളവര്‍. എന്തുകൊണ്ടായിരിക്കാം ഇവിടെ ഗ്രന്ഥകാരന്‍ ഇങ്ങനെ മറഞ്ഞിരിക്കാന്‍ ഒരു തൂലികാനാമംപോലും സ്വീകരിക്കാഞ്ഞത്?

നാല്‍പ്പതോളം വര്‍ഷങ്ങളായി മലയാളത്തിലെ ആനുകാലികങ്ങളില്‍ പേരുവച്ച് എഴുതിയ ലേഖനങ്ങള്‍ ഈ ബൃഹദ്ഗ്രന്ഥത്തിലുണ്ട്്. ശ്രദ്ധേയമായ ആ ലേഖനങ്ങള്‍ വായിച്ചവര്‍ക്ക് ചിലപ്പോള്‍ ഈ പുസ്തകം അജ്ഞാതകര്‍തൃകമായി തോന്നണമെന്നില്ല. ചിന്ത, സമകാലിക മലയാളം, കലാകൗമുദി, കേരളീയം, വൈദ്യശാസ്ത്രം,ശീര്‍ഷകം, പച്ചക്കുതിര തുടങ്ങിയവയിലെല്ലാം എഴുതിയവ. അത്രയുമോ അതിലേറെയുമോ വരും തന്റെ പ്രഭാഷണങ്ങളുടെ പകര്‍ത്തെഴുത്ത്. പ്രഭാഷണങ്ങള്‍ക്കായി തയ്യാറാക്കിയ അടുക്കും ചിട്ടയുമുള്ള കുറിപ്പുകള്‍ വേറെയും. പ്രസാധകരായ കോഴിക്കോട്ടെ പൂവാട്ടുപറമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തകരോടൊത്തുള്ള മുറതെറ്റാതുള്ള സത്സംഗങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍, അവയ്ക്കുവേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ ഇവയെല്ലാം ലേഖനരൂപത്തിലാക്കി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു. ലേഖനങ്ങള്‍, കുറിപ്പുകള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്രന്ഥകാരനുമായുള്ള ഒരു അഭിമുഖം സംഭാഷണങ്ങള്‍ എന്ന നാലാംഖണ്ഡത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം സങ്കല്‍പ്പന നിഘണ്ടുവും പദപ്പട്ടികയും ചേരുമ്പോള്‍ പേജുകള്‍ 680.

ഗ്രന്ഥത്തിലുടനീളം പൊതുവായും വിശേഷരൂപത്തിലും പ്രയോഗിച്ചിട്ടുള്ള സങ്കല്‍പ്പനങ്ങളുടെ വിശീദികരണമാണ് സങ്കല്‍പ്പന നിഘണ്ടുവിലുള്ളത്. ഈ പുസ്തകത്തെക്കുറിച്ച് ചിന്തകനായ വി സനില്‍ പറയുന്നതിങ്ങനെ: ""കര്‍ത്താവിന്റെ പേരില്ലാത്തതുകൊണ്ട് ഗ്രന്ഥത്തെ ആര്‍ക്കും എങ്ങനെയും തന്നിഷ്ടപ്രകാരം വായിച്ചുകളയാം എന്നു കരുതേണ്ട. പേരിട്ടാലും ഇല്ലെങ്കിലും എഴുത്തിന് കര്‍ത്താവുണ്ട്. ലാഭമുണ്ടായാല്‍ പങ്കുവെയ്ക്കാനും ലഹളയുണ്ടായാല്‍ അറസ്റ്റു ചെയ്യാനുമൊക്കെയായി വിപണിയും ഭഭരണകൂടവും കണ്ടുവെച്ചിരിക്കുന്ന ആള്‍രൂപം മാത്രമല്ല എഴുത്തുകാരന്‍. വായനയിലൂടെ പിറക്കാനിരിക്കുന്ന അര്‍ഥങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുന്ന ശ്രീമാനുമല്ലയാള്‍. കൃതിയുടെ സ്വഭാവമനുസരിച്ചിരിക്കും എഴുത്തുകാരനും, എഴുത്തും വായനയും തമ്മിലുള്ള ബന്ധം. കൃതിയുടെ നേരും എഴുത്തുകാരന്റെ പേരും തമ്മിലുള്ള ബന്ധം വായനയുടെ ചിട്ടയേയും ചട്ടക്കൂടിനേയും നിര്‍ണ്ണയിക്കുന്ന ഘടകമാണ്."" 1975ല്‍ ചിന്ത മെയ്ദിന പതിപ്പിലെഴുതിയ "കമ്യൂണിക്കേഷന്‍" എന്ന കുറിപ്പാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രായമേറിയ ലേഖനം. 39 വര്‍ഷം മുമ്പ് എഴുതിയ ഈ കുറിപ്പ് പിന്നീടുണ്ടായ വാര്‍ത്താവിനിമയ വിസ്ഫോടനത്തെയും അത് കൈവരിച്ച മര്‍ദക സ്വഭാവത്തെയും ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. "കമ്യൂണിക്കേഷന്‍ വിമര്‍ശനപരമോ വിപ്ലവാത്മകമോ ആകാത്തിടത്തോളം അത് മര്‍ദകംതന്നെയാണ്.

സമുദായ വിപ്ലവത്തിന്റെ മുന്നോടി നിലവിലുള്ള കമ്യൂണിക്കേഷന്റെ നിരാകാരവും വിപ്ലവമൂല്യാധിഷ്ഠിതമായ കമ്യൂണിക്കേഷനുമാണ്" എന്ന പ്രസ്താവത്തോടെയാണ് ഈ ചെറുകുറിപ്പ് അവസാനിക്കുന്നത്. മാധ്യമങ്ങള്‍ മുമ്പെന്നത്തേക്കാളുമേറെ മൂലധനത്താല്‍ നയിക്കപ്പെടുന്ന സമകാലീനാവസ്ഥയില്‍ നാലുപതിറ്റാണ്ടു മുമ്പെഴുതിയ ഈ കുറിപ്പിന്റെ സാംഗത്യം വര്‍ധിക്കുന്നു. ഭാരതീയ തത്വചിന്ത, അപരത്വം, ഉണ്മ, ഇല്ലായ്മ, സ്വത്വം, ശാസ്ത്രം, മതം, സംസ്കാരം, ജനാധിപത്യം, ആരോഗ്യം, നീതി, ചങ്ങാത്തം, രാഷ്ട്രീയം, മാര്‍ക്സ്, ഗാന്ധി, ആധുനികോത്തരത, വാസ്തുവിദ്യ, പ്ലാച്ചിമട തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെ ഇഴയടുപ്പത്തോടെയാണ് ഗ്രന്ഥകാരന്‍ സമീപിക്കുന്നത്. നമ്മുടെ സമകാലികജീവിതത്തിലെ ഗുരുതരമായ മാനുഷിക പ്രശ്നങ്ങളുടെ തെളിമയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ അപഗ്രഥനം.

കേരളത്തിലെ സാമൂഹികമായ പ്രശ്നങ്ങള്‍ എത്ര തീവ്രമാണെന്ന് കണ്ടെത്തുന്ന സ്പന്ദമാപിനിയാണ് ഈ പുസ്തകം. ചിരന്തനവും സമകാലികവുമായ നാനാവിഷയങ്ങളെ ഈ പുസ്തകം സമീപിക്കുന്നുണ്ട്. പ്രശസ്തിയോടുള്ള നിര്‍മമത്വം മാത്രമല്ല ഈ പുസ്തകത്തിലെ ഭൂരിഭാഗം ലേഖനങ്ങളും സുഹൃത്തുക്കളുടെ കൂടി വൈജ്ഞാനികാന്വേഷണത്തിന്റെ സൃഷ്ടിയാണെന്ന ബോധ്യവുംപേരുവയ്ക്കരുതെന്ന നിര്‍ബന്ധപൂര്‍വമായ അഭ്യര്‍ഥനയ്ക്കു പിന്നിലുണ്ടെന്ന് എഴുത്തുകാരനെ അറിയുന്ന സാഹിത്യകുതുകികള്‍ കരുതുന്നു. ഏതായാലും ഗ്രന്ഥകര്‍ത്താവിന്റെ അഭ്യര്‍ഥന മാനിച്ചുകൊണ്ടുതന്നെ ഈ കുറിപ്പ് അവസാനിപ്പിക്കാം.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 16-02-2014

No comments: